Tuesday, April 14, 2020

കൊറോണയെ കുറിച്ച് പൂച്ചയോടും നായയോടും ഉറുമ്പിനോടും, പിന്നെ ഈച്ചയോടും ചോദിച്ചു

പൂച്ചയോടും നായയോടും ഉറുമ്പിനോടും, പിന്നെ ഈച്ചയോടും ചോദിച്ചു
കൊറോണയെ കുറിച്ച്.
"വല്ലതും അറിഞ്ഞോ?" 
കേട്ടപാതി, കേള്‍ക്കാത്തപാതി, ഒന്നും മനസ്സിലാവാതെ, ഒന്നും മനസിലാക്കേണ്ടെന്ന മട്ടില്‍ കുലുങ്ങിച്ചിരിച്ച് നടന്നും ഓടിയും അവരകന്നു.
രാജ്യമെന്തെന്നും പൗരത്വം എന്തെന്നും അവർക്കറിയില്ല.
പിന്നെയാണോ? 
പൊട്ടന്‍മാര്‍.
കയറില്‍ കയറിപ്പിടിച്ചു എങ്ങിനെയോ കിണറ്റില്‍ നിന്നും കയറിവന്ന തവളയോടും ചോദിച്ചു.
കൊറോണയെ കുറിച്ച്..
ഇത് നാലാം തവണയാണ് തവള ഇങ്ങനെ കയറിവരാൻ ശ്രമിക്കുന്നത് 
തവളയും കുലുങ്ങിച്ചിരിച്ചു.
എന്നിട്ട് എന്റെ മുഖത്തേക്ക് നീട്ടിത്തുപ്പിക്കൊണ്ട് പറഞ്ഞു:
"കിണര്‍ ലോകമെന്ന് കരുതുന്ന ഏക ജീവി മനുഷ്യന്‍. ഏക പ്രതിഭാസസം മനുഷ്യന്‍. 
"കിണര്‍ ലോകമല്ലെന്ന് കരുതാത്ത ഏക ജീവിയും മനുഷ്യന്‍. ഏക പ്രതിഭാസവും മനുഷ്യന്‍."
ശേഷം ഒന്ന് കൂടി തവള മുഖം കറുപ്പിച്ച് ചേര്‍ത്തുപറഞ്ഞു:
"വെള്ളിയാഴ്ചയും എല്ലാ ദിവസങ്ങളിലും പള്ളികളും അമ്പലങ്ങളും ചര്‍ച്ചുകളും അടച്ചിട്ടു.
"എന്ത് സംഭവിച്ചു.
"ദജ്ജാലും പിശാചും വന്നോ? "
"ഒരു ദജ്ജാലും പിശാചും വന്നില്ല. 
"ദജ്ജാലും പിശാചും ഇനിയങ്ങോട്ടും വരില്ല.
"പള്ളികളും അമ്പലങ്ങളും ചര്‍ച്ചകളും ഇനിയെന്നും കൊട്ടിയടഞ്ഞുറങ്ങട്ടെ.
"അപ്പോഴേ നിങ്ങൾ ഉണരൂ.
"നിങ്ങളുണര്‍ന്നാല്‍ വരാത്തതാണ് ദജ്ജാലും പിശാചും. 
"പള്ളികളും അമ്പലങ്ങളും ചര്‍ച്ചകളും ഇനിയും അടച്ചിട്ടാലും പ്രശ്‌നമില്ലെന്ന്‌ സാരം."
*****
പൂച്ചക്ക് വെറുതെ ഒറ്റക്ക് കിടക്കണം. 
നായക്ക് കൂട്ടമായ് അലയണം, ഓരിയിടണം .
ഉറുമ്പിനെപ്പോഴും ഉറങ്ങാതെ ജാഗ്രതയില്‍ ചലിക്കണം, പണിയെടുക്കണം.
ഈച്ചയുടെ കാര്യം പറയേണ്ട.
അവര്‍ക്ക് എപ്പോഴും ആഘോഷമാണ്.
ഈ അടുത്ത കാലത്ത് വിഭവസമൃദ്ധമാണ്.
കൊറോണയാണ് വിഭവം.
അവരുടെ ഇഷ്ടവിഭവം.

No comments: