Tuesday, April 14, 2020

(തുടരുന്നു....) ചോദ്യം : വിധിയെ കുറിച്ച് നിങ്ങൾ പറഞ്ഞത് മനസിലാക്കുന്നു.

(..... തുടരുന്നു....)
ചോദ്യം : വിധിയെ കുറിച്ച് നിങ്ങൾ പറഞ്ഞത് മനസിലാക്കുന്നു.
വിധിയില്‍ വിശ്വസിച്ചാലും നിഷേധിച്ചാലും ഫലം ഒന്ന് തന്നെയെന്ന് മനസ്സിലാക്കുന്നു.
വിധിവിശ്വാസം കൈക്കൊണ്ടാല്‍, പിന്നെ നാം ചെയ്യുന്നതും പറയുന്നതും എല്ലാം ദൈവം മാത്രം ചെയ്യുന്നതും പറയുന്നതും എന്ന് വരും എന്ന് മനസ്സിലാക്കുന്നു. 
അത് കൊണ്ട്‌ വിധിവിശ്വാസിക്ക് എന്തും ചെയ്യാം. വിധിനിഷേധിക്കും അതുപോലെ തന്നെ എന്തും ചെയ്യാം. 
ശരിയാണ്‌. അംഗീകരിക്കുന്നു.
ആ നിലയില്‍ നന്മയും തിന്മയും എന്നത്‌ ഇല്ലെന്നും, ഉണ്ടെന്ന്, നമ്മുടെ ആപേക്ഷിക മാനത്തില്‍ നിന്ന്, തോന്നുന്ന നന്മയും തിന്മയും ദൈവത്തില്‍ നിന്നാണെന്നും, ആ നന്മയുടെയും തിന്മയുടെയും ഉടമസ്ഥത നന്മയും തിന്മയും ഇല്ലാത്ത ദൈവത്തിന് മാത്രമാണെന്നും മനസ്സിലാക്കുന്നു. അധികാരികള്‍ ആരും അധികാരികളല്ലെന്നും എല്ലാ അധികാരത്തിനും ഉടമസ്ഥന്‍ ദൈവമാണെന്നും മനസിലാക്കുന്നു. 
ആ നിലക്ക് നന്മ തിന്മ മാനദണ്ഡമാക്കി രക്ഷ ശിക്ഷ എന്നത്‌ ഉണ്ടാവുക എന്നതിൽ അര്‍ത്ഥമില്ലെന്നും മനസ്സിലാക്കുന്നു.
എന്നാലും ഒരു ചോദ്യം:
ഞാനൊരു മുസ്ലിമാണ്. അങ്ങനെയാണ്‌ ജന്മനാ സാഹചര്യവശാല്‍ ആയത്. ആ സ്ഥിതിക്ക് നിങ്ങൾ മേല്‍പറഞ്ഞ കാര്യങ്ങളെ ഇസ്ലാമികമായി വ്യക്തമാക്കി തരാമോ?
നിങ്ങൾ മേല്‍പറഞ്ഞത് യാഥാര്‍ത്ഥ ഇസ്ലാമിന്‌ വിരുദ്ധമല്ലെന്നും, യാഥാര്‍ത്ഥത്തില്‍ മുഹമ്മദ് നബി പഠിപ്പിക്കാന്‍ ഉദ്ദേശിച്ച ഇസ്ലാമിന്റെ വിശദീകരണം മാത്രമാണെന്നും പറഞ്ഞുതരുമോ?
ഉത്തരം:
നിങ്ങൾ ഇന്ന്‌ അറിഞ്ഞുവരുന്ന രാഷ്ട്രീയ ഇസ്ലാം ആയാലും, മുഹമ്മദ് നബി യാഥാര്‍ത്ഥത്തില്‍ പഠിപ്പിച്ചിരുന്ന ഇസ്ലാം ആയാലും അതിന്റെ ഒക്കെ അടിസ്ഥാനം മേല്‍പറഞ്ഞ വിധിവിശ്വാസം തന്നെയാണ്. ആ വിധിവിശ്വാസത്തിന്റെ അര്‍ത്ഥം മേല്‍പറഞ്ഞത് പോലെ മാത്രം തന്നെയാണ്.
തെളിവുകൾ.
1. ഇസ്ലാമികമായി മനുഷ്യന്‍ ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധി മാത്രമാണ്‌. ഖലീഫയാണ്.
മുസ്ലിമും വിശ്വാസിയും മാത്രമല്ല ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധി. മനുഷ്യന്‍ മൊത്തം തന്നെ ദൈവത്തിന്റെ പ്രതിനിധിയാണ്.
എപ്പോഴെങ്കിലും എവിടെയെങ്കിലും മാത്രമല്ല മനുഷ്യന്‍ ദൈവത്തിന്റെ പ്രതിനിധിയാവുന്നത്.
എപ്പോഴും എവിടെയും മനുഷ്യന്‍ ദൈവത്തിന്റെ പ്രതിനിധി മാത്രമാണ്.
സൃഷ്ടിയുടെ തുടക്കം മുതലേ, ആദ്യകാലം മുതൽ തന്നെ, മനുഷ്യന്‍ അവന്റെ ഏതവസ്ഥയിലും, ദൈവത്തിന്റെ പ്രതിനിധി മാത്രമാണ്.
എന്നു വെച്ചാല്‍ എന്താണതിനര്‍ത്ഥം?
മനുഷ്യന്‍ ചെയ്യുന്നതും പറയുന്നതും ചിന്തിക്കുന്നതും എന്തും ഏതും, എപ്പോഴും എവിടെയും, ദൈവം പറയുന്നതും ചെയ്യുന്നതും വിചാരിക്കുന്നതും മാത്രമേ ആകൂ.
മനുഷ്യന്‍ ദൈവത്തെ പ്രതിനിധീകരിക്കുക മാത്രമാണ്. ഒരുപക്ഷേ, മനുഷ്യന്‍ പോലും ബോധപൂര്‍വ്വം അതറിയാതെ. അവന്‍ ചെയ്യുന്ന നന്മയും തിന്മയും ദൈവം ദൈവത്തിന് വേണ്ടി ചെയ്യിപ്പിക്കുന്നത്, സംഭവിപ്പിക്കുന്നത്. 
പ്രതിനിധി എന്ന നിലയില്‍ ദൈവം പറയാനും ചെയ്യാനും ഉദ്ദേശിക്കുന്നത് മാത്രമേ മനുഷ്യന് ചെയ്യാനും പറയാനും പറ്റൂ. അത് നന്മയാണെങ്കിലും തിന്മയാണെങ്കിലും. അതിൽ നന്മ തിന്മ വ്യത്യാസം ഇല്ലെന്ന് അര്‍ത്ഥം.
മനുഷ്യന് സ്വാതന്ത്ര്യം ഉണ്ടെന്ന് തോന്നുന്നത് മാത്രമാണ്. മനുഷ്യന് ഉണ്ടെന്ന് തോന്നുന്ന സ്വാതന്ത്ര്യം സ്വാതന്ത്ര്യമല്ല. വെറും തോന്നല്‍ മാത്രം. അവന്‍ അകപ്പെട്ട മാനത്തിലെ സ്വാതന്ത്ര്യം മാത്രം. തവള അകപ്പെട്ട ലോകത്തെ തവളക്കുള്ള സ്വാതന്ത്ര്യം മാത്രം. 
2. ഇസ്ലാമിക വിശ്വാസകാര്യങ്ങള്‍ എണ്ണപ്പെട്ടത് ആറെണ്ണം. ( യഥാര്‍ത്ഥത്തില്‍ അത് ആറെണ്ണം മാത്രമല്ലെങ്കിലും.)
അതിൽ ആറാമത്തേതാണ് വിധി വിശ്വാസം.
എന്താണ്‌ വിധിവിശ്വാസം?
"വിധിയെന്നാല്‍ : അതിലെ നന്മയും തിന്മയും അല്ലാഹുവില്‍ നിന്ന് മാത്രമാണ്" (അല്‍ ഖദറു ഖൈറുഹു വ ശര്‍റുഹു മിനല്ലാഹി തആലാ).
എന്താണ്‌ ഇതിന്റെയും അര്‍ത്ഥം?
നന്മ തിന്മ എന്നതില്ല. ഉണ്ടെങ്കിൽ അത് ദൈവം ചെയ്യുന്നതാണ്. ദൈവത്തിന്റെ വിധി. അതിന്റെ ഉടമസ്ഥാവകാശം അല്ലാഹുവിന് മാത്രമുള്ളതാണ്.
നന്മ തിന്മ മനുഷ്യന്‍ ചെയ്യുന്നതോ, മനുഷ്യന്‍ ചെയ്യുന്നത് കൊണ്ട്‌ ഉണ്ടാവുന്നതോ അല്ല. മനുഷ്യന്‍ അതിൽ അവന്‍ പോലും അറിയാതെ വഴിയും ഉപകരണവും മാത്രമാകുന്നതാണ്.
3. മുസ്ലിംകള്‍ എല്ലാം ചെയ്യുന്നതും, എല്ലാം ചെയ്യാൻ കല്‍പിക്കപ്പെട്ടതും "ബിസ്മി" കൊണ്ട്‌ തുടങ്ങിയാണ്.
മൃഗങ്ങളെ അറുക്കുന്നത് വരെ. 
എന്താണ്‌ ഇതിന്റെയും അര്‍ത്ഥം?
ഒന്നും ചെയ്യുന്ന മനുഷ്യന്‍ ചെയ്യുന്നതല്ല. ദൈവത്തിന്റെ പേരില്‍ ചെയ്യുന്നതാണ്. എന്തിനാണ് ദൈവത്തിന്റെ പേരില്‍ ഇടുന്നത്? എല്ലാം ദൈവം ചെയ്യുന്നതാണ് എന്ന് വരുത്താന്‍. എല്ലാ കാര്യങ്ങളുടെയും കര്‍മ്മങ്ങളുടെയും യാഥാര്‍ത്ഥ ഉടമസ്ഥത അല്ലാഹുവിന് മാത്രം എന്ന് വരുത്താന്‍. ആ നിലക്ക് അതിന്റെ ഉത്തരവാദിത്വവും.
അത് കൊണ്ട്‌ അവർ എല്ലാം അല്ലാഹുവിന്റെ പേരില്‍ ചെയ്യുന്നു. എല്ലാം ചെയ്യുന്നതും പറയുന്നതും അല്ലാഹു മാത്രം എന്ന് വരുത്താൻ. ഉത്തരവാദിത്തം അല്ലാഹുവിന് മാത്രം എന്ന് ഉറപ്പിക്കാന്‍. അത് നന്മയായാലും തിന്മയായാലും.
4. മുസ്ലിംകള്‍ എപ്പോഴും "ഇന്‍ ഷാ അല്ലാ" എന്ന് പറയുന്നു.
എന്താണ്‌ "ഇന്‍ ഷാ അല്ലാ" എന്നാല്‍ അര്‍ത്ഥം?
"ദൈവം ഉദ്ദേശിച്ചുവെങ്കിൽ മാത്രം" എന്നര്‍ത്ഥം.
എന്ത് കാര്യവും ചെയ്യാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, മുസ്ലീംകള്‍ക്ക് ഇത് പറയുക നിര്‍ബന്ധം.
എന്ത് കൊണ്ട്‌?
ഞാനും നീയും ഒന്നും ചെയ്യുന്നില്ല.
നാം ഉദ്ദേശിക്കുന്നത് കൊണ്ടല്ല നമുക്ക് ഒന്നും ചെയ്യാൻ സാധിക്കുന്നത്.
ദൈവം ഉദ്ദേശിച്ചത്‌ മാത്രമേ എന്തും നാം ചെയ്യൂ.
ദൈവം ഉദ്ദേശിച്ചത്‌ കൊണ്ട്‌ മാത്രമേ എന്തും നടക്കൂ.
ദൈവം ഉദ്ദേശിച്ചത്‌ മാത്രമേ എല്ലാവരും ചെയ്യുന്നുള്ളൂ.
എല്ലാ ചെയ്തികളുടെയും ഉടമസ്ഥത അല്ലാഹുവെന്ന ദൈവത്തിന് മാത്രം.
"ഇന്‍ ഷാ അല്ലാ" എന്നത്‌ പറയുക ഒരു കല്പനയായി തന്നെ പ്രവാചകനോട് (ആ വഴിയില്‍ വിശ്വാസികളോട്) ഖുര്‍ആന്‍ ആവശ്യപ്പെട്ടു.
"ലാ തകൂലന്ന ലിശൈഇന്‍ ഇന്നി ഫാഇലുന്‍ ദാലിക ഗദന്‍ ഇല്ലാ അന്‍ യഷാ അല്ലാ".
അര്‍ത്ഥം: "നാളെ ഞാന്‍ ഒരു കാര്യം ചെയ്യുമെന്ന് നീ പറയരുത് "ഇന്‍ ഷാ അല്ലാഹു" കൂടാതെ ( ഇന്‍ ഷാ അല്ലാഹു എന്ന് പറയാതെ)"
എന്താണ്‌ ഇതിന്റെയും അര്‍ത്ഥം?
അല്ലാഹു ഉദ്ദേശിക്കാത്ത ഒന്നും ആരും ചെയ്യുന്നില്ല.
എല്ലാം ചെയ്യുന്നത് അല്ലാഹു മാത്രം.
എല്ലാം പറയുന്നത് അല്ലാഹു മാത്രം.
എല്ലാവർക്കും എല്ലാം ചെയ്യാനും പറയാനും സാധിക്കുന്നത് അല്ലാഹു ഉദ്ദേശിക്കുന്നത് കൊണ്ട്‌ മാത്രം.
അല്ലാഹുവിന്റെ ഉദ്ദേശവും പദ്ധതിയും മാത്രമാണ്‌ എല്ലാവരുടെയും എല്ലാറ്റിന്റെയും പ്രവര്‍ത്തികളിലൂടെയും പറച്ചിലുകളിലൂടെയും ഇതള്‍ വിരിയുന്നത്.
എല്ലാറ്റിന്റെയും ഉടമസ്ഥത അല്ലാഹു എന്ന ദൈവത്തിന് മാത്രം.
നീയും നിന്റെതും ഉണ്ടെന്ന് അശേഷം പോലും നീ കരുതേണ്ട.
നീ ഇല്ല. നിന്റെതും ഇല്ല.
5. എന്ത് അത്ഭുതവും ദുരന്തവും അനുഗ്രഹവും സംഭവിച്ചാല്‍
മുസ്ലിംകള്‍ നിര്‍ബന്ധമായും പറയുന്നു. "മാ ഷാ അല്ലാ".
എന്താണ്‌ ഇതിന്റെ അര്‍ത്ഥം?
എന്താണ്‌ ഇതിന്റെ പൂര്‍ണ രൂപം?
"മാഷാ അല്ലാഹു കാന്‍. വമാലം യഷാ ലം യകുന്‍. ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹി അല്‍ അലിയുല്‍ അദീ ം"
(അല്ലാഹു ഉദ്ദേശിച്ചത്‌ ഉണ്ടായി (സംഭവിച്ചു). അവന്‍ ഉദ്ദേശിക്കാത്തത് ഉണ്ടായില്ല (സംഭവിച്ചില്ല). ശക്തിയും പ്രതാപവും അത്യുന്നതനും മഹാനുമായ അല്ലാഹുവിനല്ലാതെ ഇല്ല.)
എന്താണ്‌ ഈ വചനവും സൂചിപ്പിക്കുന്നത്?
നമ്മളാരും ഒന്നും ചെയ്യുന്നില്ല, സംഭവിപ്പിക്കുന്നില്ല. 
നമ്മൾ ആരും ഒന്നും ചെയ്യുന്നത് കൊണ്ടല്ല ഒന്നും സംഭവിക്കുന്നത്. നന്മയായാലും തിന്മയായാലും.
എല്ലാം അല്ലാഹു ഉദ്ദേശിക്കുന്നത് കൊണ്ടും അല്ലാഹു ചെയ്യുന്നത് കൊണ്ടും മാത്രം.
എല്ലാം ചെയ്യുന്നതും ഉദ്ദേശിക്കുന്നതും അല്ലാഹു മാത്രം.
ഉത്തരവാദിത്തവും ഉടമസ്ഥതയും അല്ലാഹുവിന് മാത്രം.
നമ്മൾ എന്തെങ്കിലും ചെയ്യുന്നതും ചെയത് പോകുന്നതും വിചാരിക്കുന്നതും പറയുന്നതും എല്ലാം അല്ലാഹു ഉദ്ദേശിക്കുന്നത് കൊണ്ട്‌ മാത്രം.
നമ്മൾ ദൈവം അവനുദ്ദേശിക്കുന്നത് ചെയ്യുന്നതിന്റെ വഴിയും ഉപകരണവും ആകുന്നത് മാത്രം.
ഉത്തരവാദിത്തവും ഉടമസ്ഥതയും അധികാരവും ഉപകരണത്തിനും വഴിക്കും ഇല്ല. നമ്മൾ മനുഷ്യര്‍ക്കില്ല. 
6. എന്ത് ദുരന്തം സംഭവിച്ചാലും (പ്രത്യേകിച്ചും മരണം സംഭവിച്ചാല്‍) മുസ്ലിംകള്‍ ഉടനെ പറയുന്ന വചനം. "ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍"
എന്താണ്‌ ഇതിന്റെ അര്‍ത്ഥം?
"നാം അല്ലാഹുവില്‍ നിന്നാണ് (അല്ലാഹുവിന്റെതാണ്) . നാം അല്ലാഹു വിലക്ക് തന്നെ മടങ്ങുന്നു."
ഉടമസ്ഥതയും ഉത്തരവാദിത്തവും ദൈവത്തിന് മാത്രം എന്ന് മാത്രം. അല്ലാഹുവില്‍ നിന്ന് വന്ന് അല്ലാഹുവിലേക്ക് മടങ്ങുന്ന, അല്ലാഹു തന്നെ ആയിത്തീരുന്ന സംഗതികള്‍ മാത്രമേ ഉള്ളൂ, അങ്ങനെയുള്ള നാം മാത്രമേ ഉള്ളൂ എന്നര്‍ത്ഥം.
ദൈവത്തില്‍ നിന്ന് വരുന്നു, ദൈവത്തിലേക്ക് മടങ്ങി, ദൈവം തന്നെ ആയിത്തീരുന്നു.
ഞാനും നീയുമായി ചെയ്യുന്ന, സ്വന്തമാക്കുന്ന ഒന്നുമില്ല. രണ്ടില്ല, ഒന്ന് മാത്രം, ദൈവം മാത്രം എന്നർത്ഥം.
7. മരിച്ചാല്‍ കബറില്‍ ശവം വെച്ച് മണ്ണിടുമ്പോള്‍ പറയുന്ന വാക്കും സൂചിപ്പിക്കുന്നത്‌ ഇത് മാത്രം.
"അതില്‍നിന്ന്‌ നാം നിന്നെ സൃഷ്ടിച്ചു. അതിലേക്ക് നാം നിന്ന് മടക്കുന്നു. അതിൽ നിന്ന് തന്നെ നിന്നെ വീണ്ടും നാം ഉയിര്‍ത്തെഴുന്നേല്‍പിക്കും."
(മിന്‍ഹാ ഖലഖനാക്കും വ ഫീഹാ നുഈദുക്കും വ മിന്‍ഹാ നുഖരിജ്ക്കും താറത്തന്‍ ഉഖറാ.) 
എല്ലാം അതിൽ നിന്ന്. എല്ലാം അതിലേക്ക് മടങ്ങി, അതായിത്തീരുന്നു. എല്ലാം അതിൽ നിന്ന് തന്നെ വീണ്ടും വരുന്നു.
" നീ" എന്നാലും "അത്" എന്നാലും ഞാനും നീയും ഇല്ലാത്ത ആര്‍ക്കും സ്വന്തമല്ലാത്ത ജീവിതം എന്ന് മാത്രം. 
ആപേക്ഷികമായ അര്‍ത്ഥത്തില്‍ അത് മണ്ണ് എന്നും നീ നീയെന്നും ധ്വനിപ്പിച്ചു, സൂചിപ്പിച്ചു പറഞ്ഞു എന്ന് മാത്രം.
മണ്ണിനും നിനക്കും അപ്പുറം കിടക്കുന്നു ദൈവം.
"ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍" എന്ന് പറയുമ്പോൾ അതിൽ സൂചിപ്പിച്ച ദൈവം. 
ഇതിലെ "നീ" എന്നതിലെ മൂര്‍ത്തത ഒഴിവാക്കിയാല്‍, "നീ" "ഞാന്‍" എന്നത്‌ സ്ഥിരമായ അര്‍ത്ഥത്തില്‍ ഉള്ളതല്ലെന്ന് മനസിലാക്കിയാല്‍, നീ എന്നത്‌ എന്തും ആരുമെന്ന് മനസ്സിലാക്കിയാല്‍, എല്ലാം മനസിലാവും.
രണ്ടില്ലാത്ത ഒന്ന് മാത്രം. ദൈവം മാത്രമേ ഉള്ളൂ എന്ന്. വിധിയും വിധികര്‍ത്താവും മാത്രമേ ഉള്ളൂ എന്ന്.
ദൈവത്തില്‍ നിന്ന് വന്ന്, ദൈവം തന്നെയായി നിലകൊണ്ടു, ദൈവമായിതീരുന്ന സംഗതിയേ ഉള്ളൂ എന്ന്.
അതിൽ നീ ഞാന്‍ എന്ന് തോന്നുന്നത് വെറും വെറുതെ ആണെന്ന്. വഴിയും ഉപകരണവും ആകുന്നത് കൊണ്ട്‌ മാത്രമാണെന്ന്. 
8. സ്ഥിരമായി, പ്രത്യേകിച്ചും നമസ്കാരത്തിന് ശേഷം ഐഛികമായി ചൊല്ലുന്ന ചില കാര്യങ്ങളും കൂടി പറഞ്ഞാൽ ഒന്ന് കൂടി മനസിലാവും. നന്മയും തിന്മയും ദൈവത്തില്‍ നിന്ന് മാത്രമാണെന്ന്. വിധിയും വിധി കര്‍ത്താവും മാത്രമാണെന്ന്. എല്ലാം ചെയ്യുന്നതും പറയുന്നതും ദൈവം മാത്രമാണെന്ന്.
നാം ചെയ്യുന്നു, പറയുന്നു, ചിന്തിക്കുന്നു, എന്നൊക്കെ നമുക്ക് തോന്നുന്നു. അത് പോലും യഥാര്‍ത്ഥത്തില്‍ ദൈവം മാത്രം ചെയ്യുന്നത്, പറയുന്നത്, ഉദ്ദേശിക്കുന്നത്. യാഥാര്‍ത്ഥ വിധിവിശ്വാസം. വിധി കര്‍ത്താവും വിധി കര്‍ത്താവ് ചെയ്യുന്നതും മാത്രം. ആപേക്ഷിക ലോകത്ത് നിന്ന് നീയത് മനസിലാക്കിയാലും ഇല്ലെങ്കിലും. 
"അല്ലാഹുമ്മ ലാ മാനിഅ ലിമാ അഅത്തൈത്ത വലാ മൂത്തിയ ലിമാ മനഅത്ത വലാ റാദ്ധ ലിമാ ഖദയ്ത്ത വലാ യന്‍ഫഉ ദല്‍ജദ്ദു മിന്‍കല്‍ജദ്ദ്"
"അല്ലാഹുവേ, നീ തന്നത് തടയുന്നവനില്ല. നീ തടഞ്ഞത് തരുന്നവനില്ല. നീ വിധിച്ചത് ഇല്ലാതാക്കുന്നവനില്ല. ഒരാളുടെ ശക്തിയും നിന്റെ ശക്തിയുടെ അടുക്കല്‍ വിലപ്പോവില്ല."
എന്താണ്‌ ഇതും അര്‍ത്ഥമാക്കുന്നത്?
നന്മയായാലും തിന്മയായാലും സംഭവിക്കുന്നത് ദൈവത്തില്‍ നിന്ന് മാത്രം. സംഭവിപ്പിക്കുന്നത് ദൈവം മാത്രം. ആര്‍ക്കും അതിൽ ഒന്നും ചെയ്യാനില്ല, പറ്റില്ല. നമുക്ക് എന്തൊക്കെയോ ചെയ്യാനുണ്ട് എന്ന് തോന്നുന്നത് വെറും തോന്നല്‍. അകപ്പെട്ട മാനത്തിന്റെ പരിമിതി. നിസ്സഹായത.
വിധിയും വിധികര്‍ത്താവും മാത്രമേ ഉള്ളൂ.
ഞാനും നീയും ഇല്ല.
ഞാനും നീയും ചെയ്യുന്നത് ഇല്ല.
നമ്മൾ ചെയുന്നതിനും പറയുന്നതിനും ചിന്തിക്കുന്നതിനും സ്വതന്ത്ര അസ്തിത്വവും അര്‍ഥവും ഇല്ല.
ദൈവം ഉദ്ദേശിക്കുന്നത് കൊണ്ടും ചെയ്യുന്നത് കൊണ്ടും ചെയ്യിപ്പിക്കുന്നത് കൊണ്ടും നാം ഉദ്ദേശിച്ചും ചെയതും പറഞ്ഞും പോകുന്നതാണ് എല്ലാം.
അതല്ലാതെ നാം സംഭവിപ്പിച്ചത് കൊണ്ട്‌ സംഭവിച്ച, അത്കൊണ്ട്‌ നമുക്ക് കിട്ടിയ, കിട്ടാതായ ഒന്നുമില്ല.
നാം എന്ത് ചെയ്താലും അത് ദൈവം ചെയ്യുന്നത്‌.
മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാൽ നാം എന്തും ഏതും ചെയ്യുന്നില്ല.
നമുക്ക് എന്തും ഏതും ചെയ്യാനാവില്ല, ആവുന്നില്ല.
ദൈവത്തിന് വേണ്ടതും ദൈവം ചെയ്യിപ്പിക്കുന്നതും മാത്രമേ നാം ചെയ്യുന്നുള്ളൂ.
എല്ലാം ദൈവഹിതം മാത്രം.
രണ്ടില്ലാത്ത ഒന്ന് മാത്രം.
വിധിയും വിധി കര്‍ത്താവും മാത്രം.
ചെയ്യുന്നതും പറയുന്നതും ദൈവം മാത്രം. നന്മയായാലും തിന്മയായാലും. നീതിയായാലും അനീതിയായാലും. ശരിയായാലും തെറ്റായയാലും.
അങ്ങനെയൊക്കെ രണ്ടായി നിനക്ക് തോന്നിയാലും അങ്ങനെയില്ല.
അങ്ങനെ രണ്ടില്ല.
എല്ലാം നീ അകപ്പെട്ട മാനത്തിന്റെ ഉള്ളില്‍ നിന്ന് നിനക്ക് മറിച്ച് തോന്നുന്നത് മാത്രം.
നീയും നിന്റെതും ഇല്ല.
ഉടമസ്ഥതയും അധികാരവും ദൈവത്തിന് മാത്രം.
ചെയ്യുന്നതും പറയുന്നതും ദൈവം മാത്രം.
നിനക്ക് നീ ചെയ്യുന്നു, നീ കരുതുന്നു, നീ പ്ലാൻ ചെയ്യുന്നു, നീ പറയുന്നു, നീ ചിന്തിക്കുന്നു എന്നൊക്കെ തോന്നും.
അതും ദൈവം ചെയ്യിപ്പിക്കുന്നത് കൊണ്ട്‌ മാത്രം, ഉദ്ദേശിപ്പിക്കുന്നത് കൊണ്ട്‌ മാത്രം നീ ചെയ്യുന്നത്‌, നിനക്ക് തോന്നുന്നത്.
പിന്നെയും പറയുന്നു.
"അല്ലാഹുവേ നീയാണ് രക്ഷ, നിന്നില്‍ നിന്നാണ് രക്ഷ, നിന്നിലെലേക്ക് മടങ്ങുന്നു രക്ഷ. രക്ഷകര്‍ത്താവേ നമുക്ക് രക്ഷ ഒരുക്കിത്തരണേ, നിന്റെ കാരുണ്യം കൊണ്ട്‌ രക്ഷയുടെ താവളത്തില്‍ നമ്മെ പ്രവേശിപ്പിക്കാണേ"
(അല്ലാഹു മ്മ അന്‍തസ്സലാം, മിന്‍കസ്സലാലാം, വ ഇലൈക്ക യര്‍ജിഉസ്സലാം, ഹാ യി നാ റബ്ബനാ ബിസ്സലാം, വ അദ്ഖില്‍നാ ബി റഹ്മത്തി ക്ക ദാറസ്സലാം) 
ഇതും നമസ്കരിച്ചതിന്‌ ശേഷം ഐഛികമായി ചൊല്ലുന്ന കാര്യം.
എന്താണ്‌ ഇതും സൂചിപ്പിക്കുന്നത്‌?
നാം ഉണ്ടാക്കുന്നതോ നിശ്ചയിക്കുന്നതോ ആയ ഒന്നുമില്ല. നാം ഉണ്ടാക്കുന്നതോ നിശ്ചയിക്കുന്നതോ ആയ രക്ഷയും ശിക്ഷയും ഇല്ല.
ഏതര്‍ത്ഥത്തിലും ദൈവം തന്നെയും ദൈവം ആയിരിക്കുന്നതും ദൈവത്തോടൊപ്പം ആവുന്നതും മാത്രമാണ് രക്ഷ.
രണ്ടില്ലാത്ത ഒന്നാണ് രക്ഷ.
ഞാനും നീയും ഇല്ലാതാവുകയാണ് രക്ഷ. എന്റെതും നിന്റെതും ഇല്ലെന്ന് അറിയുകയാണ് രക്ഷ.
ചെയ്യുന്നതും പറയുന്നതും ദൈവം മാത്രം എന്നറിയുകയാണ് രക്ഷ, അഥവാ മോക്ഷം.

No comments: