കൊറോണ വന്നു.
എന്നിട്ട് ലളിതമായി
എന്ത് പറഞ്ഞു തന്നു?
എന്ത് പഠിപ്പിച്ചു തന്നു?
ഭഗവാനും അല്ലാഹുവും
യേശുവും കൃഷ്ണനും
രാമനും ഹനുമാനും
ഒന്നും നിങ്ങള്‍ക്ക് വേണ്ടി
നേരിട്ട് ചെയ്യില്ല.
അവരൊന്നും
നിങ്ങളെ ശ്രദ്ധിക്കില്ല,
നിങ്ങൾ നിങ്ങള്‍ക്ക് വേണ്ടി
ചെയ്യുന്നതും ശ്രദ്ധിക്കുന്നതുമല്ലാതെ.
നിങ്ങൾ നിങ്ങള്‍ക്ക് വേണ്ടി
ചെയ്യുന്നതും ശ്രദ്ധിക്കുന്നതുമായ
രീതിയില്‍ മാത്രമല്ലാതെ.
നിങ്ങൾ നിങ്ങള്‍ക്ക് വേണ്ടി നടത്തുന്ന
നിങ്ങളുടെ ശ്രദ്ധയും ചെയ്തിയും
പറച്ചിലും കരുതലും മാത്രം തന്നെ
ഭഗവാന്റെയും അല്ലാഹുവിന്റെയും
യേശുവിന്റെയും രാമന്റെയും
കൃഷ്ണന്റെയും ഹനുമാന്റെയും
ചെയ്തിയും പറച്ചിലും
ശ്രദ്ധയും കരുതലും.
********
കൊറോണ വന്നു.
എന്നിട്ട് പിന്നെയും
ചിലത് പറഞ്ഞു തന്നു?
പിന്നെയും ചിലത്
പഠിപ്പിച്ചു തന്നു?
മനുഷ്യന്റെ പേടിയും നടപടിയും
ഉറുമ്പിനെ പേടിച്ച്
AK47 എടുക്കുന്നത് പോലെ തന്നെ.
എലിയെ പേടിച്ച്
ഇല്ലം ചുടുന്നത് പോലെ.
അപ്പോഴും ഇപ്പോഴും
ചെറുത് വലുതാണെന്ന്
അവന്‍ മനസിലാക്കിയില്ല.
ചെറുതില്‍ വലുതുണ്ടെന്നും
അവന്‍ മനസിലാക്കിയില്ല.
അപ്പോഴും ഇപ്പോഴും
വലുത് ചെറുതെന്നും
അവന്‍ മനസ്സിലാക്കിയില്ല.
*****
എന്നിരിക്കെയും
യാഥാര്‍ത്ഥത്തില്‍ എന്താണ്
മനുഷ്യന്മാര്‍ കൊറോണയെ കുറിച്ച്
ചിന്തിക്കുന്നത്?
എന്താണ് മനുഷ്യന്മാര്‍
കൊറോണ നടത്തുന്ന
മരണതാണ്ഡവത്തെ കുറിച്ച്
ചിന്തിക്കുന്നത്?
കുറെ മനുഷ്യന്‍മാര്‍
മരിച്ചില്ലാതാവണം എന്നത്
മനുഷ്യരില്‍ തന്നെ മഹാഭൂരിപക്ഷവും
യഥാര്‍ത്ഥത്തില്‍ കരുതുന്നു.
കാരണം അതിന് മാത്രം
വലിയ അര്‍ത്ഥമൊന്നും
ഇത്രയധികം മനുഷ്യന് മാത്രമായില്ല.
ഇത്രയധികം മനുഷ്യര്‍
ഭൂമിയില്‍ ഒരുമിച്ചുണ്ടാവാന്‍ മാത്രം
വലിയ ദൗത്യമൊന്നും മനുഷ്യന്
പ്രത്യേകിച്ച് ഭൂമിയില്‍
നിര്‍വ്വഹിക്കാനില്ല.
അവനുവേണ്ടി അവന്‍ ചെയ്യുന്ന
എന്തോ കുന്ത്രാണ്ടം മാത്രമല്ലാതെ.
ഇങ്ങനെ അധികരിച്ച മനുഷ്യന്‍
അവന്റെ ചുറ്റുപാടില്‍ ഉണ്ടാക്കുന്ന അസന്തുലിതാവസ്ഥ അത്രയ്ക്ക് വലുതാണെന്ന്
അവന് നന്നായറിയാം.
*******
മരിച്ചില്ലാതാവുന്നത്
താനും തന്റെ മക്കളും
താന്‍ അടുത്തറിയുന്നവരും
ആവരുതെന്ന് മാത്രമേ
മനുഷ്യരില്‍ ഓരോരുത്തനും
ഉള്ളിന്റെയുള്ളിലുള്ളൂ..
അതുകൊണ്ട് തന്നെ
നൂറായിരം മരണങ്ങളുടെ വാർത്ത
യഥാര്‍ത്ഥത്തില്‍ അവനെ
ഞെട്ടിക്കാറില്ല.
തന്നെയും
തന്റെ മക്കളെയും കുടുംബത്തെയും
ബാധിക്കില്ലെങ്കിൽ
മരണമെന്നത് അവന്
പറഞ്ഞു നടക്കാനുള്ള
വെറും എണ്ണം, കഥ, വാർത്ത.
******
പരസ്പരം കാണിക്കുന്ന
അടുപ്പം ഉണ്ടാക്കുന്ന
വിഷമവും ദുഖവും മാത്രമേ
എല്ലാവർക്കുമുള്ളൂ.
അടുപ്പമില്ലെങ്കില്‍
വിഷമവും ഇല്ല.
ആരാന്റെ അമ്മക്ക് ഭ്രാന്ത് വന്നാല്‍
പ്രശ്നമാകാത്തത് പോലെ തന്നെ
മരണവും.
അടുപ്പം വെച്ച് നോക്കുമ്പോള്‍ മാത്രമാണ്
കൊറോണയും
അതുണ്ടാക്കിയേക്കാവുന്ന മരണവും
പ്രശ്നമാകുന്നത്.
അകന്ന് നിന്ന് നോക്കുമ്പോഴും,
ദൂരേ നിന്ന് കണ്ട് ചിന്തിക്കുമ്പോഴും,
കൊറോണയും
അതുണ്ടാക്കിയേക്കാവുന്ന
മരണവും പ്രശ്നമല്ല.
കൊറോണ എന്നല്ല,
അപ്പോൾ
ഒന്നും ആർക്കും പ്രശ്നമല്ല.
ജീവിതം മാത്രമല്ലാതെ.
******
മരണവും
അതുണ്ടാക്കുന്ന വേദനയും
യഥാര്‍ത്ഥത്തില്‍ ആർക്കെങ്കിലും
പ്രശ്നമായിരുന്നെങ്കില്‍.... ,
ഒരാളും ഒരടി നടക്കില്ലായിരുന്നു.
ആര്‍ക്കും ഒരടി
നടക്കാൻ കഴിയില്ലായിരുന്നു.
എത്ര ഉറുമ്പുകള്‍,
എത്ര സൂക്ഷ്മജീവികള്‍
ഓരോരുത്തരും നടത്തുന്ന
ഓരോ കാല്‍വെപ്പിലും
മരിക്കുന്നു?
എത്ര എളുപ്പത്തിൽ നാം
പേനിനെയും കൊതുകിനെയും
ഈച്ചയെയും പാറ്റയെയും
കൂറയേയും ബാക്ടീരിയകളെയും
കൊല്ലുന്നു?
കോഴിയേയും ആടിനെയും
പന്നിയേയും പോത്തുത്തിനെയും
പാമ്പിനെയും തേളിനെയും
കൊല്ലാന്‍
നാം അല്പവും മടിക്കുന്നില്ല.
സ്വന്തം മരണത്തെ ഭയക്കുന്ന പൂച്ച
മറ്റുള്ള ഓരോന്നിനെയും കൊല്ലുന്നത്
വെറും കളിതമാശ പോലെ.
കളിപ്പിച്ച് കളിപ്പിച്ച് മെല്ലെ മെല്ലെ.
ഇത് പോലെ തന്നെ
നാം ഓരോരുത്തരും...
നാം ഓരോരുത്തരും സ്വയം
മരണത്തിന്റെ വക്താക്കളും
ദാതാക്കളും പ്രയോഗക്താക്കളും തന്നെ.
കളിച്ച് ചിരിച്ച്...
******
പ്രകൃതി അങ്ങനെയാണ്.
നിങ്ങളും മറ്റേതും
അങ്ങനെയാണ്.
ജീവിതത്തിലൂടെ മരണം
നടക്കുന്നു,
ജീവിതത്തിലൂടെ
മരണത്തെ നടത്തുന്നു.
മരണത്തിലൂടെ ജീവിതം
നടക്കുന്നു,
മരണത്തിലൂടെ
ജീവിതത്തെ നടത്തുന്നു.
അതിൽ,
നിങ്ങൾ മനുഷ്യരെന്ന
വ്യത്യാസമൊന്നും
പ്രകൃതിക്കില്ല.
ജീവിതത്തിനില്ല.
ദൈവത്തിനില്ല.
നിങ്ങൾ
നിങ്ങള്‍ക്ക് വേണ്ടി
അങ്ങനെ ഉണ്ടെന്ന്
സ്വയം കരുതിയാലും
ഇല്ലെങ്കിലും…..
No comments:
Post a Comment