മരണം ഉറക്കമല്ല.
മരണം ഉറക്കമാണെന്നത്
വെറും വെറുതെയുള്ള
കാല്‍പനികത ചാലിച്ച പറച്ചില്‍.
ഗുരോ, പിന്നെ മരണം?
മരണം മരണം മാത്രം.
മായ്ച്ചുകളയല്‍.
മാഞ്ഞുപോക്ക്.
ഒന്ന് മറ്റൊന്നും
മറ്റ് പലതും
ആവാന്‍ വേണ്ട
മായ്ച്ചുകളയല്‍.
മാഞ്ഞുപോക്ക്.
ജനനം ജനനം മാത്രമായത് പോലെ
മരണം മരണം മാത്രം.
ജനനത്തില്‍ പലത് ഒന്നായിത്തീരുന്നു.
മരണത്തില്‍ നേരെ മറിച്ച്
ഒന്ന് പലതായിത്തീരുന്നു.
മരണവും ജനനവും ഒരുപോലെ
ജീവിതത്തെ സമ്പുഷ്ടമാക്കുന്നത്.
മരണവും ജനനവും ഒരുപോലെ
ജീവിതത്തെ കൃഷി ചെയ്യുന്നത്.
ഗുരോ, മരണം ഉറക്കമല്ലെന്ന്
അങ്ങ് പറയാന്‍ കാരണം?
കുഞ്ഞേ,
മരണത്തില്‍ ഉറങ്ങുന്നവനില്ല.
ഉറക്കത്തില്‍ ഉറങ്ങുന്നവനുണ്ട്.
ഉറക്കത്തിന് ശേഷം
ഒരുണര്‍ച്ചയുണ്ട്.
മരണത്തിന് ശേഷം
മരിച്ചുവെന്ന് നാം പറയുന്നവന്
ഒരുണര്‍ച്ചയില്ല.
അങ്ങനെ ഉണരുന്നവന്‍
മരണത്തിന് ശേഷം
ബാക്കിയില്ല.
ഉറക്കത്തില്‍ ഉറങ്ങുന്നവന്‍
ബാക്കിയുണ്ട്.
ഉറങ്ങുന്നവനും
ഉണര്‍ന്നുനിൽക്കുന്നവനും,
ഞാനും നീയും,
ഇല്ലാതാവുന്ന പ്രക്രിയ
മരണം.
ഉറങ്ങുന്നവനില്ലാതെ
പിന്നെങ്ങിനെ ഉറക്കം?
മരണം
ഉറങ്ങുന്നവനെയും
ഉണര്‍ന്നവനെയും
ഇല്ലായ്മ ചെയ്യുന്നത്.
മരണത്തോടെ
ഞാനും നീയും ഇല്ലെങ്കില്‍,
ഇല്ലാതാവുമെങ്കിൽ,
പിന്നെങ്ങിനെ ഉറക്കം?
വീണ്ടും ഉണരേണ്ട
ഞാനും നീയും മരണത്തോടെ ഇല്ല.
ഞാനും നീയും ഉണ്ടെന്ന് വന്നാല്‍
ഉണര്‍ന്നുവരുന്ന
മരണാനന്തരം ഉണ്ടെന്ന് വരും.
അങ്ങനെ മരണാനന്തരം
ഉണ്ടെന്ന് വരുമ്പോൾ...,
ഓരോ ജനനവും
ഉറക്കമുണരുന്നതെന്നും
വെറും വെറുതെ
പറയേണ്ടി വരും.
അങ്ങനെ,
ഉണരുമ്പോഴും ഉറങ്ങുമ്പോഴും,
ജനിക്കുമ്പോഴും മരിക്കുമ്പോഴും ,
ഈ ഞാനും നീയും
സ്ഥായിയായ ബോധമായ്
നിലകൊള്ളുന്നുവെന്നും
പറയേണ്ടി വരും.
No comments:
Post a Comment