Saturday, August 8, 2020

നാട്യം. നിത്യജീവിതത്തില്‍. കാര്യമായും അതിഥിയോട്. ആതിഥേയ മര്യാദയില്‍.

 ഒരു സുഹൃത്ത് ഉന്നയിച്ച ചോദ്യത്തിനുള്ള രണ്ടാമത്തെ ഉത്തരം.


നാട്യം.

നിത്യജീവിതത്തില്‍. 


കാര്യമായും അതിഥിയോട്.

ആതിഥേയ മര്യാദയില്‍.


അതിഥിയും ആതിഥേയനും

പരസ്പരം ഭയക്കുന്നു,

അസംതൃപ്തരാവുന്നു. 


ഉപചാരം മാത്രമായ നാട്യം

അസംതൃപ്തി മാത്രം

സമ്മാനിക്കുന്നു.

ഒപ്പം ഭയവും.


യാഥാര്‍ത്ഥത്തില്‍

പരസ്പരം മനസിലാക്കാതെ, 

ഉള്‍കൊള്ളാതെ.


അറിയാമല്ലോ?


'അതിഥി ദേവോ ഭവ'

അതിഥിയെ സല്‍ക്കരിക്കാത്തവന്‍

വിശ്വാസിയല്ല (മുഹമ്മദ് നബി).


എന്താണര്‍ത്ഥം? 


അതിഥിയെ

ആതിഥേയന് മനസിലാവില്ല.

അതിഥിയെ ആതിഥേയന്‍

മനസ്സിലാക്കേണ്ടതുമില്ല.

എന്നാലും സല്‍ക്കാരിക്കണം. 


ഖുര്‍ആനില്‍

(അല്‍ ദാരിയാത്തില്‍) 

അതിഥി ആരെന്ന്

അബ്രഹാം അറിഞ്ഞില്ല. 

അറിയാന്‍

അബ്രഹാം കാത്തുനിന്നില്ല. 


കാരണം,

അതിഥി ദേവനാണ്.

അല്ലെങ്കിൽ അതിഥി

ദൈവം തന്നെയാണ്.

അതിഥിയുടെ മാനവും പ്രതലവും

വേറെ.


ആചാര്യനും ഗുരുവും

മാതാപിതാക്കളും പോലെ,

അതേ കനത്തില്‍,

അതേ അര്‍ത്ഥത്തില്‍

അതിഥിയും.


അവരെയൊക്കെ പോലെ തന്നെ

അതിഥിയും ദൈവം, ദേവന്‍. 


ആചാര്യനും ഗുരുവും

മാതാപിതാക്കളും

ഭാരമല്ല, ഭാരമാവരുത്. 


അതിഥിയും ഭാരമാകരുത് 


"അതിഥി ദേവോ ഭവ"

എന്നതിന്‌ പകരം

"അതിഥി ഭാരോ ഭവ"

എന്ന് വരരുത്.


ആരെന്നും എവിടെനിന്നെന്നും

മനസിലായില്ലെങ്കിലും

അപരിചിതന്‍ മാത്രമായ

അതിഥിയെ

ആതിഥേയന്‍ പൂജിച്ചുകൊള്ളണം.

ആവുന്നത്ര പ്രീതിപ്പെടുത്തണം.


അതിഥി

തനിക്ക് അറിയുന്നവനായിരിക്കണം

എന്ന് ഒരു നിര്‍ബന്ധവും പാടില്ല. 


കാരണം,

അതിഥി ആരെന്ന്

അറിഞ്ഞാലും ഇല്ലെങ്കിലും 

ദേവനാണ്‌ കൂടെയുള്ളത്.

അക്കാര്യത്തില്‍ അറിവില്ലായ്മ

ഒരു ന്യായമായിക്കൂട. 


അതിഥി, ആര് എവിടെനിന്ന് 

എന്നൊന്നും

ആതിഥേയന്‍ അറിയേണ്ടതില്ല.


കാരണം,

വന്നത് ദേവന്‍ മാത്രം,

ദൈവം മാത്രം.


മേല്‍വിലാസം വേറൊന്നും

ഇല്ലാത്തവന്‍ ദേവന്‍, ദൈവം. 

അത്രമാത്രം.


വന്നത്‌ ദൈവം,

അഥവാ ദേവന്‍ ആകയാല്‍

വന്ന അതിഥി

വേറെ തന്നെ പ്രതലത്തില്‍ നിന്നും മാനത്തില്‍ നിന്നും എന്നത്‌

അതുകൊണ്ട്‌ തന്നെ സാരം. 


അതിനാല്‍

അതിഥിയെ കുറിച്ച്

എല്ലാം അറിയുക

ആതിഥേയന് ആവശ്യമല്ല, 

സാധ്യവുമല്ല.


മാനത്തിന്റെയും പ്രതലത്തിന്റെയും

വ്യത്യാസമുണ്ട്. 


അതിഥിയുടെ മേല്‍വിലാസം

അറിയേണ്ട കാര്യമില്ല

എന്നർത്ഥം. 


അതിഥി

ഹിന്ദുവോ മുസ്ലിമോ

കൃസ്ത്യാനിയോ എന്നത്‌

അന്വേഷിക്കരുത്

എന്നര്‍ത്ഥം. 


കാരണം,

ദൈവത്തിനും ദേവനും

മതമില്ല.


അതിഥി

കള്ളനോ വെള്ളനോ

പുരോഹിതനോ നാട്ടുകാരനോ

കുടുംബക്കാരനോ എന്നതും

പ്രശ്നമാകരുത്


കാരണം,

ദേവനും ദൈവത്തിനും

ഇതൊന്നും ബാധകമല്ല.


അതിഥിയെന്ന

ദേവന്‍ ദൈവം. 


ആപേക്ഷികമായ നിങ്ങളുടെ

ഒരളവ്കോലിലും വരാത്തത്.

വരേണ്ടാത്തത്. 


അബ്രഹാമിന്റെ ഒരു കഥാസന്ദര്‍ഭം

ഖുര്‍ആന്‍ പറഞ്ഞത് കാണൂ.


രണ്ട് അതിഥികള്‍ വന്നു.


അപരിചിതര്‍ എന്ന്

അതിഥികളെ കുറിച്ച്

ഖുര്‍ആന്‍ ആദ്യമേ പറയുന്നു.

(ഖൗമുന്‍ മുന്‍കറൂന്‍). 


അപരിചിതരെയും

അതിഥികള്‍ എന്ന് കണക്കാക്കി.

അഥവാ അങ്ങനെ കണക്കാക്കണം

എന്നർത്ഥം. 


അപരിചിതരെന്ന് പറയുമ്പോള്‍

ആതിഥേയന് അവരെ കുറിച്ച്

ഒന്നുമറിയില്ല, അറിയേണ്ടതില്ല

എന്നുമര്‍ത്ഥം. 


ആരാണ്, എവിടെ നിന്നാണ്‌

എന്നറിയുന്നതിന് മുമ്പ്

എബ്രഹാം എന്ത് ചെയ്തു? 


അടുക്കളയില്‍ പോയി. 

ഉടനെ മുഴുത്ത ആടിനെ

പൊരിച്ച് കൊണ്ടു വന്നു.


അതിഥികള്‍ക്ക് മുന്‍പില്‍ വെച്ചു.


പക്ഷേ, അതിഥികള്‍ തന്നില്ല. 


വെപ്രാളപ്പെട്ട അബ്രഹാം

കാര്യമന്വേഷിച്ചു.


എന്ത് പറ്റി?

എന്തുകൊണ്ട്‌ തിന്നില്ല? 


അപ്പോൾ മാത്രമാണ്

അബ്രഹാം അറിഞ്ഞത്.


വന്ന അതിഥികള്‍

മനുഷ്യര്‍ പോലുമല്ലായിരുന്നു.


വന്ന അതിഥികള്‍

മാലാഖമാര്‍ ആയിരുന്നു.

അഥവാ,

യഥാര്‍ത്ഥത്തില്‍ ദേവന്‍മാര്‍. 


പക്ഷേ, ആരാണ്, എന്തിനാണ്

എന്നറിഞ്ഞ്

സല്‍ക്കാരിക്കാതിരിക്കാനുള്ള ന്യായമായിരുന്നില്ല 

അബ്രഹാം ആദ്യമന്വേഷിച്ചത്.


അതുകൊണ്ട്‌ തന്നെയായിരിക്കും

അതിഥിയെ ആദരിച്ചു സല്‍ക്കാരിക്കാത്തവന്‍

വിശ്വാസി പോലുമല്ലെന്ന്

പ്രവാചകന്‍ മുഹമ്മദും പറഞ്ഞത്.


അതിഥിയെന്ന് പറയുമ്പോള്‍

അതിഥിക്ക്

വേറെ വിശേഷങ്ങൾ ഇല്ല.


മത ജാതി വര്‍ണ ദേശത്തിന്റെ വിശേഷണങ്ങൾ ഒന്നുമില്ല.


അയല്‍വാസിയുടെ കാര്യത്തിലും

അപ്പടി.


അയല്‍വാസിയെ

ആദരിക്കാത്തവന്‍

വിശ്വാസിയല്ല.


******


ഇനി

നാട്യത്തിന്റെ കാര്യത്തിലേക്ക് പോകാം. 


നാട്യം, അഥവാ അഭിനയം. 

ഉള്ളില്‍ ഇല്ലാത്തത്

പുറത്ത് കാണിക്കുന്ന പരിപാടി.


നാട്യം, അഥവാ അഭിനയം.

ഉള്ളില്‍ കനല്‍, പുറത്ത് വെള്ളം.

ഉള്ളില്‍ വെപ്രാളം, പുറത്ത് ചിരി. 

ശുദ്ധ കാപട്യം.


നാട്യമെന്നാല്‍ കാപട്യം.

ഇല്ലാത്തത് ഉണ്ടെന്ന് ധരിപ്പിക്കുക.


നാട്യം

വെറും മരീചികയെ സൃഷ്ടിക്കുന്ന പ്രക്രിയ


ഉപചാരം മാത്രമായ കാപട്യം

നാട്യം. 


ശരിയാണ്‌. 


രണ്ട് കൂട്ടരും

അതിഥിയും ആതിഥേയനും 

വെറും ഉപചാരത്തില്‍ മാത്രം

ഉറച്ച് നില്‍ക്കുന്നു

എന്നത് കൊണ്ട്‌

രണ്ട് കൂട്ടരും അസംതൃപ്തരാവുന്നു. 


ഉപചാരത്തില്‍ ആത്മാവ് ഇല്ല.


ഉപചാരത്തില്‍ രൂപം മാത്രമേ ഉള്ളൂ. ജീവനില്ലാത്ത രൂപം.


രുചിയും മണവും ഇല്ലാത്ത നിറം. 

അതാണ് ഉപചാരം.

പ്ലാസ്റ്റിക് പൂവ് പോലെ.


ഒരുപക്ഷേ

താല്‍കാലികമായി പരസ്പരം ആകര്‍ഷിച്ചേക്കും.


പക്ഷേ,

അതിഥിയും ആതിഥേയനുമായ

തേനീച്ചകള്‍ക്ക് അത് 

മധു നല്‍കി വിശപ്പകറ്റില്ല.

വെള്ളം നല്‍കി ദാഹം മാറ്റില്ല.

വേണ്ടതൊന്നും നല്‍കില്ല. 


കാരണം,

വെറും ഉപചാരം മാത്രമായ

ചോദ്യത്തിലും അന്വേഷണത്തിലും 

വിശപ്പകറ്റുന്ന,

ദാഹം മാറ്റുന്ന 

മധുവും വെള്ളവും

ഇല്ല, ഉണ്ടാവില്ല. 


പല പ്രാർത്ഥനകളും ചോദ്യങ്ങളും ഉത്തരങ്ങളും അങ്ങനെയാണ്.


പല ഗുരുക്കന്മാരും ശിഷ്യന്മാരും ഇങ്ങനെയാണ്. 


പരസ്പരം മധു നല്‍കാതെ. 

ദാഹവും വിശപ്പും ശമിപ്പിക്കാതെ. 


ഉപചാരത്തിലും അനുഷ്ഠാനത്തിലും രണ്ടുകൂട്ടരും

ഒന്നും അര്‍ത്ഥമാക്കാതെ.


വെറും വെറുതെ.

വെറും നാട്യം. കാപട്യം.


അര്‍ത്ഥമാക്കാത്തത്

ചോദിച്ചും പറഞ്ഞും. 


ഉപചാരം

വെറും പൊടി പടലം പോലെ.


ഉള്ളില്ലാതെ,

കനവും ഭാരവും ഇല്ലാതെ.


ഏത് കാറ്റിലും പാറിപ്പോകുന്നത്. 


ഉപചാരവും അനുഷ്ഠാനവും

മാത്രമായ പ്രാർത്ഥനകളും

ചോദ്യങ്ങളും ഉത്തരങ്ങളും

അപ്പടി.


ഒന്നും അര്‍ത്ഥമാക്കാത്തത്.

വേരും തലയും ഇല്ലാത്തത്.

മുളക്കില്ല, വളരില്ല. 


******


വേണമെങ്കിൽ വേണം

എന്ന് പറയുന്ന രീതി അതിഥിയും,

വേണ്ടെന്ന് പറഞ്ഞാലും

തിക്കിക്കൊടുക്കുന്ന

ഉപചാരത്തിനപ്പുറത്തെ രീതി

ആതിഥേയനും പിന്തുടരണം.


ഒരുപക്ഷേ,

അതിഥി വേണമെന്ന് പറയുക

നിര്‍ബന്ധമല്ല.


പക്ഷേ,

ആതിഥേയന് നിര്‍ബന്ധം. 


അറബി ഭാഷയില്‍ ഒരു ചൊല്ലുണ്ട്.

'മന്‍ ശാവറ മാ അത്താ' 


'ചോദിക്കുന്നവന്‍ കൊടുക്കില്ല'

എന്നർത്ഥം .


കൊടുക്കുന്നവന്‍

കൊടുക്കുകയാണ് ചെയ്യുക.

ചോദിക്കുകയല്ല.


അതിഥിസല്‍ക്കാരത്തില്‍

അത് പ്രധാനമാണ്. 


അതിഥികളോട്

വേണോ, എടുക്കട്ടെ 

എന്ന് ചോദിക്കുകയല്ല വേണ്ടത്.


വേണോ, എടുക്കട്ടെ

എന്ന് ചോദിച്ചാല്‍

വേണമെന്ന് ഒരതിഥിയും

സാധാരണഗതിയില്‍ പറയില്ല.


കാരണം,

അതിഥി അതിഥിയാവുന്നത്

ആതിഥേയനില്‍ നിന്നും

അവന് ദൂരമുള്ളതിനാല്‍ മാത്രമാണ്.

വെറും ശാരീരികമല്ലാത്ത ദൂരം.

ഉള്ളത്‌ പലതും

ദൂരം കാണിക്കില്ല. 


വേണോ, എടുക്കട്ടെ

എന്ന് ചോദിക്കുന്നത്

ഏറെക്കുറെ

കൊടുക്കാതിരിക്കാനാണ്.


ഭാഷാര്‍ത്ഥത്തില്‍

Question tag ലും

വേണോ, എടുക്കട്ടെ 

എന്ന ചോദ്യം അങ്ങനെയാണ്.


വേണോ എന്ന് ചോദിച്ചാല്‍

വേണ്ട എന്ന ഉത്തരം വരും.


എടുക്കട്ടെ എന്ന് ചോദിച്ചാല്‍

എടുക്കേണ്ട എന്ന ഉത്തരം വരും.


കൊടുക്കുന്നുവെങ്കിൽ

വേഗം എടുത്ത് കൊടുക്കുക.

അതാണ് വേണ്ടത്.


അതിഥിയുടെ സമ്മതത്തിന് കാത്തിരിക്കാതെ.

അതിഥിക്ക് യഥാര്‍ത്ഥത്തില്‍

വേണ്ടെങ്കിൽ പോലും. 


കൊടുക്കുന്ന കാര്യത്തില്‍

അതിഥിയുമായി കൂടിയാലോചന നടത്തേണ്ടതില്ല. 


ഏറിയാല്‍ തന്ത്രപൂര്‍വ്വം

അതിഥിയുടെ

ഇഷ്ടവും അനിഷ്ടവും

അന്വേഷിക്കാം.


പക്ഷേ രണ്ടാലൊന്ന്

നിര്‍ബന്ധമായും എടുക്കണം,

കൊടുക്കണം.


വേണോ എന്ന ചോദ്യം

കൊടുക്കാതിരിക്കാനുള്ള

ന്യായമാക്കരുത്.

നമ്മുടെ മടിക്കുള്ള

മറയാവരുത്. 


*****


യഥാര്‍ത്ഥത്തില്‍

ഉപചാരം മാത്രമാണ് തെറ്റ്...


ഉപചാരത്തിലും,

ഉപചാരം മാത്രമായ

അനുഷ്ഠാനങ്ങളിലും പ്രാർത്ഥനകളിലും

ചോദ്യത്തിലും ഉത്തരത്തിലും

അര്‍ത്ഥവും ആത്മാവും ഇല്ല

എന്നതാണ് തെറ്റ്. 


വസ്ത്രത്തിന്റെ

പുറത്ത് നിന്ന് കൊണ്ടുള്ള

ചുംബനം മാത്രം ഉപചാരം.


ശരീരങ്ങൾ പോലും

ചുംബനം

വേണ്ടത്ര അറിയില്ല. 


ഏതെങ്കിലും ഒരു ഭാഗത്ത്,

അല്ലെങ്കില്‍ രണ്ട് ഭാഗത്തും

ഉപചാരം മാത്രം എന്നത്

പരസ്പരസ്പര്‍ശം നിഷേധിക്കും. 


ആത്മാവ് തൊടാത്ത രീതി മാത്രം

അവിടെ ഉണ്ടാവുന്നു എന്ന് പറയാം.


ദാഹം ശമിക്കില്ല.


രണ്ട് പേരും ചിത്രത്തിലെ

വെള്ളം മാത്രം കാണുന്നു.

രണ്ട് പേരും ചിത്രത്തിലെ

മുന്തിരി മാത്രം നല്‍കുന്നു. 

കുടിക്കുന്നില്ല, തിന്നുന്നില്ല. 

ദാഹം മാറ്റുന്നില്ല.

വിശപ്പടക്കുന്നില്ല.

No comments: