ബുദ്ധനും കൃഷ്ണനും രാമനും മുഹമ്മദും യേശുവും ഇക്കാലത്ത് വന്നാൽ എന്താവും സംഭവിക്കുക?
ഒന്നും സംഭവിക്കില്ല.
എഫ്ബിയിലും മറ്റും എഴുതിത്തളരും.
ഏതെങ്കിലും അധികാരപാർട്ടിയുടെയോ മതത്തിൻ്റെയോ ചാരും കൂട്ടും പിടിക്കാതിരുന്നാൽ ഒന്നും ആരേയും ബോധ്യപ്പെടുത്താൻ സാധിക്കാതെ ഇളിഭ്യരായിത്തീരും.
********
ഞാനെന്നും നീയെന്നും തോന്നിപ്പിച്ച് എന്തൊക്കെയോ ചെയ്യിപ്പിക്കുന്ന ജീവിതം.
ഒരു കുന്തവും നേടാനില്ലാത്ത ജീവിതം.
നേടിയതെന്ന് തോന്നിയതൊക്കെയും ഇട്ടേച്ച്, നേടിയ ഞാനും ഇല്ലാതെയായി പോകേണ്ട ജീവിതം.
*******
ജീവിതം നിന്നെ വിഡ്ഢിയാക്കുന്നത് എങ്ങിനെയെന്നറിയാമോ?
നീ മനസ്സിലാക്കാത്ത, നിനക്ക് മനസ്സിലാകാത്ത ജീവിതത്തിൻ്റെ അർത്ഥം മക്കളുടെ ജീവിതത്തിനുണ്ടെന്ന് നീ കരുതുന്നിടത്ത്.
നിന്നെക്കൊണ്ട് അങ്ങനെ കരുതിപ്പിക്കുന്നിടത്ത്.
********
ജീവിക്കുന്നു:
എന്നുവച്ചാൽ എന്തൊക്കെയോ ചെയ്തും കഴിച്ചും ശരീരം കൊണ്ടുനടക്കാൻ ശ്രമിക്കുന്നു.
രോഗവും വാർദ്ധക്യവും പേടിച്ച് കാത്തിരിക്കുന്നു.
അജ്ഞതയെ അറിവും നിസ്സഹായതയെ കരുത്തുമാക്കുന്നു.
********
എന്തിന് മരണത്തെ പേടിക്കണം?
ചെറിയ ഞാൻ ഇല്ലാതായി,
അല്പമായ ഞാനും എൻ്റെ ലോകവും അതിൻ്റെ കുടുക്കവും ഞെരുക്കവും ഇല്ലാതായി,
വലുതും മുഴുവനും വിശാലതയുമായി മാറി ബാക്കിവുന്ന പരിപാടിയാണ് മരണം.
*********
ആപേക്ഷിക ലോകത്തെ അടുപ്പവും
ആ അടുപ്പം ഉണ്ടാക്കുന്ന വേദനയും ആ വേദനയെ അകറ്റിനിർത്താൻ വേണ്ടി മരണത്തെ പേടിക്കുന്നതും ഉണ്ട് , ഉണ്ടാവും.
എന്നുവെച്ച് വാസ്തവം വാസ്തവം അല്ലെന്ന് വരില്ലല്ലോ?
*********
ഞെരുങ്ങിയും കുടുങ്ങിയും ആവുന്നതാണ് നീയും ഞാനും. നീയും ഞാനുമായ ജിവിതം.
അത്തരമൊരു ഞെരുക്കത്തിൻ്റെയും കുടുക്കത്തിൻ്റെയും പ്രയാസവും ബുദ്ധിമുട്ടും ശ്വാസംമുട്ടും നീയും ഞാനുമായ ജീവിതത്തിനുണ്ടാവും.
*********
സമുദ്രത്തെ മാറ്റുക അതിലെ തുള്ളിക്കും തിരക്കും ബാധ്യതയാണോ?
ആ തുള്ളിയും തിരയും തന്നെ സമുദ്രത്തിലാണ്, സമുദ്രത്താലാണ്.
സമുദ്രം ആ തുള്ളിയെയും തിരയെയും രൂപപ്പെടുത്തിയത് പോലെ മാറ്റുകയും ചെയ്യും.
അങ്ങനെ മാറ്റുന്നതിൻ്റെ ഭാഗമാണ് സമുദ്രത്തെ മാറ്റാനുള്ള തുള്ളിയുടെ ചിന്ത പോലും.
ഒന്നും മാറ്റേണ്ടതില്ല.
എല്ലാം മാറിക്കൊള്ളും.
നീയും ആ വഴിയിൽ മാറും, ഇല്ലാതാവും.
*******
സ്വയമറിയാത്ത അർത്ഥം നൽകിക്കൊണ്ടിരിക്കുമ്പോഴും,
ഉച്ചരിച്ചവൻ അറിയുന്ന വാക്കിൻ്റെ അർത്ഥം
ഉച്ചരിക്കപ്പെട്ട വാക്ക് അറിയില്ല.
വെറുതേയങ്ങാവുക
എന്നത് മാത്രമല്ലാതെ
ഉച്ചരിക്കപ്പെട്ട വാക്കിന് നിർവ്വാഹമില്ല.
ഉച്ചരിക്കപ്പെട്ട വാക്കിന്
ആ വാക്കിൻ്റെ മാനത്തിൽ നിന്നും പ്രതലത്തിൽ നിന്നും മനസ്സിലാവുന്ന ഒരർത്ഥവും ഇല്ല.
No comments:
Post a Comment