Monday, August 10, 2020

വആത്മീയ പുരോഹിതവര്‍ഗമുണ്ട്. ഇത്തിള്‍കണ്ണിവര്‍ഗ്ഗം.

നവആത്മീയ പുരോഹിതവര്‍ഗമുണ്ട്.


ഇക്കാലത്തെ പുതിയൊരു ഇത്തിള്‍കണ്ണിവര്‍ഗ്ഗം.


ആര്‍ക്കും പിടുത്തം കൊടുക്കാതെ.


പുരോഹിതന്‍മാരാണെന്ന് പോലും തോന്നിപ്പിക്കാതെ. 


കാഴ്ചയിലവർ ഒരു മതവിഭാഗത്തിലും പെടില്ല.


എന്നാല്‍ എല്ലാ മതക്കാരുടെയും സ്വീകാര്യത വാങ്ങും.


എല്ലാവരുടെ മുമ്പിലും നല്ലപിള്ള ചമയും വിഭാഗം.


എലിയെ പിടിക്കാത്തതുകൊണ്ട്‌ തന്നെ അവർ പാല്‍ തട്ടിമറിക്കില്ല.


അതിനാല്‍ തന്നെ, എല്ലാവരും സന്തുഷ്ടര്‍. തങ്ങളുടെ യാഥാസ്ഥിതികതയുടെ പാൽ സുരക്ഷിതം. 


ഒന്നിനെ കുറിച്ചും തീര്‍ച്ചയും മൂര്‍ച്ചയും പറയാനറിയാതെ, എല്ലാവരേയും വെറുതെ പൊള്ളയായ സ്വപ്നം നല്‍കി സുഖിപ്പിക്കും. 


ആരും തെറ്റും, ആരും ശരിയും ആണെന്ന് തീര്‍പ്പ് പറയാനുള്ള വിവരവും തെളിച്ചവും ആര്‍ജവവുമില്ലാത്തവർ.


സംരക്ഷിക്കാന്‍ നിക്ഷിപ്തതാല്പര്യം ബാക്കിയുള്ളവര്‍. 


നാരായണഗുരുവിന്റെ മറ പിടിച്ച് വരെ ഇവർ, ഇവരുടെ ഭീരുത്വത്തെയും സ്വാര്‍ത്ഥതയെയും ഒളിപ്പിച്ച്, ശുദ്ധ പുരോഹിതന്മാരായി വിലസുന്നു. 


അതിനാല്‍ തന്നെ,


ഇവരോട് ചോദ്യങ്ങൾ ഉതിര്‍ത്താല്‍...


കാല്‍പനിക സ്വപ്നങ്ങൾ തന്ന്‌ ഉത്തരങ്ങളാക്കി ഇവർ മെല്ലെ ഒഴിഞ്ഞു മാറും.


ഒരുത്തരവുമല്ലാത്ത ഉത്തരം കേട്ടവരും സ്വപ്നത്തില്‍ മുങ്ങിപ്പോകും.


ഉത്തരം നല്‍കാതെ, കിട്ടാതെ.

പക്ഷേ, ഉത്തരം കിട്ടിയത് പോലെ.


എന്തായിരുന്നു ഉത്തരം എന്ന് മാത്രം ചോദിക്കരുത്.


എന്തായിരുന്നു ചോദ്യമെന്നും അവരപ്പോൾ ഓര്‍ക്കില്ല. 


അങ്ങനെ,

അവർ എല്ലാ മതഭാഗങ്ങളിലും അവരെ മാര്‍ക്കറ്റ്‌ ചെയ്യും. നിരുപദ്രവകാരികൾ ആണെന്ന സാക്ഷ്യപത്രവുമായി. 


എല്ലാ മതവിഭാഗങ്ങളില്‍ നിന്നും, എല്ലാതരം വിശ്വാസികളില്‍ നിന്നും എളുപ്പം കൈയടിയും കമ്മീഷനും വാങ്ങും.


ശുദ്ധകാപട്യത്തിന്റെ നല്ലമുഖം സൂക്ഷിച്ചു കൊണ്ട്‌. നല്ലപിള്ള ചമഞ്ഞ്. 


പുരോഹിതന്‍മാരെ പോലെ തന്നെ,

വേഷം കെട്ടി അഭിനയിച്ച്,

ഓരംപറ്റി ജീവിക്കാനുള്ള

സുഖിപ്പിക്കല്‍ മാത്രം ഇവരുടെ ഭാഷ, രീതി. 


ചോദിച്ച ചോദ്യത്തിന് ഉത്തരം നല്‍കില്ല.


അതിനുള്ള വിവരവും തെളിച്ചവും കരുത്തും ആര്‍ജവവും നിസ്വാര്‍ത്ഥതയും സത്യസന്ധതയും ആത്മാര്‍ത്ഥതയും ഇവര്‍ക്കുണ്ടാവില്ല.


പകരം സുഖിപ്പിക്കുന്ന വാക്കുകള്‍ പറയും. കാല്‍പനികസ്വപ്നങ്ങളില്‍ കയറ്റി അയക്കും. ചോദ്യകര്‍ത്താവിനെ. 


പൊതുവേദിയില്‍ ഇവരോട് ചോദ്യം ചോദിക്കുന്ന പല ചോദ്യകര്‍ത്താക്കള്‍ക്കും അതിനാല്‍ തന്നെ ഉത്തരം കിട്ടാറില്ല.


പക്ഷേ, അവര്‍ക്കും ചോദിക്കുന്നു എന്ന തോന്നല്‍ കൊണ്ട്‌ കിട്ടുന്ന ആത്മരതി മാത്രം മതിയാവും. ഒരു ചിത്രം മാത്രം. അവരുടെ തന്നെ ചിത്രം. 


അതിനപ്പുറം മഹാഭൂരിപക്ഷവും ഉത്തരം ആഗ്രഹിക്കുന്നില്ല, പ്രതീക്ഷിക്കുന്നില്ല, നേടുന്നില്ല.


യഥാര്‍ത്ഥത്തില്‍ തറച്ചുപോകുന്ന ചോദ്യവും അവര്‍ക്കില്ല. 


വെറും അലങ്കാരം പോലെ മാത്രം ചോദ്യവും വെറും അലങ്കാരം പോലെ മാത്രം ഉത്തരവും. 


എന്നാല്‍,

യാഥാര്‍ത്ഥ ഉത്തരം ആരെങ്കിലും നല്‍കുകയാണെങ്കിലോ?


അത് രണ്ട് കൂട്ടരെയും അസ്വസ്ഥപ്പെടുത്തും.

കച്ചവടം നഷ്ടപ്പെടുത്തുന്ന അസ്വസ്ഥത. 


യാഥാര്‍ത്ഥ ചോദ്യവും യാഥാര്‍ത്ഥ ഉത്തരവും അസ്വസ്ഥപ്പെടുത്തുന്നതേ ആകൂ. കച്ചവടം നഷ്ടപ്പെടുത്തുന്നതേ ആകൂ. 


ബീജവും അണ്ഡവും ഒരുമിക്കുന്നു രതിക്രീഡ പോലെ. കാഴ്ചയിലും കേള്‍വിയിലും താല്‍പര്യം ജനിപ്പിക്കുന്നത് 


പക്ഷേ ശരിക്കും ഫലിച്ചാല്‍ ഗർഭധാരണത്തിന്റെ അസ്വസ്ഥതയും വമനേച്ചയും മാത്രം നല്‍കുന്നത്.


പിന്നെ ഒരു പുതിയ വഴിയായ കുഞ്ഞിനേയും. 


പക്ഷേ ചോദ്യത്തെയും ചോദിച്ചവനെയും തകര്‍ക്കുന്ന, വിശ്വാസം തകര്‍ക്കുന്ന ഉത്തരം ആര്‍ക്കും വേണ്ട, ആരും നല്‍കുന്നില്ല.

No comments: