സ്വസ്ഥമായി
ഒരു മൂലയില്‍ ഇരുന്ന്
സ്വന്തം ശരീരം
നക്കിത്തുടക്കുന്ന പൂച്ച.
ജീവിതം ജീവിതത്തെ
സ്വന്തം നാവ് കൊണ്ട്
വൃത്തിയാക്കുന്നു.
ഇടയില്‍
ഒരു വെളിപാട് കിട്ടിയെന്ന പോലെ
പെട്ടെന്ന് ഓടിച്ചാടി വരുന്നു,
ഏതോ ഒരു പ്രാണിയെ
പിടിക്കുന്നു, തിന്നുന്നു
പൂച്ച.
വൃത്തിയെന്ന
ഒരറ്റത്ത് നിന്നും
ജീവിതം
ഇര പിടിക്കുന്ന
മറ്റേ അറ്റത്ത്
എത്തുന്നത്
വളരെ വേഗം.
ഇത് കണ്ട
ഈയുള്ളവന്‍
എന്ത് പറയണം?
ജീവിതം
സ്വയം നടത്തുന്ന
ജാഗ്രതയെ കുറിച്ചോ?
ജീവിതം
അതിനെ തന്നെ
ഇരയാക്കുന്ന
വിനോദത്തെ കുറിച്ചോ
ഈയുള്ളവന്‍
ഒന്നും പറഞ്ഞില്ല.
വെറുതെ
നോക്കി നിന്നു
*****
പക്ഷേ പൂച്ച വിട്ടില്ല.
"എന്താ നോക്കുന്നത്?
"നിങ്ങൾ നടക്കുമ്പോൾ,
അതും ഒരാവശ്യവും
ഇല്ലാതെ വരെ നടക്കുമ്പോള്‍
ഉറുമ്പിനെയും ചേരട്ടയെയും
അരച്ചുകൊല്ലുന്നില്ലേ?
പേനിനെയും കൊതുകിനെയും
കൊല്ലാന്‍ കാണിക്കുന്ന ആവേശം
ജീവിതത്തോടൊപ്പം
മരണം ജീവിതം തന്നെയായി
കാലനായി നടക്കുന്ന
കാഴ്ചയാണ്.
"വലിയ നാമൂസൊന്നും പറയേണ്ട
നിങ്ങള്‍ക്ക്
നിങ്ങളിലെ സുന്ദരികളോട്
തോന്നുന്നത് തന്നെ
നമുക്കും നമ്മളിലെ
സ്ത്രീകളോടും തോന്നുന്നത്.
നിങ്ങളത്
സിനിമയും കഥയും
കവിതയുമാക്കുന്നു.
നമ്മളങ്ങ് വെറുതെ
അനുഭവിച്ച് ജീവിക്കുന്നു."
ഈയുള്ളവന്‍
മറുത്ത് ഒന്നും പറഞ്ഞില്ല.
വെറുതെ
കിടന്നങ്ങ് ഉറങ്ങി.
No comments:
Post a Comment