Monday, August 10, 2020

തന്തയില്ലായ്മ ഒരു കുറ്റമല്ല, കുറവല്ല.

 തന്തയില്ലായ്മ ഒരു കുറ്റമല്ല, കുറവല്ല.


ചില കാര്യങ്ങൾ fbയിലായാലും WhatsAppലായാലും കേൾക്കുമ്പോൾ, വായിക്കുമ്പോള്‍, അതംഗീകരിക്കാന്‍ പറഞ്ഞ കാര്യത്തിന്റെ തന്തയെ കുറിച്ച് (പറഞ്ഞവനെ) അറിയണമെന്നത്‌ നിര്‍ബന്ധമല്ല.


അതിനാല്‍ ഐഡി ഫേക്കാണോ അല്ലേ എന്നതും അറിയുക നിര്‍ബന്ധമല്ല.... 


എഴുത്തും അതിന്റെ കാമ്പും നോക്കാം. അതിന്റെ കാലികപ്രസക്തി നോക്കാം. 


ശരിയെങ്കിൽ ആര് പറഞ്ഞാലും ശരി. എവിടെ നിന്ന് കേട്ടാലും ശരി.


കുമാരനാണ്, കള്ളു കുടിച്ചാണ് പറയുന്നത്.


പക്ഷേ വഴിയില്‍ പാമ്പുണ്ട്, കുഴിയുണ്ട് എന്ന അയാളുടെ ഉണര്‍ത്തല്‍ വഴിയേ പോകുമ്പോള്‍ ആരും ശ്രദ്ധിക്കുന്നത് നന്ന്. വഴി കടന്ന് പിന്നിടുന്നത് വരെയെങ്കിലും. 


പറഞ്ഞതാര്, അയാളുടെ സ്ഥാനം, ശമ്പളം, എന്നത്‌ പറഞ്ഞ കാര്യത്തിന് യോഗ്യതയും അയോഗ്യതയുമല്ല.


പറഞ്ഞ ആൾ ഇല്ല, പറഞ്ഞ ആളെ നമുക്കറിയില്ല എന്നുതന്നെ വന്നാലും (അങ്ങനെയൊന്ന് സാധാരണഗതിയില്‍ ഉണ്ടാവില്ലെങ്കിലും) പറഞ്ഞ കാര്യം നിലനില്‍ക്കും, നിലനില്‍ക്കണം. 


ശരിയാണോ എന്ന് അളന്നു നോക്കുന്നത്‌ നമ്മളാണല്ലോ? നമ്മുടെ അളവുകോലുകള്‍ വെച്ചാണല്ലോ?


എങ്കിൽ പറഞ്ഞ ആൾ ആരുമാവട്ടെ. നാം ഉയര്‍ന്നിരുന്നാല്‍ മതി. ജാഗ്രതയോടെ.


വെള്ളവും വളവും വെളിച്ചവും എവിടെനിന്നും ആരില്‍ നിന്നും ജാഗ്രതായെ കൈമുതലാക്കി സ്വീകരിക്കുക. 


അതിനാല്‍, ഒരു കാര്യം ശരിയാവാന്‍ അത് പറയുന്ന ആളുടെ വ്യക്തിപരമായ പശ്ചാത്തലം വിഷയമല്ല എന്നര്‍ത്ഥം. 


ഒരു കാര്യത്തെ ചോദ്യം ചെയ്യേണ്ടത്, അതിന്റെ വസ്തുനിഷ്ഠതയും വസ്തുതാപരതയും നോക്കി മാത്രം, പറഞ്ഞ ആളെ നോക്കിയല്ല, പറഞ്ഞ ആളിന്റെ തന്തയെ നോക്കിയുമല്ല എന്നർത്ഥം. 


ഒരാളിന്റെതാണെങ്കിലും ആശയത്തിന്റെതാണെങ്കിലും തന്തയെ നോക്കുന്നത് ഒരുതരം പാരമ്പര്യവാദത്തിന്റെയും ജാതിവാദത്തിന്റെയും തുടര്‍ച്ച തേടുന്നത് പോലെ മാത്രം.


തറവാട് മഹിമ, പറയുന്ന കാര്യത്തിന് ശരി പകരില്ല.


പറഞ്ഞ കാര്യത്തെ സ്വീകരിക്കാനുള്ള ന്യായമായി തന്തയെ അന്വേഷിക്കുന്നത് തറവാട്  മഹിമ പറഞ്ഞ്‌ കേമത്തം നേടുന്നത് പോലെ മാത്രം. ഉപ്പുപ്പാന്റെ ആനയുടെ വലുപ്പവും തഴമ്പും അന്വേഷിക്കുന്നത് പോലെ മാത്രം. 


അല്ലെങ്കിൽ, ആശയത്തെ നേരിടുമ്പോള്‍, ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാട്ടുന്നതിന്‌ തുല്യം.


ആശയഗുണത്തിനു മേല്‍ ജന്മഗുണം പറഞ്ഞ്‌ മേല്‍ക്കോയ്മ നേടും പോലെ. 


ഒരു കാര്യം ശരിയാണോ? അത് മാത്രം, അത്രമാത്രം.


ശരിയാണെങ്കില്‍ തന്തയെ നോക്കേണ്ടതില്ല.


തന്ത ഉണ്ടെങ്കിൽ ഉണ്ട്, കാണും, അംഗീകരിക്കും. അത്ര തന്നെ. 


തന്ത ഇല്ലാത്തത് ആരുടെയും, ഒരു കുട്ടിയുടെയും (ഒരു വിഷയത്തിന്റെയും ആശയത്തിന്റെയും) കുറ്റമല്ല, കുറവല്ല. 


എന്നാലോ, യഥാര്‍ത്ഥത്തില്‍ തന്തയില്ലാതെ ആരും ഒന്നും ഉണ്ടാവുന്നില്ല എന്നത്‌ നമ്മുടെ സാമാന്യയുക്തി തന്നെ മനസിലാക്കിത്തരികയും ചെയ്യും. 


പിന്നെ എന്തിന്‌ നാം തന്തയെ ക്കുറിച്ച് വല്ലാതെ വേവലാതിപ്പെടണം? 


കൂടെ തന്തയില്ലാതെ വളര്‍ന്നവർ ഇവിടെ അമേരിക്കയുടെ പ്രസിഡന്റ് വരെ ആയിട്ടുണ്ട് (ഒബാമ).


പക്ഷേ, എത്ര നല്ല പ്രസിഡന്റ് ആയിരുന്നു ഒബാമ!!! 


ആപ്പിളിന്റെ സ്ഥാപകനും ceo യും (സ്റ്റീവ് ജോബ്‌സ്) തന്തയെ കണ്ട് വളര്‍ന്നവനായിരുന്നില്ല......


എത്ര നല്ല മാറ്റം കൊണ്ടുവന്ന സ്ഥാപകന്‍, ceo!!!!!! 


യേശുവിന് നമുക്കറിയുന്ന തന്തയില്ല.


പക്ഷേ എത്ര നല്ല ആവേശവും ആശയവും തന്നു തന്തയില്ലാത്ത യേശു? 


മുഹമ്മദ് ജീവിച്ചത് തന്തയില്ലാതെ.


പക്ഷേ അനാഥനെന്നതൊരു  കുറവായില്ല. 


നാം അറിയുന്ന, പറയുന്ന ഒരനേകം പഴമൊഴികള്‍ക്ക്  അധികവും നമുക്കറിയുന്ന തന്തയില്ല.


അതുകൊണ്ട്‌ തന്നെ അര്‍ത്ഥമുള്ള കുറെ കാര്യം തന്തയില്ലാത്ത പഴമൊഴികളിലൂടെ നാം അറിയുന്നു, പഠിക്കുന്നു.


പിന്നെന്തിന്‌ വിഷയങ്ങളില്‍ നമുക്ക് മറുപടി ഇല്ലെങ്കില്‍, തന്തയെ ചോദിച്ച്, പറഞ്ഞ്‌, ഇടിച്ചുതാഴ്ത്തി നാം വിജയിക്കണം...? 


നമ്മൾ അകപ്പെട്ട അവസ്ഥയുടെയും സുഖത്തിന്റെയും സുരക്ഷിതത്വത്തിന്റെയും അടിമയായിപ്പോകരുത് നാം.


സുഖവും സുരക്ഷിതത്വവും കൊണ്ട്‌ അന്ധരും ആയിപ്പോകരുത് നാം.

No comments: