ഇസ്ലാമിക സംജ്ഞകള്‍ വെച്ചുതന്നെ ചിലത്:
കൊറോണക്കാലത്ത്......
ദൈവത്തിന് ഇസ്ലാം നല്‍കിയ പേരുകളും വിശേഷണങ്ങളും വെച്ച് തന്നെ പറയാം :
പ്രത്യക്ഷമായത്, കാണാവുന്നതെല്ലാം ദൈവം, പദാര്‍ത്ഥം (ളാഹിര്‍).
എങ്കില്‍ ഞാനും നീയും എന്ത്?
അത് തന്നെ.
പരോക്ഷമായത്, കാണാത്തതെല്ലാം ദൈവം, പദാര്‍ത്ഥം (ബാത്വിന്‍).
എങ്കിൽ ഞാനും നീയും വൈറസും , എന്റേയും നിന്റെയും വൈറസിന്റെയും ബോധവും ഊര്‍ജവും എന്ത്?
അത് തന്നെ.
എങ്കിലെങ്ങിനെ, എവിടെ രണ്ട്?
രണ്ടില്ലാത്ത ഒന്ന്.
രണ്ടല്ലാത്ത ഒന്ന്.
ആദ്യമില്ലാത്ത ആദ്യം ദൈവം, പദാര്‍ത്ഥം (അവ്വല്‍, മുഖദ്ദി ം).
അവസാനമില്ലാത്ത അവസാനവും, അവസാനമില്ലാതെ അവശേഷിക്കുന്നതും ദൈവം, പദാര്‍ത്ഥം (ആഖിര്‍, മുഅഖിര്‍, ബാഖി)
എങ്കിൽ ഞാനും നീയും ബാക്കിയാവുമോ?
ഇല്ല.
ആദ്യമേ ഉള്ളതും അവസാനം ബാക്കിയാകുന്നതും ഞാനും നീയുമാണോ?
അല്ല.
നല്‍കുന്നതും (നല്‍കാതെ) തടയുന്നതും ദൈവം, പദാര്‍ത്ഥം (മാനിഅ്, മുഅ്ത്തി)
എങ്കിൽ കുറ്റവും ഉത്തരവാദിത്തവും എന്നിലും നിന്നിലും ചാരുന്നതിലെന്തര്‍ത്ഥം?
ഒരര്‍ത്ഥവും ഇല്ല.
എങ്കിൽ എനിക്കും നിനക്കും തോന്നുന്ന രീതിയില്‍ ഞാനും നീയും ചെയ്യുന്നതും പറയുന്നതും, തടയുന്നതും നല്‍കുന്നതും എന്താണ്?
നമ്മൾ ചെയ്യുന്നു, നമ്മൾ നല്‍കുന്നു, നമ്മൾ തടയുന്നു, നമ്മൾ പറയുന്നു എന്ന ധാരണ നാം ഓരോരുത്തരും പുലര്‍ത്തിക്കൊണ്ട് ദൈവത്തിന് വേണ്ടത് നാം ചെയ്യുന്നു, പറയുന്നു, തടയുന്നു, നല്‍കുന്നു.
അഥവാ നമ്മളില്‍ നമുക്ക് വേണ്ടി എന്ന തോന്നല്‍ ഉണ്ടാക്കിക്കൊണ്ട് ദൈവം ദൈവത്തിന് വേണ്ടത് ചെയ്യുന്നു, പറയുന്നു, തടയുന്നു, നല്‍കുന്നു എന്നര്‍ത്ഥം.
ചെയ്യുന്നതും പറയുന്നതും തടയുന്നതും നല്‍കുന്നതും ദൈവം മാത്രം, പദാര്‍ത്ഥം മാത്രം എന്നര്‍ത്ഥം.
അധികാരങ്ങളുടെ അധികാരസ്ഥന്‍ ദൈവം, പദാര്‍ത്ഥം. (മാലിക്കുല്‍മുല്‍ക്ക്) .
എങ്കില്‍ ഏത് ഭരണാധികാരിയെ എന്ത് കുറ്റപ്പെടുത്താന്‍?
എല്ലാവരിലൂടെയും ദൈവം നടക്കുന്നു, ദൈവത്തിന്റെ അധികാരം നടക്കുന്നു.
"തുഅ്ത്തി അല്‍ മുല്‍ക്ക ലിമന്‍ തശാഉ, വ തുന്‍സിഉ അല്‍ മുല്‍ക്ക മിമ്മന്‍ തശാഉ"
(നീ ഉദ്ദേശിക്കുന്നവന് അധികാരം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവനില്‍ നിന്ന് അധികാരം നീക്കിക്കളയുന്നു (ഖുര്‍ആന്‍) ).
എങ്കിൽ ആരെ, ഏത് അധികാരിയെയും ഭരണാധികാരിയെയും കുറ്റപ്പെടുത്താന്‍?
ആരേയുമില്ല.
മോഡി ആയാലും trump ആയാലും ദൈവം അധികാരം നല്‍കി വന്നവർ. ദൈവത്തിന്റെ അധികാരം നടത്തുന്ന വഴികള്‍.
അവരാണ് ഉചിതര്‍ എന്ന് ദൈവത്തിന്റെ പദ്ധതിയില്‍ വരുന്നതിനാല്‍ അധികാരിയായവർ.
ഒപ്പം എന്നെയും നിന്നെയും എന്ത് കുറ്റം പറയാൻ?
പ്രതാപപ്പെടുത്തുന്നതും ഇകഴ്ത്തുന്നതും ദൈവം, പദാര്‍ത്ഥം (മുഇസ്സ്, മുദില്ല് ).
"തുഇസ്സു മന്‍ തശാഉ വ തുദില്ലു തശാഉ"
(നീ ഉദ്ദേശിക്കുന്നവരെ പ്രതാപപ്പെടുത്തുന്നു, നീ ഉദ്ദേശിക്കുന്നവരെ ഇകഴ്ത്തുന്നു.(ഖുര്‍ആന്‍))
ഓരോരുത്തന്റെയും വ്യക്തിപരമായതെന്ന്, ആ നിലക്ക് ശ്രമിച്ച് ഉണ്ടാവുന്നതെന്ന് ഓരോരുത്തനും തോന്നുന്ന ഉയര്‍ച്ചയും താഴ്ചയും വരെ ദൈവത്തിന്റെ വലിയ പ്ലാനിങ്ങിലെ ചെറിയ ചെറിയ കാര്യങ്ങൾ.
എല്ലാം വലിയ അദ്ധ്യായത്തിലെ ചെറിയ ചെറിയ കുത്തുകളും കോമകളും.
കുത്തുകളും കോമകളും മാത്രമായിക്കണ്ടാല്‍ ഒന്നും മനസ്സിലാവില്ല.
വലിയ പ്രതലത്തില്‍ വലിയ പശ്ചാത്തലത്തില്‍ വെച്ച് കാണണം.
ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും ദൈവം, പദാര്‍ത്ഥം. (മുഹിയ്യ്, മുമീത്ത്).
എങ്കില്‍ ഏത് മഹാമാരിയെ, ഏത് വൈറസിനെ, ഏത് അക്രമിയെ, ഏത് ഭരണാധികാരിയെ കുറ്റപ്പെടുത്താന്‍?
ഇല്ല. ആരെയും കുറ്റപ്പെടുത്താനില്ല.
നിറഞ്ഞ് നില്‍ക്കുന്നതും ചൂഴ്ന്നു നില്‍ക്കുന്നതും ദൈവം, പദാര്‍ത്ഥം. (വാസിഅ്, മുഹീത്ത്).
എന്നിലും നിന്നിലും വൈറസിലും നിറഞ്ഞു നില്‍ക്കുന്നതും ദൈവം തന്നെയല്ലാതെ വേറെ എന്തെങ്കിലും ആവുമോ?
ഇല്ല. എല്ലാം ദൈവം മാത്രം.
എന്നെയും നിന്നെയും ചൂഴ്ന്ന് നില്‍ക്കുന്നത് ദൈവം തന്നെയല്ലാതെ വേറെ എന്തെങ്കിലും ആവുമോ?
ഇല്ല. ദൈവം മാത്രം.
ഇവിടെ പിന്നെ എന്ത് ഞാന്‍, എന്ത് നീ?
എന്തിനെ നീ വൈറസെന്നും, എന്തിനെ നീ നീയെന്നും വിളിക്കും?
രക്ഷയും നിര്‍ഭയത്വമേകുന്നവനും ദൈവം, പദാര്‍ത്ഥം. (സലാം, മുഅ്മിന്‍).
ദൈവം തന്നെ രക്ഷയെങ്കിൽ എല്ലാം പിന്നെ രക്ഷ തന്നെയല്ലേ?
രക്ഷയല്ലാത്ത വേറെ എന്തെങ്കിലും എവിടെയെങ്കിലും ഉണ്ടാവുമോ?
ഇല്ല.
ശിക്ഷയൊന്നും യഥാര്‍ത്ഥത്തില്‍ ശിക്ഷയല്ല എന്ന് തന്നെയല്ലേ അതിന്റെ അര്‍ത്ഥം?
നല്‍കുന്നവനും അന്നം നല്‍കുന്നവനും ദൈവം, പദാര്‍ത്ഥം (വഹാബ്, റസാഖ്).
ലാ തഖ്തുലൂ ഔലാദക്കും മിന്‍ ഖഷ്യത്തി ഇംലാഖിന്‍ നഹ്നു നര്‍സുഖുഹും വ ഇയ്യാക്കും.
(ദാരിദ്ര്യം ഭയന്ന് നിങ്ങൾ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊല്ലരുത്. നിങ്ങളെയും അവരേയും അന്നമൂട്ടുന്നത് നമ്മളാണ്. (ഖുര്‍ആന്‍)).
നിങ്ങളും നമ്മളും, ഞാനും നീയും അധ്വാനിച്ച് നല്‍കുന്നു, സംരക്ഷിക്കുന്നു എന്ന തോന്നൽ പിന്നെ എന്ത്?
വെറും വെറുതെ.
ഞാനും നീയും യഥാര്‍ത്ഥത്തില്‍ ഇല്ലെന്ന് തന്നെയല്ലേ ഇതിന്റെയൊക്കെ ആകെത്തുക?
അതേ.
നിങ്ങളില്‍ അങ്ങനെയുള്ള 'ഞാന്‍ നീ' എന്ന ആ തോന്നല്‍ ഉണ്ടാക്കിക്കൊണ്ട് യഥാര്‍ത്ഥത്തില്‍ നിങ്ങളിലൂടെ നല്‍കുന്നതും സംരക്ഷിക്കുന്നതും ദൈവം മാത്രം, പദാര്‍ത്ഥം മാത്രം.
വളരുന്നതും തളരുന്നതും, വളര്‍ത്തുന്നതും തളര്‍ത്തുന്നതും ദൈവം മാത്രം, പദാര്‍ത്ഥം മാത്രം.
നന്മയും തിന്മയും ദൈവത്തില്‍ നിന്ന് (അല്‍ ഖദ്റു ഖൈറുഹു വ ശര്‍റുഹു മിനല്ലാഹി തആലാ).
"അസാ അന്‍ തക്റഹൂ ശയ്അന്‍ ഹുവ ഖൈറുന്‍ ലക്കും.
അസാ അന്‍ തുഹിബ്ബൂ ശയ്അന്‍ ഹുവ ശര്‍റുന്‍ ലക്കും
(നീ നിനക്ക് വേണ്ടി വെറുക്കുന്നത് യഥാര്‍ത്ഥത്തില്‍ നിനക്ക് നല്ലതാവാം,.
നിനക്ക് വേണ്ടി ഇഷ്ടപ്പെടുന്നത് യാഥാര്‍ത്ഥത്തില്‍ നിനക്ക് മോശമാവാം).
എല്ലാറ്റിനും പുറമേ ഏകവും ഒറ്റയും ആയത് ദൈവം, പദാര്‍ത്ഥം (അഹദ്, ഫര്‍ദ്)
എങ്കിൽ മനുഷ്യനും വൈറസും എന്തെങ്കിലും ചെയ്യുന്നുവെന്ന്, നല്‍കുന്നുവെന്ന് കരുതുന്നതും കുറ്റപ്പെടുത്തുന്നതും തെറ്റല്ലേ?
അതേ... തെറ്റ്.
എങ്കിൽ ബാധ്യതയും ഉത്തരവാദിത്തവും ആര്‍ക്ക്?
ദൈവത്തിന് മാത്രം.
എങ്കിൽ മനുഷ്യനെ കേന്ദ്രീകരിച്ച് കാര്യങ്ങളെ കാണുന്നത് തന്നെ തെറ്റല്ലേ?
എങ്കിൽ എല്ലാറ്റിലൂടെയും എല്ലാവരിലൂടെയും എല്ലാം ചെയ്യുന്നതും സംഭവിപ്പിക്കുന്നതും ദൈവം, പദാര്‍ത്ഥം.
നാം ശ്രദ്ധിച്ചാല്‍ ദൈവം ശ്രദ്ധിച്ചു, പദാര്‍ത്ഥം ശ്രദ്ധിച്ചു.
നാം ശ്രദ്ധിക്കാതിരുന്നാല്‍ ദൈവം ശ്രദ്ധിക്കാതിരുന്നു, പദാര്‍ത്ഥം ശ്രദ്ധിക്കാതിരുന്നു.
വേണ്ടതും വേണ്ടാത്തതും ദൈവം, പദാര്‍ത്ഥം മാത്രം.
രണ്ടില്ല, എല്ലാം ഒന്ന് മാത്രം.
****
ചുരുക്കിപ്പറഞ്ഞാൽ:
നമ്മളിലൂടെ, നമ്മൾ തന്നെയായി, ജീവിതമായി വര്‍ത്തിക്കുന്ന ദൈവം മാത്രം. ഉള്ളതും ഇല്ലാത്തതുമായ ദൈവം.
******
ചോദ്യം:
ഒന്നു കാണിക്കുക.
ആ ദൈവത്തെ.
കക്കൂസിൽ ഇരിക്കുന്ന ദൈവത്തെ.
തൂണിൽ ഇരിക്കുന്ന, തുരുമ്പിൽ ഇരിക്കുന്ന ദൈവത്തെ.
ഉത്തരം:
എന്ത് കാണിക്കാനിരിക്കുന്നു?
കണ്ടോളൂ.
ഓരോരുത്തരെയും ഓരോന്നിനെയും ഓരോ സംഭവത്തെയും വൈറസിനെയും അതായിത്തന്നെ കണ്ടോളൂ.
അപ്പോൾ ദൈവത്തെ കണ്ടു എന്നും മനസിലാക്കുക.
അതായിത്തന്നെ, അങ്ങനെയായിത്തന്നെ ദൈവം ആയിരിക്കുന്നതും പണിയെടുക്കുന്നതും കണ്ടോളൂ.
അപ്പോൾ ദൈവം ആയിരിക്കുന്നതും പണിയെടുക്കുന്നതും കണ്ടു എന്നും മനസിലാക്കുക.
*****
ഇനി പറയാം.
അങ്ങനെയല്ലാത്ത, അങ്ങനെയല്ലെന്ന് വാശിപിടിക്കുന്ന താങ്കളുടെ ദൈവത്തെ താങ്കള്‍ കാണിച്ചത് പോലെയുണ്ടല്ലോ താങ്കളുടെ മറുപക്ഷത്തോടുള്ള ഈ ചോദ്യം?
അവർ കാണിച്ചിട്ടില്ലെങ്കില്‍, താങ്കള്‍ താങ്കളുടെത് കാണിക്കാത്തത് പോലെ അവരും കാണിക്കുന്നില്ല എന്ന് മനസിലാക്കണം.
എന്നാല്‍ താങ്കള്‍ ഒന്ന് മനസ്സിലാക്കിയില്ല.
അവർ കാണിച്ചു തരുന്നുണ്ട്.
അവരുടെ ദൈവത്തെ.
എല്ലായിടത്തും.
വയലില്‍ പണിയെടുക്കുന്ന കര്‍ഷകനിലും മക്കളെ പോറ്റുന്ന മാതാപിതാക്കളിലും തേന്‍ ശേഖരിക്കുന്ന തേനീച്ചയിലും മാങ്ങ തരുന്ന മാവിലും ഒക്കെ.
ചെയ്യുന്നതും പറയുന്നതും മുഴുവന്‍ ദൈവം മാത്രം.
ഒരുപക്ഷേ ഇവ്വിധം അവര്‍ക്ക് അവരുടെ ദൈവത്തെ കാണിക്കാന്‍ എളുപ്പം സാധിക്കുന്നു.
അവര്‍ക്ക് തൂണും തുരുമ്പും മറ്റെന്തും എന്തും എങ്ങിനെ ആകുന്നതും മാത്രം തന്നെ കാണിച്ചാല്‍ മതി.
അവരുടെ ദൈവമായി. ആവുന്നതെല്ലാം ദൈവം. ആവാത്തതെല്ലാം അതും ദൈവം.
കാണുന്നതും കാണാത്തതും എല്ലാം അവര്‍ക്ക് ദൈവം.
എന്നാല്‍ താങ്കള്‍ക്കോ?
അവര്‍ക്ക് എല്ലാം ദൈവമാണ്.
എവിടെയും ദൈവമാണ്.
ളാഹിറും ബാത്തിനും ദൈവം.
എന്ന് വെച്ചാല്‍, പ്രത്യക്ഷവും പരോക്ഷവും ദൈവം.
പക്ഷേ, താങ്കള്‍ക്ക്, താങ്കള്‍ ധരിച്ചുവെച്ച ഇതൊന്നുമല്ലാത്ത താങ്കളുടെ ദൈവത്തെ കാണിക്കാൻ സാധിക്കുന്നില്ല.
അവർ എല്ലാം ദൈവമെന്ന് കരുതുന്നു.
അതിനാല്‍ കാണുന്ന, കേള്‍ക്കുന്ന കാണുന്ന, കാണിക്കുന്ന എല്ലാം തന്നെ അവരെ സംബന്ധിച്ചിടത്തോളം ദൈവം.
നിങ്ങളോ?
നിങ്ങളുടെ ദൈവത്തെ എവിടെ, എങ്ങിനെ കാണിക്കും?
എന്നിരിക്കെ എന്തിനാണ് ഇങ്ങനെയുള്ള വെല്ലുവിളിയും ചോദ്യവും.
വിവേകം സൂക്ഷിക്കുക.
ഉള്ളിലേക്ക് നോക്കി, ആത്മപരിശോധന നടത്തുക.
****
ചോദ്യം:
തൂണാണോ ദൈവം... തൂണുകൾ തകർന്ന് വീഴുന്നില്ലേ ...?
ഉത്തരം :
സുഹൃത്തെ, എന്തൊക്കെയാണ് താങ്കള്‍ ചോദിക്കുന്നത്?
ദൈവത്തെ താങ്കള്‍ താങ്കളുടെ മാനത്തില്‍ മാത്രമായി ചുരുക്കിക്കാണുന്നു.
ദൈവം എല്ലാ മാനത്തിലും ഉണ്ട്.
എന്നാല്‍ ഒരു മാനത്തിലും ദൈവം ഒതുങ്ങി ചുരുങ്ങി നില്‍ക്കുന്നുമില്ല.
വീഴ്ച, ഉയര്‍ച്ച എന്നത് നിങ്ങളുടെ ആപേക്ഷിക മാനത്തിൽ മാത്രം ഉള്ളത്.
ആത്യന്തിക മാനത്തില്‍ നിന്ന് നോക്കുമ്പോള്‍ വീഴുന്നുമില്ല, ഉയരുന്നുമില്ല.
ആത്യന്തിക മാനത്തില്‍ നിന്ന് നോക്കുമ്പോള്‍ നന്മയും ഇല്ല തിന്മയും ഇല്ല.
അതിനാല്‍ തന്നെ ദൈവത്തിന് താങ്കള്‍ ഉണ്ടെന്ന് വിചാരിക്കുന്ന ഒന്നും ഇല്ല, ഒന്നും ബാധകമല്ല.
****
ചോദ്യം: വിഗ്രഹങ്ങൾ എന്തിനാണ് അങ്ങനെയെങ്കിൽ?
ഉത്തരം :
ദൈവം എന്ന പേരും ദൈവത്തിനുള്ള മറ്റനേകം പേരുകളും വിശേഷണങ്ങളും ദൈവത്തിനുള്ള ബിംബങ്ങൾ തന്നെയാണ്. ഭാഷയിലെ ബിംബങ്ങൾ.
ബിംബങ്ങൾ മുഴുവന്‍ വിഗ്രഹങ്ങൾ. കയറാനുള്ള ശ്രമം. വിനിമയത്തിനും നമ്മൾ ബിംബങ്ങൾ ഉപയോഗിക്കുന്നു. കോണിയായി.
No comments:
Post a Comment