Tuesday, April 14, 2020

തളികമുട്ടും കൈമുട്ടും: തക്ബീര്‍ വിളിയും കുര്‍ബാനയും: ഭരണാധികാരികള്‍ തമ്മിലുള്ള വ്യത്യാസം.

തളികമുട്ടും കൈമുട്ടും:
തക്ബീര്‍ വിളിയും കുര്‍ബാനയും: 
ഇന്ത്യയിലെ ഇപ്പോഴത്തെയും മുമ്പത്തെയും ഭരണാധികാരികള്‍ തമ്മിലുള്ള വ്യത്യാസം. 
നിലവിലുള്ളവർ:
ഒന്നും സ്വതന്ത്രമായി പഠിച്ചറിയില്ലായിരിക്കാം.
പക്ഷേ അവര്‍ക്ക്‌ അവരുടെ പാർട്ടി എന്തെന്നും, പാർട്ടി പഠിപ്പിച്ചത് എന്തെന്നും, പാർട്ടിയുടെ ലക്ഷ്യങ്ങളും പരിപാടികളും എന്തെന്നും വ്യക്തമായറിയാം. അവ എങ്ങിനെയും എന്ത് വിലകൊടുത്തും നടപ്പാക്കാനുമറിയാം. 
അവർ ഏതുവിധേനയും ജനങ്ങളെ കൈയിലെടുക്കുന്നു.
ജനങ്ങളെ കൈയിലെടുക്കാന്‍ ഏതറ്റം വരേയും പോയി എന്ത് തരം കര്‍മ്മപരിപാടിയും ആസൂത്രണം ചെയ്യുന്നു, നടത്തുന്നു.
ജനങ്ങളെ അവരുടെ വിവരമില്ലായ്മയില്‍ നിന്നും പതിതാവസ്ഥയില്‍ നിന്നും ഉയർത്താതെ, പകരം, ജനങ്ങളുടെ വിവരമില്ലായ്മയിലേക്കും നിലവാരത്തകര്‍ച്ചയിലേക്കും അവർ തരംതാഴുന്നു.
ജനങ്ങളുടെ വിവരമില്ലായ്മയും നിലവാരത്തകര്‍ച്ചയും വളര്‍ത്താനും ശക്തിപ്പെടുത്താനും വേണ്ടത് മാത്രം അവർ ചെയ്യുന്നു. 
എന്ത് കുന്തവും കുറ്റിചൂലും അവര്‍ക്ക് ജനങ്ങളെ കൈയിലെടുക്കാന്‍ ആയുധം .
ജനതാകര്‍ഫ്യൂ വരെ അതിന്റെ തെളിവ്. ജനങ്ങൾ അത് വരെ വ്യാഖ്യാനിച്ച് കൊടുക്കുന്നു. മന്ത്രമായ് എടുക്കുന്നു, കൊണ്ടുനടക്കുന്നു. 
സ്വന്തമായി ഒരു പ്ലാനും പദ്ധതിയും പാക്കേജും വ്യക്തതയും സഹായഹസ്തവും ജനങ്ങളുടെ മുന്‍പില്‍ വെക്കാതെ പോലും ജനങ്ങളെ കൈയിലെടുക്കുന്നു.
നാണിച്ച് പോകണം ഇതുവരെ വന്ന മറ്റുള്ള മുന്‍നേതാക്കളും മുന്‍പ്രധാനമന്ത്രിമാരും ഭരണാധികാരികളും. 
എല്ലാറ്റിനെയും രാഷ്ട്രീയവല്‍ക്കരിക്കാൻ നിലവിലെ ഭരണാധികാരികള്‍ക്ക് സാധിക്കുന്നു.
എല്ലാം വെച്ചും വികാരപരമായി മാത്രം ജനങ്ങളെ അവർ വളർത്തിയെടുക്കുന്നു.
കള്ളപ്പണമായാലും, പൗരത്വം ഭേദഗതി നിയമമായാലും, നോട്ട് നിരോധനമായാലും രാജ്യസ്നേഹ - രാജ്യദ്രോഹ വിഷയമായാലും, പുല്‍വാമയും ബാലക്കോട്ടും പാകിസ്താനുമായാലും, ഇപ്പോൾ ഏറ്റവും അവസാനം വസ്തുനിഷ്ഠമായി ഒരു ഉപകാരവും ചെയ്യാത്ത ജനതാകര്‍ഫ്യൂ വരെ ആയാലും.
നിലവിലെ, ഭരണത്തില്‍ കയറാന്‍ നിലവിലെ ഭരണാധികാരികള്‍ തന്നെ ഉയർത്തിക്കാണിച്ച പ്രശ്നങ്ങൾക്കൊന്നും പരിഹാരം നല്‍കാതെ, പകരം പുതിയ പ്രശ്നങ്ങൾ ഉണ്ടാക്കിക്കൊണ്ട് വരെ ജനങ്ങളെ കൈയിലെടുക്കാന്‍ അവര്‍ക്ക് കഴിയുന്നു.
വികാരത്തെ എന്ത് വെച്ചും, എന്ത് വില കൊടുത്തും കൈയിലെടുക്കാം എന്ന് നിലവിലെ ഭരണാധികാരികളും അവരുടെ പാർട്ടിയും ഗവേഷണം നടത്തി മനസിലാക്കിയത് പോലെ.
രാജ്യം തോറ്റു കൊണ്ടും, ഇങ്ങനെ പോയാല്‍, അവർ വിജയിച്ചു കൊണ്ടിരിക്കും. രാജ്യസ്നേഹം എന്ന പേരും അവകാശവാദവും സ്വന്തമാക്കിക്കൊണ്ട് തന്നെ.
ആ വഴിയില്‍ അവര്‍ക്കെതിരെ ഒരു ഭരണവിരുദ്ധതരംഗം വരെ സാധ്യമല്ലെന്നും, അങ്ങനെ സാധ്യമാകാത്ത വിധം അവരുടെ അണികളെ വികാരത്തിനും വെറുപ്പിനും അതിന്റെ ലഹരിക്കും അടിമപ്പെടുത്തിയിരിക്കുന്നു എന്നും വരെ നിലവിലെ ഭരണാധികാരികള്‍ ഉറപ്പാക്കുന്ന ന്നു. 
*****
മുന്‍പ് ഇന്ത്യയെ ഭരിച്ച ഭരണാധികാരികളും പ്രധാനമന്ത്രിമാരും നേതാക്കളും:
അവർ പഠിച്ചറിഞ്ഞവരായിരിക്കാം. പക്ഷേ, അവര്‍ക്ക്‌ പാർട്ടി എന്തെന്നും, പാർട്ടി പഠിപ്പിച്ചത് എന്തെന്നും, പാർട്ടിയുടെ ലക്ഷ്യങ്ങളും പരിപാടികളും എന്തെന്നുമറിയില്ല. 
ഒരിക്കലും ജനങ്ങളെ കൈയിലെടുത്തില്ല.
അവർക്ക് അവരുടേതായ അണികള്‍ ഉണ്ടായില്ല. അണികളെ ഉണ്ടാക്കാനുള്ള മരുന്നും അവർ പ്രയോഗിച്ചില്ല. 
അവർ വെറും പ്രധാനമന്ത്രിമാര്‍ മാത്രമായി, നേതാക്കൾ മാത്രമായി, ഭരണാധികാരികള്‍ മാത്രമായി. ഏതോ വീണുകിട്ടിയ പാർട്ടിയുടെ മറയില്‍. പാർട്ടിക്ക് വേണ്ടി ഒന്നും ചെയ്യാതെ, ചെയ്യാനില്ലാതെ. 
അവരും ജനങ്ങളെ അവരുടെ വിവരമില്ലായ്മയില്‍ നിന്നും പതിതാവസ്ഥയില്‍ നിന്നും ഉയർത്തിയില്ല.
ഉയർത്തിയില്ല എന്ന കാര്യത്തില്‍ ഇപ്പോഴുള്ളവരുമായി സാദൃശ്യം പുലര്‍ത്തി.
പക്ഷേ, അപ്പോഴും ജനങ്ങളുടെ വിവരമില്ലായ്മയിലേക്കും പതിതാവസ്ഥയിലേക്കും അവർ താഴ്ന്നു നിന്നില്ല. അങ്ങനെ അവരുടെ വികാരവും പിന്തുണ യും അവർ പിടിച്ചു വാങ്ങിയില്ല. അങ്ങനെ അവർ ജനങ്ങളെ ഏതെങ്കിലും ലഹരിക്ക് അടിമപ്പെടുത്തിയില്ല. 
ആ നിലക്ക് അവർ കണ്ടതും കേട്ടതും ജനങ്ങൾക്ക് വേണ്ടി രാഷ്ട്രീയവല്‍ക്കരിച്ചില്ല.
അവർ ജനങ്ങൾക്ക് തെറ്റ് കൊണ്ടും ശരി കൊണ്ടും വികാരം നല്‍കി നയിച്ചില്ല.
അതിനാല്‍ തന്നെ അവര്‍ക്കെതിരെ ഭരണവിരുദ്ധതരംഗം എന്ത് കുന്തം പറഞ്ഞും എപ്പോഴും സാധ്യമായിരുന്നു. 
******
നോക്കൂ : കൊറോണയുടെ കാര്യത്തില്‍ വരെ.
നിലവിലെ കേന്ദ്ര സര്‍ക്കാറിന് ഒരു പാക്കേജും പദ്ധതിയും ബജറ്റും ഇതുവരെ ഉണ്ടായിട്ടില്ല, ഭരണാധികാരിയോ കേന്ദ്രസർക്കാറോ ഒന്നും ഉണ്ടാക്കിയിട്ടില്ല. ജനങ്ങളുടെ മുന്‍പില്‍ അങ്ങനെയൊന്ന് വെച്ചില്ല. എന്നിട്ടും പിന്തുണ. അനുകൂല വികാരം. 
ജനങ്ങളായി ജനങ്ങളുടെ പാടായി. മറ്റു രാജ്യങ്ങളും ഇതേ വിഷയത്തില്‍ trillion ഉം billion ഉം കണക്കിനുള്ള പദ്ധതികളും ക്ഷേമപ്രവര്‍ത്തനങ്ങളും പരിഹാരക്രിയകളും നടപ്പിലാക്കുന്ന അതേ കാലക്രമത്തില്‍, ഇവിടുത്തെ സർക്കാർ ഒന്നും പ്രത്യേകിച്ച് പ്രഖ്യാപിക്കാതെ. 
എന്നിട്ടും പാവം ജനങ്ങളെ ഇപ്പോഴത്തെ ഇവിടുത്തെ ഭരണാധികാരികള്‍ കൈയിലെടുത്തു. വെറും ജനതാകര്‍ഫ്യൂ വെച്ച് വരെ. 
ഒന്നും ഒരു പരിഹാരവും നിര്‍ദ്ദേശിക്കാനില്ലാതെ ഒരുപദേശിയായി പ്രധാനമന്ത്രിക്ക് ജനങ്ങളുടെ മുന്നില്‍ വരാൻ കഴിയുന്നു.
വെറും ഉപദേശമല്ല, ആരോ പഠിപ്പിച്ചത് പറയുകയല്ല പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ ജോലി എന്നായിരുന്നിട്ട് പോലും. 
ജനങ്ങളുടെ തലയില്‍ തന്നെ അവരുടെ കാര്യവും ഭാരവും ഉത്തരവാദിത്തവും കെട്ടിവെച്ച് ഒന്നുമറിയാത്ത കോലത്തിൽ ഓടിരക്ഷപെട്ട് പോവുകയാണോ നമ്മുടെ ഇപ്പോഴത്തെ കേന്ദ്രഭരണകൂടം? ജനങ്ങൾക്ക് ഒട്ടും മനസ്സിലാവാത്ത കോലത്തില്‍. അങ്ങനെ ജനങ്ങളുടെ ചിലവില്‍ പാർട്ടിയെയും അധികാരത്തെയും മാത്രം പോറ്റിവളര്‍ത്തി അധികാരിയായി വിലസുക മാത്രമാണോ ലക്ഷ്യം?
*****
ഒരു ഭരണാധികാരിയും ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധിമാനായത് കൊണ്ടല്ല ഭരണാധികാരിയായത്.
ഒരു ഭരണാധികാരിയും ഏറ്റവും വലിയ ബുദ്ധിമാനാണെന്ന് ആര്‍ക്കും അഭിപ്രായം ഉണ്ടാവില്ല, സ്വന്തം പാർട്ടിക്കാര്‍ക്ക് പോലും.
അതിനുള്ള ഒന്നും ഇന്ത്യയുടെ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഭരണാധികാരിയും ഇതുവരെ കരസ്ഥമാക്കുകയോ നേടുകയോ അഭ്യസിക്കുകയോ തെളിയിക്കുകയോ ചെയ്തിട്ടില്ല. ജനത വിവരംകെട്ടവരായത് കൊണ്ട്‌ മറിച്ച് കരുതാമെങ്കിലും. 
ഭരണാധികാരി വലിയ പണ്ഡിതനും ഉപദേശിയും അല്ല.
അങ്ങനെ വലിയ പണ്ഡിതനും ഉപദേശിയുമാവാന്‍ യോഗ്യതയുള്ളത് കൊണ്ടല്ല ഒരു ഭരണാധികാരിയും ഇവിടെ ജനാധിപത്യ രീതിയില്‍ ഭരണാധികാരി ആയത്. അങ്ങനെയല്ല ആരും ആരെയും പ്രധാനമന്ത്രി ആക്കുന്നത്, ആക്കിയത്.
ഭരണാധികാരികള്‍ വലിയ ഉപദേശികളും പണ്ഡിതരുമാണെന്ന വിശ്വാസവും ആര്‍ക്കുമില്ല, നമുക്കുമില്ല.
അതിനുള്ള ഒരടിസ്ഥാന യോഗ്യതയും ഏതെങ്കിലും വിഷയത്തില്‍ അവര്‍ക്കുള്ളതായും നാമാരും അറിയുകയുമില്ല. അവർ അവരുടെ പാർട്ടിതലത്തിൽ വളര്‍ന്നുവന്നു എന്നത് മാത്രമല്ലാതെ. 
പക്ഷേ, ബുദ്ധിമാന്‍മാരായ, പണ്ഡിതന്‍മാരായ ഒരുപാട് പേരുടെ ഉപദേശ നിർദ്ദേശങ്ങൾ ഏത് ഭരണാധികാരിക്കും ഏത് കാലത്തും ഈ നാടിന്റെ ഭരണാധികാരിയാവുന്നത് കൊണ്ട്‌ കിട്ടും, കിട്ടുന്നുണ്ട്. 
അതുവെച്ചാണ് ഒരു ഭരണാധികാരി , അദ്ദേഹത്തിന്റെ ആ സ്ഥാനത്ത് ഇരുന്ന് കൊണ്ട്‌, നമ്മെ ഉപദേശിക്കുന്നത് എന്ന് നാം മനസ്സിലാക്കുന്നത്. ജനതാകര്‍ഫ്യൂ ആയാലും. 
അദ്ദേഹത്തിന്റെ ആ സ്ഥാനത്തെ മാനിച്ചു കൊണ്ട്‌ മാത്രമാണ്‌, മാനിക്കുന്നത് കൊണ്ട്‌ മാത്രമാണ്‌ നാമത് ഭരണാധികാരിയില്‍ നിന്ന് കേള്‍ക്കുന്നതും അനുസരിക്കുന്നതും.
ജനതാകര്‍ഫ്യൂ ആണെങ്കിലും നോട്ട് നിരോധനമാണെങ്കിലും CAA ആണെങ്കിലും NRC യും NPR ഉം ആണെങ്കിലും ഒക്കെ അങ്ങനെ തന്നെ.. 
അത്കൊണ്ട്‌ മാത്രം നാം ഇന്ത്യക്കാര്‍ ഭരണാധികാരിയെ ഏത് കാലത്തും ഏതു വിധേനയും കേള്‍ക്കാനും അനുസരിക്കാനും ബാധ്യസ്ഥരാണ്.
രാജ്യത്തിന് വേണ്ടി. രാജ്യ നന്മക്ക് വേണ്ടി. രാജ്യനിവാസികളുടെ പൊതുവായ നന്മക്കും ക്ഷേമത്തിനും സുരക്ഷിതത്വത്തിനും വേണ്ടി. 
പക്ഷേ ഭരണാധികാരിയും നാമും ഒരുപോലെ അത് മനസിലാക്കേണ്ടതുണ്ട്.
ഒന്നും ഒരു പാർട്ടിയുടെ കാമ്പയിന്റെ ഭാഗമായല്ല നാമാരും കേള്‍ക്കുന്നത് എന്ന്. അങ്ങനെയല്ല കേള്‍ക്കേണ്ടത് എന്ന്. ഒന്നും ഒരു പാർട്ടിയെ വളര്‍ത്താന്‍ മാത്രമായിരിക്കരുത്. 
ഒന്നും ഒരിക്കലും അങ്ങനെയാവാനും പാടില്ല.
അങ്ങനെ ആവുന്നതിന്റെ സൂചന ഒരു ഭരണാധികാരിയും നല്‍കാനും ഉണ്ടാക്കാനും പാടില്ല. 
*****
കൊറോണ : കേന്ദ്രസര്‍ക്കാറിന് ഒന്നും ചെയ്യാൻ കഴിയില്ല എന്നതാണോ നമ്മുടെ ജനതാകര്‍ഫ്യൂവിലൂടെ ഭരണാധികാരി സൂചിപ്പിച്ചത്?
അതിനാല്‍ ബാധ്യത ജനങ്ങളെ ഏല്‍പ്പിക്കുന്നു എന്ന മട്ടില്‍.
ഈയൊരു രീതി നമ്മുടെ ഭരണാധികാരി പലപ്പോഴും കാണിച്ച തന്ത്രം പോലെ തോന്നുന്നു.
എല്ലാ വിഷയങ്ങളിലും ഒന്നുമറിയാത്ത, ഒന്നിനും കഴിയാത്ത ജനങ്ങളെ, വെറും വികാരവും സ്വപ്നവും മാത്രം നല്‍കി ഏല്പിക്കുകയും വലക്കുകയും ചെയ്യുക എന്നത്. കലാപങ്ങള്‍ വരെ. 
വെറും വികാരവും വെറുപ്പും മാത്രം അപ്പമായി ജനങ്ങൾക്ക് നല്‍കിക്കൊണ്ട്. 
കൊറോണ വിഷയത്തില്‍ കേന്ദ്രസർക്കാർ ജനങ്ങൾക്ക് വെറും sanitizing kit കൊടുക്കാനുള്ള പദ്ധതിയും ഫണ്ടും പോലും പ്രഖ്യാപിച്ചില്ല എന്നത്‌ നാം ഓര്‍ക്കണം.
അതാണോ, അത്‌ കൊണ്ടാണോ എല്ലാം മറച്ചുവെക്കാന്‍ ഒരു ജനതാകര്‍ഫ്യൂ? 
എന്താണ്‌ പിന്നെ ജനതാകര്‍ഫ്യൂ അര്‍ത്ഥമാക്കുന്നത്, അര്‍ത്ഥമാക്കേണ്ടത്?
എന്തെങ്കിലും ചെയ്യേണ്ട, സഹിക്കേണ്ട ബാധ്യത ജനങ്ങൾക്ക് മാത്രമെന്നോ? 
സര്‍ക്കാറിന് സ്വന്തമായ പ്ലാനും പദ്ധതിയും പാക്കേജും ഇല്ല, വേണ്ട എന്നര്‍ത്ഥമോ? 
ഇത്‌ പോലെ തന്നെ നോട്ട് നിരോധം.
ജനങ്ങളുടെ തലയില്‍ ബാധ്യത.
കള്ളപ്പണം പിടിക്കാന്‍ വികാരം കൊണ്ട്‌ നെട്ടോട്ടം ഓടേണ്ട ബാധ്യതയും ക്യൂ നില്‍ക്കേണ്ട ബാധ്യതയും ജനങ്ങൾക്ക്. സര്‍ക്കാറിനല്ല. സർക്കാർ ഒന്നും പിടിച്ചുമില്ല. 
CAA /NRCയും അത് പോലെ.
ഇക്കാലമത്രയും ഈ നാട്ടില്‍ ജീവിച്ചിട്ടും പൗരത്വം തെളിയിക്കേണ്ട ബാധ്യതയും ജനങ്ങൾക്ക്. അതിന്‌ വേണ്ടിയും രേഖകൾ തപ്പിയും മറ്റും നെട്ടോട്ടം ഓടേണ്ട ബാധ്യതയും ക്യൂ നില്‍ക്കേണ്ട ബാധ്യതയും ജനങ്ങൾക്ക്.
ഇതുപോലെയൊക്കെ തന്നെയാവുമോ ഇനിയങ്ങോട്ടുള്ള കൊറോണ യുദ്ധവും. കേന്ദ്രസര്‍ക്കാറിന് ഒന്നും ചെയ്യാനില്ലാതെ, ജനങ്ങൾ നെട്ടോട്ടമോടുക, ക്യൂ നില്‍ക്കുക, പത്രങ്ങൾ മുട്ടുക. 
നിയന്ത്രണം വിടുന്നത് വരെ കാത്ത് നില്‍ക്കുകയും, നിയന്ത്രണം വിട്ടാല്‍ എല്ലാ കുറ്റവും ജനങ്ങളില്‍ ചാരി കൈയൊഴിയുകയും. 
അതുകൊണ്ടായിരിക്കുമോ കേന്ദ്രസർക്കാർ ഒന്നും പ്രത്യേകിച്ച് പ്രഖ്യാപിക്കാതിരുന്നത്?
എല്ലാം ജനങ്ങളുടെ തലയില്‍ വെച്ച് ഒഴിഞ്ഞ് നിന്ന് പുട്ടടിക്കാന്‍ മാത്രമാവുമോ നമ്മുടെ സർക്കാർ? നമ്മുടെ ഭരണാധികാരികള്‍.
*****
വിവരംകെട്ട സമൂഹം അവരുടെ വിവരംകെട്ട നേതാവ് പറയുന്നതൊക്കെയും മഹദ്വചനമായെടുത്ത് വ്യാഖ്യാനിക്കും. മന്ത്രമാണെന്ന് കരുതി കൊണ്ടുനടക്കും.

No comments: