Tuesday, April 14, 2020

ഭരണാധികാരിയോട്. രാജ്യമെന്തെന്നും ഭരിക്കേണ്ടത് എങ്ങിനെയെന്നും.....

ഭരണാധികാരിയോട്.
രാജ്യമെന്തെന്നും ഭരിക്കേണ്ടത് എങ്ങിനെയെന്നും വല്ല വിവരവും ധാരണയും ഉണ്ടായിട്ടാണോ താങ്കള്‍ ഭരണമേറ്റെടുത്തത്?
അങ്ങയുടെ സ്വന്തം പാർട്ടിയും പാർട്ടിക്കാരും മാത്രമല്ല രാജ്യമെന്നെങ്കിലും അങ്ങ് മനസിലാക്കുന്നുവോ?
അങ്ങ് ജനിച്ചു വളര്‍ന്ന സംസ്ഥാനത്ത് ഉള്ളത് പോലുള്ള, അവിടെ നടപ്പാക്കി വിജയിച്ച, മത സാമൂഹ്യ വിഭജനവും സ്പര്‍ദ്ധയും രാജ്യത്ത് മുഴുവന്‍ ഉണ്ടാക്കിത്തീര്‍ക്കുകയാണ് അങ്ങയുടെ രാജധര്‍മ്മം എന്ന് അങ്ങ് അന്ധമായും ഭ്രാന്തമായും ധരിച്ചുവശായോ? 
സ്വന്തം നാട്ടുകാരെ തമ്മിലടിപ്പിക്കുകയും ഭിന്നിപ്പിക്കുകയുമല്ല, ഒരുമിച്ച് കൊണ്ടുനടക്കുകയാണ് രാജധര്‍മ്മം എന്ന് അങ്ങ് അറിയാതെ പോയോ?
സ്വന്തം നാട്ടുകാരെ തമ്മിലടിപ്പിക്കുകയും ഭിന്നിപ്പിക്കുകയുമാണ്, ആ നിലയില്‍ അനേകായിരങ്ങളെ കൊല്ലുകയുമാണ്‌, ഏറ്റവും വലിയ ക്രൂരതയും രാജ്യദ്രോഹവും എന്നെങ്കിലും അങ്ങ് മനസ്സിലാക്കുന്നുവോ?
സ്വന്തം നാട്ടുകാരെ തമ്മിലടിപ്പിക്കുകയും ഭിന്നിപ്പിക്കുകയും, ആ നിലയില്‍ അനേകായിരങ്ങളെ കൊല്ലുകയും ചെയ്യുന്ന, സുരക്ഷിതനായി സുഖിക്കുന്ന ഭരണാധികാരിയേക്കാള്‍ വലിയ ക്രൂരനും രാജ്യദ്രോഹിയും ഇല്ലെന്നും താങ്കള്‍ മനസിലാക്കുന്നുണ്ടോ ആവോ?

കൊറോണ: മരിച്ചില്ലാതാവുമെന്ന് ഉറപ്പായിട്ടും നീ നിന്ന് കൊടുക്കാതെ.

കൊറോണ:
മരിച്ചില്ലാതാവുമെന്ന് ഉറപ്പായിട്ടും എന്താണ്‌ നീ നിന്ന് കൊടുക്കാതെ, ഇത്രക്ക് തത്രപ്പെട്ടു തേടുന്നത്, നേടുന്നത്?
നേടിയതും തേടിയതും ഒന്നും നീയാവില്ല, നിന്റേതാവില്ലെന്ന് ഉറപ്പായിട്ടും .
നീ തന്നെയും നീയാവില്ല, നിന്റേതാവില്ലെന്ന്. 
നിന്റേതൊന്നുമതും നീയാവില്ല, നിന്റേതാവില്ലെന്ന്. 
പേരിന് വേണ്ടി, നിന്റേതെന്ന് പറയാൻ, നിന്റെ പേര്‌ അവശേഷിച്ചാല്‍ തന്നെയും അതൊരു പേര്‌ മാത്രം.
ഏറിയാല്‍ ചിത്രം.
ആ ചിത്രത്തില്‍ കാണുന്ന രൂപം.
മനസും ഓര്‍മ്മയും സ്വന്തവും ബന്ധവും ഇല്ലാത്ത ചിത്രം.
അതിനുള്ള രൂപം, പേര്‌. 
ആര്‍ക്കും ആരായും കരുതാവുന്ന പേര്‌, രൂപം. 
എന്നിട്ടും എന്താണ്‌ നീ ഇത്രക്ക് തത്രപ്പെട്ടു ഭയചകിതനായി തേടുന്നത്, നേടുന്നത്?
ഒന്നുമല്ലാതായി വൈറസുകള്‍ വരെയാകുന്ന, നിന്റെതെന്ന് നീ കരുതുന്ന, ജീവിതത്തെയോ?
എന്താണ്‌ നീ വൈറസുകളെ ഇത്രക്ക് പേടിക്കുന്നത്, വെറുക്കുന്നത്?
നീ മാത്രമാണ്‌, നിനക്ക് മാത്രമാണ് ജീവിതം എന്ന് നീ കരുതുന്നത് പോലെ.
നിന്റെതല്ലാത്ത രൂപവും ഭാവവും അര്‍ഥവും തലവും മാനവും ജീവിതത്തിന്‌ ഇല്ലാത്തത് പോലെ. 
വാദത്തിന് വേണ്ടി പറഞ്ഞു വന്നാല്‍ നിന്നെക്കാള്‍ അളവും തൂക്കവും എണ്ണവും വണ്ണവും ഭാരവും വൈറസുകള്‍ക്കാണ്‌.
പക്ഷേ എന്നത് പോലും നീ അറിയാതെ, ഓര്‍ക്കാതെ. 
നിന്നെയും നിന്റെ ശരീരത്തെയും അവരുടേതാക്കി മാറ്റി, അധിനിവേശം നടത്തി, അവരുടെ കല്‍പനകള്‍ നടത്താൻ മാത്രം കഴിവുള്ള വൈറസുകള്‍.
നീ അറിയുന്നുവോ, വൈറസുകള്‍ സ്വയം മരിക്കുകയോ ഒഴിഞ്ഞുപോകുകയോ ചെയ്തില്ലെങ്കില്‍, നിന്നെ കൊല്ലാതെ നിനക്ക് വൈറസുകളെ കൊല്ലാന്‍ സാധിക്കില്ല.
അല്ലേലും ജീവിതത്തെ കൊന്നും തിന്നും, മനുഷ്യനായും വൈറസായും ബാക്ടീരിയയായും മാറി മാറി തന്നെയാണ് ജീവിതം തുടരുന്നത്.
അത് നീയായാലും, വൈറസുകള്‍ ആയാലും.

ജ്യോതിരാദിത്യ സിന്ധ്യമാര്‍ നമ്മോട് പറയുന്നത്. നിങ്ങൾ കണ്ണ് മിഴിക്കേണ്ട.

ജ്യോതിരാദിത്യ സിന്ധ്യമാര്‍ നമ്മോട് പറയുന്നത്. നമുക്ക് മനസ്സിലാക്കിത്തരുന്നത്‌.
നിങ്ങൾ കണ്ണ് മിഴിക്കേണ്ട.
മാടമ്പികള്‍ക്കും നാടുവാഴികള്‍ക്കും എവിടെയും എപ്പോഴും ഒരു പോലെ സ്വീകരണം, നിറസദ്യ. 
പഴയകാല മാടമ്പികള്‍ക്കും നാടുവാഴികള്‍ക്കും ഇപ്പോഴും ഏത് പാര്‍ട്ടിയിലും സ്ഥാനം, ചുവപ്പ് പരവതാനി. ആശയവും ആദര്‍ശവും അവിടെ വിഷയമല്ല. 
അവർ ഏത് പാർട്ടിയിലും കയറിയത് സ്ഥാനത്തിന് വേണ്ടി മാത്രം. അവരുടെ അതുവരെ ഉണ്ടായിരുന്ന അധികാരവും സ്വാധീനവും സമ്പത്തും നിലനിർത്താൻ. 
ടിപ്പുവിന്റെ പടയോട്ടക്കാലത്തും മറ്റേത് അധിനിവേശ ശക്തികളുടെ പടയോട്ടക്കാലത്തും മാടമ്പികളും നാടുവാഴികളും സമ്പന്ന ഭൂജന്മി വിഭാഗവും സ്വീകരിച്ച രീതി ഇത് മാത്രമായിരുന്നു. എക്കാലത്തും അതങ്ങിനെ തന്നെ. അധികാരത്തിന്റെ ഓരം പറ്റി സുരക്ഷിതരായി സുഖിക്കുക. 
എന്നും ഭരിക്കാനും അധികാരം കയ്യാളാനും മാത്രം അവർ ലക്ഷ്യമിടുന്നു. അവരുടെ ആദര്‍ശം അധികാരം മാത്രം. 
അധികാരം സൂക്ഷിക്കാന്‍ കോണ്‍ഗ്രസ്സില്‍ കയറിയത് പോലെ, ഇപ്പോൾ വര്‍ത്തമാനകാല അധികാര രാഷ്ട്രീയത്തിന്റെ സാധ്യതയിലേക്ക് ചുവട് വെക്കാൻ അവിടെനിന്നും അവർ ഇറങ്ങി ബിജെപിയില്‍ കയറുന്നു, അധികാരം നേടുന്നു, നിലനിര്‍ത്തുന്നു .
അന്നുള്ള അധികാരം നിലനിർത്താൻ നല്ലത് കോണ്‍ഗ്രസ്സില്‍ കയറുകയായിരുന്നു. അതിനാല്‍ മഹാഭൂരിപക്ഷം മാടമ്പികളും നാടുവാഴികളും അന്നത് ചെയതു. 
ഇന്ന്‌ ആ സാധ്യത ബിജെപിയില്‍. അവരതറിയുന്നു. കോണ്‍ഗ്രസ്സിന് ഒരു തിരിച്ചുവരവ് ഇല്ലെന്ന് ഉറപ്പായതിനാൽ പ്രത്യേകിച്ചും. 
അതിനാല്‍ മഹാഭൂരിപക്ഷം മാടമ്പികളും നാടുവാഴികളും ഇന്നിത് ചെയ്യുന്നു. 
അതവര്‍ക്ക് എളുപ്പം നടപ്പാക്കാനും കഴിയുന്നു. എല്ലാ പാര്‍ട്ടികളും ഒരുപോലെ അവരുടെ മുന്നില്‍ മുട്ട് കത്തുന്നു. കാരണം എല്ലാ പാര്‍ട്ടികള്‍ക്കും വേണ്ടത് മാടമ്പികള്‍ക്കും നാടുവാഴികള്‍ക്കും ഉള്ള സ്വാധീനം ഏതു വിധേനയും തിരിച്ചും ഉപയോഗപ്പെടുത്തുക മാത്രം. 
പാർട്ടി ഏതായാലും മാടമ്പികള്‍ക്കും നാടുവാഴികള്‍ക്കും ഒന്ന് തന്നെ,
അവർക്ക് എവിടെയും ഒരേ രീതി തന്നെ,
അവർക്ക് എല്ലാ പാര്‍ട്ടികളിലും ഒരേ ആവശ്യം തന്നെ.
പക്ഷേ, അപ്പോഴും അറിയണം, പാർട്ടി എതായാലും കോരന് കഞ്ഞി കമ്പിളില്‍ മാത്രം ...

നോട്ട്നിരോധനത്തില്‍ തുടങ്ങി, GSTയിലൂടെയും CAAലൂടെയും തുടർന്ന്, CAAലൂടെയും

നോട്ട്നിരോധനത്തില്‍ തുടങ്ങി,
GSTയിലൂടെ തുടർന്ന്,
CAAലൂടെയും വര്‍ഗീയകലാപങ്ങളിലൂടെയും ആഴം കൂടി,
ഒരു പിടുത്തവുമില്ലാത്ത സാമ്പത്തികനയങ്ങൾ കൊണ്ട്‌ ആളിക്കത്തി,
ഇപ്പോൾ കൊറോണയിലൂടെ
ചാമ്പലാവുകയാണ്
ഇന്ത്യൻ സാമ്പത്തികരംഗം....
മിഴിച്ച് നോക്കി നില്‍ക്കാം.
സ്വന്തം പാർട്ടിയാണ് ഭരിക്കുന്നത് എന്നത്‌ കൊണ്ട്‌ ഒരെതിര്‍പ്പും കാട്ടാതെ കൈകൊട്ടി ആഘോഷിക്കുകയുമാവാം.
പ്രവര്‍ത്തകര്‍ക്കും അണികള്‍ക്കും പ്രധാനം നാടല്ലല്ലോ?
പകരം, പാർട്ടിയും പാർട്ടി അവരെ പറഞ്ഞ്‌ പഠിപ്പിച്ച അജണ്ടയും മാത്രമാണല്ലോ പ്രധാനമാവേണ്ടത്?

കാമം നടത്താൻ ഇരുട്ടാണ് നല്ല കൂട്ട്.

"കാമം നടത്താൻ ഇരുട്ടാണ് നല്ല കൂട്ട്.
"ലൈംഗീക സംതൃപ്തിക്ക് ഞാനാം വേശ്യയെ സമീപിക്കാത്തവരും, പ്രാപിക്കാത്തവരും ഇല്ല തന്നെ " 
അവളതങ്ങിനെ എളുപ്പം പറഞ്ഞു.
അത്‌ കൊണ്ട്‌ തന്നെ അവളെ നിങ്ങൾ വേശ്യയെന്നും പിഴച്ചവളെന്നും വിളിക്കുമോ എന്ന് ഈയുള്ളവനറിയില്ല.
പക്ഷേ, നിങ്ങൾ വലിയൊരു ആരോപണമെന്ന് കരുതി പറയുന്ന, വിളിക്കുന്ന 'വേശ്യ' എന്ന പേരിനെ കുറിച്ച് അവൾക്ക് പറയാനുള്ളത് വേറൊന്നാണ്.
"കൂലി വാങ്ങുന്ന വേശ്യയല്ലാത്തവർ ആരുണ്ട്?
"പതിവ്രതരായ ഭാര്യമാരും വേശ്യകള്‍ തന്നെ.
"അവരിലും ഉറങ്ങി ഒളിച്ചു കിടക്കുന്നത് വേശ്യകള്‍ തന്നെ. 
"ഭർത്താവിനെ പിടിച്ചു കെട്ടുന്നത് കൂലിയായി അവൾ വാങ്ങുന്നു.
"സംരക്ഷണം കൂലിയായി വാങ്ങുന്ന വേശ്യകള്‍ തന്നെ അവർ.
"അവർ ചെയ്യുന്നതും, സമ്മതിച്ചു കൊടുക്കുന്നതും വേറെയല്ല.
"ഭാര്യയും ഭർത്താവും, പേടിച്ച് അഭിനയിക്കുക മാത്രമല്ലാതെ, സന്ദര്‍ഭം ഒത്തുവരുമ്പോള്‍ അവരും പരപുരുഷനെയും പരസ്ത്രീയെയും സങ്കല്പിക്കുന്നു.
"ഒരേയൊരു പുരുഷനെയും സ്ത്രീയെയും മാത്രം ജീവിതകാലം മുഴുവന്‍ അവരാരും സങ്കല്‍പ്പിക്കുന്നില്ല.
"അങ്ങനെ സങ്കല്‍പത്തിലെങ്കിലും അവരാരും ജീവിതം പാഴാക്കുന്നില്ല. 
"മനസ്സിന്റെ ഓളവും വൈവിധ്യവും സങ്കല്‍പത്തിനുമുണ്ട്.
"എന്തും ആരും എവിടെയും എപ്പോഴും കടന്ന് വരും സങ്കല്‍പത്തില്‍.
"ഗൗരവത്തിനിടയില്‍ നിസാരം എന്ന് തോന്നുന്നത് കടന്നുവരും.
"വന്‍വൃക്ഷങ്ങള്‍ക്കിടയില്‍ പുല്‍ക്കൊടികള്‍ എന്ന പോലെ. വളരെ സ്വാഭാവികം, പ്രകൃതിപരം"
*******
എന്തായാലും നിങ്ങൾ ഇപ്പറയുന്ന വേശ്യ നിസ്സഹായത കൊണ്ട്‌, ഒരുറപ്പും തീർച്ചയും ഇല്ലാതെ, സ്വന്തം തെരഞ്ഞെടുപ്പല്ലാതെ വേശ്യയായവളല്ല.
അവളുടെത് തെരഞ്ഞെടുപ്പ് മാത്രം. ആവുന്നത് പോലെ ആവുന്ന സ്വാഭാവികതയുടെ തെരഞ്ഞെടുപ്പ്. ജീവിതം. 
തീര്‍ത്തും സഹായപൂര്‍ണമായ അവസ്ഥയില്‍ നടന്ന, നടക്കുന്ന അവളുടെ തെരഞ്ഞെടുപ്പ്.
******
"അതെന്തേ നീ അങ്ങനെ എളുപ്പം പറഞ്ഞത്? മനസിലാവുന്നില്ല...? 
"നിന്നെ സമീപിക്കാത്തവരും പ്രാപിക്കാത്തവരും ഇല്ലെന്നോ?"
"ഇരുട്ടിലാണ് എല്ലാവരും നിന്നെ സമീപിക്കുന്നതും പ്രാപിക്കുന്നതുമെന്നോ?"
"ഇരുട്ടാണ് സ്ത്രീ പുരുഷന്മാർക്ക് പരസ്പരം സമീപിക്കാനും പ്രാപിക്കാനും നല്ലതെന്നോ?"
തെളിഞ്ഞു നില്‍ക്കുന്ന അവളില്‍ ഉത്തരങ്ങളും തെളിഞ്ഞു കാണാം. 
"അതേ, എല്ലാവരും ഒരുപോലെ എന്നെ സമീപിക്കുന്നു, പ്രാപിക്കുന്നു. ഇരുട്ടില്‍. 
"അതേ, അത് തന്നെ. അങ്ങനെ തന്നെ.
"കാരണം എല്ലാവരുടേയും സങ്കല്‍പത്തില്‍ ഞാനുണ്ട്.
"ഞാനോ എന്നെപ്പോലുള്ളവരോ എല്ലാവരിലും ഒളിഞ്ഞുകിടപ്പുണ്ട്. 
"അതിനാല്‍, സങ്കല്‍പത്തില്‍ എല്ലാവരും ഏതെങ്കിലും വേളകളില്‍ എന്നെ സമീപിക്കുന്നു, പ്രാപിക്കുന്നു, വ്യഭിചാരിക്കുന്നു.
"ഒരുപക്ഷേ ഒരു കൂലിയും തരാതെ.
****
വല്ലാത്തൊരു പറച്ചില്‍.
അവൾ വല്ലാത്തവൾ തന്നെ 
"സങ്കല്‍പത്തില്‍ മാത്രമല്ലേ അത്?"
"അതെങ്ങനെ നിന്നെ പ്രാപിക്കലും സമീപിക്കലുമാവും. വ്യഭിചാരമാവും? " 
"അതേ സങ്കല്‍പത്തില്‍ മാത്രം.
"സങ്കല്‍പം തന്നെയും സങ്കല്‍പത്തില്‍ മാത്രവും തന്നെയല്ലേ പ്രണയം നാമ്പിടുന്നതും പൂത്തുലഞ്ഞു വരുന്നതും.
"എന്ത് കൊണ്ടാണ്‌ അവരങ്ങനെ എന്നെ സങ്കല്‍പത്തില്‍ മാത്രം സമീപിക്കുന്നത്, പ്രാപിക്കുന്നത്, വ്യഭിചരിക്കുന്നത് എന്ന് താങ്കള്‍ക്കറിയാമോ? 
"അവർക്ക് അങ്ങനെയല്ലാതെ സമീപിക്കാനും പ്രാപിക്കാനും ധൈര്യമില്ലാത്തതിനാല്‍.
"സങ്കല്‍പം ഇരുട്ടില്‍ നടക്കുന്നു എന്നതിനാല്‍.
"ഇരുട്ടില്‍ ആര്‍ക്കും തിരിച്ചറിയാന്‍ സാധിക്കില്ല എന്നതിനാല്‍. 
"സങ്കല്‍പത്തിന് ഇരുട്ടിന്റെ മറയും അത് നല്‍കുന്ന ധൈര്യവും ഉണ്ട് എന്നതിനാല്‍.
"വെളിച്ചം ലൈംഗീകതക്ക് അധൈര്യം മാത്രം സമ്മാനിക്കുന്നു എന്നതിനാല്‍. 
"ലൈംഗീകതക്ക് വേണ്ടി വെളിച്ചത്ത് വരാൻ ആര്‍ക്കും ധൈര്യമില്ല എന്നതിനാല്‍.
"അങ്ങനെയല്ലാതെ സാധിക്കാത്തത് കൊണ്ട്‌ മാത്രം അവരങ്ങനെ എന്നെ സങ്കല്‍പത്തില്‍ സമീപിക്കുന്നു, പ്രാപിക്കുന്നു, വ്യഭിചരിക്കുന്നു.
"അറിയാമോ, വ്യഭിചാരം പുരുഷൻ സ്ത്രീയെ സമീപിച്ചും, സ്ത്രീ പുരുഷനെ പ്രാപിച്ചും മാത്രം നടത്തുന്നതല്ല, നടക്കുന്നതല്ല.
"സ്വയംഭോഗം ചെയ്യുന്നവരും വ്യഭിചാരിക്കുന്നവർ മാത്രം തന്നെ.
"സ്വയംഭോഗം ചെയ്യുന്നവർ സങ്കല്‍പം നല്‍കുന്ന കൂരിരുട്ടില്‍ വ്യഭിചരിക്കുന്നവർ.
"അവർ ഇരുട്ട് നല്‍കുന്ന സങ്കല്‍പത്തില്‍ വ്യഭിചരിക്കുന്നവർ. 
"ഒന്നോര്‍ത്തു നോക്കുക. എപ്പോഴെങ്കിലും, അല്ലെങ്കിൽ എപ്പോഴും സ്വയംഭോഗം ചെയ്യാത്തവർ ആരുണ്ട്? 
"സ്വയംഭോഗം ചെയ്യുന്നവരും എന്നെ സങ്കല്പിച്ചു മാത്രം വ്യഭിചാരിക്കുന്നവർ.
"സ്ത്രീയായാലും പുരുഷനായാലും അങ്ങനെ തന്നെ. കളവായിട്ട്, ഇരുട്ടില്‍. 
"അതിനാല്‍ തന്നെ എന്നെ വ്യഭിചരിക്കാത്ത ഒരു യുവാവും പുണ്യാളനും പുരോഹിതനും കന്യകയും ഇതുവരെ ഇല്ല, ഉണ്ടായിട്ടില്ല. 
"അത് കൊണ്ട്‌ മാത്രം സധൈര്യം ഞാനങ്ങനെ എളുപ്പത്തില്‍ പറഞ്ഞു.
******
"ഒന്നുകൂടി അറിയാമല്ലോ?
"ഇരുട്ട് എന്നാല്‍ മറ. മറ നല്‍കുന്നത് ധൈര്യം.
"അറിയില്ല എന്നത് നല്‍കുന്ന സങ്കല്‍പം ഇരുട്ടിന്റെ സമ്മാനം.
ഇരുട്ടും അതിന്റെ മറയും നല്‍കുന്നത് അറിവുകേട്. ആ അറിവുകേട് ഉണ്ടാക്കുന്നത് സങ്കല്‍പം. ആ സങ്കല്‍പം ഉണ്ടാക്കുന്നത് പ്രണയം 
"മറ കൂടാതെ ലൈംഗീകക്രീഢ നടത്തുന്നവർ തുലോം കുറവ്.
"അറിവ്കേട് കൊണ്ടല്ലാതെ ആര്‍ക്ക് സങ്കല്പിക്കേണ്ടി വരും?
"അറിവ്കേട് കൊണ്ടല്ലാതെ ആര്‍ക്ക് വ്യഭിചാരിക്കേണ്ടി വരും?
"അത് സ്വയംഭോഗം തന്നെയാണെങ്കിലും.
"അറിയുക. ലൈംഗീകത പുരുഷന് സുന്ദരവും വന്യവുമാകുന്നത് സങ്കല്‍പ്പത്തിലും ഭാവനയിലും.
"അജ്ഞത നല്‍കുന്ന സങ്കല്‍പ, ഭാവനാസുഖത്തില്‍.
"അജ്ഞത നല്‍കുന്ന സൗന്ദര്യസങ്കല്‍പത്തില്‍.
"ഇരുട്ട് നല്‍കുന്ന സങ്കല്‍പത്തില്‍. 
"സങ്കല്‍പത്തിനപ്പുറം പ്രയോഗത്തില്‍, ഇരുട്ടിനപ്പുറം വെളിച്ചത്തില്‍, ലൈംഗീകത പുരുഷന് സമ്മാനിക്കുന്നത് നഷ്ടവും ശൂന്യതാബോധവും മാത്രം.
"പിന്നെ കുറേ അഭിമാനത്തിന്റെയും അപമാനത്തിന്റെയും പരാജയത്തിന്റെയും ജാള്യതയുടെയും ബാധ്യതകളും ക്ഷീണവും. "
"സങ്കല്‍പത്തിലെ സൗന്ദര്യവും വന്യതയും പുരുഷന് ലൈംഗീകതയില്‍ അല്പമെങ്കിലും കിട്ടാന്‍ പിന്നെയും സ്ത്രീ തെരഞ്ഞെടുക്കുന്ന വഴിയാണ് ഇരുട്ട്, മറ. 
"കാഴ്ചയില്ലെങ്കില്‍, പിന്നെ എല്ലാം സങ്കല്പിച്ചത് പോലെ തന്നെ എന്ന് കരുതി സമാധാനിക്കാം. ലൈംഗീക പ്രക്രിയയില്‍ അവന് തുടരാം. 
"അതിനാല്‍, സ്ത്രീ അറിയുന്നു ലൈംഗീകക്രീഢ നടക്കുന്നതും നടക്കേണ്ടതും ഇരുട്ടിലായിരിക്കണമെന്ന്.
"ഇത് ഓരോ സ്ത്രീയും അറിയുന്നു.
ഇത്‌ ഓരോ സ്ത്രീയും ആവുംവിധം കണിശമായും നടപ്പാക്കുന്നു." 
"അത്‌ കൊണ്ട്‌ മാത്രമാണോ ലൈംഗീകക്രീഢക്ക് സ്ത്രീ ഇരുട്ട് നിര്‍ബന്ധമാക്കുന്നത്?" 
"അത് കൊണ്ട്‌ മാത്രമല്ല.
"പകരം, അവള്‍ക്ക് തന്നെയും ധൈര്യം കിട്ടണം. അതിനവള്‍ക്ക് ഇരുട്ട് വേണം, മറ വേണം.
"മേല്‍പറഞ്ഞ പുരുഷന്റെ ഭാവന പൊലിഞ്ഞു പോകാതിരിക്കണം. അങ്ങനെ അവളെകുറിച്ച അവളുടെ ആത്മവിശ്വാസം നഷ്ടപ്പെടാതിരിക്കണം. അതിനും അവൾ സ്ത്രീ ഇരുട്ട് തിരഞ്ഞെടുക്കും. 
"പോരാത്തതിന് അവള്‍ക്ക് പോലും അഭിപ്രായമില്ലാത്ത, അവള്‍ക്ക് സ്വയം അപമാനം തോന്നുന്ന, അതിനാലവൾ സ്വയം മറച്ചുവെക്കുന്ന അവയവത്തെയാണ് പുരുഷൻ ആഗ്രഹിക്കുന്നത് എന്നവൾ അറിയുന്നു. അതാണ് അവൾ ലൈംഗീകതയില്‍ കാര്യമായും വെച്ചുനീട്ടുന്നത് എന്നവൾ അറിയുന്നു. എന്നതിനാല്‍ പ്രത്യേകിച്ചും"
******
എന്നിട്ടവൾ വേശ്യാ ഒന്ന്കൂടി പറഞ്ഞു:
"വേശ്യാവൃത്തി ഒരു തെരഞ്ഞെടുപ്പായെടുത്തവൾ നാല് കാര്യം ഒരുമിച്ച് ചെയ്യുന്നു.
1. തനിക്ക് പോലും അഭിപ്രായമില്ലാത്ത, തനിക്ക് സ്വയം അപമാനം തോന്നുന്ന, അതിനാല്‍ താന്‍ സ്വയം മറച്ചുവെക്കുന്ന അവയവത്തെ അവൾ കച്ചവടമാക്കുന്നു.
2. തന്റെ വികാരശമനം താന്‍ ഉദ്ദേശിക്കുന്നത് പോലെ, ഉദ്ദേശിക്കുന്ന സമയത്ത് ഉദ്ദേശിക്കുന്ന കോലത്തില്‍ നടത്തുന്നതിനെ അവൾ കച്ചവടമാക്കുന്നു. 
3. പുരുഷന്റെ ദൗര്‍ബല്യത്തെ അവൾ തന്റെ കച്ചവട വസ്തുവാക്കുന്നു.
4. കാശും ഊര്‍ജവും അഭിമാനവും നഷ്ടപ്പെട്ടവനായി പുരുഷനെ ശൂന്യത തൊട്ടറിയിപ്പിച്ചു തിരിച്ചയക്കുന്നതിനെ അവൾ തന്റെ കച്ചവടമാക്കുന്നു."

ചോദ്യം : എന്താണ്‌, എങ്ങിനെയാണ്, എങ്ങിനെയാവണം വിധിയും വിധിവിശ്വാസവും?

ചോദ്യം : എന്താണ്‌, എങ്ങിനെയാണ്, എങ്ങിനെയാവണം വിധിയും വിധിവിശ്വാസവും? 
ഉത്തരം: ഇതുവരെയും നീ കണ്ടത്‌ മനുഷ്യകേന്ദ്രീകൃത ദൈവത്തെ, നന്മയെ, തിന്മയെ, ഭൂമിയെ. ഒന്ന് മാറിനിന്ന് കാണൂ. എല്ലാവരും ഒന്ന്. എല്ലാവർക്കും ഒന്ന്. നിന്റെ വിധി വൈറസിനും വൈറസിന്റെ വിധി നിനക്കും ബാധകം. വിധിയില്‍ എല്ലാം ഒന്ന്. എല്ലാവർക്കും ഒന്ന്. ഒരു വിധിക്ക് വേണ്ടി എല്ലാം, എല്ലാവരും. 
യാഥാര്‍ത്ഥ വിധിവിശ്വാസിയും വിധിനിഷേധിയും (അഥവാ ദൈവവിശ്വാസിയും ദൈവനിഷേധിയും) അവസാനം എത്തുന്ന മാനസികാവസ്ഥയും പ്രായോഗികതലവും ഒന്ന്, ഒരുപോലെ. സ്വന്തം നിലയില്‍ എന്തുമാവാം, ചെയ്യാം എന്നത്‌. താന്‍ ചെയ്യുന്നത് തന്നെയേ ഉള്ളൂ എന്ന്. അത് തന്നെയാണ് വിധിയും വിധിനിഷേധവും.
ഒന്ന് വിശ്വാസത്തില്‍ വിശ്വാസം, ഫലത്തില്‍ നിഷേധം, സ്വാതന്ത്ര്യം.
മറ്റേത് നിഷേധത്തില്‍ നിഷേധം. ഫലത്തില്‍ വിശ്വാസം, സ്വാതന്ത്ര്യം. 
ചോദ്യം: അതെങ്ങിനെ? രണ്ടും രണ്ടല്ലേ?
അല്ല. യാഥാര്‍ത്ഥ വിശ്വാസവും യാഥാര്‍ത്ഥ നിഷേധവും ഒന്നാണ്. ഫലത്തില്‍ ഒന്നാണ്. കൊണ്ടുചെന്ന് എത്തിക്കുന്നത് ഒരിടത്താണ്‌. നിഷേധി വിശ്വാസിയാണ്. വിശ്വാസി നിഷേധിയാണ്.
ചോദ്യം : മനസിലാവുന്നില്ല?
യാഥാര്‍ത്ഥ വിധിവിശ്വാസിക്ക് എന്തും ചെയ്യാം, പേടിക്കാനില്ല. കാരണം എല്ലാം ദൈവനിശ്ചയം, ദൈവം ചെയ്യുന്നത്‌. താന്‍ എന്ത് ചെയ്താലും ചെയ്തില്ലേലും, ചിന്തിച്ചാലും ചിന്തിച്ചില്ലേലും ദൈവവിധി, ദൈവം ചെയ്യുന്നത്. ദൈവവിധി അല്ലാതെ, അതിനപ്പുറം താന്‍ ഒന്നും ചെയ്യുന്നില്ല, തനിക്ക് ഒന്നും ചെയ്യാനാവില്ല. അതിനാല്‍ തനിക്ക് എന്തും ചെയ്യാം. തന്റെ ഏത് ചിന്തയും ദൈവത്തിന്റെ ചിന്ത യും പ്രവര്‍ത്തിയും.
യഥാര്‍ത്ഥ വിധിവിശ്വാസി പൂര്‍ണസ്വതന്ത്രന്‍. അവന് അവന്‍ ഉദ്ദേശിക്കുന്നത് പോലെ തന്നെയാവാം. കാരണം അത് ദൈവത്തിന്റെ ഉദ്ദേശം കൂടിയാണ്‌. ഒരുതരം കുറ്റബോധവും സംഘർഷവും വേണ്ടതില്ല. തെമ്മാടിയും സന്യാസിയും ആകാം. രണ്ടും ഒരുമിച്ച് ആവുകയും ചെയ്യാം.
ചോദ്യം: അപ്പോൾ വിധിനിഷേധിയുടെ, അഥവാ ദൈവനിഷേധിയുടെ കാര്യമോ? അതെങ്ങിനെ വിശ്വാസിയുടെതിന് തുല്യമാകുന്നു? 
ഉത്തരം: വിധിനിഷേധിക്കും, അഥവാ ദൈവനിഷേധിക്കും, മേല്‍പറഞ്ഞത് പോലെ തന്നെ എന്തും ചെയ്യാം, ഒന്നും പേടിക്കാനില്ല. കാരണം ദൈവമില്ല. എല്ലാം തന്റെ നിശ്ചയം. താന്‍ എന്ത് ചെയ്താലും ചെയ്തില്ലേലും, ചിന്തിച്ചാലും ചിന്തിച്ചില്ലേലും ദൈവവിധിയല്ല. തന്റെ വിധിയും നിശ്ചയവും ആയല്ലാതെ താന്‍ ഒന്നും ചെയ്യുന്നില്ല, തനിക്ക് ഒന്നും ചെയ്യാനാവില്ല. അതിനാല്‍ യഥാര്‍ത്ഥ വിധിനിഷേധി പൂര്‍ണസ്വതന്ത്രന്‍. തന്നെ നിയന്ത്രിക്കാന്‍ ആരും ഒന്നുമില്ല. അവന് അവന്‍ ഉദ്ദേശിക്കുന്നത് പോലെ തന്നെ തെമ്മാടിയും സന്യാസിയും ആകാം. രണ്ടും ഒരുമിച്ച് ആവുകയും ചെയ്യാം. ഒരുതരം കുറ്റബോധവും സംഘർഷവും വേണ്ടതില്ല.
ചോദ്യം: അപ്പോൾ വിധിയെന്നാല്‍?
ഉത്തരം: വിധി ചെറുതും വലുതുമാണ്. വിത്തും വിത്തിലെ മരവും ആണ്. ചെറുത് കണ്ട് ആവലാതി പറയരുത്. ചെറുതില്‍ നിന്റെ പ്രയത്നത്തെ പ്രാർത്ഥനയും പ്രാർത്ഥനയെ പ്രയത്നവും ആക്കിയാല്‍ വലുതുണ്ട്. 
വിധി എന്നത്‌ ഉണ്ടെങ്കിൽ, വിധിയും വിധികര്‍ത്താവും മാത്രമേ ഉള്ളൂ.
നീയും ഇല്ല, നിന്റെതും ഇല്ല.
നീയും നിന്റെതും വിധി മാത്രം. 
ആ നിലക്ക്, വിധിയില്‍ വിശ്വസിച്ചാല്‍, നീ ഒന്നും ചെയ്യുന്നില്ല, നീ ഒന്നും പറയുന്നില്ല. പക്ഷെ നിനക്ക് എല്ലാം ചെയ്യാം. എല്ലാം ചെയത് കൊണ്ട്‌ തന്നെ നീ ഒന്നും ചെയ്യാത്തവനാവും. ചെയ്യുന്നവനും പറയുന്നവനും ദൈവം മാത്രം എന്നാവും 
എല്ലാം പറയുന്നതും ചെയ്യുന്നതും വിധിയും വിധികര്‍ത്താവും മാത്രം. അതിനെ നീ ദൈവം എന്ന് പേരിട്ട് വിളിച്ചാലും ഇല്ലേലും. 
നീ നിനക്ക് വേണ്ടി എന്ന് വിചാരിച്ച് ചെയ്യുന്നതും പറയുന്നതും വിധികര്‍ത്താവ് വിധിച്ചത് കൊണ്ട്‌, വിധി കര്‍ത്താവ് ഉദേശിച്ചത് കൊണ്ട്‌. വിധി കര്‍ത്താവിന്റെ വിധി നടപ്പിലാക്കാന്‍. അതിനാല്‍, ആത്യന്തികമായി അവ വിധികര്‍ത്താവ് ചെയ്യുന്നതും പറയുന്നതും മാത്രം. ആപേക്ഷികമായി നീ ചെയ്യുന്നതാണെന്ന് തോന്നുമെങ്കിലും. 
അത്‌ കൊണ്ട്‌, എല്ലാം വിധി മാത്രം. എല്ലായിടത്തും വിധികര്‍ത്താവ് മാത്രം. എല്ലാം ചെയ്യുന്നതും പറയുന്നതും ദൈവം എന്ന് നീ പേരിട്ട് വിളിക്കുന്നത്. 
വിധി ഉണ്ടാക്കിയവന്‍ മാത്രം പറയുന്നവനും ചെയ്യുന്നവനും.
നീയായിട്ട് ഒന്നും ചെയ്യുന്നില്ല, പറയുന്നില്ല.
നീ ചെയ്യുന്നതും പറയുന്നതും വിധി ഉണ്ടാക്കിയവന്ന് വേണ്ടി. ദൈവത്തിന് വേണ്ടി. നീ ചെയ്യുന്നതിലെ നന്മയും തിന്മയും ശരിയും തെറ്റും നീതിയും അനീതിയും എല്ലാം അങ്ങനെ തന്നെ. വിധി, വിധികര്‍ത്താവിന്റെത്. 
അതിനാല്‍, നീ ചെയ്യുന്നത്‌ കൊണ്ടുണ്ടാവുന്ന നന്മയും തിന്മയും ഇല്ല. നീ ചെയ്യുന്ന നന്മയും തിന്മയും ഇല്ല. നന്മയും തിന്മയും എന്നത് തന്നെ ഇല്ല. നിന്റെ ജീവിതവുമായി ബന്ധപ്പെട്ട ആവശ്യവും അനാവശ്യവും മാത്രമല്ലാതെ. 
ആപേക്ഷികമായ നിന്റെ നന്മയും തിന്മയും വിധി ഉണ്ടാക്കിയവനിൽ നിന്ന്, ആത്യന്തികമായതിൽ നിന്ന് . വിധി ഉണ്ടാക്കിയവന്റെ മാനത്തില്‍ നിന്നുള്ള ന്യായം വെച്ച്. മണ്ണ് പോലെ. ഒരു ഗുണത്തിന് വേണ്ടിയും നിലകൊള്ളുന്നില്ല. എല്ലാ നിറവും രുചിയും ഉള്ള പഴങ്ങളും പൂക്കളും ഇലകളും ചെടികളും അതേ മണ്ണില്‍ നിന്ന്. 
അല്ലെങ്കിൽ നീ മനസ്സിലാക്കേണ്ടത് മറ്റൊന്നാണ്. വിധികര്‍ത്താവിനെ സംബന്ധിച്ചേടത്തോളം നീ നിന്റെ ആപേക്ഷികമാനത്തില്‍ നിന്നും സാമൂഹ്യമായ പ്രതലത്തില്‍ നിന്നും മനസ്സിലാക്കുന്ന നന്മ തിന്മ, ശരി തെറ്റ്, നീതി അനീതി എന്നതില്ല. അത് നിന്റെ ആപേക്ഷികമാനത്തില്‍ നിന്നും സാമൂഹ്യമായ പ്രതലത്തില്‍ നിന്നും നിനക്ക് തോന്നുന്നത് മാത്രം. നിന്റെ ആവശ്യവും അനാവശ്യവും ആയി ബന്ധപ്പെട്ടത് മാത്രം. 
എന്നുവെച്ചാല്‍ വിധി ഉണ്ടാക്കിയവന് നന്മയും തിന്മയും എന്നതില്ല എന്നർത്ഥം.
നന്മയും തിന്മയും ഉള്ളത് നിനക്ക് മാത്രം. നിന്റെ മാനത്തില്‍ മാത്രം. നിന്റെ ജീവിതത്തിന് 
നന്മയെന്ന് നിനക്ക് തോന്നുന്ന രീതിയിലും തിന്മയെന്ന് നിനക്ക് തോന്നുന്ന രീതിയിലും വിധികര്‍ത്താവ് വേണ്ടത്, വേണ്ടിടത്ത്, വേണ്ടത് പോലെ, വേണ്ടപ്പോൾ സംഭവിപ്പിക്കുന്നു. അപ്പോൾ തന്നെ അത് മറ്റു പലതിനും ഉള്ള വിധിയായും. നിന്റെ ആരോഗ്യം മറ്റ് പലതിന്റെയും അനാരോഗ്യം, മരണം. മറ്റ് പലതിന്റെയും ആരോഗ്യം നിന്റെ അനാരോഗ്യം, മരണം. അത് ഏത് വൈറസ് ആയാലും ബാക്ടീരിയ ആയാലും. 
അതിൽ നീ വെറും ഉപകരണം മാത്രം, നിമിത്തം മാത്രം, വഴി മാത്രം, ന്യായം മാത്രം. കുത്തും കോമയും മാത്രം. അത് പോലെ തന്നെ ബാക്ടീരിയയും വൈറസും. അവിടെ നീ വികൃതനായും സുന്ദരനായും കാണപ്പെടാം. ആരോഗ്യവാനും രോഗിയുമാവാം. ദരിദ്രനും സമ്പന്നനുമാവാം. 
നിന്നെ സംബന്ധിച്ചേടത്തോളം നിനക്ക് ആവശ്യമായത് നിന്റെ നന്മ, നിനക്ക് ആവശ്യമില്ലാത്തത് നിന്റെ തിന്മ.
ദൈവം സകലതിന്റെയും ദൈവമാണെങ്കിൽ, അങ്ങനെ സകലതിന്റെയും ദൈവമാകയാല്‍, നിനക്ക് വേണ്ടാത്ത തിന്മ, നന്മയെന്ന് വരും. നീ കണക്കാക്കുന്ന തെറ്റ്, ശരിയെന്ന് വരും. നീ നിര്‍വ്വചിച്ച അനീതി, നീതിയെന്ന് വരും. പ്രളയവും കൊടുങ്കാറ്റും പൂവിരിയുന്നതും ആര്‍ത്തവവും മരണവും ജനനവും ഒന്ന് തന്നെ, ഒന്നുപോലെ എന്നും മറ്റ് പലതെന്നും വരും. 
മറ്റുള്ളവയുടെ ആവശ്യങ്ങള്‍ അതിൽ ഉണ്ടെന്നതിനാല്‍.
അതിനാല്‍ ദൈവത്തില്‍ നിന്നും എല്ലാം സംഭവിക്കും. നന്മയും തിന്മയും ഒരുപോലെ. ആക്രമണവും പ്രതിരോധവും ഒരുപോലെ. സകലതിനും വേണ്ടി. സകലതും സംതുലനം ചെയ്യാൻ.
അവിടെയാണ് ആപേക്ഷിക മാനത്തില്‍ നിന്നും സാമൂഹ്യമായ തലത്തിൽ നിന്നും നീതിയും ശരിയും നന്മയും പറഞ്ഞ മൂസ തെറ്റാകുന്നതും, കുഞ്ഞിനെ കൊന്ന, കപ്പല്‍ നശിപ്പിച്ച ഖിളർ ചെയതത് ശരിയാവുന്നതും.
അവിടെയാണ് യാഥാര്‍ത്ഥ വിധിവിശ്വാസി ഒരിക്കലും ഒരുനിലക്കും പ്രാര്‍ത്ഥിക്കേണ്ടി വരാത്തത്. പ്രാര്‍ത്ഥിക്കേണ്ടതുണ്ട് എന്ന് കരുതേണ്ടി വരാത്തത്.
പിന്നെ, യാഥാര്‍ത്ഥ വിധിവിശ്വാസിക്ക് യഥാര്‍ത്ഥത്തില്‍ ആകാവുന്നതും ചെയ്യാവുന്നതും:
തോന്നുന്നത് പോലെ, ആവുന്ന അവസ്ഥയില്‍ ആയിക്കൊണ്ട് സ്വാഭാവികനായി ജീവിക്കുക മാത്രം.
കാരണം, എല്ലാം വിധി മാത്രം. എല്ലാം ചെയ്യുന്നതും സംഭവിപ്പിക്കുന്നതും വിധി കര്‍ത്താവ് മാത്രം.
നിന്റെ പ്രവര്‍ത്തിയും ചിന്തയും പഠനവും കളിയും ചിരിയും ഒക്കെയായി മാറുന്ന വിധിയും വിധികര്‍ത്താവും.
യാഥാര്‍ത്ഥ വിധിനിഷേധിക്കും യഥാര്‍ത്ഥത്തില്‍ ആകാവുന്നതും ചെയ്യാവുന്നതും ഇത് പോലെ തന്നെ.
തോന്നുന്നത് പോലെ, ആവുന്ന അവസ്ഥയില്‍ ആയിക്കൊണ്ട് സ്വാഭാവികനായി ജീവിക്കുക മാത്രം.
(തുടരും.....)

നിര്‍ഭയ വധശിക്ഷ: നിര്‍ഭയയുടെ അമ്മയിലെ, അത് പോലുള്ളവരിലെ, ക്രൂരവിനോദ മനസ്സിനെ സംതൃപ്തിപ്പെടുത്തി.

നിര്‍ഭയ വധശിക്ഷ:
ഫലത്തില്‍ നിര്‍ഭയയുടെ അമ്മയിലെ, അത് പോലുള്ളവരിലെ, ക്രൂരവിനോദ മനസ്സിനെ സംതൃപ്തിപ്പെടുത്തി.
ഒരു നാട്ടിലെ ഏറ്റവും വലിയ തെമ്മാടികളും ക്രൂരവിനോദികകളും ചൂഷകരും അക്രമികളും തന്നെയാണ് അവിടത്തെ ഏറ്റവും വലിയ സദാചാരവാദികളും ശിക്ഷകരും നിയമപാലകരും അധികാരികളും ആവുന്നത്.
ഈ കൊല്ലപ്പെട്ട നാല് പേരും ഇന്ത്യൻ രാഷ്ട്രീയത്തിന് പറ്റിയ നാലു പേർ. രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും ആവാന്‍ പറ്റിയ നാലു പേർ. ഇന്ത്യൻ പാര്‍ലമെന്റില്‍ ഇരിക്കുന്ന ഒരു കുറെ പേരെ പോലെ നാല് പേര്‍. 
നിയമം വധിക്കാന്‍ തന്നെ തീരുമാനിക്കട്ടെ.
നിയമത്തിന് പ്രത്യക്ഷത്തില്‍ അതേ പറ്റൂ.
നിയമവും കോടതിയും രഹസ്യത്തില്‍ അങ്ങനെയൊന്നും സത്യസന്ധമല്ലെങ്കിലും. രഞ്ജന്‍ ഗോഗോയ്മാര്‍ വലിയ ഉദാഹരണങ്ങൾ. 
അങ്ങനെ നിയമത്തിന് പൂർണ്ണമായ അര്‍ത്ഥത്തില്‍ നീതി നടപ്പാക്കാന്‍ പറ്റില്ല, പറ്റുന്നില്ല.....
ഒരു നൂറായിരം കേസുകളില്‍ നമ്മൾ അത് നഗ്നനേത്രങ്ങള്‍ കൊണ്ട്‌ കാണുന്നുണ്ട്. 
ഉന്നാവോയും വാളയാറും മറ്റും മറ്റും ഒക്കെ വലിയ വലിയ തെളിവുകള്‍.
വലിയവനും അധികാരികളും എപ്പോഴും രക്ഷപ്പെട്ടു തന്നെ. 
നിര്‍ഭയയുടെ അമ്മയുടെ നിലപാട് അവസാനം വരുമ്പോള്‍ ഇങ്ങനെയാവരുത്.
ആ അമ്മയുടെ ഇപ്പോഴത്തെ മനസ്സിനെ മഹത്വപ്പെടുത്തി കണ്ടുകൂട.
അത് വെറും അന്ധമായ വെറുപ്പിന്റെതും ക്രൂരവിനോദത്തിന്റെതും മാത്രമാണ്‌.
ആ മനസ്സ് ബലാത്സംഗം ചെയ്തവരുടേതിനെക്കാള്‍ ഒട്ടും ചെറുതല്ല, മെച്ചപ്പെട്ടതല്ല. 
മകളെ ഇത് കൊണ്ടൊന്നും തിരിച്ചു കിട്ടില്ലെന്നറിയുന്ന അമ്മ, അവസാനം വരുമ്പോൾ വികാരത്തിന് അടിമപ്പെടാതെ വിചാരം കൈയിലെടുത്ത് അവരുടെ ഭാഗത്ത് നിന്ന് വിട്ടുവീഴ്ച നടത്തുകയായിരുന്നു വേണ്ടത്.
വിട്ടുവീഴ്ച നല്‍കുന്നത്ര വലിയ പാഠവും സൂചനയും ഒന്നും ഈ വധശിക്ഷ നല്‍കില്ല. 
വിട്ടുവീഴ്ചയുടെ മഹത്വമൊന്നും ഈ വധശിക്ഷ ആഘോഷത്തിനില്ല.
*****
ശരിയാണ്‌.
നിയമം ഈ വിധി നടപ്പാക്കുക തന്നെ വേണം. നിയമത്തിന് അതല്ലാത്ത വഴി ഇല്ല.
അതിൽ നമുക്ക് നിലവില്‍ ഒന്നും ചെയ്യാൻ പറ്റില്ല.
പക്ഷേ അതിന്‌ വേണ്ടി ദീര്‍ഘകാലം മുറവിളി കൂട്ടുന്നവരുടെ മനഃശാസ്ത്രം. അതാണ് വികൃതമായ ക്രൂരവിനോദത്തെ ഒളിച്ചു വെക്കുന്നത്.
തൊട്ടുടനെ അങ്ങനെ തോന്നുമ്പോഴും അങ്ങനെ പ്രതികരിക്കുമ്പോഴും ഒരര്‍ത്ഥവും ന്യായവും ഉണ്ട്. വൈകാരികതയുടെ അര്‍ത്ഥവും ന്യായവും..
വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും ഒരമ്മ അതിൽ ആനന്ദം കണ്ടെത്തുന്നുണ്ടെങ്കിൽ അത് മാനസിക രോഗവും ക്രൂരവിനോദവും തന്നെയാണ്.
അക്രമിയുടെതിനെക്കാള്‍ വലിയ അക്രമം മണക്കുന്ന ക്രൂരമനസ്സ് അവിടെയുണ്ട്.
ചെറിയ വിഷയത്തില്‍ വലിയ വൈകാരിക പ്രതികരണം നടത്തി വലിയ കലാപങ്ങള്‍ അഴിച്ചുവിടുന്നവരുടേയും ആക്രമണകാരികകളുടെയും കുടിപ്പകയും അസൂയയും സൂക്ഷിക്കുന്നവരുടേയും അതേ മനസ്സ്...
*******
I don't dispute and I don't have a different opinion, as a social being, than that of anyone who supports the hanging of the culprits and that of nirbhaya's mother.
You are true and nirbhaya's mother is right.
Immediate mind and reaction of me also will be the same as yours and nirbhaya's mother.... To take revenge and satisfy our vengeance seeking mind. 
But beyond our immediate reaction and vengeance seeking mind rests the other side of truth and wisdom...
If we all go after our immediate mind, reaction and vengeance, the world will become or run chaotic only....
And no ruler or priest is so sinless and innocent too...

(തുടരുന്നു....) ചോദ്യം : വിധിയെ കുറിച്ച് നിങ്ങൾ പറഞ്ഞത് മനസിലാക്കുന്നു.

(..... തുടരുന്നു....)
ചോദ്യം : വിധിയെ കുറിച്ച് നിങ്ങൾ പറഞ്ഞത് മനസിലാക്കുന്നു.
വിധിയില്‍ വിശ്വസിച്ചാലും നിഷേധിച്ചാലും ഫലം ഒന്ന് തന്നെയെന്ന് മനസ്സിലാക്കുന്നു.
വിധിവിശ്വാസം കൈക്കൊണ്ടാല്‍, പിന്നെ നാം ചെയ്യുന്നതും പറയുന്നതും എല്ലാം ദൈവം മാത്രം ചെയ്യുന്നതും പറയുന്നതും എന്ന് വരും എന്ന് മനസ്സിലാക്കുന്നു. 
അത് കൊണ്ട്‌ വിധിവിശ്വാസിക്ക് എന്തും ചെയ്യാം. വിധിനിഷേധിക്കും അതുപോലെ തന്നെ എന്തും ചെയ്യാം. 
ശരിയാണ്‌. അംഗീകരിക്കുന്നു.
ആ നിലയില്‍ നന്മയും തിന്മയും എന്നത്‌ ഇല്ലെന്നും, ഉണ്ടെന്ന്, നമ്മുടെ ആപേക്ഷിക മാനത്തില്‍ നിന്ന്, തോന്നുന്ന നന്മയും തിന്മയും ദൈവത്തില്‍ നിന്നാണെന്നും, ആ നന്മയുടെയും തിന്മയുടെയും ഉടമസ്ഥത നന്മയും തിന്മയും ഇല്ലാത്ത ദൈവത്തിന് മാത്രമാണെന്നും മനസ്സിലാക്കുന്നു. അധികാരികള്‍ ആരും അധികാരികളല്ലെന്നും എല്ലാ അധികാരത്തിനും ഉടമസ്ഥന്‍ ദൈവമാണെന്നും മനസിലാക്കുന്നു. 
ആ നിലക്ക് നന്മ തിന്മ മാനദണ്ഡമാക്കി രക്ഷ ശിക്ഷ എന്നത്‌ ഉണ്ടാവുക എന്നതിൽ അര്‍ത്ഥമില്ലെന്നും മനസ്സിലാക്കുന്നു.
എന്നാലും ഒരു ചോദ്യം:
ഞാനൊരു മുസ്ലിമാണ്. അങ്ങനെയാണ്‌ ജന്മനാ സാഹചര്യവശാല്‍ ആയത്. ആ സ്ഥിതിക്ക് നിങ്ങൾ മേല്‍പറഞ്ഞ കാര്യങ്ങളെ ഇസ്ലാമികമായി വ്യക്തമാക്കി തരാമോ?
നിങ്ങൾ മേല്‍പറഞ്ഞത് യാഥാര്‍ത്ഥ ഇസ്ലാമിന്‌ വിരുദ്ധമല്ലെന്നും, യാഥാര്‍ത്ഥത്തില്‍ മുഹമ്മദ് നബി പഠിപ്പിക്കാന്‍ ഉദ്ദേശിച്ച ഇസ്ലാമിന്റെ വിശദീകരണം മാത്രമാണെന്നും പറഞ്ഞുതരുമോ?
ഉത്തരം:
നിങ്ങൾ ഇന്ന്‌ അറിഞ്ഞുവരുന്ന രാഷ്ട്രീയ ഇസ്ലാം ആയാലും, മുഹമ്മദ് നബി യാഥാര്‍ത്ഥത്തില്‍ പഠിപ്പിച്ചിരുന്ന ഇസ്ലാം ആയാലും അതിന്റെ ഒക്കെ അടിസ്ഥാനം മേല്‍പറഞ്ഞ വിധിവിശ്വാസം തന്നെയാണ്. ആ വിധിവിശ്വാസത്തിന്റെ അര്‍ത്ഥം മേല്‍പറഞ്ഞത് പോലെ മാത്രം തന്നെയാണ്.
തെളിവുകൾ.
1. ഇസ്ലാമികമായി മനുഷ്യന്‍ ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധി മാത്രമാണ്‌. ഖലീഫയാണ്.
മുസ്ലിമും വിശ്വാസിയും മാത്രമല്ല ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധി. മനുഷ്യന്‍ മൊത്തം തന്നെ ദൈവത്തിന്റെ പ്രതിനിധിയാണ്.
എപ്പോഴെങ്കിലും എവിടെയെങ്കിലും മാത്രമല്ല മനുഷ്യന്‍ ദൈവത്തിന്റെ പ്രതിനിധിയാവുന്നത്.
എപ്പോഴും എവിടെയും മനുഷ്യന്‍ ദൈവത്തിന്റെ പ്രതിനിധി മാത്രമാണ്.
സൃഷ്ടിയുടെ തുടക്കം മുതലേ, ആദ്യകാലം മുതൽ തന്നെ, മനുഷ്യന്‍ അവന്റെ ഏതവസ്ഥയിലും, ദൈവത്തിന്റെ പ്രതിനിധി മാത്രമാണ്.
എന്നു വെച്ചാല്‍ എന്താണതിനര്‍ത്ഥം?
മനുഷ്യന്‍ ചെയ്യുന്നതും പറയുന്നതും ചിന്തിക്കുന്നതും എന്തും ഏതും, എപ്പോഴും എവിടെയും, ദൈവം പറയുന്നതും ചെയ്യുന്നതും വിചാരിക്കുന്നതും മാത്രമേ ആകൂ.
മനുഷ്യന്‍ ദൈവത്തെ പ്രതിനിധീകരിക്കുക മാത്രമാണ്. ഒരുപക്ഷേ, മനുഷ്യന്‍ പോലും ബോധപൂര്‍വ്വം അതറിയാതെ. അവന്‍ ചെയ്യുന്ന നന്മയും തിന്മയും ദൈവം ദൈവത്തിന് വേണ്ടി ചെയ്യിപ്പിക്കുന്നത്, സംഭവിപ്പിക്കുന്നത്. 
പ്രതിനിധി എന്ന നിലയില്‍ ദൈവം പറയാനും ചെയ്യാനും ഉദ്ദേശിക്കുന്നത് മാത്രമേ മനുഷ്യന് ചെയ്യാനും പറയാനും പറ്റൂ. അത് നന്മയാണെങ്കിലും തിന്മയാണെങ്കിലും. അതിൽ നന്മ തിന്മ വ്യത്യാസം ഇല്ലെന്ന് അര്‍ത്ഥം.
മനുഷ്യന് സ്വാതന്ത്ര്യം ഉണ്ടെന്ന് തോന്നുന്നത് മാത്രമാണ്. മനുഷ്യന് ഉണ്ടെന്ന് തോന്നുന്ന സ്വാതന്ത്ര്യം സ്വാതന്ത്ര്യമല്ല. വെറും തോന്നല്‍ മാത്രം. അവന്‍ അകപ്പെട്ട മാനത്തിലെ സ്വാതന്ത്ര്യം മാത്രം. തവള അകപ്പെട്ട ലോകത്തെ തവളക്കുള്ള സ്വാതന്ത്ര്യം മാത്രം. 
2. ഇസ്ലാമിക വിശ്വാസകാര്യങ്ങള്‍ എണ്ണപ്പെട്ടത് ആറെണ്ണം. ( യഥാര്‍ത്ഥത്തില്‍ അത് ആറെണ്ണം മാത്രമല്ലെങ്കിലും.)
അതിൽ ആറാമത്തേതാണ് വിധി വിശ്വാസം.
എന്താണ്‌ വിധിവിശ്വാസം?
"വിധിയെന്നാല്‍ : അതിലെ നന്മയും തിന്മയും അല്ലാഹുവില്‍ നിന്ന് മാത്രമാണ്" (അല്‍ ഖദറു ഖൈറുഹു വ ശര്‍റുഹു മിനല്ലാഹി തആലാ).
എന്താണ്‌ ഇതിന്റെയും അര്‍ത്ഥം?
നന്മ തിന്മ എന്നതില്ല. ഉണ്ടെങ്കിൽ അത് ദൈവം ചെയ്യുന്നതാണ്. ദൈവത്തിന്റെ വിധി. അതിന്റെ ഉടമസ്ഥാവകാശം അല്ലാഹുവിന് മാത്രമുള്ളതാണ്.
നന്മ തിന്മ മനുഷ്യന്‍ ചെയ്യുന്നതോ, മനുഷ്യന്‍ ചെയ്യുന്നത് കൊണ്ട്‌ ഉണ്ടാവുന്നതോ അല്ല. മനുഷ്യന്‍ അതിൽ അവന്‍ പോലും അറിയാതെ വഴിയും ഉപകരണവും മാത്രമാകുന്നതാണ്.
3. മുസ്ലിംകള്‍ എല്ലാം ചെയ്യുന്നതും, എല്ലാം ചെയ്യാൻ കല്‍പിക്കപ്പെട്ടതും "ബിസ്മി" കൊണ്ട്‌ തുടങ്ങിയാണ്.
മൃഗങ്ങളെ അറുക്കുന്നത് വരെ. 
എന്താണ്‌ ഇതിന്റെയും അര്‍ത്ഥം?
ഒന്നും ചെയ്യുന്ന മനുഷ്യന്‍ ചെയ്യുന്നതല്ല. ദൈവത്തിന്റെ പേരില്‍ ചെയ്യുന്നതാണ്. എന്തിനാണ് ദൈവത്തിന്റെ പേരില്‍ ഇടുന്നത്? എല്ലാം ദൈവം ചെയ്യുന്നതാണ് എന്ന് വരുത്താന്‍. എല്ലാ കാര്യങ്ങളുടെയും കര്‍മ്മങ്ങളുടെയും യാഥാര്‍ത്ഥ ഉടമസ്ഥത അല്ലാഹുവിന് മാത്രം എന്ന് വരുത്താന്‍. ആ നിലക്ക് അതിന്റെ ഉത്തരവാദിത്വവും.
അത് കൊണ്ട്‌ അവർ എല്ലാം അല്ലാഹുവിന്റെ പേരില്‍ ചെയ്യുന്നു. എല്ലാം ചെയ്യുന്നതും പറയുന്നതും അല്ലാഹു മാത്രം എന്ന് വരുത്താൻ. ഉത്തരവാദിത്തം അല്ലാഹുവിന് മാത്രം എന്ന് ഉറപ്പിക്കാന്‍. അത് നന്മയായാലും തിന്മയായാലും.
4. മുസ്ലിംകള്‍ എപ്പോഴും "ഇന്‍ ഷാ അല്ലാ" എന്ന് പറയുന്നു.
എന്താണ്‌ "ഇന്‍ ഷാ അല്ലാ" എന്നാല്‍ അര്‍ത്ഥം?
"ദൈവം ഉദ്ദേശിച്ചുവെങ്കിൽ മാത്രം" എന്നര്‍ത്ഥം.
എന്ത് കാര്യവും ചെയ്യാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, മുസ്ലീംകള്‍ക്ക് ഇത് പറയുക നിര്‍ബന്ധം.
എന്ത് കൊണ്ട്‌?
ഞാനും നീയും ഒന്നും ചെയ്യുന്നില്ല.
നാം ഉദ്ദേശിക്കുന്നത് കൊണ്ടല്ല നമുക്ക് ഒന്നും ചെയ്യാൻ സാധിക്കുന്നത്.
ദൈവം ഉദ്ദേശിച്ചത്‌ മാത്രമേ എന്തും നാം ചെയ്യൂ.
ദൈവം ഉദ്ദേശിച്ചത്‌ കൊണ്ട്‌ മാത്രമേ എന്തും നടക്കൂ.
ദൈവം ഉദ്ദേശിച്ചത്‌ മാത്രമേ എല്ലാവരും ചെയ്യുന്നുള്ളൂ.
എല്ലാ ചെയ്തികളുടെയും ഉടമസ്ഥത അല്ലാഹുവെന്ന ദൈവത്തിന് മാത്രം.
"ഇന്‍ ഷാ അല്ലാ" എന്നത്‌ പറയുക ഒരു കല്പനയായി തന്നെ പ്രവാചകനോട് (ആ വഴിയില്‍ വിശ്വാസികളോട്) ഖുര്‍ആന്‍ ആവശ്യപ്പെട്ടു.
"ലാ തകൂലന്ന ലിശൈഇന്‍ ഇന്നി ഫാഇലുന്‍ ദാലിക ഗദന്‍ ഇല്ലാ അന്‍ യഷാ അല്ലാ".
അര്‍ത്ഥം: "നാളെ ഞാന്‍ ഒരു കാര്യം ചെയ്യുമെന്ന് നീ പറയരുത് "ഇന്‍ ഷാ അല്ലാഹു" കൂടാതെ ( ഇന്‍ ഷാ അല്ലാഹു എന്ന് പറയാതെ)"
എന്താണ്‌ ഇതിന്റെയും അര്‍ത്ഥം?
അല്ലാഹു ഉദ്ദേശിക്കാത്ത ഒന്നും ആരും ചെയ്യുന്നില്ല.
എല്ലാം ചെയ്യുന്നത് അല്ലാഹു മാത്രം.
എല്ലാം പറയുന്നത് അല്ലാഹു മാത്രം.
എല്ലാവർക്കും എല്ലാം ചെയ്യാനും പറയാനും സാധിക്കുന്നത് അല്ലാഹു ഉദ്ദേശിക്കുന്നത് കൊണ്ട്‌ മാത്രം.
അല്ലാഹുവിന്റെ ഉദ്ദേശവും പദ്ധതിയും മാത്രമാണ്‌ എല്ലാവരുടെയും എല്ലാറ്റിന്റെയും പ്രവര്‍ത്തികളിലൂടെയും പറച്ചിലുകളിലൂടെയും ഇതള്‍ വിരിയുന്നത്.
എല്ലാറ്റിന്റെയും ഉടമസ്ഥത അല്ലാഹു എന്ന ദൈവത്തിന് മാത്രം.
നീയും നിന്റെതും ഉണ്ടെന്ന് അശേഷം പോലും നീ കരുതേണ്ട.
നീ ഇല്ല. നിന്റെതും ഇല്ല.
5. എന്ത് അത്ഭുതവും ദുരന്തവും അനുഗ്രഹവും സംഭവിച്ചാല്‍
മുസ്ലിംകള്‍ നിര്‍ബന്ധമായും പറയുന്നു. "മാ ഷാ അല്ലാ".
എന്താണ്‌ ഇതിന്റെ അര്‍ത്ഥം?
എന്താണ്‌ ഇതിന്റെ പൂര്‍ണ രൂപം?
"മാഷാ അല്ലാഹു കാന്‍. വമാലം യഷാ ലം യകുന്‍. ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹി അല്‍ അലിയുല്‍ അദീ ം"
(അല്ലാഹു ഉദ്ദേശിച്ചത്‌ ഉണ്ടായി (സംഭവിച്ചു). അവന്‍ ഉദ്ദേശിക്കാത്തത് ഉണ്ടായില്ല (സംഭവിച്ചില്ല). ശക്തിയും പ്രതാപവും അത്യുന്നതനും മഹാനുമായ അല്ലാഹുവിനല്ലാതെ ഇല്ല.)
എന്താണ്‌ ഈ വചനവും സൂചിപ്പിക്കുന്നത്?
നമ്മളാരും ഒന്നും ചെയ്യുന്നില്ല, സംഭവിപ്പിക്കുന്നില്ല. 
നമ്മൾ ആരും ഒന്നും ചെയ്യുന്നത് കൊണ്ടല്ല ഒന്നും സംഭവിക്കുന്നത്. നന്മയായാലും തിന്മയായാലും.
എല്ലാം അല്ലാഹു ഉദ്ദേശിക്കുന്നത് കൊണ്ടും അല്ലാഹു ചെയ്യുന്നത് കൊണ്ടും മാത്രം.
എല്ലാം ചെയ്യുന്നതും ഉദ്ദേശിക്കുന്നതും അല്ലാഹു മാത്രം.
ഉത്തരവാദിത്തവും ഉടമസ്ഥതയും അല്ലാഹുവിന് മാത്രം.
നമ്മൾ എന്തെങ്കിലും ചെയ്യുന്നതും ചെയത് പോകുന്നതും വിചാരിക്കുന്നതും പറയുന്നതും എല്ലാം അല്ലാഹു ഉദ്ദേശിക്കുന്നത് കൊണ്ട്‌ മാത്രം.
നമ്മൾ ദൈവം അവനുദ്ദേശിക്കുന്നത് ചെയ്യുന്നതിന്റെ വഴിയും ഉപകരണവും ആകുന്നത് മാത്രം.
ഉത്തരവാദിത്തവും ഉടമസ്ഥതയും അധികാരവും ഉപകരണത്തിനും വഴിക്കും ഇല്ല. നമ്മൾ മനുഷ്യര്‍ക്കില്ല. 
6. എന്ത് ദുരന്തം സംഭവിച്ചാലും (പ്രത്യേകിച്ചും മരണം സംഭവിച്ചാല്‍) മുസ്ലിംകള്‍ ഉടനെ പറയുന്ന വചനം. "ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍"
എന്താണ്‌ ഇതിന്റെ അര്‍ത്ഥം?
"നാം അല്ലാഹുവില്‍ നിന്നാണ് (അല്ലാഹുവിന്റെതാണ്) . നാം അല്ലാഹു വിലക്ക് തന്നെ മടങ്ങുന്നു."
ഉടമസ്ഥതയും ഉത്തരവാദിത്തവും ദൈവത്തിന് മാത്രം എന്ന് മാത്രം. അല്ലാഹുവില്‍ നിന്ന് വന്ന് അല്ലാഹുവിലേക്ക് മടങ്ങുന്ന, അല്ലാഹു തന്നെ ആയിത്തീരുന്ന സംഗതികള്‍ മാത്രമേ ഉള്ളൂ, അങ്ങനെയുള്ള നാം മാത്രമേ ഉള്ളൂ എന്നര്‍ത്ഥം.
ദൈവത്തില്‍ നിന്ന് വരുന്നു, ദൈവത്തിലേക്ക് മടങ്ങി, ദൈവം തന്നെ ആയിത്തീരുന്നു.
ഞാനും നീയുമായി ചെയ്യുന്ന, സ്വന്തമാക്കുന്ന ഒന്നുമില്ല. രണ്ടില്ല, ഒന്ന് മാത്രം, ദൈവം മാത്രം എന്നർത്ഥം.
7. മരിച്ചാല്‍ കബറില്‍ ശവം വെച്ച് മണ്ണിടുമ്പോള്‍ പറയുന്ന വാക്കും സൂചിപ്പിക്കുന്നത്‌ ഇത് മാത്രം.
"അതില്‍നിന്ന്‌ നാം നിന്നെ സൃഷ്ടിച്ചു. അതിലേക്ക് നാം നിന്ന് മടക്കുന്നു. അതിൽ നിന്ന് തന്നെ നിന്നെ വീണ്ടും നാം ഉയിര്‍ത്തെഴുന്നേല്‍പിക്കും."
(മിന്‍ഹാ ഖലഖനാക്കും വ ഫീഹാ നുഈദുക്കും വ മിന്‍ഹാ നുഖരിജ്ക്കും താറത്തന്‍ ഉഖറാ.) 
എല്ലാം അതിൽ നിന്ന്. എല്ലാം അതിലേക്ക് മടങ്ങി, അതായിത്തീരുന്നു. എല്ലാം അതിൽ നിന്ന് തന്നെ വീണ്ടും വരുന്നു.
" നീ" എന്നാലും "അത്" എന്നാലും ഞാനും നീയും ഇല്ലാത്ത ആര്‍ക്കും സ്വന്തമല്ലാത്ത ജീവിതം എന്ന് മാത്രം. 
ആപേക്ഷികമായ അര്‍ത്ഥത്തില്‍ അത് മണ്ണ് എന്നും നീ നീയെന്നും ധ്വനിപ്പിച്ചു, സൂചിപ്പിച്ചു പറഞ്ഞു എന്ന് മാത്രം.
മണ്ണിനും നിനക്കും അപ്പുറം കിടക്കുന്നു ദൈവം.
"ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍" എന്ന് പറയുമ്പോൾ അതിൽ സൂചിപ്പിച്ച ദൈവം. 
ഇതിലെ "നീ" എന്നതിലെ മൂര്‍ത്തത ഒഴിവാക്കിയാല്‍, "നീ" "ഞാന്‍" എന്നത്‌ സ്ഥിരമായ അര്‍ത്ഥത്തില്‍ ഉള്ളതല്ലെന്ന് മനസിലാക്കിയാല്‍, നീ എന്നത്‌ എന്തും ആരുമെന്ന് മനസ്സിലാക്കിയാല്‍, എല്ലാം മനസിലാവും.
രണ്ടില്ലാത്ത ഒന്ന് മാത്രം. ദൈവം മാത്രമേ ഉള്ളൂ എന്ന്. വിധിയും വിധികര്‍ത്താവും മാത്രമേ ഉള്ളൂ എന്ന്.
ദൈവത്തില്‍ നിന്ന് വന്ന്, ദൈവം തന്നെയായി നിലകൊണ്ടു, ദൈവമായിതീരുന്ന സംഗതിയേ ഉള്ളൂ എന്ന്.
അതിൽ നീ ഞാന്‍ എന്ന് തോന്നുന്നത് വെറും വെറുതെ ആണെന്ന്. വഴിയും ഉപകരണവും ആകുന്നത് കൊണ്ട്‌ മാത്രമാണെന്ന്. 
8. സ്ഥിരമായി, പ്രത്യേകിച്ചും നമസ്കാരത്തിന് ശേഷം ഐഛികമായി ചൊല്ലുന്ന ചില കാര്യങ്ങളും കൂടി പറഞ്ഞാൽ ഒന്ന് കൂടി മനസിലാവും. നന്മയും തിന്മയും ദൈവത്തില്‍ നിന്ന് മാത്രമാണെന്ന്. വിധിയും വിധി കര്‍ത്താവും മാത്രമാണെന്ന്. എല്ലാം ചെയ്യുന്നതും പറയുന്നതും ദൈവം മാത്രമാണെന്ന്.
നാം ചെയ്യുന്നു, പറയുന്നു, ചിന്തിക്കുന്നു, എന്നൊക്കെ നമുക്ക് തോന്നുന്നു. അത് പോലും യഥാര്‍ത്ഥത്തില്‍ ദൈവം മാത്രം ചെയ്യുന്നത്, പറയുന്നത്, ഉദ്ദേശിക്കുന്നത്. യാഥാര്‍ത്ഥ വിധിവിശ്വാസം. വിധി കര്‍ത്താവും വിധി കര്‍ത്താവ് ചെയ്യുന്നതും മാത്രം. ആപേക്ഷിക ലോകത്ത് നിന്ന് നീയത് മനസിലാക്കിയാലും ഇല്ലെങ്കിലും. 
"അല്ലാഹുമ്മ ലാ മാനിഅ ലിമാ അഅത്തൈത്ത വലാ മൂത്തിയ ലിമാ മനഅത്ത വലാ റാദ്ധ ലിമാ ഖദയ്ത്ത വലാ യന്‍ഫഉ ദല്‍ജദ്ദു മിന്‍കല്‍ജദ്ദ്"
"അല്ലാഹുവേ, നീ തന്നത് തടയുന്നവനില്ല. നീ തടഞ്ഞത് തരുന്നവനില്ല. നീ വിധിച്ചത് ഇല്ലാതാക്കുന്നവനില്ല. ഒരാളുടെ ശക്തിയും നിന്റെ ശക്തിയുടെ അടുക്കല്‍ വിലപ്പോവില്ല."
എന്താണ്‌ ഇതും അര്‍ത്ഥമാക്കുന്നത്?
നന്മയായാലും തിന്മയായാലും സംഭവിക്കുന്നത് ദൈവത്തില്‍ നിന്ന് മാത്രം. സംഭവിപ്പിക്കുന്നത് ദൈവം മാത്രം. ആര്‍ക്കും അതിൽ ഒന്നും ചെയ്യാനില്ല, പറ്റില്ല. നമുക്ക് എന്തൊക്കെയോ ചെയ്യാനുണ്ട് എന്ന് തോന്നുന്നത് വെറും തോന്നല്‍. അകപ്പെട്ട മാനത്തിന്റെ പരിമിതി. നിസ്സഹായത.
വിധിയും വിധികര്‍ത്താവും മാത്രമേ ഉള്ളൂ.
ഞാനും നീയും ഇല്ല.
ഞാനും നീയും ചെയ്യുന്നത് ഇല്ല.
നമ്മൾ ചെയുന്നതിനും പറയുന്നതിനും ചിന്തിക്കുന്നതിനും സ്വതന്ത്ര അസ്തിത്വവും അര്‍ഥവും ഇല്ല.
ദൈവം ഉദ്ദേശിക്കുന്നത് കൊണ്ടും ചെയ്യുന്നത് കൊണ്ടും ചെയ്യിപ്പിക്കുന്നത് കൊണ്ടും നാം ഉദ്ദേശിച്ചും ചെയതും പറഞ്ഞും പോകുന്നതാണ് എല്ലാം.
അതല്ലാതെ നാം സംഭവിപ്പിച്ചത് കൊണ്ട്‌ സംഭവിച്ച, അത്കൊണ്ട്‌ നമുക്ക് കിട്ടിയ, കിട്ടാതായ ഒന്നുമില്ല.
നാം എന്ത് ചെയ്താലും അത് ദൈവം ചെയ്യുന്നത്‌.
മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാൽ നാം എന്തും ഏതും ചെയ്യുന്നില്ല.
നമുക്ക് എന്തും ഏതും ചെയ്യാനാവില്ല, ആവുന്നില്ല.
ദൈവത്തിന് വേണ്ടതും ദൈവം ചെയ്യിപ്പിക്കുന്നതും മാത്രമേ നാം ചെയ്യുന്നുള്ളൂ.
എല്ലാം ദൈവഹിതം മാത്രം.
രണ്ടില്ലാത്ത ഒന്ന് മാത്രം.
വിധിയും വിധി കര്‍ത്താവും മാത്രം.
ചെയ്യുന്നതും പറയുന്നതും ദൈവം മാത്രം. നന്മയായാലും തിന്മയായാലും. നീതിയായാലും അനീതിയായാലും. ശരിയായാലും തെറ്റായയാലും.
അങ്ങനെയൊക്കെ രണ്ടായി നിനക്ക് തോന്നിയാലും അങ്ങനെയില്ല.
അങ്ങനെ രണ്ടില്ല.
എല്ലാം നീ അകപ്പെട്ട മാനത്തിന്റെ ഉള്ളില്‍ നിന്ന് നിനക്ക് മറിച്ച് തോന്നുന്നത് മാത്രം.
നീയും നിന്റെതും ഇല്ല.
ഉടമസ്ഥതയും അധികാരവും ദൈവത്തിന് മാത്രം.
ചെയ്യുന്നതും പറയുന്നതും ദൈവം മാത്രം.
നിനക്ക് നീ ചെയ്യുന്നു, നീ കരുതുന്നു, നീ പ്ലാൻ ചെയ്യുന്നു, നീ പറയുന്നു, നീ ചിന്തിക്കുന്നു എന്നൊക്കെ തോന്നും.
അതും ദൈവം ചെയ്യിപ്പിക്കുന്നത് കൊണ്ട്‌ മാത്രം, ഉദ്ദേശിപ്പിക്കുന്നത് കൊണ്ട്‌ മാത്രം നീ ചെയ്യുന്നത്‌, നിനക്ക് തോന്നുന്നത്.
പിന്നെയും പറയുന്നു.
"അല്ലാഹുവേ നീയാണ് രക്ഷ, നിന്നില്‍ നിന്നാണ് രക്ഷ, നിന്നിലെലേക്ക് മടങ്ങുന്നു രക്ഷ. രക്ഷകര്‍ത്താവേ നമുക്ക് രക്ഷ ഒരുക്കിത്തരണേ, നിന്റെ കാരുണ്യം കൊണ്ട്‌ രക്ഷയുടെ താവളത്തില്‍ നമ്മെ പ്രവേശിപ്പിക്കാണേ"
(അല്ലാഹു മ്മ അന്‍തസ്സലാം, മിന്‍കസ്സലാലാം, വ ഇലൈക്ക യര്‍ജിഉസ്സലാം, ഹാ യി നാ റബ്ബനാ ബിസ്സലാം, വ അദ്ഖില്‍നാ ബി റഹ്മത്തി ക്ക ദാറസ്സലാം) 
ഇതും നമസ്കരിച്ചതിന്‌ ശേഷം ഐഛികമായി ചൊല്ലുന്ന കാര്യം.
എന്താണ്‌ ഇതും സൂചിപ്പിക്കുന്നത്‌?
നാം ഉണ്ടാക്കുന്നതോ നിശ്ചയിക്കുന്നതോ ആയ ഒന്നുമില്ല. നാം ഉണ്ടാക്കുന്നതോ നിശ്ചയിക്കുന്നതോ ആയ രക്ഷയും ശിക്ഷയും ഇല്ല.
ഏതര്‍ത്ഥത്തിലും ദൈവം തന്നെയും ദൈവം ആയിരിക്കുന്നതും ദൈവത്തോടൊപ്പം ആവുന്നതും മാത്രമാണ് രക്ഷ.
രണ്ടില്ലാത്ത ഒന്നാണ് രക്ഷ.
ഞാനും നീയും ഇല്ലാതാവുകയാണ് രക്ഷ. എന്റെതും നിന്റെതും ഇല്ലെന്ന് അറിയുകയാണ് രക്ഷ.
ചെയ്യുന്നതും പറയുന്നതും ദൈവം മാത്രം എന്നറിയുകയാണ് രക്ഷ, അഥവാ മോക്ഷം.

നിര്‍ഭയ: പാവപ്പെട്ടവന്റെ മേല്‍ "നീതി" എളുപ്പം നടപ്പാക്കി.

നിര്‍ഭയ: പാവപ്പെട്ടവന്റെ മേല്‍ "നീതി" എളുപ്പം നടപ്പാക്കി. പാവപ്പെട്ടവനെ പെട്ടെന്ന് ഇരയും ബലിയാടും ആക്കാം. 
ഇതേ കുറ്റം, അല്ലെങ്കിൽ ഇതിനേക്കാള്‍ വലിയ കുറ്റം, ചെയ്ത ഏത് രാഷ്ട്രീയനേതാവിനെയും സമ്പന്നനെയും ഇങ്ങനെ എളുപ്പം എപ്പോഴെങ്കിലും തൂക്കിലേറ്റുമോ? ഉന്നാവോകളും കത്ത്വകളും അതിന്റെ നേര്‍സാക്ഷ്യപത്രങ്ങൾ മാത്രം. ഹൈദരാബാദ് വെടിവെപ്പും നടന്നത് പാവപ്പെട്ടവന്റെ മേല്‍ തന്നെ. ചോദ്യവും ഉത്തരവും ഇല്ലാതെ. നീതിയെന്ന കപടനാമം നല്‍കിക്കൊണ്ട്. 
പാവപ്പെട്ടവന്റെ നിസ്സഹായാവസ്ഥയെ മുതലെടുത്ത് നടപ്പാക്കാനാവുന്നതിനെയല്ല നാം വികാരത്തിനടിപ്പെട്ട് നീതി എന്ന് വിളിച്ച് കൊട്ടിഘോഷിക്കേണ്ടത്.
പാവപ്പെട്ടവന്‍ ചെയ്താൽ മാത്രമല്ല ക്രൂരത ക്രൂരതയാവുന്നത്.
നമ്മുടെ സര്‍വ്വനിരാശയും പ്രതിഷേധവും പാവപ്പെട്ടവന്‍ ചെയ്യുന്ന തിന്മയിലും ക്രൂരതയിലും മാത്രം കേന്ദ്രീകരിച്ച് നിഴലിട്ട് സ്വയംഭോഗം ചെയത് സംതൃപ്തി നേടി തീര്‍ക്കരുത്.
പെരുച്ചാഴികള്‍ എന്നും നമ്മുടെ പിടുത്തത്തിനും കാഴ്ചക്കും പുറത്ത് തന്നെയാണ്.
പെരുച്ചാഴികള്‍ എല്ലാം തുരന്നും നശിപ്പിച്ചും തേര്‍വാഴ്ച നടത്തുക തന്നെയാണ്.
പെരുച്ചാഴികള്‍ക്ക് അധികാരികള്‍ എന്നും ഭരണാധികാരികള്‍ എന്നും പേര്‌ വരുന്നത് കൊണ്ട്‌ മാത്രം അവർ പെരുച്ചാഴികള്‍ അല്ലെന്ന് വരില്ല.

കൊറോണയെ കുറിച്ച് പൂച്ചയോടും നായയോടും ഉറുമ്പിനോടും, പിന്നെ ഈച്ചയോടും ചോദിച്ചു

പൂച്ചയോടും നായയോടും ഉറുമ്പിനോടും, പിന്നെ ഈച്ചയോടും ചോദിച്ചു
കൊറോണയെ കുറിച്ച്.
"വല്ലതും അറിഞ്ഞോ?" 
കേട്ടപാതി, കേള്‍ക്കാത്തപാതി, ഒന്നും മനസ്സിലാവാതെ, ഒന്നും മനസിലാക്കേണ്ടെന്ന മട്ടില്‍ കുലുങ്ങിച്ചിരിച്ച് നടന്നും ഓടിയും അവരകന്നു.
രാജ്യമെന്തെന്നും പൗരത്വം എന്തെന്നും അവർക്കറിയില്ല.
പിന്നെയാണോ? 
പൊട്ടന്‍മാര്‍.
കയറില്‍ കയറിപ്പിടിച്ചു എങ്ങിനെയോ കിണറ്റില്‍ നിന്നും കയറിവന്ന തവളയോടും ചോദിച്ചു.
കൊറോണയെ കുറിച്ച്..
ഇത് നാലാം തവണയാണ് തവള ഇങ്ങനെ കയറിവരാൻ ശ്രമിക്കുന്നത് 
തവളയും കുലുങ്ങിച്ചിരിച്ചു.
എന്നിട്ട് എന്റെ മുഖത്തേക്ക് നീട്ടിത്തുപ്പിക്കൊണ്ട് പറഞ്ഞു:
"കിണര്‍ ലോകമെന്ന് കരുതുന്ന ഏക ജീവി മനുഷ്യന്‍. ഏക പ്രതിഭാസസം മനുഷ്യന്‍. 
"കിണര്‍ ലോകമല്ലെന്ന് കരുതാത്ത ഏക ജീവിയും മനുഷ്യന്‍. ഏക പ്രതിഭാസവും മനുഷ്യന്‍."
ശേഷം ഒന്ന് കൂടി തവള മുഖം കറുപ്പിച്ച് ചേര്‍ത്തുപറഞ്ഞു:
"വെള്ളിയാഴ്ചയും എല്ലാ ദിവസങ്ങളിലും പള്ളികളും അമ്പലങ്ങളും ചര്‍ച്ചുകളും അടച്ചിട്ടു.
"എന്ത് സംഭവിച്ചു.
"ദജ്ജാലും പിശാചും വന്നോ? "
"ഒരു ദജ്ജാലും പിശാചും വന്നില്ല. 
"ദജ്ജാലും പിശാചും ഇനിയങ്ങോട്ടും വരില്ല.
"പള്ളികളും അമ്പലങ്ങളും ചര്‍ച്ചകളും ഇനിയെന്നും കൊട്ടിയടഞ്ഞുറങ്ങട്ടെ.
"അപ്പോഴേ നിങ്ങൾ ഉണരൂ.
"നിങ്ങളുണര്‍ന്നാല്‍ വരാത്തതാണ് ദജ്ജാലും പിശാചും. 
"പള്ളികളും അമ്പലങ്ങളും ചര്‍ച്ചകളും ഇനിയും അടച്ചിട്ടാലും പ്രശ്‌നമില്ലെന്ന്‌ സാരം."
*****
പൂച്ചക്ക് വെറുതെ ഒറ്റക്ക് കിടക്കണം. 
നായക്ക് കൂട്ടമായ് അലയണം, ഓരിയിടണം .
ഉറുമ്പിനെപ്പോഴും ഉറങ്ങാതെ ജാഗ്രതയില്‍ ചലിക്കണം, പണിയെടുക്കണം.
ഈച്ചയുടെ കാര്യം പറയേണ്ട.
അവര്‍ക്ക് എപ്പോഴും ആഘോഷമാണ്.
ഈ അടുത്ത കാലത്ത് വിഭവസമൃദ്ധമാണ്.
കൊറോണയാണ് വിഭവം.
അവരുടെ ഇഷ്ടവിഭവം.