Tuesday, April 14, 2020

കൊറോണ ചോദിക്കുന്നു.

കൊറോണ ചോദിക്കുന്നു.
ഒരു ഭാഗത്ത് പ്രകൃതിയും അതിലുള്ളത് മുഴുവനും മനുഷ്യന് വേണ്ടി മാത്രം എന്ന ചിന്ത.
(ഇങ്ങനെയൊരു ചിന്ത മനുഷ്യന് മാത്രമല്ല, പ്രകൃതിയിലെ എല്ലാ ഓരോന്നിനുമുണ്ട്. മനുഷ്യന്‍ അതറിയുന്നില്ല എന്ന് മാത്രം) 
മറുഭാഗത്ത് മനുഷ്യനും, (അത് പോലെ പ്രകൃതിയിലെ എല്ലാ ഓരോന്നും) പ്രകൃതിയുടെ വളരെ ചെറിയ ഭാഗം എന്ന ചിന്ത.
നിങ്ങൾ ഏത് പക്ഷത്ത് നില്‍ക്കുന്നു? 
*******
കൊറോണ തന്നെ പറയട്ടെ..... 
പ്രത്യേകിച്ചും ഇപ്പോൾ കൊറോണയുടെ പിടുത്തത്തില്‍ നിന്നും കുതറി മാറാൻ break the chain നടപ്പാക്കുന്ന മനുഷ്യനോട്.
"അല്ലെങ്കിലും നീ പ്രകൃതിയില്‍ നിന്നും മുറിഞ്ഞ്, പ്രകൃതിയുടെ chain പൊട്ടിച്ച് എപ്പോഴേ അകന്ന് നില്‍ക്കുന്നവനാണ്? 
അസ്വാഭാവികതയെ പ്രണയിച്ച് അധ്വാനിച്ച് മാത്രം ജീവിക്കുന്നവന്‍ നീ. 
അധ്വാനത്തെ ജീവിതമെന്ന് കരുതി നരകിക്കുന്നവന്‍ നീ.
അഭിനയിക്കുക മാത്രം ജീവിതമാക്കിയവന്‍ നീ.
വര്‍ത്തമാനത്തെ ഭാവിക്ക് വേണ്ടി പണയം വെച്ചവന്‍ നീ. 
*****
എന്തുകൊണ്ട്‌ ജീവിക്കുന്നു?
എന്തുകൊണ്ട്‌ ജീവിക്കണം?
എന്തിന്‌ ജീവിക്കുന്നു?
എന്തിന്‌ ജീവിക്കണം?
എന്നൊന്നും നിനക്കറിയില്ല.
എന്നാലും നീയാണ് നിനക്ക് വലുത്.
നീ മാത്രം ജീവിക്കണമെന്ന് നിനക്ക് നിര്‍ബന്ധം.
നിനക്ക് വേണ്ടി മാത്രമാണ് എല്ലാം
എന്ന ധാരണ വെച്ച് തന്നെ
നീ ജീവിക്കുന്നു, നിനക്ക് ജീവിക്കണം. 
എന്നാലോ, മരിക്കാൻ നിനക്ക് വല്ലാത്ത പേടി.
*****
എല്ലാറ്റിനേയും കൊല്ലുന്ന, മരിപ്പിക്കുന്ന നീ, 
എല്ലാറ്റിനെയും നശിപ്പിക്കുന്ന നീ,
എല്ലാറ്റിനേയും ഭക്ഷിക്കുന്ന നീ ,
സ്വയം കൊല്ലപ്പെടാനും, മറ്റുള്ളവര്‍ക്ക് ഭക്ഷണമാവാനും നിന്നുകൊടുക്കുന്നില്ല, സമ്മതിക്കുന്നില്ല.
മരണാനന്തരം പോലും അങ്ങനെ ഭക്ഷണമാവാന്‍ നീ നിന്നുകൊടുക്കുന്നില്ല, സമ്മതിക്കുന്നില്ല.
സമസൃഷ്ടി ലോകത്തെ ആ നിലക്ക് നീ പരിഗണിക്കുന്നതേ ഇല്ല.
എല്ലാം നിനക്ക് വേണ്ടി, നീ ആര്‍ക്ക് വേണ്ടിയും അല്ലെന്ന മട്ടില്‍ 
അങ്ങനെ മറ്റുള്ളവര്‍ക്ക് ഭക്ഷണമായി ചങ്ങലയില്‍ കോര്‍ന്നു നിൽക്കാൻ സമ്മതിക്കാതെ,
നീ നിന്റെ ശരീരത്തെ കത്തിക്കുന്നു.
അതുമല്ലെങ്കില്‍, ആര്‍ക്കും ഭക്ഷിക്കുക സാധ്യമല്ലാത്ത കോലത്തില്‍ നീ നിന്റെ ശരീരത്തെ ഭൂമിക്കടിയില്‍ കുഴിച്ചുമൂടുന്നു.
അങ്ങനെ നീ ജീവിതം ജീവിതത്തിന്‌ വേണ്ടി ഉണ്ടാക്കിയ ചങ്ങല ഭേദിക്കുന്നു.
അഥവാ അങ്ങനെ ചങ്ങല ഭേദിക്കാന്‍ ഒരു വിഫലശ്രമം നീ മുഴുക്കെയും നടത്തുന്നു. 
ആ നിലക്ക് പ്രകൃതിയുടെ, ജീവിതത്തിന്റെ ആ chain, 
പണ്ടേ നീ ഭേദിച്ചിരിക്കുന്നു.
******

No comments: