Saturday, August 8, 2020

ഭാഗം - 3 റെയില്‍വേ പാലം.

 ഭാഗം - 3

റെയില്‍വേ പാലം.

*******


കോരിച്ചൊരിയുന്ന

മഴയിലും കാറ്റിലും

ഇരുണ്ട വെളിച്ചത്തിലും

റെയിവേ പാലത്തിനടുത്ത്, 

പുഴയില്‍

ഒരു തോണി കാണാം.


തോണിയില്‍

കുടചൂടിയ

ഒരു ചെറിയ മനുഷ്യനെ

കാണാം...


ചോയിയാണത്.


പുഴയും മഴയും

ഒന്നാക്കിയ,

പുഴയും മഴയും

തന്റെ ജീവിതമാക്കിയ

ചോയി.


ആകാശത്തിനും

തനിക്കുമിടയില്‍

വെറും ഒരു കുടയല്ലാത്ത

ഒന്നുമില്ലെന്നുറപ്പിച്ച

ചോയി. 


മയ്യഴിപ്പുഴയുടെ

വികാരമായ

ചോയി.


മയ്യഴിപ്പുഴയെ

തന്റെ കൈലാസമാക്കിയ

ചോയി.


മയ്യഴിപ്പുഴയുടെ

നനുത്ത മാറില്‍

കൈവെച്ചുറങ്ങി

ധ്യാനിച്ച

ചോയി. 


****


നിങ്ങള്‍ക്ക്

ചോയിയെ

ഓര്‍മ്മയുണ്ടോ?


മയ്യഴിപ്പുഴയുടെ

കൂട്ടുകാരന്‍

ചോയിയെ. 


ശ്വാസനിശ്വാസങ്ങൾ

പുഴയുമായ് മാത്രം

പങ്കുവെച്ച

ചോയിയെ.


മീന്‍പിടുത്തത്തിന്റെ

ശാസ്ത്രം ഗണിച്ച

ആൾരൂപമായ

ചോയിയെ.


ശരീരത്തില്‍

മീന്‍ പിടുത്തത്തെ

ഭാഷയാക്കിയ

ചോയിയെ. 


തന്നെ മറന്ന്

പുഴയെ സ്വന്തമാക്കി

പുല്‍കിയ

ചോയിയെ. 


നിറവും കോലവും

വിഷയമല്ലാത്ത വിധം

കറുത്തുണങ്ങി

മെലിഞ്ഞ

ചോയിയെ.


'കൂയ്' എന്ന്

ബപ്പുന്‍റവിടത്തെ

റഹ്മത്ത് പോലും 

കൂക്കി വിളിച്ചാല്‍, 

എല്ലാം മറന്ന്

കരയിലേക്ക്

മൗനം ഭാഷയാക്കി

വന്ന് മീന്‍ വിറ്റ്

വീണ്ടും പുഴയുടെ

നെഞ്ചകത്തേക്ക്

മൗനം തുഴഞ്ഞുപോയ 

ചോയിയെ. 


****


പാലങ്ങൾ ഒരത്ഭുതമാണ്.

അവസ്ഥാന്തരങ്ങൾക്കിടയില്‍

ഒരേണി,

ഒരു കൈത്താങ്.


കടത്തുകാരനെ

നിര്‍വീര്യമാക്കിയ

കൈത്താങ്.


ഈയുള്ളവനും

നിങ്ങള്‍ക്കുമിടയില്‍ വരെ

ഒരു പാലമുണ്ട്.


അങ്ങനെയൊരു പാലം

ഉള്ളത് കൊണ്ടാണ്‌ 

നമ്മൾ പരസ്പരം

കാണുന്നത്‌, മിണ്ടുന്നത്.

സൗഹൃദം പങ്കുവെക്കുന്ന

മറ്റൊരു പലമായ

ഗ്രൂപ്പുണ്ടാക്കുന്നത്.


******


"ജീവിതത്തിൽ

ചില പാലങ്ങള്‍

കടത്തുകാരനും

കൂട്ടുകാരനുമായ

ഗുരുവിനെ

ആവശ്യമില്ലാതാക്കും വിധം

ബോധോദയം തരും."


ചോയി

റെയില്‍വേ പാലത്തെ ചൂണ്ടി

പുഴയോട് പറഞ്ഞതാണ്. 


"എല്ലാവരും എപ്പോഴും

പാലത്തെയും 

പിന്നിലാക്കി പോകുന്നു.


"ബോധോദയത്തിനുള്ള 

ബിന്ദുവാണ്‌ പലമെന്ന് 

തിരിച്ചറിയാതെ. 


"അതുകൊണ്ട്‌ തന്നെയാവാം

'പാലം കടക്കുവോളം നാരായണ'

എന്ന ചൊല്ല്

സാര്‍ത്ഥകമായി വന്നത്."


******


ഭരതനും ബാലേട്ടനും

കൊറച്ചോത്തെ അബ്ദുള്ളയും

അങ്ങനെയങ്ങനെ എത്ര പേർ... 


എല്ലാവരും

റെയിവേ പാലത്തെ

വീടാക്കിയവർ.


മീന്‍പിടുത്തം,

മുരു പറിക്കല്‍

എന്നിവ നടത്തി 

പുഴയോട് അങ്ങോട്ട്

തങ്ങളുടെ ജീവിതകഥ 

പറഞ്ഞവർ. 


മീന്‍പിടുത്തത്തിന്റെ

പ്രവാചകന്‍മാര്‍. 


ജീവിക്കാൻ 

നിശബ്ദത കൂട്ടാവണം, 

ക്ഷമയെ കാരിരുമ്പായി

കൊണ്ടുനടക്കണം

എന്ന് പഠിപ്പിച്ചവർ.


******


പുതിയ പുരയില്‍

സാദിഖിനെ ഓര്‍മ്മയുണ്ടോ?


ഇന്നും എന്നും

സ്വപ്നത്തിലെ

വിരുന്നുകാരനാണ്

സാദിഖ്.


സ്വപ്നത്തിലെന്ന പോലെ

ജീവിച്ചവന്‍. 


സിനിമയും ഫാഷനും

സ്വപ്നമായ് കൊണ്ടുനടന്നവന്‍. 


റെയില്‍വേ പാലത്തിന്റെ

സ്വപ്നകുമാരന്‍. 


എത്ര പ്രാവശ്യം

അവന്‍ തന്റെ ഖബറില്‍ നിന്ന്

പുറത്ത് വന്നിരിക്കുന്നു? 


എത്ര പ്രാവശ്യം അവന്‍

ഒന്നും സംഭവിക്കാത്തത് പോലെ

ഭൂമിയില്‍ ദീര്‍ഘമായി

വീണ്ടും ജീവിച്ചു.


മരിച്ചെന്ന് നാം കരുതി

അവനെ കിടത്തിയത്

അവന് തീരെ പിടിച്ചില്ല. 


തന്റെ നെറ്റിയില്‍ ഉണ്ടായിരുന്ന

വിയര്‍പ്പ് കണങ്ങള്‍

അവന്‍ തെളിവായി

ഇപ്പോഴും കാണിക്കുന്നു.


അന്ന് ഡോക്ടറോട്

ഈയുള്ളവനും

ചോദിച്ചതാണ്. 


'എന്തേ

മരിച്ചിട്ടിത്ര നേരമായിട്ടും

അവന്റെ നെറ്റിയില്‍

വിയര്‍പ്പ് പൊടിയുന്നത്?' 


ആരുത്തരം തരാന്‍?

എന്തുത്തരം തരാന്‍?


കൊന്നുതീര്‍ത്ത

ജീവിതത്തിന്റെ 

ബാക്കി പത്രമാണ്

വിയര്‍പ്പ് എന്ന

അര്‍ത്ഥം കിട്ടിയത് 

അപ്പോഴാണ്. 


അര്‍ത്ഥത്തില്‍

വിയര്‍പ്പ്

നാം അംഗീകരിക്കാത്ത

മരണമാണെന്നും...


അതുകൊണ്ടാണല്ലോ

എത്രയോ പ്രാവശ്യം

അവന്‍ തന്നെ

ബാണിയാണ്ടി വഴിയും,

ഉമ്മര്‍ക്കാട് സ്കൂള്‍ വഴിയും

നന്നേ പണിപ്പെട്ട്

ജീവനോടെ

ഖബറിന് പുറത്ത് വന്ന്

തെളിവ് തന്നത്.


സവിസ്തരം കൂടെ നടന്ന്

ദീര്‍ഘകാലം 

സാധാരണ പോലെ

ജീവിച്ചത്.

No comments: