Saturday, August 8, 2020

എവിടെയോ ഗർഭിണിയായ പശുവിന്റെ വായയിൽ പടക്കം പൊട്ടിച്ചു.

 അങ്ങ്,

എവിടെയോ

ഗർഭിണിയായ പശുവിന്റെ

വായയിൽ പടക്കം പൊട്ടിച്ചു.


അല്‍ഭുതപ്പെടെണ്ട. 


കളം വിട്ട് കാണുമ്പോള്‍, 

കഥയറിയാതെ കാണുമ്പോള്‍

കളി കളിയാണെന്ന്

മനസിലാവില്ല.


കളി കലഹമാണെന്ന്

തോന്നും.


അതാണ് പ്രകൃതിയുടെ

ഒരു കളി. 

ജീവിതത്തിന്റെ

ഒരു കളി.


******


കളിക്കുമ്പോള്‍,

കളിക്കുന്നവര്‍ക്ക്

ഒന്നും തോന്നില്ല.


ഏത് ക്രൂരതയും

അപ്പോൾ വെറും കളി. 


കളിക്ക് പുറത്ത്‌

നില്‍ക്കുന്നവര്‍ക്ക്

പലതും തോന്നും.


അത്‌ കൃഷിയായാലും

രാഷ്ട്രീയമായാലും ശരി.


*******


പന്നിയെയും

മറ്റു പല മൃഗങ്ങളെയും

ഇങ്ങനെ എത്ര കർഷകർ

എവിടെയെല്ലാം 

കൊല്ലുന്നു...!!! 


എല്ലാം വെറും ജീവിതത്തിന്റെ

വെറും കളി


വെറും ജീവിതം മാത്രം

ശിഷ്ടമാക്കുന്ന കളി.


*****


ഇന്നലെയും

ഈയുള്ളവന്‍ നടക്കുന്നതിനിടെ

കാലിന്നടിയില്‍ പൊടുന്നനെ 

ഒരു 'പടാ' ശബ്ദം.


കായ വറുത്തതോ

മുറുക്കിന്‍ കഷണമോ

ആയിരിക്കുമെന്ന് കരുതി.


തിരിഞ്ഞു നോക്കിയപ്പോൾ 

ഒരു ചേരട്ട.


പൊട്ടിത്തെറിച്ചിരിക്കുന്നു.

ചതഞ്ഞമര്‍ന്നിരിക്കുന്നു.


എന്ത്‌ ചെയ്യാം? 


ചുകന്ന ചോരയില്ലാത്ത

ചുകന്ന ചേരട്ട. 


എവിടേക്കോ ലക്ഷ്യമിട്ട്

പോകുന്ന വഴിയില്‍

ചേരട്ടയുടെ ജീവിതം

അവിടെ അവസാനിച്ചിരിക്കുന്നു.


******


ജീവിതത്തിന്റെ കളിയുടെ

സ്വാഭാവം നോക്കൂ.


കാത്തിരിക്കുന്നവർ

എവിടെയോ കാത്തിരിക്കും. 


വഴിയിലുള്ളവർ

വഴിയിലെവിടെയോ

അവസാനിക്കും.


എല്ലാം, 

മരണം കൂടിയായ

വെറും ജീവിതമായിത്തീരും. 


*****


ജീവിതം കൃഷിയാണ്. 

ജീവിതം കര്‍ഷകനാണ്.


ജീവിതം വിതയ്ക്കുന്നതും കൃഷി

ജീവിതം ഉഴുതുമറിക്കുന്നതും കൃഷി.


ജീവിതം കൊയ്യുന്നതും കൃഷി

ജീവിതം നശിപ്പിക്കുന്നതും കൃഷി.


വിത്തും കൃഷി

വളവും കൃഷി.


******


കൃഷി നശിപ്പിക്കുന്നതെല്ലാം

കര്‍ഷകന് വെറും കീടങ്ങള്‍. 


കര്‍ഷകന് മതമില്ല.

അവന്‍ കര്‍ഷകന്‍ മാത്രം.


കര്‍ഷകന്റെ മതം

കൃഷി മാത്രം.


കര്‍ഷകന്റെ വിശ്വാസം

കൃഷിയുടെ

ആവശ്യങ്ങള്‍ മാത്രം.


******


പക്ഷേ, അതൊക്കെ

ആര്‍ക്കറിയണം?


അറിവ് ജീവിതത്തിന്റെ

സൗന്ദര്യം കളയും.


അറിവ് സ്വാഭാവികതയിലെ

ആകസ്മികതയെ, 

ആകസ്മികതയിലെ സൗന്ദര്യത്തെ, 

നശിപ്പിക്കും.


അറിവ്

സംഘർഷവും അസ്വസ്ഥതയും

ബാക്കിയാക്കും.


*****


ഇന്ത്യയിലെന്നല്ല,

ലോകത്തങ്ങോളമിങ്ങോളം

കര്‍ഷകര്‍ അങ്ങനെ മാത്രം 

എന്തൊക്കെ ചെയ്യുന്നു?


******


പശുവിനെ പോറ്റുന്ന

കര്‍ഷകനും

പശുവിനെയല്ല

സ്നേഹിക്കുന്നത്.


അവന്‍ പശുവിനെ

പോറ്റുകയല്ല;

പാല്‍ കൃഷിചെയ്യുക

മാത്രമാണ്. 


അവന്‍ സ്നേഹിക്കുന്നത്

അവന്റെ സ്വാര്‍ത്ഥതയേയാണ്.

പാലിനെയാണ്.


അവന്‍ പശുവിന്റെ

കുഞ്ഞിന്‌ നല്‍കേണ്ട പാല്‍

കച്ചവടമാക്കുന്നു. 


കുഞ്ഞിന്‌ നിഷേധിച്ചു കിട്ടുന്ന

പച്ചപ്പാല്‍.


******


പിന്നെ,

ആവശ്യം കഴിഞ്ഞാല്‍

അവന്‍ കൊല്ലുന്നത്,

കൃഷിയിടങ്ങളില്‍ പ്രവേശിച്ചാല്‍

അവന്‍ വഴക്ക് കൂടുന്നതും

കൊല്ലുന്നതും

പച്ചയായ ജീവിതത്തിന്റെ സ്വാഭാവം.


നിത്യേനയെന്നോണം

രതിയില്‍ ദര്‍ശിക്കുന്നത്.


******


പിന്നെ, അങ്ങ് എവിടെയോ

ഗർഭിണിയായ പശുവിന്റെ

വായയിൽ പടക്കം പൊട്ടിച്ച

വാര്‍ത്ത....


ഹഹഹഹ 


അത്‌

ഗോമാതാവിനെയാവുമ്പോള്‍

ഗോരക്ഷകര്‍

രക്ഷപ്പെടുത്തുന്നതല്ലേ? 


ഗോമാതാവിന് 

മോക്ഷം കൊടുക്കുന്നതല്ലേ? 


അല്ലേലും

അങ്ങനെ മാത്രമെന്ന്

തിരുത്തിപ്പറയണം. 


*****


അല്ലേലും, 

അപ്പുറത്ത്

കേരളവും മുസ്ലിമും

ഉണ്ടെങ്കിൽ മാത്രം

ഇങ്ങള് കാര്യം പറ...


അങ്ങനെയെങ്കിലല്ലേ 

അതൊക്കെ

കൊലയാകൂ....

മൃഗപീഢനമാകൂ...????

No comments: