Saturday, August 8, 2020

ജനാധിപത്യം. ക്രൂരമായ തമാശകള്‍ നമ്മൾ പറയുകയെങ്കിലും വേണം.

ജനാധിപത്യം. ക്രൂരമായ തമാശകള്‍ നമ്മൾ പറയുകയെങ്കിലും വേണം.


ജനാധിപത്യത്തിന്റെ പേരില്‍ നടക്കുന്ന കൊടുംവഞ്ചന അത്തരം തമാശകള്‍ കൊണ്ടെങ്കിലും നമ്മൾ നേരിടണം. 


അച്ചുതാനന്ദനെയും ഉമ്മന്‍ ചാണ്ടിയെയും ആന്‍റണിയെയും പോലെയുള്ളവർ, പിന്നെ കുറെ ഉദ്യോഗസ്ഥപ്രഭുക്കളും അവരുടെ വയസ് ാം കാലത്തും എത്ര വാങ്ങിക്കൂട്ടുന്നുണ്ടാവും, വ്യത്യസ്തങ്ങളായ ആനുകൂല്യങ്ങളും പെൻഷനും ഒക്കെയായി എന്ന് നാം ഒരു തമാശയായെങ്കിലും ഓര്‍ക്കണം.


കുറച്ച് കൊല്ലം നിലക്ക് പണിയെടുത്തവര്‍ അതിലും എത്രയോ ഇരട്ടി വർഷങ്ങൾ വ്യത്യസ്തങ്ങളായ ആനുകൂല്യങ്ങളും പെൻഷനും അനുഭവിച്ച് നാടിനെ മുടിക്കുന്നു. 


അക്കാര്യത്തില്‍ അവര്‍ക്ക് ഒരുളുപ്പുമില്ല. എങ്കിൽ തമാശകള്‍ പറയാൻ നമ്മക്കും ഒരു ഉളുപ്പും വേണ്ടതില്ല.


ഓര്‍ക്കണം. അവരാരും മറ്റൊരു ജോലിയും ചെയ്തവരല്ല. പ്രത്യേകിച്ചും അവരാരും കൃഷി ചെയതവരല്ല. 


*****


ജനാധിപത്യമെന്നാല്‍ ജനങ്ങൾക്കില്ലാത്ത, ജനങ്ങൾക്ക് അര്‍ഹതയില്ലാത്ത കുറെ സമ്പത്തും സൗകര്യങ്ങളും സുഖങ്ങളും ജനങ്ങളുടെ പേരില്‍ നേതാക്കളും ഉദ്യോഗസ്ഥരും സുരക്ഷിതമായി അനുഭവിക്കുക എന്നാണോ? 


നമ്മളറിയണം.


യഥാര്‍ത്ഥത്തില്‍ ഉദ്യോഗസ്ഥര്‍ മാത്രം നാട് ഭരിക്കുന്നു.


അവര്‍ക്ക് വേണ്ട പോലെ.


ജനാധിപത്യമാണെന്ന് തോന്നിപ്പിക്കാന്‍ പുട്ടില്‍ തേങ്ങയെന്ന പോലെ മേമ്പൊടിക്ക് ഒരു വിവരവുമില്ലാത്ത, ഒന്നും മനസ്സിലാവാത്ത, രാഷ്ട്രീയനേതാക്കളെ വെക്കുന്നു.


അവർ പരസ്പരം സംരക്ഷിച്ച് സുഖിക്കുന്നു.


അവര്‍ക്ക് വേണ്ടതെല്ലാം എളുപ്പം വര്‍ദ്ധിപ്പിച്ചു കൊണ്ട്‌. ഒരുതരം ഒത്തുതീര്‍പ്പ് സൂത്രവാക്യം വെച്ചുകൊണ്ട്.


രാജ്യത്തിന്റെ മറയിലും ന്യായത്തിലും മാത്രം ഇവർ ജീവിക്കുന്നു, സമ്പന്നരാവുന്നു.


രാജ്യത്തിന്റെ പേരില്‍ രാജ്യവാസികള്‍ക്ക് സാധിക്കാത്തത് അവര്‍ക്ക് സാധിക്കുന്നു. 


അങ്ങനെ രാജ്യത്തിന്റെ പേരില്‍ സമ്പന്നരായതിന്‌ ശേഷം പോലും ഇവരില്‍ ആരും ജനാധിപത്യത്തിന്റെ പേരില്‍ ജനങ്ങൾക്ക് കിട്ടാതെ ഇവര്‍ക്ക് മാത്രം കിട്ടുന്ന ആനുകൂല്യങ്ങളോ പെൻഷനോ വേണ്ടെന്നു വെക്കുന്നില്ല.


ആനുകൂല്യങ്ങളോ പെൻഷനോ വേണ്ടെന്നുവെച്ച ഒരു രാഷ്ട്രീയനേതാവിനെയോ ഉദ്യോഗസ്ഥനെയോ ഇക്കാലമത്രയും കാണിച്ചു തരാനും സാധിക്കില്ല. 


*****


അപ്പോൾ, നേതാക്കന്മാരുടെയും ഉദ്യോഗസ്ഥരുടെയും സമ്പന്നതയെ നിശ്ചയിക്കുന്ന, നിര്‍ണയിക്കുന്ന അളവ്കോലും മാനദണ്ഡവും എന്തെന്ന് ചോദിക്കും. 


ശരിയാണ്‌.


തര്‍ക്കിക്കാന്‍ പറ്റില്ല.


പക്ഷേ, സംഗതി പകല്‍ വെളിച്ചം പോലെ വ്യക്തം.


സുരക്ഷിതമായി ജീവിക്കാനും അതിൽ കൂടുതലും അവര്‍ക്കുണ്ട് എന്നത് തന്നെ.


രാജ്യത്തിന്റെയും ജനാധിപത്യത്തിന്റെയും പേരില്‍, മറയില്‍ വേറെയും. 


പരമ്പരകള്‍ക്കും തലമുറകള്‍ക്കും വേണ്ടത് വരെ ശേഖരിച്ചതിനുശേഷവും ഇവർ ഒന്നും വേണ്ടെന്ന് വെക്കുന്നില്ല.


******


നമ്മൾ രാജാക്കന്മാരെയൊക്കെ വെറുതെ കുറ്റം പറഞ്ഞു.


ഇവിടെ ജനാധിപത്യത്തിന്റെ പേരില്‍ ഒരു നൂറായിരം കാട്ടുകള്ളന്മാരായ രാജാക്കന്മാര്‍ മാറി മാറി വരുന്നു.


ജനാധിപത്യത്തില്‍ അവസരം സ്ഥിരമല്ലെന്നറിയുന്ന രാജാക്കന്മാരായതിനാൽ കിട്ടുന്ന അവസരത്തെ പരമാവധി ഉപയോഗപ്പെടുത്തുന്നു, കട്ടുമുടിക്കുന്നു, കാട്ടുകള്ളന്മാര്‍. 


പരമ്പരകള്‍ക്ക് വേണ്ടത് ശേഖരിക്കുക രാഷ്ട്രീയപ്രവര്‍ത്തനം കൊണ്ടും ജനാധിപത്യത്തിന്റെ മറവിലും ചെയ്യേണ്ട കാര്യമല്ല എന്നത്‌ ഇക്കാര്യത്തില്‍ ഇവർക്കാര്‍ക്കും ഓര്‍ക്കേണ്ട കാര്യമേ അല്ല. 


*****


ചോദിക്കുന്ന ചോദ്യങ്ങളൊന്നും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ആയിക്കൂട.


ജനാധിപത്യത്തിന്റെ മറവില്‍ ഇതൊക്കെ ചെയ്യുമ്പോള്‍, ഇവർ ഇതിനൊക്കെ ജനങ്ങൾക്ക് ഉത്തരം നല്‍കണം.

No comments: