Monday, August 10, 2020

ഏതൊരു പുരുഷന്റെയും ജീവിതവിജയത്തിന് പിന്നില്‍ ഒരു ശക്തിയായി സ്ത്രീയുണ്ടാവുമെന്ന് പഴമൊഴി.

ഏതൊരു പുരുഷന്റെയും ജീവിതവിജയത്തിന് പിന്നില്‍ ഒരു ശക്തിയായി സ്ത്രീയുണ്ടാവുമെന്ന് പഴമൊഴി.


പഴമൊഴി ശരിയാണോ?


അറിയില്ല.


എന്തായാലും പൂര്‍ണാര്‍ത്ഥത്തില്‍ ശരിയല്ല.


കാരണം, ഇത് വിജയിച്ചവരില്‍ ചിലരുടെ കാര്യത്തില്‍ എടുത്ത് പറയുന്ന പഴമൊഴി മാത്രം.


പരാജയപ്പെട്ടവന്റെ കാര്യത്തില്‍ പറയാൻ മറന്ന് പോകുന്ന പഴമൊഴി മാത്രം. 


ശരിയെങ്കിൽ പകുതി ശരി.

തെറ്റെങ്കിൽ പകുതി തെറ്റ്.


അല്ലെങ്കിലും എല്ലാ ശരിയും പകുതിയില്‍ മാത്രമാണ്‌ ശരി. മറുപകുതിയില്‍ ശരി തെറ്റാണ്‌.


ജീവിതം അങ്ങനെയാണ്.


അതിനാല്‍, ജീവിതത്തെ ഉയിര്‍പ്പിച്ച് സംരക്ഷിക്കുന്ന സ്ത്രീയും അങ്ങനെ തന്നെ. 


ജീവിതം ജീവിതത്തിന്‌ ശക്തി.


ജയിക്കാനും പരാജയപ്പെടാനും ജീവിതം തന്നെ ശക്തി. അതിനാല്‍ സ്ത്രീയും... 


അത് മാത്രം, അങ്ങനെ മാത്രം ശരി. 


എങ്കിൽ ഇങ്ങനെയൊരു പഴമൊഴി?


അല്പമെങ്കിലും പഴമൊഴി ശരിയാണെങ്കില്‍ ഏതാണ്, ആരാണ്‌ സ്ത്രീ? 


ഭാര്യാണോ? അല്ല.


എന്തുകൊണ്ട്‌ ഒരുനിലക്കും ഭാര്യയല്ല? 


ഭാര്യ എന്നത്‌ തലച്ചോറും തലച്ചോറുണ്ടാക്കിയ വ്യവസ്ഥിതിയും നിയമവും ഭയവും ഉണ്ടാക്കിയത്.


ഭാര്യ സ്വാഭാവികമല്ല.


ഭാര്യ സ്വാഭാവികമായും ജീവിതത്തിൽ വന്ന് പെടുന്നതല്ല.


സ്വാഭാവികതയില്‍ ഭാര്യയും ഭർത്താവും ഇല്ല. 


ഭാര്യാഭര്‍തൃ ജീവിതം സ്വാഭാവികതയുടെ നിഷേധം കൊണ്ടും, സ്വാഭാവികതയുടെ നിഷേധം നടത്തിയും സംഭവിക്കുന്നത്. 


ഭാര്യക്ക് പ്രധാനം സംരക്ഷണവും സുരക്ഷിതത്വവും.


ആകാശമായ് പാറിനടക്കുന്ന പുരുഷനെ ഭൂമിയില്‍ കെട്ടിയിടുക ഭാര്യക്ക് മുഖ്യം. 


  പുരുഷന്റെ സംരക്ഷണവും സുരക്ഷിതത്വവും തേടി ഉറപ്പിക്കാന്‍ വന്നത് ഭാര്യ.


പ്രണയം വഴിയായും മറയായും.


ജീവിതം തുടർച്ചക്ക് വേണ്ടി തേടുന്ന സംരക്ഷണം, പ്രണയമാണെന്ന് അവിടെ താല്‍കാലികമായി തോന്നുന്നു. 


എന്തായാലും പുരുഷന്റെ  ജീവിതവിജയത്തിന് പിന്നില്‍, പ്രത്യേകിച്ചും ബൗദ്ധികമായ വിജയത്തിന് പിന്നില്‍, നിലകൊള്ളുന്ന സ്ത്രീ ഭാര്യയല്ല.


ഭാര്യ : പുരുഷൻ അവളുടെ ഉപാധികളില്‍ ഒന്ന് തെറ്റിയാല്‍... ,


അല്ലെങ്കിൽ പുരുഷൻ അവളുടെ ഒരു കുറ്റം പറയാൻ ഇടവന്നാല്‍....,


അതുമല്ലെങ്കില്‍ അവളുടെ സംരക്ഷണത്തിനും സുരക്ഷിതത്വത്തിനും പുരുഷൻ ഭംഗം വരുത്തിയാല്‍...,


ആകാശമായ പുരുഷന്റെ നൂറു കുറ്റം പറയുക ഭാര്യക്ക് എളുപ്പം. അങ്ങനെ പറയാൻ വേണ്ടി വെമ്പി ഒരുങ്ങി നില്‍ക്കുന്ന ഭാര്യ.


ഭാര്യ പുരുഷനെ കൊണ്ടുനടക്കുന്നത്  വളര്‍ത്താനല്ല; പകരം അവള്‍ക്ക് വേണ്ടി മാത്രം പുരുഷൻ നിന്ന് നയിക്കാന്‍. 


അവൾ പുരുഷനോടൊപ്പം വരുന്നത് പുരുഷൻ ഉയർന്ന് വളര്‍ന്ന് മദ്ധ്യാഹ്നത്തില്‍ എത്തിയതിന്‌ ശേഷം മാത്രം.


അല്ലാതെ, പുരുഷനെ കിഴക്ക് നിന്നും ഉയർത്തി മദ്ധ്യാഹ്നത്തില്‍ എത്തിക്കാനല്ല ഭാര്യ. 


അവൾ പുരുഷനോടൊപ്പം നില്‍ക്കുന്നത്, പുരുഷൻ എത്തിനില്‍ക്കുന്ന മദ്ധ്യാഹ്നത്തിന് ശേഷം. മദ്ധ്യാഹ്നത്തില്‍ നിന്നും വീണ്ടും ഉയരാതെ, മദ്ധ്യാഹ്നത്തില്‍ തന്നെ പുരുഷൻ നില്‍ക്കാതെ, പുരുഷനെ അസ്തമയമെന്ന തകര്‍ച്ചയിലേക്കും തളര്‍ച്ചയിലേക്കും നയിക്കാന്‍. 


ഏറിയാല്‍ പാറിനടക്കുന്ന പുരുഷന്റെ, അവന്‍ ഉദ്ദേശിക്കുന്ന വഴിയിലെ പരാജയത്തിന് ആരെങ്കിലും കാരണമാകുമെങ്കിൽ, അത് ഭാര്യ മാത്രമായിരിക്കും. 


കാരണം, ഭാര്യ കൂടെ നില്‍ക്കുന്നത് സോപാധികമായാണ്, സ്വാര്‍ത്ഥ മൂലമായാണ്, സ്വാര്‍ത്ഥത ലക്ഷ്യമാക്കിയാണ്.  


ഭാര്യ കൂടെ നില്‍ക്കുന്നത് പുരുഷന്റെ സ്വാതന്ത്ര്യവും സര്‍ഗാത്മകതയും വിലക്ക് വാങ്ങിയാണ്. അവയ്ക്ക് വിലങ്ങുതടിയായാണ്. കാരണം, ആകാശത്തിന് കീഴെ ഭാര്യ വെറും ഭൂമിയാണ്. യാഥാര്‍ത്ഥ്യബോധം ഏറെയുള്ളവൾ 


(അപവാദങ്ങൾ ഉണ്ടാവാം.

അപവാദങ്ങൾ ഉണ്ടെന്ന് പറയുന്നവരും അവകാശപ്പെടുന്നവരും ഉണ്ടാവാം.


അല്ലെങ്കില്‍ അവകാശപ്പെടുന്ന, കാണപ്പെടുന്ന അപവാദങ്ങൾ മുഴുവന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി, അടിമത്തം കൊണ്ട്‌ അഭിനയിച്ചു കഴിയുന്നത്.


അതുമല്ലെങ്കില്‍ അപവാദങ്ങൾ മുഴുവന്‍ വെറും കാല്‍പ്പനികത, സ്വപ്നം). 


പിന്നെ ആരാണ് പുരുഷന്റെ ജീവിതവിജയത്തിന് പിന്നില്‍ ഒരു ശക്തിയായി നിലകൊള്ളുന്ന പഴമൊഴിയിലെ സ്ത്രീ? പഴമൊഴി ശരിയെങ്കിൽ. 


ഒരു സംശയവും ഇല്ല.


അമ്മ.


പുരുഷന്റെ, എന്നല്ല സ്ത്രീയുടെയും പിന്നെ മൊത്തം മാനവരാശിയുടെയും, ജീവിതവിജയത്തിന് പിന്നില്‍ ശക്തിയായി നിലകൊള്ളുന്ന പഴമൊഴിയിലെ സ്ത്രീ അമ്മ.


ജീവിതം കൊരുത്ത് തളിര്‍ക്കുന്നത് അമ്മയിലൂടെ. ഭാര്യ അമ്മയായി മാറുമ്പോള്‍ അമ്മയെന്ന ഭൂമിയിലൂടെ. 


ആകാശത്തിലെ പുരുഷനെ, വെറും സങ്കല്‍പം മാത്രമാകാവുന്ന പുരുഷനെ, അച്ഛനെ, ഭൂമിയില്‍ തളച്ചുകെട്ടിയ ഭാര്യയില്‍ നിന്ന് പ്രകൃതിപരമായി വേഷംമാറി രൂപപ്പെട്ട അമ്മ.


മക്കളെ അമ്മ ആകാശമായ് പാറിനക്കാന്‍ ഭൂമിയില്‍ കെട്ടിയിടാതെ തന്നെ വിടുന്നു.


അമ്മ തീർത്തും സ്വാഭാവികമായത്. തലച്ചോറ്‌ ഉണ്ടാക്കുന്നതല്ല.


ഒരുപക്ഷേ മക്കള്‍ക്ക് അമ്മയെ നോക്കാനും സംരക്ഷിക്കാനും തലച്ചോറ്‌ വേണ്ടി വന്നേക്കാം.


മക്കള്‍ക്ക് അമ്മയെ നോക്കാനും സംരക്ഷിക്കാനും തലച്ചോറ്‌ ഉണ്ടാക്കിയ മതവും നിയമവും അത് നല്‍കുന്ന ഭീഷണിയും വാഗ്ദാനങ്ങളും വേണ്ടിവന്നേക്കാം.


പക്ഷേ, അമ്മക്ക് മക്കള്‍ തലച്ചോറ് കൊണ്ടല്ല. ഭൂമിയിലെ തളിര് മാത്രമാണ് മക്കള്‍. തലച്ചോറ്‌ ഉണ്ടാക്കിയ മതവും നിയമവും അത് നല്‍കുന്ന ഭീഷണിയും വാഗ്ദാനങ്ങളും കൊണ്ടല്ല. 


അമ്മ തലച്ചോറിനും അതുണ്ടാക്കാവുന്ന നിയമത്തിനും വ്യവസ്ഥിതിക്കും യാതൊരുവിധ പങ്കുമില്ലാതെ. 


അമ്മ അമ്മയാവുന്നത് നിയന്ത്രണമില്ലാതെ, തെരഞ്ഞെടുപ്പില്ലാതെ.


ജീവിതം തന്നെ ഭാഷയാക്കിക്കൊണ്ട് അമ്മ. ജീവിതം കൊണ്ട്‌ അമ്മ. ജീവിതം തളിര്‍പ്പിക്കാന്‍ അമ്മ. 


കുട്ടി ജനിച്ചു പോയത് കൊണ്ടും, 

കുട്ടിയെ ജനിപ്പിച്ചു പോയത് കൊണ്ടും അമ്മ.


നിരുപാധികമായി.

സ്നേഹം പോലെ വെറും നിരുപാധികമായി.


അമ്മ ഇഷ്ടവും വെറുപ്പും പോലെ സോപാധികമായല്ല.


കാരണം വെച്ചല്ല അമ്മ മക്കളെ സ്നേഹിക്കുന്നതും സംരക്ഷിക്കുന്നതും. 


അമ്മ നിര്‍ബന്ധിതയാവുകയാണ്.

ജീവിതം ജീവിതത്തിന്‌ വേണ്ടി എന്ന പോലെ. എന്നാകയാല്‍ 


നിയന്ത്രണമില്ലാതെ, തെരഞ്ഞെടുപ്പില്ലാതെ നിരുപാധികമായി അമ്മ.

സ്നേഹിക്കാന്‍.


ജീവിതത്തിന്റെ മറ്റൊരു രൂപമായ നിനക്ക് വളര്‍ച്ച ഉറപ്പ് വരുത്താന്‍ അമ്മ. 


കിഴക്ക് നിന്ന് മദ്ധ്യാഹ്നം വരെ നീ ഉയരാനും വളരാനും അമ്മ.


ഉദയം തൊട്ട് മദ്ധ്യാഹ്നം വരെ നിന്നെ ഉയര്‍ത്താനും വളര്‍ത്താനും അമ്മ.


മക്കള്‍ക്ക് അമ്മയെ കുറ്റം പറയാം.


അപ്പോഴും മക്കളെ ഒരു കുറ്റവും പറയാനില്ലാതെ സംരക്ഷിക്കുന്നവൾ അമ്മ. 


അതിനാല്‍ തന്നെ, പുരുഷന്റെ എന്നല്ല, സ്ത്രീയുടെ തന്നെയും ജീവിതവിജയത്തിന് പിന്നിലെ ശക്തി അമ്മ.


അമ്മയെന്ന സ്ത്രീയാണ്, ഭാര്യയെന്ന സ്ത്രീയല്ല ജീവിതവിജയത്തിന് പിന്നിലെ ശക്തി. 


വിജയവഴിയില്‍ പിന്‍വിളിയല്ലാത്ത സ്ത്രീ അമ്മ.


വിജയവഴിയില്‍ ആവേശവും ന്യായവും ശക്തിയുമാവുന്ന സ്ത്രീ അമ്മ. 


ജീവിതത്തെ ജീവിതമാക്കുന്ന സ്ത്രീ അമ്മ.


ജീവിതത്തെ പൊതിഞ്ഞുനിന്ന് സംരക്ഷിക്കുന്ന സ്ത്രീ അമ്മ. 


അമ്മ കൂടെ നിൽക്കുന്നതും സംരക്ഷിക്കുന്നതും, തിരിച്ച്  സംരക്ഷിക്കപ്പെടാനല്ല.


തന്നെ തിരിച്ച് സംരക്ഷിക്കുമെന്ന് ഉറപ്പുള്ളത് കൊണ്ടല്ല അമ്മ.


ഉറപ്പിന് വേണ്ടിയല്ല അമ്മ. 


അമ്മ വെറും വെറുതെ സംരക്ഷിക്കും.


ജീവിതത്തിന്റെയും ദൈവത്തിന്റെയും വിളിക്ക് ഉത്തരം പോലെ അമ്മ. അവ തന്നെയായി. 


മക്കളില്‍ കൂടുതല്‍ ശക്തനെയല്ല, പകരം കൂടുതല്‍ ദുര്‍ബലനെ കൂടുതൽ സംരക്ഷിക്കുന്നു, സ്നേഹിക്കുന്നു അമ്മ. 


പിന്നില്‍ നിന്ന് ഒരു നിര്‍ബന്ധവുമില്ലാതെ.


ആരും നിര്‍ബന്ധിക്കാതേ തന്നെ.


അങ്ങനെ ദുര്‍ബലനെ കൂടുതൽ സംരക്ഷിക്കുന്നതിൽ ഒരഭിനയവും ഇല്ലാതെ അമ്മ  സ്നേഹിക്കും, സംരക്ഷിക്കും.


******


എങ്കിൽ ഒരു ചോദ്യം :

ഭാര്യ തന്നെയല്ലേ അമ്മ.


അതേ.

ഭാര്യ തന്നെയാണ് അമ്മ.

ശരിയാണ്‌. 


കുട്ടികളുടെ അമ്മ തന്നെയാണ് ഭർത്താവിന്റെ ഭാര്യ.


പക്ഷേ, ഭാര്യയാവുമ്പോള്‍ സ്ത്രീ വെറും കുടുങ്ങിയ മനസുള്ള സ്ത്രീ. അവളുടെ കാര്യം നടത്തിക്കിട്ടുക അപ്പോൾ അവള്‍ക്ക് പ്രധാനം. 


അവിടെ സ്ത്രീയുടെ മനോനില വേറെ.


അമ്മയാവുമ്പോള്‍ പിന്നെയും സ്ത്രീയുടെ മനോനില വേറെ.


അമ്മയായി കുട്ടികളോടു കാണിക്കുന്ന നിലപാടല്ല സ്ത്രീക്ക് ഭർത്താവിനോട്. 


സ്ത്രീക്ക് ഭാര്യ എന്ന നിലക്ക് ഭർത്താവുമായുള്ള ബന്ധം സ്വാര്‍ത്ഥമാണ്, സോപാധികമാണ്.


എന്തുവില കൊടുത്തും പുരുഷൻ അവൾക്ക് സംരക്ഷണം നല്‍കാനുള്ളതാണ് ഭാര്യയായുള്ള മനസ്സ്. പുരുഷന്റെ സംരക്ഷണം നേടാനുള്ളതാണത്.


എന്തുവില കൊടുത്തും പുരുഷൻ മക്കൾക്ക് സംരക്ഷണം നല്‍കാനുള്ളതാണ് അമ്മയായുള്ള മനസ്സ്.


അതിനാല്‍ ഭർത്താവിന്റെ വിജയത്തിന് പിന്നില്‍ ശക്തിയായി നിലകൊള്ളുക ഭാര്യക്ക് സാദ്ധ്യമല്ല. പ്രകൃതിപരമായിത്തന്നെ. ഭർത്താവിനെ തന്റെ നിലനില്‍പ്പിനും ധൈര്യത്തിനും വേണ്ടി ഉപയോഗിക്കുകയല്ലാതെ. 


പുരുഷന്റെ ഉള്ള ശക്തിയെയും ചോര്‍ത്തിക്കളയുക മാത്രം ഭാര്യ. തന്റെ സംരക്ഷണം ഉറപ്പിക്കാന്‍. 


തനിക്കും, അമ്മയായി താന്‍ ഉണ്ടാക്കുന്ന, ഉണ്ടാക്കാൻ പോകുന്ന തളിരിലകള്‍ക്കും വേണ്ടി. 


ജീവിതം അവളെ ഏല്പിച്ച സ്വാര്‍ത്ഥതക്ക് വേണ്ടി ഭർത്താവിന്റെ പിന്‍വിളിയായി, അധൈര്യമായി, ഭീഷണിയായി സംശയമായി മാത്രം നിലകൊള്ളുന്നു ഭാര്യ.


സംരക്ഷിക്കുന്നു എന്ന വ്യാജേന ഭർത്താവിന് ചുറ്റും മുള്ള് പോലെ പൊതിഞ്ഞു നില്‍ക്കുന്നവൾ ഭാര്യ. 


ഭർത്താവിന്റെ മൊത്തം കഴിവുകളും സാധ്യതകളും നശിച്ചാലും ഭാര്യക്ക് വിഷയമല്ല; പകരം, ഭാര്യക്ക് താന്‍ സംരക്ഷിക്കപ്പെടണം, തന്റെ മക്കള്‍ സംരക്ഷിക്കപ്പെടണം, ജീവിതം എന്ന് മാത്രം.


ഭാര്യക്ക് ഭർത്താവ് തന്റെയും മക്കളുടെയും സംരക്ഷണത്തിനുള്ള ഒരുപകരണം മാത്രം.


പുരുഷന്‍ വെറും ഉപകരണം മാത്രമാവാനുള്ള യോഗ്യതയേ ഏതൊരു സ്ത്രീയും അവളറിയാതെയും പുരുഷനില്‍ കാണുന്നുള്ളൂ. 


അതിന്‌ വേണ്ടി ഭർത്താവ് തന്നെ ചുറ്റിപ്പറ്റി തന്നെ മാത്രമിരിക്കണം ഭാര്യക്ക്. 


അവസരം കിട്ടിയാല്‍ ഭാര്യ കൊത്തിക്കൊത്തി മുറത്തില്‍ തന്നെ കൊത്തും. 


ഭർത്താവ് എന്ത് വില കൊടുത്താലും, ഭർത്താവിന് എന്ത് നഷ്ടപ്പെട്ടാലും ഭാര്യക്ക് പ്രശ്നമല്ല. പകരം ഭർത്താവ് തന്റേത് മാത്രമാവണം.


ഭർത്താവിന്റെ മുകളില്‍ തന്റെ സംശയം എന്നും നിലകൊള്ളണം, നിലനില്‍ക്കണം. പിന്‍വിളിയും അധൈര്യവും മാത്രമായ്, ഭാര്യക്ക്. 


അമ്മയെന്ന നിലക്ക് സ്ത്രീ മക്കളുടെ നേരെ സംശയരോഗിയല്ല ;


പക്ഷേ ഭർത്താവിന് നേരെ, എന്തെല്ലാമായാലും സ്ത്രീ സംശയരോഗിയാണ്.


കാരണം പുരുഷന്റെ വിത്ത് വിതരണത്തിന്, അതിന്റെ അനന്ത സാധ്യതകള്‍ക്ക്, കണ്ണും മൂക്കും ഇല്ലെന്ന് സ്ത്രീ അനുഭവിച്ചറിയുന്നു. 


അമ്മയെന്ന നിലക്ക് സ്ത്രീ മക്കളുടെ നേരെ 'ഒന്ന് തെറ്റിയാല്‍ എല്ലാം തെറ്റിയെന്ന' നിലപാട് എടുത്ത് ആവനാഴിയിലെ മുഴുവന്‍ അസ്ത്രങ്ങളും പ്രയോഗിക്കുന്നില്ല.


കാരണം, അമ്മയെ സംബന്ധിച്ചേടത്തോളം, മക്കള്‍ ഏതുവിധേനയും സംരക്ഷിക്കപ്പെടണം, വളര്‍ത്തപ്പെടണം 


എന്നാല്‍ ഭർത്താവിന് നേരെ ഭാര്യ, എന്തെല്ലാമായാലും, 'ഒന്ന് തെറ്റിയാല്‍ എല്ലാം തെറ്റിയെന്ന' നിലപാട് എടുത്ത് ആവനാഴിയിലെ മുഴുവന്‍ അസ്ത്രങ്ങളും പ്രയോഗിക്കും.


കാരണം, സ്ത്രീക്ക് ഭർത്താവ് അവളെ സഹായിക്കാന്‍ മാത്രം. ജീവിതം ഏല്പിച്ച തന്റെ ദൗത്യം നിര്‍വഹിക്കാന്‍. 


സ്ത്രീ ഭാര്യയാവുമ്പോള്‍ സ്വാര്‍ത്ഥയായി സംരക്ഷണം നേടുന്നു, ഉറപ്പിക്കുന്നു.


സ്ത്രീ അമ്മയാവുമ്പോള്‍ നേടിയ, ഉറപ്പിച്ച സംരക്ഷണം കൊണ്ട്‌ നിസ്വാര്‍ത്ഥയായി അതേ ജീവിതത്തെ (മക്കളെ) വളര്‍ത്തുന്നു, സംരക്ഷിക്കുന്നു.


അമ്മ നിനക്കെതിരെ ആരോപണങ്ങൾ ഉണ്ടാക്കില്ല. അമ്മ നിന്നെ തോല്‍പ്പിക്കാന്‍ ശ്രമിക്കുകയും ഇല്ല.


ഭാര്യ ഇത് രണ്ടും നിനക്കെതിരെ ചെയ്യും.


ഭാര്യ നിന്റെ മേല്‍ ആരോപണങ്ങൾ ഉണ്ടാക്കും.


പോരാത്തതിന് ആരോപണം മഴയായ് വര്‍ഷിക്കാനുള്ള  കാർമേഘത്തെ നിന്റെ മേല്‍ ഭീഷണിയായി നിലനിര്‍ത്തുകയും ചെയ്യും, ഭാര്യ.


അതിനാല്‍ തന്നെ, ഏതൊരു പുരുഷന്റെയും ജീവിതവിജയത്തിന് പിന്നില്‍ ഒരു ശക്തിയായി സ്ത്രീയുണ്ടാവുമെന്ന പഴമൊഴി ശരിയാണ്‌. അമ്മയെന്ന സ്ത്രീയുടെ കാര്യത്തില്‍.


******


ഭർത്താവിനെ സ്നേഹിക്കാനും സംരക്ഷിക്കാനുമല്ല ഭാര്യ എന്നത്‌ ഒരു കുറ്റമല്ല. തീര്‍ത്തും പ്രകൃതിപരമായ ഒരു വസ്തുത മാത്രം.


അമ്മ നല്‍കിയത്, ഭാര്യക്ക് നല്‍കി തീര്‍ക്കുക മാത്രം പുരുഷന്റെ വിധി. 


ഭാര്യക്ക് ഭർത്താവ്, അമ്മയാവുന്ന തന്നെ സംരക്ഷിക്കാന്‍. 


അമ്മയാവുന്ന തന്നെ, അതുവെച്ച് തനിക്ക് മക്കളെയും, സ്നേഹിക്കാനും സംരക്ഷിക്കാനും മാത്രം ഭർത്താവ്.


പ്രകൃതിക്ക് വളര്‍ത്താനുള്ളത് കുഞ്ഞുങ്ങളെ. അതിനുവേണ്ടി അമ്മ.


ഭർത്താവ് എന്ന, വേറൊരമ്മ വളർത്തി, വളര്‍ന്നു കഴിഞ്ഞ പുരുഷനെയല്ല പ്രകൃതിക്ക് വളര്‍ത്താനുള്ളത്.


അമ്മ കുഞ്ഞിനെയാണ് വളര്‍ത്തുക.


മദ്ധ്യാഹ്നം വരെ.


അവിടെ നിന്നങ്ങോട്ട് വളരാനില്ല. തളരുക മാത്രം. അതും പ്രകൃതി നിശ്ചയം. 


അതിനുവേണ്ടി ഭർത്താവ് തന്റെ ഭാര്യയായ അമ്മയെ സംരക്ഷിക്കുക.


അതിനാല്‍ തന്നെ, സ്വാഭാവികമായും ഭാര്യയുടെ മുഖവും താല്‍പര്യവും (ലൈംഗീകത മാറ്റി വെച്ചാല്‍) യാഥാര്‍ത്ഥത്തില്‍ തിരിയുന്നത് കുട്ടികളിലേക്ക് മാത്രം. അമ്മയെന്ന നിലക്ക്.


സ്ത്രീ പുരുഷ ലൈംഗീകത പോലും കുട്ടികൾ ഉണ്ടാവാനുള്ള, പ്രകൃതി ഒരുക്കിയ പുകമറ, കെണി. 


കുട്ടികളെ സംരക്ഷിക്കുന്ന കാര്യത്തില്‍ അമ്മ പോകുന്നത്ര ഏതറ്റം വരെയും ഒരു പുരുഷനും സാധാരണഗതിയില്‍ സ്വാഭാവികമായും പോകില്ല. അതും പ്രകൃതി നിശ്ചയം. 


പ്രകൃതി നിശ്ചയം തന്നെയാണ് കൂടുതൽ സ്വാഭാവികമായതും, അതിനാല്‍ തന്നെ കൂടുതൽ പ്രകൃതിപരമായതും.


ഭർത്താവിനെ സംരക്ഷിക്കാനും വളര്‍ത്താനും ഭാര്യ എന്നത്‌ അസ്വാഭാവികവും പ്രകൃതിവിരുദ്ധവുമാണ്.


ഭർത്താവിന്റെ വിജയത്തിന് പിന്നില്‍ ശക്തിയായി നില്‍ക്കുന്ന ഭാര്യ എന്നതും അസ്വാഭാവികവും പ്രകൃതിവിരുദ്ധവുമാണ്.


പ്രകൃതിപരമായ സംഗതി നടത്താൻ, കുട്ടികളെ സംരക്ഷിക്കാന്‍, വഴിയില്‍ തന്നെ സംരക്ഷിക്കാന്‍ ഭർത്താവിനെ ഉപകരണമാക്കുക, പിടിച്ചു നിര്‍ത്തുക എന്നത്‌ മാത്രമാണ്‌ ഭാര്യ, ഭാര്യയാവുന്നതിന്റെ ഉദ്ദേശം.


മക്കളെ സംരക്ഷിക്കുന്ന ഭാര്യയെ ഭർത്താവ് സംരക്ഷിക്കുക എന്നത് മാത്രം.

No comments: