Monday, August 10, 2020

ഭാഗം 10. പെരിങ്ങാടി റെയില്‍വേ പാലം. (ജനിച്ചു വളര്‍ന്ന പ്രദേശം)

 ഭാഗം 10.

പെരിങ്ങാടി റെയില്‍വേ പാലം.

(ജനിച്ചു വളര്‍ന്ന പ്രദേശം)


********


"പക്ഷേ, നീ

പാരങ്കോട്ട് വരെ മാത്രം

ഭൂമിലോകമെന്ന് 

കരുതിയതിന്റെ

ഗുട്ടന്‍സ്

ഇപ്പോഴും പിടികിട്ടുന്നില്ല." 


", അത്

മറ്റൊന്നും കൊണ്ടല്ല.


"പാരങ്കോട്ടിനപ്പുറം

ഇവന്‍ വീട് കണ്ടില്ല.


"ഇന്നും അന്നും... 


"വീടില്ലാത്ത ഇടം

ഈയുള്ളവന് ലോകമല്ല.


"ഈയുള്ളവന്റെ

തലച്ചോറില്‍ മാത്രമൊതുങ്ങി

അപ്പോഴൊക്കെയും ലോകം. 


"ഇന്നും അന്നും

അങ്ങനെ തന്നെ.


"അല്ലേലും

ഓരോരുവന്റെയും ലോകം

അവന്വന്റെത് മാത്രം.

അവനവന്റെ തോട്.

അവനവന്റെ തലച്ചോറ്‌. 


"ജനിച്ചപ്പോള്‍ തുടങ്ങി

മരിക്കുമ്പോള്‍ തീരുന്ന

ലോകം, കാലം." 


"പാരങ്കോട്ടിനപ്പുറവും 

കൊളാങ്കണ്ടിയുടെ പിറകിലും

ആകാശം വളഞ്ഞു മടങ്ങി

ഒതുങ്ങുന്നുവെന്ന് കരുതി. 

ഇപ്പോഴും കരുതുന്നു. 


"അങ്ങനെയവിടം

എല്ലാം തീരുന്നത് പോലെ." 


"അല്ലെങ്കിലും, 

ലോകത്തിന്‌

ഒരേയൊരു 

ഒടുക്കവും തുടക്കവും.


" ലോകത്തിന്‌

ഒരേയൊരു വഴി. 


"പ്രപഞ്ചത്തിലേക്കുള്ള

വഴി പോലും

തുടങ്ങുന്നതും

ഒടുങ്ങുന്നതും

എന്റെ വഴിയിലൂടെ.

എന്റെ തലച്ചോറിലൂടെ. 


"സ്വന്തം വീട്ടിലേക്കുള്ള

വഴിയിലൂടെ.


"അമ്മയില്‍ നിന്നും

അമ്മയിലേക്കുള്ള

വഴിയിലൂടെ.


"തലച്ചോറിന്റെ

തിരിച്ചറിവിലൂടെ." 


*****


"എന്നാലും പാരങ്കോട്ട്?"


പിറകില്‍

ശ്മശാനത്തിന്റെ ദുരൂഹതകളെ

ഗർഭംധരിക്കുന്ന 

ഭൂമിയുടെ അറ്റം. 


അന്നും ഇന്നും

അതങ്ങനെ. 


പാരങ്കോട്ടിനപ്പുറം :


ജീവിതം മരണത്തെ

കൂട്ടാക്കുന്നു,


ജീവിതവും മരണവും 

കൈകോര്‍ത്ത് നടക്കുന്നു.


ജീവിതവും മരണവും 

പരസ്പരം

ഗർഭപാത്രമാക്കുന്നു. 


അവിടം,

മണ്ണാവുന്ന ഇടത്തില്‍

മരണം ജീവിതത്തെ

ഗർഭം ധരിക്കുന്നു.

ജീവിതം മരണത്തെയും... 


ഖബറലീക്കയും

അലവിക്കയും

സിദ്ധിക്കും കയറിച്ചെന്ന്

കഥകളഴിച്ചിടുന്നിടത്ത്.

 

അവിടെ,

ഭൂമിയുടെ വയര്‍ കീറി

അവർ 

ശസ്ത്രക്രിയ നടത്തി

ജീവിതത്തെ ഒളിപ്പിച്ച്

പലതുമാക്കുന്നു.


പുഴുവും

പൂവുമാക്കുന്നു. 


******


അറിയാമല്ലോ,

വയറ്റില്‍ നിന്നും

കുഞ്ഞിനെ പുറത്തെടുത്ത

പാരങ്കോട്ടെ പാത്തുത്തയുടെ

പാരങ്കോട്ട്. 


ആനയുടെ

കളിക്കൂട്ടുകാരനായ

അന്ത്രുക്കയുടെ പാരങ്കോട്ട്. 


ജമീല സോമില്ലില്‍

മരവുമായി മല്ലിട്ട

മലമുകളില്‍ നിന്നും

(വാണിമേലില്‍ നിന്നും) 

വന്ന ഒറ്റയാന്‍ 

അന്ത്രുക്കയുടെ പാരങ്കോട്ട്. 


ശ്മശാനത്തിന്റെ

ഇങ്ങേയറ്റത്ത് ഉക്കിച്ചിരുന്ന് 

മരണത്തെ സാക്ഷിനിര്‍ത്തി,

കഥ പറഞ്ഞ്‌, കളി പറഞ്ഞ്‌ 

ജീവിതത്തിന്‌ മധുരമൂട്ടിയ,

ജീവിതത്തിന്റെ വിശപ്പടക്കിയ

വെളളയപ്പവും മധുരപ്പോളയും

ഉണ്ടാക്കി വിറ്റ 

മറീത്തയുടെ പാരങ്കോട്ട്. 


******


മമ്മിമുക്കിനെ കുറിച്ച്

നീ ചിലത് പറഞ്ഞു.


പക്ഷേ, പ്രധാനമായത്

പറഞ്ഞില്ല.


മമ്മിമുക്കിന്റെ

ഗുരുക്കന്മാരുടെ കാര്യം

പറഞ്ഞതേയില്ല.


മറന്നതാണോ?


ഓഹോ,

മറന്നതല്ല.


ഉദ്ദേശിച്ചത്‌ 

രണ്ട് പേരെ കുറിച്ച്,

അല്ലേ? 


സന്യാസിമാരെ പോലെ

ജീവിച്ച,

രണ്ട് പേരെ കുറിച്ച്.


അതിലൊരാള്‍

ഇപ്പോഴും ജീവിക്കുന്ന, 

രണ്ട് പേരെ കുറിച്ച്? 


പിന്നെ, അവരുടെ

പീടികയെ കുറിച്ചും ....


അവർ ഗുരുക്കന്മാര്‍

കാട് പോലെ.


ആരും അവരെക്കുറിച്ച്

സംസാരിക്കില്ല.


ആരും ഒന്നും

സംസാരിക്കാത്തിടം

കാട്.


എല്ലാം ഉള്ളിലൊതുക്കി

ഒന്നും പറയാത്ത

കാട്. 


അവർ സ്വയം

ഒളിഞ്ഞു നിന്ന്

എല്ലാവരെ കുറിച്ചും

എല്ലാറ്റിനെ കുറിച്ചും

സംസാരിക്കുന്നു.


അവരെ അറിയുന്നവര്‍ക്ക്

അവർ പൂന്തോട്ടം. 


അവരെ അറിയാത്തവര്‍ക്ക്

അവർ വെറും അലസമായി

കാടുപിടിച്ച വെറും കാട്.

അര്‍ത്ഥമില്ലാതെ. 


അടയിരിക്കാനറിയുന്നവർക്ക്

അവർ മുട്ടകളെറിയുന്നവർ. 


അടയിരിക്കാനറിയാത്തവര്‍ക്ക്

അവർ കല്ലുകൾ മാത്രം

എറിയുന്നവർ. 


പെരിങ്ങാടിയുടെ

ഉയര്‍ച്ചതാഴ്ചകളില്‍

ഉയരാതെ, താഴാതെ

സാക്ഷിയായി നിന്ന

രണ്ട് പേരും

ഒരു പീടികയും... 


അതേ...

അനന്തന്‍ നായരും

ഗോവിന്ദന്‍ നായരും. 


പിന്നെ,

നായരെ പീടികയും.


മമ്മിമുക്കിന്റെ

സാക്ഷികള്‍. 


വിദേശത്ത് പോകുന്നവരേയും

വിദേശത്ത് നിന്ന് വരുന്നവരേയും

വന്‍കച്ചവടക്കാരെയും

തറവാട്ടുകാരെയും 

നിസ്സംഗമായി നോക്കിനിന്ന്

ജീവിച്ചവർ. 


പീടികയെ തന്നെ

ആശ്രമമാക്കിയ 

രണ്ട് സന്യാസിമാര്‍. 


അനക്കമില്ലാതെ നിന്നവർ.


വിചാര വികാരങ്ങളെ

പീടികയുടെ ചുവരില്‍

നിര്‍ത്തിയവർ. 


ജീവിതത്തിന്‌ വേണ്ടത് 

ആശ്രമം കൊണ്ട്‌

നേടി, നടത്തിയ

സ്വസ്ഥര്‍. 


കൂടെയുള്ളവർ

പലവഴിയില്‍ 

പലതായി മാറിയപ്പോഴും 

ഉയർന്നും തകർന്നും

തിരിച്ചു വന്നപ്പോഴും...,


ഉയര്‍ച്ചക്കും വീഴ്ചക്കും

നിന്ന് കൊടുക്കാതെ

പിടിച്ചു നിന്നവർ.


പരിഭവങ്ങളും

പരിവട്ടവും

പനിനീര്‍ പൂവ് പോലെ

കൈകാര്യം ചെയത്

ജീവിച്ചവർ.


ജ്യേഷ്ഠന് ഒതുങ്ങിയ 

അനുജന്‍. 


അനുജന് ഒതുങ്ങിയ 

ജ്യേഷ്ഠന്‍.


മഹാത്ഭുതം.


കുടുബവും കുട്ടികളും

വിവാഹങ്ങളും ആഘോഷങ്ങളും

ആഗ്രഹങ്ങളും ആവശ്യങ്ങളും

അവരെ വേര്‍പിരിച്ചില്ല.

മതിയാവാത്തവരാക്കിയില്ല. 


ബാല്യവും യൗവ്വനവും

മധ്യവയസ്സും വാര്‍ദ്ധക്യവും

അവിടെ തന്നെ ജീവിച്ചു അവർ.

വെറും സാക്ഷികളായി. 

ഉദയാസ്തമയങ്ങളില്ലാതെ.

നിസ്സംഗത മാത്രം മന്ത്രമാക്കി.

മുഴുവൻ തലച്ചോറും

പരാജയമെന്ന്

സ്ഥാപിച്ചുകൊണ്ട്‌. 

No comments: