Monday, April 1, 2024

ധാർമ്മികത, നീതിബോധം വെറും ലോകമാന്യതയും അഭിനയവും മാത്രം.

മറ്റാരും അറിയാതെയും രഹസ്യമായും ആണെങ്കിൽ നീതിയും ധർമ്മവും വിഷയമല്ല?

മഹാഭൂരിപക്ഷത്തിനും അതങ്ങനെ.

എന്തുകൊണ്ട്?

മഹാഭൂരിപക്ഷവും മനസ്സാക്ഷിയുടെ മുമ്പിൽ സത്യസന്ധരല്ല എന്നതിനാൽ. 

മഹാഭൂരിപക്ഷവും സ്വന്തം മനസ്സാക്ഷിയുമായി സംവദിക്കുന്നില്ല, സംവദിക്കുന്നവരല്ല എന്നതിനാൽ. 

അതിജീവനബോധവും അതിജീവനകലയും അങ്ങനെയാണ് എന്നതിനാൽ.

ജീവിതം ജീവിതത്തിന് വേണ്ടി മാത്രം, ജീവിക്കാൻ വേണ്ടി മാത്രം എന്നാകയാൽ.

കുറ്റബോധം പ്രാർത്ഥിച്ച് തീർക്കാം എന്ന് കരുതുന്നതിനാൽ.

ഇരുമ്പുലക്ക വിഴുങ്ങിയാലും, ചുക്ക് വെള്ളം കുടിച്ച് (ഉപചാരം മാത്രമായ പ്രാർത്ഥന കൊണ്ട്) ദഹിപ്പിക്കാം എന്ന ധാരണ കൊണ്ടുനടക്കുന്നതിനാൽ.

********

ശരിക്ക് പറഞ്ഞാൽ:

മഹാഭൂരിപക്ഷത്തിനും ധാർമ്മികബോധവും നീതിബോധവും നന്നേകുറവാണ്. 

മഹാഭൂരിപക്ഷത്തിനും ധാർമ്മികബോധവും നീതിബോധവും വെറും ലോകമാന്യതയും അഭിനയവും മാത്രം. 

തങ്ങൾക്കെതിരേ വരുമ്പോൾ മാത്രം അനീതിയേയും അക്രമത്തെയും അവർ വിഷയമാക്കും, എതിർക്കും. 

തങ്ങൾക്കനുകൂലമായി വരുന്ന അനീതിയേയും അക്രമത്തെയും ഒന്നുമറിഞ്ഞില്ലെന്നു വരുത്തുംവിധം അവർ സുഖിച്ചനുഭവിക്കും. 

തങ്ങൾക്കനുകൂലമായി വരുന്നതും കിട്ടുന്നതും, അനന്തരസ്വത്തായാലും, അന്യന് അർഹതപ്പെട്ടതായാലും, അവർ ശരിയും തെറ്റും വിഷയമാക്കാതെ കണ്ണടച്ച് വെട്ടിവിഴുങ്ങും.

ഇത്തരക്കാർ അനുഗ്രഹങ്ങൾ കിട്ടിയാൽ മറ്റുള്ളവർക്ക് തടയുന്ന മാനസികാവസ്ഥ പുലർത്തും.

ഇതേ തരക്കാർക്ക് പ്രയാസങ്ങൾ വന്നാലോ? എല്ലാവരെയും വിളിച്ചറിയിക്കുന്ന വിധം വല്ലാതെ അസ്വസ്ഥചിത്തരാവും.

No comments: