Tuesday, April 14, 2020

കൊറോണ പറയട്ടെ. "ഇനിയെത്രകാലം മനുഷ്യന്‍ ഇങ്ങനെ മുന്നോട്ട് പോകും?"

കൊറോണ പറയട്ടെ.
"ഇനിയെത്രകാലം മനുഷ്യന്‍ ഇങ്ങനെ മുന്നോട്ട് പോകും?
"ഇനിയുമെത്രകാലം മനുഷ്യനിങ്ങനെ മുന്നോട്ട് പോകാൻ കഴിയും?
"ഇനിയും എത്രയെത്ര വൈറസുകള്‍ വരാനിരിക്കുന്നു?
"മനുഷ്യന്‍ അറിയില്ല: ജീവിതം ജീവിതത്തെ കൊണ്ട്‌ ഗുണിക്കുന്നതും ഹരിക്കുന്നതും കൂട്ടുന്നതും കിഴിക്കുന്നതുമാണ് ജനനവും മരണവും രോഗവും ആരോഗ്യവും എന്നത്‌.
"അങ്ങനെ ഗുണിക്കുന്നതിലും ഹരിക്കുന്നതിലും കൂട്ടുന്നതിനും കിഴിക്കുന്നതിലും ജീവിതത്തിന്‌ ഞാനും നീയും എന്നതില്ല എന്ന്.
"എല്ലാം ജീവിതം മാത്രമാണെന്ന്. എല്ലാം ജീവിതത്തിന്റെ വ്യത്യസ്ത സ്വാഭാവങ്ങൾ മാത്രമാണെന്ന്. എല്ലാം പരസ്പരം കൂടിക്കുഴഞ്ഞാണെന്ന്.
ആ കൂടിക്കുഴച്ചലില്‍ ചിലപ്പോൾ മനുഷ്യന്‍ ബാക്ടീരിയയും വൈറസും കൊണ്ട്‌ ആരോഗ്യവാനാവും ജീവിക്കും.
മറ്റ് ചിലപ്പോള്‍ മനുഷ്യന്‍ ബാക്ടീരിയയും വൈറസും കൊണ്ട്‌ രോഗിയാവും മരിക്കും 
"എന്തായാലും ജീവിതത്തിന്റെ ഈ കൂട്ടലിലും കിഴിക്കലിലും ഗുണിക്കലിലും ഹരിക്കലിലും ചിലപ്പോൾ മനുഷ്യന്‍ ആധിപത്യം നേടും. മറ്റു ചിലപ്പോൾ മനുഷ്യന് കീഴടങ്ങേണ്ടി വരും.
"ഒരുപക്ഷേ മനുഷ്യന് പരസ്പരം നേരിടാം, വെല്ലുവിളിക്കാം.
"പലപ്പോഴും പലതിനും മതിയെന്ന് തോന്നിയ അവനുണ്ടാക്കിയ ആയുധങ്ങളും സാങ്കേതികവിദ്യയും അപ്പോൾ അതിന്‌ മാത്രമേ മതിയാവൂ. പരസ്പരം നേരിടാന്‍ മാത്രമേ മതിയാവൂ
"ഈ നിസ്സാര വൈറസിനെ നേരിടാന്‍ പോലും, യാഥാര്‍ത്ഥ വെല്ലുവിളികള്‍ നേരിടാന്‍, പ്രകൃതിയെ യാഥാവണ്ണം നേരിടാന്‍, അന്ന് അവന്റെ കൈയിലുള്ളതൊന്നും മതിയാവാതെ വരും.
"പ്രളയമായാലും ഭൂകമ്പമായാലും സുനാമിയായാലും വൈറസും ബാക്ടീരിയയുമായാലും ചിലപ്പോളവന് വെറുതെ നിസ്സഹായാവസ്ഥ നായിക കാഴ്ചക്കാരനായി നോക്കി നില്‍ക്കേണ്ടി വരും.
"അവന്റെ എല്ലാ ശ്രമങ്ങളും ഓടുന്ന വണ്ടിക്കുള്ളില്‍ നിന്നുള്ള ഓട്ടം മാത്രമായിക്കൊണ്ട്.
"വണ്ടി ഓടുന്ന വേഗതയിലോ ദിശയിലൊ ഒരു വ്യത്യാസവും മനുഷ്യന്‍ ഉണ്ടാക്കാതെ, മനുഷ്യന് ഉണ്ടാക്കാന്‍ സാധിക്കാതെ. 
"അവന്‍ മാത്രമാണ്, അവന്ന് മാത്രമാണ് ഭൂമി, ലോകം, പ്രപഞ്ചം എന്ന ധാരണ അവന് തിരുത്തേണ്ടി വരും.
അവനും ആ വണ്ടിയിലെ നൂറായിരം കോടി യാത്രികരിൽ ഒരു യാത്രക്കാരന്‍ മാത്രം. ഒരു സാധ്യത മാത്രം. 
"ജീവിതത്തെ മാത്രം ബാക്കിയാക്കി ഉപേക്ഷിച്ച്‌ ഇല്ലാതായിപ്പോകുന്ന യാത്രയും യാത്രക്കാരനും. വെറും ഒരു സാധ്യത. 
"അവന്റെ കണ്ണില്‍ പെടാത്തത്ര ചെറിയ, അവന്റെ മാനദണ്ഡം വെച്ച് ജീവനില്ലാത്ത, എന്നാല്‍ ജീവനുള്ള വൈറസിനെ നേരിടാന്‍ പോലും അവന്‍ പോര. അവന്റെ ഒരു സാമഗ്രികളും പോര. 
"ഇപ്പോഴും ചെറുതാണ്‌ വലുത് എന്നവന്‍ അറിയുന്നില്ല.
"ചെറുതിലെ വലുതിനെ അവന്‍ കാണുന്നില്ല. 
"വലുതല്ല വലുത്, യാഥാര്‍ത്ഥത്തില്‍ വലുത് ചെറുതാണ്‌ എന്നവന് മനസ്സിലാവുന്നില്ല.
"അവന്റെ കണ്ണില്‍ കാണാവുന്നതിനേക്കാള്‍ ചെറിയ വൈറസ് എത്ര വലുതെന്ന് അവന് മനസ്സിലാവുന്നില്ല.
"അവന് ഭൂമിയെന്ന പോലെയാണ് വൈറസിന് അവനെന്ന് അവന് മനസ്സിലാവുന്നില്ല.
"അവന്‍ വൈറസിന്റെ വാസസ്ഥലമായി മാറുന്ന കഥ അവന് അംഗീകരിക്കാന്‍ കഴിയുന്നില്ല. 
"അവന്‍ ദൈവമെന്ന് വിളിക്കുന്ന പ്രകൃതിക്ക് പ്രകൃതിയുടെതായ താളമുണ്ട്, സംതുലനമുണ്ട്, അത് നടത്തേണ്ടതുണ്ട് എന്നും അവന് മനസിലാവുന്നില്ല.
ആ സംതുലനത്തിന് വൈറസുകളും വേണ്ടിവരുമെന്നും അവന് മനസിലാവുന്നില്ല.
"പ്രകൃതിയില്‍ വൈറസും മനുഷ്യനും തുല്യം.
"മനുഷ്യന് ഒരളവോളം അതങ്ങിനെ അംഗീകരിക്കാനാവില്ല.
"എനിക്കും സ്വന്തമായി അതങ്ങിനെ തന്നെയാണ്. സ്വയം അംഗീകരിക്കാന്‍ കഴിയാത്തത് പോലെ. 
"മനുഷ്യനറിയുന്നില്ല ഇത്രയ്ക്ക് വര്‍ദ്ധിച്ച, ആധിപത്യം നടത്തിയ മനുഷ്യന്‍ തന്നെയും ഭൂമിയെ ബാധിച്ച വലിയൊരു വൈറസാണെന്ന്. അര്‍ബുദമാണെന്ന്. അര്‍ബുദരോഗാണുവാണ് മനുഷ്യനെന്ന് 
"വൈറസ് അവനെ ബാധിക്കുന്നത് പോലെ ഭൂമിയെ മൊത്തം ബാധിച്ച അര്‍ബുദമാണ്‌ വൈറസാണ്‌ അവനെന്ന്. 
*****
പിന്നീട് കൊറോണ പ്രാര്‍ത്ഥിക്കുന്നുതും കേട്ടു.
"ഉണ്ടെങ്കിൽ ഉള്ള ദൈവമേ,
"നിന്റെ വേണ്ടുകയാണ് നടക്കുന്നത്.
"നിന്റെ വേണ്ടു ക യില്‍ നന്മയും തിന്മയും ഒരുപോലെ. അഥവാ നന്മയും തിന്മയും ഇല്ല. 
"നിന്റെ വേണ്ടുകയില്‍ ഞാനോ മനുഷ്യനോ സൂര്യനോ ഭൂമിയോ ഒന്നും കേന്ദ്രബിന്ദുവല്ല.
"കേന്ദ്രബിന്ദു നീ മാത്രം. ജീവിതം മാത്രം. 
"നീയായിത്തീരുന്ന, നീയായിത്തീരാനുള്ള നമ്മൾ മാത്രം.
"ജീവിതമായിത്തീരുന്ന, ജീവിതമായിത്തീരാനുള്ള നമ്മൾ
"പക്ഷേ എന്തു ചെയ്യാം? നമ്മൾ നമ്മളായിപ്പോയി. പേര്‌ കൊണ്ട്‌ വ്യത്യസ്തരായവർ 
"മനുഷ്യന്‍ മനുഷ്യനും, വൈറസ് വൈറസുമായിപ്പോയി.
"ആവത് സ്വയം സംരക്ഷിച്ചു കൊണ്ട്‌. സ്വയം സംരക്ഷിക്കാന്‍ മാത്രമായിക്കൊണ്ട്. 
"ആയതിൽ നമ്മൾ വൈറസുകള്‍ നമ്മുടെ തന്ത്രങ്ങൾ പരീക്ഷിക്കുന്നു.
"മനുഷ്യന്‍ മനുഷ്യന്റെ തും പരീക്ഷിക്കുന്നു. 
"എല്ലാറ്റിനുമപ്പുറം, ദൈവമേ നീ നിന്റെതും, നിന്റെ വഴിക്കും പരീക്ഷിക്കുന്നു.
" അന്തിമമായി നിലനില്‍ക്കുന്നത് നിന്റെ തന്ത്രം മാത്രം. 
"എന്നാലും, നമുക്ക് ജീവിച്ച് പോകണം.
മനുഷ്യനും ജീവിച്ചു പോകണം. 
"എന്തിനെന്നൊന്നുമില്ല.
"എന്നിട്ടും നമുക്ക് വേണം.
"എന്നിട്ടും ജീവിക്കണം.
"ജീവനുള്ളത് പോലെയും അല്ലാതെയും. 
"നീ അതിനുള്ള സാവകാശം നമുക്ക് തരുന്നു.
"കാലം പോലും അല്ലാത്ത ഒരു ചെറിയ കാലം.
"അളവ് പോലും അല്ലാത്ത ഒരു ചെറിയ അളവില്‍.
*****
കൊറോണ തുടർന്ന് പറയുന്നു.
"നമ്മൾ നമ്മളെ സംരക്ഷിക്കും.
എന്ത് തന്ത്രം പ്രയോഗിച്ചും, വില കൊടുത്തും. 
"മനുഷ്യന്‍ മനുഷ്യനെയും സംരക്ഷിക്കും.
എന്ത് തന്ത്രം പ്രയോഗിച്ചും, വില കൊടുത്തും. 
എല്ലാം നീ മാത്രമായ ഞാനും നീയുമായ് തുടർന്ന് സമതുലിതപ്പെട്ടു കൊണ്ട്‌.

No comments: