Saturday, August 8, 2020

ഈ ചിത്രം ഉമ്മയുടേത്.

ചിത്രം

ഉമ്മയുടേത്.


ഈയുള്ളവനെ

ഈയുള്ളവനാക്കിയ

പൊക്കിള്‍കോടിയുടെ

അങ്ങേയറ്റത്തിന്റെ

ചിത്രം. 


ഈയുള്ളവന്റെ

മാതാവ്,

ഉമ്മ.


തെളിച്ചവും

വെളിച്ചവുമായ

മാതാവ്,

ഉമ്മ.


പന്തടക്കത്തിന്റെയും

പാകതയുടെയും

തർക്കത്തിന്റെയും

ന്യായത്തിന്റെയും

ഉറവിടം തന്നെയായ

ഉമ്മ.


******


ഉമ്മയെ ഓര്‍ക്കാന്‍,

ഉമ്മാക്ക് നൽകാൻ

ഒരു മാതൃദിനം

ഈയുള്ളവനില്ല,

ഒരു മാതൃദിനം

ഈയുള്ളവന് വേണ്ട.


അങ്ങനെയൊരു

മാതൃദിനത്തില്‍

ചുരുങ്ങില്ല ഈയുള്ളവന്റെ 

ഉമ്മ, മാതാവ്.


കാരണം, 


ജീവിതത്തിലുടനീളം

കത്തിയെരിയുന്ന

ജീവിതം തന്നെയായ 

എണ്ണയാണ്,

തിരിയാണ്,

വിളക്കാണ്‌

ഈയുള്ളവന് 

ഉമ്മ. 


ഒരു മാതൃദിനത്തില്‍ മാത്രം 

കൊളുത്താനും

കത്താനുമുള്ളതല്ല

തിരി. 

വിളക്ക്. 

എണ്ണ. 

ഉമ്മയെ കുറിച്ചുള്ള

ഉണ്മ തന്നെയായ 

ഓര്‍മകള്‍.

ഉമ്മ. 


ഓര്‍മകളെ

പ്രണയിച്ച്, പ്രണയിച്ച്

മറവിയെ

പരിണയിച്ചു

മറവിയെ

കൂടെ കൂട്ടിക്കൊണ്ടുപോയി

ഉമ്മ.


*****


വെളിച്ചം മരിക്കും. 

വെളിച്ചം മരിച്ചാല്‍ ഇരുട്ട്.


വെളിച്ചം ജനിക്കും. 

വെളിച്ചം ജനിക്കുന്നതിന്

മുന്‍പ് ഇരുട്ട്. 


ഇരുട്ടിലെ 

മറവിയാണ് മരണം.

മറവിയിലെ 

ഇരുട്ടാണ് മരണം. 


മരണത്തിലാണ്,

അതിലെ മറവിയിലും

ഇരുട്ടിലുമാണ് 

ജീവിതനൃത്തം

എന്ന് പഠിപ്പിച്ചു 

ഉമ്മ 


മറവിയാണ്

സ്ഥിരമായതെന്ന് 

ഈയുള്ളവനെ അറിയിച്ചു 

ഉമ്മ. 


ഓര്‍മകള്‍ വളര്‍ന്ന് 

പരിണമിച്ചാൽ

മറവി

തന്നെയാകുമെന്നും 

വഴിയില്‍

പാഠം തന്നു 

ഉമ്മ.


എന്തിനെന്നില്ലാതെ

എല്ലാം ഒരുക്കിവെച്ച്

വെട്ടാളത്തെ പോലെ

വിട്ടൊഴിഞ്ഞുപോയി 

ഉമ്മ.


സ്വന്തം വയര്‍

കാലിയാക്കി

ഈയുള്ളവന്റെ

വയര്‍ നിറച്ചു 

ഉമ്മ. 


ഒന്നും ഇല്ലാതിരുന്ന കാലത്ത്, 

ഇല്ലായ്മയുടെ വറുതിയില്‍ 

എങ്ങിനെയെന്നറിയിക്കാതെ

എല്ലാം ഉണ്ടാക്കി 

ഉമ്മ.


ഇല്ലായ്മയില്‍ നിന്ന്

ഉണ്മ പിറവിയെടുക്കുന്നത്

എങ്ങനെയെന്ന് അങ്ങിനെ

പാഠമാക്കി 

ഉമ്മ. 


ഈയുള്ളവനിലൊരു

പൂച്ചയുണ്ടെന്ന് കണ്ട്, 

പൂച്ചയെ 

പൂച്ചെയെന്ന് വിളിച്ച്

എന്നും രാവിലെ

ഉറക്കമുണര്‍ത്തി

ഉമ്മ.


എല്ലാ ദിനങ്ങളും

എല്ലാ വര്‍ഷങ്ങളും

ഉമ്മാക്കുള്ളതാണ്.


മാതാവ്

എങ്ങിനെയിരിക്കണം

എന്നറിയില്ല.


പക്ഷേ,

മാതാവ്

ഇങ്ങിനെയിരിക്കണം

എന്ന് മാത്രമറിയാം.

അതാണ്

ഉമ്മ. 


ഏറ്റവും ആദ്യത്തിലും 

ആദ്യത്തിന് മുന്‍പും 

ഉണ്ടായിരുന്നുത്

ഉമ്മ.


പിന്നെ ഉമ്മയുടെ

കൈത്തലപ്പിൽ

ഈയുള്ളവനും

ആദ്യമില്ലാത്ത

ആദ്യം തൊട്ട്. 


പ്രപഞ്ചത്തിന്റെ

ആദിയില്ലാത്ത ആദ്യത്തില്‍

ഉമ്മയും ഈയുള്ളവനും

ഒരുമിച്ച് ഒരിടവഴിയില്‍

അങ്ങനെ നിന്നത് 

ഇന്നും തങ്ങിനില്‍ക്കുന്ന

ഒരോര്‍മ്മ. 


ഉമ്മയുടെ മുഖമാണ്‌

ഇന്നും ദൈവത്തിന്


ദൈവത്തെ

എങ്ങിനെ വിചാരിക്കുമ്പോഴും

ദൈവത്തിനുള്ള മുഖം

ഉമ്മയുടെ മുഖം.


******


ഈയുള്ളവന്

പന്തടക്കത്തിന്റെയും

പാകതയുടെയും

തർക്കത്തിന്റെയും

ന്യായത്തിന്റെയും

ഉറവിടം തന്നെയായി

ഉമ്മ.


ലോകത്തെ മുഴുവന്‍

മറന്ന്

അവസാനം,

എല്ലാറ്റിനും

ഈയുള്ളവന്റെ

പേര്‌ മാത്രം നല്‍കി

പിന്നീട് പേരും മറന്ന്

ജീവിതത്തിന്‌

വഴിമാറി നടന്നകന്നു 

ഉമ്മ.


പത്ത് പ്രസവിച്ചതിൽ

ബാക്കി വന്ന ആറില്‍

ആറാമത്തെത്

ഈയുള്ളവന്‍.


ആറിനും

ഇല്ലായ്മയില്‍ നിന്നും

ജീവിതത്തെ

കൊരുത്തെടുത്തു

ഉമ്മ. 


ആര്‍ക്കുമില്ലെങ്കിലും

ഒരു കഷണം പൊരിച്ചമീന്‍

പത്താമന് 

എടുത്തുവെക്കാനും

മറന്നില്ല ഒരിക്കലും 

ഉമ്മ.


രാത്രികളില്‍ ഉണ്ണാതെ

ക്ഷീണിച്ചുറങ്ങിയാല്‍

അപ്പടിയേ ഭക്ഷണം

എടുത്തുവെച്ച്

രാവിലെ തീറ്റിക്കാന്‍

മറന്നില്ല

ഉമ്മ. 


ജീവിപ്പിക്കാന്‍,

മക്കളെ പോറ്റാന്‍, 

ഏതറ്റം വരെയും

പോകണമെന്ന്

പഠിപ്പിച്ചത് 

ഉമ്മ.


അത്തരം സ്വാര്‍ത്ഥതയാണ്

ധര്‍മ്മം,

അങ്ങനെ

സ്വാര്‍ത്ഥനായിപ്പോകുന്നതിലാണ്

ധര്‍മ്മം,

അതിൽ മാത്രമാണ് ധര്‍മ്മം, 

എന്നറിയിച്ചതും

ഉമ്മ.


******


ദുര്‍ഗന്ധമറിയാത്ത

മൂക്കുള്ള

ഉമ്മ


എല്ലാറ്റിലും എല്ലായ്പോഴും 

സുഗന്ധം മാത്രമറിഞ്ഞു 

ഉമ്മ.


ഏറെയും

ആര്‍ത്തവമില്ലാതെ 

പത്ത് കുട്ടികളുടെ

ഉമ്മയായി

ഉമ്മ.


വഴിയില്‍

കന്യാമറിയവുമായി 

ഉമ്മ 


ദെച്ചുട്ടിക്കും ആട്ടിക്കിട്ടക്കും,

ഉക്കിത്താക്കും അയിസ്ത്താക്കും,

താലക്കും ചിരുതേയിക്കും

നാണിയമ്മക്കും ഒരുപോലെ

ന്യായംപറഞ്ഞ്‌ കഥ പറയുന്ന

പ്രിയപ്പെട്ട കൂട്ടുകാരിയുമായി

ഉമ്മ 


കുട്ടികളുറങ്ങുമ്പോള്‍

ഉറങ്ങാതെ

കൊതുകിനെ കൊന്ന്

ചുമരില്‍ ചായംപൂശി

ഉണര്‍ന്നുനിന്നു

ഉമ്മ. 


ഒരുക്കമാണ് ജീവിതം, 

ഒരുങ്ങാന്‍ മാത്രമുള്ളതാണ്

ജീവിതം, 

എന്ന് തോന്നിപ്പിക്കും വിധം

ഇടതടവില്ലാതെ

ഉറുമ്പിനെ പോലെ

ഉണര്‍ന്നിരുന്നു

പണിയെടുത്തു 

ഉമ്മ.


അങ്ങിനെ, 

വിറകും പാത്രവും ശേഖരിച്ച്

എപ്പോഴും

കാലത്തെ വിരുന്നൂട്ടാന്‍

ഒരുങ്ങിനിന്നു

ഉമ്മ.


സ്വന്തമായൊരിടം വേണം. 


അതിനൊരു 

കുറുക്കന്റെ മാളവും

മതിയെന്ന് സ്വരമുള്ള

സര്‍ഗാത്മകതയുടെ

താളമറിഞ്ഞു 

ഉമ്മ. 


എണ്ണ തീരുവോളം

വണ്ടി ഓടും. 


അതിൽ ജീവിതത്തിന്‌

ഒരു നിര്‍ബന്ധസാധ്യതയും

നിര്‍വ്വചനവും

പറഞ്ഞുറപ്പിച്ചു തന്നു

ഉമ്മ. 


ചിലപ്പോഴെങ്കിലും

മുറുക്കിച്ചുവപ്പിച്ചു

സുന്ദരിയായി

ഉമ്മ. 


എന്നാലുമെപ്പോഴും 

ദൈവനാമങ്ങള്‍ മുഴുവന്‍

നാവില്‍ കൊരുത്ത്

ജീവിതം കൊരുത്തു

ഉമ്മ. 


സ്വാര്‍ത്ഥമായി ജീവിച്ച്

നിസ്വാര്‍ത്ഥത ശേഷിപ്പിച്ചു

ഉമ്മ. 


ഒരിക്കലും

നിസ്വാര്‍ത്ഥത പറയാതെ, 

നടിക്കാതെ

ജീവിതം സ്വാര്‍ത്ഥമായി

തുടരുന്നത്

കാണിച്ചു തന്നു 

ഉമ്മ. 


ഭൂമിയിലും 

അതിലെ

കൂട്ടുകുടുംബത്തിലും

ഒരു തുരുത്ത് മാത്രമായി

കൂട്ടുകൂടി

ഉമ്മ.


****


ഈയുള്ളവന്‍

പ്രാര്‍ത്ഥിക്കാറില്ല, 

ഉമ്മക്ക് വേണ്ടി


കാരണം,


ഈയുള്ളവന്റെ

പ്രാര്‍ത്ഥന തന്നെ

ഉമ്മ.. 


ഈയുള്ളവനുള്ള

പ്രാര്‍ത്ഥന തന്നെ

ഉമ്മ.


മണ്ണില്‍ മണ്ണായി ചേര്‍ന്ന്

ഇല്ലാതായപ്പോൾ,

ഈയുള്ളവന്റെ 

ലോകം തന്നെയായി

ഉമ്മ.


ഈയുള്ളവന്റെത്

മാത്രമല്ലാതെയായി

ഉമ്മ.


ലോകത്തിന്റെ മൊത്തം

ഉമ്മയായി.


ലോകമാതാവായി, 

കാലവും സ്ഥലവുമായി

ഉമ്മ.


( ഇരട്ടത്തലയനെ

ഏഴുനാള്‍ വേദനിച്ചു പ്രസവിച്ച

ഉമ്മ മരിച്ചിട്ട്

21 വര്‍ഷവും മൂന്ന് മാസവും

കഴിഞ്ഞു.


ഫോട്ടോ

ചുരുങ്ങിയത്

മുപ്പത്തഞ്ച് വർഷങ്ങൾക്ക്

മുന്‍പുള്ളത് )


No comments: