Monday, August 10, 2020

കൊറോണക്ക് മനുഷ്യനോട് പറയാനുള്ളത്.

കൊറോണക്ക് മനുഷ്യനോട് പറയാനുള്ളത്.


"മനുഷ്യാ, നിനക്ക് ഒരുപാട് കാര്യങ്ങളെ ഇഷ്ടമാണ്.


"നീ ഇഷ്ടപ്പെടുന്നതൊക്കെയും നീ എങ്ങിനെയും നേടുന്നു.


"ഇഷ്ടപ്പെട്ടതിനെ നീ എങ്ങിനെയും സ്വന്തമാക്കി ആശ്ലേഷിക്കുന്നു.


"നിനക്ക് ഇഷ്ടപ്പെട്ടിടത്ത് നീ എങ്ങിനെയും കൂടുണ്ടാക്കുന്നു, രാപ്പാര്‍ക്കുന്നു. 


"എന്നാല്‍ ഞങ്ങൾ കൊറോണകള്‍ ഒന്ന് പറയട്ടെ.


"ഞങ്ങൾക്കുമുണ്ട് ഇഷ്ടങ്ങൾ.


"അതിലേറെ, തെളിച്ചു പറഞ്ഞാൽ, ഞങ്ങൾക്ക് ഏറെ ഇഷ്ടം നിങ്ങൾ മനുഷ്യരെയാണ്. 


"നിങ്ങളുടെ ശ്വാസകോശമാണ് നമുക്ക് ഏറ്റവും ഇഷ്ടമുള്ള ഇടം .


"നമ്മുടെ ഇണകളോടൊത്ത് രാപ്പാര്‍ക്കാന്‍ നാം ഏറ്റവും ഇഷ്ടപ്പെടുന്ന, സ്വപ്ന സാക്ഷാല്‍ക്കാരം നല്‍കുന്ന, ഇടമാണത്. 


"പക്ഷേ, എന്നിരിക്കിലും നമ്മൾ കൊറോണകള്‍ ഒന്നറിയുന്നു....


"നമ്മൾ നിങ്ങളെ  ഇഷ്ടപ്പെടുന്നതും ആശ്ലേഷിക്കുന്നതും നിങ്ങള്‍ മനുഷ്യര്‍ക്ക് ഇഷ്ടമാകുന്നില്ല.


"നമ്മുടെ ഇഷ്ടവും ആശ്ലേഷവും നിങ്ങളുടെ സംതുലനം തന്നെ നഷ്ടപ്പെടുത്തുമെന്ന് നിങ്ങൾ ഭയക്കുന്നു. 


"ഒരുവേള നിങ്ങളെ  ഇല്ലാതാക്കി ഉന്മൂലനം ചെയ്യുമോ ഞങ്ങൾ എന്ന് പോലും നിങ്ങൾ ഭയക്കുന്നുവെന്ന്.


"സംഗതി ഒരളവോളം ശരിയാണ്‌.


"ശരിയായിരിക്കാം.


"നമ്മളിലെ കേമന്‍മാര്‍ ഇനിയും കുറെ ഉണ്ട്. നിങ്ങളെ ഏറെ ഇഷ്ടമുള്ളവരായിട്ട്.


"അവരുടെയൊക്കെയും ഇഷ്ടവും ആശ്ലേഷവും അതിന്റെ ശക്തിയും, അതൊന്ന് വേറെ തന്നെയാണ്. 


"അല്ലയോ മനുഷ്യാ...


"പലതിനോടും നിനക്കുള്ള ഇഷ്ടവും ഇതുപോലെയൊക്കെ തന്നെ.


"നിന്റെ ഇഷ്ടത്തേയും ആശ്ലേഷത്തെയും അങ്ങേയറ്റം ഭയപ്പെടാത്തതായി എന്തുണ്ട്, ആരുണ്ട് പ്രകൃതിയില്‍? 


"എല്ലാവരും, എന്നല്ല, പ്രകൃതിയില്‍ ഒരുപാട് സംഗതികള്‍, നിന്നെയും നിന്റെ ഇഷ്ടത്തെയും ആശ്ലേഷത്തേയും അങ്ങേയറ്റം ഭയപ്പെടുന്നു.


"നിന്റെ ഇഷ്ടവും ആശ്ലേഷവും ഞങ്ങളുടേത് പോലെ തന്നെ.


"അതും പ്രകൃതിയില്‍ കനത്ത അസംതുലനം ഉണ്ടാക്കുന്നു.


"നിങ്ങളുടെ ഇഷ്ടവും ആശ്ലേഷവും ഞങ്ങളുടേത് പോലെ തന്നെ.


"പെട്രോൾ വലിച്ചെടുക്കുന്ന, മാര്‍ബിള്‍ കൊത്തിയെടുക്കുന്ന നീയും നമ്മൾ ചെയ്യുന്നതിനേക്കാള്‍ ചെറിയ കാര്യമല്ല ചെയ്യുന്നത്. 


"നിങ്ങളും പ്രകൃതിയില്‍ ഒരുപടി സംഗതികളെ ആകെമൊത്തം ഇല്ലാതാക്കി ഉന്മൂലനം ചെയ്യുന്നു.


"നിന്റെ ഇഷ്ടത്തിനും ആശ്ലേഷത്തിനും ഞങ്ങളുടേതില്‍ നിന്നും വ്യത്യസ്തമായ അര്‍ത്ഥവും തലവും മാനവും ഇല്ല.”

No comments: