Saturday, August 8, 2020

ഭാഗം 4 - പെരിങ്ങാടി റെയില്‍വേ പാലം.

ഭാഗം 4 -  പെരിങ്ങാടി റെയില്‍വേ പാലം. 

*********


റെയില്‍വേ പാലത്തിന്

കുറേ കഥകളുണ്ട്.


അതിലൊന്ന്.... 


ആരും

വഴിക്ക് വെച്ച്

പുഴയെ

കരക്ക് വിറ്റ

കഥയല്ല. 


പുഴവെള്ളത്തിലെ

തണുത്ത ചോരയെ

മത്സ്യമെന്ന് പേരിട്ട്

കരയിലെ

മനുഷ്യനായ 

ചുടുചോരക്ക്

മനുഷ്യന്‍ തന്നെ 

വിറ്റ കഥയല്ല.


മഞ്ചക്കലും പെരിങ്ങാടിയും

ശ്വാസനിശ്വാസമായ്

അക്കരെയും ഇക്കരെയും 

അകന്നു നിന്ന കഥയല്ല.


കണ്ണ് പായിച്ച്

പരസ്പരം കണ്ണിറുക്കി

ജീവിതത്തിന്റെ രണ്ടറ്റമായ് 

മണവാട്ടിയും മണവാളനും

ആയ കഥയല്ല.


മണവാട്ടിയെയും

മണവാളനെയും

രാത്രിയുടെ മറവിൽ 

കൈമാറിയ കഥയല്ല. 


ജീവിതത്തിനും

ലോകത്തിനും

രണ്ടറ്റമായ്

കോഴിക്കോട്ടേക്കും

മംഗലാപുരത്തേക്കും

ജീവിതം തന്നെ

പല പേരും രൂപവുമിട്ട് 

കിതച്ചും കൊതിച്ചും 

തീവണ്ടി പിടിക്കാന്‍ 

ഓടിപ്പോയ കഥയല്ല.


അക്കരെ

ജീവിതത്തിന്റെ കൗതുകം 

ആനയായ് പ്രസവിച്ച്

ഇക്കരെക്കാര്‍ക്ക്

തോണിയാത്രയില്‍

ആനക്കുട്ടി 

ആഘോഷമായ

കഥയുമല്ല. 


റെയില്‍വേ പാലത്തിന്

പറയാനുള്ള കഥ 

റെയില്‍വേ പാലത്തെ തന്നെ 

വിറ്റ കഥയാണ്.


ജീവിതം

അത്യുഗ്രന്‍ കച്ചവടമായ 

കഥ. 


ജീവിക്കാൻ വേണ്ടി

ജീവിതം

ജീവിതത്തെ തന്നെ 

വിറ്റ, വില്‍ക്കുന്ന

പ്രവാസികളുടെ 

കഥ പോലെ

ഒരു കഥ.


എല്ലാ ശ്വാസനിശ്വാസത്തിലും

ജീവിതത്തിന്‌

ഒരു യാത്രയും

കച്ചവടവുമുണ്ടെന്ന

കഥ. 


പച്ചയായ മനുഷ്യര്‍

അവരിലെ

പച്ച കണ്ടെത്താൻ

മദ്യപിച്ചുണ്ടായ

ഒരു വില്പനക്കഥ.


റെയില്‍വേ പാലത്തിനെ

ഇരുട്ടിന്റെ മറയില്‍

നൊടിയിടയില്‍ 

ഒരാൾ മറ്റൊരാള്‍ക്ക്

വിറ്റ കഥ. 


വില പറഞ്ഞ്‌ വിറ്റയാള്‍ 

(പേര്‌ പറയുന്നില്ല) 

ആകാശത്തിനും, പിന്നെ

നക്ഷത്രങ്ങള്‍ക്കും വരെ

വിലപറയാമെന്ന് വരുന്ന 

ഭാവിയെ പ്രവചിച്ച കഥ. 


വിലയുറപ്പിച്ച് വാങ്ങിയയാള്‍,

ശ്വാസവായു പോലും

വാങ്ങാനിടവരുന്ന

കാലം വരും മുമ്പേ

റെയില്‍വേ പാലമെങ്കിലും

(സമ്പാദ്യമാക്കി, പിന്നെ 

വിലയായി നൽകാൻ) 

വാങ്ങി വെച്ചേക്കാമെന്ന്

വിചാരിച്ച കഥ. 


അവർ

വില പറഞ്ഞു.


അവർ തന്നെ

വിലയുറപ്പിച്ചു. 


അവരിലൊരാൾ

വിലകൊടുത്തു വാങ്ങി.


സ്വപ്നം യാഥാര്‍ത്ഥ്യമാവുന്ന

ഒരു കൊടുക്കല്‍ വാങ്ങല്‍.


ജീവിതം ലഹരിയായാല്‍,

അല്ലേലും, 

സ്വപ്നം യാഥാര്‍ത്ഥ്യമാണ്.

യാഥാര്‍ത്ഥ്യം സ്വപ്നവും..... 


******


പിറ്റേ ദിവസം രാവിലെ

ലഹരിയുടെ പിരിയിറങ്ങി.

ലഹരിക്ക് ജീവിതത്തിന്റെ

ആയുസില്ല. 


ബോധം തെളിഞ്ഞപ്പോള്‍,

പക്ഷേ, കച്ചവടം

അക്കിടിയായി. 


പോക്കറ്റിലെ പൈസ പോയ 

അക്കിടി.


ബോധമൊന്ന്

ദിശ മാറി, മാനം മാറി

നോക്കിയാല്‍

ജീവിതം തന്നെ

ഒരക്കിടിയാവുമെന്ന്

പാഠം.


ശരി തെറ്റാവാന്‍

ദൂരം അധികമൊന്നും

പോകാനില്ലെന്ന്

പാഠം. 


പിന്നെ ഒട്ടും

താമസിച്ചില്ല.


നീട്ടിവലിച്ചു നടന്നു.


ജീവിതത്തിന്റെ

ഒരു നടപ്പ്.


അതിരാവിലെ.


വിറ്റയാളുടെ

വീട്ടിന്‍ മുന്നിലേക്ക്.


അല്ലേലും, 

നഷ്ടപ്പെട്ടവന്റെ

ജീവിതമാണല്ലോ

വെറും നടപ്പ്?


അല്ലേലും, 

നഷ്ടപ്പെടാന്‍ മാത്രമുള്ള 

വെറും നടപ്പാണല്ലോ 

ജീവിതം? 


റെയില്‍വേ പാലത്തിന്

അയാൾ 

വിലയായി നല്‍കിയത് 

തിരിച്ചുവാങ്ങാനാവാത്ത

സ്വപ്നം...


സ്വപ്നം അവിടെ വെച്ച്, 

പക്ഷേ അയാൾ,

കാര്യബോധം തിരിച്ചെടുത്ത് 

പൈസ തിരിച്ചു വാങ്ങി.

ജീവിതം തിരിച്ചു വാങ്ങി. 


"ഇങ്ങനെയൊരു

തിരിച്ചുപോക്കും

തിരിച്ചുവാങ്ങലും

ജീവിതത്തിലില്ല.


"ഏറിയാല്‍ ജീവിതത്തെ

സാധ്യമാക്കുന്ന 

ശ്വാസോച്ഛ്വാസത്തിലൊഴികെ"


റെയില്‍വേ പാലം

സന്ദര്‍ഭം വെച്ച്

ഇതൊന്ന് 

ഉണര്‍ത്താനും മറന്നില്ല. 


*****


തന്നെ വിറ്റ

കഥ പറഞ്ഞ്‌

റെയില്‍വെ പാലം

ഇപ്പോഴും ഊറിച്ചിരിക്കാറുണ്ട്.


"വിത്ത് മണ്ണിനെ

വില്‍ക്കുമോ?"


എന്നൊരു ചോദ്യവും

ഇട്ടു തരും. 


ഊറിച്ചിരിക്കുമ്പോഴാണ്

റെയില്‍വേ പാലവും

ഉള്ളുപൊള്ളയായ

തന്റെ ഉള്ളറിയുന്നത്.

ജീവിതത്തെ അറിയുന്നത്. 


കാലം മാറുമ്പോള്‍

ജീവിതത്തെ നോക്കി

ജീവിതം തന്നെ

ഊറിച്ചിരിക്കുന്നത് പോലെ

റെയില്‍വേ പാലം ചിരിക്കും. 


ബെല്‍ബോട്ടും

കാളസറായിയും നോക്കി

നമ്മൾ ചിരിക്കും പോലെ.

No comments: