Saturday, August 8, 2020

ട്രേഡ്/സര്‍വീസ് യൂണിയനുകള്‍ മാറണം. സ്വഭാവത്തിലും പ്രവര്‍ത്തനത്തിലും ചിന്തയിലും മാറണം.

ട്രേഡ്/സര്‍വീസ് യൂണിയനുകള്‍ മാറണം.

സ്വഭാവത്തിലും പ്രവര്‍ത്തനത്തിലും ചിന്തയിലും മാറണം.


കാലവും സംസ്കാരവും സ്ഥാനവും മാറിയത് അറിഞ്ഞും അംഗീകരിച്ചും മാറണം.


സര്‍ക്കാറും നാട്ടുകാരും എന്നാല്‍ ജന്മിയും  ഭൂപ്രഭുക്കളും ബൂര്‍ഷ്വായും അല്ലെന്ന് മനസിലാക്കിക്കൊണ്ട് ട്രേഡ്/സര്‍വീസ് യൂണിയനുകള്‍ മാറണം. 


സത്യസന്ധരാണെങ്കിൽ, നാടിനോടും നാട്ടുകാരോടും നിലയില്‍ വല്ല ആത്മാര്‍ത്ഥതയും ഉണ്ടെങ്കിൽ, അവർ മാറണം.


ജനങ്ങളുടെ യൂണിയനുകളായി, ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന, പ്രവർത്തിക്കുന്ന, സമരം ചെയ്യുന്ന യൂണിയനുകളായി അവർ മാറണം.


നഷ്ടവും കഷ്ടവും സഹിക്കുന്നവര്‍ ഇപ്പോൾ പൊതുജനങ്ങളാണ്‌.


******


പരിഹാരമായി വന്ന ട്രേഡ്/സര്‍വീസ് യൂണിയനുകള്‍  നിലവില്‍, ജനങ്ങളുടെ പക്ഷത്തുനിന്ന് നോക്കിയാല്‍, രാജ്യത്തിന് ഭാരവും ബാധ്യതയും പ്രശ്‌നവും രോഗവുമായ് അവശേഷിക്കുന്നു.


ഏതൊരു പരിഹാരവും അതിന്റെ രണ്ടാം ഘട്ടത്തില്‍ സ്വയം പ്രശ്നമായി തീരും.


പ്രശ്നം പരിഹരിച്ചു കഴിഞ്ഞാൽ, അതിന്‌ ശേഷവും പരിഹാരം അവിടെ അവശേഷിച്ചുനിന്നാല്‍, പരിഹാരം സ്വയം പ്രശ്നമായി തീരും.


പ്രശ്നം പരിഹരിച്ചു കഴിഞ്ഞാൽ പരിഹാരം സ്വയം തീരോഭവിക്കാന്‍ തയാറാവണം.


ഇല്ലെങ്കില്‍,  പരിഹാരത്തിന് ശേഷവും സ്വന്തം നിലനില്‍പ് ആവശ്യമാക്കിയാല്‍, പരിഹാരം വിഷമായി തീരും.


അതാണ് ഇപ്പോൾ ട്രേഡ് /സര്‍വീസ് യൂണിയനുകള്‍ക്ക് സംഭവിച്ചത്, സംഭവിക്കുന്നത്. 


പാവം പൊതുജനങ്ങളെ മറന്നു കൊണ്ട്‌. കുത്തക ഉദ്യോഗസ്ഥ തൊഴിലാളി വിഭാഗത്തിന്‌ ആയുധമായിക്കൊണ്ട്.


ജനങ്ങളുടെയും നാട്ടുകാരുടെയും യാഥാര്‍ത്ഥ പ്രശ്‌നത്തിനെതിരെ, പ്രയാസങ്ങള്‍ക്കെതിരെ തൊഴിലാളികള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട്. 


അവസാനം കൊറോണക്കാലത്ത് വരെ.


തല്‍ക്കാലത്തേക്ക്, നാടിന്റെ അങ്ങേയറ്റം ദുരിതത്തില്‍, ആറ് ദിവസത്തെ ശമ്പളം കുറച്ച് കൊടുക്കുന്ന കാര്യത്തില്‍ വരെ.


(ഇതിൽ ഇടതുപക്ഷ വലതുപക്ഷ ട്രേഡ് / സര്‍വീസ് യൂണിയനുകള്‍ തമ്മില്‍ വ്യത്യാസമില്ല.


അക്കാര്യത്തില്‍ അവർ ഭരിക്കുമ്പോള്‍ ഇവരും, ഇവർ ഭരിക്കുമ്പോള്‍ അവരും എന്ന വ്യത്യാസം മാത്രം. സമയത്തിന്റെയും സാഹചര്യത്തിന്റെയും വ്യത്യാസം മാത്രം. എല്ലാം ഒരുപോലെ കള്ള്, വിഷം. 


ജീവനക്കാരുടെ ആനുകൂല്യങ്ങളും ശമ്പളവും, തൊഴിലാളികളുടെ കൂലിയും വർദ്ധിപ്പിക്കുന്ന കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്‌. 


രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൂട്ടിക്കൊടുക്കുക എന്ന കാര്യത്തിലും കുഴലൂത്ത് നടത്തുക എന്ന കാര്യത്തിലും എല്ലാവരും ഒറ്റക്കെട്ടാണ്‌). 


നാട്ടിന്റെ മൊത്തമായ പുരോഗതിക്ക് പറ്റിയ കോലത്തില്‍ മാത്രമേ തൊഴിലാളികളെയും പിന്തുണക്കാന്‍ പാടുള്ളൂ എന്നറിയാത്തവർ ട്രേഡ് / സര്‍വീസ് യൂണിയനുകള്‍.


തൊഴിലാളികളുടെയും ജീവനക്കാരുടെയും ചിലവില്‍ നാടിനെയും നാട്ടുകാരെയും നശിപ്പിക്കുന്നവർ ട്രേഡ് / സര്‍വീസ് യൂണിയനുകള്‍. 


*****


പാവങ്ങളായ അസംഘടിതരായ പൊതുജനം യൂണിയനുകള്‍ക്കെതിരെ സമരം നയിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നാടിന്റെ മൊത്തം നന്മക്ക് വേണ്ടി. 


ഒരു സര്‍ക്കാരിനും ജനോപകാരപ്രദമായ  തീരുമാനങ്ങൾ എടുക്കാന്‍ കഴിയാത്തത് ട്രേഡ് യൂണിയനുകളുടെ സമ്മര്‍ദ്ദം ഒന്നുകൊണ്ട് മാത്രമാണ്.


ട്രേഡ് യൂണിയനുകള്‍ ജീവനക്കാരുടെ കാര്യം മാത്രം ഉയർത്തിപ്പിടിക്കുന്നു എന്നതിനാല്‍ മാത്രമാണ്. 


അല്ലെങ്കിൽ ജനാധിപത്യത്തില്‍ സര്‍ക്കാരുകള്‍ നിലകൊള്ളേണ്ടത് പൊതുജനങ്ങളുടെ നന്മക്ക് വേണ്ടിയാണ്. ഏവരുടേയും ജീവിതം സംരക്ഷിക്കാനാണ്. സർക്കാർ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയല്ല. അതിന്‌ മാത്രമല്ല. 


ട്രേഡ് / സര്‍വീസ് യൂനിയന്‍ സമ്മര്‍ദ്ദം ഇല്ലെങ്കില്‍ സർക്കാർ തൊഴിലാളികളുടെ ജീവനക്കാരുടെ ശമ്പളം ഇങ്ങനെ വര്‍ഷിക്കില്ല. സർക്കാർ വര്‍ധിപ്പിക്കില്ല. 


ട്രേഡ് യൂനിയന്‍ സമ്മര്‍ദ്ദം ഇല്ലെങ്കില്‍, വേണമെങ്കില്‍, നാട് പ്രയാസത്തിലാവുമ്പോള്‍, ജീവനക്കാരുടെ ശമ്പളം കുറക്കാനും സര്‍ക്കാറിന് സാധിക്കും, സാധിക്കണം. 


പക്ഷേ സാധിക്കുന്നില്ല.


*******


ട്രേഡ് / സര്‍വീസ് യൂണിയനുകള്‍ തൊഴിലാളികളില്‍ അവകാശബോധം മാത്രം വളര്‍ത്തുന്നു, കുത്തിക്കയറ്റുന്നു. 


ട്രേഡ് / സര്‍വീസ് യൂണിയനുകള്‍ ഒരു തൊഴിലിനും പറ്റാത്ത അഹങ്കാരവും ധാര്‍ഷ്ട്യവും മാത്രം തൊഴിലാളികളില്‍ ഉണ്ടാക്കുന്നു, കുത്തിനിറക്കുന്നു. 


ട്രേഡ് /സര്‍വീസ് യൂണിയനുകള്‍ കൂലിയും ശമ്പളവും വര്‍ദ്ധിപ്പിക്കുക മാത്രം ചെയ്യുന്നു, വര്‍ധിപ്പിക്കാന്‍ മാത്രം സമരം ചെയ്യുന്നു.


എപ്പോഴെങ്കിലും ശമ്പളവും കൂലിയും കുറയ്ക്കുക എന്നത് അവരുടെ അജണ്ടയില്‍ ഒരിക്കലും ഇല്ലാത്തത് പോലെ. ഉണ്ടാവാന്‍ പാടില്ലാത്തത് പോലെ. 


ട്രേഡ് / സര്‍വീസ് യൂണിയനുകള്‍ ജീവനക്കാരുടെയും തൊഴിലാളികളുടെയും സംഘടിച്ചതശക്തി ഉപയോഗിച്ച് ജനങ്ങളെയും സര്‍ക്കാറിനെയും ഒരുപോലെ ഭീഷണിപ്പെടുത്തുന്നു. 


നാട്ടിന്റെ മൊത്തം പരിതസ്ഥിതിയും അടിസ്ഥാനയാഥാര്‍ത്ഥ്യവും കാണാതെ ട്രേഡ് / സര്‍വീസ് യൂണിയനുകള്‍ തൊഴിലാളികളുടെയും ജീവനക്കാരുടെയും അവകാശത്തെ കുറിച്ച് മാത്രം സംസാരിക്കുന്നു.


നാടിന്റെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വളര്‍ച്ചയും ക്ഷേമവും ചിന്തിക്കാതെ തൊഴിലാളിപക്ഷത്തും അവരുടെ ശമ്പള - കൂലി വര്‍ദ്ധനവിനും വേണ്ടി മാത്രം ട്രേഡ് / സര്‍വീസ് യൂണിയനുകള്‍ നിലകൊള്ളുന്നു. 


തൊഴിലാളികളില്‍ ഉത്തരവാദിത്തബോധം ഉണ്ടാക്കുന്ന, വിനയവും തൊഴിൽ സംസ്കാരവും ഉണ്ടാക്കുന്ന ഒരൊറ്റ ട്രേഡ് /സര്‍വീസ് യൂനിയനെങ്കിലും ഇവിടെ ഇല്ല. 


തൊഴിലാളികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന ഒരൊറ്റ ട്രേഡ് /സര്‍വീസ് യൂനിയനെങ്കിലും ഇല്ല.


വെറും ഇത്തിള്‍കണ്ണികള്‍ മാത്രമായ ട്രേഡ് / സര്‍വീസ് യൂണിയനുകള്‍ തൊഴിലാളികളെയും ജീവനക്കാരെയും കൂടി ഇത്തിള്‍കണ്ണികള്‍ മാത്രമാക്കുന്നു. നാടിനും നാട്ടുകാര്‍ക്കും മേലെ. 


********


ട്രേഡ് യൂണിയനുകള്‍ സമ്മര്‍ദ്ദം ചെലുത്തിയും, അവർ സ്വയം തീരുമാനിച്ചും നിശ്ചയിക്കുന്ന, വര്‍ദ്ധിപ്പിക്കുന്ന ശമ്പളവും കൂലിയും വെച്ച് കേരളത്തില്‍ ഒരു തൊഴിൽ സംരംഭവും വിജയിക്കില്ല.


സർക്കാർ മേഖലയില്‍ സർക്കാർ കടംവാങ്ങി ശമ്പളം കൂട്ടിക്കൂട്ടി കൊടുക്കുന്നത് മാത്രമാണ്. 


അതിനാല്‍ തന്നെ, നിലയില്‍ കേരളത്തില്‍ ഏതെങ്കിലും പുതിയ വ്യവസായ തൊഴിൽ സംരംഭം കടന്നുവരില്ല. 


കൃഷിയോ കച്ചവടമോ വിജയിപ്പിക്കാന്‍ സാധിക്കില്ല.


ഇന്ന്‌ കേരളത്തില്‍ നാടൻ ജോലികള്‍ക്ക് കൂലി ആയിരവും അതിന്‌ മുകളിലും.


ആര് എങ്ങിനെ എവിടെവെച്ച് നിശ്ചയിക്കുന്നു, വർദ്ധിപ്പിക്കുന്നു എന്നറിയില്ല.


പക്ഷേ ഒന്നറിയാം.


കൂലി വെച്ച് കേരളത്തില്‍ ഒരു സംരഭംവും ലാഭകരമായി നടക്കില്ല.


കേരളം ആശ്രയിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ ഇത് ഇങ്ങനെ ഇല്ല. 


കൂലി വെച്ച് കേരളത്തില്‍ കൃഷി നടക്കില്ല, നടക്കുന്നില്ല. 


കൂലി കൊടുത്ത് കൃഷി ചെയത് കേരളത്തിൽ അരി 30 രൂപക്കും ഉള്ളി 15 രൂപക്കും വില്ക്കാന്‍ സാധിക്കില്ല.


ഇപ്പോൾ അങ്ങനെ അരി 30 രൂപക്കും ഉള്ളി 15 രൂപക്കും കിട്ടുന്നുണ്ടെങ്കില്‍ അത് കൂലി കുറഞ്ഞ മറ്റ് സംസ്ഥാനങ്ങളുടെ ഔദാര്യം. 


അപ്പോൾ കേരളം കാര്‍ഷികവും വ്യാവസായിക വു മായ ഉല്‍പ്പാദനം നടത്തുന്ന സംസ്ഥാനം ആകണമെങ്കിൽ എന്ത് ചെയ്യണം?


കൂലി കുറയ്ക്കണം.


ആരുടെ കൂലി കുറയ്ക്കണം?


നാടൻ ജോലിക്കാരുടെ മാത്രം കൂലി കുറച്ചത് കൊണ്ട്‌ കാര്യമില്ല.


അത് മാത്രമായി കുറക്കുക സാധിക്കുകയും ഇല്ല.


ശമ്പളം കുറക്കുന്നത് തുടങ്ങേണ്ടത് താഴേ നിന്നല്ല. വെറും നാടൻ ജോലിയുടെ ദിവസക്കൂലി കുറച്ച് കൊണ്ടല്ല.


മുകളില്‍നിന്നും തുടങ്ങണം.


സര്‍ക്കാര്‍ ജീവനക്കാരുടെ വാരിക്കോരി കൊടുക്കുന്ന, എപ്പോഴും വര്‍ദ്ധിക്കുക മാത്രം ചെയ്യുന്ന ശമ്പളം കുറച്ച് കൊണ്ട്‌ തുടങ്ങണം.


ഡോക്റ്റര്‍മാരുടെ ഫീസ് കുറച്ച് കൊണ്ട്‌ തുടങ്ങണം.


അതിന്‌ മേല്‍പറഞ്ഞ യാഥാര്‍ത്ഥ്യബോധം നഷ്ടപ്പെട്ട ട്രേഡ് / സര്‍വീസ് യൂണിയനുകള്‍ യാഥാര്‍ത്ഥ്യം ബോധം തിരിച്ചുപിടിച്ചു മുന്‍കൈ എടുക്കണം.


ജനങ്ങളുടെ പക്ഷത്തും നിന്ന് ചിന്തിച്ച്, മൊത്തം നാടിന്റെ നന്മയും വളര്‍ച്ചയും ലക്ഷ്യമിട്ട് മുന്‍കൈ എടുക്കണം.


സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കുറച്ചു കൊണ്ട്‌ മാത്രമേ എല്ലാ മേഖലയിലും കൂലി കുറക്കാന്‍ സാധിക്കൂ.


സർക്കാർ ഖജനാവിവിനെ പൊതുജന ക്ഷേമത്തിന് വേണ്ടി രക്ഷപ്പെടുത്താനും അങ്ങനെയേ സാധിക്കൂ. 


ദിവസക്കൂലി കുറച്ചാല്‍  മാത്രമേ കേരളത്തില്‍ സംരംഭങ്ങള്‍ വരൂ, വിജയിക്കൂ.


എങ്കിലേ കൃഷിയും മറ്റെന്തും കേരളത്തില്‍ നടക്കൂ.


എങ്കിൽ മാത്രമേ കേരളത്തിന്‌ കാര്‍ഷികമായും വ്യാവസായികമായും സ്വയംപര്യാപ്ത സംസ്ഥാനമായ് മാറാൻ പറ്റൂ.


എങ്കിലേ എല്ലാറ്റിനും പുറംസംസ്ഥാനങ്ങളെ ആശ്രയിക്കാതെ നിലനില്‍ക്കാന്‍ പറ്റൂ.

No comments: