Monday, August 10, 2020

വ്രതം. അനുകരിച്ച്, അലങ്കാരം പോലെ, യാന്ത്രികമായി, ആരെയോ അനുസരിച്ച്, പേടിച്ച് ചെയ്യുന്നതല്ല.

വ്രതം.

അനുകരിച്ച്,

അലങ്കാരം പോലെ,

യാന്ത്രികമായി,

ആരെയോ അനുസരിച്ച്,

പേടിച്ച് ചെയ്യുന്നതല്ല.

അങ്ങനെ ചെയ്യേണ്ടതല്ല. 


വ്രതം

സ്വയം കൊഴിഞ്ഞ് വീഴും പോലെ

സംഭവിക്കും, സംഭവിക്കണം.


മിക്കവാറും പഴുത്തുണങ്ങി.

വൈരാഗ്യം മൂത്ത്. 


ഒന്നിനെ മാത്രം ശ്രദ്ധിക്കുമ്പോള്‍,

ബാക്കി എല്ലാം

കാണാതാവുന്നത് പോലെ,

വേണ്ടതാവുന്നത് പോലെ

വ്രതം സംഭവിക്കും, സംഭവിക്കണം.


രോഗിയായ തന്റെ കുഞ്ഞിനെ,

അല്ലേല്‍, അപകടത്തില്‍ പെട്ട

തന്റെ കുഞ്ഞിനെ,

രാപ്പകലില്ലാതെ

ശുശ്രൂഷിക്കുന്ന മാതാവിന്

മറ്റൊന്നും, മറ്റാരും

അപ്പോൾ വേണ്ടാതാവുന്നു.


വഴിയില്‍ സ്ത്രീ,

അമ്മ

അവൾ അറിയാതെയും,

വ്രതത്തിലാണ്‌.

മുന്‍ഗണനകളുടെ

സ്വാഭാവികമായ മാറ്റം കാരണം. 


പിറകേ വരുന്ന പേപ്പട്ടിയെ,

അല്ലെങ്കിൽ തന്നെ കൊല്ലാന്‍ വരുന്ന

ശത്രുവിനെ

കണ്ട്, പേടിച്ച് ഓടുന്നവനെ പോലെ.


കണ്ട് പേടിച്ച് ഓടുന്നവന്

അതൊരു ബോധ്യതയാണ്.

തന്റെ തന്നെ ബോധ്യത.

മുന്‍ഗണനകളെ മാറ്റുന്ന ബോധ്യത. 


ആര് പറഞ്ഞാലും

ആര് പറഞ്ഞില്ലെങ്കിലും

അവന്‍ ഓടും.


അവന്റെ തന്നെ ശ്രദ്ധയായി.

അവന്റെ തന്നെ രക്ഷക്കായി.

അവന്റെ തന്നെ ആവശ്യമായി. 


വ്രതം 

സൂക്ഷിക്കാനും ശ്രദ്ധിക്കാനും

സ്വാഭാവികമായും

സംഭവിക്കുന്നതാണ്. 


വ്രതം

സൂക്ഷിക്കുമ്പോഴും ശ്രദ്ധിക്കുമ്പോഴും

സ്വാഭാവികമായും സംഭവിക്കുന്നതാണ്.


നിര്‍ബന്ധമായും....


മറ്റൊന്നും കാണാതെ

മറ്റൊന്നും ശ്രദ്ധിക്കാന്‍ സാധിക്കാതെ

ഒറ്റലക്ഷ്യം വെച്ച്,

രക്ഷ മാത്രം ലക്ഷ്യമാക്കി,

സ്വന്തം ബോധ്യത്തില്‍ ഉറച്ച്നിന്ന്

ബോധ്യത്തിന്റെ ആവശ്യം വെച്ച്

അവന്‍ ഓടും.


അതാണ്, അങ്ങനെയാണ്,

അങ്ങനെയാവണം വ്രതം.


അങ്ങനെ,

തന്റെ തന്നെ ആവശ്യമായി

ഓടുന്ന വഴിയില്‍

മറ്റൊരു കാഴ്ചയും

മറ്റൊരാസ്വാദനവും

സ്വന്തം കാലില്‍

മുള്ള് തറക്കുന്നതും

മുറിയുന്നതും പോലും 

അപ്പോൾ അവനെ

സ്വാധീനിക്കില്ല.


മറ്റൊന്നും കൊണ്ടല്ല.


ആവശ്യമാണ്‌

ആവശ്യത്തിനും

അതാവടശ്യപ്പെടുന്ന രക്ഷക്കും

ശ്രദ്ധയും സൂക്ഷ്മതയുമാണ്

പ്രധാനം എന്നതിനാല്‍


അതാണ്, അങ്ങനെയാണ്

വ്രതം.

മറ്റൊന്നും സ്വയമേവ

സ്വാധീനിക്കാതിരിക്കല്‍.


വ്രതം

ഒരു ശക്തമായ പേടിക്ക് വേണ്ടി

മറ്റൊന്നിനെയും

പേടിക്കാതിരിക്കലാണ്.


വ്രതം

ഒരു ശക്തമായ ശ്രദ്ധയ്ക്ക് വേണ്ടി

മറ്റൊന്നും ശ്രദ്ധിക്കാതിരിക്കലാണ്. 


സൂക്ഷിക്കാനും ശ്രദ്ധിക്കാനും വേണ്ടി

സ്വാഭാവികമായും സംഭവിക്കുന്നതാണ്

വ്രതം.


സൂക്ഷിക്കുമ്പോഴും ശ്രദ്ധിക്കുമ്പോഴും

സ്വാഭാവികമായും സംഭവിക്കുന്നതാണ്

വ്രതം.


സ്വാഭാവികമായും വേണ്ടാതാവുക.

സ്വാഭാവികമായ വൈരാഗ്യം. 


*****


അങ്ങനെ, സംഭവിക്കുന്ന വ്രതം,

അങ്ങനെ മാത്രം

അനുഷ്ഠിച്ചു പോകുന്ന വ്രതം, 

വളരേ കുറച്ച്.

വളരെ വളരേ കുറച്ച്.

തീരെ ഇല്ലെന്ന് തന്നെ പറയാം.


ആരോ നടത്തിയ

അവസാനവാദവും,

നരക-സ്വര്‍ഗ വാഗ്ദാനവും വെച്ചുള്ളതല്ല

വ്രതം. 


സ്വയം ബോധ്യതയില്‍ വരാത്ത, 

ആരോ ഉണ്ടാക്കിക്കൊടുത്ത

സ്വാര്‍ത്ഥതയെ പിന്‍തുടർന്ന്,

ആരോ പറഞ്ഞത് പോലെ

ആരോ പറഞ്ഞ സമയത്തും

ആരോ പറഞ്ഞ കോലത്തിലും 

കളിക്കുന്ന കളിയല്ല

വ്രതം. 

വെറും അനുഷ്ഠാനം മാത്രമല്ല

വ്രതം.


ആരോ പറഞ്ഞത് കൊണ്ട്‌

കരയും പോലെയുള്ള ഘോഷ്ടിയല്ല

വ്രതം. 


കാര്യം അറിയാതെ നടത്തുന്ന

വെറും അനുകരണ കലയല്ല

വ്രതം. 


നാം ഇപ്പോൾ കാണുന്ന,

നാം ഇപ്പോൾ അനുഷ്ഠിച്ച് വരുന്ന

നിര്‍ബന്ധിത നോമ്പല്ല, 

അഥവാ നിര്‍ബന്ധമായ വ്രതമല്ല

വ്രതം. 


അല്ലെങ്കിലും

ആരോ കല്‍പിച്ചത് കൊണ്ട്‌ നിര്‍ബന്ധമെന്നും, 

ആരോ കല്പിച്ചു കൊണ്ടെന്നും വന്നാല്‍, 

വ്രതം വ്രതമല്ലാതെയാവും,

അങ്ങനെ വരും. 


ആരോ കല്പിച്ച്,

ആരോ കല്‍പിച്ചത് കൊണ്ട്‌, 

സ്വന്തം ബോധ്യത കൊണ്ടല്ലാതെ, 

ആരോ പേടിപ്പിച്ചു, നിര്‍ബന്ധിച്ചു 

ചെയ്യുന്ന, അനുഷ്ഠിക്കുന്ന വ്രതം 

അങ്ങനെയേ സംഭവിക്കൂ.


വെറും ഇളംകാറ്റത്ത് പോലും

പാറിപ്പോകുന്ന

പൊടിപടലം പോലെ മാത്രം.


******


സ്വന്തം ബോധ്യത വെച്ചല്ല,

ഒരാൾ കരയുന്നത് എന്ന് വന്നാല്‍..., 


ആരോ പറഞ്ഞത് പോലെ

ആരോ പറഞ്ഞ സമയത്ത്

ആര്‍ക്കോ വേണ്ടി

കരയുന്നു എന്ന് വന്നാല്‍....,


സ്വന്തം അമ്മ മരിച്ചാല്‍ പോലും

ആരോ പറഞ്ഞത് പോലെ, 

ആരോ പറഞ്ഞ സമയത്ത്, 

ആരെയോ അനുകരിച്ച് തന്നെ

കരയണം എന്ന് വന്നാല്‍ 


അതിനേക്കാള്‍ വലിയ

കോമാളി വേഷം വേറെയില്ല,


അതിനെക്കാള്‍ വലിയ വൈകൃതം

വേറെ ഉണ്ടാവില്ല. 


എന്നത്‌ കൊണ്ടാണ്‌

വിശ്വാസികളില്‍

99.99 ശതമാനവും

കോമാളികള്‍

മാത്രമാവുവുന്നത്.


എന്നത്‌ കൊണ്ടാണ്‌ 

വിശ്വാസികളില്‍

99.99 ശതമാനവും

കപടവിശ്വാസികള്‍

മാത്രമാണെന്ന്

പറയേണ്ടി വരുന്നത്.


ഉള്ളറിയാത്തവർ.


പൊരുളുറിയാത്തവർ.


കഥയറിയാതെ തുള്ളുന്നവർ.


കഥയറിയാതെ

ആട്ടം കാണുന്നവര്‍.


No comments: