Friday, April 26, 2024

കേരളത്തെ കുറിച്ച് നല്ലത് പറയാത്ത ദുർവ്വാശി വന്നുകൂട.

കേരളക്കാർ ഇപ്പോഴെന്നല്ല ചരിത്രപരമായി തന്നെ സൂക്ഷിച്ച രീതിയാണ് നാട് വിട്ട് പഠിക്കുക, ജോലി ചെയ്യുക എന്നത്.

നാട് വിട്ട് സമ്പാദിക്കുന്ന, പഠിക്കുന്ന, പഠിപ്പിക്കുന്ന രീതി കേരളത്തിൻ്റെ എക്കാലത്തെയും രീതിയാണ്. പ്രത്യേകിച്ചും മലബാറിൻ്റെ.

തൻ്റെ ചായക്കോപ്പ എത്ര നന്നായിരുന്നാലും ആ ചായക്കൊപ്പയിൽ തന്നെ ചുരിങ്ങിപ്പോകാതിരിക്കുന്ന കേരള രീതിയാണത്. 

വീണ്ടും വീണ്ടും കൂടുതൽ നല്ലത് അന്വേഷിക്കുന്ന, കൂടുതൽ നല്ലതിന് വേണ്ടി ശ്രമിക്കുന്ന രീതി. 

നിന്നിടത്ത് നിന്ന് ചുരുങ്ങുന്ന യാഥാസ്ഥികതയില്ലാത്ത കേരള രീതി.

അത് കൂടിയാണ്, അതുകൊണ്ട് കൂടിയാണ് കേരളത്തിനും കേരളക്കാർക്കും ഇന്ന് നാം കാണുന്ന സാംസ്കാരികവും രാഷ്ട്രീയവുമായ വിദ്യാഭ്യാസപരവുമായ ഈ ഉയർന്ന നിലവാരം. 

കേരളം നല്ലതാണെന്ന് വെച്ച് കേരളക്കാർ കേരളത്തിലും ഒതുങ്ങില്ല, ഒതുങ്ങുന്നില്ല. അവർ ലോകത്ത് എല്ലായിടത്തും പോയി കര്യങ്ങൾ മനസ്സിലാക്കുന്നു. വീണ്ടും വീണ്ടും നന്നാവുന്നു. ഫുൾസ്‌ടോപ് ഇടാതെ. കിണർ മാത്രമാണ് ലോകം എന്ന് ധരിക്കാതെ.

കേരളവും കേരളക്കാരും ഒതുങ്ങിനിൽക്കാൻ ആഗ്രഹിക്കുന്നില്ല. വെറുപ്പും വിഭജനവും മാത്രം സമ്മാനിക്കുന്ന വർഗ്ഗീയ രാഷ്ട്രീയത്തിലടക്കം.

കേരളം എത്ര നന്നായാലും ഇന്ത്യയുടെ ഭാഗമാണല്ലോ? 

അതുകൊണ്ട് തന്നെ ഇന്ത്യക്കുള്ള എല്ലാ ദോശവശങ്ങളും ഭാരങ്ങളും കെടുതികളും ബുദ്ധിമുട്ടുകളും (കേരളത്തിൽ സ്വയമേവ അവ ഇല്ലെങ്കിലും) കേരളവും കേരളക്കാരും സഹിക്കണമല്ലോ?

ഇന്ത്യയിലെ വിലവർദ്ധനവും സാമൂഹ്യ ആരോഗ്യ സുരക്ഷിതത്വമില്ലായകയും തൊഴിലില്ലായ്മയും അങ്ങേയറ്റമുള്ള അഴിമതിയും നികുതിവർദ്ധനയും വെറുപ്പും വിഭജനവും മാത്രം നടത്തുന്ന വർഗ്ഗീയ കലാപ രാഷ്ട്രീയവും എല്ലാം കേരളവും കേരളാക്കാരും കണ്ടും കേട്ടും അനുഭവിച്ചും സഹിക്കണമല്ലോ? 

അതിൽ നിന്നൊക്കെ രക്ഷനേടാൻ ഇൻഡ്യയിൽ എവിടെയുമുള്ള വിദ്യാഭ്യാസവും നിലവാരവുമുള്ള ഏതൊരുത്തനും ആഗ്രഹിച്ചുപോകുന്നത് പോലെ, ഏത് കേരളക്കാരനും, കേരളം സ്വയം നല്ലതാണെങ്കിലും ആഗ്രഹിച്ചുപോകും.

അതുകൊണ്ട് കൂടി ഇന്ത്യയിൽ നിന്ന് വിവരവും കഴിവുമുള്ള ഗുജറാത്തി വരെ രക്ഷപ്പെടുന്നത് പോലെ, അങ്ങനെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിൻ്റെ ഭാഗമായി, കേരളത്തിൽ നിന്നും ജനങ്ങൾ ഇന്ത്യയിൽ നിന്നും രക്ഷപ്പെടുന്നത്തിൻ്റെ ഭാഗമായി രക്ഷപ്പെടുന്നു. 

കൂടുതൽ സാധ്യതകളും സാമൂഹ്യ ആരോഗ്യ രാഷ്ട്രീയ സുരക്ഷിതത്വവും കൂടുതൽ നല്ല നിലവാരമുള്ള വർഗ്ഗീയ വെറുപ്പും വിഭജനവും ഇല്ലാത്ത കൂടുതൽ നല്ല സ്വസ്ഥമായ മികവുറ്റ രാഷ്ട്രീയവും ജീവിതസാഹചര്യവും ഉള്ള നാടുകളിലേക്ക് ഏതൊരു ഇന്ത്യക്കാരനും പോലെ കേരളാക്കാരനും കുടിയേറൂന്നു. 

കേരളക്കാരന് അക്കാര്യത്തിൽ കൂടുതൽ ബോധ്യതയും വിവരവും സാധ്യതയും വിദേശബന്ധങ്ങളും ഉള്ളതിനാൽ ഒരുപക്ഷേ കൂടുതൽ കേരളക്കാർ വിദേശങ്ങളിൽ കുടിയേറുന്നു. 

ദുരന്തം മുൻകൂട്ടി മനസ്സിലാക്കുന്നവരും ചാൻസ് കിട്ടുന്നവരുമാണല്ലോ രക്ഷനേടുക?

അതിൽ വലിയ തെറ്റ് കാണാനില്ല. 

അത് വലിയ കാരണമായി ചൂണ്ടിക്കാണിച്ച് കേരളത്തെ മോശമായി കാണിക്കേണ്ടതുമില്ല. 

എന്ത് വന്നാലും കേരളത്തിൻ്റെ മാത്രമായ ഒരു നിലവാരമുണ്ട്.

ഇന്ത്യയിൽ എന്ത് കൊണ്ടും മികച്ച സംസ്ഥാനമെന്നത് അംഗീകരിക്കില്ല എന്ന ദുർവ്വാശി പാടില്ല.

വെറുപ്പിൻ്റെയും വിഭജനത്തിൻ്റെയും അന്ധവിശ്വാസങ്ങളുടെയും കലാപങ്ങളുടെയും വർഗ്ഗീയ രാഷ്ട്രീയം ഇവിടെ പൂത്തുലയുന്നില്ല എന്ന ഒരൊറ്റ കാരണം കൊണ്ട്, കേരളത്തെ അംഗീകരിക്കാത്ത കേരളത്തെ കുറിച്ച് നല്ലത് പറയാത്ത ദുർവ്വാശി വന്നുകൂട.

Saturday, April 20, 2024

ജനദ്രോഹികളാണ് രാജ്യദ്രോഹികൾ. കാരണം, ജനങ്ങളാണ് രാജ്യം.

ജനദ്രോഹികളാണ് യഥാർത്ഥ രാജ്യദ്രോഹികൾ. 

കാരണം, ജനങ്ങളാണ് രാജ്യം. 

ജനങ്ങൾക്ക് വേണ്ടിയാണ് രാജ്യം. 

ജനങ്ങൾ ഇല്ലാത്ത ഇടങ്ങളെ, അത് കടലായാലും കാടായാലും മരിഭൂമിയായാലും ആകാശമായാലും രാജ്യമെന്നും നാടെന്നും വിളിക്കാറില്ല.

രാജ്യമെന്ന് വിളിക്കാൻ ജനങ്ങൾ ഉണ്ടെങ്കിൽ മാത്രമേ രാജ്യം രാജ്യമാവൂ.

സംസ്കാരവും പുരോഗതിയും ചരിത്രവും ജീവിതവും ജനങ്ങൾക്കാണ്; രാജ്യത്തിനല്ല. 

ജനങ്ങൾക്ക് ഇല്ലാത്ത, ജനങ്ങൾക്ക് വേണ്ടാത്ത ഒന്നും രാജ്യത്തിനില്ല, രാജ്യത്തിന് വേണ്ട.

ജനങ്ങൾക്ക് വേണ്ടിയാണ് രാജ്യവും അതിർത്തികളും. 

ജനങ്ങളെ സംരക്ഷിക്കാൻ, ജനജീവിതം എളുപ്പമാക്കാൻ രാജ്യവും അതിർത്തികളും. 

അല്ലാതെ അതിർത്തികൾക്കും രാജ്യങ്ങൾക്കും വേണ്ടി ജനങ്ങളല്ല, ജനജീവിതമല്ല, ജീവിതമല്ല.

രാജ്യസ്നേഹം ജനങ്ങളോടുള്ള സ്നേഹമാണ്, ജനങ്ങളോടുള്ള ആവണം. 

രാജ്യസ്നേഹമെന്നാൽ ജനങ്ങളോടുള്ള സ്നേഹമെന്ന് മാത്രം അർഥം വരേണം.. 

രാജ്യത്തിൻ്റെയും രാജ്യസ്‌നേഹത്തിൻ്റെയും പേര് പറഞ്ഞ്, മറപിടിച്ച് ജനങ്ങളെ ഉപദ്രവിക്കുന്നതിൻ്റെയോ ചൂഷണം ചെയ്യുന്നത്തിൻ്റെയോ പേരാവരുത് രാജ്യസ്നേഹം.

ജനങ്ങളെ തമ്മിലടിപ്പിക്കുന്നവർ ആരായാലും, എന്തിൻ്റെ പേരിലായാലും ഫലത്തിൽ രാജ്യത്തെ കീറിമുറിക്കുന്നവരും രാജ്യത്തെ കീറിമുറിക്കാൻ ശ്രമിക്കുന്നവരുമാണ്. രാജ്യദ്രോഹികളാണ്. 

ജനദ്രോഹികളാണ് യഥാർത്ഥ രാജ്യദ്രോഹികൾ.

ജനദ്രോഹമാണ് യഥാർത്ഥ രാജ്യദ്രോഹം

********

രാജ്യസ്നേഹം എന്ന പേരിട്ടാൽ മതി. 

പിന്നെ എന്ത് തെമ്മാടിത്തവും രാജ്യസ്‌നേഹമാക്കാം എന്ന് വരരുത്. 

രാജ്യത്തെ വിറ്റുകൊണ്ടൂം രാജ്യസ്നേഹമെന്ന് പറയാം. 

പൊതുജനം കഴുത എല്ലാം വിശ്വസിച്ചുകൊള്ളും.

*********

ജനങ്ങളിൽ ചിലരുടെ ഭീകരതയെ ഭരണകൂടത്തിന് നേരിടാൻ സാധിക്കും, നിയന്ത്രിക്കാൻ സാധിക്കും. 

പക്ഷേ വിളതിന്നുന്ന വേലിയായിത്തീരുന്ന ഭരണണകൂടത്തിൻ്റെ ഭീകരത ആർക്ക്, എങ്ങിനെ നേരിടാൻ സാധിക്കും?

Friday, April 19, 2024

ജനാധിപത്യത്തിന് പറ്റിയതല്ല ഇന്ത്യ.

ഓരോ സംസ്ഥാനവും ഓരോ രാജ്യം ആകാൻ മാത്രമുള്ളത്ര വ്യത്യസ്തമാണ്, വലുതാണ് ഇന്ത്യ. 

ചെറിയ രാജ്യങ്ങളിൽ വിജയകരമായി നടപ്പാക്കാൻ പറ്റിയതും അത്തരം ചെറിയ രാജ്യങ്ങളിൽ  വിജയിക്കുന്നതുമാണ് ജനാധിപത്യം.

യുറോപ്പിലെ രാജ്യങ്ങളിൽ എന്ന പോലെ. 

അങ്ങനെയുള്ള ചെറിയ രാജ്യങ്ങളിൽ, ജനങ്ങളും ഭരണകൂടവും രാഷ്ട്രീയ അധികാരികളും പരസ്പരം അറിയുന്നത്ര, വിനിമയം നടത്താവുന്നത്ര ചെറിയ രാജ്യങ്ങളിൽ വിജയകരമായി നടപ്പാക്കാൻ പറ്റിയതും അത്തരം ചെറിയ രാജ്യങ്ങളിൽ  വിജയിക്കുന്നതുമാണ് ജനാധിപത്യം.

അറിയാമല്ലോ, അമ്പത്തിയൊന്ന് രാജ്യങ്ങളുള്ള യൂറോപ്പിൻ്റെ മൊത്തം ജനസംഖ്യ ഏറെക്കുറെ വെറും അമ്പത് കോടിയാണ്. 

ഭൂവിസ്തൃതി കൊണ്ട് വല്ലാതെയൊന്നും വലുതല്ലാത്ത ഇന്ത്യയെന്ന ഒരേയൊരു രാജ്യത്തിൻ്റെ മാത്രം ജനസംഖ്യയോ? 

നൂറ്റിനാൽപത് കോടി.

ഇന്ത്യ പോലുള്ള ഇത്രയും ജനങ്ങളുള്ള വലിയ രാജ്യത്ത്, അതും മഹാഭൂരിപക്ഷവും ഒന്നുമറിയാത്ത ജനങ്ങളുള്ള രാജ്യത്ത് പറ്റിയ ഒന്നല്ല ജനാധിപത്യം എന്നത് കൃത്യവും വ്യക്തവുമാണ്. 

ജനാധിപത്യത്തിന് പറ്റിയതല്ല ഇന്ത്യ എന്നതാണ് നമ്മുടെ രാഷ്ട്രീയനേതൃത്വത്തിനും പാർട്ടികൾക്കും എന്തും ചെയ്യാനും കളിക്കാനും, ജനങ്ങളെ മതവും അന്ധവിശ്വാസവും പറഞ്ഞ് പറ്റിക്കാനും ധൈര്യം കൊടുക്കുന്നത്.

ശരാശരി മാനസികരോഗി ജനിക്കുന്ന വഴി

ഓടുന്ന വണ്ടിക്ക് ഒന്നുകൂടി വേഗത കൂട്ടാമെന്ന് ധരിച്ച്,  യാത്രക്കാരനായിരിക്കുന്ന നീ ഉളളിൽ കിടന്നോടാതിരിക്കാനുള്ള ബോധം ബോധോദയം. 

ഉളളിൽ കിടന്നോടിയാൽ വണ്ടിക്ക് വേഗത കൂടില്ലെന്നറിയുന്നത് ബോധോദയം.

*********

സ്വന്തം പരാജയം മറ്റുളളവർ കാരണം മാത്രം. 

പരാജയപ്പെടുമ്പോഴൊക്കെ ഏതെങ്കിലും വിധേന മറ്റുള്ളവരെ കുറ്റപ്പെടുത്തുക. 

ആശ്രയിച്ച് മാത്രം നിന്ന് സ്വാതന്ത്ര്യം പറയുക. 

താൻ ചെയ്യേണ്ടത് ചെയ്യാത്തതല്ല, തനിക്ക് വേണ്ടി മറ്റുള്ളവർ ചെയ്യാത്തത് വലിയ വിഷയം.

മറ്റുള്ളവർ സ്ഥിരമായി തനിക്ക് വേണ്ടി ചെയ്യുന്നതിനെ കണ്ടില്ലെന്ന് നടിക്കുക. നന്ദി കാട്ടില്ല, അഭിനന്ദിക്കില്ല.

തനിക്ക് വേണ്ടി മറ്റുള്ളവർ ചെയ്യേണ്ടത് അവരുടെ ബാധ്യത, തൻ്റെ അവകാശം.

താൻ ചെയ്യേണ്ടതോ?

ബാധ്യതയല്ല.

മറ്റുള്ളവരുടെ അവകാശമല്ല.  

അവ താൻ നൽകേണ്ട ഔദാര്യം പോലുമല്ല.

എല്ലാവരെയും ആശ്രയിച്ച് മാത്രമിരിക്കെയും ആരുമായും തനിക്ക് ചേരാൻ പറ്റായ്‌ക. 

അത് മറച്ചുവെക്കും.

എന്നിട്ടോ?

അത് ആ മറ്റുള്ളവരുടെ പ്രശ്നം മാത്രമായി അവതരിപ്പിക്കും.

എല്ലാവരും താനുമായി കരുതിക്കൂട്ടി ചേരാതിരിക്കുന്നു, ചേരാൻ മടിക്കുന്നു, അകന്നുനിൽക്കുന്നു എന്ന കുറ്റാരോപണം. 

തൻ്റെ സ്വാതന്ത്ര്യം ആരും ചോദ്യംചെയ്യരുത്. 

തനിക്ക് സ്വാതന്ത്ര്യം മാത്രമേ ഉള്ളൂ. ഉത്തരവാദിത്തങ്ങൾ ഇല്ല.

എന്നാലോ? 

മറ്റുള്ളവരുടെ സ്വാതന്ത്ര്യം താൻ ചോദ്യംചെയ്യും. 

താൻ ആശ്രയിക്കുന്ന മറ്റുള്ളവർക്ക് സ്വാതന്ത്ര്യമില്ല. ഉത്തരവാദിത്തങ്ങൾ മാത്രമേ ഉള്ളൂ. 

അപ്പറഞ്ഞ മറ്റുള്ളവരെ ആശ്രയിച്ച് കൊണ്ട് തന്നെ. 

എന്തിന്? 

സ്വന്തം ബാധ്യതകളിൽ നിന്ന് ഒളിച്ചോടാൻ. 

സ്വന്തം ബാധ്യതകൾ ഇല്ലെന്ന് വരുത്താൻ.

അരിശം തീർക്കാൻ എങ്ങിനെയും വിജയിക്കുമെന്ന് കരുതിവശാവും.

എങ്ങിനെയും വിജയിക്കാൻ വഴി നോക്കും, ശ്രമിക്കും.

എന്നിട്ടോ?

വിജയിക്കുന്നതിന് മുൻപേ അഹങ്കരിക്കും.

വല്ലവിധേനയും വിജയം ഉണ്ടാവും എന്നായാലോ?

അത് സ്വപ്രയത്നം കൊണ്ട് മാത്രമെന്ന് വരുത്തും. 

ശരാശരി മാനസികരോഗത്തിൻ്റെ വഴി.

ശരാശരി മാനസികരോഗി ജനിക്കുന്ന് വഴി 

ശരിയായ സൗഹൃദം അങ്ങനെയാണ്.

സൗഹൃദത്തിന് വല്ല അർത്ഥവും ആഴവും ഉണ്ടോ ?

ഉണ്ടെങ്കിൽ ഉള്ള ആ അർത്ഥവും ആഴവും ആണ് ഈ കൂടെ നിൽക്കുന്നത്.

ശരിയായ സൗഹൃദത്തിൻ്റെ സാക്ഷ്യപത്രം.

മഞ്ഞ് പൊഴിയുന്നതും കാറ്റ് വീശുന്നതും മഴപെയ്യുന്നതും എന്തിനാണാവോ അതുപോലെ ഒരു സൗഹൃദം. അതുപോലെ ഒരു സുഹൃത്ത്. അതുപോലെ ഒരു സാക്ഷ്യപത്രം.

വാക്കറിയാത്ത വാക്കിൻ്റെ അർത്ഥം പോലെ.

ശബ്ദമുണ്ടാക്കി അർത്ഥം തന്ന് കടന്നുപോയില്ലാതാവുന്ന വാക്ക്.

ആരുമറിയാത്ത ആഴങ്ങളിൽ, ഇരുട്ടറകളിൽ, ആരെയും ഒന്നും അറിയിക്കാതെ ഇറങ്ങിനടക്കുന്ന വേരുകൾ പോലെ. 

ജീവൻ്റെ നാമ്പ് പുറത്ത് കാട്ടാൻ അങ്ങനെയൊരു സുഹൃത്ത്, സൗഹൃദം, വേര്.

ഒരുതരം അവകാശവാദങ്ങളും പരസ്യവാക്കുകളും പെരുമ്പറകൊട്ടലും ഇല്ലാതെ.

വെറും വെറുതെ സ്വയം ഒരു വിഡ്ഢിയായി.

നല്ലൊരു സുഹൃത്താവാൻ കണക്ക് കൂട്ടാനറിയാത്ത നല്ലൊരു വിഡ്ഢിയുമാകണം എന്ന സുവിശേഷം പറയുന്നത് പോലെ.

അങ്ങനെ അങ്ങകലെ അമേരിക്കയിൽ നിന്നും ഏറെ ദൂരം താണ്ടി, കടലുകൾ ഏറെ കടന്ന് ഇയാൾ ഇടക്കിടെ വരുന്നു. 

എന്തിന്?

തൻ്റെ കുടുംബക്കാരാരേയും കാണാനല്ല.

തനിക്ക് നടത്തേണ്ട കച്ചവടത്തിനല്ല, ലാഭമുണ്ടാക്കാനല്ല.

നാട് സന്ദർശനവും ഊര് ചുറ്റലും ഉദ്ദേശമാക്കാനല്ല.

വെറും വെറുതെ സുഹൃത്തുക്കളെ കാണാൻ.

സുഹൃത്തുക്കളെന്ന് അയാൾ കണക്കാക്കുന്നവരെ കാണാൻ.

സൗഹൃദത്തിൻ്റെ വേരുകളെ തേടിക്കണ്ടെത്തി ആ വേരുകളിൽ തനിക്കാവുന്ന വെള്ളമൊഴിക്കാൻ. 

അവിടവിടെ അശ്രദ്ധമായി വീണുകിടക്കുന്ന വിത്തുകളെ സൗഹൃദത്തിൻ്റെ വിത്തുകളായി കാണാൻ.

ആ വിത്തുകളെ തനിക്കാവും വിധം മുളപ്പിക്കാൻ.

ജീവൻ്റെ നാമ്പ് സൗഹൃദത്തിൻ്റെ തണ്ടിൽ കണ്ടെത്താൻ.

അതിന് മാത്രം ആത്മാർത്ഥമായ സൗഹൃദം അയാളുമായി ആർക്കെങ്കിലും ഉണ്ടോ?

അറിയില്ല.

അയാൾക്കത് വിഷയമല്ല.

അയാൾക്കും അതവകാശപ്പെടാൻ സാധിക്കില്ല.

ആർക്കില്ലെങ്കിലും പക്ഷേ അയാൾക്ക് ആ സൗഹൃദമുണ്ട്. 

എല്ലാവരോടും. 

സൗഹൃദം വിറക് സ്വയം നഷ്ടപ്പെട്ട് നേടുന്ന തീയും ചൂടുമാണെന്ന വെളിപാടോടെ.

ഒന്നും നേടാനില്ലാത്ത, എല്ലാം നഷ്ടപ്പെടാൻ മാത്രമുളള സൗഹൃദം.

സൗഹൃദം മാത്രം നേട്ടമാക്കുന്ന സൗഹൃദം. 

സൗഹൃദത്തിന് വേണ്ടി എന്തും നഷ്ടപ്പെടുത്തുന്ന, എല്ലാം നഷ്ടപ്പെടുത്തുന്ന സൗഹൃദം.

സൗഹൃദത്തിൻ്റെയും സുഹൃത്തിൻ്റെയും രക്തം സ്വസഹോദരൻ കിടന്ന ഗർഭപാത്രത്തിലെ വെള്ളത്തെക്കാൾ കനം കൂടിയതാണെന്ന് വിളിച്ചോതുന്ന സൗഹൃദം.

*******

ശരിയായ സൗഹൃദം അങ്ങനെയാണ്. 

സ്വയമറിയാതെയും സ്വയം കരുതാതെയും ശക്തിയും തുണയും ആകുന്നത്. 

കൂടെയുണ്ടെന്ന് അറിഞ്ഞാൽ മാത്രം മതി. 

അങ്ങനെ കൂടെയുണ്ടെന്ന് തോന്നിയാൽ മാത്രം മതി.

എല്ലാം നടന്നുകൊള്ളും.

ഒരിക്കലും ആശ്രയിക്കേണ്ടി വരാതെ. 

പക്ഷേ, ശക്തി കിട്ടിക്കൊണ്ടിരിക്കും.

ആർക്കും നഷ്ടമില്ലാതെ.

നഷ്ടമെന്ന ചിന്ത തന്നെ സൗഹൃദത്തിൻ്റെ ചിന്തയല്ല.

ആർക്കും നഷ്ടമില്ലാതെ എല്ലാവർക്കും

നേമുണ്ടാക്കുന്ന ശക്തിയാണ് സൗഹൃദം.

അങ്ങനെയൊരു ശക്തി സൗഹൃദത്തിനുണ്ട്.

ഒരുതരം ഉൽപ്രേരക (catalystic) ശക്തി.

മധ്യത്തിൽ, അല്ലെങ്കിൽ ചാരേ സൗഹൃദം ഉണ്ടായാൽ മാത്രം മതി.

പുഞ്ചിരി പോലെ.

ആർക്കും നഷ്ടമില്ല.

എല്ലാവർക്കും നേട്ടം.

പുഞ്ചിരിക്കുന്നവനും ആ പുഞ്ചിരി കാണുന്നവനും നേട്ടം.

ആ സുഹൃത്തുക്കൾ, ആ പുഞ്ചിരി കൂടെയില്ലെന്ന് തോന്നിയാലോ? 

ഭീതി കൂടും. 

അസ്വസ്ഥത വരും.

പിന്നെ, ആരെയെല്ലാം എത്ര ആശ്രയിച്ചാലും മതിയാവാതെ വരും.

ചായും ചാളും വളയും പുളയും വീഴും. 

ശരിയാണ്.

നിങൾ സാധാരണ ഏത് വഴിയിലും റോഡിലും നേരേ, വളയാതെ, പുളയാതെ, ചായാതെ, ചാളാതെ വീഴാതെ നടക്കും.

എങ്ങിനെ, എന്തുകൊണ്ട്? 

സമപ്രതലം അപ്പുറത്തും ഇപ്പുറത്തും ഉണ്ടെന്ന നിങ്ങളുടെ അറിവും തോന്നലും കാരണം. 

അതേ നിങൾ, ഒറ്റയടി പാലത്തിലൂടെ പോകുന്നുവെന്ന് കരുതുക.

തനിയേ നിങൾ വളയും പുളയും ചായും ചെരിയും വീഴും. 

നേരെ നടക്കുക ഏറെക്കുറെ അസാധ്യം എന്ന് തന്നെ വരും. അങ്ങേയറ്റം പരിശീലനം ഇല്ലെങ്കിൽ.

എന്തുകൊണ്ട്? 

സമപ്രതലം അപ്പുറത്തും ഇപ്പുറത്തും ഇല്ലെന്ന നിങ്ങളുടെ അറിവും തോന്നലും കാരണം മാത്രം. 

സാധാരണ വഴിയിൽ നേരെ നടന്ന അതേ നിങൾ തന്നെയായിട്ടും പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ നേരെ നടക്കാൻ സാധിക്കുന്നില്ല. 

നിങൾ പരാജയപ്പെടുന്നു.

അപ്പുറത്തും ഇപ്പുറത്തും ഉള്ള, ഉണ്ടെന്ന് നിങ്ങൾക്ക് തോന്നുന്ന ആ സമപ്രതലമാണ് സൗഹൃദം. 

അപ്പുറത്തും ഇപ്പുറത്തും ഉള്ള, ഉണ്ടെന്ന് നിങ്ങൾക്ക് തോന്നുന്ന ആ സമപ്രതലമാണ് വളരെ ചിലർ മാത്രമായ നിങ്ങളുടെ സുഹൃത്തുക്കൾ.

കണക്ക് കൂട്ടാൻ അറിയാത്ത, കണക്ക് കൂട്ടലിൽ വരാത്ത സുഹൃത്തുക്കൾ.

അവർ അപ്പുറത്തും ഇപ്പുറത്തും ഉണ്ടെന്ന് തോന്നിയാൽ മാത്രം മതി. 

പിന്നെ നിങൾ ഏത് ഒറ്റയടി പാലത്തിലൂടെയും നേരെ നടക്കും.

വീഴില്ല, ചായില്ല, ചാളില്ല, വളയില്ല, പുളയില്ല വീഴില്ല.

നിങ്ങളുടെ ജീവിതയാത്ര സഫലം, സുരക്ഷിതം, വിജയകരം.

ജീവിതത്തിന് ഒരർത്ഥവും ഇല്ലെന്ന് തോന്നിയാലും നിങ്ങൾക്ക് ഈ ഇങ്ങോട്ട് ഉറപ്പിച്ച് പറയാം.

ജീവിതത്തിന് എന്തോ ചില അർത്ഥമുണ്ടെന്ന്. 

ജീവിതത്തിനർത്ഥം ജീവിതമുണ്ടാക്കുന്ന, ജീവിതത്തിലുണ്ടാവുന്ന ഇത്തരം സൗഹൃദത്തിൻ്റെയും സുഹൃത്തുക്കളുടെയും അർത്ഥമെന്ന്. 

ളരേ നിസ്സാരമെന്ന് തോന്നാവുന്ന ജീവിതത്തിൻ്റെ വലിയ അർത്ഥം. 

സൗഹൃദം. സുഹൃത്ത്.

*******

ചില വിട്ടഭാഗങ്ങൾ ഇങ്ങനെ എങ്ങിനെയെങ്കിലും പൂരിപ്പിക്കാൻ തോന്നും. 

ചിലർക്ക്.

പക്ഷേ, പൂരിപ്പിക്കുന്നതോടെ അതുവരെ ഉണ്ടായിരുന്ന കൗതുകവും കാത്തിരിപ്പും അവർക്ക് നഷ്ടമാകുമോ? 

അറിയില്ല.

കൗതുകവും കാത്തിരിപ്പും നൽകിയ സൗന്ദര്യം അപ്രത്യക്ഷമാകുമോ?

അറിയില്ല.

വിട്ടഭാഗങ്ങൾ വിട്ടു തന്നെയായിരുന്നുവോ വേണ്ടിയിരുന്നതെന്ന് പോലും പിന്നീടവർ ചിന്തിച്ചുപോകുമോ?

അറിയില്ല.

ഒന്ന് മാത്രമറിയാം.

സൗഹൃദത്തിനും നല്ല സുഹൃത്തിനും ഇത്തരം ചോദ്യങ്ങൾ ഇല്ല.

Tuesday, April 16, 2024

കുറുക്കൻമാരും ചെന്നായ്ക്കളും കോഴിയുടെയും ആടിൻ്റെയും സംരക്ഷകർ.

കുറുക്കൻമാരും ചെന്നായ്ക്കളും കോഴിയുടെയും ആടിൻ്റെയും സംരക്ഷകർ. 

അങ്ങനെയൊരു നാട്ടിൽ ഒരു കുഴപ്പവും ഉണ്ടാവില്ല, ഉണ്ടാക്കാനില്ല. 

കാരണം കുഴപ്പമാണ് അവിടത്തെ ശരി. 

കുഴപ്പമുണ്ടാക്കുന്നവരാണ് അവിടം ഭരിക്കുന്നത്

ആവശ്യമുള്ളത് ആവശ്യമുള്ളപ്പോൾ പിടിച്ചുതിന്നുകയേ അവർക്ക് വേണ്ടൂ എന്നതിനാൽ പിന്നെ പ്രത്യേകിച്ച് കുഴപ്പം ഉണ്ടാക്കാനില്ല 

ആരും ചോദ്യം ചെയ്യാൻ ഇല്ലാതെ അവരുടെ കുഴപ്പം അന്നാട്ടിലെ ശരിയും നിയമവുമായി നടക്കും, നടക്കുന്നു. 

അതിനാൽ പ്രത്യക്ഷത്തിൽ കുഴപ്പവും ലഹളകളും ഇല്ല. 

എല്ലും മുള്ളും കിട്ടുന്ന സന്തോഷത്തിൽ നാട്ടുകാരും. 

തങ്ങൾ നൽകുന്ന നികുതിയുടെ നൂറിലൊന്ന് പോലുമല്ല ഇവയെന്ന് മറന്നവർ. 

ഇവയൊക്കെയും തങ്ങളുടെ അവകാശങ്ങളാണെന്നും മറന്നവർ. 

അവർ അവർക്ക് കിട്ടുന്ന എല്ലും മുള്ളും ആരോ വെറുതെ നൽകുന്ന എന്തോ വലിയ ഔദാര്യമാണെന്നു കരുതുന്നു, ആഘോഷം കൊള്ളുന്നു.

********

എന്തും ആയിക്കോട്ടെ. 

പ്രശ്നമില്ല. 

നമുക്ക് നമ്മുടെ പാർട്ടി അധികാരത്തിൽ വന്നാൽ മാത്രം മതി. 

എങ്ങിനെയെങ്കിലും വെറുപ്പും വിഭജനവും നടത്തിക്കിട്ടിയാൽ മതി. 

നാം കണ്ണടച്ച് ഒന്നും അറിയാത്തത് പോലെ ഇരുന്നോളാം. 

ഒളിച്ചുവെച്ച അജണ്ടകൾ നടപ്പായിക്കിട്ടും വരെ നാം ഒളിഞ്ഞിരുന്നുകൊള്ളാം. 

ഒന്നും അറിയാത്തത് പോലെ.

ഇതാണ് പലരുടെയും ഉള്ളിലിരിപ്പ്.

********

ഇന്ത്യയോട് ചെയ്യാവുന്ന ഏറ്റവും വലിയ പാതകം: 

ഇന്ത്യക്കാരെ പലതായി വിഭജിച്ച് കാണുക. 

ഇന്ത്യക്കാർ എല്ലാവരും ഒരൊറ്റ വംശജർ എന്ന് വരേണം. 

വിശ്വാസങ്ങൾക്കിടയിൽ സമന്വയം കാണണം, സമന്വയം സാധിക്കണം.

*******

ഓരോ സംസ്ഥാനവും ഓരോ രാജ്യം ആകാൻ മാത്രത്രമുള്ളത്ര വ്യത്യസ്തമാണ് ഇന്ത്യ. വ്യത്യസ്തമായ ഭാഷകൾ കൊണ്ടും സംസ്കാരങ്ങൾ കൊണ്ടും

യുറോപ്പിലെന്ന പോലെ അങ്ങനെയുള്ള ചെറിയ രാജ്യങ്ങളിൽ, ജനങ്ങളും ഭരണകൂടവും രാഷ്ട്രീയ അധികാരികളും പരസ്പരം അറിയുന്നത്ര, പരസ്പരം വിനിമയം നടത്താവുന്നത്ര ചെറിയ രാജ്യങ്ങളിൽ വിജയകരമായി നടപ്പാക്കാൻ പറ്റിയതും അത്തരം ചെറിയ രാജ്യങ്ങളിൽ  വിജയിക്കുന്നതുമാണ് ജനാധിപത്യം.

അറിയാമല്ലോ, അമ്പത്തിയൊന്ന് രാജ്യങ്ങളുള്ള യൂറോപ്പിൻ്റെ മൊത്തം ജനസംഖ്യ വെറും അമ്പത് കോടിയാണ്.

അമ്പത്തിയൊന്ന് സംസ്ഥാനങ്ങളുള്ള അമേരിക്കയിലെ ഓരോ സംസ്ഥാനവും ഓരോ രാജ്യം തന്നെയാണ്. 

അമ്പത്തിയൊന്ന് രാജ്യങ്ങളുടെ ഒരു കോൺഫെഡറേഷൻ മാത്രമാണ് അമേരിക്ക. ഏറെക്കുറെ അവരുടെയൊക്കെ മതവും ഭാഷയും സംസ്കാരവും ഒന്നായിട്ട് പോലും. 

അമ്പത്തിയൊന്ന് രാജ്യങ്ങളും ആയി സ്വയംഭരണം നടത്തുന്ന അമേരിക്കയിൽ വെറും ഇരുപത്തിയഞ്ച് കോടി ജനങ്ങളെ ഉളളൂ എന്നും ഓർക്കണം.

ഭൂവിസ്തൃതി കൊണ്ട് വല്ലാതെയൊന്നും വലുതല്ലാത്ത, അമേരിക്കയുടെ എട്ടിലൊന്ന് പോലും വരാത്ത ഇന്ത്യയെന്ന ഒരേയൊരു രാജ്യത്തിൻ്റെ മാത്രം ജനസംഖ്യയോ?

നൂറ്റിനാൽപത് കോടി.

ഇന്ത്യ പോലുള്ള ഇത്രയും ജനങ്ങളുള്ള വലിയ രാജ്യത്ത്, അതും മഹാഭൂരിപക്ഷവും ഒന്നും അറിയാത്ത ജനങ്ങളുള്ള രാജ്യത്ത് നടപ്പാക്കാൻ പറ്റിയ ഒന്നല്ല ജനാധിപത്യം എന്നത് കൃത്യവും വ്യക്തവുമാണ്.

ജനാധിപത്യത്തിന് പറ്റിയതല്ല ഇന്ത്യ എന്നതാണ് നമ്മുടെ രാഷ്ട്രീയനേതൃത്വത്തിനും പാർട്ടികൾക്കും എന്തും ചെയ്യാനും കളിക്കാനും, ജനങ്ങനെ മതവും അന്ധവിശ്വാസവും പറഞ്ഞ് പറ്റിക്കാനും ധൈര്യം കൊടുക്കുന്നത്. 

*******

എപ്പോഴും ഒരെയൊരു സമുദായത്തെ തന്നെ ഭരണകൂടം ശത്രുസ്ഥാനത്ത് വെക്കുകയെന്നാൽ ആ സമുദായം അത്രക്ക് ശക്തമെന്നാണോ അർത്ഥം?

യഥാർഥത്തിൽ അത്തരം ഭരണകൂടം ചെറുതാവുകയും ആ ഭരണകൂടത്തെക്കാൾ വലുത് ശത്രുവായിത്തീരുന്ന സമുദായം എന്നും അർത്ഥം വരില്ലേ?

********

എന്നാൽ വാസ്തവവും വസ്തുതയും പറഞ്ഞാലോ?

ആ സമുദായത്തിന് അവരുടെ ആനുപാതിക പ്രാതിനിധ്യം പോയിട്ട് അതിൻ്റെ പകുതി പോലും കേരളത്തിലടക്കം ഒരിടത്തും ഒരു രംഗത്തും ഇല്ല.

തെളിവും ഡാറ്റയും വെച്ച് തന്നെ പറഞാൽ.

എന്നിട്ടും എങ്ങിനെ, എന്തുകൊണ്ട് ഈ ശത്രുത ഉണ്ടാക്കുന്നു, ഉണ്ടാക്കാൻ സാധിക്കുന്നു? 

എന്നിട്ടും എന്തുകൊണ്ട് സമുദായം വളർത്തൽ എന്ന ആരോപണം അവരുടെ നേതാക്കളുടെ മേൽ വരുന്നു?

ഇക്കോലത്തിൽ ആരൊക്കെയോ എങ്ങിനെയൊക്കെയോ കയറ്റിയ വിഷം എല്ലാവരും അവർ പോലുമറിയാതെ വീണ്ടും വീണ്ടും ചീറ്റുന്നു വർത്തമാനകാല ഇന്ത്യയിൽ.

വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിന് എപ്പോഴും പറയാനുള്ളത് ഈ വർഗീയതയും വിഭജനവും വെറുപ്പും മാത്രം.

********

എന്നാലോ?

ഈ സമുദായത്തിൻ്റെ അംഗങ്ങൾ ഇവിടെ ഏത് പാർട്ടിയിൽ ആയാലും സമുദായം വളർത്തൽ എന്ന ആരോപണം പറയുമ്പോൾ, അങ്ങനെ സമുദായം വളർത്തിയത്തിൻ്റെയും സമുദായം നേടിയത്തിൻ്റെയും കണക്കും തെളിവും കാണിക്കാൻ സാധിക്കുന്നുണ്ടോ?

ഇല്ല.

കണക്കും തെളിവും പറയൽ അങ്ങനെ ആരോപിക്കുന്നവരുടെ ബാധ്യതയല്ലേ.

ഉത്തരം കിട്ടില്ല.

ഉത്തരം മുട്ടിയാൽ കൊഞ്ഞനം എന്ന പോലെ തെറിപറഞ്ഞ് രക്ഷപ്പെടുക മാത്രമായിരിക്കും അവർ ചെയ്യുന്ന ഏക സംഗതി.

********

ഇപ്പറയുന്നവരുടെ അടുക്കൽ അങ്ങനെ ഒരു തെളിവും കണക്കും ഇല്ലെന്ന് ആർക്കും എളുപ്പം മനസ്സിലാവും.

ആരോ നിറച്ച വെറുപ്പിൻ്റെ വിഷം തുപ്പി അന്തരീക്ഷം വൃത്തികെടുത്തുകയും a വഴിയിൽ ജനങ്ങനെ വെറുപ്പിൻ്റെയും ശത്രുതയുടെയും വികാരംകൊള്ളിച്ച് അധികാരം നേടുകയും നിലനിർത്തുകയും മാത്രം അവർക്ക് ജോലി.

എല്ലാം ഒരൊറ്റ ദിശയിലൂടെ മാത്രം കണ്ടും പറഞ്ഞും കൊണ്ട്.

*********

ഇക്കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ വെക്കുന്ന കണക്കുകൾ തന്നെയുണ്ടല്ലോ? 

ഏതെല്ലാം രംഗത്ത് ഏതെല്ലാം സമുദായം എത്രയെല്ലാം നേടിയെന്ന് മനസ്സിലാക്കാൻ.

കേരളത്തിലും ഇന്ത്യയിലും ഏറ്റവും കുറവ് ആനുപാതിക പ്രാതിനിധ്യം എല്ലാം രംഗത്തും ഉള്ള ഏകസമുദായം മുസ്ലിംകൾ ആണ്.

ആർക്ക് വേണമെങ്കിലും ഒന്ന് പരിശോധിച്ച് നോക്കാൻ സാധിക്കും.

പക്ഷേ, എട്ടുകാലി മമ്മൂഞ്ഞ്മാരായ ഈ സമുദായത്തിൻ്റെ പേരിൽ എന്തും പറഞ്ഞ് ആരോപിക്കുക എളുപ്പമാണ് എന്ന് വന്നിരിക്കുന്നു വർത്തമാനകാല ഇന്ത്യയിൽ. വസ്തുതയും വാസ്തവവും മറിച്ചാണെങ്കിലും.

********

ഇത്രയും പറഞ്ഞത് വിഷം ചീറ്റി അത്തരക്കാർ പറയുന്ന ആരോപണം നിഷേധിക്കാൻ മാത്രമാണ്.

അത്തരക്കാർ വെറും അടിമകൾ മാത്രമായ ചട്ടുകങ്ങൾ ആയിരിക്കാം.

ചുട്ടുപൊള്ളുന്ന ചട്ടുകങ്ങൾ മാത്രം.

വിഷം ചീറ്റുന്ന പാമ്പുകൾ.

എന്നാലും വാസ്തവ വും വസ്തുതയും ആരെങ്കിലും പറയണമല്ലോ? 

********

വിഷം പേറുന്നതിൻ്റെയും ചീറ്റുന്നതിൻ്റെയും കാര്യത്തിൽ ഇസ്ലാമിസ്റ്റുകൾ എത്ര അത്തരക്കാർ എത്ര എന്ന തുലനം നടത്താൻ അറിയില്ല.

ഇസ്ലാമിസ്റ്റുകളിൽ എന്നപോലെ അത്തരക്കാരിൽ മുഴുവൻ വിഷം മാത്രമാണെന്ന് എപ്പോഴും മനസ്സിലാവുന്നു.

വിഷത്തിൻ്റെ അളവ് തുലനം ചെയ്യുന്ന പണി വിഷം കൊണ്ടുനടന്ന് ചീറ്റുന്നവൻ്റെ മാത്രം പണി, ആവശ്യം. 

ആ കണക്ക് ഇല്ലെങ്കിലും കൃത്രിമമായെങ്കിലും ഉണ്ടാക്കി അതിലധികം ഇപ്പുറത്ത് ഉണ്ടാക്കുകയും പേറുകയും ചീറ്റുകയും ആണല്ലോ ഇവരുടെയൊക്കെയും രീതി?

Saturday, April 13, 2024

34 കോടി സമാഹരിച്ചത്. കാള പെറ്റുവെന്ന് കേട്ട് കയറെടുക്കുന്നത് പോലെയായോ?

34 കോടി സമാഹരിച്ചത്. 

കാള പെറ്റു എന്ന് കേട്ട് കയറെടുത്തത് പോലെയായോ? 

കാള എന്ന ആൺ പ്രസവിക്കാൻ പാടുണ്ടോ?

ഈ പറയപ്പെടുന്ന റഹീം ബോധപൂർവ്വം തെറ്റ് ചെയ്തുകൊണ്ട് ആ കുഞ്ഞിനെ കൊന്നിട്ടില്ല എന്ന് എല്ലാവരും ഒരുപോലെ പറയുന്നു, വിശ്വസിക്കുന്നു. 

എങ്കിൽ പിന്നെങ്ങിനെ ഇത്രവലിയ ശിക്ഷയും നഷ്ടപരിഹാരവും നീതീകരിക്കപ്പെടും?

റഹീമിന് അബദ്ധത്തിൽ പറ്റിയത് എന്ന് എല്ലവരും പറയുന്നു. 

ഉദ്ദേശമാണ് കുറ്റത്തെ കുറ്റമാക്കുന്നത്. 

ഉദ്ദേശം (നിയ്യത്ത്) ഏത് കോടതിയും കണ്ടെത്തേണ്ടതും അംഗീകരിക്കുന്നതും അംഗീകരിക്കേണ്ടതുമാണ്. 

ഇവിടെയാണെങ്കിൽ മരിച്ചത് ചെറിയ കുട്ടിയാണ്. 

കാര്യമായി ബോധപൂർവ്വം ഉദ്ദേശപൂർവ്വം കുറ്റം ചെയ്ത് കൊല്ലാൻ മാത്രം ആർക്കും തോന്നാത്തത്. ഒരു നേട്ടവും ഇല്ലാത്തത്.

എങ്കിൽ ഇത്ര വലിയ ശിക്ഷ എന്തിന്? 

ഇനി റഹീം ബോധപൂർവ്വവും ഉദ്ദേശപൂർവ്വവും ചെയ്താണെങ്കിൽ അതിൻ്റെ പാപഭാരം ജനങ്ങൾ ഏറ്റെടുക്കുന്നത് കുറ്റവാളികളെ പ്രോത്സാഹിപ്പിക്കൽ അല്ലേ? 

ഒന്നുമല്ലാത്ത  ഒരു കാര്യത്തിന് അറബി 34 കോടി നഷ്ടപരിഹാരം വാങ്ങുന്ന രീതിയും നിയമവുമാണ് തിരുത്തേണ്ടത്. നമ്മുടെ രാജ്യത്തെ സർക്കാരും വിദേശമന്ത്രാലയവും  ആ നിലക്കാണ് ഇടപെടേണ്ടത്. 

അത് തിരുത്താതെ, അത് തിരുത്താൻ ശ്രമിക്കാതെ, ഇങ്ങനെ ജനങ്ങൾ സംഭരിച്ച് അറബിക്ക് കൊടുക്കുന്നതിലാണ് തെറ്റ്. 

വേരിൽ പ്രശ്നം പരിഹരിക്കാതെ ശിഖരത്തിൽ വളമിടുന്ന രീതി യഥാർഥത്തിൽ ഒന്നും പരിഹരിക്കുന്നില്ല, പ്രശ്നം വർദ്ധിപ്പിക്കുക മാത്രം ചെയ്യുന്നു. 

ഈ പരിഹാര രീതി കൂടുതൽ നാശവും നഷ്ടവും മാത്രം ആവർത്തിപ്പിക്കും, വരുത്തും.