Monday, August 10, 2020

ഭാഗം 9 പെരിങ്ങാടി റെയില്‍വേ പാലം (ജനിച്ചു വളര്‍ന്ന പ്രദേശം)

ഭാഗം 9

പെരിങ്ങാടി റെയില്‍വേ പാലം

(ജനിച്ചു വളര്‍ന്ന പ്രദേശം)


*******


റെയിവേ പാലത്തിലിരുന്ന്

മീന്‍പിടിക്കണം.


കാലത്തെ

സാക്ഷിനിര്‍ത്തി തന്നെ 

ജീവിതത്തെ മീനായ് 

എറിഞ്ഞു പിടിക്കണം.


ജീവിതത്തെ

ഒളിച്ചു വെക്കാൻ, 

ഒറ്റക്ക് നീന്തിത്തുടിക്കാന്‍, 

പുഴയെ വല്ലാതെ

അനുവദിക്കരുത്.


ജീവിതത്തിന് ഭക്ഷണമായ്

ജീവിതം തന്നെ. 

അങ്ങനെയായിത്തീരട്ടെ എല്ലാം. 


നങ്കീസില്‍ ചൂണ്ടല്‍ കെട്ടി, 

ചൂണ്ടയില്‍ ഇരകോര്‍ത്ത്, 

നിശബ്ദതയെ ഗാലറിയാക്കി, 

ഒഴുക്കിനെ കാഴ്ചയാക്കി, 

മയ്യഴിപ്പുഴയില്‍ നിന്ന്  

മീന്‍പിടിക്കണം.


******


ചെന്ന് ചേരുന്ന

കടൽ പോലെയല്ല

മയ്യഴിപ്പുഴ.


മയ്യഴിപ്പുഴ,

ആരും കൊതിച്ചു പോകുന്ന 

ഒരു തരുണിമണി.


മീന്‍പിടിക്കുന്നവർക്ക്

മയ്യഴിപ്പുഴ

വലുപ്പം നടിക്കാതെ

നിന്നും കിടന്നും കൊടുക്കും.


*******


മയ്യഴിപ്പുഴയോരത്ത്,

അതിന്റെ മാറില്‍ 

മീന്‍പിടിക്കുന്നത്

ഒരു ധ്യാനമാണ്. 


പുഴയുമായ്, 

കാലവും സ്ഥലവുമായ്

എന്ന പോലെ, 

ദൈവവും സത്യവുമായ്

എന്ന പോലെ, 

ഒരു നേരിയ നങ്കീസില്‍

ബന്ധം സ്ഥാപിക്കണം. 

ധ്യാനത്തിന്റെ നങ്കീസില്‍. 


സ്ഥലവും കാലവും

സത്യവും ദൈവവും

താളവും ഓളവുമായ്

ചടുല നൃത്തം ചവിട്ടുന്നത് 

ചൂടും ചൂരുമായ് 

അളന്നറിയുന്ന ധ്യാനം.


കരയിലിരുന്ന്

പുഴയിലുള്ളതിനെ

സങ്കല്പിച്ചു

സാക്ഷാത്കരിക്കുന്ന

ധ്യാനം. 


ബോധോദയം പോലെ

ചൂണ്ടയില്‍ മീന്‍

ചൊട്ടുന്നതറിയുന്ന

ധ്യാനം.


വെളിപാട് പോലെ

ചൂണ്ടയില്‍ കെണിഞ്ഞ

മീനിനെ അല്പമൊന്ന്

അലയാന്‍ വിട്ട്, 

പിന്നെ മെല്ലെ നിയന്ത്രിച്ച് 

കരയിലേക്ക് വലിച്ചെടുത്ത്

ലോകത്തെ  

വിവരമറിയിക്കുന്ന

ധ്യാനം.


ഇരുട്ടില്‍ കിടന്ന്

വെളിച്ചം

പുറത്ത് വിടുന്ന

ധ്യാനം. 


******


"പുഴ ഒഴുകുന്നത്

കടലിലേക്കല്ലേ?"


റെയില്‍വെ പാലവുമായി

സൊറ പറയാൻ

ഈയുള്ളവന്‍

ഒരു തുടക്കമിട്ടു. 


"ഓഹോ...

പുഴ ഒഴുകുന്നത്

കടലിലേക്കെന്ന് 

നിന്നോടാര് പറഞ്ഞു?" 


റെയില്‍വേ പാലം

മയ്യഴിപ്പുഴയെ

ചൂണ്ടിക്കാട്ടിത്തന്നെ 

അല്പം ഗര്‍വോടെ

തിരിച്ചു ചോദിച്ചു.


പെരിങ്ങാടിക്കാരുടേയും, 

മാലോകരുടെയും 

മൊത്തം ഗര്‍വും

ഉപ്പ്പുരട്ടി തിരുത്തും പോലെ

ഒരു ചോദ്യം.


"പിന്നെയോ?


"ഇക്കാണുന്നത്

പിന്നെന്താണ്‌?


"പുഴ കടലിലേക്ക്

ഒഴുകുന്നത് തന്നെയല്ലേ ഇത്?"


ഈയുള്ളവനും എറിഞ്ഞു. 

ധൈര്യമില്ലാത്ത 

ഒരു മറുചോദ്യം. 


"കാണുന്നതല്ല ഉള്ളത്.

കാണാത്തതും

ഉള്ളത് തന്നെ.


"കാണാത്തത്

ഇല്ലാത്തതെങ്കിൽ, 

കാണുന്നതും

ഇല്ലാത്തത് തന്നെ. 


"ഇല്ലാത്തതൊന്നും

ഇല്ലാത്തതല്ല.


"നിനക്ക് കാണാനും

അനുഭവിക്കാനും

സാധിക്കാത്തതിനാല്‍ മാത്രം

അവ ഇല്ലാത്തത്. 


"അവയേറെയുണ്ട്.

അങ്ങനെയേറെയുണ്ട്


"സൂക്ഷ്മാണു തൊട്ട്

ശൂന്യമെന്ന് നീ വിളിക്കുന്ന

ശൂന്യത വരെ. 


"എന്നു വെച്ചാല്‍?

ഒന്നും മനസിലാകുന്നില്ല?"


"മനസ്സിലാക്കാൻ

ഒന്നുമില്ല.


"പുഴ ഒഴുകുന്നത്

കടലിലേക്കല്ല. 


"പുഴ ഒഴുകുന്നത്

എളുപ്പത്തിലേക്ക്.

അത്രമാത്രമറിയുക. 


"വിശാലതയിലേക്കാണ്‌ 

എപ്പോഴും ഒഴുക്ക്.


"നീയെന്ന ഇടുക്കം വിട്ട്

നീ ഇല്ലാതാവുന്ന

വിശാലതയിലേക്ക്. 


അതിനാല്‍ മാത്രം

ഒഴുക്ക് താഴോട്ട്."


റെയില്‍വേ പാലത്തിന്റെ

ന്യായം തുളുമ്പിയ

വിശദീകരണം. 


ജീവിതത്തിൽ 

എല്ലാമങ്ങനെയാണ്.


"താഴേക്കും 

എളുപ്പത്തിലേക്കും

വിശാലതയിലേക്കും. 


"സ്വാഭാവികമാവാൻ, 

സ്വസ്ഥമാവാൻ. 


"ഉയര്‍ച്ചയിലും മുകളിലും

കാര്യം പ്രയാസമാണ്. 

അസ്വാഭാവികമാണ്. 


"ഉയര്‍ച്ചയിലേക്കും

മുകളിലേക്കുമുള്ള

വഴിയുമങ്ങനെ. 


"കൃത്രിമമായത്.

അസ്വാഭാവികമായത്.

പ്രയാസമേറിയത്. 


"മസിലുപിടിച്ച്, 

പരിശ്രമിച്ച് മാത്രം

ഉയര്‍ച്ചയില്‍ നില്‍ക്കാം.

മുകളിലെത്താം.


"മസിലു വിട്ടാല്‍,

ശ്രമം നിന്നാല്‍, 

എല്ലാം താഴോട്ട്. 


"വിശാലതയും വലുപ്പവും

എപ്പോഴും താഴെ.

എളുപ്പത്തില്‍.


"വിശാലതയും വലുപ്പവും

മസിലുപിടുത്തവും

പരിശ്രമവും

ആവശ്യമില്ലാത്തത്.

സാധാരണയില്‍. 


"താഴേക്കുള്ള ഒഴുക്ക് . 


"അറിയുക, കടലും

പുഴ തേടുന്ന വിശാലതയും

താഴെയെന്നത്

ഒരു വാസ്തവം. 


"ഒഴുക്കെപ്പോഴും

എളുപ്പത്തിലേക്ക്, 

താഴേക്ക്. 

അതാകയാല്‍ പുഴ 

കടലിലേക്കുമാകുന്നു.

അത്രമാത്രം." 


റെയില്‍വേ പാലം

പറഞ്ഞു നിര്‍ത്തി.


റെയില്‍വേ പാലം

പറയുമ്പോഴാണ്‌

ജീവിതത്തിന്റെ 

സ്വഭാവം അറിയുന്നത്.


സ്വാഭാവം

എളുപ്പമാണെന്നറിയുന്നത്.


സ്വാഭാവം എളുപ്പം

തേടുകയാണെന്നറിയുന്നത്. 


"മറ്റൊരു ന്യായവുമില്ല.


"താഴെയാണ്,

താഴ്ചയിലാണ്

ആലസ്യം, സുഖം.


"ആലസ്യത്തിനും 

സുഖത്തിനുമാണ്...,


"ആലസ്യത്തിലും 

സുഖത്തിലുമാണ്...,


"ഒഴുക്ക്,

ഒഴുക്കിലെ

പുഴയുടെ നൃത്തം."


*****


"ഉറങ്ങുമ്പോള്‍

പൂച്ചയെ പോലെ

ഉറങ്ങണം.

എപ്പോള്‍ വേണേലും

ഉണരാനായുറങ്ങണം." 


റെയില്‍വേ പാലം

ഉറക്കം ഞെട്ടിയെന്ന പോലെ

പറയുന്നു.


"ഹേയ്,

അതെങ്ങിനെ

പൂച്ചയെ കുറിച്ച് 

നീ പറയുന്നു? 

അതെങ്ങിനെ

നിനക്കറിയാം? 


"അതിന്‌ മാത്രം

നീയും പൂച്ചയും

തമ്മിലെന്ത്? 


"ഹോ, അതോ?

ഞാനും പൂച്ചയും

തമ്മിലോ?


"നമ്മൾ തമ്മില്‍

ഒരേറെയുണ്ട്.


"നമ്മൾ രണ്ടും 

ഒറ്റക്ക് മാത്രം.


"കൂടെ ആരുണ്ടെങ്കിലും

എത്ര പേരുണ്ടെങ്കിലും

നമ്മൾ ഒറ്റക്ക്. 


"ഉറക്കം തന്നെ

നമ്മൾ ജീവിതമാക്കുന്നു.


"ജീവിതത്തെ നമ്മൾ

ഉറക്കവുമാക്കുന്നു. 


"എപ്പോഴുമുണരുന്ന

ഉറക്കം മാത്രം

നമ്മൾക്ക് ജീവിതം. 


"ഉറക്കം തന്നെ ഉണര്‍വും

ഉണര്‍വ് തന്നെ ഉറക്കവും

നമ്മൾ രണ്ട് കൂട്ടര്‍ക്കും."


"എന്നാലും

നിങ്ങൾ തമ്മില്‍

അതിനുമപ്പുറമെന്തെങ്കിലും?"


"ഒരുപോലെ

ഉപേക്ഷിക്കപ്പെടുന്നവർ

നമ്മൾ."


"നിങ്ങൾ 

ഉപേക്ഷിക്കപ്പെടുകയോ?"


"അതേ, നീയറിയുമോ 

സര്‍വ്വദിക്കില്‍ നിന്നും

പണ്ട്‌ മുതലേ  

പൂച്ചയെ ചാക്കിലാക്കി

ഇവിടെ റെയില്‍വേ പാലത്ത് ഉപേക്ഷിക്കുന്നു.

മഞ്ചക്കലുകാർക്ക്

അതവരുടെ ശീലം. 


"ഉപേക്ഷിക്കപ്പെട്ട് മാത്രം

വെയിലിലും മഴയിലും 

നില്‍ക്കുന്ന ഞാന്‍ 

അതിനൊക്കെയും സാക്ഷി.


"എനിക്ക് സാക്ഷി

ഇങ്ങനെ വരുന്ന പൂച്ചകളും. 


"ഒറ്റയില്‍ ഒറ്റയായി.


"ഒറ്റക്ക് കൂട്ടായി." 


*****


അത്‌ പോട്ടെ,


വിഷയം മറക്കേണ്ട.


അതിനാല്‍

ഞാന്‍ ചോദിക്കട്ടെ.


"പലപ്പോഴും

നോക്കി നില്‍ക്കുക മാത്രം

പതിവുള്ള നീയും

ചിലപ്പോള്‍

മീന്‍ പിടിച്ചിരുന്നല്ലോ? "


"അതേ...

പിടിച്ചിരുന്നു."


"വളരേ ചെറുപ്പത്തില്‍

രണ്ടേ രണ്ട് പ്രാവശ്യം.


"രണ്ടും പങ്കാളിത്തത്തോടെ. 


"അനീസ ഹൗസില്‍

അക്രമിന്റെ കൂടെ.

നോമ്പുകാലത്ത്. 


"...

റെയില്‍വേ പാലത്തിന്റെ

സ്ഥിരം കൂട്ടുകാരന്‍

അക്രമിന്റെ കൂടെ.


"എനിക്കറിയാം. 


"എപ്പോഴും ഇപ്പോഴും

ഇവിടെ 

കാണാറുണ്ട്, അവനെ.


അവന്റെ കൂടെ വരുന്ന

കൂട്ടുകാര്‍ക്ക് മാറ്റം.


"അവന് മാറ്റമില്ല."


"എന്നിട്ടോ?" 


"ഒരു പ്രാവശ്യം

ഒരു മീന്‍ പിടിച്ചു.

അവന്റെ കൂടെ." 


"ഇങ്ങ് ഉപ്പാലക്കണ്ടി പറമ്പിലെ

തറയുടെ അടുത്ത് വെച്ച്. 

ഒരു ചൂടുള്ള ഉച്ചക്ക്. 

നോമ്പ് കാലത്ത്. 


"അല്ലെങ്കിലും

നോമ്പ് കാലത്തെ

പലവിധ നേരമ്പോക്ക്

വിനോദങ്ങളില്‍ ഒന്ന്‌

മീന്‍ പിടുത്തം." 


"എന്താണ്‌

ഏത് മീനാണ്

നീ പിടിച്ചത്" 


"ഞാനല്ല,

നമ്മളാണ് പിടിച്ചത്. 

ഞാനും അക്രമും. 


"ഒരു മൂക്കനേട്ട. 

വലുത്."


"എന്നിട്ടോ? "


"മര്യാദ വേണ്ടെ?


" മീന്‍

അക്രമിനോട്

എടുക്കാന്‍ പറഞ്ഞു. 

ഞാനിങ്ങു പോന്നു." 


"അപ്പോൾ രണ്ടാമതോ? "


"രണ്ടാമതും പിടിച്ചു.


"അതും

ഒരു നോമ്പ് കാലത്ത്. 

മഴക്കാലത്ത് വീണുകിട്ടിയ

നട്ടുച്ചക്ക്.


"അറിയാമല്ലോ,

എത്ര ക്ഷീണവും ദാഹവും

ഉണ്ടാവുമെന്ന്.


"എന്നാലും പിടിച്ചു. 

കുറെ കാത്തിരിപ്പിന് ശേഷം

ഒരു ചെറിയ കുറൂര്‍പ്പനെ. 

അത്യാവശ്യം വലിയ

ചെറുത്. 


"നല്ല മഴ പെയ്ത

വെള്ളമുണ്ടായിരുന്നു

ഉപ്പാലക്കണ്ടിപ്പള്ളിയുടെ

പുറകിലെ

പുഴക്കരയിലപ്പോൾ. 


"പിന്നെയും ഒന്നുകൂടി പിടിക്കാന്‍

വീണ്ടും ചൂണ്ടലെറിഞ്ഞു. 


"മഴ ഒഴിഞ്ഞ നട്ടുച്ചയ്ക്ക്, 

സുഹൃത്ത്, അക്രം.

കൂടെയിരുന്ന്

ഈയുള്ളവനും. 


"അതിനിടെ,

ഒരു തമാശ പോലെ, 

പിടിച്ച മീനിനെ,

കുറൂര്‍പ്പനെ, 

മഴവെള്ളത്തിൽ കളിക്കട്ടെ

എന്ന്  കരുതി 

പറമ്പത്ത്,

മഴ വെള്ളത്തിലിട്ടു

ഈയുള്ളവന്‍.


"ഒരു കൗതുകത്തില്‍. 

ഒപ്പം ഒരല്പം കാരുണ്യം ചാലിച്ച്. 


"കുറെ നേരം കാത്തിരുന്നു...

രണ്ടാമതൊരു മീന്‍ പിടിക്കാന്‍.


"പക്ഷേ, 

കെണിഞ്ഞില്ല.

രണ്ടാമതൊന്ന്. 


"എങ്കിൽ,

മതിയാക്കാമെന്ന്

രണ്ട് പേരും. 


"ചൂണ്ടല്‍

പുഴയില്‍ നിന്നും

തിരിച്ചുവലിച്ചു.


"നങ്കീസ് 

മടലില്‍ ചുറ്റി.


"തിരിച്ചു വരാൻ സമയത്ത്

നേരത്തേ പിടിച്ച

മീനിനെ തെരഞ്ഞു.


" മഴ വെള്ളത്തിൽ....


" കുറൂര്‍പ്പനെ.


"പക്ഷേ, കണ്ടില്ല.

എവിടെയും.

കുറൂര്‍പ്പനെ.


"ഇന്നും

ഒരുത്തരം കിട്ടാത്ത

ചോദ്യം. 


" കുറൂര്‍പ്പനെവിടേക്ക്

പോയെന്ന്.


"അറിഞ്ഞ്

പിന്നെ അറിയാതെ പോയ

സത്യം പോലെ. 

ജീവിതം പോലെ. 


"റെയില്‍വേ പാലത്തിനും

അറിയില്ല. 

കുറൂര്‍പ്പനെവിടേക്ക്

പോയെന്ന്.


അക്രം അതങ്ങ്

ക്ഷമിക്കുകയും ചെയതു.”