Monday, August 10, 2020

തൊഴിലാളി ദിനം. ഒന്ന്‌ ചോദിക്കട്ടെ. സർക്കാർ ജീവനക്കാരും ഈ 'തൊഴിലാളി' നിര്‍വചനത്തില്‍ വരുമോ?

മെയ് ഒന്ന്.

തൊഴിലാളി ദിനം.


ഒന്ന്‌ ചോദിക്കട്ടെ.... 


സുരക്ഷിതരായി മാത്രം കഴിയുന്ന, ഒരു തരം ലാഭനഷ്ടത്തിനും വിധേയമല്ലാതെ വലിയ ശമ്പളം പറ്റുന്ന സർക്കാർ ജീവനക്കാരും 'തൊഴിലാളി' നിര്‍വചനത്തില്‍ വരുമോ?


സുരക്ഷിതരായി കഴിയുന്ന അത്തരം സർക്കാർ ജീവനക്കാരുടെ അവകാശം ആര്‍ഭാടമായ് കൂട്ടിയെടുത്ത് സംരക്ഷിക്കാനായിരുന്നോ മാര്‍ക്സ് പാടുപെട്ട് ചിന്തിച്ച് തൊഴിലാളികളോട് സംഘടിക്കാന്‍ ആഹ്വാനം ചെയ്തത്? 


ഇത്തരം സുരക്ഷിതരായി കഴിയുന്ന സർക്കാർ ജീവനക്കാര്‍ക്ക് ലോകത്തെയും ജീവിതത്തെയും കേന്ദ്രീകരിച്ച് വല്ല പ്രതിഷേധവും സ്വപ്നവും ഉണ്ടോ, ഉണ്ടാവുമോ?


അവര്‍ക്ക്, അവരുടെ സ്വാര്‍ത്ഥതയും സുഖവും വർദ്ധിപ്പിക്കുന്നതല്ലാത്ത വല്ല സംഭാവനയും ലോകത്തിന്‌ കൊടുക്കാനുണ്ടോ, ഉണ്ടാവുമോ? 


സർക്കാർ ജീവനക്കാർ സംഘടിച്ച്, പ്രതിഷേധിച്ച്, സമരം ചെയ്ത്, ലോകത്ത് വിപ്ലവവും കമ്യൂണിസവും കൊണ്ടുവരും എന്നായിരുന്നുവോ മാര്‍ക്സ് വിഭാവനം ചെയതത്? 


ഇനിയും ഒന്ന്‌ ചോദിക്കട്ടെ.


സർക്കാർ ജീവനക്കാരുടെ കാര്യത്തില്‍ മുതലാളി ആരാണ്?


ഏത് മുതലാളിയില്‍ നിന്നാണ് അവര്‍ക്കുള്ള അവകാശങ്ങൾ കൊല്ലാകൊല്ലം ഉറപ്പുള്ള ശമ്പള വര്‍ധനയായി വാങ്ങിക്കൊടുക്കുന്നത്‌? 


രണ്ടറ്റം മുട്ടിക്കാന്‍ കഴിയാത്ത പട്ടിണിപ്പാവങ്ങളായ ജനങ്ങളാണോ അവരുടെ മുതലാളി?


സർക്കാർ ജീവനക്കാര്‍ക്ക് അളന്നു കൊടുക്കേണ്ട, മുഷ്ടിചുരുട്ടി പിടിച്ചെടുത്തു വാങ്ങിച്ച് കൊടുക്കേണ്ട മിച്ചമൂല്യം എന്താണ്‌, എവിടെയാണ്?


രണ്ടറ്റം മുട്ടിക്കാന്‍ കഴിയാത്ത പട്ടിണിപ്പാവങ്ങളാണോ മിച്ചമൂല്യം, പട്ടിണിപ്പാവങ്ങളായ ജനങ്ങളിലാണോ അവരുടെ മിച്ചമൂല്യം?


പിന്നെയും ഒന്ന് കൂടി ചോദിക്കട്ടെ... .


സർക്കാർ ഉദ്യോഗസ്ഥൻമാരായ  ജീവനക്കാരെ മുറുകെപ്പിടിച്ച് കൊണ്ട്‌, അവരുടെ അവകാശങ്ങളും ആര്‍ഭാടങ്ങളും സംരക്ഷിച്ചു കൊണ്ട്‌, നടത്തിയ, നടത്താനാവുന്ന വല്ല വിപ്ലവവും ലോകത്ത് എവിടെയെങ്കിലും ഉണ്ടോ, ഉണ്ടായിട്ടുണ്ടോ?


ഇനിയൊന്ന് തറപ്പിച്ച് പറയട്ടെ.


സർക്കാർ ഉദ്യോഗസ്ഥൻമാരായ ജീവനക്കാരെ മുറുകെപ്പിടിച്ച്, അവരുടെ അവകാശങ്ങളും ആര്‍ഭാടങ്ങളും സംരക്ഷിച്ചു കൊണ്ട്‌..... 


ഒരു നാടും രക്ഷപ്പെടില്ല.


ഒരു വിപ്ലവവും നടക്കില്ല.


ഏറിയാല്‍ സാധിക്കുക ഒന്ന് മാത്രം.... 


അധികാരവും അതിന്റെ സുഖലോലുപതയും നിലനിർത്തുക...


പാര്‍ട്ടികള്‍ വെറും വെറുതെ നിലനിന്ന് പോവുക.


*****


തൊഴിലാളികളില്‍ ബാധ്യതാബോധം അല്പവും വളര്‍ത്താതെ, അന്ധമായ അവകാശബോധം മാത്രം വളര്‍ത്തിയ, പാവം ജനങ്ങളെ മറന്ന, ഒരു തൊഴിലാളിദിന ആശംസകള്‍.

No comments: