Monday, August 10, 2020

കൊറോണയെ കുറിച്ച് ഒന്നുമറിയാത്ത പൂച്ചയെ കുറിച്ചോര്‍ത്ത് ഈയുള്ളവനൊന്ന് മുറുക്കിച്ചിരിച്ചു.

കൊറോണയെ കുറിച്ച് ഒന്നുമറിയാത്ത പൂച്ചയെ കുറിച്ചോര്‍ത്ത് ഈയുള്ളവനൊന്ന് മുറുക്കിച്ചിരിച്ചു.


ഒന്നുമറിയാതെ പൂച്ച കിടന്നുറങ്ങുന്നു.


ഒഴിഞ്ഞ അമ്പലനടയിലും പള്ളിമുറ്റത്തും. 


കൊറോണയെ കുറിച്ച് ഒന്നുമറിയാത്ത പൂച്ചയുടെ വിവരക്കേടിനെ പരിഹസിച്ചെന്നോണം ഈയുള്ളവന്‍ ഒന്നുകൂടി മുറുക്കിച്ചിരിച്ചു.


"സുഹൃത്തെ,"

പിന്നില്‍നിന്നും വിളിച്ചത് പൂച്ച.


"പരിഹസിക്കേണ്ട.

വിവരംകെട്ടവന് ജീവിക്കാൻ എളുപ്പം."


"അതെന്തേ" ജിജ്ഞാസ കൊണ്ട്‌ ഈയുള്ളവനൊന്ന് മൂളിച്ചോദിച്ചു. 


"വിവരക്കേടാണ് യാഥാര്‍ത്ഥ ജീവിതയോഗ്യത.

സ്വാഭാവികതയുടെ ചിറക്.


"എന്നു വെച്ചാല്‍?" ഒന്നുകൂടി ഈയുള്ളവനൊന്ന് മൂളിച്ചോദിച്ചു. 


"വിവരംകെട്ടവന് അഭിനയിക്കാനില്ല. സ്വാഭാവികനായി അവനങ്ങ് ജീവിക്കും"


"നീ അഹങ്കരിക്കുന്ന വിവരവും ബുദ്ധിയും നിന്റെ ചിറക് മുറിക്കും. സ്വാഭാവികതയുടെ ചിറക് മുറിക്കും.


"വിവരം മരണത്തെ

അതല്ലാതാക്കുന്നുമില്ല.


"പിന്നെന്തിനാണ് നിന്റെ പരിഹസിച്ച്കൊണ്ടുള്ള ഒരു മുറുക്കിച്ചിരി?" 


ഈയുള്ളവനൊന്നും പൂച്ചയോട് തിരിച്ചുപറഞ്ഞില്ല.


കാരണം,

ഈയുള്ളവനൊന്നറിയാം.


പൂച്ചക്ക് അതിന്റെ പേര്‌

പൂച്ചയെന്ന് പോലും അറിയില്ല.


നിങ്ങള്‍ക്കെന്ത് തോന്നുന്നു? 


നിങ്ങളെന്ത് പറയുന്നു?


നിങ്ങളാണെങ്കിൽ പൂച്ചയോട് എന്ത് തിരിച്ചുപറയും?

No comments: