Wednesday, November 30, 2022

ബോറടിക്കുന്നുവോ? നിനക്ക് നിന്നെ വേണ്ടെന്നർത്ഥം.

'ചെയ്യുന്ന ജോലിയുടെ അര്‍ത്ഥം ജീവിതത്തിന്' എന്ന് മനുഷ്യന്‍. 

'പക്ഷേ അതെങ്ങനെ? ജീവിക്കാൻ വേണ്ടി ചെയ്യേണ്ടി വരുന്നതല്ലേ ജോലി?' എന്ന് ജീവിതം.

*****

ഒറ്റക്കാവുമ്പോൾ, ഒന്നും ചെയ്യാതിരിക്കുമ്പോൾ ബോറടിക്കുന്നുവോ? 

എങ്കിൽ നിനക്ക് നിന്നെ വേണ്ടെന്നർത്ഥം.

ബോറടിമാറ്റാൻ സമയം കൊല്ലുക എന്നത് ലക്ഷ്യവും ആവശ്യവും ആക്കേണ്ടി വരുന്നോ?  

എങ്കിൽ അപ്പോഴൊക്കെയും നീ നിന്നെ കൊല്ലുന്നു, നീ ആത്മഹത്യ ചെയ്യുന്നു എന്നർത്ഥം. 

അറിയണം, നീ കൊല്ലുന്ന, നിനക്ക്  വേണ്ടാത്ത സമയം തന്നെയാണ് നീയും നിൻ്റെ ജീവിതവും.

അക്കരപ്പച്ച കണ്ട് നീ ഇക്കരയെ വെറുക്കുന്നതാണ് ബോറടി. 

പക്ഷേ, നീ വെറുക്കുന്ന ഇക്കരെയാണ് നീയും ജീവിതവും. 

അക്കരെ എത്തിയാലും അത് നിനക്ക് വീണ്ടും ഇക്കരേയും നീയും തന്നെ ആയിത്തീരും.

ഒറ്റക്ക് ഒന്നും ചെയ്യാതിരിക്കുമ്പോൾ ബോറടിക്കുന്ന നീ സ്വർഗവും സമാധിയും പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും എന്തിന്?

നിനക്ക് പിന്നെ എങ്ങിനെ നിനക്ക് സ്വർഗ്ഗത്തിലും സമാധിയിലും ആയിരിക്കാൻ സാധിക്കും?  എല്ലാം നിറഞ്ഞാലും തികഞ്ഞാലും പിന്നെ എന്ത് ചെയ്യാൻ?

ആയിരിക്കും പൊലെ ആയിരിക്കാൻ സാധിക്കുകയാണ് സ്വർഗവും സമാധിയും. 

ആയിരിക്കുന്ന അവസ്ഥയിൽ മതിയും പൂർണ്ണതയും കണ്ടെത്തുകയാണ് സ്വർഗ്ഗവും സമാധിയും. 

ആവശ്യങ്ങൾ കുറഞ്ഞ് കുറഞ്ഞ് ഇല്ലാതാവുകയും, ആവശ്യങ്ങൾ നിറവേറ്റാൻ എന്തോക്കെയോ ചെയ്യേണ്ടി വരികയും വരാതിരിക്കുകയാണ് സ്വർഗവും സമാധിയും.

നീ മാത്രമാവുമ്പോഴുള്ള നീയുമായും ജീവിതവുമായും ഉള്ള നിൻ്റെ പൊരുത്തമാണ് സ്വർഗവും സമാധിയും.

ഉള്ളത് എന്താണോVഅതിൽ ആയിരിക്കലും, പിന്നെ വേറൊന്ന് അന്വേഷിക്കേണ്ടി വരാതിരിക്കലുമാണ് സമാധി, സ്വർഗം. 

അക്കരേയും അക്കരപ്പച്ചയും ഇല്ലാതിരിക്കുക സമാധി, സ്വർഗം.  

ബാക്കിയാവുന്ന അർത്ഥരാഹിത്യത്തിലും ശൂന്യതയിലും അർത്ഥവും പൊരുത്തവും കണ്ടെത്താൻ കഴിയുന്ന നിനക്കക്കേ ജീവിക്കാൻ യോഗ്യതയും അർഹതയും ഉള്ളൂ. അങ്ങനെയുള്ള ജീവിതത്തിന് മാത്രമേ സ്വർഗവും സമാധിയും ഉളളൂ.

ബാഹ്യമായി നീ ഉടമപ്പെടുത്തുന്ന ഒന്നിൻ്റെയും അല്ല നീയും ജീവിതവും.

നിൻ്റെ അർത്ഥവും വ്യക്തിത്വവും അതുമൂലം കിട്ടുന്ന നിറവും ജീവിക്കാൻ വേണ്ടി നീ ചെയ്യേണ്ടി വരുന്ന അതും ഇതും ആയ എന്തെങ്കിലും കാര്യങ്ങളുടെയും ജോലികളുടെയും അല്ല.

ഒന്നും ചെയ്യാനില്ലെന്ന് വന്നാൽ ബോറടിക്കുന്ന നിനക്ക് നിന്നെയും ജീവിതത്തെയും വേണ്ടെന്നാണർത്ഥം. 

എപ്പോഴും എന്തെങ്കിലും ചെയ്തേ തീരൂ, എന്തിലെങ്കിലും മുഴുകിയേ തീരൂ എന്നുണ്ടെങ്കിൽ നിനക്ക് നിന്നെ ഒഴിവാക്കേണ്ടി വരുന്നു, നിന്നെ മറച്ചുപിടിക്കാൻ മറ്റ് പലതും വേണ്ടിവരുന്നു എന്നാണർത്ഥം. 

ഇല്ലാത്ത നിന്നെ മറ്റെന്തോക്കെയോ വെച്ച് ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കേണ്ടി വരുന്നു എന്നർത്ഥം. 

അല്ലെങ്കിൽ തന്നെ ഇല്ലാത്ത നീ ജീവിതത്തിൽ നിന്നും നിന്നിൽ നിന്നും ഒളിച്ചോടുന്നു എന്നർത്ഥം. 

ശരിക്കും അങ്ങിനെ ബോറടിക്കുന്നുവെന്ന് പറയേണ്ടി പോലും വരരുത്. 

അങ്ങിനെ ബോറടിക്കുന്നുവെന്ന് പറയേണ്ടി വരുന്ന നിമിഷം നീ ജീവിക്കാൻ അനർഹനാവുന്നു. ജീവിതം നിനക്ക് വേണ്ടാത്തതാവുന്നു. നിനക്ക് നീ വേണ്ടാത്തതാവുന്നു.

ആ വഴിയിൽ നീ ജീവിതത്തിന് ഇല്ലാത്ത അർത്ഥം ഉണ്ടാക്കാനുള്ള ശ്രമം നടത്തുന്നു. 

ആ ശ്രമത്തിൻ്റെ ഭാഗമായി മറ്റെന്തിലോ മുഴുകുന്നു. 

സമയം തന്നെ ജീവിതം എന്നറിയാതെ നീ സമയത്തെ കൊല്ലാൻ ശ്രമിക്കുന്നു. 

അങനെ നീ ജീവിതത്തെ തന്നെ  കൊല്ലുന്നു. 

ഫലത്തിൽ നീ എപ്പോഴും ആത്മഹത്യ ചെയ്യുന്നു.

എങ്കിൽ നീ ഒന്ന്മറിച്ച് ചിന്തിച്ചു നോക്കുക.

നീ കൊതിക്കുന്ന, കിട്ടേണമെന്ന് ആഗ്രഹിച്ച്  പ്രാർത്ഥിക്കുന്ന സ്വർഗ്ഗത്തിൽ എത്തിയാൽ നീ എന്ത് ചെയ്യും? 

അവിടെ നിനക്ക് ഒന്നും ചെയ്യാൻ ഉണ്ടാവില്ലല്ലോ? 

അവിടെ നിനക്ക് ബോറടി വരില്ലേ? 

*******

എങ്കിൽ നീ ചോദിക്കും.  

ബോറടി എന്നതിന് എന്താണ് പരിഹാരം? 

നീ അറിയുമോ, നിനക്ക് നിന്നെയും നിൻ്റെ ജീവിതത്തെയും യഥാർഥത്തിൽ വേണ്ടാതാവുന്നതാണ് ബോറടി?

അതിനുള്ള ഏക പരിഹാരം ഒന്നുകിൽ നീ നിന്നെ വേണ്ടെന്ന് വെക്കുക. അതായത് ജീവിതം തന്നെ വേണ്ടെന്ന് വെക്കുക. വേറെ എന്തൊക്കെയോ ആണ് ജീവിതം എന്ന് ധരിക്കുന്നത് വേണ്ടെന്ന് വെക്കുക.

അതല്ലെങ്കിൽ, നീ നീയുമായി രമ്യതയിൽ ആവുക. 

നിനക്കും ജീവിതത്തിനും അർത്ഥം ഇല്ലെങ്കിൽ ആ അർത്ഥമില്ലായ്മയാണ് അർത്ഥം എന്ന് അംഗീകരിക്കുക. 

ആ അർത്ഥമില്ലായ്മയുമായി ഒത്തുപോകുക. 

ജീവിതം ഇത്രയേ ഉള്ളൂ, ഇത്രക്കെ ഉള്ളൂ എന്ന് ഉള്ളുകൊണ്ട് ശരിക്കും അംഗീകരിക്കുക. 

ബാക്കിയെല്ലാം, ജീവിതം മറ്റെന്തൊക്കെയോ ആണെന്ന് വരുത്തിത്തീർക്കാനുള്ള നിൻ്റെ വെറും കാട്ടിക്കൂട്ടലുകൾ മയ്ത്രമാണെന്ന് സമ്മതിക്കുക. 

അങനെ നീ നീയുമായും ജീവിതവുമായും പൊരുത്തത്തിൽ ആവുക. 

എന്താണോ അതായി. 

എങ്ങനെയാണോ അങ്ങനെ.

എന്നുവെച്ചാൽ, ബോറടിക്ക് പരിഹാരം അർത്ഥരാഹിത്യം അംഗീകരിച്ച് ഒത്തുപോവുക മാത്രം. 

നീ നീയുമായി പൊരുത്തത്തിലാവുക മാത്രം. 

നീ നിന്നിൽ രമിക്കുന്ന രാമനാവുക മാത്രം. 

ഭക്തി, ലഹരി, ജോലി, അധികാരം, സാമൂഹ്യസേവനം, സ്ഥാനം, മാനം എന്നിത്യാദി വെച്ച് ഒരുപക്ഷേ നിന്നെയും അർത്ഥരാഹിത്യത്തെയും നിനക്ക് താൽകാലികമായി ഒളിപ്പിച്ചുവെക്കാം, മൊഞ്ചുള്ളതാക്കാം, മറച്ചുപിടിക്കാം. 

പക്ഷേ, ആ അർത്ഥമില്ലായമ അവിടെ തന്നെയുണ്ട്. 

ഒളിച്ചുപിടുത്തം അത് പരിഹരിക്കില്ല, ഇല്ലാതാക്കില്ല. കൂടുതൽ പഴുപ്പിക്കുക മാത്രമല്ലാതെ.

അറിയണം ആരെങ്കിലും അറിയുന്നതും ആർക്കെങ്കിലും അറിയാനാവുന്നതും അല്ല  നീയും നിൻ്റെ ജീവിതവും.

ആരും നമ്മളെ അറിയാതിരിക്കുമ്പോഴും എല്ലാവരും നമ്മെ മറക്കുമ്പോഴും ആണ് നമ്മുടെ സ്വാതന്ത്ര്യവും ജീവിതവും തുടങ്ങുന്നതും ആഘോഷിക്കപ്പെടുന്നതും. 

നമ്മൾ നമ്മളെ അറിയുന്നതും അറിഞ്ഞ് തുടങ്ങുന്നതും അപ്പോഴാണ്. 

ഒപ്പം ശരിക്കുമുള്ള ചുറ്റുപാടും ലോകവും നാം ശരിക്കും കാണുന്നതും അപ്പോൾ മാത്രമാണ്.

മറ്റുള്ളവരുടെ നമ്മെ കുറിച്ച അറിവ് അയഥാർത്ഥവും നമ്മുടെ സ്വതന്ത്ര്യം വിലക്ക് വാങ്ങുന്നതും ജീവിതംകളയുന്നതുമാണ്. 

അവ നമ്മെ നമുക്ക് യഥാർഥത്തിൽ ഇല്ലാത്തത് വെച്ച് നിർവചിച്ച് ശ്വാസം മുട്ടിക്കും. 

നാം അതിന് വേണ്ടി അഭിനയിച്ച് കപടൻമാരായി ജീവിക്കേണ്ടിയും വരും.

അറിയണം, നീയും ഞാനും വലുതാകുന്നതിൻ്റെ പേരല്ല അഹംബ്രഹ്മാസ്മി, അനൽഹഖ്, തത്വമസി. 

നീയും ഞാനും ഇല്ലാതാവുന്നതിൻ്റെയും നീയും ഞാനും ഇല്ലെന്ന് പറയുന്നതിൻ്റെയും ചെറുപ്പമാണ് അഹംബ്രഹമാസ്മി, അനൽഹഖ്, തത്വമസി.

സമ്മാനങ്ങകളുടെ വലുപ്പം അത് തന്നവൻ്റെ വലുപ്പമാണ്.

ഒന്നുറപ്പിച്ച് പറയാം. 

എൻ്റെ അഹങ്കാരം ദൈവത്തിൻ്റെ അഹങ്കാരമാണ്. 

ഞാൻ വലുതാവുമ്പോൾ ദൈവമാണ് വലുതാവുന്നത്. 

എൻ്റെ അഹങ്കാരം ദൈവത്തെ വലുതാക്കലാണ്, ദൈവത്തിനുള്ള സ്തുതിയാണ്, പ്രകീർത്തനമാണ്.

******

ഒരു വാക്കിൻ്റെ അർത്ഥമാണ് ആ വാക്കിൻ്റെ അഹങ്കാരം. ഞാൻ എന്ന വാക്കിൻ്റെ അർത്ഥം എൻ്റെ അഹങ്കാരം. ഏത് വാക്കിൻ്റെയും അർത്ഥം അതു ഉച്ചരിച്ചവൻ്റെ ഉദ്ദേശം, അഹങ്കാരം. 

*****

സമ്മാനങ്ങകളുടെ വലുപ്പം അത് തന്നതിൻ്റെ, അല്ലെങ്കിൽ അത് തന്നവൻ്റെ വലുപ്പമാണ്. 


സംഭവങ്ങളുടെ വലുപ്പം അത് സംഭവിപ്പിച്ചതിൻ്റെതാണ്. അല്ലെങ്കിൽ അത് സംഭവിപ്പിച്ചവൻ്റെതാണ്.


സംഭവിപ്പിച്ച സംഗതിയെ അവനെന്നോ അതെന്നോ അവളെന്നോ വിളിക്കുന്നത് നിങ്ങളുടെ സൗകര്യം.


****"


ഒന്ന് മാത്രം വ്യക്തമാണ്.


എൻ്റെതൊന്നും എൻ്റേതല്ല. 


ഞാൻ തന്നെയും എൻ്റേതല്ല. 


എന്നെ ഞാൻ സ്വന്തമാക്കുന്നില്ല.


ഞാൻ എൻ്റെ തന്നെ സ്വന്തമോ സൃഷ്ടിയോ അല്ല. 


എന്നെ ഞാനാക്കുന്ന നൂറായിരം കോടി കാര്യങ്ങളിൽ ഒന്നും ഞാൻ നിശ്ചയിച്ചതല്ല. 


എന്നെ ഞാനാക്കുന്ന നൂറായിരം കോടി കാര്യങ്ങളിൽ ഒന്നിനെയും ഞാൻ നിയന്ത്രിക്കുന്നില്ല.


*****


എങ്കിൽ ഞാനെന്ന ഈ സംഭവത്തിൻ്റെ, സമ്മാനത്തിൻ്റെ അഹങ്കാരം ആരുടേതാണ്, ആർക്ക് വേണ്ടിയാണ്? എന്തിൻ്റെതാണ്, എന്തിന് വേണ്ടിയാണ്?


എൻ്റെ അഹങ്കാരം ഈ എന്നെ തന്നതിൻ്റെതാണ്, സംഭവിപ്പിച്ചതിൻ്റെതാണ്. അല്ലെങ്കിൽ തന്നവൻ്റെതാണ്, സംഭവിപ്പിച്ചവൻ്റെതാണ്. 


(അതായാലും അവനായാലും അവളായായാലും ഒന്ന്.)


ഞാനും എൻ്റേതും ആരുടെയോ എന്തിൻ്റെയോ സമ്മാനമാണെങ്കിൽ, ഞാനും എൻ്റേതും ആരോ എന്തോ സംഭവിപ്പിച്ചതാണെങ്കിൽ, എൻ്റെ വലുപ്പം അത് തന്നതിൻ്റെതാണ്, അത് സംഭവിപ്പിച്ചതിൻ്റെതാണ്. അത്രയേ ഉള്ളൂ.


മറ്റാരെങ്കിലും മറ്റെന്തെങ്കിലും സംഭവിപ്പിച്ച, എൻ്റെതെന്ന് തോന്നുന്ന ഞാൻ മാത്രം.


എന്നെ സമർത്ഥിക്കാനും സ്ഥാപിക്കാനുമെന്ന് തോന്നിപ്പിക്കുന്ന എൻ്റെ അഹങ്കാരം.


ആ ഞാൻ ബോധവും അഹങ്കാരവും ആരുടേതാണ്, ആർക്ക് വേണ്ടിയാണ്? 


ആ ഞാൻ ബോധവും അഹങ്കാരവും സംഭവിപ്പിച്ചതിൻ്റെതാണ്, സംഭവിപ്പിച്ചതിന് വേണ്ടിയാണ്.


ഞാനും എൻ്റേതും ആരോ എന്തോ സംഭവിപ്പിച്ച സംഭവം മാത്രം.


ഞാനും എൻ്റേതും ആരുടെയോ എന്തിൻ്റെയോ സമ്മാനം മാത്രം. 


എങ്കിൽ അതിൻ്റെ വലുപ്പം അത് തന്നവൻ്റെത്, അത് സംഭവിപ്പിച്ചവൻ്റെത്.


അഥവാ എൻ്റെ വലുപ്പം എന്നെ തന്നതിൻ്റെത്, എന്നെ സംഭവിപ്പിച്ചതിൻ്റെത്.

*****

നമ്മൾ ഇല്ലാത്തത്ര ദൈവം.

ദൈവം തുടർച്ചയാണ്. 

ദൈവം എല്ലാ ഇടപെടലുകളുമാണ്. 

ദൈവം എല്ലാ ഇടപെടലുകളിലുമാണ്. 

ഉള്ളും പുറവും ദൈവം. 

നമ്മളായും, 

നമ്മൾ കളിക്കുന്ന കളിയായും, 

നമ്മുടെ കളിപ്പാട്ടമായും, 

നമ്മളുടെ ഉദ്ദേശമായും, 

നമ്മൾ ചെയ്യുന്ന കാര്യങ്ങളായും 

എല്ലാം ദൈവം. 

നമ്മൾ ഇല്ലാത്തത്ര ദൈവം.

ദൈവം മാത്രം ആവുന്നത്ര നമ്മളില്ല 

*****

ഒന്നുറപ്പിച്ച് പറയാം. 

എൻ്റെ അഹങ്കാരം ദൈവത്തിൻ്റെ അഹങ്കാരമാണ്. 

ഞാൻ വലുതാവുമ്പോൾ ദൈവമാണ് വലുതാവുന്നത്. 

എൻ്റെ അഹങ്കാരം ദൈവത്തെ വലുതാക്കലാണ്, 

എൻ്റെ അഹങ്കാരം ദൈവത്തിനുള്ള സ്തുതിയാണ്, പ്രകീർത്തനമാണ്.

***

നമ്മളും നമ്മൾ ചെയ്യുന്നതും മാത്രം.

ദൈവമില്ല.

ദൈവവും ദൈവം ചെയ്യുന്നതും മാത്രം.

നമ്മളില്ല. 

****

ഭൂരിപക്ഷം ആ ഒരു തുണിയും വെച്ച് നടക്കുന്നത് കൊണ്ട് അവരുടെ ആ തുണി വെച്ച് തന്നെ തുന്നിക്കൊടുക്കുന്നു എന്ന് മാത്രം. 

അവർക്ക് മനസ്സിലാവുന്ന അതേ വാക്ക് ഉപയോഗിക്കുന്നു എന്ന് മാത്രം. 

അതല്ലെങ്കിൽ ഇല്ലെന്നും ഉണ്ടെന്നും പറയുന്നതിന് ഒരേ അർത്ഥം. 

ഉള്ളതെന്തോ അതുണ്ട്. 

ഇല്ലാത്തതെന്തോ അതില്ല .

*****

നിർവ്വചനം ഇല്ലാത്തത് ദൈവം. 

എന്തും ആകാവുന്നത്. 

ഒന്നും ആവാത്തത്.

*****

രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയെന്ന് വാദം. 

ശരിയാണ്, ശരിയാവാം. 

പക്ഷേ, വ്യക്തികൾക്ക് ആർക്കും സ്വതന്ത്ര്യം കിട്ടിയതായി കാണുന്നില്ല. 

സ്വാതന്ത്ര്യം ഓരോ വ്യക്തിക്കും കിട്ടേണ്ടതാണ്. 

സ്വാതന്ത്ര്യം രാജ്യത്തിന് കിട്ടുന്നതല്ല.




Tuesday, November 29, 2022

കളി കൊതിപ്പിക്കും, ഭ്രമിപ്പിക്കും, ലഹരി പോലെ തന്നെയാവും.

കളി കൊതിപ്പിക്കും.

കളി ഭ്രമിപ്പിക്കും.

കളി ലഹരി പോലെ തന്നെയാവും.


കളി ഇതാ ഇങ്ങെത്തി, കിട്ടിപ്പോയി എന്ന് വരെ തോന്നിപ്പിക്കും. 


പ്രത്യേകിച്ചും ക്രിക്കറ്റ് കളിക്കാൻ പോയാൽ...

കുട്ടി പ്രായത്തിൽ ക്രിക്കറ്റ് കളിക്കാൻ പോയാൽ...

കുട്ടികളെ കളിപ്പിക്കുന്ന മാതാപിതാക്കൾക്ക് വരെ....


പക്ഷേ മഹാഭൂരിപക്ഷത്തിനും എല്ലാം വെറും വെറുതെ...

കുരെ മരീചികകളുടെ പിന്നാലെയുള്ള ഓട്ടം.

*****

ശ്രദ്ധിക്കുക. 

കളിയാണ്. 

കളിയുടെ മുന്നിലും പിന്നിലും മറ്റാരുടെയൊക്കെയോ മറ്റെന്തോക്കെയോ കളിയാണ്.

ജീവിതത്തിൻ്റെതായ രസം നുകർന്ന് കുട്ടികളുടെ നന്നായി പഠിക്കേണ്ട സമയം സീരിയസ് ആയി കളിക്കുന്ന രീതിയിൽ കളിപ്പിച്ചാൽ ക്രിക്കറ്റ് പോലുള്ള കളി കൊണ്ടുപോകും... 

കൗമാരമാകുമ്പോഴേക്കും കുട്ടി പൂർണമായും ശ്രദ്ധ നഷ്ടപ്പെട്ടവനാവും. 

കളിക്കാരനാവും എന്ന സ്വപ്നത്തിൽ വളർന്നുവരുമ്പോഴേക്കും കാര്യം കൈവിട്ടുപോകും. 

ശ്രദ്ധിക്കുക. 

കളി ഒരുറപ്പുമില്ലാത്തതാണ്.

കളി ഒരുറപ്പും തരാത്ത മേഖലയാണ്. 

കളിക്കാരനാവുക വളരേ വിദൂരമായ സാധ്യത മാത്രമാണ്.

ഇക്കരെ വിട്ട് പോയാൽ ഏറെക്കുറെ അക്കരെയെത്താൻ കഴിയാത്ത മേഖലയാണ് കളി.

കളിയുടെ പേരും പറഞ്ഞ് കുട്ടി ഇല്ലത്ത് നിന്ന് വിടും. പക്ഷേ അമ്മാത്ത് എത്തുകയുമില്ല.

ലഹരിക്ക് അടിപ്പെടുന്നത് പോലെ തൽക്കാലം കുട്ടികൾ കളിയിലാവും.

ബുദ്ധിപരമായ വെല്ലുവിളികൾ ആണ് കുട്ടികൾക്ക് ഏറ്റവും പ്രയാസമേറിയ വെല്ലുവിളികൾ. ശാരീരികമായ ത് പ്രശ്നമില്ല. റബ്ദര മണിക്കൂർ വെയിലത്ത് കളിക്കുന്ന കുട്ടിക്ക് പത്തു മിനിറ്റ് പുസ്തകവുമായി മല്ലിടാൻ സാധിക്കില്ല. ഉറക്കവും ക്ഷീണവും വരും.

അതിനാൽ തന്നെ, കുട്ടി പ്രായത്തിൽ ബുദ്ധിപരമായ വെല്ലുവിളികൾ ഒഴിവാക്കാൻ കൂടി കുട്ടികൾ കളിയുടെ പിന്നാലെ പോകും, പോകാൻ താൽപര്യം കാണിക്കും, അതിനുളള സ്വപ്നങ്ങൾ നെയ്യും. സംഗതികളുടെ അപകടം മനസ്സിലാക്കാത്ത മാതാപിതാക്കൾ കുട്ടികളല്ലേ എന്ന വൈകാരിക തലം വെച്ച് കൂടെ നിൽക്കുകയും ചെയ്യും. 

കളിയിൽ കാര്യമില്ലെന്ന് അറിയുമ്പോഴേക്കും കാരൃം കയ്യിൽ നിന്ന് വിട്ടിരിക്കും.

പഠിപ്പാണെങ്കിൽ സമയം കഴിഞ്ഞാൽ തിരിച്ചെടുക്കാൻ സാധിക്കുകയുമില്ല.

ശരിയാണ്. കളി കുട്ടിപ്രായത്തിൽ അലങ്കാരമാണ്, കിരീടമാണ്. പറഞ്ഞുനടക്കാൻ സുഖമുള്ള കാര്യമാണ്. 

വലുതാകുമ്പോൾ, അതൊരു തൊഴിലായി മാറിയിട്ടില്ലെങ്കിൽ ഇതേ കളി കുരിശായും ഭാരമായും മാറുമെന്ന് മാത്രം.

*****

ഇത് വെറുതേ പറയുന്നതല്ല. 

അനുഭവം ഗുരുവായി പറയുന്നതാണ്.

ക്രിക്കറ്റിൽ ഇങ്ങനെയുള്ള അനുഭവം കേട്ടും അറിഞ്ഞും ഉണ്ടായിരുന്നു.... 

ശരിക്കും കേരള ക്രിക്കറ്റ് under 14 ഉം under 16 ഉം കളിച്ച, കേരളത്തിൽ തന്നെ ഏറ്റവും റൺസും സെഞ്ചുറിയും അടിച്ച, ജില്ലക്ക് വേണ്ടി ചരിത്രത്തിൽ ആദ്യമായി രണ്ട് സെഞ്ചുറിയും ഹാഫ് സെഞ്ചുറികളും തുടർച്ചയായി അടിച്ച കുട്ടിയെ സ്കൂൾ സബ് ജില്ലയിൽ നിന്ന് വരെ ഒഴിവാക്കിയ പിന്നിലെ കളിയുടെ അനുഭവം... 

Bone test എന്ന ഉമ്മാക്കി കാണിച്ച് സ്റ്റേറ്റ് കാമ്പിൽ നിന്ന്, സംസ്ഥാനത്തെ ഏറ്റവും നല്ല കളിക്കാരനായിട്ടും, കോച്ചുമാരുടെയും സെലക്ടർമാരുടെയും അസോസിയേഷനുകളുടെയും പിന്നിൽ നിന്നുള്ള കുത്ത് വെച്ച് ഒഴിവാക്കിയ അനുഭവവും. ചെന്നെയിൽ പോയി കേരളത്തിന് വേണ്ടി under 14 കളിക്കാൻ പോയപ്പോൾ അവനെ എങ്ങിനെയെങ്കിലും കളിപ്പിക്കരുതെന്ന് (അവനെ പിന്തുണയ്ക്കേണ്ട) സ്വന്തം ജില്ലാ അസോസിയേഷനിൽ നിന്നും വിളിച്ചുപറയുന്ന അനുഭവം. 

എന്തിന്? 

അസോസിയേഷൻ മൂന്ന് നാല് കോച്ച്മാരെ വെച്ച് ഭക്ഷണവും പാർപ്പിടവും വസ്ത്രവും കൊടുത്ത് പരിശീലനം ചെയ്യുന്ന അക്കാദമിയിലെ കുട്ടികൾക്ക് വേണ്ടി, അവനെ തഴയാൻ.

കാരണം മറ്റു ചിലത് കൂടിയാണ്.

പൈസ എറിഞ്ഞ്, പെണ്ണും കള്ളും കൊടുത്ത്, പിന്നിൽ നിന്ന് കളിച്ചില്ല. 

മത്സരം നടക്കുന്ന നടക്കുന്ന സ്ഥലത്ത്, selection നടക്കുന്ന സമയത്ത് പോയി കോച്ചുമാരെയും സെലക്ടർാർമാരെയും സ്വാധീനിച്ചില്ല.

*****

ഇതിനെല്ലാം പുറമേ, കുറേ സ്കൂളുകളും ടീച്ചർമാരും വീതിച്ചെടുക്കുന്ന പരിപാടിയാണ് ഒരു നിലവാരവും ഇല്ലാത്ത സ്കൂൾ ക്രിക്കറ്റും മറ്റ് സ്കൂൾ പരിപാടികളും എന്നും മനസ്സിലായി.

അതോടെയും, അല്ലാതെ കണ്ട ഒരുപാട് പിന്നിൽ നിന്ന് കുത്തലും പാരയും കണ്ടപ്പോൾ, കളി തന്നെ വേണ്ടെന്ന് വെച്ചു. 

കുട്ടിക്കും അത് കൃത്യമായി മനസ്സിലായി. 

വീട്ടിൽ തന്നെ പിച്ചും നെറ്റ്സും ഉള്ള ജില്ലയിലെ (ഒരുപക്ഷേ സംസ്ഥാനത്തെ തന്നെ) ഒരേയൊരു കുട്ടി. 

കുട്ടി പത്താം ക്ലാസ്സ് അവസാനം വരേ കളിച്ചു. ഏകദേശം December വരെ. പാട അതിൻ്റെ മൂർധന്യത്തിൽലാണെന്ന് മനസ്സിലാക്കിയതോടെ പത്താം ക്ലാസ്സ് അവസാനത്തോടെ കളി ഒഴിവാക്കി.

നന്നായി ശ്രമിച്ച് പഠിക്കാൻ തുടങ്ങി.. 

സാധാരണ നിലയിൽ പഠിക്കുന്ന കുട്ടി കളിക്കില്ല, കളിക്കാൻ ഉഷാറും ഉത്സാഹവും കാണിക്കില്ല. കളിക്കുന്ന കുട്ടി പഠിക്കില്ല, പഠിക്കാൻ ഉഷാറും ഉത്സാഹവും കാണിക്കില്ല.

ഈ കുട്ടി അതിന് വിപരീതമായി, അപവാദമായി 

പത്താം ക്ലാസ്സ്, കളിയിൽ നിന്നും തിരിച്ചു വന്നത് വൈകിയാണെങ്കിലും, പ്ലസ് ടൂവിന് ശേഷം ഇന്ത്യയിൽ തന്നെ എറ്റവും നല്ല എൻജിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ എൻജിനീയറിംഗ് ചെയ്യാൻ അഡ്മിഷൻ നേടി. രണ്ട് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ഡിഗ്രി ഒന്ന് ഐഐടി മദ്രാസിൽ) അങ്ങനെ ഒരുമിച്ച് ചെയ്യുന്നു.

ഇപ്പോൾ പഠനം രണ്ട് വർഷം കഴിയുമ്പോഴേക്കും ലോകത്തെ ഏറ്റവും വലിയ കമ്പനിയിൽ ഏറ്റവും വലിയ ഏഴക്കത്തിനടുത്ത ശമ്പളത്തിന് വരെ ഏറെക്കുറെ ഓഫർ കിട്ടുന്നു... 

പഠനം പൂർത്തിയാവുന്നതിന് മുൻപ് തന്നെ രക്ഷപ്പെടുന്ന അവസ്ഥ...

*****

എല്ലാ കുട്ടികളും സ്വയം പഠിപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ പ്രായത്തിൽ നല്ലത്. 

ബാക്കിയെല്ലാം നമ്മെ പറ്റിക്കുക മാത്രമാണ്. 

കോച്ചുമാരും അധ്യാപകരും  സെലക്ടർാർമാരും കുട്ടികളുടെ ജീവിതം വെച്ച് കുട്ടികളോട് ക്രൂരത ചെയ്യുന്ന ഏറ്റവും വലിയ വഞ്ചകരാണ്. വെറും അറവുകാരെ പോലെ. അവർക്ക് മൃഗങ്ങൾ അറുക്കാൻ മാത്രമാണ്. മറ്റൊരു വികാരവും അവരിൽ നടമാടില്ല 

ഇത് നിങൾ ഒരോരുവരും ക്രമേണ അനുഭവം കൊണ്ടറിയും. 

ഈയുള്ളവൻ അത് മുൻകൂട്ടി പറയുന്നു എന്ന് മാത്രം. 

കൊണ്ട് പഠിക്കുന്നതിനേക്കാൾ നല്ലത് കണ്ടും കേട്ടും പഠിക്കുന്നതാണ്. പ്രത്യേകിച്ചും സ്വന്തം കുട്ടികളുടെ കാര്യത്തിൽ.

ഈയുള്ളവൻ കൊണ്ടു തന്നെ പഠിച്ചവനാണ് എന്നതിനാൽ.

******

എന്ത് പറഞ്ഞാലും ശരി.

കേരളത്തിൽ നിന്ന് ക്രിക്കറ്റ് കളിച്ച് സാധിക്കുന്നതിനേക്കാൾ സാധ്യത ലോട്ടറിക്കുണ്ട്. ലോട്ടറി എടുക്കുന്നതിലുണ്ട്. 

ദിവസവും ലോട്ടറി ഏതെങ്കിലും ഒരാൾക്കെങ്കിലും കിട്ടും. 

കളി കൊണ്ട് ലോട്ടറി കൊണ്ട് കിട്ടുന്നത്ര പോലും സാധ്യതയും നേട്ടവും കിട്ടില്ല. 

കുട്ടികളുടെ കളിക്ക് ചിലവാക്കുന്നതോ? പ്രത്യേകിച്ചും ക്രിക്കറ്റ് പോലുളള കളിയിൽ.

ലോട്ടറിക്ക് ചിലവാക്കുന്നതിൻ്റെ എത്രയോ എത്രയോ പതിന്മടങ്ങ് ഇരട്ടികകളാണ്. 

*****

ക്രിക്കറ്റ് കളിച്ചു കൊണ്ട് ഇന്ത്യയിലേക്ക് അവസരം കിട്ടിയ കേരളക്കാരുടെ മൊത്തം എണ്ണം വെറുമൊരു കൈവിരലിൽ എണ്ണാവുന്നത്. അതും എഴുപത് കൊല്ലത്തിനിടയിൽ.

പഠിച്ച് രക്ഷപ്പെട്ടവരോ? നൂറായിരങ്ങൾ.


പഠിച്ചാൽ നൂറായിരം പേർക്ക് നൂറായിരം സാധ്യതകളുണ്ട്.


ഒരു സച്ചിനെ കണ്ട് നാം എല്ലാവരും ചാടിയിട്ട് കാര്യമില്ല.


****

നേതാവാവണമെങ്കിൽ നിലവിലുള്ളതിനെ മുറുകിപ്പിടിക്കണം.

നേതാവാവണമെങ്കിൽ നിലവിലുള്ളതിനെ മുറുകിപ്പിടിക്കണം. 

നിലവിലുള്ളതിനെ ചലിപ്പിക്കുന്ന ആളാവണം.

നിലവിലുള്ളതിനെ നിലനിർത്താനും ചലിപ്പിക്കാനും അതിൻ്റെ നേതാവാവാനും വേണ്ടി വേണ്ടതും വേണ്ടാത്തതും ചെയ്യുന്ന ആളാവണം. വേണ്ടതും വേണ്ടാത്തതും കണ്ടില്ലെന്നു, നടിക്കുന്ന ആളാവണം. 

ഒന്നുകിൽ നിലവിലുള്ള രാഷ്ട്രീയത്തിൻ്റെ, അല്ലെങ്കിൽ മതത്തിൻ്റെ കൂടെനിൽക്കണം. 


ചിന്തിക്കുന്നവർ ഒറ്റക്കെയാവൂ. 


അവർക്ക് നേതാക്കളാവാൻ സാധിക്കില്ല. 


കാരണം, അവർ നിലവിലുള്ളതിനെയും നേതാക്കളെയും ചോദ്യം ചെയ്യുന്നവരാണ്. 


നിന്നിടം പോരെന്ന് തോന്നുന്നവരാണവർ. 


നിന്നിടത്തെ ചോദ്യം ചെയ്ത്, 

നിന്നിടം വിട്ട്,

സൂചിയെ പോലെ കടന്നുപോകുന്നവർ. 


പിന്നിൽ വരുന്ന നൂലുകൾക്ക് നിൽക്കാൻ വഴിയുണ്ടാക്കുന്നവർ.


ജീവിക്കുമ്പോൾ ആരെയും കൂടെ കിട്ടാത്തവർ.


ജീവിച്ചു കടന്നുപോയാൽ പിന്നിൽ വരുന്ന വലിയ നേതാക്കൾക്കും പുരോഹിതൻമാർക്കും ജീവിതവഴി ആവുന്നവർ. 

Monday, November 28, 2022

രാജധർമ്മം എന്നതില്ലേ?

നമുക്ക് അനുകൂലമാണേൽ എന്തും ഏതും ചെയ്യുന്നത് ആവശ്യം, സാമൂഹ്യം (social).  

നമുക്ക് എതിരാണേൽ എന്തും ഏതും അനാവശ്യം,സാമൂഹ്യ വിരുദ്ധം (anti social).

എന്ന് വരുന്നു കാര്യങ്ങളും നീക്കങ്ങളും ഇവിടെ. 

ഇങ്ങനെയാണെങ്കിൽ നമ്മൾ ഒന്ന് മനസിലാക്കണം.

എല്ലാവർക്കും തങ്ങളുടെ ആവശ്യത്തിനനുസരിച്ച് നിർവചനങ്ങൾ ഉണ്ടാവും, ഉണ്ടാവാം. 

അങ്ങനെ ശരി തെറ്റും, തെറ്റ് ശരിയും ആകും. ആർക്കും, എന്തും, എപ്പോഴും.

എല്ലാവർക്കും അവർ ചെയ്യുന്നത് നന്മ, ധർമ്മം എന്ന നിർവചനം. എളുപ്പം ഉണ്ടാക്കാവുന്ന നിർവചനം.

അങ്ങനെയാണ് എല്ലാവരും കാര്യങ്ങളെ അവരവരുടെ വൃത്തത്തിലും ചുറ്റുപാടിലും സൗകര്യപൂർവം അവതരിപ്പിക്കുന്നത്. അവർ ചെയ്യുന്നതിനും ലക്ഷ്യം വെക്കുന്നതിനും നന്മ, ധർമ്മം എന്നീ പേരും വിശേഷണവും നൽകിക്കൊണ്ട്.

എല്ലാ തീവ്രവാദികൾക്കും ഭരണാധികാരികൾക്കും ഏകാധിപതികൾക്കും പാർട്ടികൾക്കും മതങ്ങൾക്കും ഇത് തന്നെ ന്യായം. ധർമ്മസംസ്ഥാപനം. അവർ ഉദ്ദേശിക്കുന്ന, അവരുടെ നിർവചന പ്രകാരമുള്ള ധർമ്മസംസ്ഥാപനം.

എല്ലാവർക്കും അവരുടെ ലക്ഷ്യം നേടുക അവരുടെ ധർമ്മം. അവരുടെ കർമ്മത്തെ ധർമ്മമാക്കുന്ന ധർമ്മം, നിർവചനം അവരുടേത്.

അങ്ങനെ ധർമ്മസംസ്ഥാപന വഴിയിൽ തന്നെ അവരവടുടെ നിർവചന പ്രകാരം എല്ലാവരും. 

ആ നിർവചനം നടപ്പാക്കുന്ന വഴിയിൽ എല്ലാവർക്കും അവരുടെ ലക്ഷ്യം അവരുടെ ഏത് വഴിയെയും ന്യായീകരിക്കുന്നതാക്കുന്നു. എന്ത് തെറ്റും ക്രൂരതയും ചെയ്യാം എന്നാക്കുന്നു.

****

ഒന്നോർക്കുക. 

വലിയ തെറ്റിനെ നേരിടാൻ ചെറിയ തെറ്റ് എന്നത് തന്നെയാണ് എല്ലാവരുടെയും ന്യായം. 

എല്ലാ തീവ്രവാദികളും ഭീകരവാദികളും മത, രാഷ്ട്രീയ പാർട്ടികളും ഏകാധിപതികളും അണികളെ സൗകര്യപൂർവം പറഞ്ഞ് പഠിപ്പിക്കുന്നത് അത് തന്നെയാണ്. 

അത് പറഞ്ഞ് മനസിലാക്കി തന്നെയാണ് എല്ലാവരും തങ്ങളുടെ അണികളെ മസ്തിഷ്കപ്രക്ഷാളനം ചെയ്യുന്നത്.

അത് തന്നെയാണ് മത, രാഷ്ട്രീയ നേതൃത്വം അവർ ചെയ്യുന്ന, ചെയ്യിക്കുന്ന എല്ലാ കളവിനും ക്രൂരതക്കും ന്യായമായും മറയായും പിടിക്കുന്നത്. 

ധർമ്മം എന്ന വാക്ക് ഓരോരുത്തരും അവരുടെ നിക്ഷിപ്ത താല്പര്യ സംരക്ഷണത്തിന് വേണ്ടി തന്ത്രപൂർവം ഉപയോഗിക്കുന്നു.

എല്ലാവർക്കും തെറ്റിനെ ശരിയായി കാണിക്കാനും ന്വായീകരിക്കാനും അവരവരുടെതായ ഇത്തരം നിർവചനം, ന്യായം, മറ മാത്രം മതി. 

ഗീതയും ഖുർആനും ബൈബിളും എല്ലാം തങ്ങളുടെ താൽപര്യത്തിന് വേണ്ടി സൗകര്യപൂവ്വം ഇങ്ങനെ ഉദ്ധരിക്കപ്പെടുന്നു, വ്യാഖ്യാനിക്കപ്പെടുന്നു

രാജ്യസ്നേഹവും രാജ്യദ്രോഹവും വരെ ഈ നിലക്ക്, നമ്മുടെ നാട്ടിൽ പ്രത്യേകിച്ചും, ഇവ്വിധം വ്യാഖ്യാനിക്കപ്പെടുന്നു, ദുരുപയോഗം ചെയ്യപ്പെടുന്നു. 

എല്ലാവരും വേഗം വീണു പോകുമെന്ന് അധികാരികൾ അറിയുന്ന ആ കെണിയിൽ എല്ലാരും വീണുപോകുകയും ചെയ്യുന്നു.

കാരണം കഴുത്തിൽ കത്തിവച്ച് പേടിപ്പിച്ച് വീഴ്ത്തുന്നതാണ് എല്ലാ ബാർബർമാരുടെയും സ്ഥിരം പയറ്റുന്ന ആ കെണി, വിദ്യ.

*****

എങ്കിൽ ഒരു ചോദ്യം:

രാജധർമ്മം എന്നതില്ലെ?

പ്രത്യേകിച്ചും ഭരണാധികാരികളും അവരുടെ പാർട്ടികളും അവർ ചെയ്യുന്നതിന് ന്യായങ്ങൾ അവതരിപ്പിക്കുമ്പോൾ ഇങ്ങനെ ചോദിക്കും. 

കാര്യങ്ങൾ തങൾക്കനുകൂലമാക്കാൻ ഇങ്ങനെ കാര്യങ്ങളെ അവതരിപ്പിക്കും.

എങ്കിൽ തിരിച്ചും ചിലത് ചോദിക്കാം.

രാജധർമ്മം ശരി. 

എല്ലാ പാർട്ടികളും എന്തും ചെയുന്നത് രാജധർമ്മമോ?

അധികാരത്തിന് വേണ്ടി എന്തക്രമവും കളവും ചെയ്യുന്നത് രാജധർമ്മമോ?

പ്രതിപക്ഷത്ത് നിന്ന് വേണ്ടതും വേണ്ടാത്തതും ചെയ്തത് രാജധർമ്മമോ?

വർഗീയ കലാപങ്ങൾ അഴിച്ചു വിട്ടതും വിടുന്നതും  ജനങ്ങൾക്കിടയിൽ വേർതിരിവുകളും അകൽച്ചയും ഉണ്ടാക്കിയതും ഉണ്ടാക്കുന്നതും രാജധർമ്മമോ?

Mob lunchingങ്ങും ഹലാൽ സമരവും രാജധർമ്മമോ?

അധികാരം കിട്ടാൻ പ്രതിപക്ഷത്ത് നിന്ന് ഒരുകൂട്ടർ വേണ്ടതും വേണ്ടാത്തതും ചെയ്തത് രാജധർമ്മമാണെങ്കിൽ ഇപ്പൊൾ പ്രതിപക്ഷത്ത് മറുകൂട്ടർ ചെയ്യുന്ന എന്തും ഏതും രാജധർമ്മം തന്നെയല്ലേ? 

അത് മാത്രം എങ്ങിനെ anti Social ആവുന്നു?

Sunday, November 27, 2022

ഒരു ബിന്ദുവിലേക്ക് പല ബിന്ദുക്കളിൽ നിന്ന് പല വഴികളുണ്ട്.

ഒരു ബിന്ദുവിൽ നിന്ന് മറ്റൊരു ബിന്ദുവിലേക്കുള്ള ഒരേയൊരു നേർരേഖ അന്വേഷിക്കുകയല്ല സത്യാന്വേഷണം, ദൈവത്തിലേക്കുള്ള വഴി. 

അങ്ങനെയുള്ള ഒരേയൊരു ബിന്ദുവല്ല സത്യവും ദൈവവും. 

*****

ഇനി അങ്ങനെയുള്ള ഒരേയൊരു ബിന്ദു തന്നെയാണ് നാം അന്വേഷിക്കുന്ന സത്യവും ദൈവവും എന്ന് തന്നെ വെക്കുക. 

എങ്കിലറിയുക. അന്വേഷിക്കുന്നവർ എല്ലാവരും ഒരേയൊരു ബിന്ദുവല്ല, ഒരേയൊരു ബിന്ദുവിലല്ല. 

അതുകൊണ്ട് തന്നെ ഒരു ബിന്ദുവിലേക്ക് പല ബിന്ദുക്കളിൽ നിന്ന് പല വഴികളുണ്ട്. 

പല ബിന്ദുക്കളിലേക്ക് പല ബിന്ദുക്കളിൽ നിന്ന് പല വഴികളുണ്ട്. 

*****

അതിനാൽ തന്നെ ഒരു ബിന്ദുവിൽ നിന്ന് മറ്റൊരു ബിന്ദുവിലേക്കുള്ള ഒരേയൊരു നേർരേഖയായ ഒരേയൊരു സത്യമതവും, ഒരേയൊരു സത്യാന്വേഷണ വഴിയും, ഒരേയൊരു അവസാന വഴിയും ഇല്ല. 

ഒരു നൂറായിരം സാധ്യതകളും വഴികളും മാത്രമേയുള്ളൂ

എല്ലാ ഓരോ രേഖയും ഓരുപോലെ നേരെയുള്ളതും നേരേയല്ലാത്തതും തന്നെ.

*****

ചോദ്യം:  അപ്പോഴും ആ ശരിക്ക് അത് ഒരേയൊരു ശരി മാത്രമല്ലേ? 

ആ ശരി ഒന്നു മാത്രമല്ലേ?

ഉത്തരം:

അതേ.

പക്ഷേ, അത് ആത്യന്തികതക്ക് മാത്രമായ ഒരേയൊരു ശരി.

ആത്യന്തികതയിൽ ശരിയെന്നും തെറ്റെന്നും തന്നെയില്ല.

ആത്യന്തികതയിൽ ഒന്നുമില്ല, ഒരാവശ്യവുമില്ല.. 

ആത്യന്തികതയിൽ എല്ലാം എല്ലാമാണ്.

ആത്യന്തികതയിൽ ഒന്നും ഒന്നുമല്ല.

ആപേക്ഷികതയിലുള്ളവർക്ക് മാത്രമാണ് അത് നൂറായിരം ശരികൾ. 

ഓരോരുത്തനും അകപ്പെട്ട മാനവും വിതാനവും പോലെ ഓരോരുവൻ്റെയും ശരിയും തെറ്റും.

പഞ്ചസാരക്ക് മധുരം എന്ന ശരി പോലും നമ്മുടെ നാക്കും അതിലെ മുകുളങ്ങളും ഉണ്ടാക്കുന്നത്, നിശ്ചയിക്കുന്നത്. 

പൂച്ചയ്ക്ക് അതങ്ങിനെയായിരിക്കുമെന്ന് ഇപ്പോഴും ഒരുറപ്പുമില്ല. 

അതിനാൽ തന്നെ പഞ്ചസാരക്ക് മധുരം എല്ലാവർക്കും ഒരൂപോലെയെന്ന ഒരേയൊരു വാദവും, അവസാനവാദവും സത്യവുമില്ല.

Saturday, November 26, 2022

ഒരു പുള്ളിയായി ഈ പ്രപഞ്ചം തുടങ്ങി.

ഒരു പുള്ളിയായി (dot) തന്നെയാണ് 

ഈ പ്രപഞ്ചം തുടങ്ങിയത്.


അഥവാ 

ഒരു പുള്ളിയും തുള്ളിയും

തന്നെയാണ്

ഈ പ്രപഞ്ചമായത്.


പിന്നീട് 

ആ പ്രപഞ്ചത്തിലെ 

അനേക പുള്ളികളിൽ 

ചില പുള്ളികളായി (dots)

നമ്മൾ.


പോരാത്തതിന് 

അവയിലൊരു  പുള്ളിക്ക് (dot ന്) ചുറ്റും,

അല്ലേൽ അവയിലൊരു  പുള്ളിയിൽ (dotൽ),

ഒത്തുകൂടി നിന്ന 

കുറച്ച് പുള്ളികളുമായി

നമ്മൾ.


പക്ഷേ, ഇവിടെ 

പുള്ളികൾക്കിടയിൽ

വല്ലാത്തൊരു നിശബ്ദതുടെ gap

Feel ചെയ്യുന്നു.


ഇവിടെ പുള്ളികൾ 

അടുത്തടുത്ത് നിന്ന്

ഒരു വരയാവുന്നില്ല.


ഒരു നേർവര.


എന്തേ എല്ലാവരും 

മടിച്ചു നിൽക്കുന്നു?


എന്തേ എല്ലാവരും 

ഇവിടെയൊന്ന് കൂടി വരാത്തത്?


എന്തേ എല്ലാവരും ഇവിടെ

ഒന്ന് കൂടിയിരിക്കാത്തത്?

വാക്ക് ശ്രമമാണ്, കൃത്രിമമാണ്. ശ്രമം വ്യത്യസ്തങ്ങളാണ്.

വാക്ക് ശ്രമമാണ്, കൃത്രിമമാണ്. 

ശ്രമം വ്യത്യസ്തങ്ങളാണ്. 

അത്കൊണ്ട് തന്നെ, വ്യത്യസ്തമായ ഭാഷകളിൽ വ്യത്യസ്തമായ വാക്കുകൾ ഉണ്ട്. 

പറയാനുള്ളത് മണ്ണ് പോലുളള സത്യമാണെന്ന് വെക്കുക. 

എങ്കിൽ അത് പറഞ്ഞവതരിപ്പിക്കാനുള്ള വ്യത്യസ്തമായ ശ്രമങ്ങളും വാക്കുകളും ഭാഷയുമാണ് വ്യത്യസ്തങ്ങളായ വൃക്ഷങ്ങളും ഇലകളും പൂക്കളും പഴങ്ങളും ധാന്യങ്ങളും.

പ്രവൃത്തി ഇല്ലാത്ത വാക്ക്, പ്രവൃത്തിയല്ലാത്ത വാക്ക്, ജീവിതം തന്നെയല്ലാത്ത വാക്ക്, വെറും കൃത്രിമം, ശ്രമം. പലപ്പോഴും പൂവും പഴവും ഇലയും ധാന്യവും പോലും പുറത്ത് കൊണ്ടുവരാത്തത്.

ശ്രമങ്ങൾ ഒക്കെയും സ്വാഭാവികമായ ചിലത് സ്വാഭാവികമായി നടക്കാത്തത് കൊണ്ട്. 

ശ്രമങ്ങൾ ഒക്കെയും അസ്വാഭാവികമായി ഉണ്ടാവുന്നത്. നിസ്സഹായത കൊണ്ടുണ്ടാവുന്നത്. ജീവിതം തന്നെയല്ലാതെ ഉണ്ടാവുന്നത്. ജീവിതത്തിന് പകരമായി ഉണ്ടാവുന്നത്. 

പല ശ്രമങ്ങളിലലും നിഷേധിക്കപ്പെട്ട ജീവിതമുണ്ട്, നഷ്ടമായ സ്വാഭാവികതയുണ്ട്. അതിനാൽ വാക്കുകളിലും.

അതുകൊണ്ട് തന്നെ വാക്ക് യഥാർത്ഥമല്ല. വാക്ക് യഥാർത്ഥമായതിനെ ഗർഭം ധരിക്കുന്നില്ല. വാക്ക് യഥാർത്ഥമായത് ഗർഭം ധരിക്കാൻ പര്യാപ്തമല്ല. 

യഥാർത്ഥമായ ഒരു വികാരത്തെയും അനുഭവത്തെയും അറിവിനേയും (അത് എരിവായാലും പുളിയായാലും വേദനയായാലും ദുഃഖമായാലും സന്തോഷമായാലും ശരിയായ അറിവായാലും) പ്രകടിപ്പിക്കാൻ വാക്കുകൾ മതിയാവാത്തത് അതുകൊണ്ട് മാത്രമാണ്.

കഷ്ടപ്പെട്ട് ചെയ്യുന്നത് ശ്രമം, ജോലി. വാക്കുകൾ പലപ്പൊഴും അങ്ങനെയൊരു ശ്രമം. ചില മൗനങ്ങളും.

ഇഷ്ടപ്പെട്ടു ചെയ്യുന്നത് ജോളി, കളി. പല മൗനങ്ങളും ചില വാക്കുകളും അങ്ങനെ.

വാക്കിനെ എങ്ങിനെ വേണമെങ്കിലും സയമെടുത്ത് കോർത്ത് പറയാം. പ്രത്യേകിച്ചും എഴുതുമ്പോൾ, പ്രസംഗിക്കുമ്പോൾ. വളരേ കൃത്രിമമായി.

ഏതെങ്കിലും വിഷയം വെച്ച് എഴുതുമ്പോൾ, പിന്നെ ഏകപക്ഷീയമായി, ഒരു തരം പ്ലാൻ്റേഷൻ പോലെ, ഒരേയൊരു വിഷയം വെച്ച് പ്രസംഗിക്കുമ്പോൾ അത് തീർത്തും കൃത്രിമം. 

കാരണം പ്രകൃതിപരതയിൽ (അഥവാ സ്വാഭാവികതയിൽ) ഒന്നേ ഒന്ന്, ഒരേ വിഷയം വെച്ച്, ഒരിടത്തൊരുമിച്ച്, ഏകപക്ഷീയമായി എന്നതില്ല. 

എല്ലാം ഇടകലർന്ന്  മാത്രം സ്വാഭാവികത, പ്രകൃതിപരത. 

മനസിനെയും ചിന്തയെയും വരെ നിരീക്ഷിച്ചു നോക്കുക. 

ചിന്തകളും മനസും പോലെ സ്വാഭാവികത, പ്രകൃതി. എന്തും എപ്പോഴും എവിടെയും. മാനങ്ങൾ അനുവദിക്കുന്നത് വെച്ച്.

എന്തും എപ്പോഴും എവിടെ വെച്ചും വിചാരിച്ചും ചിന്തിച്ചും പോകും. 

കക്കൂസിൽ വെച്ച് അമേരിക്കൻ തെരഞ്ഞെടുപ്പിനെ കുറിച്ച് ചിന്തിക്കാം. 

കുളിക്കുമ്പോൾ ന്യൂക്ലിയർ ഫിസിക്സിനെ കുറിച്ചും ചിന്തിച്ചുപോകും. 

പച്ചമാങ്ങ കടിച്ചുതിന്നുമ്പോൾ തന്നെ വിമാനത്തെ കുറിച്ചും കടലിൽ നീന്തുന്നതിനെ കുറിച്ചും ആലോചിക്കും. 

കാരണം പ്രകൃതിപരതയിലെ ക്രമം ക്രമരാഹിത്യത്തിൻ്റെതാണ്. 

സ്വാഭാവികതയുടെ താളവും അങ്ങനെ ക്രമരാഹിത്യത്തിൻ്റെത്. 

എന്തും എങ്ങനെയും എവിടെയും. ജീവിക്കുന്ന മാനത്തിൻ്റെ സാധ്യതക്കനുസരിച്ച്.

തെങ്ങും പ്ലാവും മാവും പുല്ലും കമ്യൂണിസ്റ്റപ്പയും എല്ലാം ഇടകലർന്ന്. 

പ്ലാൻ്റേഷനിൽ സംഗതി മറിച്ചും. ഒന്ന് മാത്രം. പ്രസംഗത്തിലും ലേഖനത്തിലും എന്ന പോലെ. വളരേ കൃത്രിമമായി.

അങ്ങനെ എഴുതുന്ന, പറയുന്ന വാക്ക് പലപ്പോഴും വെറും സ്വയംഭോഗം ചെയ്യുന്നത് പോലെ. കൃത്രിമം. വെറും ശ്രമം. മറിച്ച് സ്വാഭാവികമായത് നടക്കാത്തത് കൊണ്ട്.

ദൂരെനിന്ന് അനുവാചകനെ സങ്കല്പിച്ച് എഴുതി പറയുന്നത്, സംസാരിക്കുന്നത്, എഴുത്ത്, പ്രസംഗം. പലപ്പോഴും അപ്പുറത്ത് രതിമൂർച്ച നൽകില്ല, നൽകുന്നില്ല. 

മലമുകളിൽ നിന്ന് താഴ്‌വരയിൽ ഉള്ളവരോട് വിപ്ലവം പറയുന്നത് പോലെ പല വാക്കുകളും. താഴ്വാരത്തെ സംഗതികൾ തൊട്ടറിയാതെ, കണ്ടറിയാതെ. സങ്കല്പിച്ച് മാത്രം. കൃത്രിമമായി. വെറും വാക്ചാതുരി വെച്ച്.

വിവാഹം പോലും കഴിച്ചിട്ടില്ലാത്ത ബ്രഹ്മചാരിയും സന്യാസിയും ഭാര്യാഭർതൃ ബന്ധത്തെയും കുടുംബജീവിതത്തെയും കുട്ടികളെ സ്നേഹിക്കുന്നതിനെയും കുറിച്ച് വാതോരാതെ ഭംഗിയായി സംസാരിക്കുന്നത് പോലെ പല വാക്കുകളും. തീർത്തും കാല്പനികമായത്, കൃത്രിമമായത്. ഇടപാടുകൾക്കിടയിലെ അപ്പപ്പോഴുണ്ടാവുന്ന താളവ്യത്യാസവും ശ്വാസനിശ്വാസവും എന്തെന്നറിയാതെ. അതിലെ ചൂടും ചൂരും തൊട്ടറിയാതെ. അതിൽ പരാജയപ്പെടും എന്നിരിക്കെ.

വാക്ക്, യഥാർഥത്തിൽ  വൈകൃതം മാത്രമായ തൻ്റെ നഗ്നതക്ക് വസ്ത്രം ഇടുന്നത് പോലെ. യഥാർഥത്തിൽ ഇല്ലാത്ത ഗുണവും വിശേഷണവും തനിക്കുണ്ടെന്ന് കാണിക്കുന്നത്.

വാക്ക് സ്വ-ഭാവത്തിൽ നിന്നും വളരെ ദൂരെയുള്ള വേറൊരു ഭാവം കാണിക്കുന്നു. യഥാർഥത്തിൽ ഇല്ലാത്ത ഭാവം. 

പറയുന്ന, എഴുതുന്ന വാക്കുകൾ സ്വ-ഭാവത്തെ, ദൂരെയുള്ള ചന്ദ്രനെയും നക്ഷത്രങ്ങളെയും സുന്ദരമായി കാണിക്കുന്നത് പോലെ കാണിക്കുന്നു.  യഥാർഥത്തിലുള്ള ചൂടും ചൂരും കുണ്ടും കുഴിയും ഒന്നും കാണിക്കാതെ.

എഴുതുന്ന വാക്ക് ദൂരെ നിന്ന് കാണുന്നത് മാത്രം. അടുത്ത് പോയാലുള്ള യാഥാർത്ഥ്യവുമായി പുലബന്ധം ഇല്ലാത്തത്. 

അതുകൊണ്ട് തന്നെയാണ് പല ഗുരുക്കന്മാരും സാഹിത്യകാരന്മാരും മാനേജർമാരും ഒരു പരിധിവരെ ദൂരം നിർബന്ധമാക്കുന്നത്. 

ദൂരം എന്ന ഈ വസ്ത്രം വെച്ച് അവർ ബഹുമാനവും ആദരവും ഉറപ്പാക്കുന്നു. 

കല്പന നടക്കാൻ, നടപ്പാക്കാൻ ആദരം പിടിച്ചുപറ്റാൻ ദൂരം വേണം, മറ വേണം. 

അടുപ്പം ഉണ്ടാക്കുന്ന പുച്ഛം ഒഴിവാക്കാനും ദൂരം വേണം, മറ വേണം.

അങ്ങനെ മാത്രം ബഹുമാനം, ആദരവ്, അതിന് വേണ്ട ദൂരം, അതുണ്ടാക്കുന്ന സൗന്ദര്യം, ആകർഷണം.

വെറും വാക്കുകൾ വെച്ച്, അത് തന്നെ ദൂരമാക്കി, വസ്ത്രമാക്കി, അതിനെതന്നെ കിട്ടേണ്ട ബഹുമാനത്തിനു വേണ്ട ആയുധമാക്കി, അങ്ങനെ അണികളുടെയും ശിഷ്യന്മാരുടെയും മുൻപിൽ അത് തന്നെ ഉപജീവന മാർഗമാക്കി, അവർ ജീവിച്ച് പോകുന്നതങ്ങനെയാണ്. 

സ്വന്തം വീട്ടിൽ, ചുറ്റുപാടിൽ നടപ്പാക്കാൻ കഴിയാത്ത സ്നേഹവും ആദർശവും ലോകത്തോട് പറഞ്ഞ് വലുതാകുന്നതങ്ങനെയാണ്. 

വാക്കുകളെ വെറും കച്ചവടച്ചരക്കാക്കിക്കൊണ്ട്. വാക്കുകളെ തിളങ്ങുന്ന പാക്കറ്റുകൾ (ആവരണങ്ങൾ) ആക്കിക്കൊണ്ട്. 

ഉള്ളിലെ യഥാർത്ഥ ബിസ്കറ്റുമായി യാതൊരു ബന്ധവും ഇല്ലാത്ത തിളങ്ങുന്ന ആവരണങ്ങൾ. മണവാട്ടിയുടെ വസ്ത്രം പോലുളള ആവരണങ്ങൾ. പലപ്പോഴും മനവാത്യിക്ക് തന്നെ വെറും ഭാരം, വിറളി പിടിപ്പിക്കുന്നത്.

ഇട്ടാവട്ടത്തിൽ ചെറിയ കാര്യങ്ങൾ ചെയ്യാൻ കഴിയാത്തവൻ, അതിൽ നിന്നും ഒളിച്ചോടുന്നവൻ, വലിയ വട്ടത്തിൽ വലിയ കാര്യങ്ങൾ ചെയ്യുന്നതിനെ കുറിച്ച് സുന്ദരമായി സംസാരിക്കുന്നു, എഴുതുന്നു. കൃത്രിമമായി ഉണ്ടാക്കുന്ന, കൃത്രിമമായി കോർത്ത് വെക്കുന്ന വാക്കുകൾ വെച്ച്.

ചെറിയ ലോകത്തെ സ്വന്തം ഭാര്യയെയും കുഞ്ഞുങ്ങളെയും സ്നേഹിക്കാതെ, സംരക്ഷിക്കാതെ അവർ ലോകത്തോട് സ്നേഹം പറയും. ലോകത്തെ സ്നേഹിക്കാനും സംരക്ഷിക്കാനും ഇറങ്ങി പുറപ്പെടും. 

ആഗോള താപനവും അന്തരീക്ഷ മലിനീരണവും വരെ അങ്ങനെ അവർക്ക് വലിയ വിഷയമാവും. സ്വന്തം വീട്ടുമുറ്റത്ത് പ്ലാസ്റ്റിക് കവറുകൾ ഒരു കുറ്റബോധവും മുൻപിൻ ചിന്തയും ഇല്ലാതെ കത്തിച്ചു കൊണ്ട് തന്നെ.

വാക്കുകൾ മിക്കതും ഊതിവീർപ്പിച്ച സുന്ദരങ്ങളായ ബലൂണുകൾ മാത്രം. 

യാഥാർത്ഥ്യം തന്നെയായ വെയിലും മുള്ളും തട്ടിയാൽ പോട്ടിപ്പോകും ഈ ബലൂണുകൾ.

നിങൾ എങ്ങിനെ സങ്കല്പിക്കുന്നുവോ അങ്ങനെയാണ് നിങ്ങളുടെ ദൈവം.

നിങൾ എങ്ങിനെ സങ്കല്പിക്കുന്നുവോ അങ്ങനെയാണ് നിങ്ങളുടെ ദൈവം. 

നിങൾ എങ്ങിനെ പ്രാപിക്കുന്നുവോ അങ്ങനെ തന്നെ നിങ്ങൾക്ക് ദൈവത്തെ പ്രാപിക്കാം. 

നിഷേധിച്ചും വിശ്വസിച്ചും ദൈവത്തെ പ്രാപിക്കാം.

വേണ്ടെന്ന് വെച്ചാലും നിങൾ ദൈവത്തോടൊപ്പം തന്നെ.

എല്ലാം ഒരുപോലെ ശരി. 

നിങ്ങളുടെ വഴി മാത്രമാണ് ശരിയെന്ന് പറയാതിരുന്നാൽ മാത്രം മതി. 

അങ്ങനെ 'മാത്രം' പറഞാൽ അത് മാത്രം തെറ്റ്.

****

ദൈവം നിങ്ങളിലേക്ക് ചുരുങ്ങും. അതുകൊണ്ട് ദൈവത്തെ എങ്ങിനെയും കാണാം, സങ്കല്പിക്കാം, പ്രാപിക്കാം. 

ദൈവത്തിലേക്ക് എങ്ങിനെയും വികസിക്കാം. അതുകൊണ്ട് തന്നെ ദൈവത്തെ എങ്ങിനെയും കാണാതിരിക്കാം, സങ്കല്പിക്കാതിരിക്കാം.


ഇരുമ്പുലക്ക വിഴുങ്ങി ചുക്കുവെള്ളം കൊണ്ട് ദഹിപ്പിക്കുന്നവർ

ഒരു സുഹൃത്ത് ( Abdul Hafis ) ചോദിക്കുന്നു.

തീർത്തും വ്യക്തിപരമായ ആരോപണവും ആക്ഷേപവും പോലെയുള്ള ഒരു ചോദ്യം. 

ഈയുള്ളവൻ ഉന്നയിച്ച വിഷയത്തെ ഒരിനിലക്കും  സ്പർശിക്കാതെയുള്ള, സ്പർശിക്കാനാവാതെയുള്ള ചോദ്യം.

"താങ്കൾക്ക് ദിവസക്കൂലിയാണോ" എന്ന്.

(ഈയുള്ളവൻ എഴുതുന്ന എഴുതത്തിനോക്കെ ഈയുള്ളവന് ദിവസക്കൂലിയാണോ എന്ന്)

മേൽചോദ്യം ഈയുള്ളവൻ്റെ ഒരു പ്രത്യേക പോസ്റ്റും കുറേ കാലമായി തുടർച്ചയായി ഈയുള്ളവൻ ഇടുന്ന പോസ്റ്റുകളും കണ്ടിട്ടും അതിൽ അസഹിഷ്ണുത മൂത്തിട്ടും തന്നെയാണെന്ന് ചോദ്യകർത്താവ് പിന്നീടുള്ള കമൻ്റുകളിൽ തന്നെ സമ്മതിച്ചുപോകുന്നു..

ഇത്തരം ചോദ്യവും ആരോപണവും ആക്ഷേപവും ഇദ്ദേഹം ഇതാദ്യം നടത്തുന്നതല്ല. 

പലകുറി ആവർത്തിച്ചിട്ടുണ്ട്. 

പലപ്പോഴും തിരിച്ചൊന്നും പറയാനില്ലാത്തവിധം ഈയുള്ളവൻ മറുപടികൾ കൊടുത്തതുമാണ്. 

ഉത്തരം മുട്ടിയാൽ കൊഞ്ഞനം കാട്ടി മടങ്ങും ഇവരും ഇവരെ പോലുള്ളവരും. 

*****

അദ്ദേഹത്തിൻ്റെ മേൽ ചോദ്യത്തിന് ആധാരമായ ഈയുള്ളവൻ്റെ പോസ്റ്റ് ആദ്യം കീഴേ കൊടുക്കുന്നു. 

ശേഷം അദ്ദേഹത്തിന് കൊടുത്ത മറുപടി പറയാം .

"നിങൾ എങ്ങിനെ സങ്കല്പിക്കുന്നുവോ അങ്ങനെയാണ് നിങ്ങളുടെ ദൈവം. 

നിങൾ എങ്ങിനെ പ്രാപിക്കുന്നുവോ അങ്ങനെ തന്നെ നിങ്ങൾക്ക് ദൈവത്തെ പ്രാപിക്കാം. 

നിഷേധിച്ചും വിശ്വസിച്ചും ദൈവത്തെ പ്രാപിക്കാം.

വേണ്ടെന്ന് വെച്ചാലും നിങൾ ദൈവത്തോടൊപ്പം തന്നെ.

എല്ലാം ഒരുപോലെ ശരി. 

നിങ്ങളുടെ വഴി മാത്രമാണ് ശരിയെന്ന് പറയാതിരുന്നാൽ മാത്രം മതി. 

അങ്ങനെ 'മാത്രം' പറഞാൽ അത് മാത്രം തെറ്റ്."

******

ഇനി അദ്ദേഹത്തിന് കൊടുത്ത മറുപടി (ഇതുപോലെ എന്തെങ്കിലും പറഞ്ഞുവരുന്ന എല്ലാവർക്കും വേണ്ടിയും....)

"താങ്കളോട് എന്ത് പറയാൻ...???

മേൽപറഞ്ഞതിന് താങ്കൾക്കും ദിവസക്കൂലി കിട്ടുമോ? 

അറിയില്ല. 

അങ്ങനെ ചോദിക്കാനും ആരോപിക്കാനും ഈയുള്ളവൻ ആളുമല്ല. 

താങ്കൾ ചോദിച്ചത് താങ്കൾക്ക് ബാധകമാണോ എന്ന് മാത്രം അറിയാനും സൂചിപ്പിക്കാനും ഉദ്ദേശിച്ചു.

ഈയുള്ളവൻ പറഞ്ഞതിൽ എന്താണ് ദിവസക്കൂലി കിട്ടാൻ മാത്രമുള്ളത്? 

ശരിയായ സത്യം, ഉള്ള സത്യം, എല്ലാവർക്കും ഒരുപോലെ ബാധകമാവുന്ന (സത്യം സത്യമാണെങ്കിൽ എല്ലാവർക്കും ഒരുപോലെ ബാധകാമാവണം) പറയുന്നതിന് എവിടെയും കൂലിയും ദിവസക്കൂലിയും കിട്ടാറില്ല. 

കൂക്കി വിളിയും പീഡനവും മാത്രമല്ലാതെ. 

യേശുവിനും മുഹമ്മദിനും കൃഷ്ണനും സോക്രട്ടീസിനും ഒക്കെ അതാത് കാലത്ത് കിട്ടിയത് പോലെ . 

പിന്നീട് കുറേ കാലത്തിനു ശേഷം, കഥയും ഗതിയും അറിയാതെ, താങ്കളെ പോലെയുള്ളവർ അത്തരം തെറിയും കൂക്കിവിളിയും കേട്ടവരെയും അവർ പറഞ്ഞതിനീയും, തീർത്തും വിപരീതമായി മനസ്സിലാക്കി അവരെ തലയിലേറ്റി നടക്കുമെങ്കിലും, ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും...

*****

ഇനി തിരിച്ചു ചോദിക്കട്ടെ.

താങ്കളും താങ്കളുടെ പാർട്ടിയും മതവും ഇങ്ങനെ എല്ലാവർക്കും ദിവസക്കൂലി കൊടുക്കാറുണ്ടോ? 

അനുഭവം വെച്ചാണല്ലോ രാൾ സംസാരിക്കുക. അതിനാൽ താങ്കളും ...

മറ്റുള്ളവരെ മതം മാറ്റാൻ വേണ്ടി നിർബന്ധ സക്കാത്തിൽ നിന്ന് വരെ എട്ടിൽ ഒരു ഭാഗം മാറ്റണമെന്ന് നിർദേശമുള്ള മതമാണല്ലോ, വിശ്വാസമാണല്ലോ താങ്കളുടേത്? 

അതുകൊണ്ട് കൂടി ചോദിച്ചുപോകുന്നതാണ്. 

സോറി. 

ക്ഷമിക്കുക.

*****

കൂലിക്ക് വേണ്ടി മാത്രം എന്തും ചെയ്യുന്നവർ താങ്കൾ ഈ ചിന്തിച്ചത് പോലെ ചിന്തിച്ചാൽ കുറ്റം പറയാൻ പറ്റില്ല.

കൂലിക്ക് വേണ്ടി വിശ്വസിക്കാനും കർമ്മങ്ങൾ ചെയ്യാനും പഠിപ്പിക്കുന്ന മതം പഠിപ്പിക്കുന്നതും അതാണല്ലോ? 

തികച്ചും സ്വാർത്ഥമായി കൂലിക്ക് വേണ്ടി മാത്രം എന്തും എന്തുപകാരവും പുണ്യവും ചെയ്യാൻ.

ദൈവത്തെ അന്വേഷിക്കുന്നതും, പൂജിക്കുന്നതും, ആരാധിക്കുന്നതും, അപരനെ സഹായിക്കുന്നതും വരെ, എല്ലാം കൂലിക്ക് വേണ്ടി മാത്രമായിരിക്കണം താങ്കളുടെ വിശ്വാസത്തിൽ, മതത്തിൽ.

എന്നോക്കെ ചിന്തിക്കുന്നവർ ഇങ്ങനെ സ്വാർഥമായി ചിന്തിച്ചാൽ, മറ്റുള്ളവരുടെമേൽ ആരോപണവും ആക്ഷേപവും പറഞാൽ കുറ്റം പറയാൻ പറ്റില്ല.

അതുകൊണ്ടുതന്നെ സഹതാപം മാത്രമല്ലാതെ ഒരു വിഷമവും വെറുപ്പും താങ്കളോട് തോന്നുന്നില്ല. 

താങ്കളെ അല്പവും കുറ്റപ്പെടുത്താനും തോന്നുന്നില്ല.

താങ്കൾ ഇങ്ങനെ തന്നെ തുടരുക. 

കാരണം, താങ്കളുടെ ഇപ്പോഴത്തെ വിശ്വാസവും മതവും വെച്ച് താങ്കൾക്ക് ഇങ്ങനെയേ ചിന്തിക്കാനും പ്രവർത്തിക്കാനും സാധിക്കൂ.

*****

ആര് എഴുതിയിടുന്നു, ആര് എഴുതിയിടുന്നില്ല എന്നത് അവിടെ നിൽക്കട്ടെ... 

എഫ്‌ബയിൽ ആണെങ്കിലും മറ്റെവിടെയാണെങ്കിലും. 

അങ്ങനെ എത്രയോ പേർ ചെയ്യുന്നുണ്ട് ചെയ്യാതിരിക്കുന്നുണ്ട്. എഴുതുന്നുണ്ട്, എഴുതാതിരിക്കുന്നുണ്ട്.

എന്തെങ്കിലും പറയാനുള്ളവർ എന്തെങ്കിലും പറയും. എവിടെയായാലും എപ്പോഴായാലും. പ്രത്യേകിച്ചും ആർജവം ഉളളവർ, നിന്നിടത്ത് തന്നെ നിൽക്കാത്തവർ. 

എന്നതിൽ താങ്കൾ അൽഭുതപ്പെടെണ്ട, അസ്വസ്ഥപ്പെടെണ്ട കാര്യമല്ലല്ലോ?

പക്ഷേ അതൊക്കെ കൂലിക്ക് വേണ്ടിയാണ്, അതും ദിവസക്കൂലി നിരക്കിലാണ് എന്ന വെളിവ് താങ്കൾക്ക് എവിടെ നിന്ന് കിട്ടി? 

അതല്ലേൽ ദിവസക്കൂലി എല്ലാവരും വാങ്ങുന്നുണ്ട് എന്നത് താങ്കളുടെ തരുന്ന വിശ്വാസം തരുന്ന അനുഭവത്തിൻ്റെ അടിസ്ഥാനത്തിലുള്ളതാണോ? 

എഫ്ബിയിൽ എഴുതുന്ന കുറേ പേർക്ക് അങ്ങനെ കൂലിയും ദിവസക്കൂലിയും കിട്ടുന്ന വിവരം താങ്കളുടെ കൈവശമുണ്ടോ?

*****

ഇനി, എല്ലാം കഴിഞ്ഞ് വരുമ്പോൾ, താങ്കൾ പറഞ്ഞത് തമാശയാണെന്ന അവസാന വാദം, ആയുധം.

ഇരുമ്പുലക്ക വിഴുങ്ങി ചുക്കുവെള്ളം കുടിക്കുന്ന അതേ വാദം ആയിധം.

വിശ്വാസപരമായ തീവ്രത കൊണ്ട് മാത്രം, അസഹിഷ്ണുത മൂത്ത്, എന്തും, ഏതും, തെറിയും ആക്ഷേപവും ആരോപണവും താങ്കൾ പറഞ്ഞു പോകുന്നു. 

പ്രത്യേകിച്ചും ആശയത്തെയും വിഷയത്തെയും വിഷയമായും ആശയപരമായും നേരിടാൻ കഴിയില്ലെന്ന് വരുമ്പോൾ.

ശേഷം വെറും തെറിയും ആരോപണവും കൊണ്ട് പൊതുഇടങ്ങളിൽ, പ്രത്യേകിച്ചും ബഹുസ്വരസമൂഹത്തിൽ പിടിച്ചുനിൽക്കാൻ കഴിയില്ല, അതിന് മാത്രം തെളിവും ആയുധവും താങ്കളുടെ പക്ഷത്ത് ഇല്ല, എന്ന് വരുമ്പോൾ മാത്രം, താങ്കൾ വെറും വെറുതെ പറഞ്ഞു രക്ഷപ്പെടുന്നു:

"എല്ലാം തമാശക്ക് പറഞ്ഞതാണ്" എന്ന് പറഞ്ഞുകൊണ്ട്.

ഇരുമ്പുലക്ക വിഴുങ്ങുക, എന്നിട്ട് ചുക്കുവെള്ളം കുടിച്ച് ദഹിപ്പിക്കാൻ പറ്റുമെന്ന് ധരിക്കുക, ശ്രമിക്കുക. അങ്ങനെയങ്ങ് ദഹിപ്പിക്കാം എന്ന് തന്നെ താങ്കൾ വിശ്വസിക്കുക. 

അത് തന്നെ. അത് മാത്രം തന്നെ.

അതല്ലേ ഇത്ര വലിയ ആരോപണവും ആക്ഷേപവും പറഞ്ഞുകൊണ്ട് ശേഷം തടിയൂരുന്ന കോലത്തിൽ താങ്കൾ ചെയ്യുന്നതും ചെയ്യാൻ ഉദ്ദേശിക്കുന്നതും?

ഇങ്ങനെയും തടി തപ്പാം... 

തെറിപറഞ്ഞും തോൽപിക്കാം.

വാഗ്വാദങ്ങൾക്കിടയിൽ സ്വയം വിസർജിച്ച് ദുഗന്ധമുണ്ടാക്കിയും പ്രതിയോഗിയെ പിന്തിരിപ്പിച്ചു തോൽപിക്കാം. 

*****

താങ്കൾ എന്തും ഏതും പറയുക. 

എന്നിട്ട് അവസാനം പിടിച്ചു നിൽക്കാൻ സാധിക്കില്ലെങ്കിൽ മാത്രം പറയുക: തമാശക്ക് പറഞ്ഞതാണെന്ന്.

വെറുതെയങ്ങ് തട്ടിവിടുക. 

മനസ്സാക്ഷിയോട് പോലും ഒരു കൂറില്ലാതെ 

അങ്ങനെ തമാശ പറയാനുള്ള അടുപ്പം ഒരിക്കലും സൂക്ഷിക്കാതെ. ചുരുങ്ങിയത് ഈയുള്ളവനോട്.

സന്ദർഭം കിട്ടുമ്പോഴൊക്കെ പിന്നിൽ നിന്ന് കുത്താൻ ശ്രമിക്കുക മാത്രമല്ലാതെ.

താങ്കളുടെ ഈ തമാശ താങ്കൾക്ക് മാത്രം, അവനവനു മാത്രം മനസ്സിലാവുന്ന തമാശ.

അവനവൻ്റെ സൗകര്യത്തിനുള്ള തമാശ...

കുറേ ശരികളുണ്ട്. ഒരേ സമയം ഒരേ കാര്യത്തിൽ കുറേ ശരികളുണ്ട്.

കുറേ ശരികളുണ്ട്. 

ഒരേ സമയം ഒരേ കാര്യത്തിൽ കുറേ ശരികളുണ്ട്. 

ഒരേ സമയം ഒരേ കാര്യത്തിൽ ഒരു ശരി മാത്രമല്ല.

പ്രത്യേകിച്ചും ആ കാര്യത്തിന് പുറത്തുള്ളവർക്ക്. 

ആത്യന്തികമായതിനെ ആപേക്ഷികതയിൽ നിന്ന് നോക്കുമ്പോൾ കുറേ ശരികൾ ഒരേ സമയം ഉണ്ടാവുന്നത്ത് ഇങ്ങനെ.

എന്തിനധികം. ആപേക്ഷിക ലോകത്തെ ഒരേ സൂര്യൻ തന്നെ ഒരേ സമയത്ത് പലർക്കും പലതാണ്. 

ചിലർക്കത് ഉദയസൂര്യനാണ്.

അതേ സമയം തന്നെ ആ സൂര്യൻ  മറ്റുചിലർക്ക് അസ്തമയ സൂര്യൻനാണ്, മദ്ധ്യാഹ്നസൂര്യനാണ്.

പിന്നേയും ചിലർക്ക് ആ സൂര്യൻ തന്നെ ഇല്ലാതെ രാത്രിയാണ്.

ഇത് വെച്ചെങ്കിലും നമുക്ക് ചിന്തിച്ചുകൂടെ. 

ഒരേ കാര്യം ഒരേ സമയം വ്യത്യസ്തമായ പ്രതലത്തിൽ ഉള്ളവർക്ക്, അവർ വ്യത്യസ്തമായ പ്രതലത്തിൽ ആണെന്നുള്ള ഒരൊറ്റ കാരണം കൊണ്ട്, വ്യത്യസ്തമാണ് എന്നത്.

തീർത്തും ആപേക്ഷികതയിൽ നിൽക്കുന്ന ഒരേ മനുഷ്യൻ തന്നെ ആപേക്ഷികതയിൽ തന്നെ നിൽക്കുന്ന മറ്റ് പല മനുഷ്യർക്കും  വ്യത്യസ്ത വ്യക്തിത്വമാവുന്നത് പോലെ. 

ഒരേ സമയം പലർക്കും പലതായി. 

പിതാവും സഹോദരനും ഭർത്താവും സുഹൃത്തും അപരിചിതനും ഒക്കെ ആയി.

****

ഒരേ സ്ഥലത്തേക്ക് പല സ്ഥലങ്ങളിലുള്ള പലർക്കും പല വഴികളും ഉണ്ടെന്നത് പോലെ.

അങ്ങനെ മാത്രം കുറേ ശരികൾ. 

ഒന്ന് മറ്റൊന്നിനെ നിഷേധിക്കുന്നതല്ലാത്ത കുറേ ശരികൾ. 

സമാന്തരമായി പോകാവുന്ന, പരസ്പരം ഏറ്റുമുട്ടാത്ത കുറേ ശരികൾ 

*****

അത്രയേ ഉള്ളൂ എല്ലാ വിശ്വാസികളുടെയും കാര്യം. 

എല്ലാവരും ഒരുപോലെ.

എല്ലാം ഒരു പോലെ തെറ്റ്.

അതുകൊണ്ട് തന്നെ എല്ലാം ഒരു പോലെ ശരി.

Thursday, November 24, 2022

ജീവിക്കുന്നു എന്നുറപ്പിക്കാൻ ജീവിക്കുക - ജീവിതം.

മരിക്കാനും മരിക്കുന്നതിലുമല്ല യഥാർഥത്തിൽ ആർക്കും പേടിയും വിഷമവും. 

'ഞാൻ' ഇല്ലാതാവും എന്നതിലാണ് പേടിയും വിഷമവും. 

'ഞാൻ' ഇല്ലാതാവും എന്ന് കരുതിപ്പോകുന്നതിനാലാണ് പേടിയും വിഷമവും. 

'ഞാൻ' തുടരുന്നതാണെങ്കിൽ മരിക്കാനെന്തിന് വിഷമിക്കണം, പേടിക്കണം?

*****

തിന്നുക, കുടിക്കുക, ഉറങ്ങുക - ജീവിതം. 

അങ്ങനെ തിന്നാനും കുടിക്കാനും ഉറങ്ങാനും വേണ്ടി എന്തൊക്കെയോ അറിയുക, പഠിക്കുക, പറയുക ചെയ്യുക - ജീവിതം. 

ജീവിക്കുന്നു എന്നുറപ്പിക്കാൻ ജീവിക്കുക - ജീവിതം.

*****

യഥാർഥത്തിൽ ഇല്ലാത്ത ഒന്നിനെ, 

യഥാർഥത്തിൽ ഇല്ലാതിരുന്ന ഒന്നിനെ 

ഒന്നുകൂടെ ഇല്ലാതാക്കുന്നു മരണം.

****

ഈ ഞാൻ ഉള്ളതല്ല എന്ന് പറയാൻ മാത്രം ഉദ്ദേശിച്ചു...

Wednesday, November 23, 2022

ഹലാലെന്നാൽ തുപ്പിയത്, ഊതിയത് എന്നല്ല.

മുസ്ലിംകളുടെ ഹോട്ടലുകളിലും വീടുകളിലും പാചകം ചെയ്യുന്ന ഭക്ഷണത്തിലും പാനീയത്തിലും തുപ്പുന്നു, ഊതുന്നു എന്നത് തീർത്തും വ്യാജമായ വാർത്ത, വർത്തമാനം. 

അതുപോലെ തന്നെ ഓരോ മുസ്ലിമും മനസിലാക്കണം: ഹിന്ദുവിൻ്റെയും ക്രിസ്ത്യാനികളുടെയും ഹോട്ടലുകളിലും വീടുകളിലും കിട്ടുന്ന ഭക്ഷണവും പാനീയങ്ങളും അശുദ്ധമല്ലെന്ന്, നിഷിദ്ധമല്ലെന്ന്.

തൽപരകക്ഷികൾ ബോധപൂർവ്വം ഉണ്ടാക്കുന്ന അത്തരം ഏകപക്ഷീയമായ കരുതലുകളാണ് യഥാർഥത്തിൽ വിഭജനവും അകൽച്ചയും ഉണ്ടാക്കുന്നത്. ഇന്ത്യയെ വിഭജിച്ചത് വരെ കരുതലുകൾ.

അത്തരം വിഭജനവും അകൽച്ചയും ഉണ്ടാക്കുന്ന ഏകപക്ഷീയ കരുതലുകൾ ആണ് രാഷ്ട്രീയ, മത നേതൃത്വം എന്നും ആഗ്രഹിക്കുന്നത്. അവരുടെ അജണ്ടകൾ നടപ്പിലാക്കാൻ.

സമൂഹത്തെ തങ്ങൾക്ക് വേണ്ട അഴുക്ക്ചാലാക്കാനും, അല്ലെങ്കിൽ രക്തം വാർന്നോഴുകും വിധം മുറിവുള്ള ശരീരമാക്കക്കാനും വേണ്ടി തന്നെ രാഷ്ട്രീയ, മത നേതൃത്വം ആഗ്രഹിക്കുന്നു. 

സ്വന്തം വളർച്ചയ്ക്കും നിലനിൽപിനും വേണ്ട അഴുക്കും ചലവും ചോരയും ആ വകയിൽ ഉറപ്പുവരുത്തുന്നു രാഷ്ട്രീയ, മത നേതൃത്വം. 

അങ്ങനെ രാഷ്ട്രീയ, മത പൗരോഹിത്യം  ബോധപൂവ്വം ഉണ്ടാക്കുന്ന അകൽച്ചയും വിഭജനവും ആണ് ഇതൊക്കെ. അഥവാ ആ വിഭജനത്തിന് വേണ്ട മരുന്നും വിത്തും മാത്രമാണ് ഇവയൊക്കെ.

സമൂഹങ്ങളെ പരസ്പരം ഒറ്റപ്പെടുത്താനും, അവർക്കിടയിൽ പരസ്പരം ഇല്ലാത്ത തെറ്റിദ്ധാരണയും വെറുപ്പും ഉണ്ടാക്കാനും അങ്ങനെ പരസ്പരം അകറ്റാനും ഉദ്ദേശിച്ച് തന്നെ ഇവയൊക്കെ. 

നമ്മൾ മനസ്സിലാക്കണം : അങ്ങനെയാണ്, അങ്ങനെ മാത്രമാണ് ഇന്ത്യ വിഭജിക്കപ്പെട്ടത്, ഇന്ത്യ മൂന്ന് രാജ്യങ്ങൾ ആയത്. 

നമ്മൾ ഒരു കൂട്ടർ മാത്രം ശരി, നമ്മൾ ഒരു കൂട്ടർ കരുതുന്നത് പോലെ മാത്രം ശുദ്ധിയും അനുവദനീയവും, അതുകൊണ്ട് നമുക്ക് നമ്മുടേതായ രീതി നടപ്പാക്കുന്ന നമ്മുടേതായ സ്ഥലം വേണം എന്ന് കരുതിയത് കൊണ്ട് കൂടിയാണ് ഇന്ത്യ വിഭജിക്കപ്പെട്ടത്. ഇന്ത്യ മൂന്ന് രാജ്യങ്ങൾ ആയത്. 

അത് ഇനിയും അനുവദിച്ചു കൂടാ.

ഹലാൽ പറഞ്ഞ് മുസ്ലിമിനേയും, ചാണകം പറഞ്ഞ് ഹിന്ദുവിനുനേയും സാമാന്യവൽകരിച്ച് അകറ്റരുത്, ആക്ഷേപിക്കരുത്.

അങ്ങനെ ആരും ആരെയും കൈകാര്യം ചെയ്ത് അകറ്റുന്നത് ശരിയല്ല.

****

ഉളളിൽ നിന്ന് കൊണ്ട് തന്നെ അറിയുന്നത് കൊണ്ട്, ആർക്കും പൊതുവേ അറിയാനാവുന്നത് കൊണ്ട് മാത്രം, ഇങ്ങനെ പറയുന്നു. ഇങ്ങനെ പറയേണ്ടി വരുന്നു.  

ആരോടുമുള്ള വെറുപ്പ്, എന്തെങ്കിലും പ്രത്യേക കാരണം കൊണ്ടുള്ള ഒരു കൂട്ടരോടുള്ള വെറുപ്പ്, അവരോട് അനീതി ചെയ്യാൻ ആരെയും പ്രേരിപ്പിക്കരുത് എന്നതുകൊണ്ട് മാത്രം.

*****

ഹലാലെന്നാൽ അനുവദനീയമായത് എന്ന് മാത്രമർത്ഥം. 

ഹറാം എന്നാൽ നിഷിദ്ധമായത് എന്നും

അങനെ അനുവദനീയമായതും നിഷിദ്ധമായതും മുസ്‌ലിംകൾക്കുണ്ട്. ആ കാഴ്ചപ്പാട് ശരിയായാലും തെറ്റായാലും അങ്ങനെ ചിലത് മുസ്‌ലിംകൾക്കുണ്ട്. 

ആ കാഴ്ചപ്പാട്, നാം എങ്ങിനെ മനസിലാക്കിയാലും, വിഭജനവും അകൽച്ചയും ഉണ്ടാക്കുന്ന കാഴ്ചപ്പാട് തന്നെയാണ്. 

ആ കാഴ്ചപ്പാട് ഒരു സമൂഹത്തെ ദേശീയവും അല്ലാത്തതും ആയ മുഖ്യാധാരയിൽ നിന്ന് മാറിനിൽക്കാൻ പ്രേരിപ്പിക്കുന്ന, നിർബന്ധിക്കുന്ന കാഴ്ചപ്പാട് തന്നെയാണ്. ആ നിലക്ക് ഇത് ഇന്ത്യൻമുസ്‌ലിംകൾ ആത്മപരിശോധന നടത്തി പുനഃപരിശോധിക്കേണ്ടതുമാണ്.

******

നിഷിദ്ധമായത് മാത്രം ഖുർആൻ എണ്ണിപ്പറയുന്നു. 

നിഷിദ്ധം (ഹറാം) അല്ലാത്തതെല്ലാം അനുവദനീയം എന്ന് സാരമാക്കിക്കൊണ്ട്. നല്ലത് മുഴുവൻ അനുവദനീയം എന്ന പൊതുഭാഷ്യത്തോടെ, വിശേഷണത്തോടെ. എല്ലാ മുസ്ലിംകൾക്കും കൃത്യമായി അതറിയാൻ തരമില്ലെങ്കികും.

അനുവദിച്ച (ഹലാൽ ആയ) മൃഗങ്ങളുടെ കാര്യത്തിൽ വരെ കഴുത്തറുത്ത് രക്തം കളഞ്ഞ ഇറച്ചി മാത്രം ഹലാൽ. 

അങനെ അറുക്കുന്നത് ദൈവത്തിൻ്റെ പേരിൽ, ദൈവത്തിൻ്റെ പേര് ഉച്ചരിച്ച് കൊണ്ടും ആയിരിക്കണം.

ഹലാലെന്നാൽ തുപ്പിയത്, ഊതിയത് എന്നർത്ഥമില്ല. 

തുപ്പിയത് കൊണ്ടും ഊതിയത് കൊണ്ടും ഒന്നും ഹാലാൽ ആവുകയും ഇല്ല.

തുപ്പാനും ഊതാനും ഇസ്ലാം മതത്തിൽ ഒരു നിർബന്ധ കൽപ്പനയും വിധിയും ഇല്ല.

*****

ചോദ്യം:  അപ്പോൾ ഒരു വീഡിയോയിൽ കണ്ടത് പോലെ തുപ്പുന്നതോ?


ഉത്തരം: ആര്, എവിടെ പാചകം ചെയ്യുന്ന ഭക്ഷണത്തിൽ തുപ്പുന്നു?

ആരും എവിടെയും തുപ്പുന്നില്ല...

ഏതോ പള്ളിയിൽ, ഏതോ പ്രത്യേക സന്ദർഭത്തിൽ ചെയ്തത് (പൂജയുടെയും പ്രസാദത്തിൻ്റെയും കാര്യത്തിൽ ബാധകം ആവുന്നത് പോലെ) പൊതുവേ എല്ലായിടത്തും ചെയ്യുന്നു എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത് ശരിയല്ല.

ഭക്ഷണത്തിൽ തുപ്പുക, ഊതുക എന്നത് ഇസ്ലാം മതത്തെ കുറിച്ച് ഒരു വിവരവും ഇല്ലാത്ത ചില കൂട്ടർ (ഇസ്ലാമിൽ ഇല്ലാത്ത, എന്നാൽ പിന്നീട് സമൂഹം ഉണ്ടാക്കി ഉണ്ടായ പുരോഹിതന്മാർ ) ചെയ്യുന്നത്. 

ഭക്ഷണ്ത്തിൽ തുപ്പുന്നതിനും ഊതുന്നതിനും നിലവിലെ ഇസ്ലാം മതവുമായും ഇസ്ലാംമത കല്പനയുമായും ഒരു ബന്ധവും ഇല്ല. 

പുരോഹിതന്മാർ ജനങ്ങളെ ചൂഷണം ചെയ്യാൻ ഇത്തരം ഇല്ലാത്ത സമ്പ്രദായം ഉണ്ടാക്കി മാത്രം ചെയ്യുന്നത്.

*****

പുരോഹിതന്മാരുടെ സ്വാധീനം നിലനിർത്താനും സാമ്പത്തിക താൽപര്യം സംരക്ഷിക്കാനും വേണ്ടി മാത്രം ഇതൊക്കെ ഉണ്ടാക്കുന്നു, നടത്തുന്നു, നടക്കുന്നു. 

ഉദാഹരണത്തിന് പറഞാൽ:

ഇസ്ലാമിലെ വിവാഹത്തിന് വരനും വധുവിൻ്റെ അച്ഛനും രണ്ട് സാക്ഷികളും മാത്രമേ വേണ്ടൂ. 

എന്നാൽ, ഇവിടെ എല്ലാ മുസ്ലിം വിവാഹങ്ങളും നടത്തുന്നത് പുരോഹിതന്മാർ ആണ്. 

വിവാഹ കർമ്മത്തിന് പുരോഹിത സാന്നിധ്യം നിർബന്ധം പോലെയാക്കി അവർ വലിയ തുകയും പ്രതിഫലമായി വാങ്ങിക്കും. 

പോരാത്തതിന് മഹല്ല് പള്ളിക്കും കൊടുക്കണം വലിയൊരു തുക. 

ഒരു നിലക്കും നിലവിലുള്ള ഇസ്‌ലാമിൽ തന്നെ ഇല്ലാത്തതാണ് സമ്പ്രദായം. എല്ലാം നോക്കി നടത്തുന്ന, എല്ലാറ്റിനും നിയമ സംരക്ഷണവും സുരക്ഷിതത്വവും നൽകുന്ന രാജ്യത്തിൻ്റെ അക്കൗണ്ടിലും വരുന്നില്ല ഈ കൊടുക്കുന്ന തുക.

****

ചോദ്യം: നിങൾ ഈ തുപ്പൽ സംഗതിയെ ഇങ്ങനെയും വെളുപ്പിക്കാൻ ശ്രമിക്കേണ്ടതുണ്ടോ?

വെളുപ്പിക്കനും, എന്നാലോ പ്രത്യേകിച്ച്, കറുപ്പിക്കാനും ഇല്ല. 

ആരായാലും ആരെ കുറിച്ചായാലും ഉളളത് പറയണമല്ലോ?

ആരോടും പ്രത്യേകിച്ച് വെറുപ്പ് വേണ്ടല്ലോ? 

അങ്ങനെ ആരോടെങ്കിലും ഉള്ള പ്രത്യേക വെറുപ്പ് അവരോട് അനീതി ചെയ്യാനും അവരെ കുറിച്ച് കളവ് പറയാനും പ്രേരിപ്പിക്കരുതല്ലോ?

നൂറ് ശതമാനം ശരിയായിരിക്കേയും നിങൾ തോൽക്കും.

ഒരു സോറി പറഞാൽ വലിയൊരു സ്വർഗ്ഗം കിട്ടുമെങ്കിൽ സോറി പറയുന്നതാണ് നല്ലത്. 

തോറ്റുകൊണ്ട് ജയിക്കുക. 

നൂറ് ശതമാനം ശരിയായിരിക്കേയും നിങൾ തോൽക്കും, തോൾക്കേണ്ടിവരും. 

പക്ഷേ, അത് ദീർഘദൂരത്തിൽ വിജയിക്കാനെന്ന് കരുതി തോൽക്കണം. 

നഷ്ടപ്പെട്ടു നേടണം. 

ഇര നഷ്ടപ്പെട്ടു തന്നെ മീൻപിടിക്കണം.

****

ഒരു പ്രത്യേക വിശ്വാസം ശരിയെന്ന് പറയുന്ന എല്ലാം തെറ്റാണ്.

*****

ആരാൻ്റെ ചിലവിൽ, ആരാൻ്റെ ചിന്തയിൽ, ആരാൻ്റെ അധ്വാനത്തിൽ നിൻ്റെ സ്വാതന്ത്ര്യം നടക്കില്ല. 

സ്വാതന്ത്ര്യം മാത്രമില്ല. 

ഉത്തരവാദിത്വത്തോടെയല്ലാതെ. 

ചിന്തയിൽ മാറാത്തവർക്ക് പ്രയോഗത്തിൽ എങ്ങിനെ സ്വാതന്ത്ര്യം?

കുട്ടിക്കുരങ്ങന്മാരെക്കൊണ്ട് ചുടുചോറ് വാരിപ്പിക്കുക.

"(വിശ്വാസികളായ) വൃത്തിയുള്ളവരല്ലാതെ അത് തൊടരുത്" (ഖുർആൻ). 

എന്താണാവോ വൃത്തി? 

ആർത്തവം, മൂത്രം, കീഴ്വായു, ശുക്ലം എന്നിവ പോകുന്നത് വൃത്തികേട്. 

ശേഷം സാധാരണ പോലെ കഴുകിയാലും അവ പോയ മനുഷ്യൻ വൃത്തികേട്. 

അറബിയിലുള്ള ഖുർആൻ തൊടാൻ പാടില്ല. 

പരിഭാഷയായ ഖുർആൻ തൊടാം. 

അതെന്തേ? 

അറബിഭാഷ സവർണഭാഷയോ?

****

കുട്ടിക്കുരങ്ങന്മാരെക്കൊണ്ട് ചുടുചോറ് വാരിപ്പിക്കുക. 

പുരോഹിതന്മാർ ഒന്നുമറിയാത്ത വിശ്വാസികളെക്കൊണ്ട് ചെയ്യിപ്പിക്കുന്നത്. 

വെള്ളത്തലപ്പാവും വെള്ളവസ്ത്രവും പാണ്ഡിത്യമാണെന്ന് ധരിക്കുന്ന മഹാഭൂരിപക്ഷം കുട്ടിക്കുരങ്ങൻമാർക്ക് വേറെന്ത് വിധി? വേറെന്ത് വഴി? 

അവർക്ക് ചുടുചോറാണെന്ന് അറിയാനുള്ള ബോധവുമില്ല.

*****

ഒരു മനുഷ്യനും മനുഷ്യൻ മാത്രമായല്ലാതെ മതവിശ്വാസിയായി ജനിക്കുന്നില്ല. 

ജനനം കൊണ്ട് മതം നിശ്ചയിക്കുന്ന സർക്കാർ രീതി നിർത്തണം. 

മാതാപിതാക്കളുടെ മക്കളായി ജനിച്ചത് കൊണ്ട് ആരും അതാത് മതവിശ്വാസി ആവില്ല. 

എന്നത് എല്ലാ മതക്കാരും ഒരുപോലെ അംഗീകരിക്കുന്ന, എല്ലാവർക്കും ഒരുപോലെ മനസ്സിലാവുന്ന കാര്യം. 

എന്നിട്ടും???

*****

ആരാൻ്റെ ചിലവിൽ, ആരാൻ്റെ ചിന്തയിൽ, ആരാൻ്റെ അധ്വാനത്തിൽ നിൻ്റെ സ്വാതന്ത്ര്യം നടക്കില്ല. 

നിൻ്റെ സ്വാതന്ത്ര്യം നിൻ്റെ തന്നെ ഉത്തരവാദിത്തത്തിൽ.

സ്വാതന്ത്ര്യം മാത്രമില്ല; ഉത്തരവാദിത്വത്തോടെയല്ലാതെ. 

ചിന്തയിൽ മാറാത്തവർക്ക് പ്രയോഗത്തിൽ എങ്ങിനെ സ്വാതന്ത്ര്യം?

*****

വെറും വാക്കുകൾ വെറുതെ.

ഉള്ളു പൊള്ളയായ വെറും വാക്കുകൾ വെറുതെ മുകളിൽ പൊങ്ങിക്കിടക്കും. 

ഉള്ളു പൊള്ളയായ വെറും വാക്കുകൾ

ഏറിയാൽ ഏറെ ശബ്ദവും ഉണ്ടാക്കും...

*****

ഭൂരിപക്ഷം പണ്ഡിതന്മാരും പുരോഹിതന്മാരും ജനങ്ങളുടെ പൈസ അനാവശ്യമായി തിന്നുന്നു. 

എന്നിട്ടവർ ദൈവത്തിൻ്റെ വഴിയിൽ നിന്ന് അവരെ തടയുകയും ചെയ്യുന്നു. (ഖുർആൻ)

*****

അനന്തരസ്വത്തിനെ നിങൾ (കണ്ണടച്ച്) മൂക്ക്മുട്ടെ തിന്നുന്നു (നീതിയും അനീതിയും തെറ്റും ശരിയും നോക്കാതെ). 

പണത്തെ നിങൾ അങ്ങേയറ്റം കെട്ടിപ്പുണർന്ന് സ്നേഹിക്കുന്നു." (ഖുർആൻ).







Tuesday, November 22, 2022

ലോകകപ്പ് ഉൽഘാടനവേളയിൽ ഖുർആൻ ചൊല്ലിയപ്പോൾ..

ഖത്തറിൽ ലോകകപ്പ് ഉൽഘാടനം ചെയ്യുന്ന വേളയിൽ ഖുർആൻ സൂക്തം ചൊല്ലിയപ്പോൾ ഇവിടെ പലർക്കും അതിരറ്റ അൽഭുതവും ആഹ്ലാദവും തോന്നി. 

ഒപ്പം സ്വർഗ്ഗത്തിൽ ഇഷ്ടം പോലെ വിതരണം ചെയ്യുന്ന കള്ളും പെണ്ണും ഇല്ലാതെ (ആണുങ്ങളും നൃത്തവും സംഗീതവും ഇപ്പോൾ പ്രശ്നമല്ല) ഇതാദ്യമായി ഖത്തർ മാതൃകയും നെഞ്ചൂക്കും കാണിച്ചെന്ന വിചിത്രവാദവും ഉണ്ടായി. 

തങ്ങൾക്ക് വേണ്ടാത്തത് ബഹുസ്വര സമൂഹത്തിൽ ആർക്കും പാടില്ലെന്ന തികഞ്ഞ അസഹിഷ്ണുതയും ഏകപക്ഷീയതയും. അത് അപ്പടിയേ അടിച്ചേൽപ്പിക്കുന്നത് കാഴ്ചയായി. 

തങ്ങൾക്ക് മറ്റുള്ളവർ തന്ന തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യം തങ്ങൾ മറ്റുള്ളവർക്ക് തങ്ങളുടെ തട്ടകത്തിൽ അനുവദിക്കില്ലെന്ന വാദം. തീർത്തും ശരിയെന്ന മട്ടിൽ.

എന്നതിലപ്പുറം ഖുർആൻ സൂക്തം ചൊല്ലിയത് ഇവിടെ പലർക്കും അവരുടെ ചാക്കിലെ പൂച്ച പുറത്ത് ചാടാൻ മാത്രം ഉപയോഗപ്പെട്ടു. 

പലതും പോലെ ചിലത് എന്ന മട്ടിൽ അവരതെടുത്തില്ല. 

പകരം, ഏറെക്കുറെ അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിലും കുടപിടിക്കും എന്നത് അന്വർത്ഥമാക്കും വിധമായി പലരുടെയും പ്രതികരണം. അവരുടേതായ വാട്സ് ആപ്പ് ഗ്രൂപ്പുകളിലും സ്റ്റാറ്റസുകളിലും പ്രത്യേകിച്ചും. 

എല്ലാം ദരിദ്രൻ്റെയും അറിവില്ലാത്തവൻ്റെയും അഹങ്കാരം പോലെ.

മതേതരത്വവും സ്വാതന്ത്ര്യവും ജനാധിപത്യവും ഇങ്ങിവിടെ ഇന്ത്യയിൽ അലങ്കാരത്തിനും മേമ്പൊടിക്കും പറയുന്നവർക്ക് വരെ. 

വേറൊരു ഗ്രന്ഥത്തിലും അത്രമേൽ നല്ല വചനം ഇല്ലെന്ന മട്ടിൽ. ഒരുതരം വഴിവിട്ട അവകാശവാദത്തോടെ, ഭ്രാന്തമായ വെല്ലുവിളിയോടെ അവർ പെരുമാറി.

താഓ തെച്ചിങ്ങോ, ധമ്മപദയോ, സാദൃശ്യവാക്യമോ, ഗീതയോ, ഗുരുഗ്രന്ഥസാഹിബോ, ഉപനിഷത്തുകളോ, ഒട്ടനവധി സാഹിത്യ ശാസ്ത്ര ഗ്രന്ഥങ്ങളോ വായിച്ചിട്ടോ അവയുമായി ഒരിക്കലും സാധിക്കാത്ത താരതമ്യം നടത്തിയിട്ടോ ആയിരിക്കില്ല അവരുടെ ഇത്തരം വീമ്പുപറച്ചിലും വെല്ലുവിളിയും അവകാശവാദങ്ങളും എന്നത് സുവ്യക്തം. 

അടഞ്ഞ മുറിയെ ലോകമാക്കിയവർക്ക് അല്ലെങ്കിലും എന്ത് താരതമ്യം, എന്ത് വായന, എന്ത് പഠനം? അവർ അപകടകാരികളായ ഭാഗ്യവാന്മാർ.

*****

ഇനി എന്താണ് ഖത്തറിൽ ഉരുവിട്ട ആ സൂക്തം പറയുന്നത്, അർത്ഥമാക്കുന്നത് എന്ന് നോക്കാം.

"നിങ്ങളെ നാം ഒരാണിൽ നിന്നും പെണ്ണിൽ നിന്നും സൃഷ്ടിച്ചു. എന്നിട്ട് നാം നിങ്ങളെ, ഗോത്രങ്ങളും വർഗ്ഗങ്ങളുമാക്കി. (എന്തിന്?) നിങൾ പരസ്പരം അറിയാൻ, പഠിക്കാൻ. ദൈവത്തിങ്കൽ നിങ്ങളിലേറ്റവും ഉത്തമൻ ഏറ്റവും സൂക്ഷ്മബോധമുള്ളവൻ". (ഖുർആൻ). 

പ്രത്യേകിച്ച് ഒരടിസ്ഥാനവും ന്യായവും ന്യായവാദങ്ങളും ഇല്ലാതെ ഒരാണിൽ നിന്നും പെണ്ണിൽ നിന്നും എല്ലാവരെയും സൃഷ്ടിച്ചു എന്ന് ഏകപക്ഷീയമായി പറയുന്നത് അവിടെ നിൽക്കട്ടെ. അത് എന്തിൻ്റെയെങ്കിലും അടിസ്ഥാനത്തിൽ ശരിയോ തെറ്റോ ആവട്ടെ. 

അതിവിടെ തർക്കിക്കുന്നില്ല.

എന്താണ് ഈ സൂക്തം ശരിക്കും അർത്ഥമാക്കേണ്ടത്?

1) പരസ്പരം അറിയാനും അന്വേഷിക്കാനും പഠിക്കാനും വേണ്ടിയാണ് ഇങ്ങനെ സൃഷ്ടിച്ച് വ്യത്യസ്തരാക്കിയത് എന്ന് ഈ സൂക്തം വ്യക്തമായും പറയുന്നു. അല്ലാതെ, നമ്മുടേത് മാത്രം, നമ്മൾ മാത്രം ശരി എന്ന് കരുതാനല്ല. 

2) വിശ്വാസവും മതവും കൊണ്ടല്ല ആരും ദൈവത്തിങ്കൽ ഉത്തമൻ ആവുന്നത് എന്ന് ഈ സൂക്തം വ്യക്തമാക്കുന്നു.

3) സൂക്ഷ്മബോധമുള്ളവൻ ആരോ, അതാരായാലും,  ഏത് മതക്കാരനും ഭാഷക്കാരനും ദേശക്കാരനും ആയാലും, അവനാണ് ദൈവത്തിങ്കൽ ഏറ്റവും ഉത്തമൻ എന്ന് ഈ സൂക്തം അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നു. സൂക്ഷമ്പോധം ജന്മം കൊണ്ട് പതിച്ചുകിട്ടുന്ന, അനുകരിച്ച് കിട്ടുന്ന മഹാഭൂരിപക്ഷത്തിൻ്റെയും വിശ്വാസവും മതവും അല്ലല്ലോ?

4) സൂക്ഷ്മബോധമുള്ളവൻ എന്നാൽ സംശയിച്ചും അന്വേഷിച്ചും കൊണ്ടിരിക്കുന്നവൻ (ജന്മം കൊണ്ട് കിട്ടിയത് കണ്ണടച്ച് വിശ്വസിച്ച് കൊണ്ടുനടക്കുന്നവനല്ല) എന്ന് മാത്രം എങ്ങിനെ വ്യാഖ്യാനിച്ചാലും ഈ സൂക്തം അർത്ഥം തരുന്നു.   

5) സൂക്ഷ്മബോധം പെട്ടെന്ന് കിട്ടുന്ന, വീണുകിട്ടുന്ന ഒന്നല്ല. സൂക്ഷ്മബോധം ക്രമപ്രാവൃദ്ധമായി, മെല്ലെ മെല്ലെ, ശ്രദ്ധിച്ചും ശ്രമിച്ചും മാത്രം വളരുന്ന, വളർത്തേണ്ട തീർത്തും ആത്മനിഷ്ടമായ ഒരു ഗുണം മാത്രം.

6) സൂക്ഷ്മബോധമെന്നാൽ, ജനനം കൊണ്ട് കിട്ടിയത് മാത്രം ശരിയെന്ന് മുൻകൂട്ടി നിശ്ചയിച്ച്, അങ്ങനെ മാത്രം പറഞ്ഞ്, അതിൻ്റെ അടിസ്ഥാനത്തിൽ കതകടച്ച്, കണ്ണടച്ച്, മുഖംമൂടിയിരുന്ന്  അസഹിഷ്ണുതയും തീവ്രതയും കാണിക്കുന്നതല്ല. ഈ സൂക്തത്തിൻ്റെ അർഥത്തിലും പരിപ്രേക്ഷ്യത്തിലും സൂക്ഷ്മബോധമുള്ളവൻ ഈ കേട്ടുകേൾക്കുന്ന പൊതു മുസ്ലിമോ ക്രിസ്ത്യാനിയോ ജൂതനോ ഹിന്ദുവോ അല്ല.  

7) അങ്ങനെ, ജനനം കൊണ്ട് കിട്ടിയ മതം വെച്ച് തനിക്ക് കിട്ടിയത് മാത്രം ശരിയെന്ന് മുൻകൂട്ടി നിശ്ചയിച്ച്, പറഞ്ഞ്, കതകടച്ച്, കണ്ണടച്ച്, മുഖംമൂടിയിരുന്ന്  അസഹിഷ്ണുതയും തീവ്രതയും കാണിക്കുന്നതല്ല സൂക്ഷ്മബോധം. 

8) അറബിക്കും അറബി ഭാഷക്കും അറബിഭാഷയിലുള്ള ഒരേയൊരു ഗ്രന്ഥത്തിനും മാത്രം സവർണ്ണ മേൽക്കോയ്മ ഇല്ലെന്നും ഈ സൂക്തം അതുകൊണ്ട് തന്നെ വ്യക്തമാക്കുന്നു.

9) വായിക്കാൻ ആഹ്വാനം ചെയ്യുന്ന ഗ്രന്ഥം. പക്ഷേ ആ ഗ്രന്ഥം തന്നെ സ്വതന്ത്ര വായനയെ തടസ്സപ്പെടുത്തും വിധം, നിങ്ങൾക്ക് വിശ്വാസവും വൃത്തിയുമില്ലെങ്കിൽ ആരും തൊട്ടുപോകരുത്, (ഒരു വലിയ കാലം വരെ) പരിഭാഷപ്പെടുത്താൻ പോലും പാടില്ല എന്ന് പറയുമെന്ന് ഈ സൂക്തം അർത്ഥമാക്കിയില്ല.

10) അങ്ങനെയല്ലെങ്കിൽ ഖത്തറിൽചൊല്ലിയ സ സൂക്തമുള്ള ഇത്തരമൊരു ഗ്രന്ഥം വല്ലാത്ത ഗ്രന്ഥം തന്നെയെന്ന് വരും. ഇത്തരമൊരു ഗ്രന്ഥം നടത്തുന്ന ആഹ്വാനം  വല്ലാത്ത ആഹ്വാനം എന്ന് തന്നെ പറയേണ്ടി വരും.

11) അതുകൊണ്ട് തന്നെ അത്തരമൊരു ഗ്രന്ഥം നേരെ തിരിച്ച്, "(വിശ്വാസികളായ) വൃത്തിയുള്ളവരല്ലാത്ത ആരും അത് (ഖുർആൻ) തൊടുകയില്ല (തൊടരുത്)" (ഖുർആൻ) എന്ന് പറഞ്ഞുവെക്കുക സാദ്ധ്യമല്ല, കടകവിരുദ്ധമാണ്.

12) അറബിയിലുള്ള ഖുർആൻ തൊടാൻ പാടില്ല. പരിഭാഷയായ ഖുർആൻ തൊടാം എന്നും ഖത്തറിൽ ചൊല്ലിയ ആ മഹത്തായ വചനം ഉണ്ടെന്ന് പറയുന്ന ഗ്രന്ഥം പറയില്ല. 

13) അറബിഭാഷ സവർണഭാഷയാണ് എന്ന അയിത്തം കലരുന്ന ധ്വനി അത്തരമൊരു ഗ്രന്ഥം പറഞ്ഞുവെക്കുകയില്ല, വെക്കരുത്.

Monday, November 21, 2022

എല്ലാ ബീജവും ഗർഭം ധിരിപ്പിക്കുന്നില്ല. ചോദിക്കുന്നവന് വേണ്ടി മാത്രമല്ല ഉത്തരം.

എല്ലാ ബീജവും ഗർഭം ധിരിപ്പിക്കുന്നില്ല. 

എല്ലാ വിത്തുകളും മുളക്കുന്നുമില്ല.

എന്നിരുന്നാലും ഒരായിരം വിത്തുകൾ, ഒരു കോടി ബീജങ്ങൾ. 

വെറും വെറുതെ എന്ന  പോലെ. പരാജയങ്ങൾ വിജയത്തേക്കാൾ ഒരേറെ എന്ന പൊലെ എല്ലാ ബീജങ്ങളും ശ്രമങ്ങളും ചോദ്യങ്ങളും. 

മണ്ണും വിണ്ണും മുഴുവൻ ശരീരങ്ങളും അതിന് സാക്ഷി, തെളിവ്.

*******

അതുപോലെ തന്നെ ഒരുത്തരത്തിന് ഒരു നൂറായിരം ചോദ്യങ്ങൾ. വ്യത്യസ്ത ദിശകളിൽ നിന്ന്, വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്ന് പല ചോദ്യങ്ങൾ.

ഒരു ചോദ്യത്തിന് ഒരു നൂറായിരം ഉത്തരങ്ങൾ. എല്ലാ വ്യത്യസ്ത ദിശകളെയും പശ്ചാത്തലങ്ങളെയും കൈകാര്യം ചെയ്യാൻ ഒരു കുറേ ഉത്തരങ്ങൾ.


*****

അങനെ നൂറായിരം ഉത്തരങ്ങളും ചോദ്യങ്ങളും വെറും വെറുതെ ആകുമെന്ന ഉറച്ച ബോധ്യത്തിൽ തന്നെയാണ് അപ്പൂപ്പൻ താടികൾ പാറിപ്പറന്നു നടക്കുന്നത്. 

ഉത്തരം തേടുന്ന ചോദ്യങ്ങളായും ചോദ്യങ്ങൾ തേടുന്ന ഉത്തരങ്ങളായും. 

കാലവും സ്ഥലവും കടന്ന് എവിടെയെങ്കിലും എപ്പോഴെങ്കിലും മുളക്കാൻ. മുളക്കുമെന്ന ആ ഉറപ്പ് വെച്ച്.

******

ചോദിക്കുന്നവന് വേണ്ടി മാത്രമല്ല ഉത്തരം. 

ചോദിക്കുന്നവർ വെറും ഒരു കരണം മാത്രം. ചോദ്യവും അപ്പടി. 

ഉത്തരമായ കാര്യം കാരണത്തിനും മുൻപേ ഉണ്ട് എന്നത് കൊണ്ടുണ്ടാവുന്ന കാരണം, ചോദ്യം, ചോദ്യകർത്താവ്. 

കാരണത്തിനും മുൻപും കാര്യം ഉള്ളത് കൊണ്ടുണ്ടാവുന്ന ചോദ്യമായ ചോദ്യ കർത്താവായ കാരണം.

*****

ചോദിക്കുന്നവൻ്റെ ഒരേയൊരു ചോദ്യം കേട്ടുമല്ല ഉത്തരം.

ചോദിക്കുന്നവനിൽ ഒരു നൂറായിരം മറ്റ് ചോദ്യകർത്താക്കൾ കൂടിയുണ്ട് ഉത്തരം പറയുന്നവന്. 

ഒന്ന് കാണുമ്പോൾ ഒരു നൂറായിരം കാണാൻ കഴിയുന്നവൻ യഥാർത്ഥ ഉത്തരം പറയുന്നവൻ. 

ഒരു ഡിഎൻഎ എന്ന സൂചന കൊണ്ട് മാത്രം ഒരു വലിയ ശരീരവും മുഴുജീവിതരീതികളും മുൻകൂട്ടി കാണാനാവുന്നവനും ഉണ്ടാക്കാനാവുന്നവനും യഥാർത്ഥ കാഴ്ചയുള്ളവൻ, ഉത്തരം പറയുന്നവൻ.

ഒരു ചോദ്യത്തിൽ ഒരു നൂറായിരം മറ്റ് ചോദ്യങ്ങളും ഉണ്ട് ഉത്തരം പറയുന്നവന്.

ചോദിക്കുന്നവൻ ചോദിക്കാത്തതും ഉത്തരം പറയുന്നവന് ചോദ്യങ്ങളായി കേൾക്കാം.

*****

ഏറിയാൽ ചോദിക്കുന്നവന് കൂടിയാണ് ഉത്തരം എന്ന് വന്നേക്കാം. 

പക്ഷേ ചോദിക്കുന്നവന് വേണ്ടി മാത്രമല്ല ഉത്തരം.

അതുകൊണ്ട് തന്നെ ചോദിക്കുന്നവൻ്റെ ചോദ്യത്തിൻ്റെ വേര് മുറിക്കാനും പശ്ചാത്തലം കൈകാര്യം ചെയ്യാനും മാത്രമായിരിക്കില്ല ഉത്തരം.

മറ്റ് നൂറായിരം വേരുകൾ കൂടി മുറിക്കാനും, മറ്റ് നൂറായിരം പശ്ചാത്തലങൾ കൂടി കൈകാര്യം ചെയ്യാനും വേണ്ടിയായിരിക്കും ഉത്തരം.

ചോദിക്കുന്നവനെ പോലെ ഒരു നൂറായിരം പേർക്ക് അതുപോലുള്ള ചോദ്യങൾ വ്യത്യസ്തമായ പശ്ചാത്തലത്തിൽ നിന്ന്, വ്യത്യസ്തമായ വേരിറക്കിക്കൊണ്ട് ഉണ്ട്, ഉണ്ടാവും എന്ന് ഉത്തരം പറയുന്നവൻ അറിയുന്നതിനാൽ.

******

ചോദിക്കുന്നവന് വേണമെന്നത് കൊണ്ട് ഉണ്ടെന്ന് പറയാനല്ല ഉത്തരം. 

ചോദിക്കുന്നവന് വേണ്ട എന്നത് കൊണ്ട് ഇല്ലെന്ന് പറയാനുമല്ല ഉത്തരം. 

ഉത്തരം യഥാർഥത്തിൽ ഉളളത് വെച്ചും യഥാർഥത്തിൽ ഇല്ലാത്തത് വെച്ചുമാണ്. ഉത്തരം പറയുന്നവൻ്റെ അത്തരത്തിലുള്ള ബോധ്യത വെച്ച്.

ചോദിക്കുന്നവർ ആവശ്യപ്പെടുന്ന മേമ്പൊടികൾ മാത്രം ചേർത്ത് പറയുന്നതുമല്ല ഉത്തരം. 

അങ്ങനെയല്ല ഉത്തരം പറയുന്നത്. ഏറിയാൽ ഷീലയും അളവും ചോദിക്കുന്നവൻ്റെത് കൂടിയാവും എന്ന് മാത്രം.അങ്ങനെ അല്ലാതെയും ആവും.

ഉത്തരം പറയുന്നത് വെറും വസ്ത്രം തുന്നുന്നത് പൊലെ മാത്രമല്ല.

ചോദ്യകർത്താവിന് വേണ്ടി മാത്രമല്ല; സർവർക്കും വേണ്ടിയാണ് യഥാർത്ഥ ഉത്തരം. സർവകാലത്തേക്കും വേണ്ടി. 

ഉത്തരം പറയുന്നവൻ്റെ കൊമ്പുകൾ ഉയരുന്നത് ആകാശത്തേക്കാണ്. ചോദ്യങ്ങൾ ഉയിരിട്ട മണ്ണിലേക്കല്ല.

ചോദിക്കുന്നവൻ്റെ വാശിയിലും നിർബന്ധത്തിലും നിർവചനത്തിലും കുടുങ്ങി ഒതുങ്ങാനുള്ളതല്ല ഉത്തരവും ഉത്തരം പറയുന്നവനും. 

മണ്ണിൻ്റെ തനി നിറവും മണവും തന്നെ തണ്ടിലും ഇലയിലും പൂവിലും പഴത്തിലും പ്രതീക്ഷിക്കരുത്.

വിത്ത് മണ്ണിനെയും മണ്ണ് വിത്തിനെയും ചുരുക്കുന്നില്ല. ആവുന്നത് സാധിക്കുകയും സാധിപ്പിക്കുകയും അല്ലാതെ. പരസ്പരം അവരവരുടെ പാട്ടിന് വിട്ടുകൊണ്ട്.

******

പലർക്കും അവർക്ക് ബോധ്യപ്പെട്ട, അവരിൽ നിന്നും യഥാർഥത്തിൽ വരുന്ന, അവർക്ക് തന്നെ തോന്നുന്ന ചോദ്യങ്ങൾ ഇല്ല, ഉണ്ടാവണം എന്നില്ല. 

എന്നത് കൂടി കൊണ്ടാണ് ഉത്തരം അങ്ങനെ പല ദിശകളിലേക്ക് പല മാനങ്ങൾ തേടി ആവുന്നത്. അപ്പൂപ്പൻ താടി പോകും പൊലെ.

യഥാർത്ഥ ചോദ്യം വേറെ എവിടെയെങ്കിലും, വേറെ ഏതെങ്കിലും ദിശയിൽനിന്നും മാനത്തിൽ നിന്നും കൂടി ഉണ്ടാവും എന്നതിനാൽ. 

യഥാർത്ഥ മുളപ്പിക്കുന്ന മണ്ണ് പിന്നെയും വേറെ എവിടെയൊക്കെയോ ഉണ്ടാവും എന്ന ഉത്തമ ബോധ്യത്തോടെ.

******

എന്നാലും ചിലർ ചോദിക്കും, ചോദിക്കുന്നത് പോലെ തോന്നിപ്പിക്കും. 

അങനെ വെറും വെറുതെ ചോദിക്കുന്നവർ ചോദ്യം ഗർഭം ധരിക്കില്ല. 

വെറും വെറുതെ ചോദിക്കുന്നവർക്ക് ഗർഭം ധരിക്കാൻ സാധിക്കില്ല. അവർ പ്രായപൂർത്തി ആയവരല്ല. ഗർഭം ധരിക്കാനുള്ള ഗർഭപാത്രം അവർക്കില്ല.  അതവരുടെ കുറ്റവും അല്ല.

എല്ലാ കല്ലുകളും മാവ് വെക്കാൻ മാത്രം ചൂടായിരിക്കില്ല. നിങൾ കുഴച്ച് വെച്ച മാവ് കേടാവും. 

ആ വഴിയിൽ (നിങ്ങളുടെ ഉത്തരം കൊണ്ട്) ആ കല്ലും കേടാവും. അനുകരിച്ച് വിശ്വസിച്ച ഓരോ വിശ്വാസിയേയും പോലെ. 

താങ്ങാൻ പറ്റാത്തത്, ആരോ പറഞ്ഞത് പൊലെ, കഴുത പേറും പോലെ പേറുന്നവവർ മാത്രമവർ.

നാക്കിൽ ആരോ വെച്ച് കൊടുത്ത ചോദ്യം അവരിലും ഉണ്ടാവും. നാക്ക് ചോദിച്ചത് കൊണ്ട് മാത്രം ചോദിക്കുന്നവർ ചോദ്യം ചോദിക്കുന്നില്ല. 

പുസ്തകം ഭാരമായി പേറുന്നത് കൊണ്ട് മാത്രം കഴുത പുസ്തകങ്ങളുടെ ഉള്ളടക്കം അറിയുന്നില്ലാത്തത് പൊലെ.

****

അവർ യഥാർഥത്തിൽ ഗർഭം ധരിക്കുമായിരുന്നുവെങ്കിൽ മറ്റാരും അവർക്ക് ഉത്തരം നൽകേണ്ടി വരില്ല. അവരിൽ നിന്ന് തന്നെ അവർക്ക് ഉത്തരം ജനിക്കുമായിരുന്നു.  

കുഞ്ഞ് ജനിക്കും പോലെ. മുട്ട വിരിയും പോലെ. വിത്ത് തന്നെ വൃക്ഷം ആകും പോലെ. സ്വയം ഇണ തേടി ഗർഭം ധരിക്കും.

നിങൾ നൽകുന്ന ഉത്തരവും (ബീജം മാത്രം) അവരുടെ ഉത്തരം പോലെ ആകുമായിരുന്നു. 

അവർക്ക് അവരോട് പറയാനുള്ള ഉത്തരം പോലെ.

അവരിൽ നിന്ന് തന്നെ ഉത്തരം ജനിക്കാത്തവർക്ക് മാറ്റര് എന്തുത്തരം നൽകിയാലും മതിയാവില്ല. 

എന്നല്ല അവർ നിങൾ നൽകുന്ന ആ ഉത്തരത്തിൽ പ്രശ്നവും പ്രയാസവും കുറ്റവും കുറവും കണ്ടെത്തും.

കാരണം, ചോദ്യം ഇല്ലാത്തവന് വിശപ്പില്ല. അവന് ഉത്തരം രുചിക്കാൻ സാധിക്കില്ല. വിശക്കാത്തവന് ഭക്ഷണം രുചിക്കാൻ സാധിക്കാത്തത്  പോലെ. 

അവൻ ഭക്ഷണത്തിന് ഒരേറെ കുറ്റം പറയും, കണ്ടെത്തും.  

യഥാർഥത്തിൽ അവന് വിശപ്പ് ഇല്ലാത്തതാണ് പ്രശ്നം എന്ന് മനസിലാക്കാതെ. ഭക്ഷണം രുചിക്കാൻ കഴിയാത്ത രോഗം അവനുണ്ട് എന്നറിയാതെ.

കാമം ഇല്ലാത്തവനും ഇല്ലാത്തവൾക്കും എന്ത് പുരുഷൻ, എന്ത് സ്ത്രീ?

അവൻ ഭാഗ്യവാൻ. നിർഗുണൻ. 

ഒരു ഗുണവും തിരിച്ചറിയാൻ സാധിക്കാത്ത, ഒരു ഗുണവും പ്രതിബിംബിക്കാത്ത നിർഗുണൻ.

Sunday, November 20, 2022

ക്രൂരവിനോദം: പുണ്യമെന്ന് പേര് വീണ കുറേ വിനോദയാത്രകൾ.

ഉംറ, ഹജ്ജ്, മറ്റ് പുണ്യമെന്ന് പേര് വീണ കുറേ വിനോദയാത്രകൾ. 

എന്താണ്, എന്തിനാണ് എന്ന് പോലും മനസ്സിലാകാത്ത കുറേ മനുഷ്യർ. 

അവർ ലക്ഷങ്ങൾ പൊടിപൊടിക്കുന്നു. 

അതിൻ്റെ പത്തിലൊന്ന് പോലും സ്വന്തം മക്കളുടെയോ മരുമക്കളുടെയോ വിദ്യാഭ്യാസത്തിന് വേണ്ടി അബദ്ധവശാൽ പോലും ചിലവഴിക്കാത്ത അതേ കൂട്ടർ. 

ഇത്തരം സമൂഹം എങ്ങിനെ ഗുണം പിടിക്കും?

****

ശരിയാണ്. 

ഇതൊരു വ്യവസായവും കച്ചവടവും ആണ്.

ഇതുകൊണ്ട് മാത്രം ജീവിക്കുന്നവരുടെ ജീവിതവഴിയാണ് ഇത്. 

അതങ്ങനെ തന്നെ മനസ്സിലാക്കി ചെയ്താൽ സംഗതി ശരിയാണ്. 

എന്തും ഏതും ശരിയാണ്.

ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ശ്വസിക്കുകയും ഉറങ്ങുകയും മാത്രമല്ലല്ലോ ജീവിതം...??? 

ചുരുങ്ങിയത് അങ്ങനെ ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ശ്വസിക്കുകയും ഉറങ്ങുകയും മാത്രം ആക്കിക്കൂടല്ലോ ജീവിതത്തെ...???

*****

ഇവിടെ വിഷയം വേറൊന്നാണ്.

ജീവിക്കാൻ വകയില്ലാത്തവർ. 

ഒപ്പം വിശ്വാസവും അതിൻ്റെ എന്തെങ്കിലും അടിസ്ഥാനവും അറിയാത്തവർ. 

അവർ ഇതിൻ്റെ പേരിൽ വഞ്ചിക്കപ്പെടുന്നതാണ് കാര്യം. 

മക്കളുടെയും പേരമക്കളുടെയും മരുമക്കളുടെയും നല്ല വിദ്യാഭ്യാസത്തിന് യഥാർഥത്തിൽ ഒന്നും ചെയ്യാത്തവരും ചെയ്യാനാവാത്തവരും ആണ് ഇവരെന്നും ഓർക്കണം. 

ഇവർ യഥാർഥത്തിൽ സ്വന്തമായി ഒന്നും ചെയ്യാൻ സാധിക്കാത്തവരാണെന്നും. 

ആരൊക്കെയോ ബലൂണിൽ എന്ന പോലെ ഊതിവീർപ്പിച്ച് മാത്രം ഉണ്ടായ ബോധവും  വിവരവും, പിന്നെ ആരുടെയൊക്കെയോ അദ്ധ്വാനവും പൈസയും എങ്ങിനെയൊക്കെയോ സംഘടിപ്പിച്ചാണ് പലരും ഇത് ചെയ്യുന്നതെന്നും ഓർത്താൽ സംഗതിയുടെ ക്രൂരവിനോദ സ്വഭാവം മനസ്സിലാകും. 

പ്രത്യേകിച്ചും ഇതൊരു കച്ചവടമാക്കുന്നവരുടെ, അങ്ങനെ മാത്രം ഇവരെ ചൂഷണം ചെയ്യുന്നവരുടെ ക്രൂരവിനോദ സ്വഭാവം.

****

നേരിട്ടുള്ള അനുഭവം വെച്ചും, നേരിട്ടറിയുന്ന കുറേ ആകുകളെ അറിഞ്ഞും നിരീക്ഷിച്ചും തന്നെ പറഞ്ഞതാണ്, പറയുന്നതാണ് ഇത്. 

ഒരു സംശയവും ഇല്ലാത്ത വിധം. 

ഒന്നും തിരിയാത്ത കുറേ പെണ്ണുങ്ങൾ ആണ് ഈ കച്ചവടത്തിലും ചൂഷണത്തിലും ഏറെയും വീഴുന്നതും പോകുന്നതും എന്നത് കണ്ടാലും നോക്കിയാലും തന്നെ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാവും.


Friday, November 18, 2022

പിന്നെ മനസ്സിലാകാത്തത്.

 പിന്നെ മനസ്സിലാകാത്തത്.


ജാതിയും മതവും തിരിച്ചുള്ള (പ്രത്യേകിച്ചും മതം തിരിച്ചുള്ള) സംവരണം എപ്പോഴും തുടരണമെന്നത്. 


ജാതിയും മതവും തിരിച്ചുള്ള സംവരണമേ എപ്പോഴും പാടുള്ളൂ എന്നത്. 


എത്ര സംവരണം ഏത്രകാലം കൊടുത്താലും പിന്നോക്കക്കാരൻ പിന്നോക്കക്കാരൻ തന്നെയായിത്തന്നെ തുടരണമെന്നത്. 


ഒരിക്കലും സാമ്പത്തികമായ പിന്നോക്കം ആയിരിക്കരുത് സംവരണത്തിന് അടിസ്ഥാനം എന്നത്. 


പിന്നോക്കജാതിയിലെ മുന്നോക്കക്കാരന് എപ്പോഴും സംവരണം കിട്ടണമെന്നത്. 


മുന്നോക്കജാതിയിലെ പിന്നോക്കക്കാരന് ഒരിക്കലും സംവരണം കിട്ടരുതെന്നത്.

Thursday, November 17, 2022

ജീവിച്ചു തീർക്കുക മാത്രം. അല്ലാതൊരു മോക്ഷമില്ല.

ജീവിച്ചു തീർക്കുക മാത്രം. 

അല്ലാതൊരു മോക്ഷമില്ല. 

മോക്ഷം അന്വേഷിക്കാനും തേടാനുമില്ല. 

മോക്ഷം അന്വേഷിക്കാനും തേടാനുമില്ല എന്നറിയുന്നതും മോക്ഷം.

*****

ചിന്തിച്ചാലും ഇല്ലെങ്കിലും, 

അറിഞ്ഞാലും ഇല്ലെങ്കിലും, 

കണ്ടാലും കണ്ടില്ലെങ്കിലും 

ഉളളത് ഉളളത് തന്നെ, 

വാസ്തവം വാസ്തവം തന്നെ, 

വസ്തുത തന്നെ. 


അറിഞ്ഞില്ല എന്നത്കൊണ്ട് മരിച്ച അമ്മ മരിച്ചതല്ലാതെയാവില്ല. 


കണ്ണടച്ച് കണ്ടില്ലെന്നു വരുത്താം. 

ഇരുട്ട് കൊണ്ട് ഓട്ടയടക്കാം. 

പക്ഷേ അറിവില്ലായ്മയെ അറിവാക്കി, ആ അറിവില്ലായ്മയെ തന്നെ ആയുധമാക്കി  യുദ്ധത്തിൽ തുടരുമെന്ന് മാത്രം. 


ജീവിതമെന്ന യുദ്ധം തുടരുമെന്ന് മാത്രം. 

മരിക്കാതിരിക്കാനുള്ള യുദ്ധത്തിൽ തുടരുമെന്ന് മാത്രം.


സ്വന്തത്തിൽ ബോധ്യപ്പെടുന്ന, 

സ്വന്തത്തെ ബോധ്യപ്പെടുത്താനാവുന്ന 

എന്തിനെന്നില്ലാതെ.

എന്തിനെന്നതിന് ഉത്തരമില്ലാതെ.

*****

ജീവിക്കുമ്പോൾ ജീവിച്ചുകൊണ്ട് തന്നെയുള്ള മോക്ഷം മാത്രം. 

മരണാനന്തരം സംഭവിക്കേണ്ട, നേടേണ്ട മോക്ഷമില്ല. 

ഒന്നും ഒന്നുമല്ലെന്നറിയുന്ന, നീയും ഞാനും ഇല്ലെന്നറിയുന്ന മോക്ഷം മാത്രമേ ഉള്ളൂ. 

മരിച്ചാൽ നീ തന്നെയില്ല. പിന്നെയാണോ മോക്ഷം? 

മരിച്ചാൽ ഏറിയാലുള്ളത് നീയില്ലാതാവുന്ന മോക്ഷം.

Wednesday, November 16, 2022

എക്കാലവും മഹാഭൂരിപക്ഷം പന്നിക്കുട്ടികൾ മാത്രം.

മാനുഷികമായ ധർമ്മം, സ്നേഹം എന്നാൽ  ആത്യന്തിക ധർമ്മം, സ്നേഹം എന്നില്ല. 

മനുഷ്യകേന്ദ്രീകൃതമായി, മനുഷ്യൻ മനുഷ്യനെ രക്ഷപ്പെടുത്താൻ വേണ്ടി ഉണ്ടായ, ഉണ്ടാക്കിയ ധർമ്മം, സ്നേഹം മാത്രമത്. 

വേറൊരു ദിശയിൽ നിന്നും മാനത്തിൽ നിന്നും നോക്കിയാൽ മാനുഷികമായ ധർമ്മം, സ്നേഹം എന്നോക്കെ പറഞാൽ തികഞ്ഞ അക്രമം, അധിനിവേശം, വിധ്വംസക പ്രവർത്തനം എന്നൊക്കെ മാത്രം തോന്നാവുന്നത്.

****

പന്നിക്കുട്ടികൾക്കിടയിൽ മുത്ത് വിതറരുതെന്ന് യേശുക്രിസ്തു. 

എന്ത് ചെയ്യാം? 

മുത്തുകൾ വിതറിക്കിടക്കുന്നത് പന്നിക്കുട്ടികൾക്കിടയിൽ തന്നെ. 

കാരണം മറ്റൊന്നുമല്ല. 

എവിടവും എക്കാലവും മഹാഭൂരിപക്ഷം പന്നിക്കുട്ടികൾ മാത്രം.

*****

പേര്‌ ജനാധിപത്യം. 

ഒരു പാർട്ടിക്കും വിവരാവകാശനിയമത്തിന് കീഴില്‍ വരാൻ താല്പര്യമില്ല. 

ഭരിക്കാന്‍ വരുന്നവരെ കുറിച്ച് ജനങ്ങൾ ഒന്നും അറിയരുത്. 

കുറുക്കന്‍ കുറുക്കനാണെന്ന് വരരുത്. 

കുറുക്കന് കുറുക്കനെ സംരക്ഷിക്കണം. 

കോഴികളുടെ മേൽ, കോഴികളുടെ ചിലവിൽ കുറുക്കന് എപ്പോഴും ഭരിച്ച് തന്നെ കഴിയണം.

*****

അധികാരത്തിൻ്റെയും സമ്പത്തിൻ്റെയും പിൻബലത്തോടെ പറയുന്നത് മാത്രമേ ജനങ്ങൾക്ക് സ്വീകാര്യമാകൂ. സത്യമാകൂ. 

അധികാരവും സമ്പത്തും ഇല്ലാതെ നൂറായിരം സത്യം നിങൾ വിളിച്ചു പറഞ്ഞാലും നിങൾ വെറും ഭ്രാന്തൻ, അധികാരവും സമ്പത്തും നിങ്ങളെ കൊല്ലും.

*****

അധികാരത്തിൻ്റെ ബലത്തിൽ വന്നത് മാത്രമെ സ്ഥാപിതമതങ്ങൾ ആയിട്ടുള്ളൂ. 

ഇപ്പൊൾ ഇന്ത്യയിൽ വരെ സംഭവിക്കുന്നതും അതാണ്. 

അധികാരം ഉപയോഗിച്ച് വിശാല ഹിന്ദുസംസ്കാരത്തെ ഒരു സങ്കുചിത സ്ഥാപിതമതം ആക്കുക എന്നത്.

Tuesday, November 15, 2022

രോഗിയെ ഒരുക്കാനും ചികിത്സിക്കാനുമല്ല ബുദ്ധിമുട്ട്.

രോഗിയെ ഒരുക്കാനും ചികിത്സിക്കാനുമല്ല ബുദ്ധിമുട്ട്. 

രോഗിക്ക് ചുറ്റുപാടുള്ളവരെ ഒരുക്കാനും ചികിത്സിക്കാനുമാണ് യഥാർഥത്തിൽ അതിനേക്കാൾ ബുദ്ധിമുട്ട്. 

രോഗിയെ രോഗിയെന്ന് തൊന്നിപ്പിക്കാതെ ചികിത്സിക്കാൻ ചുറ്റുപാടുള്ളവരെ പ്രാപ്തരാക്കാനാണ് ബുദ്ധിമുട്ട്. 

ചുറ്റുപാടുള്ളവർക്ക് മനസ്സിലാവുന്നത് അതുപോലെ രോഗിക്ക് മനസ്സിലാവില്ലെന്ന് ചുറ്റുപാടുള്ളവരെ മനസ്സിലാക്കിക്കൊടുക്കാനാണ് ബുദ്ധിമുട്ട്.

രോഗിക്ക് ബാധകമായത് പലതും അതുപോലെ തന്നെ ചുറ്റുപാടുള്ളവർക്ക് ബാധകമല്ലെന്നും ചുറ്റുപാടുള്ളവർക്ക് ബാധകമായത് പലതും അതുപോലെ തന്നെ രോഗിക്ക് ബാധകമല്ലെന്നും ചുറ്റുപാടുള്ളവരെ ബോധ്യപ്പെടുത്താനാണ് ബുദ്ധിമുട്ട്.     

****

ചിലരങ്ങനെയാണ്. 

അവരെ എല്ലാവരും കേൾക്കണം, പരിചരിക്കണം. 

ആരെയും അവർ കേൾക്കില്ല, പരിചരിക്കില്ല. 

അവർക്ക് അവർ മാത്രം വിഷയം. 

ചുറ്റുപാട് അവർക്ക് വേണ്ടി എന്ത് ചെയ്യുന്നു, ചെയ്യുന്നില്ല എന്നത് മാത്രം അവർക്ക് വിഷയം. 

അവർ ചുറ്റുപാടിന് വേണ്ടി ചെയ്യുന്നതും ചെയ്യാത്തതും അവർക്ക് വിഷയമല്ല. 

*****

സ്വന്തം മനസ്സാക്ഷി കൊണ്ട് പ്രാപഞ്ചികതയുടെ മനസ്സാക്ഷിയെ അന്വേഷിക്കുക, അറിയുക, കാണുക. 

അതിനുള്ള ദൂരം കടക്കുക. 

അതാവണം, അതിനാവണം ചിന്ത, പ്രാർത്ഥന, പ്രകീർത്തനം, പൂജ, ധ്യാനം.


Monday, November 14, 2022

ജീവിതത്തിന് അർത്ഥം എന്തെന്ന് ചോദിക്കുന്നു.

ജീവിതത്തിന് അർത്ഥം എന്തെന്ന് ചോദിക്കുന്നു. 

ചിലരല്ല, ഒട്ടു മിക്കവരും.

എന്താണ് പറയുക? 

എന്ത് ഉത്തരമാണ് നൽകുക?  

ഞാനും നീയും തന്നെ ഇല്ല. 

എന്നറിയുന്നവൻ എന്തുത്തരം നൽകാൻ? എന്തർത്ഥം ഉണ്ടെന്ന് പറയാൻ? 

ഇല്ലാത്ത അർത്ഥം ഉണ്ടെന്ന് പറയാനോ? 

സത്യസന്ധമായി പറഞ്ഞാൽ ഒരർത്ഥവും ഇല്ലെന്ന് മാത്രമല്ലാതെ.

*****

ജീവിതത്തിന് അർത്ഥം എന്ത്?

വ്യക്തതയുള്ള, ബോധ്യപ്പെടുന്ന ഉത്തരം ആരുടെയും കയ്യിലില്ല.

ആർക്കും ശരിയായ ഉത്തരം അറിയില്ല, ആരുടെ കയ്യിലും ശരിയായ വ്യക്തതയുള്ള ഉത്തരം ഇല്ല എന്നത് കൊണ്ട് തന്നെ....., 

അങ്ങനെ ആർക്കും അറിയുന്ന ശരിയായ വ്യക്തതയുള്ള ഉത്തരം ആരുടെ കയ്യിലും ഇല്ല എന്നുറപ്പുള്ളവന്....,

തൻ്റേതായ ഒരുത്തരം, അതെന്തായാലും, ഉണ്ടാക്കിപ്പറയാവുന്നതെ ഉള്ളൂ. പച്ചക്കളവ് പോലെ.

അതാണ് സമർത്ഥരായ പല ഗുരുക്കന്മാരും പുരോഹിതരും ചെയ്യുന്നത്. 

യഥാർത്ഥ  തീർത്ഥം ആർക്കും അറിയില്ല, ആരും രുചിച്ചിട്ടില്ല, ആരുടെ കൈവശവും ഇല്ല  എന്നറിയുന്ന, എന്നുറപ്പുള്ള അവർ.....,

തങ്ങളുടെ  മൂത്രം കൊടുത്തും തീർത്ഥം എന്ന് പറയുന്നു, പറഞ്ഞ് വിശ്വസിപ്പിക്കുന്നു.

ആ നിലക്ക് ജീവിതത്തിന് എന്തർത്ഥം എന്ന ചോദ്യത്തിന് ആർക്ക് വേണമെങ്കിലും, എന്തുത്തരം വേണമെങ്കിലും നൽകുകയാവാം. മൂത്രം തീർത്ഥം എന്ന് പറയും പോലെ. 

ശിഷ്യരായ പൊതുജനം കഴുത എന്ത് ചെയ്യാൻ?

*****

ജീവിതത്തിന് എന്തർത്ഥം?

ഈ ചോദ്യത്തിന് ഉണ്ടെങ്കിൽ ഉള്ള അർത്ഥം പറയണം. 

ഇല്ലെങ്കിൽ ഇല്ലാത്ത അർത്ഥവും അർത്ഥരാഹിത്യവും പറയണം. 

ഉണ്ടെങ്കിൽ ഉള്ള അർത്ഥം ഇല്ലാതാക്കാനും, ഇല്ലെങ്കിൽ ഇല്ലാത്ത അർത്ഥം ഉണ്ടാക്കിക്കൊടുക്കാനുമല്ല ഉത്തരം പറയുന്നത്. 


ഉള്ളത് ഉണ്ട്. 

അത് ഉള്ളത് പോലെ പറയുകയാണ് ഉത്തരം.

ഇല്ലെങ്കിൽ ഇല്ല. അത് ഇല്ലാത്തത് പോലെ പറയുകയാണ് ഉത്തരം.


ഉത്തരം ഉണ്ടാക്കുന്നതല്ല. 

ഉത്തരം ഉണ്ടാകുന്നതാണ്, പറയുന്നതാണ്. 

ഉളളത് ചൂണ്ടിക്കാണിച്ച് പറഞ്ഞു വരുമ്പോൾ ഉണ്ടാവുന്നത് ഉത്തരം.

*****

ജീവിതത്തിന് അർത്ഥം എന്ത്?

ഈ ചോദ്യത്തിന് ഒരൊറ്റ ഉത്തരം മാത്രം. 

എങ്ങിനെ ഏത് ഭാഗത്ത് നിന്ന് നോക്കിപ്പറഞ്ഞാലും ജീവിതത്തിന്, ജീവിക്കുന്നവന് ബോധ്യപ്പെടുന്ന ഒരർത്ഥവും ഇല്ല, ഉണ്ടാവാൻ തരമില്ല. 

ആപേക്ഷികമായി അവൻ സ്വയം ഉണ്ടാക്കുന്ന, ഉണ്ടെന്ന് കരുതുന്ന, ഉണ്ടെന്ന് വരുത്തുന്ന, തന്നെത്താൻ സ്ഥാപിക്കാനായി നടത്തുന്ന ശ്രമത്തിൻ്റെ അർത്ഥമല്ലാതെ ജീവിതത്തിന് അർത്ഥമില്ല. 

മനുഷ്യരുടെ കാര്യത്തിൽ മനുഷ്യ വംശം നിലനിർത്താനുള്ള മനുഷ്യരുടെ ശ്രമം മാത്രമല്ലാതെ (കൊറോണയുടെ കാര്യത്തിൽ കാണിച്ച ജാഗ്രത പോലെയല്ലാതെ) ഒരർത്ഥവും ജീവിതത്തിന് ഇല്ല. 

ആത്യന്തികതയിൽ ബാധകമല്ലാത്ത, യഥാർഥത്തിൽ ഒരു നിലക്കും ബാധകമല്ലാത്ത, മുഴുത്വത്തിൽ നിലനിൽക്കാത്ത ആ ആപേക്ഷികമായ  അർത്ഥം ഒഴികെ ഒരർത്ഥവും ജീവിതത്തിന് ഇല്ല. 

******

ജീവിതം എന്തോ അത്, എങ്ങനെയോ അങ്ങനെ. അത്രമാത്രം ജീവിതം. അത് മാത്രം ജീവിതത്തിൻ്റെ അർത്ഥം.

ജീവിതത്തിന് നാം മനസിലാക്കേണ്ട, നമുക്ക് മനസിലാക്കാനാവുന്ന അർത്ഥം ഇല്ലെന്ന് മൂന്ന് രീതിയിൽ പറയാം. 

അഥവാ നാം നമ്മുടെ ജീവിതത്തിൽ ആപേക്ഷികമായി ഉണ്ടാക്കുന്ന, അവിടെ തന്നെ തീരുന്ന അർത്ഥം മാത്രമേ ഉള്ളൂവെന്ന് മൂന്ന് രീതിയിൽ പറയാം.

മൂന്ന് രീതിയിൽ പറഞ്ഞാലും ജീവിതം അങ്ങനെ മാത്രം. ജീവിക്കുന്നവനെ സംബന്ധിച്ചേടത്തോളം ബാധ്യത പോലെ ഉണ്ടാക്കി വരുത്തിത്തീർക്കാനുള്ള  അർത്ഥം ഇല്ലാതെ. സംഭവിക്കുന്നത് പോലെ  സ്വാഭാവികമായി സംഭവിക്കുന്ന ഒരു ജീവിതം മാത്രം.

1. ജീവിതം തനിയേ ഉണ്ടായതാണെന്ന് വെക്കുക. യാദൃശ്ചികം എന്ന്. 

ജീവിതം തീരുമാനിച്ചു സംവിധാനിവെച്ചുണ്ടാക്കിയ ഒരു ബോധവും ശക്തിയും അപ്പുറം ഇല്ലാതെ എന്ന് വെക്കുക.

ജീവിതം തനിയേ ഉണ്ടായതാണെങ്കിൽ, യാദൃശ്ചികമാണെങ്കിൽ പിന്നെ ജീവിതത്തിന് എന്തർത്ഥം ഉണ്ടാവാനാണ്? 

അർത്ഥം ഉണ്ടാവില്ല, ഉണ്ടാവേണ്ടതില്ല. എന്തോ അത്, എങ്ങിനെയോ അങ്ങനെ എന്ന് മാത്രമല്ലാതെ 

പ്രത്യേകിച്ച് അർത്ഥം നിശ്ചയിക്കാനും കൽപിക്കാനും ആരും പുറത്ത് ഇല്ലെന്നിരിക്കെ. ഏറിയാൽ തന്നെത്താൻ തോന്നുന്ന, തന്നെത്താൻ ഉണ്ടാക്കിയെടുക്കുന്ന അർത്ഥം മാത്രമല്ലാതെ.

കാരണം മറ്റൊന്നുമല്ല. ആരും എന്തെങ്കിലും  ലക്ഷ്യവും അർത്ഥവും വെച്ച് ഉണ്ടാക്കിയതല്ലല്ലോ ആ വിധം പറഞാൽ ജീവിതം? 

ആർക്കും എന്തെങ്കിലും ലക്ഷ്യവും അർത്ഥവും നേടാനുള്ളതും അല്ലല്ലോ ആ വിധം പറഞാൽ ജീവിതം? 

വെറും തനിയേ മാത്രം ഉണ്ടായ ജീവിതം. 

അങ്ങനെയെങ്കിൽ, ജീവിതം എങ്ങിനെയോ അങ്ങനെ എന്ന് മാത്രം മനസിലാക്കണം. 

നിങൾ നിങ്ങളുടെ ജീവിതം കൊണ്ട് ഉണ്ടാക്കുന്ന, വരുത്തിത്തീർക്കുന്ന അർത്ഥം ഉണ്ടായാലും ഉണ്ടെങ്കിലും പ്രശ്നമില്ലാത്ത ജീവിതം.

2. ജീവിതം ദൈവം ഉണ്ടാക്കിയതാണെന്ന് വെക്കുക. ദ്വൈത ചിന്തയിൽ പറയും പോലെ. 

തീരുമാനിച്ചു സംവിധാനിച്ചുണ്ടാക്കിയ ഒരു ബോധവും ശക്തിയും അപ്പുറം ഉളളത് പോലെ.

ജീവിതം (എന്നേയും നിന്നേയും) ദൈവം ഉണ്ടാക്കിയതാണെങ്കിൽ ജീവിതത്തിൻ്റെ അർത്ഥം ദൈവം മാത്രം അറിയുന്നു. 

ആ അർത്ഥം അതുണ്ടാക്കിയവൻ്റെ ബാധ്യത, ബോധ്യത.

ആ നിലക്ക് നിൻ്റെയും ജീവിതത്തിൻ്റെയും അർത്ഥം നീ  അറിയില്ല, അറിയേണ്ടതില്ല. അറിഞ്ഞാലും ഇല്ലെങ്കിലും ഫലം ഒന്ന്. 

അറിഞ്ഞാലും അറിഞ്ഞില്ലേലും, നീ ബോധപൂർവം ഉണ്ടാക്കിയാലും ഉണ്ടാക്കിയില്ലങ്കിലും ഉണ്ടാവേണ്ട അർത്ഥം ഉണ്ടാവും. നടക്കേണ്ട ധർമ്മം നടക്കും. നീ അറിയാതെയും നടക്കും നിൻ്റെ അർത്ഥം, ധർമ്മം. നിൻ്റെ സ്വഭാവമായിത്തന്നെ നടക്കും. എന്തോ അത് പോലെ. എങ്ങിനെയോ അങ്ങനെ ആയിത്തന്നെ.

കാരണം, ദൈവം ഉദ്ദേശിച്ച അർത്ഥം ഉണ്ടാവാതിരിക്കാൻ തരമില്ല. 

ദൈവം ദൈവം തന്നെയെങ്കിൽ നിന്നിലൂടെയും ജീവിതത്തിലൂടെയും ആ അർത്ഥം ഉണ്ടാക്കാൻ ദൈവം പ്രാപ്തനല്ലെന്ന് വരില്ല. 

എങ്കിൽ ഉച്ചരിക്കപ്പെട്ട ഒരു വാക്ക്. നീയും ഞാനും.  

ഉച്ചരിച്ചവനും അത് കേൾക്കുന്നവനും ആ വാക്കിൻ്റെ അർത്ഥം അറിയും. 

ഇവർക്ക് രണ്ട് പേർക്കുമിടയിൽ സഞ്ചരിക്കുന്ന ഉച്ചരിക്കപ്പെട്ട വാക്ക് (നീയും ഞാനും ജീവിതവും) അതിൻ്റ അർത്ഥം അറിയില്ല, അറിയാനും വരുത്താനും ബാധ്യസ്ഥനല്ല. 

സ്വയം അർത്ഥം അറിയാതെയും ആ വാക്ക് അർത്ഥം കൊടുത്ത് കൊണ്ടിരിക്കുമ്പോൾ തന്നെ. 

എങ്ങിനെയോ അങ്ങനെ ആയിക്കോണ്ട്. എന്തോ അതായിക്കൊണ്ട്.

അതുകൊണ്ട്, അപ്പോഴും ജീവിതം (ഒപ്പം നീയും ഞാനും) എങ്ങിനെയോ അങ്ങനെ, എന്തോ അത്.

3. ഇനി ദൈവം തന്നെയാണ് ഞാനും നീയും ജീവിതവും എന്ന് വെക്കുക. അദ്വൈതത്തിൽ പറയും പോലെ.

എങ്കിൽ അപ്പോഴും അറിയുക :   

ജീവിതത്തിന് ഒരർത്ഥവും ഇല്ലെന്ന്. 

ദൈവത്തിന് എന്തർത്ഥമാണ് ഉണ്ടാവുക? 

ദൈവത്തിനു അർത്ഥം ഉണ്ടാവുക തരമില്ല. 

അഥവാ ദൈവത്തിന് ഒരു അർത്ഥം ഉണ്ടെൻകിൽ തന്നെ ആ അർത്ഥമാണ് നിൻ്റെയും ജീവിതത്തിൻ്റെയും അർത്ഥം

ദൈവം അല്ലാത്തതുണ്ടെങ്കിൽ മാത്രമല്ലേ ദൈവത്തിൻ അർത്ഥം ഉണ്ടാവുക? 

ദൈവം മാത്രമായാൽ എന്തർത്ഥം, എങ്ങിനെ അർത്ഥം, എന്തിന് അർത്ഥം? 

ദൈവത്തിന് ആരെ അറിയിക്കാനും ആരെ ബോധ്യപ്പെടുത്താനും ഉള്ള എന്തർത്ഥം ഉണ്ടാവാൻ? 

ദൈവം എന്നാൽ എന്തോ അത്, എങ്ങിനെയോ അങ്ങനെ എന്ന് മാത്രമല്ലാതെ. 

അപ്പോൾ, അതിനാൽ നീയും ജീവിതവും എന്തോ അത്, എങ്ങനെയോ അങ്ങനെ.

*****

ചിലർക്കെങ്കിലും എന്തുത്തരം നൽകിയാലും മതിയാവില്ല. 

കാരണം, ഉത്തരം എന്ത് നൽകി എന്നിടത്തല്ല കാര്യം. 

പകരം, ഉത്തരം കേൾക്കുന്ന ആൾ അതിൽ നിന്ന് എന്ത് കേട്ടു, എന്തെടുത്തു എന്നിടത്ത് കൂടിയാണ് കാര്യം.

ചിലപ്പോൾ അവർക്ക് വേണ്ട, അവർ ഉദ്ദേശിക്കുന്ന, നിങ്ങളുടെ അടുക്കൽ ഇല്ലാത്ത ഉത്തരം അവർ ആവശ്യപ്പെടും, എടുക്കും. പൂവിൽ നിന്ന് മധു തന്നെ എടുക്കണം എന്നില്ല. വിഷം എടുക്കുന്നവരും ഉണ്ട്.

അല്ലെങ്കിൽ പിന്നെ അത്തരം അവർ ആവശ്യപ്പെടുന്ന ഉത്തരം, അവരുടെ മുന്നിൽ കപടമായി പിടിച്ചുനിൽക്കാൻ  ഉണ്ടാക്കിക്കൊടുക്കേണ്ടി വരും. 

കാരണം, അവർ ആദ്യമേ മനസിൽ കണ്ട ഉത്തരം ആവുന്നത് വരെ, കിട്ടുന്നത് വരെ, അവർ തർക്കിക്കും. 

അല്ലെങ്കിൽ അവരുടെ മുൻപിൽ മിണ്ടാതിരിക്കുക നിർവാഹം. എന്നാലും നമ്മൾ സൗഹൃദം നടിച്ച് വെറും വെറുതെ മിണ്ടിക്കൊണ്ടിരിക്കും. 

അവർ മനസിൽ കണ്ട ഉത്തരം നൽകാനല്ലല്ലോ ഉത്തരം പറയുന്നവൻ ഉത്തരം പറയുന്നത്? 

പകരം, ഉത്തരം പറയുന്നവൻ്റെ ബോധ്യതയല്ലേ യഥാർഥത്തിൽ ശരിയായ ഉള്ളതല്ലേ അയാളുടെ ഉത്തരം ആവേണ്ടത്?

ചോദിക്കുന്നവരുടെ മനസിലുള്ള ഉത്തരം തന്നെ പറയാനാണ് ചോദിക്കുന്നവൻ ചോദ്യം ചോദിക്കുന്നതെങ്കിൽ പിന്നെന്തിനാണ് ചോദ്യം ചോദിക്കുന്നവൻ ആ ചോദ്യം ചോദിക്കുന്നത്? 

എന്നത് ഒരിക്കലും മനസ്സിലാക്കാൻ കഴിയാറില്ല. 

എന്നാലും അവരെ ചോദ്യം ചോദിക്കാൻ സമ്മതിക്കും. 

ആവുന്നത് പോലെ അവർക്ക് ഉത്തരവും നൽകും. 

ഉത്തരം അങ്ങനെയല്ല വേണ്ടത്, ഇങ്ങനെയല്ല വേണ്ടത്, നിങൾ ഉത്തരത്തിൽ അത് ഉപയിഗിക്കരുത്,  ഇത് ഉപയോഗിക്കണം എന്നൊക്കെയുള്ള ആവശ്യങ്ങളും അത്തരം ഉത്തരം ചോദിക്കുന്നവരുടെ കൈവശം ഉണ്ടാവും. 

അവ വെച്ചുള്ള അവരുടെ കുറ്റപ്പെടുത്തലും ചോദ്യംചെയ്യലും നിറഞ്ഞ പുഞ്ചിരിയോടെ കേൾക്കുക മാത്രം.

കാരണം നിങൾ ഉണ്ടാക്കുന്നവനല്ല. ഉത്തരമായാലും അർത്ഥമായാലും. നിങൾ ഉളളത് ഉള്ളത് പോലെ മാത്രം പറയുന്നവനാണ്.

Saturday, November 12, 2022

ഉത്തരമായി വെറുതേ പുഞ്ചിരിക്കാം....

അറിയില്ല എന്ന് മാത്രമറിയുന്ന ഒരാളിവിടെ. 

അയാൾ ആ അറിവില്ലായ്മ മാത്രം അറിവാക്കി സംസാരിക്കുന്നു. വാക്കുകൾ ഉണ്ടാക്കുന്ന, ഭാഷ ഉണ്ടാക്കുന്ന സ്വാധീനവും മുൻധാരണയും വരെ എങ്ങിനെ ഒഴിവാക്കാം എന്നറിയാതെ. 

എല്ലാറ്റിനും പുഞ്ചിരി മാത്രം ഉത്തരമാക്കാം എന്ന പ്രതീക്ഷയോടെ.

*****

വാക്കുകളെ പോലും, ഭാഷയെ പോലും ആശ്രയിക്കാതെ, അവയുടെയൊന്നും സ്വാധീനം ഇല്ലാതെ, ഉത്തരം പറയാൻ കഴിയണം എന്നുണ്ട്. 

അതിന് ചോദ്യകർത്താവ് മുൻപിൽ വേണം.

ഉത്തരമായി വെറും വെറുതെ പുഞ്ചിരിച്ച് കാണിക്കാൻ.

അപ്പോഴും ചോദ്യകർത്താവിന് ഉത്തരം മനസിലായില്ല എന്ന് പറയാം. 

അപ്പോഴും ഉത്തരമായി വെറുതേ  പുഞ്ചിരിക്കാം...

*****

ചിന്തയിൽ സ്വാതന്ത്ര്യം നടത്താത്തവരും നേടാത്തവരും പ്രവൃത്തിയിലും പ്രയോഗത്തിലും സ്വാതന്ത്ര്യം ആവശ്യപ്പെടുന്നു. 

എല്ലാവർക്കും ഫലം വേണം; പക്ഷേ പ്രക്രിയയിലൂടെ പോകാൻ തയാറായല്ല. 

ചോറ് വേണം; തിളക്കുന്ന വെള്ളത്തിൽ അരി ഇടാൻ തയാറല്ല. 

വിജയം വേണം;  പ്രക്രിയയിലൂടെ പോകുന്ന പരിശ്രമം സാദ്ധ്യമല്ല.

*****

ഭീരുവും ശക്തനും ന്യായം ഇല്ലാത്തവനും കോപിക്കും. 

തൻ്റെ ഭീരുത്വത്തിനും അശക്തിക്കും ന്യായമില്ലയ്മക്കും ന്യായം ഉണ്ടാക്കാനും അവയെ മറച്ചുപിടിക്കാനും മുൻകൂട്ടി എടുക്കുന്ന ആയുധമാണ് കോപം.

****

ദൈവത്തെ അറിയുകയോ അറിയാതിരിക്കുകയോ ചെയ്യുക. 

പക്ഷേ അത് സ്വർഗവും നരകവും നിശ്ചയിക്കുന്നതല്ല.

*****

അലസതയുടെ ഭാഗമായ മതവും വിശ്വാസവും മാത്രമേ ഇവിടെയുളളൂ. 

അന്വേഷണത്തിൻ്റെയും അറിവിൻ്റെയും വളർച്ചയുടെയും ഭാഗമായ മതവും വിശ്വാസവും ഇല്ല.

Friday, November 11, 2022

ഫുട്ബോൾ ലോകകപ്പ് - 2022

ഫുട്ബോൾ ലോകകപ്പ്...  

ഫ്രാൻസ് തുടർച്ചയായി രണ്ട് നേടുമോ? 38ൽ ഇറ്റലിയും 62ൽ ബ്രസീലും ചെയ്തത് പോലെ. അതല്ലെങ്കിൽ കഴിഞ്ഞ 35 കളികൾ തുടർച്ചയായി തോൾക്കാതെ വരുന്ന അർജൻ്റീന 36 വർഷത്തെ അവരുടെ ലോകകപ്പ് കപ്പ് ദാരിദ്ര്യം തീർക്കുമോ? പിന്നെയും ഒരേറെ, ഇന്നോടെ കാണാം.

*****

എന്ത് പറയണം?

എന്തെങ്കിലും പറയട്ടെ...

പ്രത്യേകിച്ചും എല്ലാവരും എന്തൊക്കെയോ പറയുമ്പോൾ....

(ഈയുള്ളവൻ്റെ  ടീം ബെൽജിയം, പിന്നെ ഹോളണ്ട്, പിന്നെയും പോയാൽ ഇംഗ്ലണ്ട്).

****

ഒരു പ്രത്യേകത ഈ കളിക്കും ലോകകപ്പിനും. അത് എപ്പോഴുമുള്ള പ്രത്യേകത കൂടി.

സ്വന്തം നാടായ ഇന്ത്യ ഈ കളിയിലും കപ്പിലും അടുത്തെവിടെയും ഇല്ലേയില്ല. 

എന്നതിനാൽ എല്ലാ ഇന്ത്യക്കാർക്കും ഈ കളിയുടെയും കപ്പിൻ്റെയും കാര്യത്തിൽ മുഴുസ്വാതന്ത്ര്യം. 

മുഴുവൻ ഇന്ത്യക്കാരുടെയും പിന്തുണയും ഇഷ്ടവും വെറുപ്പും ഒരുതരം ഭീതിയും വകതിരിവും ഇല്ലാതെ രാജ്യാതിർത്തിക്ക് പുറത്ത്, ഏതെല്ലാമോ രാജ്യങ്ങൾക്കും ടീമുകൾക്കും മാത്രമായി വീതിക്കപ്പെടുന്നു ഈ കളിയിൽ...

**** 

പിന്നെയും എപ്പോഴും തോന്നിയ ഒരു പ്രത്യേകത ഈ കളിക്ക്.

എല്ലാവരുടെയും സാമാന്യയുക്തിക്ക് എളുപ്പം വഴങ്ങുന്ന ഒരു കളി ഈ കളി. 

അതുകൊണ്ട് തന്നെ ഭൂമിയിൽ എല്ലാ രാജ്യങ്ങളിലും ഒരുപൊലെ കളിക്കപ്പെടുന്ന, കാണപ്പെടുന്ന കളി ഈ കളി. 

എവിടെനിന്നും എപ്പോഴും വളരേ കുറഞ്ഞ ചിലവിൽ വളരേ കൂടുതൽ പേർക്ക് ഒരുമിച്ച് കളിക്കാവുന്ന, കാണാനാവുന്ന കളി ഈ കളി. 

ഒരുതരം കണക്ക്കൂട്ടലുകളും വേണ്ടാത്ത, സാധിക്കാത്ത കളി.

എല്ലാവർക്കും ഒരുപോലെ മനസ്സിലാവുന്ന കളി. ഒരു കുട്ടിക്ക് പോലും മനസിലാകാത്ത, ബുദ്ധിപരമായ കെട്ടിക്കുടുക്കുകൾ ഒന്നുമില്ലാത്ത കളി.

അത്രക്ക് ലളിതമായ സൂത്രങ്ങളും ന്യായങ്ങളും നിയമങ്ങളും ലക്ഷ്യങ്ങളും ഉള്ള കളി.

എന്നതൊക്കെയും ഈ കളിയുടെയും ലോകകപ്പിൻ്റെയും ജനസ്വീകാര്യതയെ ലോകമാകെ ഏറ്റമേറ്റം വർദ്ധിപ്പിക്കുന്നു. 

അതിനാൽ നമ്മളും ഇങ്ങനെയൊക്കെ സംസാരിക്കുന്നു

****

അതുകൊണ്ട് തന്നെ ഇനിയും ചിലത് എന്തുകൊണ്ട് എങ്ങിനെ ആരെ പിന്തുണക്കുന്നു എന്നത് പറഞ്ഞ് തുടങ്ങട്ടെ....

*****

ജർമ്മനിയെ ഇഷ്ടപ്പെടുന്നു. 

എക്കാലവും നല്ല കരുത്തുറ്റ, വീറുള്ള, നിശ്ചയദാർഡ്യം കൈമുതലായ ടീം. 

മനോവീര്യവും കായികബലവും ഒത്തുചേരുന്ന ടീം. 

കളിയെ ചെസ്സ് പോലെ കണ്ട്, കളിയിൽ കണക്ക് കൊണ്ടുവന്ന്, അതിൽ പവർ (ശക്തി) കൊണ്ടുവന്ന ടീം. 

അധ്വാനം കുറച്ച്, നേടേണ്ട കാരൃം എളുപ്പം നേടാൻ വിദ്യയും കെല്പുമുള്ള ടീം.

അവസാനനിമിഷം വരെയും പിന്നിൽനിന്നാലും ഏത് സമയവും മുന്നിൽ വരാൻ കഴിവുള്ള ടീം.

എന്ത് ചെയ്താലും അത് ഏറ്റവും ഉയർന്ന നിലവാത്തിലുള്ളതാക്കുന്ന ഒരു രാജ്യത്തിൻ്റെ ടീം.

എന്നാലും ഇക്കാലംവരെയും ജർമ്മനിയെ പിന്തുണച്ചില്ല. 

എന്തുകൊണ്ടോ ജർമ്മനിയെ പിന്തുണക്കാൻ ഒരിക്കലും തോന്നിയില്ല.

ജർമ്മനിയേക്കാൾ അർഹതയുള്ള ഒരു കുറേ ടീമുകൾ ജർമ്മനിക്ക് കിട്ടിയത്ര കപ്പും അംഗീകാരവും കിട്ടാതെ പോകുന്നത് തുടർച്ചയായി കണ്ടപ്പോൾ തന്നെ. 

ലാറ്റിൻ അമേരിക്കൻ ടീമുകളുടെ കഥയും അത് തന്നെ. 

വർത്തമാനത്തിൽ കിട്ടേണ്ട അർഹതയിൽ കൂടുതൽ പാരമ്പര്യം പറഞ്ഞു കിട്ടുന്ന ശ്രദ്ധയും അംഗീകാരവും പിന്തുണയും അവർക്ക് കിട്ടുന്നും.

ഒരു യാഥാസ്ഥിക മതത്തിന് കിട്ടുന്ന പിന്തുണ പോലെ ബ്രസീലിനും അർജൻ്റീനക്കും കിട്ടുന്ന പിന്തുണ.

*****

ഒരു ടീമിനെ ഇഷ്ടപ്പെടുന്നത് മറ്റൊരു ടീമിനോടുള്ള വെറുപ്പല്ല. 

ഒരു ടീമിനെ ഇഷ്ടപ്പെടുന്നത് മറ്റെല്ലാ ടീമുകളും തീരെ മോശമായത് കൊണ്ടുമല്ല.

ഏതൊരു ടീമും പലപ്പോഴും കപ്പുകൾ നേടാത്തത് അവർ കഴിവുകെട്ടവർ ആയത് കൊണ്ടുമല്ല.

കാരണം, എത്ര നന്നായി കളിച്ചാലും ജയിച്ചു കൊള്ളണമെന്ന് ഒരു നിർബന്ധവും ഇല്ലാത്ത ഒരു കളിയാണ് ഫുട്ബാൾ.

എങ്ങനെയെങ്കിലും ഒരു ഗോളടിച്ച് കളി ജയിക്കില്ലെങ്കിൽ അതുവരെ കളിച്ച കളി വെള്ളത്തിൽ വരച്ച വര പോലെയാവുന്ന കളി. 

മുഴുവൻ കളിയും ഒറ്റയടിക്ക് ഇല്ലാതാവും ഈ കളിയിൽ അവസാന നിമിഷം വീഴുന്ന (അബദ്ധത്തിൽ വരെ വീഴാവുന്ന) ഒരു ഗോളിലൂടെ, അല്ലെങ്കിൽ ഒരു പെനാൽടിയിലൂടെ. 

അതുവരെ കളിച്ച നല്ല കളി മുഴുവൻ വൃഥാവിലാവുന്ന കളി. 

ശ്രമിച്ച് പ്ലാൻ ചെയ്ത് വന്ന ചാൻസുകൾ നഷ്ടപ്പെടുകയും എന്നാലോ, ഭാഗ്യം എന്ന് പേരുള്ള അബദ്ധത്തിൽ വീണുകിട്ടുന്നത് മാത്രം വിജയം നിശ്ചയിക്കുകയും ചെയ്യുന്ന കളി. 

ഒരു കളിയിൽ ഇംഗ്ലണ്ട് തോൽക്കാൻ ദൈവത്തിൻ്റെ കൈകൾ ഉപയോഗപ്പെട്ടു എന്ന് മറഡോണ തന്നെ പറഞ്ഞത് ഓർക്കുക. അതുപോലെയായിരുന്നു ചിലതെന്നല്ല, പല കളികകുടെയെങ്കിലും വിധി. 

ചോക്കോസ്ലാവാക്യയോട് അനീതിപൂർവ്വം തോറ്റ് കുവൈത്ത് ലോകകപ്പ് ബഹിഷ്കരിച്ച് പുറത്ത്പോയ സന്ദർഭവും ഇതോടൊപ്പം ഓർക്കുക.

അതുപോലെ തന്നെ ആയിരുന്നു ജർമ്മനിക്കെതിരെ ഒരു ഗോൾ ഇംഗ്ലണ്ടിന് അനുവദിച്ചുകൊടുക്കാതെ, എന്നാലോ അതേ ഇംഗ്ലണ്ടിനെതിരെ അതേ മത്സരത്തിൽ ഒരു ഓഫ്സൈഡ് ഗോൾ ജർമ്മനിക്ക് അനുവദിവെച്ചുകൊടുക്കുകയും ചെയ്ത് ഇംഗ്ലണ്ടിനെ തോല്പിച്ച കളി. 

അങ്ങനെ ചിലപ്പോഴെങ്കിലും അർഹതയുള്ള ടീമിനെ തോൾപിക്കുകയും അർഹതയില്ലാത്ത ടീമിനെ ജയിപ്പിക്കുകയും ചെയ്യുന്ന, ചെയ്ത കളി.

*****

അങ്ങനെയും അല്ലാതെയും ഒരിക്കലും കപ്പ് നേടാതെ പോയ ഒരു നല്ല ടീമാണ്, മേൽപറഞ്ഞതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഹോളണ്ട് എന്ന മറ്റൊരു പേരിൽ കൂടി അറിയപ്പെടുന്ന നെതർലാൻഡ്സ്. 

ഡച്ചുകാർ. 

യോഹാൻ ക്രൈഫിൻ്റെയും ഗുള്ളിറ്റിൻ്റെയും ഡെന്നിസ് ബെർഗ്കാമ്പിൻ്റെയും ക്ലൈവർട്ടിൻ്റെയും കോക്കുവിൻ്റെയും ഓവർമാർസിൻ്റെയും നിസ്റ്റൽ റൂയിയുടെയും റൂബൻ്റെയും ഹോളണ്ട്.

*****

ഒരു ടീമിനെ ഇഷ്ടപ്പെടുന്നത് കുട്ടിക്കാലം മുതൽ രൂപപ്പെട്ട നൂറായിരം സ്വാധീനങ്ങൾ കൊണ്ട് കൂടിയാണ്. 

പിന്നീട് ആ ഇഷ്ടത്തിന് വേണ്ടി നാം അറിഞ്ഞും അറിയാതെയും കണ്ടെത്തുന്ന നൂറായിരം ന്യായങ്ങളും ന്യായീകരണങ്ങളും വേറെ. 

നാം പിടിച്ച മുയലിന് നാല് കൊമ്പ് എന്ന് പറയാൻ നിർബന്ധിതരായി, അങ്ങനെ വെറുമൊരു പരമ്പരാഗത വിശ്വാസിയെ പോലെ പറഞ്ഞ് പറഞ്ഞങ്ങ് പിടിച്ചത് കൊണ്ടുനടക്കൽ ബാധ്യതയായുവുന്ന ഇഷ്ടം. 

വിശ്വാസം തന്നെയാവുന്ന ഇഷ്ടം.

താൻ കുലുങ്ങിയാൽ, തൻ്റെ വാൽ കുലുങ്ങിയാൽ ലോകം തന്നെ കുലുങ്ങും എന്ന് വിചാരിക്കുന്ന വാലാട്ടിപ്പക്ഷിയുടെത് പോലുള്ള വിശ്വാസവും ഇഷ്ടവും പിന്തുണയും.

***** 

ഈയുള്ളവന് ഓർമ്മയുള്ള കാലം മുതൽ എക്കാലവും ഇഷ്ടം തോന്നിയ ടീം നെതർലൻഡ്സ് എന്ന് പേരുള്ള ഈ ഹോളണ്ട് തന്നെയായ ഡച്ചുകാർ തന്നെ. 

എപ്പോഴും അർഹതയുണ്ടായിട്ടും ഒരിക്കലും കപ്പ് നേടാതെ പോയ ഒരു ടീം. 

ക്രിക്കറ്റിലെ സൗത്ത് ആഫ്രിക്ക പോലെ ഒരു ടീം. 

സാഹിത്യത്തിലെ ഖലീൽ ജിബ്രാൻ പോലെ ഒരു ടീം. 

ശാസ്ത്രത്തിലെ നിക്കോളാസ് ടെസ്ല പോലെ ഒരു ടീം. 

കവിത തുളുമ്പുന്ന ടീം. 

നെതർലൻഡ്സ് എന്ന് പേരുള്ള ഈ ഹോളണ്ട് തന്നെയായ ഡച്ചുകാർ.

****

ഇങ്ങനെയൊക്കെയാണെങ്കിലും ഒരു ടീമിനെ മനസ്സറിഞ്ഞ് കയ്യയഞ്ഞ് പിന്തുണക്കുമ്പോഴും യാഥാർത്ഥ്യത്തിൻ്റെയും വസ്തുതകളുടെയും ലോകത്തായിരിക്കാൻ ശ്രമിക്കാറുണ്ട്. 

അതിനാൽ അവിടവിടെ അതാത് ടീമിനെ പിന്തുണക്കാനും. 

ഒരു പിന്തുണയും ഇഷ്ടവും വിശ്വാസവും നമ്മെ മറ്റുള്ളതിനെതിരെ അന്ധരാക്കിക്കൂട, അസഹിഷ്ണുക്കൾ ആക്കിക്കൂട, തീവ്രവാദികൾ ആക്കിക്കൂട എന്നതിനാൽ.

വസ്തുതകളെ അംഗീകരിക്കുന്ന, വസ്തുനിഷ്ഠതയിൽ ഊന്നിയുള്ള പിന്തുണ മാത്രം. ആർക്കും എപ്പോഴും. 

യാഥാസ്ഥിതികൻ ആവാതിരിക്കാനുള്ള, നിലനിൽക്കുന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട് അതിനോട് നീതിപുലർത്തുന്ന പിന്തുണ. 

*****

അതുകൊണ്ട് തന്നെ എന്നും കരുത്തരായ, പക്ഷെ കരുത്തിനനുസരിച്ച റിസൽട്ട് ഉണ്ടാക്കാൻ സാധിക്കാത്ത മറ്റൊരു ടീമിനെയും പിന്തുണയുടെയും ഇഷ്ടത്തിൻ്റെ രണ്ടാം സ്ഥാനത്ത് വെക്കാറുണ്ട്. 

നമ്മുടെ ഇംഗ്ലണ്ടിനെ. 

1966ൽ മാത്രം കപ്പ് നേടിയ, ഒരു കുറേ ഫുട്ബോൾ പ്രതിഭകൾക്ക് ജന്മം നൽകിയ, മിക്കവാറും ക്രിക്കറ്റ്, ഫുട്ബോൾ പോലുള്ള എല്ലാ കളികളുടെയും ജൻമസ്ഥലവും കൂടിയായ ഇംഗ്ലണ്ടിന്. ഭാഗ്യം തീരേ പിന്തുണക്കാത്ത ഇംഗ്ലണ്ടിന്.

*****

ഇംഗ്ലണ്ടിനെയും ഹോളണ്ടിനെയും എക്കാലത്തും പിന്തുണക്കുമ്പോഴും ഒരു കുറേ ടീമുകളെ വീണ്ടൂം ഇഷ്ടമായിട്ടുണ്ട്. 

ഇറ്റലിയും സ്പൈനും മെക്‌സികോയും ഉൾപ്പെടെ ഒരു കുറേ ടീമുകളെ.  

ആഫ്രിക്കൻ ടീമുകളായ കാമറൂണും മൊറോക്കോയും അൾജീരിയയും പോലുളള ടീമുകൾ വരെ.

അങ്ങനെയൊക്കെയാണെങ്കിലും എന്തുകൊണ്ടൊക്കെയോ ഒരിക്കൽ പോലും പിന്തുണക്കാൻ തോന്നിയിട്ടില്ലാത്ത ചില വമ്പന്മാരെന്ന് തോന്നിപ്പിക്കുന്ന ടീമുകളുമുണ്ട്.  

ബ്രസീലും അർജൻ്റീനയും അടങ്ങുന്ന ടീമുകൾ.

ബ്രസീലും അർജൻ്റീനയും അടങ്ങുന്ന ടീമുകളെ ഒരിക്കലും പിന്തുണക്കാൻ തോന്നിയില്ല എന്നത് മാത്രമല്ല, ഈ ടീമുകൾക്ക്, ചില മതങ്ങൾക്കെന്ന പോലെ, ചില രാഷ്ട്രീയ പാർട്ടികൾക്കെന്ന പോലെ, ചില നേതാക്കൾക്കെന്ന പോലെ അർഹിക്കുന്നതിലും കൂടുതൽ പിൻതുണ ലഭിക്കുന്നതായി തോന്നുകയും ചെയ്തിട്ടുണ്ട്. 

ഇവരും ഇവർക്കുള്ള പിന്തുണയും ഒരുതരം യാഥാസ്ഥിതിക മതം പോലെയെന്നും, അത് മഹാഭൂരിപക്ഷം ഉള്ളതാണെന്നും പലപ്പോഴും തോന്നിയിട്ടുണ്ട്.

*****

എന്നിരുന്നാലും ഈ കഴിഞ്ഞ പ്രാവശ്യം പിന്തുണച്ചതും ഇപ്രാവശ്യം ശക്തമായി പിന്തുണക്കുന്നതും വേറൊരു ടീമിനെ. 

എപ്പോഴും ഫുട്ബോളിൽ മിനിമം ഗ്യാരണ്ടി കാണിച്ച ഒരു ടീം. ബെൽജിയം. 

ലുക്കാക്കുവിൻ്റെയും ഡിബ്രുനെയുടെയും ഹസാർഡിൻ്റെയും കമ്പനിയുടെയും ഫെല്ലനിയുടെയും ശക്തരായ ബെൽജിയം 

ഇപ്രാവശ്യവും ഒന്നാമതായി ബെൽജിയത്തെ പിന്തുണക്കുന്നു. രണ്ടാമതും മൂന്നാമതുമായി ഹോകളണ്ടിനെയും ഇംഗ്ലണ്ടിനെയും പിന്തുണക്കുന്നു.

ഇക്കുറി വിജയിക്കുന്നവർ ആരുമാവട്ടെ... പിന്തുണ ബെൽജിയത്തിന്, പിന്നെ ഹോളണ്ടിനും ഇംഗ്ലണ്ടിനും. 


*****

അസൂയയും വെറുപ്പും ശത്രുതയും എളുപ്പം കത്തുന്ന തീ.

അസൂയയും വെറുപ്പും ശത്രുതയും എളുപ്പം കത്തുന്ന തീ... 

അവനവൻ തന്നെ അസൂയക്കും വെറുപ്പിനും ശത്രുതക്കും  വിറക്. 

അവനവൻ കത്തിക്കൊണ്ട് തന്നെ അസൂയയും വെറുപ്പും ശത്രുതയും ചുറ്റുവട്ടത്ത് നാശം വിതക്കും, പുക നിറക്കും. 

അസൂയയും വെറുപ്പും ശത്രുതയും സംശയങ്ങളും ഊഹങ്ങളും വളർത്തും. 

അസൂയയും വെറുപ്പും ശത്രുതയും പേറിനടക്കുന്നവർ എല്ലാറ്റിലും എല്ലാവരിലും അസൂയയും വെറുപ്പും തന്നെ കാണും. 

അസൂയയും വെറുപ്പും പേറിനടക്കുന്നവർ എല്ലാവരിലും എല്ലാറ്റിലും തങ്ങളുടെ അസൂയയും വെറുപ്പും വളർത്താൻ വേണ്ട വിത്തും വളവും ന്യായവും കണ്ടെത്തും. 

അസൂയയും വെറുപ്പും പേറിനടക്കുന്നവർ എന്തുകൊണ്ടോ തങ്ങളിൽ അന്തർലീനമായതിനെ മറ്റുള്ളവരിൽ നിഴലിക്കും, ആരോപിക്കും. 

അങ്ങനെ അവർ ചുറ്റുപാടിൽ വിഷം കലക്കും. പുക നിറക്കും.

തങ്ങൾക്ക്  വേണ്ടെങ്കിൽ, അഥവാ തങ്ങൾക്കില്ലെങ്കിൽ, ആർക്കും വേണ്ട, ആർക്കും ഇല്ല എന്നവർ ഉറപ്പ് വരുത്തും. 

അവനവനെ നശിപ്പിച്ചും അവർ മറ്റുള്ളവർ നശിക്കുന്നു എന്നുറപ്പ് വരുത്തും. അഹങ്കാരത്തെ കൂട്ട് പിടിച്ചു കൊണ്ട്.

യഥാർത്ഥ spoilerകൾ ആയിക്കൊണ്ട്.

****

എന്ത് കിട്ടി എന്നിടത്തല്ല ജീവിതം. 

പകരം, എന്ത്, എങ്ങിനെ എടുത്തു എന്നിടത്താണ് ജീവിതം.  

കിട്ടുന്നത് മണ്ണ്, വെള്ളം. എടുക്കുന്നത് പൂവ്, പഴം.

കിട്ടുന്നത് പൂവ്, പഴം. പക്ഷേ, ചവിട്ടി അരക്കുന്നവൻ എടുക്കുന്നത് വെറും വൃത്തികേട്, ചളി.

ഒരേ ഭക്ഷണം തന്നെ പട്ടിയും മനുഷ്യനും കഴിക്കുന്നത് കൊണ്ട് അവർ രണ്ട് കൂട്ടർക്കും ഒരേ ഫലം വരില്ല. കാരണം, എന്ത് കിട്ടി എന്നിടത്തല്ല, എന്ത്, എങ്ങിനെ എടുത്തു എന്നിടത്താണ് ജീവിതം.  

പൂവിലെ മധു തേനീച്ച എടുത്താൽ മാത്രം തേൻ. 

പൂവിലെ മധു ചിലന്തിയും വണ്ടും എടുത്താൽ  ഒരുപക്ഷെ വേറെ എന്തോക്കെയോ. ഒന്നുകിൽ ഉപയോഗശൂന്യം എന്ന് നാം പറയുന്നത്, അല്ലെങ്കിൽ വിഷം എന്ന് നാം വിളിക്കുന്നത്. 

കാരണം, എന്ത് കിട്ടി എന്നിടത്തല്ല ജീവിതം. എന്ത്, എങ്ങിനെ എടുത്തു എന്നിടത്താണ് ജീവിതം.  തേൻ കൊടുത്താലും വിഷം മാത്രമായി മാത്രം എടുക്കുന്നവരും ഉണ്ട്.

******

ഒരേ വളവും മണ്ണും വെള്ളവും തന്നെ കൊടുത്താലും പനീർ ചെടിയും മുരിക്കും ഒരുപോലെ തന്നെ വളരില്ല, ഒരേ പൂവ് തന്നെ തരില്ല. കാരണം അത് തന്നെ. എന്ത് കിട്ടി എന്നിടത്തല്ല ജീവിതം. എന്ത്, എങ്ങിനെ എടുത്തു എന്നിടത്താണ് ജീവിതം. 

നമ്മുടെ മുൻപിൽ വരുന്നവരിലും, നിത്യേന നമ്മോട് സംസാരിക്കുന്നവരിലും ഇടപെടുന്നവരിലും മുരിക്ക് പോലുള്ളവരും പനിനീർ പോലുള്ളവരും ഉണ്ട്.

അതുകൊണ്ടാണ് മാവ് കാണുന്നത് പിലാവും തെങ്ങും ഒരേ മണ്ണിൽ കാണാത്തത്.

ഓരോന്നും ഓരോരുത്തരും അവർക്ക് പറ്റിയത് മാത്രം, അവരുടെ അർഹത പോലേ മാത്രം കാണുന്നു, എടുക്കുന്നു. 

അത്കൊണ്ട് തന്നെ നിങൾക്ക് വിവേകം എന്ന് തോന്നുന്നത് മാത്രം മണിക്കൂറുകളോളം വിളമ്പിയാലും അവിവേകം മാത്രം അതിൽ നിന്നും എടുക്കുന്നവരുണ്ടാവും.

എന്നാലും പരസ്പരം മാനിക്കുന്നതിൻ്റെ ഭാഗമായി നിങൾ വീണ്ടും വീണ്ടും പാത്രം തെറ്റി വിളമ്പും.

അസൂയയും വെറുപ്പും പേറിനടക്കുന്നവർ  അതിൽ നിന്നും അസൂയയും വെറുപ്പും തന്നെ എടുക്കും.

Wednesday, November 9, 2022

എന്ത്കൊണ്ട് ഇസ്ലാമിനെ കൈകാര്യം ചെയ്യുന്നു? അതിനാൽ മുസ്‌ലിംകളെയും....

എന്ത്കൊണ്ട് ഇസ്ലാമിനെ കൈകാര്യം ചെയ്യുന്നു? അതിനാൽ മുസ്‌ലിംകളെയും....

എഫ്ബി സുഹൃത്തിന് നൽകാനിട വന്ന മറുപടികൾ)

ഇസ്‌ലാം സമഗ്രം, സുന്ദരമെന്ന് തോന്നിപ്പിക്കും വിധം എന്തൊക്കെയോ, വർത്തമാനകാല പ്രായോഗികതയുമായി ഒരു പുലബന്ധവും ഇല്ലാതെ അവതരിപ്പിച്ച് രാജ്യത്തിൻ്റെ മുഖ്യധാരയിൽ നിന്നും ദേശീയധാരയിൽ നിന്നും വിശ്വാസികളെ വിഘടിപ്പിച്ച് സ്വയം മാറിനിൽക്കുന്നു എന്നത് കൊണ്ട്. 

അവസരം കിട്ടിയാൽ സമാന്തര വ്യവസ്ഥിതി നടപ്പാക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നു, അത്തരത്തിൽ തീവ്രസ്വഭാവത്തിൽ ഇത് മാത്രം ശരി എന്ന നിലക്ക് രഹസ്യമായി പാഠങ്ങൾ പഠിപ്പിക്കുന്നു എന്നത് കൊണ്ട്. 

ഇങ്ങനെയൊക്കെ പറഞ്ഞുകൊണ്ട്, മനസ്സ് കൊണ്ട് വിഘടിച്ച് നടക്കുന്നത് കൊണ്ട്.

*****

ഇവിടെ യഥാർഥത്തിൽ അവതരിപ്പിക്കപ്പെടുന്ന ഇസ്‌ലാം വെറും വ്യക്തിപരമായ, ആത്മനിഷ്ഠമായ, ആത്മീയമായ അന്വേഷണവും വിശ്വാസവും വിശ്വാസകാര്യവും മാത്രമല്ലാത്തത് കൊണ്ട്. 

ഇല്സ്ലാം രാഷ്ട്രീയവും, ഇവിടെയുള്ള ഇസ്‌ലാം രാഷ്ട്രീയ ഇസ്‌ലാം കൂടിയായത് കൊണ്ട്.

ഇസ്‌ലാം വെറും രാഷ്ടീയമായത് കൊണ്ട് മാത്രവുമല്ല.

ഇസ്‌ലാം അതിൻ്റെ അടിസ്ഥാനത്തിൽ മറ്റ് രാജ്യങ്ങുടെ ഭരണഘടനയെയും പരമാധികാരത്തെയും ചോദ്യം ചെയ്യുന്നു, അംഗീകരിക്കുന്നില്ല എന്നത് കൊണ്ട്. 

ഇസ്‌ലാം മാത്രമേ രാഷ്ട്രീയമായും ശരിയുള്ളൂ, ഇസ്ലാമിന് മാത്രമേ ശരിയാകാൻ പറ്റൂ എന്ന അവസാനവാദവുമായി വരുന്നു എന്നത് കൊണ്ട്.

ഇസ്‌ലാം അതിൻ്റെ അടിസ്ഥാനത്തിൽ ജനാധിപത്യവും സ്വാതന്ത്ര്യവും മതേതരത്വവും ദേശീയതയും അംഗീകരിക്കുന്നില്ല, അവയെ ഒക്കെയും ചോദ്യം ചെയ്യുന്നു, നിരാകരിക്കുന്നു എന്നത് കൊണ്ട്.

അല്ലാതെ ഇന്ത്യയെ ഇന്ത്യയായിത്തന്നെ അംഗീകരിച്ച് കൊണ്ട്, അതിൻ്റെ ഭരണഘടനയെയും മതേതരത്വത്തെയും ജനാധിപത്യത്തേയും ശരിക്കും അംഗീകരിക്കുക യഥാർത്ഥ ഇസ്ളാമിക വിശ്വാസിക്ക് സാധിക്കില്ല എന്നത് കൊണ്ട്.

മറ്റേതൊരു പാർട്ടിയെയും പോലെ ഇന്ത്യയുടെ അടിസ്ഥാനസ്വഭാവം സൂക്ഷിക്കാനും വളർത്താനും വരാനാവുന്ന പാർട്ടിയല്ല ഇസ്ലാമിനെയും ഖുർആനിനെയും അംഗീകരിക്കുന്ന, മുറുകിപ്പിടിക്കുന്ന ഇസ്‌ലാമിക പാർട്ടികൾ എന്നത് കൊണ്ട്.

*****

ഇനി ചോദിക്കട്ടെ...

ഇസ്‌ലാമിക രാഷ്ട്രത്തിൽ ആരെങ്കിലും ഒരാൾ, അല്ലെങ്കിൽ ഒരു വിഭാഗം തൻ്റേത് (അല്ലെങ്കിൽ തങ്ങളുടേത്) വേറെ തന്നെ ആദർശം എന്ന് പറഞ്ഞ്, തൻ്റേതൊരു വെറും വിശ്വാസമല്ല ആദർശമാണെന്ന് പറഞ്ഞ് ഇസ്‌ലാമികരാജ്യ മുഖ്യധാരയിൽ നിന്നും  മാറിനിൽക്കുന്നതിന് ഇസ്ലാമും ഇസ്‌ലാമിക രാജ്യവും കൊടുക്കുന്ന പേര് എന്താണെന്ന് അറിയുമോ? 

മുർത്തദ്ദ്. 

മുർത്തദ്ധിന് ഇസ്ലാമും ഇസ്‌ലാമികരാജ്യം കൊടുക്കുന്ന ശിക്ഷ എന്താണെന്നറിയുമോ? 

വധശിക്ഷ. 

ഇങ്ങനെ വേറെ തന്നെ ആദർശം പറഞ്ഞ് മാറിനിൽക്കുമ്പോൾ അതിനെ രാജ്യദ്രോഹം എന്ന് കണക്കാക്കി കൂടിയാണ് ഇസ്‌ലാമികരാജ്യം വധശിക്ഷ നൽകുന്നതെന്ന് മുസ്ലിംകൾ അറിയുമോ? 

എങ്കിൽ ആ ഒരു വിഭാഗം അത്തരമൊരു നിലപാട് ഇന്ത്യയിൽ വെച്ച് എടുത്താൽ എന്ത് കൊടുക്കണം?

മേൽപറഞ്ഞ ഇസ്‌ലാമികരാജ്യം നിലവിൽ വരാൻ ശ്രമിക്കുന്ന , ഇസ്‌ലാമികരാജ്യം എന്ന സ്വപ്നത്തിൽ വിശ്വസിച്ച് , പരിശ്രമിച്ച്, അതിനെ ന്യായീകരിക്കുന്നവരുടെ കാര്യം ഇന്ത്യയിൽ എന്താണ്, എന്താവണം? ഏത് ഗണത്തിൽ വരേണം അവർ? 

വിശ്വാസികളും വിശ്വാസിസമൂഹവും ഇന്ത്യയെന്ന രാജ്യത്തിൻ്റെ പരമാധികാരം ചോദ്യം ചെയ്യുന്ന കോലത്തിൽ മുഖ്യധാരയിൽ നിന്നും മാറിനിൽക്കുകയും മാറിചിന്തിക്കുകയും ചെയ്യുന്നുവെങ്കിൽ പ്രത്യേകിച്ചും എന്ത് ചെയ്യണം?

മേൽ പറഞ്ഞത് പോലെയുള്ള വേറെ തന്നെ ആദർശം ഇന്ത്യാരാജ്യത്തിൻ്റെ മുഖ്യധാരയിൽ നിന്നും മാറിനിൽക്കുന്നതിനെ വിശ്വാസികളെ പ്രേരിപ്പിക്കുന്നുവെങ്കിൽ എന്ത് ചെയ്യണം?

സ്വന്തം രാജ്യത്ത് മുർഥദ്ധ് എന്ന് കരുതി വധശിക്ഷ വിധിക്കും എന്ന് വിശ്വസിക്കുന്ന വിശ്വാസികൾ തന്നെ അതിനെ ഇന്ത്യയിൽ ഇന്ത്യയുടെ പരമാധികാരത്തെയും ഭരണഘടനയെയും (പരമാധികാരം അല്ലാഹുവിന്, ഭരണഘടന ഖുർആൻ എന്ന് ഉറച്ചുവിശ്വസിച്ചു കൊണ്ട്) ചോദ്യം ചെയ്യുന്നതിനെ എങ്ങിനെ കാണും?

രാജ്യത്തിൻ്റെ ഭരണഘടന ഖുർആൻ അല്ലാത്തിടത്തോളം ഭരണവ്യവസ്ഥയും സാമ്പത്തിക വ്യവസ്ഥയും തെറ്റാണെന്ന് വിശ്വാസികൾ ഉള്ളാലെ വിശ്വസിക്കുന്നു. ത്വാഗൂത്തും ഹറാമുമായി കണ്ട് സമാന്തര സ്വഭാവത്തിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നുവെങ്കിൽ എന്ത് ചെയ്യണം?

എങ്കിൽ അങ്ങനെ വിശ്വാസികൾ ചെയ്യുന്നതിനെ ചുരുങ്ങിയത്  ഇന്ത്യാമഹാരാജ്യം എങ്ങിനെ കാണണം? 

അത്തരം മതം പറയുന്ന കോലത്തിൽ പറഞാൽ അവരും ഇന്ത്യയിൽ വെച്ച് ചെയ്യുന്നത് രാജ്യദ്രോഹം അല്ലേ? അവരും ഇന്ത്യയിൽ മൂർത്ത ദ്ദ് അല്ലേ? അവരും ഇന്ത്യയിൽ വധശിക്ഷക്ക് വിധേയരാവേണ്ടെ?

അത്തരം വിശ്വാസികൾ  ചെയ്യുന്നതിനും ഇന്ത്യയിൽ കിട്ടേണ്ടത് വധശിക്ഷ മാത്രം തന്നെയല്ലേ? 

ചുരുങ്ങിയത് അവരുടെ മതം ആ മതത്തിൻ്റെതായ രാജ്യത്ത് നൽകുന്ന ശിക്ഷ വധശിക്ഷയാണെന്ന് മനസ്സിലാക്കുമ്പോൾ...

****

മുഖ്യധാരയിൽ നിന്നും മുസ്‌ലിംകൾ (വെറും ഒരു സമുദായം എന്ന നിലക്കല്ല, ഉറച്ച തീവ്ര വിശ്വാസം കൊണ്ട്, അങ്ങനെ തീവ്രമായി വിശ്വസിക്കുന്നവർ) മാറിനിൽക്കുന്നു എന്ന് പറയുമ്പോൾ രാജ്യമെന്ന മുഖ്യധാരയാണ് ഉദ്ദേശിച്ചത്. 

രാജ്യത്തിന് നേരെയും എതിരെയും സമാന്തര വിഭാഗമാകുന്നതാണ് മുഖ്യധാരക്കെതിരെ അവർ നിൽക്കുന്നു എന്നത് കൊണ്ട് ഉദ്ദേശിച്ചത്...

വെറും ഭൂരിപക്ഷം എന്ന മുഖ്യധാരയല്ല എപ്പോഴും ശരിയെന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് മേൽഎഴുതിയത്. 

മുഹമ്മദും കൃഷ്ണനും യേശുവും മാർക്സും ഭൂരിപക്ഷ മുഖ്യധാരയുമായി ഒത്തുനിന്ന് വന്നവരല്ല. അങ്ങനെ ശരി പറഞ്ഞവരല്ല എന്നറിഞ്ഞുകൊണ്ട് തന്നെ.

വിശ്വാസപരമായ ഇസ്ലാമെന്ന, മുസ്‌ലിംകൾ എന്ന മുസ്ലിംഭൂരിപക്ഷ മുഖ്യധാരയോടൊപ്പം നിന്ന് കൊണ്ടാണ് മുസ്‌ലിംകൾ രാജ്യമെന്ന മുഖ്യധാരക്കെതിരെ പറയുന്നത് എന്ന് തന്നെ ഓർക്കണം. 

ഇസ്ലാമിൽ നിന്ന് മാറിച്ചിന്തിക്കുന്ന മുഖ്യധാരാ വിരുദ്ധരെ അവർ അംഗീകരിക്കുകയില്ല. അവരെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയും ചെയ്യും. അത്തരം മാറിച്ചിന്തിക്കുന്നവർക്കെതിരെ ഗൂഢാലോചന സിദ്ധാന്തവും മറ്റും ആരോപിക്കുകയും ചെയ്യും. 

ഒറ്റപ്പെട്ട് ചിന്തിച്ച് മുഖ്യധാരയിൽ നിന്ന് പുറത്ത് പോയ ചേകന്നൂർ മുസ്‌ലിംകൾക്ക് സ്വീകാര്യമാവുമോ? അദ്ദേഹത്തിന് മുസ്‌ലിംകൾ പിന്തുണ കൊടുക്കുമോ? 

ചേകന്നൂരിനെ കൊന്നതും കൊന്നവരും ഉള്ളിൻ്റെയുള്ളിൽ അവർക്ക് സ്വീകാര്യരാണ്. 

വീണുകിട്ടിയ, പറഞ്ഞുകേട്ട് കിട്ടിയ ഇസ്ലാം മാത്രമേ അവർക്ക് ആദർശമാകൂ. 

ഇസ്ലാമിന് വേണ്ടി ചിന്തിക്കുമ്പോൾ അവർക്ക് രാജ്യമെന്ന മുഖ്യധാരയും രാജ്യത്തിൻ്റെ പ്രശ്നങ്ങളും വിഷയമല്ല. 

ഇസ്ലാമിന് വേണ്ടി മാത്രം അവർക്ക് എല്ലാം വിഷയം. 

അല്ലെങ്കിൽ ഒന്നും വിഷയമല്ല.

മനസിലാകാത്ത ഒരേയൊരു കാര്യം. ഗൂഢാലോചനാ സിദ്ധാന്തം

മനസിലാകാത്ത ഒരേയൊരു കാര്യം, 

എങ്ങിനെയൊക്കെയോ പറഞ്ഞുഫലിപ്പിച്ച ഒരു സിദ്ധാന്തം, ധാരണ തന്നെ. 

(അബദ്ധസിദ്ധാന്തമെന്നും അബദ്ധധാരണയെന്നും വേണമെങ്കിൽ പറയാം).

പണ്ട് പണ്ടൊരു കാലത്ത്....

ഓർക്കണം, ഒന്നും ഒരു സൗകര്യവും പുരോഗതിയും വിനിമയരീതികളും ഇല്ലാതിരുന്ന കാലത്ത്...

ആര്യന്മാർ എന്നൊരു സുസംഘടിത വിഭാഗം കൃത്യമായ അർഥത്തിൽ ഗൂഢമായ പദ്ധതികളുമായി മദ്ധ്യേഷ്യയിൽ ഉണ്ടായിരുന്നു. 

മദ്ധ്യേഷ്യയിൽ തന്നെ. 

ഇങ്ങിവിടെ ഇന്ത്യ എന്ന ഒരു രാജ്യവും ഇതേ പേരിലും ഭൂമിശാസ്ത്രത്തിലും, ഇന്ന് മനസിലാക്കുന്നത് പോലെ തന്നെ, കൃത്യമായ അർത്ഥത്തിൽ ഉണ്ടായിരുന്നു. 

ആ ഇന്ത്യയിൽ ദ്രാവിഡരെന്ന ഒരേയൊരു വിഭാഗം മാത്രം വേറൊരർത്ഥത്തിൽ കൃത്യമായ സുസംഘടിത വിഭാഗമായി  ഉണ്ടായിരുന്നു.  

ആര്യന്മാർ കുടിലബുദ്ധി ഉള്ളവരും ദ്രാവിഡൻമാർ പാവങ്ങളും ശുദ്ധന്മാരുമായിരുന്നു.

ആര്യന്മാർ ബോധപൂവ്വം ദുരുദ്ദേശത്തോടെ കൂടിയാലോചന നടത്തി, പദ്ധതിയിട്ടു. 

ഇന്ത്യയിൽ അധിനിവേശം നടത്തണം, ദ്രാവിഡൻമാരെ നശിപ്പിക്കണം. 

മേൽ പറഞ്ഞത് പോലെ കൃത്യമായ പ്ലാനും പദ്ധതിയുമായി ആര്യന്മാർ ഇന്ത്യയിൽ വന്നു, അധിനിവേശം നടത്തി. ദ്രാവിഡരെ കീഴ്പ്പെടുത്തി, കീഴാളരാക്കി.

ഇതൊക്കെ വിശ്വസിക്കണം. 

കണ്ടത് പോലെയും, കണ്ടവൻ പറഞ്ഞത് കേട്ട പോലെയും വിശ്വസിക്കണം.

ഏതായിരുന്നു കാലം? 

അക്കാലത്ത് മനുഷ്യൻ എങ്ങനെയൊക്കെ ജീവിച്ചവരായിരുന്നു?

എന്നതൊന്നും അന്വേഷിക്കരുത്, ചിന്തിക്കരുത്.

ഇന്ന് ഈ കാലത്തെ ലോകത്തെ നാം മനസിലാക്കുന്നത് പോലെ തന്നെ അന്ന് ആ കാലത്തെ ലോകത്തെ നാം മനസിലാക്കിക്കൊള്ളണം. 

ആര്യന്മാർ സംഘടിതമായ ആസൂത്രണവും കൂടിയാലോചനയും പദ്ധതിയും വെച്ച് തന്നെ അധിനിവേശം നടത്തി എന്ന് വിശ്വസിക്കണം. 

അതിന് മാത്രം വിനിമയങ്ങളും ആലോചനകളും പദ്ധതികളും നടക്കുന്ന കാലമായിരുന്നു പണ്ട് പണ്ടെന്നും വിശ്വസിക്കണം. 

അല്ലാതെ മേയ്ച്ചും വേട്ടയാടിയും കൃഷിചെയ്തും ജീവിക്കാൻ കഷ്ടപ്പെട്ട ഏതെല്ലാമോ മനുഷ്യവിഭാഗങ്ങൾ അതിൻ്റെ ഭാഗമായി ജീവിക്കാൻ പറ്റിയ ഏതെല്ലാമോ സ്ഥലങ്ങളിലേക്ക് എങ്ങിനെയൊക്കെയോ പോയി, ചെന്നുപെട്ടു, ജീവിച്ചു എന്നൊന്നും മനസിലാക്കിപ്പോകരുത്. 

യാദൃശ്ചികമായി എന്തൊക്കെയോ എവിടെയൊക്കെയോ എങ്ങനെയൊക്കെയോ സംഭവിച്ചു എന്നും മനസ്സിലാക്കരുത്. അതിൽ ആര്യന്മാരെന്നും ദ്രാവിഡരെന്നും രണ്ട് വിഭാഗങ്ങൾ കൃത്യമായ അർത്ഥത്തിൽ വകതിരിച്ചില്ലെന്നും മനസിലാക്കിപ്പോകരുത്

സംഭവിച്ചതെല്ലാം എന്തൊക്കെയോ എങ്ങനെയൊക്കെയോ എവിടെയൊക്കെയോ സംഭവിച്ചു എന്നും മനസിലാക്കിപ്പോകരുത്.

എല്ലാറ്റിനും മുൻകൂട്ടി തയാറാക്കിയ എന്തൊക്കെയോ രേഖയും പദ്ധതിയും ഗൂഢതന്ത്രവും ഒക്കെ ഉണ്ടായിരുന്നു എന്ന് തന്നെ മനസിലാക്കണം. 

അതും പണ്ട് പണ്ട്. വളരേ പണ്ട്. 

ഒരെത്തും പിടിയും കിട്ടാത്ത മനുഷ്യൻ്റെ ആദ്യകാലങ്ങളിൽ.

സംഭവിച്ചതെന്തെന്ന് എന്നതിന് കൃത്യമായ ചരിത്രരേഖയോ വിവരമോ തരാൻ ആരും ഒന്നും ഇല്ലെങ്കിലും നമ്മൾ ഇങ്ങനെയൊക്കെ തന്നെ മനസിലാക്കണം, വിശ്വസിക്കണം, പറഞ്ഞുപരത്തണം. 

ആര്യന്മാർ ഇന്ത്യയിൽ അധിനിവേശം നടത്തി എന്ന് തന്നെ. 

എങ്ങനെയൊക്കെയോ ആരൊക്കെയോ എവിടെയെല്ലാമോ വന്നുപെട്ടു ജീവിച്ചു എന്ന് മനസിലാക്കുന്നതിന് പകരം.

Tuesday, November 8, 2022

പെട്രോൾ വില : ഭരണ പാർട്ടികൾ സ്വന്തം അണികളെ ധരിപ്പിക്കുന്നത്.

ഇതാണ് അതാത് ഭരണ പാർട്ടികൾ സ്വന്തം അണികളെ ധരിപ്പിക്കുന്നത്:

'പെട്രോൾ വില കമ്പനികളാണ് നിശ്ചയിക്കുന്നത്. കമ്പനികളാണ്  വിലകൂട്ടുന്നത്. കമ്പനികൾക്ക് വില നിശ്ചയിക്കാനുള്ള അധികാരം കൊടുത്തതാണ് പ്രശ്നം. അത് പണ്ട് കോൺഗ്രസ് ചെയ്തതാണ്.'

പക്ഷെ മേൽ പറഞ്ഞ ഭരണ പാർട്ടികളുടെ ഭാഷ്യം തെറ്റാണ്. 

യഥാർഥത്തിൽ വില കൂട്ടുന്നത് സർക്കാരാണ്, കമ്പനികൾ അല്ല. വേലിയാണ് വിള തിന്നുന്നത്. സംസ്ഥാന - കേന്ദ്ര സർക്കാരുകൾ എന്ന വൻ വേലികൾ.

യഥാർത്ഥ വിലയുടെ ഇരട്ടിയിലധികം നികുതിയിടുന്നത് ഈ രണ്ട് സർക്കാരുകൾ ആണ്. അങ്ങനെയാണ് ഇത്ര ഭീകരമായി പെട്രോൾ വില കൂടുന്നത്.

കമ്പനികൾ വില നിശ്ചയിക്കുന്നുണ്ട്. ശരിയാണ്. 

പക്ഷേ, കമ്പനികൾ നിശ്ചയിക്കുന്ന ആ വില  അന്താരാഷ്ട്ര വിപണിക്ക് തുല്യമായി മാത്രം. ഒപ്പം അവരുടെ ചെറിയ ചിലവും ചെറിയ ലാഭവും ചേർത്ത്.

ഇവിടെ നമ്മുടെ നാട്ടിൽ ഈ പറഞ്ഞ കമ്പനികൾ നൽകുന്ന (ഈടാക്കുന്ന) പെട്രോളിൻ്റെ വില വെറും 45 രൂപ. 

ബാക്കി മുഴുവൻ സർക്കാർ എന്ന വേലികൾ ഉദ്യോഗസ്ഥരെ പോറ്റാൻ വേണ്ടി വിളതിന്നുന്നത്. 

നമ്മുടെ പെട്രോൾ വിലയിൽ 70 ശതമാനവും വെറും സർക്കാർ നികുതി. എന്ന് വെച്ചാൽ വിലയുടെ ഇരട്ടിയോളം നികുതി മാത്രം.

Monday, November 7, 2022

മരണവും മരണാനന്തരവും: നാടൻ രീതികളും ചടങ്ങുകളും തരുന്ന കാഴ്ചപ്പാട്.

ഹൈന്ദവതയിൽ മരണവുമായി ബന്ധപ്പെട്ട് ആരാധനാകർമ്മങ്ങൾ ഒന്നും കാണുന്നില്ല, അഥവാ പ്രാർത്ഥനകൾ ഇല്ല. 

മരണത്തിനും മരണാനന്തര ചടങ്ങിനും  അമ്പലവുമായും അമ്പലത്തിലെ കർമ്മങ്ങളുമായും ഒരു ബന്ധവും ഇല്ല, ഒരു ബന്ധവും പാടില്ല. ശവം അമ്പലത്തിൽ കൊണ്ടുപോകാനേ പാടില്ല. 

ഇത് ഇന്ത്യയിൽ ആകമാനം കണ്ടുവരുന്നു. 

ഇത് മരണവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ രീതി എന്ന നിലക്ക് മാത്രം ഹൈന്ദവം എന്ന് പറയുന്നു. 

ശവവും കൊണ്ട് പള്ളിയിലേക്ക് പോകുന്ന സെമിറ്റിക് രീതികൾക്ക് തീർത്തും വിപരീതമാണ് ഇത് എന്നതിനാലും.


*****


ആലോചിച്ച് വരുമ്പോൾ ഇതിന് ഒരേയൊരു കാണാം. 

ജീവിതമാണ് ദൈവം.

ജീവിതത്തിന് വേണ്ടിയാണ് ദൈവം.

ജീവിതത്തിലൂടെയാണ് ദൈവം.

ജീവിതത്തെ പൂജിക്കലാണ് ദൈവത്തെ പൂജിക്കൽ. 

ജീവിതത്തിന് വേണ്ടി ചെയ്യുന്നത് മുഴുവൻ പ്രാർത്ഥന, പൂജ, പുണ്യം, ധർമ്മം.

ജീവിതത്തിൻ്റെ എല്ലാ ഭാവവും രൂപവും ദൈവത്തിൻ്റെ ഭാവവും രൂപവും.

ജീവിക്കുമ്പോൾ തന്നെ അറിഞ്ഞും അറിയാതെയും ദൈവത്തെ പൂജിക്കുന്നു, ദൈവത്തോട് പ്രാർത്ഥിക്കുന്നു.

ജീവിതം തന്നെയാണ് പൂജ, പ്രാർത്ഥന, പുണ്യം, ധർമ്മം.

*****

മരണം ഒന്നും ഇല്ലാതാക്കുന്നില്ല.

മരണം എന്നത് യഥാർഥത്തിൽ ഇല്ല.

അഥവാ യഥാർഥത്തിൽ ഇല്ലാത്ത നീയും ഞാനും ഇല്ലാതാവുന്ന പ്രക്രിയ മാത്രം മരണം.

അത് മനസിലാക്കിത്തരാൻ മാത്രമായിരിക്കണം മരണാനന്തര കർമ്മങ്ങൾ. കത്തിച്ച് പഞ്ചഭൂതങ്ങൾ ആക്കിമാറ്റുന്ന ഏക പരിപാടി.


അത് മാറ്റിനിർത്തിയാൽ മരണത്തിലൂടെയും ജീവിതം തുടരുന്നു.


അതിനാൽ മരണത്തിനും മരണാനന്തരത്തിനും വേണ്ടി പ്രത്യേകിച്ച് ദൈവത്തെയോ അമ്പലത്തെയോ സമീപിക്കേണ്ടതില്ല, പ്രാപിക്കേണ്ടതില്ല. 

ഒന്നും ചെയ്യേണ്ടതില്ല.

ചെയ്യുന്ന തെന്തും മുഴുവൻ പ്രാപഞ്ചികതക്കും വേണ്ടി മാത്രമല്ലാതെ. 

ബലിയിടുമ്പോൾ നടത്തുന്ന പ്രാർത്ഥന പോലെ. 

പ്രത്യേകിച്ചൊരു വ്യക്തിക്ക് വേണ്ടി മാത്രമല്ലാതെ. 

മുഴുവൻ പ്രാപഞ്ചികതക്കും വേണ്ടി മാത്രം. 

മുഴുവൻ ചരാചരങ്ങൾക്കും വേണ്ടി. 


****


മരണവും മരണാനന്തരവും: 

നാടൻ രീതികളും ചടങ്ങുകളും തരുന്ന കാഴ്ചപ്പാട് മേൽപറഞ്ഞത് പോലെ. 


മരണത്തെ എങ്ങിനെ കാണുന്നു, നേരിടുന്നു എന്നതിലുണ്ട് ജീവിതവും മരണാനന്തരവും എന്തെന്നും എന്തല്ലെന്നുമുള്ള കൃത്യമായ വ്യക്തത.


മരണത്തെ ധീരമായി നേരിടുന്നവന് ജീവിതവും മരണാനന്തരവും എന്തെന്നും എന്തല്ലെന്നും കൃത്യമായ വ്യക്തതയുണ്ടെന്ന് സാരം.


*****


ഇതെഴുതുന്നത് വേദങ്ങളും ഉപനിഷത്തുകളും വായിച്ചറിഞ്ഞതിൻ്റെ അടിസ്ഥാനത്തിലല്ല. പാണ്ഡിത്യം അടിസ്ഥാനമാക്കിയും അല്ല.


പകരം ഇതെഴുതുന്നത് ജീവിതം മാത്രമാണ്, ജീവിതത്തിന് വേണ്ടി മാത്രമാണ് എല്ലാം എന്ന സാമാന്യയുക്തി വെച്ചാണ്. 


ആ ജീവിതത്തിൽ ഞാനും നീയും ഇല്ല എന്ന സാമാന്യയുക്തി വെച്ച്. 


ജീവിതത്തിന് വേണ്ട, ജീവിതം ജീവിതത്തിന് വേണ്ടി അപ്പപ്പോൾ ഉണ്ടാക്കുന്ന ഞാനും നീയും മാത്രമേ ഉള്ളൂ എന്ന സാമാന്യയുക്തി വെച്ച്. 


ആ ജീവിതത്തെ ദൈവമെന്നോ ആത്മാവെന്നോ പദാർത്ഥമെന്നോ ഊർജ്ജമെന്നോ ബോധമെന്നോ, അതല്ല മറ്റെന്തെങ്കിലുമെന്നോ നാം വിളിച്ചാലും വിളിച്ചില്ലെങ്കിലും സംഗതി ഒന്ന്, കാര്യം ഒന്ന് എന്ന ബോധം വെച്ച്.


*****


ജീവിച്ചവർ മരണാനന്തരത്തിൽ അതുപോലെ, അതേ ഞാൻ നീ ബോധം വെച്ച് ബാക്കിയാവുന്നില്ല. 


ജീവിക്കുമ്പോൾ മാത്രം അവരായി എന്നല്ലാതെ. ഏത് സമയവും പൊട്ടി ഇല്ലാതാവുന്ന കുമിള പോലെ. 


ജനിക്കുന്നതിനു മുൻപും മരിച്ചതിന് ശേഷവും അവർ അവർ തന്നെയായി ഇല്ല. കുമിള കുമിളയായി ഇല്ല 


*****


എന്നത് കൊണ്ടാണോ എന്ന് തോന്നുംവിധമുള്ള, തോന്നിപ്പിക്കുംവിധമുള്ള കാഴ്ചപ്പാടും ചടങ്ങുകളും ഇന്ത്യയിൽ ആകമാനമുള്ള നാടൻ രീതിയിൽ നിറയെ കാണാം.


ഒന്നാമതായി മരിച്ച ശവത്തെ പൂർണമായും കത്തിച്ചു കളയാനുള്ള ഉറപ്പും ധൈര്യവും. 


മരിച്ചാൽ കത്തിച്ചുകളയാനുള്ള ധൈര്യം. അതിലുണ്ട് ഞാനും നീയുമില്ല, ഒന്നുമില്ല, ഒന്നുമല്ല എന്ന ഉറപ്പ്. 

ശവം എന്തുമാക്കി മാറ്റാനാവുന്ന, എന്തിനും ഉപയോഗിക്കാനാവുന്ന വസ്തു മാത്രമെന്ന  ആ ഉറപ്പ് വല്ലാത്തൊരുറപ്പാണ്. തെളിച്ചവും വെളിച്ചവും ഒത്തുവരുന്ന ഉറപ്പ്.


അതും ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ കത്തിച്ച് ദഹിപ്പിക്കണം എന്ന നിർബന്ധം.


മരിക്കുന്നത് കുട്ടികളാണെങ്കിൽ മാത്രം കുഴിച്ചിടുക. 


അതിനും ചില കാരണങ്ങൾ ഉണ്ടാക്കാം.


ജീവിച്ചിരിക്കെ തന്നെ സ്വതന്ത്ര വ്യക്തിത്വം കുട്ടികൾക്ക് ഇല്ല എന്ന ന്യായം.  അതുകൊണ്ട് കത്തിച്ച് ഇല്ലാതാക്കി എന്ന് വരുത്തേണ്ടതുമില്ല എന്ന് തോന്നിപ്പിക്കും വിധം.


മരിച്ചവൻ ഒരു നിലക്കും ബാക്കിയില്ല, അവനെ പൂർണമായും പഞ്ചഭൂതങ്ങളിലേക്ക് തിരിച്ചയക്കുന്നു. അവനെ പഞ്ചഭൂതങ്ങളാക്കി പ്രപപഞ്ചം തന്നെയാക്കി മാറ്റുന്നു എന്നത് ബാക്കിയുള്ളവരെ കൂടി കൃത്യമായും വ്യക്തമായും ബോധ്യപ്പെടുത്തുന്നത് പോലെ തന്നെ ഒരു കത്തിച്ചുകളയൽ.


കത്തിക്കുമ്പോൾ ഓരോരുത്തരുമായ ഊർജ്ജം പലതായി മാറും എന്ന ഉറപ്പ് ധൈര്യം. 


ഊർജ്ജം എന്നത് പോലും വ്യാവഹാരികമായി മനസിലാക്കാൻ വേണ്ടി മാത്രം ഉപയോഗിക്കുന്ന പദം, ബിംബം) 


അതിനാൽ ഫലത്തിൽ പ്രാപഞ്ചികതയിലെ തന്നെ കാക്കയും പൂച്ചയും പുല്ലും പൂവും പഴവും ഉറുമ്പും പാറ്റയും അണുവും ആകാശവും ഭൂമിയും ഓരോരുത്തനും മാറും എന്ന ഉറപ്പ്.


മോക്ഷം പോലും മരിച്ചതിന് ശേഷം വേറെ എവിടെയോ വെച്ച് കിട്ടേണ്ടതല്ല എന്ന ഉറപ്പ്, ധൈര്യം.


ജീവിക്കുമ്പോൾ തന്നെ ഒന്നും ഒന്നുമല്ല എന്നറിയുന്നത് കൊണ്ട് കിട്ടുന്ന, അതുകൊണ്ട് തന്നെ വാനപ്രസ്ഥത്തിനും സന്യാസത്തിനും ഒരുങ്ങുന്ന അതേ ഉറപ്പും ധൈര്യവും. 


പിന്നെ ഏറിയാൽ മരണത്തോടെ ഇല്ലാതായിത്തീർന്ന് എല്ലാവരും അവരല്ലാതായിത്തീർന്ന് നിർബന്ധമായും കിട്ടുന്ന മോക്ഷം മാത്രമെന്ന ഉറപ്പും ധൈര്യവും. 


ഓരോരുത്തരും ഞാനും ഞാനും ആണെന്ന് തോന്നുന്നു തടവറ മാത്രമേ ഉള്ളൂ, ആ തടവറയിൽ നിന്നും കിട്ടേണ്ട മോക്ഷമമേ ഉളളൂ എന്നറിയുന്ന ഉറപ്പും ധൈര്യവും.


*****


അതുകൊണ്ട് തന്നെ ആ ധൈര്യവും ഉറപ്പും വാനപ്രസ്ഥത്തിൽ നിന്നും സന്യാസത്തിൽ നിന്നും തുടങ്ങുന്നു എന്നറിയുമ്പോൾ കത്തിച്ച് കളയുന്നതിലെ യുക്തി ഒന്ന് കൂടി വ്യക്തമാവും. 


എല്ലാം ഉപേക്ഷിക്കുന്ന, എല്ലാം സ്വയം വിട്ടൊഴിവാക്കി, അറിയായ്കയിലേക്കും അപരിചിതത്വത്തിലേക്കുമുള്ള ഒഴിഞ്ഞുപോക്കിൽ നിന്ന്, വാനപ്രസ്ഥത്തിൽ നിന്നും സന്യാസത്തിൽ നിന്നും തുടങ്ങുന്നു കത്തിച്ചുകളയുന്ന ഈ ഉറപ്പും ധൈര്യവും. 


ഒന്നുമില്ല, ഒന്നുമല്ല എന്ന ഉറപ്പ്, അത് നൽകുന്ന ധൈര്യം.


ഒന്നുമില്ല, ഒന്നിനും വേണ്ടി കാത്തിരിക്കേണ്ടതില്ല എന്ന ഉറപ്പിൽ നിന്നുള്ള ധൈര്യം പോലെ തന്നെ വാനപ്രസ്ഥം, സന്യാസം, പിന്നെ കത്തിച്ചുകളയൽ.


******


മരണവുമായി ബന്ധപ്പെട്ട് ചെയ്യുന്ന ഒന്നും ഇവിടെ ആത്മീയമായതല്ല.


മരണത്തിന് ശേഷം എന്തെങ്കിലും നേടിത്തരേണ്ട ആത്മീയത തന്നെ ഇല്ല എന്ന് തന്നെ സാരം.


*****


നോക്കൂ... 


മരണത്തിൻ്റെ, മരണാനന്തരം നടത്തുന്ന എല്ലാ കർമ്മങ്ങളും ആൻ്റിക്ലോക്ക്വൈസ്. 


വന്നെത്തിയിടത്ത് നിന്ന് തിരിച്ചു പോകും പോലെ. 


ഉറവയിലേക്കുള്ള തിരിച്ചൊഴുക്ക് പോലെ. 


അസാധാരണമായ രീതിയിൽ. 


താഴെ നിന്നും മുകളിലോട്ടുള്ള ഒഴുക്ക്. 


ആപേക്ഷിക രീതികൾ തകിടംമറിക്കുന്ന കോലത്തിൽ.


*****


അമ്പലത്തിൽ പോയാൽ വലംവയ്ക്കുന്നത് ക്ലോക്ക്വയ്സിൽ. 


മരണാനന്തര ചടങ്ങിൽ വലംവയ്ക്കുന്നത് ആൻ്റിക്ലോക്ക്വയ്സിൽ


മരണാനന്തര ചടങ്ങിൽ നടത്തുന്ന എല്ലാ കർമ്മങ്ങളും എല്ലാ സംഗതികളും സാധനങ്ങളും അമ്പലത്തിലും പൂജയ്ക്കും ഉപയോഗിക്കാത്തത് മാത്രം.


ശവശരീരം അമ്പലത്തിൽ കൊണ്ടുവരികയോ അതിൻ്റെ മുൻപിലൂടെ പോകുകയോ പോലും സാധാരണഗതിയിൽ ചെയ്യില്ല...


കർമ്മങ്ങൾ ചെയ്യുന്ന ആരും തന്നെ, ആ വീട്ടുകാരും അമ്പലത്തിൽ പോകില്ല, പോകാൻ പാടില്ല...


മരിച്ചവരുടെയോ അവരുടെ അടുത്ത ബന്ധുക്കളുടെയോ വീടുകളിൽ വിളക്ക് കത്തിക്കില്ല..


മരിച്ചവരുടെയോ അവരുടെ അടുത്ത ബന്ധുക്കളുടെയോ വീടുകളിൽ ആരാധനാ കർമ്മങ്ങൾ ഉൾപ്പെടെ പ്രാർത്ഥനകൾ ഒന്നും നടത്തില്ല...


പത്ത് ദിവസം കഴിയുന്നത് വരെ..


ചുരുങ്ങിയത്, പത്ത് ദിവസം കൊണ്ട് മരിച്ച ശരീരത്തിലെ, പ്രത്യേകിച്ചും കത്തിക്കുന്നത് കൊണ്ട് പഞ്ചഭൂതങ്ങളെ പ്രാപഞ്ചികതയിലേക്ക് മടക്കുന്നു എന്ന് വരുത്തും വിധം കാര്യങ്ങൾ.


ശവത്തിൻ്റെ അടുത്ത് നിന്ന് ഒരുതരം വേദപാരായണവും പ്രാർത്ഥനയും നടത്തില്ല എന്ന് മാത്രമല്ല, മരിച്ച വീട്ടിലും എല്ലാതരം വേദപാരായണവും പ്രാർത്ഥനയും നിർത്തും...


പതിനൊന്നാം ദിവസം കുളി കഴിയുന്നത് വരെ...


അമ്പലത്തിൽ മരിക്കില്ല, മരിക്കരുത്. മരിച്ചാൽ വലിയ ശുദ്ധികലശം നടത്തേണ്ടി വരും..


പരേതാത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്ന പരിപാടി ഇല്ല. 


മരണത്തെ പൂർണമായും ദൈവികമായ പ്രകീർത്തനങ്ങളിൽ നിന്നും മാറ്റിനിർത്തുന്നു.


***** 


എന്താണ് പുനർജന്മം? 


നിൻ്റെയും എൻ്റെയും മരണത്തിന് ശേഷവും ജീവിതം ജീവിതമായി തുടരുന്നു. 


നീയും ഞാനും തുടരുന്നില്ല. 


ജീവിതം എൻ്റെയും നിൻ്റെയും ഈ ഞാൻ നീ ബോധവുമായി തുടരാതെ തുടരുന്നു. 


പകരം പല വ്യത്യസ്ത രൂപങ്ങളായി, അവസ്ഥകളായി, ജന്മങ്ങളായി ജീവിതം തുടരുന്നു. നീയും ഞാനും എന്നത് ബാധകമാവാതെ. 


അതിനാൽ പറയുന്നു കാക്കയും പൂച്ചയും പൂവും പഴവും ഉറുമ്പും പാമ്പും ഒക്കെയായി എന്ന് തോന്നിപ്പിക്കും വിധം പൊതുവായി പറയുന്നു.


എങ്കിൽ എന്താണ് പൂർവ്വജന്മം? 


നിൻ്റെയും എൻ്റെയും ജനനത്തിന് മുൻപും ജീവിതം ജീവിതമായി തുടർന്നിരുന്നു. നീയും ഞാനും ഇല്ലാതെ. 


ജീവിതം എൻ്റെയും നിൻ്റെയും ഈ ഞാൻ നീ ബോധമില്ലാതെ തുടർന്നിരുന്നു. പല വ്യത്യസ്ത രൂപങ്ങളായി, അവസ്ഥകളായി, ജന്മങ്ങളായി. നീയും ഞാനും എന്നത് ബാധകമാവാതെ.


ഫലത്തിൽ നീ ഞാൻ ബോധം സ്ഥിരമല്ല.

 

അതിനാൽ തന്നെ നീ, ഞാൻ, അവൻ അവൾ എന്നത് കേന്ദ്രീകരിച്ച്, അതിന് തുടർച്ചയുണ്ട് എന്ന് കരുതി ദൈവത്തോട് ഒന്നും പ്രാർത്ഥിക്കാനില്ല എന്നർത്ഥം വരുന്നുവോ എന്ന് തോന്നിപ്പിക്കും വിധം ഇവിടെയുള്ള മരണാനന്തര ചടങ്ങുകളും ആചാരങ്ങളും.


*****


എങ്കിൽ പൂർവ്വജന്മത്തിൽ കാക്കയോ പൂച്ചയോ ഉറുമ്പോ പാറ്റയോ ആയിരിക്കാം എന്ന് പറയുന്നതിൻ്റെ അർത്ഥം എന്താണ്?


അതുപോലെ തന്നെ പുനർജന്മത്തിൽ കാക്കയോ പൂച്ചയോ ഉറുമ്പോ പാറ്റയോ ആവാം എന്ന് പറയുന്നതിൻ്റെ അർത്ഥം എന്താണ്?


ഞാനും നീയുമായ ബോധവും രൂപവും തുടരുന്നില്ല എന്നത് അതിൻ്റെ അർത്ഥം.


ഞാൻ നീ ബോധമുള്ള എനിക്കും നിനക്കും ഇതേ ഞാൻ നീ ബോധവും രൂപവും വെച്ചുള്ള പുനർജന്മം ഉണ്ടാവില്ല, പൂർവ്വ ജന്മം ഉണ്ടായിരുന്നില്ല എന്നർത്ഥം.


തുടരുന്നത് ഞാനും നീയും തുടരാത്ത ജീവിതം മാത്രം എന്നർത്ഥം.


ആ ജീവിതത്തിൽ കാക്കയും ഉറുമ്പും ഞാനും നീയും എല്ലാം ഒന്ന് എന്നർത്ഥം.


അതിനാൽ ഞാനും നീയും ഏത് പോലെ ജനനത്തിന് മുൻപ് എല്ലാമായിരുന്നുവോ, അതുപോലെ ഇനിയും മരണത്തോടെ എല്ലാമാകാൻ പോകുന്നു എന്നർത്ഥം.


അവിടെയാണ് കാക്കയും പൂച്ചയും മറ്റെന്തുമാണ് പൂർവ്വജന്മത്തിലും പുനർജന്മത്തിലും എന്ന് പറയുന്നതിൻ്റെ അർത്ഥം. 


ഞാനും നീയും അവനും അവളും ആയ ബോധത്തിൽ ആരും മരണാനന്തരം തുടരുന്നില്ല, ജനനത്തിന് മുൻപ് ഉണ്ടായിരുന്നില്ലാത്തത് പോലെ. 


ഞാനും നീയും പ്രാപഞ്ചികതയിൽ  പ്രാപഞ്ചികതയായി പ്രാപഞ്ചികഘടകമായി മാത്രം ആയിരുന്നു, ഇനിയും അങ്ങനെ തന്നെയായി മാറും എന്നർത്ഥം. 


അങ്ങനെയാവും എന്നത് നമുക്ക് മനസ്സിലാവുന്ന രീതിയിൽ പറയുന്നത് മാത്രം കാക്കയും പൂച്ചയും ഉറുമ്പും പാറ്റയും ആയിരുന്ന്, ആവും എന്നത്.


അതുകൊണ്ട് തന്നെയായിരിക്കണം ബലിതർപ്പണത്തിൽ ബലി ഇടുമ്പോഴുള്ള  പ്രവർത്തിയും പ്രാർത്ഥനയും വരെ പേരെടുത്ത് പറയുന്ന ഒരു പ്രപിതാവിനോ കുടുംബക്കാരനോ വേണ്ടി അല്ല എന്നത്. 


ബലിതർപ്പണത്തിൽ നടത്തുന്ന പ്രവർത്തിയും പ്രാർത്ഥനയും മുഴുവൻ പ്രാപഞ്ചികതക്കും പ്രാപഞ്ചികഘടകങ്ങൾക്കും വേണ്ടിയാണ് എന്നത്.

*****

മരിച്ചാൽ മാത്രമല്ല ജീവിക്കുമ്പോഴും വിഷ്ണുപാദത്തിൽ തന്നെ, ദൈവത്തോടൊപ്പം തന്നെ. 

മരിക്കുമ്പോൾ നീയും ഞാനും ഇല്ലാതാവും എന്നല്ലാതെ, പ്രത്യേകിച്ച് എങ്ങോട്ടോ മടങ്ങുന്നില്ല. 

വിഷ്ണുപാദം പൂകി, ദൈവത്തിലേക്ക് മടങ്ങി എന്നൊക്കെ പറഞ്ഞാൽ ആകെമൊത്തം പ്രാപഞ്ചികതയുടെ, നിലനില്പിൻ്റെ ഭാഗമായി എന്നർത്ഥം. 

വിഷ്ണു എന്നാലും ദൈവമെന്നാലും നിലനിൽപ് എന്ന് മാത്രമർത്ഥം.

****

ജീവിക്കുമ്പോൾ ജീവിച്ചുകൊണ്ട് തന്നെയുള്ള മോക്ഷം മാത്രം. 

മരണാനന്തരം സംഭവിക്കേണ്ട, നേടേണ്ട മോക്ഷം ഇല്ല. 

ഒന്നും ഒന്നുമല്ലെന്നറിയുന്ന, നീയും ഞാനും ഇല്ലെന്നറിയുന്ന മോക്ഷം മാത്രമേ ഉള്ളൂ...


അപ്പോൾ കർമ്മഫലം?

എല്ലാം കർമ്മഫലം തന്നെ. 

ഇവിടെ ഉള്ളതും, ഉണ്ടാവുന്നതും, ഉണ്ടായതും, ഒപ്പം നാം ഉണ്ടാക്കുന്ന എല്ലാ മാറ്റങ്ങളും കർമ്മഫലം തന്നെ. 

ഞാനും നീയും ഉള്ള, എന്നിലേക്കും നിന്നിലേക്കും തന്നെ നീളുന്ന, നമ്മളിലേക്ക് തന്നെ തിരിച്ചുവരുന്ന കർമ്മഫലമല്ല. 

ഞാനും നീയും ഇല്ലാത്ത ജീവിതമായിത്തീരുന്ന, തുടർച്ചയായ ജീവിതത്തിൽ നിഴലിടുന്ന കർമ്മഫലം. 

*****

മരിച്ചാൽ കത്തിച്ചുകളയാനുള്ള ധൈര്യം. 

അതിലുണ്ട് ഞാനും നീയുമില്ല, ഒന്നുമില്ല, ഒന്നുമല്ല എന്ന ഉറപ്പ്. 

ശവം എന്തുമാക്കി മാറ്റാനാവുന്ന, എന്തിനും ഉപയോഗിക്കാനാവുന്ന വസ്തു മാത്രമെന്ന ആ ഉറപ്പ് വല്ലാത്തൊരുറപ്പാണ്. 

തെളിച്ചവും വെളിച്ചവും ഒത്തുവരുന്ന ഉറപ്പ്.

ഏത് കാലം മുതൽ ഇത് ഇന്ത്യയിലാകമാനം ഉണ്ടായിരുന്നു എന്നിടത്ത് കിടക്കുന്നു ജീവിതത്തെ കുറിച്ചും മരണാനന്തരത്തെ കുറിച്ചും ഇന്ത്യ കണ്ടെത്തിയ ദാർശനികത്തിളക്കം എവിടെ വരെ എത്രത്തോളം ഉണ്ടായിരുന്നു എന്നത് ...