പെരിങ്ങാടി
റെയില്‍വേ പാലത്തിന്
സമര്‍പ്പണം.
(ജനിച്ചു വളര്‍ന്ന നാടിന്)
പറഞ്ഞറിയിക്കാന്‍ കഴിയാത്ത
വികാരമാണ്, അനുഭവമാണ്
റെയില്‍വേ പാലം.
എത്ര എഴുതിയാലും
പറഞ്ഞാലും
മതിവരാത്ത
വലിയ കടന്നുപോക്ക്
അനുഭവമാക്കിയ
റെയില്‍വേ പാലം.
*****
അല്ലേലും ഒന്നും
മറ്റൊന്ന് പോലെയല്ല.
മധുരമെല്ലാം
മധുരം തന്നെയെങ്കിലും
തേന്‍ മധുരം വേറെ.
മാമ്പഴച്ചാറിന്റെ മധുരം വേറെ.
******
ഇപ്പോഴുള്ള ആരേയും
എനിക്കറിയില്ലെന്ന് വരാം.
എന്നാലും
ധൈര്യപൂര്‍വ്വം പറയും
എല്ലാവരേയും
എനിക്കറിയാമെന്ന്.
കാരണം, എനിക്കിത്
ഞാന്‍ നെഞ്ചിലേറ്റിയ
റെയില്‍വേ പാലമാണ്.
എനിക്കിത്
എന്നെ നെഞ്ചിലേറ്റി
സംരക്ഷിച്ച
റെയില്‍വേ പാലമാണ്.
മടിയില്‍ ഒളിപ്പിച്ചും
തോളിലേറ്റിയും
സാന്ത്വനിപ്പിച്ചും
തേനൂട്ടിയ, താരാട്ടിയ
റെയില്‍വേ പാലമാണിത്.
ഇപ്പോഴും ഓര്‍മകളില്‍
തേനൂട്ടുന്ന, താരാട്ടുന്ന
റെയില്‍വേ പാലം.
അടിമുടി എന്നില്‍
ഞാനായി ഒട്ടിനില്‍ക്കുന്ന
റെയില്‍വേ പാലം.
ഇവിടെ
എല്ലാവരും
ഞാന്‍ തന്നെയാണ്.
ഇവിടെ
എല്ലാവരും
എന്നിലുണ്ട്.
രക്തമായും
രക്തധമനിയായും.
ദാഹമായും
ദാഹജലമായും.
എനിക്ക്
എന്നിലേക്കുള്ള ദൂരമാണ്
റെയില്‍വേ പാലത്തിലേക്കുമുള്ളത്.
******
ഈ ഗ്രൂപ്പ്
എനിക്കെന്റെ കുട്ടിക്കാലം
തിരിച്ചുകൊണ്ടുവരുന്ന
ഗ്രൂപ്പാണ്.
നമ്മെ
ഗർഭപാത്രത്തിലേക്ക്
തിരിച്ചു കൊണ്ടുപോകുന്ന
ഗ്രൂപ്പ്.
എന്നിലെ എന്നെ
തിരഞ്ഞു ചെല്ലുന്ന,
തിരിച്ചുതരുന്ന ഗ്രൂപ്പ്.
എന്നിലെ എന്നെ
കണ്ടെത്തുന്ന ഗ്രൂപ്പ്.
സ്വപ്നവും അന്വേഷണവും
കൗതുകവും വികൃതിയും
കൊച്ചു തമാശകളും
കുഞ്ഞു കളവുകളും
സീറ്റും പാട്ടും
ഉപ്പാലക്കണ്ടി പള്ളിയും പറമ്പും
ദാരിദ്ര്യവും പങ്കുവെക്കലും
തേങ്ങപെറുക്കലും
കൂറ് വിളിച്ച് പറച്ചിലും
കോഴിഫാമും തറയും
ബസ് സ്റ്റോപ്പും
തമ്പോല കളിയും
വോളിബോളും
ഫുട്ബോളും ക്രിക്കറ്റും
വെറുതെ ഇരുത്തവും...
അങ്ങനെയങ്ങനെ
എല്ലാം ഒരുമിച്ച്
മലവെള്ളപ്പാച്ചലായ്
കുത്തിയൊഴുക്കുന്ന ഗ്രൂപ്പ്.
കുത്തിയൊഴുക്കേണ്ട ഗ്രൂപ്പ്.
റെയില്‍വേ പാലം ഗ്രൂപ്പ്.
*****
സത്യം പറയാം.
ഒളിഞ്ഞിരിപ്പും ഒഴിഞ്ഞിരിപ്പും
ഒറ്റക്കിരിപ്പും കൂടിയിരിപ്പും
കൂട്ടത്തിലിരിപ്പും
വെറുതെ നോക്കിയിരിപ്പും
പാട്ടുപാടിയിരിപ്പും
നിര കളിച്ചിരിപ്പും
ഒരുപോലെ അനുഭവവും
സാധ്യതയും ആയ
ഒരിടം,
എല്ലാം ഒന്നാകുന്ന
ഒരേയൊരിടം
റെയില്‍വേ പാലം.
*****
എപ്പോഴും
കുറെ ലോകങ്ങള്‍
ഒരുമിച്ച് കാണിച്ച
മഹാവിസ്മയം.
റെയില്‍വേ പാലം.
ഒരക്കരെ
എപ്പോഴും ബാക്കിയാക്കി,
അറിയാത്ത ഒരു ലോകത്തെ
അക്കരെ ഇരുത്തി,
ഒരിക്കരെ.
റെയില്‍വേ പാലം.
ഇടതൂര്‍ന്ന പച്ചയുള്ള
ഒരക്കരെ
ഇക്കരെയുള്ള
റെയില്‍വേ പാലത്തിന്
എന്നും ഒരിണ.
അങ്ങനെയൊരക്കരെ
ഈ റെയില്‍വേ പാലത്തിന്
മറുപുറം.
നമുക്കില്ലാത്തത്
സങ്കല്‍പ്പിക്കുക
പഥ്യമാക്കിയ മറുപുറം.
ഇക്കരെ മഴപെയ്യുന്നതിന് മുന്‍പ്
അക്കരെ മഴ പെയ്യുന്ന
വിദ്യ കാണിച്ചു തന്ന
ഇക്കരെ.
ഈ റെയില്‍വെ പാലം.
ഒരു കുറെ അപരിചിതര്‍
കാഴ്‌ചക്കാരായി പോകുന്ന
റെയില്‍പാളവും തീവണ്ടിയും
എപ്പോഴും
രക്തധമനി പോലെ
കാലത്തിനും സമയത്തിനും
നീളെയും കുറുകെയും
നീണ്ടു നിവര്‍ന്നു നിന്ന
റെയില്‍ വേയായ്
അതിലൊരു പാലമായ്
ഈ റെയില്‍വേ പാലം.
കുടിക്കാനും കുളിക്കാനും
സ്പര്‍ശമറിയാനും
നിന്നുതരാതെ
ജീവിതത്തിന്റെ ഉപ്പുമായ്
ഒരു സുന്ദരിയായ്
അടുത്തകന്നും
അകന്നടുത്തും
ഈ റെയില്‍വേ പാലത്തിനടിയിലൂടെ
ഒഴുകി മയ്യഴിപ്പുഴ.
കാമുകന്‍മാരുടെ
ചൂണ്ടല്‍ വീഴാന്‍ മാത്രമായി
കാറ്റ് കഥയായ് പറഞ്ഞ
ഒരു പുഴ.
കാലങ്ങളുടെ കഥ
പ്രണയമായ്
കടലിനോട് മാത്രം പറഞ്ഞ
ഒരു പുഴ.
******
ചാഞ്ഞിരിക്കാനും
ചരിഞ്ഞിരിക്കാനും
ധ്യാനിച്ചിരിക്കാനും
കിടന്നുറങ്ങാനും
ബോധിവൃക്ഷങ്ങള്‍ പോലെ
നിഴലിട്ട് തണലിട്ട്
കുറെ വൃക്ഷങ്ങള്‍
ഈ റെയില്‍വേ പാലത്തിന്
സ്വന്തം.
പുഴ കടലിനോട് പറഞ്ഞ
കഥയും കാര്യവും
ഇലയും പൂക്കളുമായ്
എഴുതി വെച്ച കുറെ
ബോധിവൃക്ഷങ്ങള്‍.
ആയിടയില്‍
ഹൃദയമിടിപ്പ് പോലെ
അവിടെ മാറിമാറി
വന്നും പോയും കൊണ്ടിരുന്നു
എസ് എം, ശോഭ,
പ്രശാന്തി, ദുര്‍ഗ്ഗ,
എല്‍ എന്‍ ബി എസ്,
മാർഹബ, സി എം ടി എന്നീ
എട്ട്, പന്ത്രണ്ട് നമ്പര്‍
ബസുകള്‍.
പറയാനും കേള്‍ക്കാനുമുള്ള
നഗരത്തിന്റെ ഭാഷ പോലെ.
ഇറക്കി വെക്കാനും
കയറ്റി വെക്കാനുമുള്ള
ഗ്രാമത്തിന്റെ
പ്രതീക്ഷകളുടെ ഭാരവുമായി.
*****
ജീവതാളം പോലെ
അയ്യന്‍ നാണുവും
പരവന്‍ ബാലനും
കൊമ്പു കോര്‍ത്ത
റെയില്‍വേ പാലമാണിത്.
വിശക്കുമ്പോള്‍
ആശ്വാസമായ,
അച്ചുവേട്ടന്റെയും
ജാനുവേടത്തിയുടെയും
റെയില്‍വേ പാലമാണിത്.
ജീവിക്കാൻ എല്ലാ വേഷവും
കെട്ടാമെന്നറിയിച്ച,
അച്ചുവേട്ടന്റെ
റെയില്‍വേ പാലമാണിത്.
നാട്ടുകാരെ മുഴുവന്‍
ജീവന്റെ പാല്‍ കുടിപ്പിച്ച
ചിരുതേയിയുടെയും
നാണിയമ്മയുടെയും
ദെച്ചുട്ടിയുടെയും
റെയില്‍വേ പാലമാണിത്.
മതേതരത്വം മാത്രം പറഞ്ഞ്
മതമേതായാലും
മനുഷ്യന്‍ നന്നായാല്‍ മതി
എന്ന് ഉള്ളറിഞ്ഞ് വിശ്വസിച്ചു
കടന്നുപോയ
ശാന്തഹൃദയനായ
കറകളഞ്ഞ കോണ്‍ഗ്രസ്കാരന്‍
കൃഷ്ണേട്ടന്റെ
റെയില്‍വേ പാലമാണിത്.
താലയും ആട്ടിക്കിട്ടയും
കുങ്കിച്ചിയും കൊറുമ്പാത്തിയും
ഗോപാലേട്ടനും ഗോവിന്ദേട്ടനും
അലീക്കയും അബൂക്കയും
കഥപറഞ്ഞ് നടന്നുപോയ
റെയില്‍വേ പാലമാണിത്.
എല്ലാതരം
കൈവിരുതുകളും
കൈമുതലാക്കി,
ജീവിതത്തെ
അതിജീവനത്തിന്റെ
കൈവിരുതാക്കി,
ചെയ്യാവുന്നത്
മുഴുവന്‍ ചെയത്
സകലകലാ വല്ലഭനായ്
ഒറ്റയാള്‍ പോരാട്ടമായ്
വിസ്മയിപ്പിച്ചു ജീവിച്ച
ഒറ്റയാന്‍ സാഹിബ്ക്കാന്റെ
റെയില്‍വേ പാലമാണിത്.
ഈ ലോകത്തിനുമപ്പുറം
മംഗലാപുരം
ഒരു ലോകമാണെന്നറിയിച്ച,
അന്നത്തിന്റെ വഴി
അവിടേക്ക് വരെ നീട്ടിയ
ഖാദര്‍ ഹാജിക്കയുടെ
റെയില്‍വേ പാലമാണിത്.
കാര്യമായൊന്നും മിണ്ടാതെ
മുനിയായ് അതിലൂടെ
നടന്ന് കടന്നുപോയ
ഖാദര്‍ ഹാജിക്കയുടെ
റെയില്‍വേ പാലം.
വാക്കുകളില്‍
വിവേകത്തിന്റെ
ചാട്ടുളി തീര്‍ത്ത
വിശക്കുമ്പോള്‍
വയര്‍ കുത്തിനിറച്ച
സഹായത്തിന്റെ
നിറകുടമായ
ഉക്കിത്തയുടെ
റെയില്‍വേ പാലമാണിത്.
കണ്ണിന്റെ കാഴ്ചക്കപ്പുറമുള്ള
ലോകത്തെ
കണ്ണ് കാണാതെ അറിയിച്ച
കരേട്ടിയില്‍ മമ്മുഹാജിക്കയുടെ
റെയില്‍വേ പാലമാണിത്.
കച്ചവടത്തിന്റെ
അനിതരസാധാരണ
സാധ്യത
പഴയ കാലത്തു തന്നെ
സ്വായത്തമാക്കി
അക്കാലത്താദ്യമായി
കാർ സ്വന്തമാക്കി
വിളിച്ചറിയിച്ച
ശാന്തരായ
കക്കോട്ട് പുത്തന്‍പുരയില്‍
അബ്ദുള്ള ഹാജിയുടെയും
വരക്കൂല്‍ മൊയ്തു ഹാജിയുടെയും
റെയില്‍വേ പാലമാണിത്.
*****
വൈദ്യുതി വേഗത്തില്‍
തമാശ പറയുന്ന
വൈദ്യുതിയെ
തന്റെ ജീവിതവഴിയാക്കിയ
ആ വഴിയിൽ ഒട്ടേറെ പേര്‍ക്കും
വഴി പറഞ്ഞുകൊടുത്ത
പൊന്നമ്പായില്‍ ശറഫുവിന്റെ
റെയില്‍വേ പലമാണിത്.
നാടിന്റെ ഫുട്ബാള്‍ സ്വപ്നം
സ്വന്തം കാലില്‍ ഒളിപ്പിച്ച,
കൂട്ടുകാര്‍ക്ക് വേണ്ടി
എന്തും ചെയ്യുന്ന
ബാപ്പുന്റവിടത്തെ അബ്ദുള്ളയുടെ
റെയില്‍വേ പലമാണിത്.
തമാശയും പാട്ടും സമ്മേളിപ്പിച്ച്
ദാരിദ്ര്യം നേരിട്ട
പൊന്നമ്പായില്‍ ശാക്കിറിന്റെ.....
സുഹൃത്തുക്കളെ ഉള്ളറിഞ്ഞ്
ഉള്‍കൊണ്ട് സ്നേഹിച്ച
മറ്റുള്ളവരെ അന്നം കഴിപ്പിക്കുന്നതില്‍
ആവേശം കാട്ടിയ
ബാപ്പുന്റവിടത്തെ അഷ്റഫിന്റെ....
ഉള്ളില്‍ പേടി ഒളിപ്പിച്ച്
പുറമെ മറ്റുള്ളവരെ ചിരിപ്പിച്ച
പൊന്നമ്പായില്‍ ശബീയുടെ....
സ്നേഹിച്ചാല്‍
ചങ്ക് പറിച്ചു കൊടുക്കുന്ന,
കോട്ടി കളിച്ചു തോറ്റാല്‍
വീടിന്റെ ഓടിനെ ഉന്നംവെക്കുന്ന
ബാപ്പുന്റവിടത്തെ മൊയ്തുവിന്റെ...
എല്ലാം തിരിച്ചറിഞ്ഞുവെന്ന പോലെ
ഒന്നും ആരേയും പേടിക്കാതെ,
എല്ലാം ചെയ്യാൻ ധൈര്യം കാട്ടിയ,
എല്ലാവരിലും അസൂയ ജനിപ്പിച്ച
ധീരനായ പാരങ്കോട്ടട്ടെ സമീറിന്റെ....
വിവരത്തെയും വിവേകത്തെയും ഭ്രാന്തമായവതരിപ്പിച്ച
തായക്കണ്ടി നവാസിന്റെ......
എല്ലാവർക്കും തമാശ പറയാന്‍ നിന്ന് കൊടുത്ത
പുതിയിടത്ത് നാസര്‍ എന്ന
നിസ്സംഗഭാവമുള്ള അട്ടയുടെ...
അപരിചിതവാസം സ്വയമായ് തെരഞ്ഞെടുത്ത്
നാടു വിട്ടുപോയ
സൗമ്യഭാവം കൈമുതലാക്കിയ
അനീസ ഹൗസിലെ
അസ്‌കർ, അന്‍വര്‍ എന്നിവരുടെ.....
ചിരിച്ചു മാത്രം
പോക്കറ്റില്‍ ഉള്ളത് മുഴുവന്‍
മറ്റുള്ളവര്‍ക്ക് വേണ്ടി ചിലവഴിച്ച്
ഒറ്റപ്പെട്ട സമ്പന്നന്‍ അക്രമിന്റെ....
സ്വയം പ്രയത്നം കൈമുതലാക്കി
സർക്കാർ ജോലിയില്‍
ആവുന്നത്ര ഉയർന്ന
കൊറചോത്ത് ഹുസൈന്റെ.....
നിശ്ശബ്ദതനായ് വന്നുപോയി
ആഢ്യത്വം സൂക്ഷിച്ച
കൊറചോത്ത് മഹ്മൂദിന്റെ
ആഭിജാത്യത്തില്‍ സൂത്രം ഒളിപ്പിച്ച
വയൽപറമ്പത്ത് ഹാറൂന്റെ .....
ഒറ്റയിലും തെറ്റില്ലെന്ന്
പ്രയത്നം കൊണ്ട്
വളര്‍ന്ന് തെളിയിച്ച ഷൈജുവിന്റെ.....
ആഭിജാത്യം കൈമുതലാക്കി
ചിരിച്ച് ആളെ കുപ്പിയിലാക്കുന്ന,
ഒഴിഞ്ഞു മാറുന്ന
വയൽപറമ്പത്ത് ആച്ചിയുടെ....
മിന്നായം പോലെ,
വെറും വഴിപോക്കനെ പോലെ
ദ്രുതഗതിയില്‍ വന്നു പോകുന്ന
അക്കരെയിലെ സ്വപ്നം പൊളിച്ച്
ഇക്കരെയെത്തിയ
നല്ല പാട്ടിനുടമയായ
വലിയോട്ടില്‍ സമീറിന്റെ...
അവരുടെയും
ഇനിയും പേര് പറഞ്ഞിട്ടില്ലാത്ത
ഒട്ടനവധി പേരുടെയും
റെയില്‍വേ പാലമാണിത്.
ഇവരെല്ലാം കൂടി
അല്ലെങ്കിൽ
ഇവരില്‍ ചിലരെല്ലാം കൂടി
വൈകുന്നേരം
പാലത്തിന്‍ മേല്‍ ഇരിക്കാനും
റെയില്‍വേ സ്റ്റേഷനിൽ പോയി
ചായ കുടിക്കാന്‍നും
നടത്തുന്ന ഒരു നടത്തം.
ഒരു സായാഹ്ന സവാരി.
ഒരുലാത്തല്‍.
ഇടവേളകളില്‍
കളിക്കുന്ന
കോട്ടിയും ഇട്ടാപ്പും
ചുള്ളിയും കോലും ചട്ടിയേറും
നോമ്പുകാലങ്ങളില്‍
നോമ്പ് തുറന്നതിന് ശേഷം
കളിക്കുന്ന ഒളിച്ചു കളി.
മഴക്കാലത്ത്
പള്ളിക്കുളത്തില്‍ ഇറങ്ങിയുള്ള
നീന്തലും മുങ്ങലും......
ഇതെല്ലാം ഒത്തുചേരുമ്പോള്‍
റെയില്‍വേ പാലം
ഒരു മാസ്മരിക ലോകം തന്നെയാണ്.
No comments:
Post a Comment