ഇന്നലെ പോസ്റ്റ് ചെയ്ത ജന്മദിനക്കുറിപ്പിന് ഒരു സുഹ്രുത്ത് തന്ന വിയോജനക്കുറിപ്പ്.
"രണ്ടുവരിയിൽ പറയേണ്ട കാര്യം നൂറുവരിയിൽ പറയില്ല എന്നൊരു ജന്മദിനപ്രതിജ്ഞ കൂടി എടുത്തുകൂടേ, റഹീമേ?"
ഉത്തരം:
താങ്കളുടെ നര്‍മോക്തിയും സരസഭാഷയും ഉള്‍കൊണ്ടുകൊണ്ട് തന്നെ പറയട്ടെ.
നല്ല അഭിപ്രായം,
നല്ല നിര്‍ദേശം,
നല്ല ഉപദേശം.
നല്ല സുഹൃത്തുക്കളില്‍ നിന്ന് നല്ലതേ വരൂ.
അത് കൊണ്ടായിരിക്കുമല്ലോ 'ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട' എന്നൊരു ചൊല്ലും കാലം കൊണ്ട് രൂപപ്പെട്ടത്?
ഒരുപക്ഷേ, ഈയര്‍ത്ഥത്തില്‍ ഒരുനല്ല സുഹൃത്തില്ലാതെ ഒറ്റക്കായത് കൊണ്ടായിരിക്കും ദൈവം ഇങ്ങനെയെല്ലാം അബദ്ധം ചെയ്യുന്നവനായത്...!!!
കണ്ണാടിയില്‍ തെളിയുന്ന ഉപദേശനിര്‍ദേശങ്ങൾ കണ്ടുപഠിക്കാൻ ദൈവത്തിന് സാധിക്കാത്തത് കൊണ്ട്.
ദൈവത്തിന് തന്നെ പ്രതിബിംബിക്കാന്‍ കൂട്ടുകാരനായ ഒരു കണ്ണാടി ഇല്ലാതെ പോയത് കൊണ്ട്.
അത് ദൈവത്തെ വെറും താൻ തോന്നിയാക്കി. വെറും തന്നിഷ്ടക്കാരന്‍.
താന്‍തോന്നിയും തന്നിഷ്ടക്കാരനും ആവുക എന്നതാണല്ലോ, നമുക്കിടയില്‍ ദൈവം ദൈവമാകാനുള്ള ഒരു പ്രധാന യോഗ്യത.
ഇക്കാര്യം ഈയുള്ളവനെ താങ്കള്‍ ഒന്ന് കൂടി ബോധ്യപ്പെടുത്തിയതിന് നന്ദി.
******
അതിനാല്‍ തന്നെ മേല്‍പറഞ്ഞ താങ്കളുടെ ഉപദേശനിര്‍ദേശം ഈയുള്ളവന്‍ സ്വീകരിക്കും.
പ്രതിജ്ഞയെടുക്കും.
ജന്മദിനപ്രതിജ്ഞ.
ആവത് ആ വഴിയില്‍ പരിശ്രമിക്കും.
******
പക്ഷേ, താങ്കളും ഒന്നോര്‍ത്തു നോക്കൂ...
കഴിയുമെങ്കില്‍ ഇങ്ങനെയൊരു അഭിപ്രായവും നിര്‍ദേശവും ഉപദേശവും അങ്ങ്നിന്നിങ്ങോളം ദൈവവും, പിന്നെ സൃഷ്ടികളായ എല്ലാവരും, കൊണ്ടുനടക്കുകയായിരുന്നുവെങ്കിൽ, എന്താകുമായിരുന്നു.....
ദൈവവും പിന്നെ മറ്റെല്ലാവരും പ്രപഞ്ചസൃഷ്ടി തൊട്ട് ഇക്കോലത്തില്‍ ഇങ്ങനെയൊരു അഭിപ്രായവും നിര്‍ദേശവും ഉപദേശവും കൊണ്ടുനടക്കാത്തതിനാല്‍, ഒരുപാട് അബദ്ധങ്ങൾ നീട്ടിവലിച്ച് ചെയതു കൊണ്ടിരിക്കുകയാണ്. ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്.
ദൈവത്തിനും, പിന്നെ എല്ലാവർക്കും, എല്ലാം വെറും രണ്ടുവരിയിൽ പറയാമായിരുന്നു.
ശരിയാണ്.
ലോകത്തെ മഴുവന്‍ ഗ്രന്ഥങ്ങളും ശാസ്ത്രവും ഒക്കെയും രണ്ടുവരിയിൽ പറയാമായിരുന്നു.
അതേ, അങ്ങിനെ എല്ലാം രണ്ട് വരിയില്‍ പറയുകയായിരുന്നുവെങ്കിൽ....
വെറും ഒരു ബിന്ദുവിനപ്പുറം ഇന്നീകാണുന്ന പ്രപഞ്ചം വേണമായിരുന്നോ, ഉണ്ടാകുമായിരുന്നോ?
അതല്ലേല്‍ ഒരു ബിന്ദുവില്‍ പറയേണ്ട, ഉള്‍കൊള്ളിക്കേണ്ട കാര്യവും അര്‍ത്ഥവും തന്നെയല്ലേ ഈ പ്രപഞ്ചത്തിനുള്ളൂ ....?
ഇത്ര നീട്ടിവലിച്ച് കൊണ്ടുനടക്കേണമായിരുന്നോ ഈ പ്രപഞ്ചത്തിനെ?
വെറും ഒരു മനുഷ്യനപ്പുറം ഈ മനുഷ്യനെ 800 കോടി മനുഷ്യരാക്കേണ്ടിയിരുന്നുവോ?
ഒരു മനുഷ്യജീവിതത്തിന്റെ അതേ അര്‍ത്ഥവും അര്‍ത്ഥമില്ലായ്മയും തന്നെയല്ലേ ഈ 800 കോടി മനുഷ്യര്‍ക്കും ഉള്ളൂ?
ഒന്നോ രണ്ടോ ശ്വാസനിശ്ശ്വാസത്തിനപ്പുറത്തെ ദൈര്‍ഘ്യം മനുഷ്യരുടെയോ മറ്റേതെങ്കിലും ജീവിയുടെയോ ജീവിതത്തിന് വേണ്ടിയിരുന്നുവോ?
ഒന്നോ രണ്ടോ ശ്വാസനിശ്ശ്വാസത്തിനുള്ള അര്‍ത്ഥവും അര്‍ത്ഥമില്ലായ്മയും തന്നെയല്ലേ മനുഷ്യരുടെയോ മറ്റേതെങ്കിലും ജീവിയുടെയോ ജീവിതത്തിന് എത്ര നീണ്ടാലുമുള്ളൂ?
ഒന്നോ രണ്ടോ വാചകത്തിനപ്പുറം ഈ വലിയ വേദഗ്രന്ഥങ്ങളും, ദാസ് ക്യാപിറ്റലും, സാഹിത്യഗ്രന്ഥങ്ങളും എന്തിന് നീണ്ടു?
ഒന്നോ രണ്ടോ വാചകത്തില്‍ പറയാനുള്ള കാര്യമല്ലേ ഈ പ്രപഞ്ചത്തിനാകെയുള്ളൂ?
മാവും പിലാവും തെങ്ങും തൈകളും ഇത്രയധികം ഒരുമിച്ചും പല പ്രാവശ്യവും പൂക്കുകയും കായ്ക്കുകയും തളിരിടുകയും വേണ്ടതില്ലായിരുന്നു.
ഒരൊറ്റ പ്രാവശ്യം സംഭവിക്കുന്ന അര്‍ത്ഥം തന്നെയല്ലേ എത്ര പ്രാവശ്യം ചെയ്താലും ഉള്ളൂ?
ശുക്ലത്തില്‍ ഇത്രയധികം ബീജകണങ്ങള്‍ വേണമായിരുന്നുവോ?
ഒന്നിന്റെ അര്‍ത്ഥം തന്നെയല്ലേ ഒരായിരവും ഒരു കോടിയും നല്‍കുകയുള്ളൂ?
പ്രാപഞ്ചികതക്ക് താങ്കളുടെ ഈ ഉപദേശനിര്‍ദേശം കിട്ടാത്തതിന്റെ ഒരുവലിയ പ്രശ്നമുണ്ട്.
അതുകൊണ്ട് തന്നെ കുറേ പ്രഭാതങ്ങളും പ്രദോഷങ്ങളും ഉണ്ടായിക്കൊണ്ടേയിരിക്കുന്നു.
ആവര്‍ത്തനം പോലെയും നീട്ടിവലിച്ചും
ഇതൊന്നും ഉണ്ടാവില്ലായിരുന്നു....
താങ്കളുടെ ഈ ഉപദേശനിര്‍ദേശം പാലിക്കുമായിരുന്നുവെങ്കിൽ ...
*******
എന്തായാലും, താങ്കളുടെ നല്ല ഉപദേശം പോലെ ശ്രമിക്കും.
ശ്രമം മാത്രമാണല്ലോ ജീവിതവും അതിലുള്ളതും.
ശ്രമത്തിലൂടെയാണല്ലോ, അങ്ങനെ മാറിമാറിയാണല്ലോ, ജീവിതം അതാവുന്നതും അതല്ലാതാവുന്നതും..
No comments:
Post a Comment