ചോദ്യം : എന്താണ്, എങ്ങിനെയാണ്, എങ്ങിനെയാവണം വിധിയും വിധിവിശ്വാസവും?
ഉത്തരം: ഇതുവരെയും നീ കണ്ടത് മനുഷ്യകേന്ദ്രീകൃത ദൈവത്തെ, നന്മയെ, തിന്മയെ, ഭൂമിയെ. ഒന്ന് മാറിനിന്ന് കാണൂ. എല്ലാവരും ഒന്ന്. എല്ലാവർക്കും ഒന്ന്. നിന്റെ വിധി വൈറസിനും വൈറസിന്റെ വിധി നിനക്കും ബാധകം. വിധിയില്‍ എല്ലാം ഒന്ന്. എല്ലാവർക്കും ഒന്ന്. ഒരു വിധിക്ക് വേണ്ടി എല്ലാം, എല്ലാവരും.
യാഥാര്‍ത്ഥ വിധിവിശ്വാസിയും വിധിനിഷേധിയും (അഥവാ ദൈവവിശ്വാസിയും ദൈവനിഷേധിയും) അവസാനം എത്തുന്ന മാനസികാവസ്ഥയും പ്രായോഗികതലവും ഒന്ന്, ഒരുപോലെ. സ്വന്തം നിലയില്‍ എന്തുമാവാം, ചെയ്യാം എന്നത്. താന്‍ ചെയ്യുന്നത് തന്നെയേ ഉള്ളൂ എന്ന്. അത് തന്നെയാണ് വിധിയും വിധിനിഷേധവും.
ഒന്ന് വിശ്വാസത്തില്‍ വിശ്വാസം, ഫലത്തില്‍ നിഷേധം, സ്വാതന്ത്ര്യം.
മറ്റേത് നിഷേധത്തില്‍ നിഷേധം. ഫലത്തില്‍ വിശ്വാസം, സ്വാതന്ത്ര്യം.
ചോദ്യം: അതെങ്ങിനെ? രണ്ടും രണ്ടല്ലേ?
അല്ല. യാഥാര്‍ത്ഥ വിശ്വാസവും യാഥാര്‍ത്ഥ നിഷേധവും ഒന്നാണ്. ഫലത്തില്‍ ഒന്നാണ്. കൊണ്ടുചെന്ന് എത്തിക്കുന്നത് ഒരിടത്താണ്. നിഷേധി വിശ്വാസിയാണ്. വിശ്വാസി നിഷേധിയാണ്.
ചോദ്യം : മനസിലാവുന്നില്ല?
യാഥാര്‍ത്ഥ വിധിവിശ്വാസിക്ക് എന്തും ചെയ്യാം, പേടിക്കാനില്ല. കാരണം എല്ലാം ദൈവനിശ്ചയം, ദൈവം ചെയ്യുന്നത്. താന്‍ എന്ത് ചെയ്താലും ചെയ്തില്ലേലും, ചിന്തിച്ചാലും ചിന്തിച്ചില്ലേലും ദൈവവിധി, ദൈവം ചെയ്യുന്നത്. ദൈവവിധി അല്ലാതെ, അതിനപ്പുറം താന്‍ ഒന്നും ചെയ്യുന്നില്ല, തനിക്ക് ഒന്നും ചെയ്യാനാവില്ല. അതിനാല്‍ തനിക്ക് എന്തും ചെയ്യാം. തന്റെ ഏത് ചിന്തയും ദൈവത്തിന്റെ ചിന്ത യും പ്രവര്‍ത്തിയും.
യഥാര്‍ത്ഥ വിധിവിശ്വാസി പൂര്‍ണസ്വതന്ത്രന്‍. അവന് അവന്‍ ഉദ്ദേശിക്കുന്നത് പോലെ തന്നെയാവാം. കാരണം അത് ദൈവത്തിന്റെ ഉദ്ദേശം കൂടിയാണ്. ഒരുതരം കുറ്റബോധവും സംഘർഷവും വേണ്ടതില്ല. തെമ്മാടിയും സന്യാസിയും ആകാം. രണ്ടും ഒരുമിച്ച് ആവുകയും ചെയ്യാം.
ചോദ്യം: അപ്പോൾ വിധിനിഷേധിയുടെ, അഥവാ ദൈവനിഷേധിയുടെ കാര്യമോ? അതെങ്ങിനെ വിശ്വാസിയുടെതിന് തുല്യമാകുന്നു?
ഉത്തരം: വിധിനിഷേധിക്കും, അഥവാ ദൈവനിഷേധിക്കും, മേല്‍പറഞ്ഞത് പോലെ തന്നെ എന്തും ചെയ്യാം, ഒന്നും പേടിക്കാനില്ല. കാരണം ദൈവമില്ല. എല്ലാം തന്റെ നിശ്ചയം. താന്‍ എന്ത് ചെയ്താലും ചെയ്തില്ലേലും, ചിന്തിച്ചാലും ചിന്തിച്ചില്ലേലും ദൈവവിധിയല്ല. തന്റെ വിധിയും നിശ്ചയവും ആയല്ലാതെ താന്‍ ഒന്നും ചെയ്യുന്നില്ല, തനിക്ക് ഒന്നും ചെയ്യാനാവില്ല. അതിനാല്‍ യഥാര്‍ത്ഥ വിധിനിഷേധി പൂര്‍ണസ്വതന്ത്രന്‍. തന്നെ നിയന്ത്രിക്കാന്‍ ആരും ഒന്നുമില്ല. അവന് അവന്‍ ഉദ്ദേശിക്കുന്നത് പോലെ തന്നെ തെമ്മാടിയും സന്യാസിയും ആകാം. രണ്ടും ഒരുമിച്ച് ആവുകയും ചെയ്യാം. ഒരുതരം കുറ്റബോധവും സംഘർഷവും വേണ്ടതില്ല.
ചോദ്യം: അപ്പോൾ വിധിയെന്നാല്‍?
ഉത്തരം: വിധി ചെറുതും വലുതുമാണ്. വിത്തും വിത്തിലെ മരവും ആണ്. ചെറുത് കണ്ട് ആവലാതി പറയരുത്. ചെറുതില്‍ നിന്റെ പ്രയത്നത്തെ പ്രാർത്ഥനയും പ്രാർത്ഥനയെ പ്രയത്നവും ആക്കിയാല്‍ വലുതുണ്ട്.
വിധി എന്നത് ഉണ്ടെങ്കിൽ, വിധിയും വിധികര്‍ത്താവും മാത്രമേ ഉള്ളൂ.
നീയും ഇല്ല, നിന്റെതും ഇല്ല.
നീയും നിന്റെതും വിധി മാത്രം.
ആ നിലക്ക്, വിധിയില്‍ വിശ്വസിച്ചാല്‍, നീ ഒന്നും ചെയ്യുന്നില്ല, നീ ഒന്നും പറയുന്നില്ല. പക്ഷെ നിനക്ക് എല്ലാം ചെയ്യാം. എല്ലാം ചെയത് കൊണ്ട് തന്നെ നീ ഒന്നും ചെയ്യാത്തവനാവും. ചെയ്യുന്നവനും പറയുന്നവനും ദൈവം മാത്രം എന്നാവും
എല്ലാം പറയുന്നതും ചെയ്യുന്നതും വിധിയും വിധികര്‍ത്താവും മാത്രം. അതിനെ നീ ദൈവം എന്ന് പേരിട്ട് വിളിച്ചാലും ഇല്ലേലും.
നീ നിനക്ക് വേണ്ടി എന്ന് വിചാരിച്ച് ചെയ്യുന്നതും പറയുന്നതും വിധികര്‍ത്താവ് വിധിച്ചത് കൊണ്ട്, വിധി കര്‍ത്താവ് ഉദേശിച്ചത് കൊണ്ട്. വിധി കര്‍ത്താവിന്റെ വിധി നടപ്പിലാക്കാന്‍. അതിനാല്‍, ആത്യന്തികമായി അവ വിധികര്‍ത്താവ് ചെയ്യുന്നതും പറയുന്നതും മാത്രം. ആപേക്ഷികമായി നീ ചെയ്യുന്നതാണെന്ന് തോന്നുമെങ്കിലും.
അത് കൊണ്ട്, എല്ലാം വിധി മാത്രം. എല്ലായിടത്തും വിധികര്‍ത്താവ് മാത്രം. എല്ലാം ചെയ്യുന്നതും പറയുന്നതും ദൈവം എന്ന് നീ പേരിട്ട് വിളിക്കുന്നത്.
വിധി ഉണ്ടാക്കിയവന്‍ മാത്രം പറയുന്നവനും ചെയ്യുന്നവനും.
നീയായിട്ട് ഒന്നും ചെയ്യുന്നില്ല, പറയുന്നില്ല.
നീ ചെയ്യുന്നതും പറയുന്നതും വിധി ഉണ്ടാക്കിയവന്ന് വേണ്ടി. ദൈവത്തിന് വേണ്ടി. നീ ചെയ്യുന്നതിലെ നന്മയും തിന്മയും ശരിയും തെറ്റും നീതിയും അനീതിയും എല്ലാം അങ്ങനെ തന്നെ. വിധി, വിധികര്‍ത്താവിന്റെത്.
അതിനാല്‍, നീ ചെയ്യുന്നത് കൊണ്ടുണ്ടാവുന്ന നന്മയും തിന്മയും ഇല്ല. നീ ചെയ്യുന്ന നന്മയും തിന്മയും ഇല്ല. നന്മയും തിന്മയും എന്നത് തന്നെ ഇല്ല. നിന്റെ ജീവിതവുമായി ബന്ധപ്പെട്ട ആവശ്യവും അനാവശ്യവും മാത്രമല്ലാതെ.
ആപേക്ഷികമായ നിന്റെ നന്മയും തിന്മയും വിധി ഉണ്ടാക്കിയവനിൽ നിന്ന്, ആത്യന്തികമായതിൽ നിന്ന് . വിധി ഉണ്ടാക്കിയവന്റെ മാനത്തില്‍ നിന്നുള്ള ന്യായം വെച്ച്. മണ്ണ് പോലെ. ഒരു ഗുണത്തിന് വേണ്ടിയും നിലകൊള്ളുന്നില്ല. എല്ലാ നിറവും രുചിയും ഉള്ള പഴങ്ങളും പൂക്കളും ഇലകളും ചെടികളും അതേ മണ്ണില്‍ നിന്ന്.
അല്ലെങ്കിൽ നീ മനസ്സിലാക്കേണ്ടത് മറ്റൊന്നാണ്. വിധികര്‍ത്താവിനെ സംബന്ധിച്ചേടത്തോളം നീ നിന്റെ ആപേക്ഷികമാനത്തില്‍ നിന്നും സാമൂഹ്യമായ പ്രതലത്തില്‍ നിന്നും മനസ്സിലാക്കുന്ന നന്മ തിന്മ, ശരി തെറ്റ്, നീതി അനീതി എന്നതില്ല. അത് നിന്റെ ആപേക്ഷികമാനത്തില്‍ നിന്നും സാമൂഹ്യമായ പ്രതലത്തില്‍ നിന്നും നിനക്ക് തോന്നുന്നത് മാത്രം. നിന്റെ ആവശ്യവും അനാവശ്യവും ആയി ബന്ധപ്പെട്ടത് മാത്രം.
എന്നുവെച്ചാല്‍ വിധി ഉണ്ടാക്കിയവന് നന്മയും തിന്മയും എന്നതില്ല എന്നർത്ഥം.
നന്മയും തിന്മയും ഉള്ളത് നിനക്ക് മാത്രം. നിന്റെ മാനത്തില്‍ മാത്രം. നിന്റെ ജീവിതത്തിന്
നന്മയെന്ന് നിനക്ക് തോന്നുന്ന രീതിയിലും തിന്മയെന്ന് നിനക്ക് തോന്നുന്ന രീതിയിലും വിധികര്‍ത്താവ് വേണ്ടത്, വേണ്ടിടത്ത്, വേണ്ടത് പോലെ, വേണ്ടപ്പോൾ സംഭവിപ്പിക്കുന്നു. അപ്പോൾ തന്നെ അത് മറ്റു പലതിനും ഉള്ള വിധിയായും. നിന്റെ ആരോഗ്യം മറ്റ് പലതിന്റെയും അനാരോഗ്യം, മരണം. മറ്റ് പലതിന്റെയും ആരോഗ്യം നിന്റെ അനാരോഗ്യം, മരണം. അത് ഏത് വൈറസ് ആയാലും ബാക്ടീരിയ ആയാലും.
അതിൽ നീ വെറും ഉപകരണം മാത്രം, നിമിത്തം മാത്രം, വഴി മാത്രം, ന്യായം മാത്രം. കുത്തും കോമയും മാത്രം. അത് പോലെ തന്നെ ബാക്ടീരിയയും വൈറസും. അവിടെ നീ വികൃതനായും സുന്ദരനായും കാണപ്പെടാം. ആരോഗ്യവാനും രോഗിയുമാവാം. ദരിദ്രനും സമ്പന്നനുമാവാം.
നിന്നെ സംബന്ധിച്ചേടത്തോളം നിനക്ക് ആവശ്യമായത് നിന്റെ നന്മ, നിനക്ക് ആവശ്യമില്ലാത്തത് നിന്റെ തിന്മ.
ദൈവം സകലതിന്റെയും ദൈവമാണെങ്കിൽ, അങ്ങനെ സകലതിന്റെയും ദൈവമാകയാല്‍, നിനക്ക് വേണ്ടാത്ത തിന്മ, നന്മയെന്ന് വരും. നീ കണക്കാക്കുന്ന തെറ്റ്, ശരിയെന്ന് വരും. നീ നിര്‍വ്വചിച്ച അനീതി, നീതിയെന്ന് വരും. പ്രളയവും കൊടുങ്കാറ്റും പൂവിരിയുന്നതും ആര്‍ത്തവവും മരണവും ജനനവും ഒന്ന് തന്നെ, ഒന്നുപോലെ എന്നും മറ്റ് പലതെന്നും വരും.
മറ്റുള്ളവയുടെ ആവശ്യങ്ങള്‍ അതിൽ ഉണ്ടെന്നതിനാല്‍.
അതിനാല്‍ ദൈവത്തില്‍ നിന്നും എല്ലാം സംഭവിക്കും. നന്മയും തിന്മയും ഒരുപോലെ. ആക്രമണവും പ്രതിരോധവും ഒരുപോലെ. സകലതിനും വേണ്ടി. സകലതും സംതുലനം ചെയ്യാൻ.
അവിടെയാണ് ആപേക്ഷിക മാനത്തില്‍ നിന്നും സാമൂഹ്യമായ തലത്തിൽ നിന്നും നീതിയും ശരിയും നന്മയും പറഞ്ഞ മൂസ തെറ്റാകുന്നതും, കുഞ്ഞിനെ കൊന്ന, കപ്പല്‍ നശിപ്പിച്ച ഖിളർ ചെയതത് ശരിയാവുന്നതും.
അവിടെയാണ് യാഥാര്‍ത്ഥ വിധിവിശ്വാസി ഒരിക്കലും ഒരുനിലക്കും പ്രാര്‍ത്ഥിക്കേണ്ടി വരാത്തത്. പ്രാര്‍ത്ഥിക്കേണ്ടതുണ്ട് എന്ന് കരുതേണ്ടി വരാത്തത്.
പിന്നെ, യാഥാര്‍ത്ഥ വിധിവിശ്വാസിക്ക് യഥാര്‍ത്ഥത്തില്‍ ആകാവുന്നതും ചെയ്യാവുന്നതും:
തോന്നുന്നത് പോലെ, ആവുന്ന അവസ്ഥയില്‍ ആയിക്കൊണ്ട് സ്വാഭാവികനായി ജീവിക്കുക മാത്രം.
കാരണം, എല്ലാം വിധി മാത്രം. എല്ലാം ചെയ്യുന്നതും സംഭവിപ്പിക്കുന്നതും വിധി കര്‍ത്താവ് മാത്രം.
നിന്റെ പ്രവര്‍ത്തിയും ചിന്തയും പഠനവും കളിയും ചിരിയും ഒക്കെയായി മാറുന്ന വിധിയും വിധികര്‍ത്താവും.
യാഥാര്‍ത്ഥ വിധിനിഷേധിക്കും യഥാര്‍ത്ഥത്തില്‍ ആകാവുന്നതും ചെയ്യാവുന്നതും ഇത് പോലെ തന്നെ.
തോന്നുന്നത് പോലെ, ആവുന്ന അവസ്ഥയില്‍ ആയിക്കൊണ്ട് സ്വാഭാവികനായി ജീവിക്കുക മാത്രം.
(തുടരും.....)
No comments:
Post a Comment