സ്പ്രിംഗ്ളര്‍ ശരിയോ തെറ്റോ ആവാം.
സ്പ്രിംഗ്ളറില്‍ ശരിയും തെറ്റും ഉണ്ടാവാം.
സ്പ്രിംഗ്ളര്‍ ചെറുതോ വലുതോ ആവാം.
സ്പ്രിംഗ്ളറില്‍ ചെറുതും വലുതും ഉണ്ടാവാം.
സ്പ്രിംഗ്ളറിലെ തെറ്റും ശരിയും അറിയില്ല. ചെറുതും വലുതും അറിയില്ല.
അറിയാത്തത് അറിയില്ലെന്ന് തന്നെ പറയുന്നു.
അപ്പോഴും, വേണ്ടതും വേണ്ടാത്തതും സ്പ്രിംഗ്ളറിനെ വെച്ചും മറ്റെന്തിനെ വെച്ചും ഊഹിക്കാനും, ആ ഊഹിച്ചത് വെച്ച് ആക്ഷേപിച്ച് ആരോപിച്ച് പറയാനും അറിയില്ല എന്നല്ല.
വെറും ഊഹങ്ങളും ആരോപണങ്ങളും കച്ചവടമാക്കുന്ന മഹത്തായ പരിപാടിക്കാണല്ലോ ഈ മഹാരാജ്യത്ത് ജനാധിപത്യം എന്ന വലിയ പേര്.
വേണമെങ്കില്‍ അതൊക്കെയാവാം.
പക്ഷേ, എന്തിന്?
അതിനാല്‍ തന്നെ, അങ്ങനെ ഊഹിക്കാനും ഊഹിച്ചത് വെച്ച് മാത്രം ആക്ഷേപിച്ച് ആരോപിച്ച് പറയാനുമല്ല ഇത്തരുണത്തില്‍ ഉദ്ദേശിക്കുന്നത്.
എന്തിനായാലും അങ്ങനെ തയ്യാറല്ല എന്നത് കൊണ്ട് മാത്രം.
സ്പ്രിംഗ്ളറിന്റെ വലുപ്പമല്ല ഇപ്പോൾ ബോധ്യപ്പെടുന്നത്.
എത്ര ചെറുതും വേണമെങ്കില്‍ വലുതാക്കാം, വലുതാണ്.
അതുപോലെ തന്നെ എത്ര വലുതും വേണമെങ്കില്‍ എത്രയും ചെറുതാക്കാം, ചെറുതാണ്.
അതാണ് ജനാധിപത്യത്തിന്റെ പ്രത്യേകത എന്നതാണ് ഇപ്പോൾ ബോധ്യപ്പെടുന്നത്.
ഒപ്പം സ്പ്രിംഗ്ളറും അതുപോലെ മറ്റെന്തും വേറെ ഒരുവഴിയും ഗതിയും പരഗതിയും ഇല്ലാത്തവര്‍ക്ക് കയറിവരാനുള്ള എത്ര വലിയ കോണിപ്പടിയാവുന്നു എന്നതാണ് ഇപ്പോൾ ബോധ്യപ്പെടുന്നത്.
സാധാരണഗതിയില്‍ വെറും ഭരണവിരുദ്ധതരംഗം മാത്രം വെച്ച് അധികാരത്തില്‍ വരാനും തിരിച്ചെത്താനും കഴിയുന്ന ഒരു ഭരണപക്ഷവും പ്രതിപക്ഷവും കുറെ ഭരണപക്ഷ, പ്രതിപക്ഷപാര്‍ട്ടികളും മാത്രമേ ഇവിടെ നമ്മുടെ നാട്ടിലുള്ളൂ.
ആശയയാദര്‍ശം കൊണ്ടോ കര്‍മ്മപരിപാടികള്‍ കൊണ്ടോ ആശയും ആവേശവുമായി നാട്ടില്‍ പിടിച്ചുനില്‍ക്കുന്ന ഭരണപക്ഷവും പ്രതിപക്ഷവും പാര്‍ട്ടികളും ഇവിടെ ഇല്ല തന്നെ.
പക്ഷേ, ഇക്കുറി സംഗതി മറിച്ചാണെന്ന് ഏറെക്കുറെ വന്നിരിക്കുന്നു.
ഈ വരാൻ പോകുന്ന കേരള സംസ്ഥാന തെരഞ്ഞെടുപ്പില്‍ ജനങ്ങൾ തുടര്‍ഭരണം തെരഞ്ഞെടുക്കാന്‍ സാധ്യതയെന്ന് അര്‍ത്ഥം.
അവിടെയാണ് പ്രശ്നം. അവിടെയാണ് പ്രതിപക്ഷം അപകടം മണക്കുന്നത്. അല്ലാതെ നാം പ്രത്യക്ഷത്തില്‍ കരുതും പോലെ സ്പ്രിംഗ്ളറില്‍ അല്ല.
ഏത് എല്ലിന്‍ കഷണവും മാംസക്കഷണം പോലെ കൊണ്ടു നടക്കാൻ പ്രതിപക്ഷത്തെ പ്രേരിപ്പിക്കുന്ന ഘടകം അതാണ്.
അഥവാ പ്രതിപക്ഷത്തിന് അങ്ങനെ ഒരു ഗതി വന്നിരിക്കുന്നു എന്ന് വേണം പറയാൻ. ജനാധിപത്യത്തിലെ പ്രതിപക്ഷത്തിന്റെ ദൗത്യം എന്ന മറ പിടിച്ചും ന്യായം പറഞ്ഞും.
അഥവാ പ്രളയവും മഹാമാരിയും കൊണ്ട് തോല്‍ക്കാത്ത ഒരു ഭരണവിഭാഗം പ്രതിപക്ഷത്തെക്കൊണ്ട് ഇങ്ങനെയൊക്കെ തോന്നിപ്പിക്കുന്നു, ചെയ്യിപ്പിക്കുന്നു.
ഏറെക്കുറെ ഭരണവിരുദ്ധതരംഗവും തങ്ങൾക്കനുകൂലമായി കിട്ടില്ല എന്ന ദുരവസ്ഥ ദുസ്വപ്നമായ് അവരെ വേട്ടയാടുന്നത് കൊണ്ട്.
അത്തരമൊരവസ്ഥ നേരിടേണ്ടി വരുന്ന പ്രതിപക്ഷവും കുറെ പ്രതിപക്ഷ പാര്‍ട്ടികളുമാണ് ഇപ്പോൾ കേരളത്തിലുള്ളത്.
അവർ ഏറെക്കുറെ പേക്കിനാവുകള്‍ മാത്രം കണ്ട് കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ഇപ്പോൾ സ്പ്രിംഗ്ളര്‍ വീണുകിട്ടുന്നത്.
സ്പ്രിംഗ്ളര്‍ സരിതയുടെയും സോളാറിന്റെയും പാലാരിവട്ടത്തിന്റെയും അത്രയ്ക്ക് വരില്ലെങ്കിലും, ഉള്ളത് പിടിച്ച് മുളപ്പിച്ച് വലുതാക്കിയെടുക്കാം എന്ന ഒരു തോന്നലിലാണ് ഇപ്പോൾ പ്രതിപക്ഷം.
അതുകൊണ്ടെങ്കിലും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാമെന്ന തോന്നല്‍ അവര്‍ക്കുണ്ട്.
പൊടിപടലവും കണ്ണില്‍ വീഴ്ത്തി കാഴ്‌ചമുട്ടിക്കുന്ന ശക്തിയാക്കാം എന്നൊരു വ്യാമോഹം.
കാരണം, നന്മയും തിന്മയും നേരിട്ടറിയാത്തവരാണ് നാട്ടിലെ ജനങ്ങൾ.
വലിപ്പവും ചെറൂപ്പവും അവര്‍ക്ക് മനസിലാവില്ല.
ശരിയും തെറ്റും മറ്റാരെങ്കിലും പറഞ്ഞ് അവതരിപ്പിക്കും പോലെയാണ് അവര്‍ക്ക്.
മതപുരോഹിതന്‍മാരെ പോലെ രാഷ്ട്രീയനേതാക്കള്‍ അവര്‍ക്ക്. രാഷ്ട്രീയപുരോഹിതന്മാര്‍. നാട്ടുകാരുടെ ചിലവില്‍ സൗജന്യമായി മാത്രം ജീവിക്കുന്നവർ.
അങ്ങനെ ഒന്നും അറിയാത്തവരാണ്, മനസിലാക്കാത്തവരാണ് ജനങ്ങൾ എന്നതാണ് തങ്ങളുടെ മുതല്‍കൂട്ട് എന്ന് രാഷ്ട്രീയപുരോഹിതന്മാര്‍ മനസിലാക്കുന്നു.
അത്തരമൊരു ജനതയാണ് ജനാധിപത്യത്തിന്റെ അസ്ഥിവാരം, അഹങ്കാരം, ഇന്ത്യയുടെയും, വിശിഷ്യാ കേരളത്തിന്റെയും അഹങ്കാരം എന്നും രാഷ്ട്രീയപുരോഹിതന്മാര്‍ പറഞ്ഞ് വിശ്വസിപ്പിക്കുന്നു.
അവിടെയാണ് സ്പ്രിംഗ്ളര്‍ അവര്‍ക്ക് വലിയൊരു കോണിപ്പടി തന്നെ ആവുമെന്ന തോന്നല്‍ അവര്‍ക്കുണ്ടാവുന്നത്.
ഒരു കച്ചിത്തുരുമ്പ്.
ചെറുത് വലുതാണെന്ന് തോന്നുന്ന, തോന്നിപ്പിക്കുന്ന കച്ചിത്തുരുമ്പ്.
ജനങ്ങളോടുള്ള ആത്മാര്‍ത്ഥതയേക്കാള്‍ അധികാരത്തോടുള്ള മമത വെച്ചുണ്ടാവുന്ന കച്ചിത്തുരുമ്പ്.
കുപ്പായം തുന്നി കാത്തുനില്‍ക്കുന്നവര്‍ക്ക് ഈയടുത്തൊന്നും അതുപയോഗിക്കാൻ സാധിക്കില്ല എന്നറിയുമ്പോള്‍ ഉണ്ടാവുന്ന നിരാശയില്‍ നിന്നും ഉദിക്കുന്നു ചെപ്പടിവിദ്യ.
സ്പ്രിംഗ്ളര്‍
*******
ഭരണമെന്നാല്‍ അഴിമതിയാണ്, അഴിമതിക്കുള്ളതാണ് എന്ന് മാത്രം കരുതുന്നവര്‍ക്ക് എല്ലാം അങ്ങനെയാണ്.
അങ്ങനെ അഴിമതി നടത്താൻ വേണ്ടി മാത്രം ഭരിക്കുന്ന, ഭരിക്കാന്‍ കൊതിക്കുന്ന ഭരണ പ്രതിപക്ഷകക്ഷികള്‍ എല്ലാറ്റിലും അഴിമതി കണ്ടാല്‍, എല്ലാറ്റിനെയും അഴിമതിയായി കണ്ടാല്‍ അത്ഭുതപ്പെടാനില്ല.
അവർ സ്വയം ചെയ്യുന്നതും വിചാരിക്കുന്നതും ആഗ്രഹിക്കുന്നതും മാത്രമേ മറ്റെല്ലാവരിലും കാണുന്നുള്ളൂ, ആരോപിക്കുന്നുള്ളൂ.
അവരെ അവർ മറ്റെല്ലാവരിലും പ്രതിബിംബിച്ചു നിഴലിട്ട് കാണുന്നു എന്ന് മാത്രം.
No comments:
Post a Comment