ഉദ്യോഗസ്ഥന്‍മാര്‍ക്ക് ഇങ്ങനെ വലിയ ശമ്പളം സ്ഥിരമായി കൊടുക്കാനും, വര്‍ഷാവര്‍ഷം അത് കൂട്ടിക്കൊടുക്കാനും നാടും ജനാധിപത്യവും എപ്പോഴും ലാഭം മാത്രം ഉണ്ടാക്കുന്ന ഒരു കച്ചവട പരിപാടിയല്ല.
ജനാധിപത്യത്തില്‍ സർക്കാർ എന്നാല്‍ ലാഭം ഉണ്ടാക്കുന്ന ഒരു കച്ചവടസ്ഥാപനമല്ല. അത്, അങ്ങിനെ തന്നെ രാഷ്ട്രീയ ഇച്ഛാശക്തി ഉപയോഗിച്ച് ഉദ്യോഗസ്ഥന്‍മാരെ ബോധ്യപ്പെടുത്തണം.
അഥവാ സര്‍ക്കാരെന്നത് ലാഭം ഉണ്ടാക്കുന്ന ഒരു കച്ചവടമാണെങ്കിൽ തന്നെ, കച്ചവടസ്ഥാപനമാണെങ്കിൽ തന്നെ, അതിന്റെ മെച്ചം ജനങ്ങൾക്ക് മാത്രം കിട്ടേണ്ടതാണ്. ജനജീവിതം സുഗമമാവാന്‍ വേണ്ടിയുള്ളതാണ്. ആ വഴിയില്‍ ഉദ്യോഗസ്ഥര്‍ക്കും.
അല്ലാതെ ഉദ്യോഗസ്ഥന്‍മാര്‍ക്കല്ല. അവര്‍ക്കും നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും മാത്രമല്ല.
****,
ഇവിടെ ജനങ്ങൾക്ക് ആധിപത്യമുള്ള ജനാധിപത്യമല്ല നടക്കുന്നത്.
ജനങ്ങൾ അയക്കുന്ന പ്രതിനിധികള്‍ക്കും ആധിപത്യമുള്ള ജനാധിപത്യമല്ല ഇവിടെ നടക്കുന്നത്.
ഇവിടെ നടക്കുന്നത് ഉദ്യോഗസ്ഥ ആധിപത്യമാണ്.
ജനങ്ങൾ അയക്കുന്ന പ്രതിനിധികളും ഈ പറയുന്ന ഉദ്യോഗസ്ഥവര്‍ഗത്തിന്റെയും അവരുടെ യൂണിയനുകളുടെയും കൈയിലെ പാവകളാണ്.
അവിടെയാണ്, അതുകൊണ്ട് കൂടിയാണ് മാറി മാറിവരുന്ന സർക്കാരെന്നത് വെറും കൊള്ളയടി പ്രസ്ഥാനമാകുന്നത്. ഓരോ സര്‍ക്കാറും താല്‍കാലികമായത് എന്നതിനാല്‍ ഓരോ സര്‍ക്കാറും, ഈ ഉദ്യോഗസ്ഥ വിഭാഗത്തെ കൂട്ടുപിടിച്ച് ആവുന്നത്ര കൊള്ളയടിക്കുന്നു.
സർക്കാരെന്നത് കൊള്ളയടി പ്രസ്ഥാനമാകുന്നത് കൊണ്ടാണ് കോടതി ഏമാൻമാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് കണ്ണുമടച്ച് ഒരു തടസ്സവും നില്‍ക്കാതെ ശമ്പളവും ആനുകൂല്യങ്ങളും ഉയർത്തുന്നത്. അവരുടെ കൊള്ളയടിക്ക് കൂട്ടുനിൽക്കാൻ.
കാരണം,
ഉദ്യോഗസ്ഥര്‍ക്ക് കൊടുക്കേണ്ടതും ഭരണത്തില്‍ വരുന്ന പാർട്ടികൾക്ക് കൊള്ളയടിക്കേണ്ടതും ഒരേ പൈസ, ഒരേ സമ്പത്ത്.
ജനങ്ങളുടെ പൈസ, സമ്പത്ത്.
സമ്പത്തിന് ഈ കാലത്ത് പൈസയെന്ന വിവർത്തനവും മൂര്‍ത്തസ്വഭാവവും വസ്തുനിഷ്ഠതയും മൂര്‍ച്ചയും ഉള്ളത് കൊണ്ട് ഈ കൊള്ളയടി വളരെ എളുപ്പമാകുകയും ചെയ്യുന്നു.
പിന്നേയങ്ങ് ഒത്തുകളിക്കുക തന്നെ.
യൂണിയനുകളെ കൂട്ടുപിടിച്ചാൽ സംഗതി കുശാല്‍.....
പാവം ജനത സംഘടിതരല്ലാത്തതിനാല്‍, ജനാധിപത്യത്തില്‍ അവർ വോട്ട് ചെയ്യാൻ മാത്രമുള്ള, കള്ളന്‍മാർക്ക് അധികാരത്തിലേക്കുള്ള വാതില്‍ തുറന്ന് കൊടുക്കുക മാത്രം അവകാശവും ഡ്യൂട്ടിയുമുള്ള കാവല്‍ക്കാര്‍.
*******
ഉദ്യോഗസ്ഥവര്‍ഗത്തെ ഉന്മൂലനം ചെയ്യണമെന്നല്ല.
ഉദ്യോഗസ്ഥര്‍ നാടിന്റെ നാഡിഞരമ്പുകളാണ്ടവരാണ്.
എത്തേണ്ട കാര്യങ്ങൾ, എത്തേണ്ട ഇടത്ത് എത്തിക്കുന്നവർ, ഓടിനടന്ന് എത്തിക്കേണ്ടവർ. സത്യസന്ധരും മനഃസാക്ഷിയില്‍ സത്യവും നീതിയും പുലര്‍ത്തുന്നവരുമെങ്കിൽ
ഉദ്യോഗസ്ഥര്‍ക്കു വേണ്ടി രാജ്യവും ജനങ്ങളും ജനങ്ങളുടെ സമ്പത്തുമല്ല.
പകരം, അവർ രാജ്യത്തിനും ജനങ്ങൾക്കും ജനങ്ങളുടെ സമ്പത്തിനും വേണ്ടിയാണ്.
അവർ ജനങ്ങൾക്കും ജനങ്ങളുടെ സമ്പത്തിനും കാവലിരിക്കേണ്ടവരാണ്.
പക്ഷേ കാവല്‍ക്കാര്‍ കൊള്ളക്കാരാവരുത്. കാവല്‍ക്കാര്‍ ശ്വാസം മുട്ടിക്കുന്നവരാവരുത്. ശരീരത്തിന് വേണ്ടതും തടഞ്ഞു നിര്‍ത്തുന്നവരാവരുത്.
രാജ്യവും ജനങ്ങളും ആയ ശരീരത്തെ കഷ്ടപ്പെടുത്തിയും സൂക്ഷിക്കുന്നവര്‍ ആവരുത് ഉദ്യോഗസ്ഥര്‍.
*****
ശരിയാണ്.
ജീവിക്കാനുള്ള അവകാശം എല്ലാവർക്കുമെന്ന പോലെ ഉദ്യോഗസ്ഥവര്‍ഗത്തിനുമുണ്ട്.
അവരും ഈ ജനതയുടെ ഭാഗമാണ്.
ഈ ശരീരത്തിന്റെ ഭാഗമാണ്.
പക്ഷേ, ശരീരം ജീവിക്കുന്നത് പോലെ മാത്രം, ശരീരമായ ജനങ്ങൾ ജീവിക്കുന്നത് പോലെ മാത്രം ജീവിക്കേണ്ടവർ.
പൊതുവേ ശരീരത്തിന് കിട്ടാത്തത് അവര്‍ക്കും കിട്ടരുത്.
******
എല്ലാവർക്കും എന്ന പോലെ ഉപജീവനം അവര്‍ക്കും നേടേണ്ടതുണ്ട്.
പക്ഷേ അത് ശരീരമായ പൊതുജനങ്ങളുടെ മൊത്തം ജീവിതം വിലയാക്കിയാവരരുത്. പൊതുജനങ്ങളെ തീരെ അവഗണിച്ചുമാവരുത്.
അങ്ങനെ പൊതുജനങ്ങളുടെ ജീവിതം വിലയാക്കി, പൊതുജനങ്ങളെ തീരെ അവഗണിച്ച്, കാഴ്ചക്കാരാക്കി, ജനങ്ങൾക്കില്ലാത്ത ആര്‍ഭാടം ഉദ്യോഗസ്ഥരും ഭരണവര്‍ഗ്ഗവും നേടരുത്.
ജനങ്ങൾക്ക് മിനിമം പോലും സാധിക്കാത്തപ്പോൾ അവര്‍ക്ക് മാക്സിമം സാധിക്കരുത്.
******
എല്ലാറ്റിനും അടിസ്ഥാനം പൊതുനന്മയും ജനജീവിതവുമാണ്. അതവരുടെ ഉദ്യോഗം ആണെങ്കിലും.
പൊതുനന്മക്കും ജനജീവിതത്തിനുമെതിരെ ഉദ്യോഗസ്ഥ വര്‍ഗത്തെ പോറ്റിവളര്‍ത്തുകയാവരുത് ഒരു ഭരണത്തിന്റെയും പരിണിതഫലം.
*****
അതിനാല്‍ തന്നെ ഉദ്യോഗസ്ഥവര്‍ഗത്തെ അടക്കിനിര്‍ത്തണം.
രാജ്യത്തിന്റെ ചിലവില്‍ നടത്തുന്ന അവരുടെ സുരക്ഷിത ആര്‍ഭാടം കുറയ്ക്കണം.
ശരീരമായ രാജ്യത്തിനും ജനങ്ങൾക്കും താങ്ങാന്‍ കഴിയാത്ത ഭാരമാകുന്നുവെങ്കിൽ, കൂട്ടിയത് പോലെ വേണമെങ്കില്‍ കുറയ്ക്കുകയും ചെയ്യണം.
*******
എങ്ങിനെ?
ജനകീയ സമരങ്ങളിലൂടെ.
രാഷ്ട്രീയ ഇച്ഛാശക്തി ഉപയോഗിച്ച്.
നിയമനിര്‍മ്മാണം നടത്തിക്കൊണ്ട്.
നാടും നാട്ടുകാരും ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി ജീവിക്കുന്നു എന്ന് വരരുത്.
പകരം ഉദ്യോഗസ്ഥര്‍ നാടിനും നാട്ടുകാര്‍ക്കും വേണ്ടി ജീവിക്കുന്നു എന്ന് വരേണം.
ഉദ്യോഗസ്ഥരുടെ ജനങ്ങൾക്കില്ലാത്ത സുരക്ഷിത ആര്‍ഭാടത്തിനെതിരെ, ആനുകൂല്യങ്ങള്‍ക്കെതിരെ നിയമനിര്‍മ്മാണം നടത്തണം.
*****
ശരിയാണ്,
ആ നിയമം നടപ്പാക്കുമ്പോള്‍ സംഘടിത ഉദ്യോഗസ്ഥവര്‍ഗ്ഗം തടസ്സം നില്‍ക്കും.
ഉദ്യോഗസ്ഥര്‍ അവരുടെ നിലവിലുള്ള അധികാരവും പ്രവര്‍ത്തനമേഖലയിലെ നിയന്ത്രണവും ഉപയോഗിച്ച് ജനങ്ങളെയും സര്‍ക്കാറിനെയും ഭീഷണിപ്പെടുത്തും, ശ്വാസംമുട്ടിക്കും.
പക്ഷേ, അതിനെ ജനങ്ങളെയും രാഷ്ട്രീയഇച്ഛാശക്തിയേയും ഉപയോഗിച്ച് പ്രതിരോധിക്കണം.
അവർ ജനജീവിതത്തിന് അനുകൂലമാകും വരെ പ്രതിരോധിക്കണം. ആ പ്രതിരോധത്തെ ഉപയോഗിക്കണം.
അങ്ങനെ ഉദ്യോഗസ്ഥസമരത്തെ കണ്ടില്ലെന്ന് നടിക്കാനാവണം.
രാഷ്ട്രീയപാർട്ടികൾ രാഷ്ട്രീയഇച്ഛാശക്തി വെച്ച് ജനങ്ങളുടെ ഇടയിലും ഉദ്യോഗസ്ഥര്‍ക്കിടയിലും കൃത്യമായ അഭിപ്രായ രൂപീകരണം നടത്തണം.
നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇച്ഛാശക്തിയും നിസ്വാര്‍ത്ഥതയും ജനങ്ങളോടുള്ള ആത്മാര്‍ത്ഥതയും ഇല്ലെന്നതാണ് ഇവിടുത്തെ യാഥാര്‍ത്ഥ പ്രശ്നം, വസ്തുത.
പട്ടാളത്തെയും പൊലീസിനെയും അവരുടെയും ഉദ്യോഗസ്ഥരുടെയും അധികാരത്തിന് വേണ്ടിയല്ല, ജനങ്ങളെ പേടിപ്പിക്കാന്‍ മാത്രവുമല്ല, പകരം ഉദ്യോഗസ്ഥരെയും, വേണമെങ്കില്‍ ജനപ്രതിനിധികളെയും നിലക്ക് നിര്‍ത്താനും കൂടിയാവണം ഉപയോഗിക്കേണ്ടത്.
എല്ലാം ജനങ്ങൾക്ക് വേണ്ടിയാവണം.
എല്ലാം ജനങ്ങളുടെ അധികാരത്തിനുവേണ്ടിയാവണം.
ജീവിതം സുഗമമാവാനായിരിക്കണം.
*******
അറിയണം
ജനാധിപത്യമെന്നാല്‍ ഉദ്യോഗസ്ഥഭരണമല്ല.
ഉദ്യോഗസ്ഥൻമാരെ യും, സർക്കാർ എന്ന പേരില്‍ കുറെ രാഷ്ട്രീയപാര്‍ട്ടികളെയും അവരുടെ നേതാക്കളെയും എന്നെന്നും സുരക്ഷിതരാക്കി പോറ്റാനുമല്ല ജനാധിപത്യം.
അത് ജനങ്ങളെ പോറ്റാന്‍ മാത്രമാണ്, ആവണം.
No comments:
Post a Comment