Tuesday, April 14, 2020

കൊറോണക്കാലത്തെ ചോദ്യം : പദാര്‍ത്ഥം എങ്ങിനെ എനര്‍ജി എന്ന് വരും?

കൊറോണക്കാലത്തെ ചോദ്യം :
പദാർഥം എന്ന് പറയുമ്പോള്‍ എനര്‍ജി എവിടെയാണ്...? പദാര്‍ത്ഥം എങ്ങിനെ എനര്‍ജി എന്ന് വരും? 
ശരിയാണ്‌.
പദാര്‍ത്ഥം ഊര്‍ജ്ജമാണോ, ബോധമാണോ, അതല്ല തിരിച്ചും മറിച്ചുമാണോ എന്നൊക്കെ നമുക്ക് സംശയിക്കാം, തര്‍ക്കിക്കാം.
ആ നിലക്ക് താങ്കളുടെ ചോദ്യവും സ്ഥാനത്താണ്. 
പദാര്‍ത്ഥമെന്നും ഊര്‍ജമെന്നും ബോധമെന്നും ഒക്കെ സ്വന്തം നിലക്ക് അര്‍ത്ഥമായി കൊടുത്തതാണ്.
ഇവിടെ ഉണ്ടെന്ന് പറയുന്നതിനെ വിശേഷിപ്പിക്കാനുള്ള ശ്രമം 
ജനങ്ങള്‍ ഉപയോഗിക്കുന്ന സംജ്ഞ തന്നെ ഉപയോഗിച്ചു എന്ന് മാത്രം.
പൂര്‍ണമല്ല.
ആ നിലക്ക് താങ്കളുടെ ചോദ്യം സ്ഥാനത്ത് തന്നെ. 
ഒരു പദപ്രയോഗവും പോര.
യാഥാര്‍ത്ഥത്തില്‍ ഉള്ളതിനെ ഒന്ന് കൊണ്ടും പറഞ്ഞവതരിപ്പിക്കാന്‍ കഴിയില്ല.
ദൈവം എന്ന വാക്കും അതിന്‌ പോരാത്തത്.
എല്ലാ വാക്കുകളും ഒരു ശ്രമം മാത്രം.
ദൈവം എന്ന വാക്ക് പോലും വെറും ശ്രമം.
കയറിപ്പിടിക്കാന്‍ കഴിയാത്തത് കയറിപ്പിടിക്കാനുള്ള ശ്രമം മാത്രമായ കോണിപ്പടികള്‍. 
പറയാൻ കഴിയാത്തത് പറയാനും പറഞ്ഞ്‌ അവതരിപ്പിക്കാനും ഉള്ള ശ്രമം, കോണിപ്പടി. 
വെറും സാധ്യതയെ സൂചിപ്പിക്കുന്നത്. 
എരിവും പുളിയും മധുരവും വേദനയും ദുഃഖവും നാം അതിന്‌ വേണ്ടി കണ്ടെത്തി ഉപയോഗിക്കുന്ന പദപ്രയോഗങ്ങളില്‍ വരുന്നില്ലെങ്കില്‍ പിന്നെ ദൈവം, പദാര്‍ത്ഥം, ഊര്‍ജം, ബോധം എന്നീ വാക്കുകള്‍ യഥാര്‍ത്ഥ ഉണ്മയെ വിളിച്ചറിയിക്കാന്‍ എങ്ങിനെ മതിയാവും?
അല്ലെങ്കിലും പദാര്‍ത്ഥത്തിന്റെ അലിഞ്ഞുരുകിയ അമൂര്‍ത്ത രൂപമാണ് ഊര്‍ജം.
ഊര്‍ജത്തിന്റെ ഘനീഭവിച്ച മൂര്‍ത്ത രൂപമാണ് പദാര്‍ത്ഥം.
ഊര്‍ജം തന്നെയാണ് പദാര്‍ത്ഥമായ് കാണപ്പെടുന്നത്. പദാര്‍ത്ഥമായ് തീര്‍ന്നത്.
പദാര്‍ത്ഥം തന്നെയാണ് ഊര്‍ജമായ് അനുഭവപ്പെടുന്നത്, ഊര്‍ജമായ് തീരുന്നത്.
****
ചുരുക്കിപ്പറഞ്ഞാൽ:
നമ്മളിലൂടെ, നമ്മൾ തന്നെയായി, ജീവിതമായി വര്‍ത്തിക്കുന്ന ദൈവം മാത്രം, പദാര്‍ത്ഥം മാത്രം. ഉള്ളതും ഇല്ലാത്തതുമായ ദൈവം, പദാര്‍ത്ഥം. 
ചോദ്യം:
ഒന്നു കാണിക്കുക.
ആ ദൈവത്തെ.
കക്കൂസിലിരിക്കുന്ന ദൈവത്തെ.
തൂണിലിരിക്കുന്ന, തുരുമ്പിലിരിക്കുന്ന ദൈവത്തെ.
ഉത്തരം:
എന്ത്‌ കാണിക്കാനിരിക്കുന്നു?
കണ്ടോളൂ.
എവിടെയും എപ്പോഴും. എവിടെയെങ്കിലും എപ്പോഴെങ്കിലും മാത്രമായല്ലാതെ. 
ഓരോരുത്തരെയും ഓരോന്നിനെയും ഓരോ സംഭവത്തെയും വൈറസിനെയും അതായിത്തന്നെ കണ്ടോളൂ. ദൈവമായ് തന്നെ. പദാര്‍ത്ഥമായ് തന്നെ. 
എപ്പോഴെല്ലാം എന്തെല്ലാം എവിടെയെല്ലാം കാണുന്നുവോ, അപ്പോഴെല്ലാം അവിടെയെല്ലാം, അവയിലെല്ലാം ദൈവത്തെ കണ്ടു എന്നും മനസിലാക്കുക. പദാര്‍ത്ഥത്തെയും. 
അതായിത്തന്നെ, അങ്ങനെയായിത്തന്നെ ദൈവം ആയിരിക്കുന്നതും പണിയെടുക്കുന്നതും കണ്ടോളൂ.
അപ്പോൾ ദൈവവും പദാര്‍ത്ഥവും ആയിരിക്കുന്നതും പണിയെടുക്കുന്നതും കണ്ടു എന്നും മനസിലാക്കുക.
*****
ഇനി പറയാം. 
അങ്ങനെയല്ലാത്ത, അങ്ങനെയല്ലെന്ന് വാശിപിടിക്കുന്ന താങ്കളുടെ ദൈവത്തെ താങ്കള്‍ കാണിച്ചത് പോലെയുണ്ടല്ലോ താങ്കളുടെ മറുപക്ഷത്തോടുള്ള ഈ ചോദ്യം?
അവർ കാണിച്ചിട്ടില്ലെങ്കില്‍, താങ്കള്‍ താങ്കളുടെത് കാണിക്കാത്തത് പോലെ അവരും കാണിക്കുന്നില്ല എന്ന് മാത്രം മനസിലാക്കണം.
എന്നാല്‍ താങ്കള്‍ ഒന്ന് മനസ്സിലാക്കിയില്ല.
അവർ കാണിച്ചു തരുന്നുണ്ട്.
അവരുടെ ദൈവത്തെ.
എല്ലായിടത്തും.
വയലില്‍ പണിയെടുക്കുന്ന കര്‍ഷകനിലും മക്കളെ പോറ്റുന്ന മാതാപിതാക്കളിലും തേന്‍ ശേഖരിക്കുന്ന തേനീച്ചയിലും മാങ്ങ തരുന്ന മാവിലും ഒക്കെ.
ചെയ്യുന്നതും പറയുന്നതും മുഴുവന്‍ ദൈവം മാത്രം. 
ഒരുപക്ഷേ ഇവ്വിധം അവര്‍ക്ക് അവരുടെ ദൈവത്തെ കാണിക്കാന്‍ എളുപ്പം സാധിക്കുന്നു.
അവര്‍ക്ക് തൂണും തുരുമ്പും മറ്റെന്തും, പിന്നെ എന്തും എങ്ങിനെ ആകുന്നതും മാത്രം തന്നെ കാണിച്ചാല്‍ മതി.
അവരുടെ ദൈവമായി.
ആവുന്നതെല്ലാം ദൈവം.
ആവാത്തതെല്ലാം അതും ദൈവം. 
കാണുന്നതും കാണാത്തതും എല്ലാം അവര്‍ക്ക് ദൈവം.
എന്നാല്‍ താങ്കള്‍ക്കോ? 
അവര്‍ക്ക് എല്ലാം ദൈവമാണ്.
എവിടെയും ദൈവമാണ്.
ളാഹിറും ബാത്തിനും ദൈവം.
എന്ന് വെച്ചാല്‍,
പ്രത്യക്ഷവും പരോക്ഷവും ദൈവം. 
പക്ഷേ, താങ്കള്‍ക്ക്,
താങ്കള്‍ ധരിച്ചുവെച്ച ഇതൊന്നുമല്ലാത്ത താങ്കളുടെ ദൈവത്തെ കാണിക്കാൻ സാധിക്കുന്നില്ല.
അവർ എല്ലാം ദൈവമെന്ന് കരുതുന്നു.
അതിനാല്‍ കാണുന്ന, കേള്‍ക്കുന്ന, കാണിക്കുന്ന എല്ലാം തന്നെ അവരെ സംബന്ധിച്ചിടത്തോളം ദൈവം.
നിങ്ങളോ?
നിങ്ങളുടെ ദൈവത്തെ എവിടെ, എങ്ങിനെ കാണിക്കും?
എന്നിരിക്കെ എന്തിനാണ് ഇങ്ങനെയുള്ള വെല്ലുവിളിയും ചോദ്യവും.
വിവേകം സൂക്ഷിക്കുക.
ഉള്ളിലേക്ക് നോക്കി, ആത്മപരിശോധന നടത്തുക.
*********
ചോദ്യം:
തൂണാണോ ദൈവം...?
തൂണുകൾ തകർന്ന് വീഴുന്നില്ലേ ...? 
ഉത്തരം :
സുഹൃത്തെ, എന്തൊക്കെയാണ് താങ്കള്‍ ചോദിക്കുന്നത്?
ദൈവത്തെ താങ്കള്‍ താങ്കളുടെ മാനത്തില്‍ മാത്രമായി ചുരുക്കിക്കാണുന്നു.
ദൈവം എല്ലാ മാനത്തിലും ഉണ്ട്.
എന്നാല്‍ ഒരു മാനത്തിനലും ദൈവം ഒതുങ്ങി ചുരുങ്ങി നില്‍ക്കുന്നുമില്ല. 
വീഴ്ച, ഉയര്‍ച്ച എന്നത്‌ നിങ്ങളുടെ ആപേക്ഷിക മാനത്തിൽ മാത്രം ഉള്ളത്. 
ആത്യന്തിക മാനത്തില്‍ നിന്ന് നോക്കുമ്പോള്‍ വീഴുന്നുമില്ല, ഉയരുന്നുമില്ല.
ആത്യന്തിക മാനത്തില്‍ നിന്ന് നോക്കുമ്പോള്‍ നന്മയും ഇല്ല തിന്മയും ഇല്ല.
അതിനാല്‍ തന്നെ ദൈവത്തിന് താങ്കള്‍ ഉണ്ടെന്ന് വിചാരിക്കുന്ന ഒന്നും ഇല്ല, ഒന്നും ബാധകമല്ല. അവയൊക്കെ യും താങ്കള്‍ക്ക് മാത്രം ഉണ്ടെന്ന് തോന്നുന്നത്. ആപേക്ഷിക മാനത്തില്‍. 
****
ചോദ്യം: വിഗ്രഹങ്ങൾ എന്തിനാണ് അങ്ങനെയെങ്കിൽ? 
ഉത്തരം :
ദൈവം എന്ന പേരും ദൈവത്തിനുള്ള മറ്റനേകം പേരുകളും വിശേഷണങ്ങളും ദൈവത്തിനുള്ള ബിംബങ്ങൾ തന്നെയാണ്. ഭാഷയിലെ ബിംബങ്ങൾ. വിഗ്രഹങ്ങൾ. 
ബിംബങ്ങൾ മുഴുവന്‍ വിഗ്രഹങ്ങൾ. കയറാനുള്ള ശ്രമം. കോണിപ്പടികള്‍.
വിനിമയത്തിനും നമ്മൾ ബിംബങ്ങൾ ഉപയോഗിക്കുന്നു. കോണിയായി.
**********

No comments: