Tuesday, April 14, 2020

ബിംബങ്ങൾ സാധാരണക്കാരന് നടന്നു പോകാനുള്ള പാലങ്ങൾ.

സൂര്യാരാധനയും ദീപം തെളിയിക്കുന്നതും എങ്ങിനെ വിശ്വാസത്തിനു വിരുദ്ധമാവും?
ദൈവത്തിനുള്ള എല്ലാ പേരുകളും വിശേഷണങ്ങളും അവനുള്ള ബിംബങ്ങൾ തന്നെയാണ്. 
പേരുകൾ തന്നെയും ഭാഷയിലെ ബിംബങ്ങളാണ്.
ബിംബങ്ങൾ സാധാരണക്കാരന് നടന്നു പോകാനുള്ള പാലങ്ങൾ.
ബിംബികരിക്കുക എന്നത് അറിവുകേടിൽ നിന്നും നിസ്സഹായതയിൽ നിന്നും ഉണ്ടാവുന്നതാണ്, വരുന്നതാണ്. 
ഭൂരിപക്ഷവും അറിവുകെട്ടവരും നിസ്സഹായരും ആണെന്നതിനാൽ ദൈവവുമായി ബന്ധപ്പെട്ടു അവർക്കു ബിംബം ആവശ്യമായി.
ഭൂരിപക്ഷത്തിന്റെയും നിസ്സഹായതയും അറിവുകേടും മനസ്സിലാകാത്തത്ര അല്പനാവില്ല ദൈവവും.
ഭാഷയിലായാലും രൂപത്തിലും കോലത്തിലുമായാലും ബിംബം ബിംബം തന്നെ.
അത് കൊണ്ടാണ് ഭാരതീയതയിൽ ബിംബം ഉണ്ടാവണമെന്ന് നിർബന്ധം ഇല്ലാതിരുന്നത്.
ബിംബം ഉണ്ടായാലും ഇല്ലെങ്കിലും കുഴപ്പമില്ലെന്ന് വന്നത്.
സാധിക്കാത്തവർ ബിംബത്തിലൂടെ സമീപിക്കട്ടെ എന്നും വെച്ചത്.
സാധിക്കുന്നവർ ബിംബമില്ലാതെയും.
പലതായി കാണുന്നവൻ പലതായി കാണട്ടെ എന്നും ഏകമായി കാണുന്നവൻ ഏകമായി കാണട്ടെ എന്നും വെച്ചത്.
അമ്പലത്തിൽ പോകുന്നതും പോകാത്തതും നിർബന്ധം അല്ലാതായത്.
ഓരോരുത്തന്റെയും ആത്മനിഷ്ഠമായ അവസ്ഥയുമായി ബന്ധപ്പെട്ടു എങ്ങിനെയാണോ അങ്ങനെയാവട്ടെ എന്ന് വന്നത്.
അതൊരു നിസ്സഹായാതയും പരാജവും ആയിരുന്നില്ല. പകരം ശക്തിയും വിവേകവും ആയിരുന്നു.
യഥാർത്ഥ ശക്തൻ ദുര്ബലനെ പോലെയും യഥാർത്ഥ വിവേകി വിഡ്ഢിയെ പോലെയും കാണപ്പെട്ടിരിക്കും.
എല്ലാം ഉൾകൊള്ളുന്ന എല്ലാറ്റിലും ശരി കാണുന്ന ഭാരതീയന്റെ ഈ ഭാരതീയമായ നിലപാടിൽ അത്തരം വിവേകപൂര്ണമായ വിഡ്ഢിത്തവും ശക്തന്റെ ദൗർബല്യവും തന്നെയേ കാണാൻ കഴിയുന്നുള്ളൂ. അതിനെ ചൂഷണം ചെയ്യുന്നവർ വിപരീതമായി മനസ്സിലാക്കിയാലും.
ഒരുപക്ഷെ ഹൈന്ദവർ അവരറിയാതെ സ്വാതന്ത്ര്യം അനുഭവിക്കുന്നത് ഇവിടെയാണ്, ഇങ്ങനെയാണ്.
വിശ്വാസപരമായി അവർക്കുള്ള സ്വാതന്ത്ര്യം.
ദൈവത്തെ എങ്ങിനെയും കാണാം വിശ്വസിക്കാം എന്ന സ്വാതന്ത്ര്യം.
ഒരു തീർപ്പും ഏകപക്ഷീയമായി പറയാത്ത, അങ്ങനെ നിര്ബന്ധിക്കാത്ത സ്വാതന്ത്ര്യം.
ഓരോരുവനും അവന്റെ പരിധിയും പരിമിതിയും വെച്ച് മനസ്സിലാക്കി ദൈവത്തെ സമീപിക്കാം, മനസ്സിലാക്കാം എന്ന സ്വാതന്ത്ര്യം.
ദൈവത്തിന് നിർബന്ധങ്ങളില്ല എന്ന സ്വാതന്ത്ര്യം.
എങ്ങനെയായാലും ദൈവം ഓരോരുവനെയും അവന്റെ പരിധിയിൽ നിന്നും പരിമിതിയിൽ നിന്നും മനസ്സിലാക്കിക്കൊള്ളും എന്ന സ്വാതന്ത്ര്യം.
ആ നിലക്ക് നിഷ്കര്ഷയും നിര്ബന്ധവും ആവശ്യമില്ലാത്ത സ്വാതന്ത്ര്യം.
അതിനാൽ തന്നെ ദൈവത്തിന് മാർക്കറ്റിംഗ് ആവശ്യമില്ലാത്ത സ്വാതന്ത്ര്യം.
ഏതെങ്കിലും ഒന്ന് മാത്രമാക്കി ബ്രാൻഡ് ചെയ്തു ദൈവത്തെ മാർക്കറ്റ് ചെയ്യേണ്ടി വരാത്ത സ്വാതന്ത്ര്യം.
ജീവിതത്തിന്റെ വൈവിധ്യം ദൈവത്തിനും ദൈവസങ്കല്പത്തിനും കൊടുത്ത സ്വാതന്ത്ര്യം.
ഭാരതീയൻ ഇതറിഞ്ഞു അവനെ തന്നെ മാനിക്കുന്നുവോ ഇല്ലയോ എന്നതും അവൻ അകപ്പെട്ട അറിവുകേടിന്റെ മറ്റൊരു തലം.
സ്വയം അപകര്ഷതക്കു എങ്ങിനെയോ വിധേയമായവന്ന് അവന്റെ മഹത്വവും അവനു കിട്ടിയ അനുഗ്രഹവും മനസ്സിലാവില്ല.
*****
പിന്നെ ദൈവത്തെ ബിംബികരിക്കുമ്പോൾ നമ്മുടെ മുൻപിലുള്ള ഏറ്റവും നല്ലത് വെച്ച് ബിംബികരിക്കുക എന്നതിൽ എന്താണ് തെറ്റ്.
ദൈവം വെളിച്ചമാണെന്നു ഖുർആൻ വ്യക്തമായി പറയുന്നു.
അതും ആകാശ ഭൂമികളിലെ വെളിച്ചം ആണെന്ന്.
അങ്ങനെ വരുമ്പോൾ ഭൂമിലെ വെളിച്ചമായി, വിളക്കായി ഒരു സാധാരണ മനുഷ്യൻ സൂര്യനെയും ദീപത്തേയും കണ്ടാൽ അതിൽ എന്താണ് എങ്ങനെയാണ് തെറ്റു?
ഭൂമിക്കു ഊർജമായും വെളിച്ചമായും ഭവിക്കുന്നത് സൂര്യൻ തന്നെയല്ലെന്ന വാദം ആര്‍ക്കെങ്കിലും ഉണ്ടോ?
ഭൂമി സൂര്യനെ കൊണ്ട് മാത്രമാണ് ആപേക്ഷികമായി നിലകൊള്ളുന്നതെന്നും ആരെങ്കിലും മനസ്സിലാക്കാതിരിക്കുന്നുവോ?
ഉപമകൾ ഖുർആൻ പറഞ്ഞാലും ആപേക്ഷിക മാനത്തിലും ബിംബത്തിലും ദൈവത്തെ കാണാം എന്ന് തന്നെയല്ലെ അർത്ഥമാക്കുന്നത്?
ഖുർആൻ വെറുതെ ആലങ്കാരികമായി മാത്രമല്ല വെളിച്ചമെന്നു ഉപമ പറഞ്ഞത്.
അങ്ങിനെയാണെങ്കിൽ നമുക്ക് ആ സൂക്‌തത്തെ അവിടെ ഉപേക്ഷിക്കാമായിരുന്നു.
ഖുർആൻ വീണ്ടും വിശദീകരിക്കുന്നു. അതേ സൂക്‌തത്തില്‍. 
വിളക്കായും എണ്ണ ഒഴിക്കുന്ന വിളക്കായും ഒക്കെ.
ആ സൂക്തം ഒന്ന് കൂടി ശരിക്കും എടുത്തു മുഴുവനും എല്ലാവരും വായിച്ചു നോക്കൂക.
ഖുർആനിലെ ഏറ്റവും പ്രധാനപ്പെട്ട സൂക്‌തമായി ഗണിക്കപ്പെടുന്ന സൂക്തം കൂടിയാണ് അത്.
ആകാശഭൂമികളിലെ വെളിച്ചം എന്ന് പറഞ്ഞതിന് ശേഷം എന്തൊക്കെ എങ്ങനെയൊക്കെയാണ് ആ സൂക്തത്തിൽ പറഞ്ഞിരിക്കുന്നത്?
അതിന്റെ പൂർണ വിവർത്തനം താഴെ കൊടുക്കാം.
"അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവന്‍റെ പ്രകാശത്തിന്‍റെ ഉപമയിതാ: (ചുമരില്‍ വിളക്ക് വെക്കാനുള്ള) ഒരു മാടം. അതില്‍ ഒരു വിളക്ക്‌. വിളക്ക് ഒരു സ്ഫടികത്തിനകത്ത്. സ്ഫടികം ഒരു ജ്വലിക്കുന്ന നക്ഷത്രം പോലെയിരിക്കുന്നു. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍ നിന്നാണ് അതിന് (വിളക്കിന്‌) ഇന്ധനം നല്‍കപ്പെടുന്നത്‌. അതായത് കിഴക്ക് ഭാഗത്തുള്ളതോ പടിഞ്ഞാറ് ഭാഗത്തുള്ളതോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍ നിന്ന്‌. അതിന്‍റെ എണ്ണ തീ തട്ടിയില്ലെങ്കില്‍ പോലും പ്രകാശിക്കുമാറാകുന്നു. (അങ്ങനെ) പ്രകാശത്തിന്‍മേല്‍ പ്രകാശം. അല്ലാഹു തന്‍റെ പ്രകാശത്തിലേക്ക് താന്‍ ഉദ്ദേശിക്കുന്നവരെ നയിക്കുന്നു. അല്ലാഹു ജനങ്ങള്‍ക്ക് വേണ്ടി ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ." (ഖുര്‍ആന്‍) 
മേൽ സൂകതം അനുസരിച്ചാണെങ്കിൽ എന്താണ് മനസ്സിലാക്കേണ്ടത്?
വെളിച്ചത്തെ പൂജിച്ചാൽ ദൈവത്തെ, അഥവാ അല്ലാഹുവിനെ, പൂജിച്ചു എന്ന് തന്നെ.
വെളിച്ചമായും വിളക്കായും ദൈവത്തെ കാണാം എന്ന് തന്നെ. 
വെളിച്ചത്തെ പൂജിച്ചു കെണ്ട്, വിളക്കിനെ പൂജിച്ചു കൊണ്ട് ദൈവത്തെ, അഥവാ അല്ലാഹുവിനെ പൂജിക്കാം എന്ന് തന്നെ.
അങ്ങനെ പൂജിക്കുന്നതും ആരാധിക്കുന്നതും കൊണ്ട് ബഹുദൈവത്വവും മറ്റും ഉണ്ടാവില്ല എന്ന് തന്നെ. 
അഥവാ ഉണ്ടായാൽ ദൈവത്തിന് ഒരു ഛേദവും ഇല്ലെന്നും അതിൽ ദൈവം അസ്വസ്ഥനല്ലെന്നും സാരം.
ദൈവത്തിന്റെ ഏകത്വം അത് കൊണ്ട് നഷ്ടപ്പെടില്ല എന്ന് തന്നെ സാരം.
തുമ്മിയാൽ തെറിക്കുന്ന ഏകത്വമൊന്നുമല്ല ദൈവത്തിന്റേത് എന്ന് സാരം. 
ആരാധിക്കുന്നവർ എങ്ങിനെ ആരാധിക്കുന്നു എന്നതിൽ അസ്വസ്ഥപ്പെടുന്നില്ല ദൈവം എന്ന് സാരം. 
അത്രയ്ക്ക് അൽപ്പനല്ല ദൈവം എന്ന് തന്നെ.
മനുഷ്യൻ അവന്റെ ഉദ്ദേശം വെച്ച് എങ്ങിനെ എന്ത് വെച്ച് പൂജിച്ചാലും പ്രാർത്ഥിച്ചാലും ദൈവത്തിൽ എത്തിച്ചേരുമെന്ന്.
അത് പാപകരം ആവില്ല എന്ന്.
വെളിച്ചമെന്നാലും വിളക്കെന്നാലും ദൈവം തന്നെ എന്ന്.
ദൈവത്തെ അങ്ങനെ വളിച്ചമായും വിളക്കായും ബിംബീകരിച്ചു കണ്ട് പൂജിക്കുന്നതിൽ തെറ്റില്ല എന്ന്.
അത് വെളിച്ചത്തിന്റെ ഉറവിടമായ വെളിച്ചം തന്നെയായി നാം മനസ്സിലാക്കുന്ന സൂര്യനായാലും.
വെളിച്ചമാണ് വിളക്കാണ് എന്ന് ഉപമിച്ചാൽ വെളിച്ചത്തെയും വിളക്കിനെയും സൂര്യനെയും എല്ലാം ദൈവമായി, ദൈവത്തിന്റെ ബിംബമായി കാണാം എന്ന് തന്നെയാണ് ഖുർആനും അര്ഥശങ്കക്ക് ഇടയില്ലാത്ത വിധം ഉദ്ദേശിച്ചത്?
*****
ഇങ്ങിനെ മേൽപറഞ്ഞ സൂക്തത്തെ വെച്ച് വേണം ഇന്ത്യക്കാർ നടത്തുന്ന ദീപം തെളിയിക്കുന്ന കർമം എന്തെന്നും മനസ്സിലാക്കാൻ. സൂര്യാരാധനയെ മാനിക്കാൻ. ഗായത്രി മന്ത്രം സൂര്യാരാധനയുടെ ഭാഗമാണെന്നു പറഞ്ഞു പ്രതിഫലിപ്പിക്കാൻ ശ്രമിച്ചാൽ തന്നെയും. അത് ശരിയാണെന്നു വന്നാൽ തന്നെയും.
******
മേൽ പറഞ്ഞതനുസരിച്ചു വിളക്ക് വെക്കൽ കർമം ഓരോ മുസ്ലിമും യഥാർത്ഥത്തിൽ ചെയ്യേണ്ടതല്ലേ?
വിളക്ക് വെക്കുന്നതിൽ ഒരു അനിസ്ളാമികതയും കാണേണ്ടതില്ലല്ലോ?
ദൈവത്തെ എണ്ണ ഒഴിച്ച് കത്തിക്കുന്ന വിളക്കായി തന്നെയാണ് മേൽ സൂക്തത്തിൽ ഖുർആൻ ഉപമിച്ചത്.
കത്തിക്കാനുപയോഗിക്കുന്നത് എണ്ണ തന്നെ. അത് എന്തുമാവാം. അത് ഏത് എണ്ണയും ആവാം. 
വൃക്ഷത്തിൽ നിന്നുള്ള എണ്ണ മാത്രമേ അക്കാലത്തുള്ളൂ എന്നത് അക്കാലത്തിന്റെ പരിമിതിയാണെന്നു മനസ്സിലാക്കണം.
എണ്ണ ഏതായാലും വിളക്കിൽ തീ തെളിയിച്ചു വെളിച്ചമുണ്ടാക്കുന്നത് തന്നെ.
ദൈവം ആ വിളക്കിൽ നിന്നുണ്ടാവുന്ന വെളിച്ചവും. 
അതാണ് ഖുർആൻ വ്യക്തമാക്കിപ്പറഞ്ഞതു.
മാത്രമല്ല. ആ വിളക്ക് കൂടി ദൈവമാണെന്ന് വരെ പറഞ്ഞു.
എന്ന് വെച്ചാൽ സൂര്യനിൽ നിന്നും വരുന്ന വെളിച്ചം മാത്രമല്ല സൂര്യൻ തന്നെയും താൻ ആണെന്ന് ദൈവം പറയുന്നു. ദൈവം തന്നെ ആണെന്ന്. അല്ലാഹു ആണെന്ന്.
എണ്ണക്കും എണ്ണ നൽകുന്ന വൃക്ഷത്തിനും ഭൂമിശാസ്ത്രം ഒരു തടസ്സവും പരിമിതിയും സൃഷ്ടിക്കുന്നില്ല. 
എണ്ണ ഏതു വൃക്ഷത്തിലെതും ആവാമെന്നും ഖുർആൻ വ്യക്തമാക്കി.
കിഴക്കിന്റെയും പടിഞ്ഞാറിന്റേതും മാത്രമല്ലാത്ത എണ്ണ എന്ന് പറഞ്ഞപ്പോൾ അതല്ലാത്ത വേറെ ഒന്നും ഉദ്ദേശിച്ചില്ല.
കിഴക്കു പടിഞ്ഞാറ് വിഭജനം (പൗരസ്ത്യ പാശ്ചാത്യ വിഭജനം) ബാധകല്ലാത്ത എണ്ണ.
എല്ലാവരുടെയും എവിടെയുമുള്ള എണ്ണയും എണ്ണയും നൽകുന്ന വൃക്ഷവും.
സൈത്തൂൺ വൃക്ഷം എന്നത് അവിടെ ലഭ്യമായ ഒരു വൃക്ഷം മാത്രം. ഒലിവു വൃക്ഷം.
നമുക്ക് തെങ്ങും പനയും പോലെ. 
സൈത് എന്നാൽ എണ്ണ എന്നാണു അറബിയിൽ.
എണ്ണ നൽകുന്ന വൃക്ഷം അനുഗ്രഹീതമായ വൃക്ഷം.
എല്ലാ വൃക്ഷവും ദൈവത്തിന്റെ അനുഗ്രഹീതമായ വൃക്ഷം തന്നെ. 
ദൈവം വെറും വെളിച്ചം എന്നതിനപ്പുറം വേറെ ഒന്നും ഖുർആൻ ഉദ്ദേശിച്ചില്ല. 
ദൈവം വെറും വിളക്ക് എന്നതിനപ്പുറവും ഒന്നും ഉദ്ദേശിച്ചില്ല.
എല്ലാം മേൽ ഖുര്‍ആന്‍ സൂക്തത്തിൽ പച്ചവെള്ളം പോലെ തന്നെ മവ്യക്താമാവുന്നു. ഒരു സംശയത്തിനും വക നൽകാതെ.
വിളക്ക് വെക്കുന്ന കർമം ഭാരതീയമായ ഒരു നടപടി ക്രമം ആയിപ്പോയി എന്നത് കൊണ്ട് മാത്രം തെറ്റും പാപവും കാണേണമോ?
അങ്ങനെ കാണുന്ന നടപടി ശരിയാണോ?
ഖുർആനെ യഥാർത്ഥത്തിൽ മനസ്സിലാക്കാത്ത നടപടി അല്ലെ അത്?
പണ്ഡിതന്മാരടക്കം ഈ ഒരു സൂക്തത്തിനെതിരെ മുഖം തിരിച്ചു നില്കുന്നത് സമൂഹത്തോട് ചെയ്യന്ന തെറ്റല്ലേ?
മുസ്ലിംകൾക്കു ഇന്ത്യയുമായി സാംസ്കാരികമായും വിശ്വാസപരമായും അനുഷ്ഠാനപരമായും താതാത്മ്യപ്പെട്ടു പോകാനുള്ള ഒരവസരം നിഷേധിക്കൽ അല്ലെ അവർ അത്കൊണ്ട് ചെയ്യുന്നത്?
ശരി ആര് ചെയ്താലും പറഞ്ഞാലും ശരി തന്നെയല്ലേ?
ഇന്ത്യക്കാരൻ പറഞ്ഞാലും ചെയ്താലും ശരി ശരി അല്ലെന്നാവുമോ?
ഒരു കാര്യം ഭാരതീയമായിപ്പോയാൽ ഖുർആനിന് അനുകൂലമായാൽ പോലും തള്ളിക്കളയണം എന്നാണോ സുഹൃത്തേ താങ്കൾ പറയുന്നത്? 
ഗായത്രി മന്ത്ര സൂര്യനെ കേന്ദ്രീകരിച്ചായാൽ തന്നെ ഖുര്ആന്കമായി (മേൽ പറഞ്ഞ ഖുർആൻ സൂക്തത്തിന്റെ വെളിച്ചത്തിൽ) എന്താണ് സുഹുത്തേ തെറ്റ്.
******
വാൽക്കഷ്ണം.
ഒന്നോർത്തു നോക്കൂ.
ദൈവം വെളിച്ചമാണ്. വിളക്കാണ്.
ഖുർആനും വ്യക്തമാക്കുന്നു.
എങ്കിൽ രാത്രിയെയും ഇരുട്ടിനെയും വിളക്ക് തെളിയിച്ചു എതിരേൽക്കുന്നതിനേക്കാൾ സുന്ദരമായ, പ്രതീകാത്മകമായ, അർഥപൂർണമായ ഒരാചാരവും അനുഷ്ഠാനവും എവിടെ കിട്ടും?
അത് ഇന്ത്യൻ ആയത് കൊണ്ട് മാത്രം വെറുക്കപ്പെടേണം എന്നാണോ? തെറ്റാണെന്നു പറയേണം എന്നാണോ?
ഏതൊരു പരിപാടിയും ദൈവനാമത്തിൽ തുടങ്ങും പോലെയും അതിനേക്കാളും ഉത്തമം ആവില്ലേ വെളിച്ചം കൊണ്ട് ദീപം തെളിയിച്ചു തുടങ്ങുന്നത്?
ഒപ്പം ഒരുപാട് അര്ഥപൂര്ണവും പ്രതീകാത്മകവും. വെളിച്ചവും വിളക്കും ദൈവം തന്നെ എന്ന് ഖുർആൻ സംശയലേശമന്യേ സമ്മതിക്കുന്നുണ്ടെങ്കിൽ.

No comments: