ഖത്തറിൽ ലോകകപ്പ് ഉൽഘാടനം ചെയ്യുന്ന വേളയിൽ ഖുർആൻ സൂക്തം ചൊല്ലിയപ്പോൾ ഇവിടെ പലർക്കും അതിരറ്റ അൽഭുതവും ആഹ്ലാദവും തോന്നി.
ഒപ്പം സ്വർഗ്ഗത്തിൽ ഇഷ്ടം പോലെ വിതരണം ചെയ്യുന്ന കള്ളും പെണ്ണും ഇല്ലാതെ (ആണുങ്ങളും നൃത്തവും സംഗീതവും ഇപ്പോൾ പ്രശ്നമല്ല) ഇതാദ്യമായി ഖത്തർ മാതൃകയും നെഞ്ചൂക്കും കാണിച്ചെന്ന വിചിത്രവാദവും ഉണ്ടായി.
തങ്ങൾക്ക് വേണ്ടാത്തത് ബഹുസ്വര സമൂഹത്തിൽ ആർക്കും പാടില്ലെന്ന തികഞ്ഞ അസഹിഷ്ണുതയും ഏകപക്ഷീയതയും. അത് അപ്പടിയേ അടിച്ചേൽപ്പിക്കുന്നത് കാഴ്ചയായി.
തങ്ങൾക്ക് മറ്റുള്ളവർ തന്ന തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യം തങ്ങൾ മറ്റുള്ളവർക്ക് തങ്ങളുടെ തട്ടകത്തിൽ അനുവദിക്കില്ലെന്ന വാദം. തീർത്തും ശരിയെന്ന മട്ടിൽ.
എന്നതിലപ്പുറം ഖുർആൻ സൂക്തം ചൊല്ലിയത് ഇവിടെ പലർക്കും അവരുടെ ചാക്കിലെ പൂച്ച പുറത്ത് ചാടാൻ മാത്രം ഉപയോഗപ്പെട്ടു.
പലതും പോലെ ചിലത് എന്ന മട്ടിൽ അവരതെടുത്തില്ല.
പകരം, ഏറെക്കുറെ അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിലും കുടപിടിക്കും എന്നത് അന്വർത്ഥമാക്കും വിധമായി പലരുടെയും പ്രതികരണം. അവരുടേതായ വാട്സ് ആപ്പ് ഗ്രൂപ്പുകളിലും സ്റ്റാറ്റസുകളിലും പ്രത്യേകിച്ചും.
എല്ലാം ദരിദ്രൻ്റെയും അറിവില്ലാത്തവൻ്റെയും അഹങ്കാരം പോലെ.
മതേതരത്വവും സ്വാതന്ത്ര്യവും ജനാധിപത്യവും ഇങ്ങിവിടെ ഇന്ത്യയിൽ അലങ്കാരത്തിനും മേമ്പൊടിക്കും പറയുന്നവർക്ക് വരെ.
വേറൊരു ഗ്രന്ഥത്തിലും അത്രമേൽ നല്ല വചനം ഇല്ലെന്ന മട്ടിൽ. ഒരുതരം വഴിവിട്ട അവകാശവാദത്തോടെ, ഭ്രാന്തമായ വെല്ലുവിളിയോടെ അവർ പെരുമാറി.
താഓ തെച്ചിങ്ങോ, ധമ്മപദയോ, സാദൃശ്യവാക്യമോ, ഗീതയോ, ഗുരുഗ്രന്ഥസാഹിബോ, ഉപനിഷത്തുകളോ, ഒട്ടനവധി സാഹിത്യ ശാസ്ത്ര ഗ്രന്ഥങ്ങളോ വായിച്ചിട്ടോ അവയുമായി ഒരിക്കലും സാധിക്കാത്ത താരതമ്യം നടത്തിയിട്ടോ ആയിരിക്കില്ല അവരുടെ ഇത്തരം വീമ്പുപറച്ചിലും വെല്ലുവിളിയും അവകാശവാദങ്ങളും എന്നത് സുവ്യക്തം.
അടഞ്ഞ മുറിയെ ലോകമാക്കിയവർക്ക് അല്ലെങ്കിലും എന്ത് താരതമ്യം, എന്ത് വായന, എന്ത് പഠനം? അവർ അപകടകാരികളായ ഭാഗ്യവാന്മാർ.
*****
ഇനി എന്താണ് ഖത്തറിൽ ഉരുവിട്ട ആ സൂക്തം പറയുന്നത്, അർത്ഥമാക്കുന്നത് എന്ന് നോക്കാം.
"നിങ്ങളെ നാം ഒരാണിൽ നിന്നും പെണ്ണിൽ നിന്നും സൃഷ്ടിച്ചു. എന്നിട്ട് നാം നിങ്ങളെ, ഗോത്രങ്ങളും വർഗ്ഗങ്ങളുമാക്കി. (എന്തിന്?) നിങൾ പരസ്പരം അറിയാൻ, പഠിക്കാൻ. ദൈവത്തിങ്കൽ നിങ്ങളിലേറ്റവും ഉത്തമൻ ഏറ്റവും സൂക്ഷ്മബോധമുള്ളവൻ". (ഖുർആൻ).
പ്രത്യേകിച്ച് ഒരടിസ്ഥാനവും ന്യായവും ന്യായവാദങ്ങളും ഇല്ലാതെ ഒരാണിൽ നിന്നും പെണ്ണിൽ നിന്നും എല്ലാവരെയും സൃഷ്ടിച്ചു എന്ന് ഏകപക്ഷീയമായി പറയുന്നത് അവിടെ നിൽക്കട്ടെ. അത് എന്തിൻ്റെയെങ്കിലും അടിസ്ഥാനത്തിൽ ശരിയോ തെറ്റോ ആവട്ടെ.
അതിവിടെ തർക്കിക്കുന്നില്ല.
എന്താണ് ഈ സൂക്തം ശരിക്കും അർത്ഥമാക്കേണ്ടത്?
1) പരസ്പരം അറിയാനും അന്വേഷിക്കാനും പഠിക്കാനും വേണ്ടിയാണ് ഇങ്ങനെ സൃഷ്ടിച്ച് വ്യത്യസ്തരാക്കിയത് എന്ന് ഈ സൂക്തം വ്യക്തമായും പറയുന്നു. അല്ലാതെ, നമ്മുടേത് മാത്രം, നമ്മൾ മാത്രം ശരി എന്ന് കരുതാനല്ല.
2) വിശ്വാസവും മതവും കൊണ്ടല്ല ആരും ദൈവത്തിങ്കൽ ഉത്തമൻ ആവുന്നത് എന്ന് ഈ സൂക്തം വ്യക്തമാക്കുന്നു.
3) സൂക്ഷ്മബോധമുള്ളവൻ ആരോ, അതാരായാലും, ഏത് മതക്കാരനും ഭാഷക്കാരനും ദേശക്കാരനും ആയാലും, അവനാണ് ദൈവത്തിങ്കൽ ഏറ്റവും ഉത്തമൻ എന്ന് ഈ സൂക്തം അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നു. സൂക്ഷമ്പോധം ജന്മം കൊണ്ട് പതിച്ചുകിട്ടുന്ന, അനുകരിച്ച് കിട്ടുന്ന മഹാഭൂരിപക്ഷത്തിൻ്റെയും വിശ്വാസവും മതവും അല്ലല്ലോ?
4) സൂക്ഷ്മബോധമുള്ളവൻ എന്നാൽ സംശയിച്ചും അന്വേഷിച്ചും കൊണ്ടിരിക്കുന്നവൻ (ജന്മം കൊണ്ട് കിട്ടിയത് കണ്ണടച്ച് വിശ്വസിച്ച് കൊണ്ടുനടക്കുന്നവനല്ല) എന്ന് മാത്രം എങ്ങിനെ വ്യാഖ്യാനിച്ചാലും ഈ സൂക്തം അർത്ഥം തരുന്നു.
5) സൂക്ഷ്മബോധം പെട്ടെന്ന് കിട്ടുന്ന, വീണുകിട്ടുന്ന ഒന്നല്ല. സൂക്ഷ്മബോധം ക്രമപ്രാവൃദ്ധമായി, മെല്ലെ മെല്ലെ, ശ്രദ്ധിച്ചും ശ്രമിച്ചും മാത്രം വളരുന്ന, വളർത്തേണ്ട തീർത്തും ആത്മനിഷ്ടമായ ഒരു ഗുണം മാത്രം.
6) സൂക്ഷ്മബോധമെന്നാൽ, ജനനം കൊണ്ട് കിട്ടിയത് മാത്രം ശരിയെന്ന് മുൻകൂട്ടി നിശ്ചയിച്ച്, അങ്ങനെ മാത്രം പറഞ്ഞ്, അതിൻ്റെ അടിസ്ഥാനത്തിൽ കതകടച്ച്, കണ്ണടച്ച്, മുഖംമൂടിയിരുന്ന് അസഹിഷ്ണുതയും തീവ്രതയും കാണിക്കുന്നതല്ല. ഈ സൂക്തത്തിൻ്റെ അർഥത്തിലും പരിപ്രേക്ഷ്യത്തിലും സൂക്ഷ്മബോധമുള്ളവൻ ഈ കേട്ടുകേൾക്കുന്ന പൊതു മുസ്ലിമോ ക്രിസ്ത്യാനിയോ ജൂതനോ ഹിന്ദുവോ അല്ല.
7) അങ്ങനെ, ജനനം കൊണ്ട് കിട്ടിയ മതം വെച്ച് തനിക്ക് കിട്ടിയത് മാത്രം ശരിയെന്ന് മുൻകൂട്ടി നിശ്ചയിച്ച്, പറഞ്ഞ്, കതകടച്ച്, കണ്ണടച്ച്, മുഖംമൂടിയിരുന്ന് അസഹിഷ്ണുതയും തീവ്രതയും കാണിക്കുന്നതല്ല സൂക്ഷ്മബോധം.
8) അറബിക്കും അറബി ഭാഷക്കും അറബിഭാഷയിലുള്ള ഒരേയൊരു ഗ്രന്ഥത്തിനും മാത്രം സവർണ്ണ മേൽക്കോയ്മ ഇല്ലെന്നും ഈ സൂക്തം അതുകൊണ്ട് തന്നെ വ്യക്തമാക്കുന്നു.
9) വായിക്കാൻ ആഹ്വാനം ചെയ്യുന്ന ഗ്രന്ഥം. പക്ഷേ ആ ഗ്രന്ഥം തന്നെ സ്വതന്ത്ര വായനയെ തടസ്സപ്പെടുത്തും വിധം, നിങ്ങൾക്ക് വിശ്വാസവും വൃത്തിയുമില്ലെങ്കിൽ ആരും തൊട്ടുപോകരുത്, (ഒരു വലിയ കാലം വരെ) പരിഭാഷപ്പെടുത്താൻ പോലും പാടില്ല എന്ന് പറയുമെന്ന് ഈ സൂക്തം അർത്ഥമാക്കിയില്ല.
10) അങ്ങനെയല്ലെങ്കിൽ ഖത്തറിൽചൊല്ലിയ സ സൂക്തമുള്ള ഇത്തരമൊരു ഗ്രന്ഥം വല്ലാത്ത ഗ്രന്ഥം തന്നെയെന്ന് വരും. ഇത്തരമൊരു ഗ്രന്ഥം നടത്തുന്ന ആഹ്വാനം വല്ലാത്ത ആഹ്വാനം എന്ന് തന്നെ പറയേണ്ടി വരും.
11) അതുകൊണ്ട് തന്നെ അത്തരമൊരു ഗ്രന്ഥം നേരെ തിരിച്ച്, "(വിശ്വാസികളായ) വൃത്തിയുള്ളവരല്ലാത്ത ആരും അത് (ഖുർആൻ) തൊടുകയില്ല (തൊടരുത്)" (ഖുർആൻ) എന്ന് പറഞ്ഞുവെക്കുക സാദ്ധ്യമല്ല, കടകവിരുദ്ധമാണ്.
12) അറബിയിലുള്ള ഖുർആൻ തൊടാൻ പാടില്ല. പരിഭാഷയായ ഖുർആൻ തൊടാം എന്നും ഖത്തറിൽ ചൊല്ലിയ ആ മഹത്തായ വചനം ഉണ്ടെന്ന് പറയുന്ന ഗ്രന്ഥം പറയില്ല.
13) അറബിഭാഷ സവർണഭാഷയാണ് എന്ന അയിത്തം കലരുന്ന ധ്വനി അത്തരമൊരു ഗ്രന്ഥം പറഞ്ഞുവെക്കുകയില്ല, വെക്കരുത്.
No comments:
Post a Comment