Saturday, August 8, 2020

ഭാഗം 2. പെരിങ്ങാടി റെയില്‍വേ പാലത്തിന് സമര്‍പ്പണം.

പെരിങ്ങാടി

റെയില്‍വേ പാലത്തിന്

സമര്‍പ്പണം - ഭാഗം 2.


(ജനിച്ചു വളര്‍ന്ന

ഠാ വട്ടം പ്രദേശത്തിന്......

വിനയം ഭാഷയാക്കി........ )


റെയില്‍വേ പാലത്തോട്

മയ്യഴിപ്പുഴ ചൊല്ലുന്ന

ഒരു പാഠമുണ്ട്. 


"സ്വർണ്ണമഴു 

എപ്പോഴെങ്കിലും മാത്രം 

കിട്ടുന്നത്‌. 


ഏറിയാല്‍ 

ഒരിക്കല്‍ മാത്രം.


പിറകില്‍ പോയനുകരിച്ചാല്‍ 

സ്വര്‍ണ്ണമഴു കിട്ടില്ല.


ആവര്‍ത്തനത്തിന്റെയും 

അതുണ്ടാക്കുന്ന

യാന്ത്രികതയുടെയും

ഫലമല്ല സ്വര്‍ണ്ണമഴു. 


ഉള്ളറിഞ്ഞ

നിതാന്തശ്രമത്തിന്റെ

ഫലം മാത്രമാണത്."


പാഠം കേൾക്കാൻ 

റെയില്‍വേ പാലത്ത് 

എപ്പോഴും സൂര്യോദയം

കാണാന്‍ പോകണം. 


എപ്പോഴും പോയാല്‍

എപ്പോഴെങ്കിലും പാഠം

കേൾക്കാം.


'എപ്പോഴും ശ്രമിച്ചാല്‍

എപ്പോഴെങ്കിലും.' 


അതാണ് 

വിജയത്തിന് പിന്നിലെ

റെയില്‍വേ പാലം

പറഞ്ഞുതരുന്ന 

രഹസ്യ മന്ത്രം.

പ്രകൃതിസത്യം. 


"എപ്പോഴും വാതിലടക്കണം.

എപ്പോഴെങ്കിലും വരുന്ന

കള്ളനെ ഒഴിവാക്കാന്‍. "


******


ഇത് റെയില്‍വേ പാലത്തെ

തെളിച്ചവും വെളിച്ചവും

ആക്കിത്തന്ന ഒരു രാവിന്റെ

നല്ല ഓര്‍മ്മ വെച്ച് പറയുന്നത്. 


മയ്യഴിപ്പുഴയുടെ മാറത്ത്. 

രാത്രി മുഴുവന്‍ 

ഉറങ്ങാതെ 

കഥ പറഞ്ഞിരുന്ന

ഒരോര്‍മ്മ വെച്ച്.


വെളിച്ചം കാത്ത്

ഇരുട്ടിലിരുന്ന

ഓര്‍മ്മ വെച്ച്.


ഇരുട്ടിനെ കറന്ന്

വെളിച്ചമാക്കിയ

ഓര്‍മ്മ വെച്ച്.


******


മിക്സ്ചറും വെള്ളവും

സംഘടിപ്പിച്ച്,

അല്ലേലും

അകമഴിഞ്ഞിറക്കി മാത്രം

ശീലമുള്ള, 

അനീസ ഹൗസിലെ അക്രം. 


തോണിയും പങ്കായവും ഒരുക്കി

തുഴയാന്‍ തയാറായി,

അല്ലേലും എന്തിനും തയ്യാറാവുന്ന, 

മൂന്നാം ക്ലാസ്സിലെത്തിയപ്പോള്‍

തുണിയില്‍ തിരുകി

ആരും മണംപിടിക്കാത്തവിധം 

പുകവലി എന്തെന്നറിയിച്ചു തന്ന, 

പാരങ്കോട്ടെ സമീര്‍. 


ഉണര്‍വിനു

മൗനമായ ചർച്ചകളുടെ

കൂട്ട് നൽകാൻ

പുതുമ തേടുന്ന 

വയലില്‍ പറമ്പത്തെ ആച്ചി.


******


എല്ലാവരും സാക്ഷികളായി

പുഴ ഒതുക്കിപ്പറഞ്ഞ

കഥ കേട്ടു.


പാതിരാവിൽ പക്ഷികള്‍

ജീവന്റെ തുടിപ്പറിയിക്കാന്‍ 

ചിറക് കുടയുന്നതിന്റെയും...,


അക്കരെയോ ഇക്കരെയോ

അങ്ങേതോ വീട്ടില്‍ ഇരുട്ടില്‍

വിയര്‍ത്തും കൊതുകുകടിയേറ്റും

ഉണര്‍ന്ന കുഞ്ഞിനെ ഉറക്കാന്‍

അമ്മ ഉണര്‍ന്നു

താരാട്ട് മൂളുന്നതിന്റെയും...,


അവയൊക്കെയും

ജീവനോടെ തിരശ്ശീലക്ക് പിന്നില്‍

നിശബ്ദതയില്‍ അലിഞ്ഞ് 

ഒളിച്ചു ജീവനായി

നില്‍ക്കുന്നതിന്റെയും....,


ജീവിതത്തെ 

ദര്‍ശനമാക്കിയ 

മയ്യഴിപ്പുഴയുടെ കഥ...,


പുഴ പഠിപ്പിച്ചു തന്ന

വലിയ പാഠമായ 

ചെറിയ രാവിന്റെ

ഓര്‍മ്മക്കഥ.


******


ചിന്തിച്ചും ചോദിച്ചും

വന്നാല്‍ 

റെയില്‍വേ പാലം

ഒരു നാടാണോ?


അറിയില്ല.

പറയാനറിയില്ല.


മുട്ടയിലെ കോഴിയെയും

വിത്തിലെ മരത്തെയും

കാണുന്നവര്‍ക്ക് മാത്രമത് 

പറയാൻ സാധിക്കുമായിരിക്കും. 


പക്ഷേ, ആരെയും ഒന്നും

പറയാൻ കഴിയാതാക്കും, 

വിവരംകെട്ടവനാക്കും, 

വെറും നിസ്സംഗ ഭാവമുള്ള

റെയില്‍വേ പാലം.


'അറിവ്കേടാണ്‌ അറിവ്' 

എന്നറിയിച്ചു തരുന്ന

വെറുതെ നിന്നിടം നില്‍ക്കുന്ന 

റെയില്‍വേ പാലം.


അറിവുകേടിലെ

അര്‍ത്ഥരാഹിത്യം

അരമാല്‍ അഹമ്മദ്‌ക്കയെ പോലെ

ധൈര്യമുള്ള ഒരാളെക്കൊണ്ട് 

പലപ്പോഴും വിളിച്ചു പറയാൻ

ഏല്‍പ്പിച്ചിരുന്ന, 

ഒന്നുമറിയാത്ത പോലെ

കണ്ണും പൂട്ടിയിരിക്കുന്ന

റെയില്‍വേ പാലം. 


*****


ജീവിതത്തിൽ

എന്താവാന്‍, ആരാവാന്‍

എന്ന്

റെയില്‍വേ പാലത്തോട്

ചോദിക്കരുത്.


"കീഴെ ഒഴുകുന്നത്

പുഴയാണ്.


എത്രയോ ജന്മങ്ങളെ

സ്വന്തമാക്കിയ പുഴ.


എത്രയോ തലമുറകള്‍ക്ക്

നിശബ്ദം സാക്ഷിയായ

മയ്യഴിപ്പുഴ. 


പക്ഷേ,

കുറച്ചകലം പോയാല്‍

കടലായിതീരും പുഴ.


അത്രയ്ക്ക് സ്ഥിരമല്ല

പുഴ പോലും. 


അതാണ്,

അങ്ങനെയാണ്‌

ജീവിതം.


എന്തും, ആരും

എങ്ങിനെയും

ആയിത്തീരും."


റെയില്‍വേപാലം പറയും.


"ആയിത്തീരുന്നത്

ജീവിതം. 

എന്തും എങ്ങിനെയും

എവിടെയും ചെന്നെത്തി."


*****


തെളിവെന്ത്? 


"ഒന്നും ആരും ആവാനില്ല

എന്നുറപ്പിച്ച് ജീവിച്ചുപോയ

കൊളാങ്കണ്ടി ഔളക്കാനെ

ഓര്‍മ്മയുണ്ടോ?

അയിച്ചുത്തയെ

ഓര്‍മ്മയുണ്ടോ?

കുഞ്ഞിമ്മാതയെയും

തട്ടാന്റെവിടത്തെ മാതയെയും

ഓര്‍മ്മയുണ്ടോ? "


റെയില്‍വേ പാലത്തിന്റെ

തിരിച്ചുള്ള ചോദ്യമാണ്.


ഉത്തരമല്ല.

വെറും ചോദ്യം.


"ബര്‍മയില്‍ നിന്ന്

അഭയാര്‍ത്ഥിയായി വന്ന

ഒരു കാക്കയെ

നിങ്ങൾക്കറിയുമോ?


" കാക്ക വെച്ച പീടിക.

കാക്കാന്റെ പീടിക.


റെയില്‍വേ പാലത്തിന്

ഒരു ചൂണ്ടുപലക

കാക്കാന്റെ പീടിക.


പീടികക്ക് പിന്നില്‍

ഒരപരിചിതയെ പോലെ

അവകാശവാദങ്ങളില്ലാതെ 

ഒതുങ്ങിക്കഴിഞ്ഞ

അഞ്ചരക്കണ്ടി അമ്മായിയെ

ഓര്‍മ്മയുണ്ടോ? 


ശവങ്ങള്‍ക്ക് കൂട്ടുകാരനായ് 

ശവപ്പറമ്പില്‍,

കുഴിമാടത്തില്‍ 

കൊല ചെയ്യപ്പെട്ട

സിദ്ദീഖിന്റെ പിതാവ്

മമ്മിക്കയുടെ പീടിക

തൊട്ടപ്പുറം

ചൂണ്ടു പലകയായി

മമ്മിമുക്കിനും.


"ഇങ്ങനെ ആയിത്തീരുന്നു

ജീവിതത്തില്‍ ഓരോന്നും.


ഇങ്ങനെ ഒന്നും

ആയിത്തീരാതെയുമാവുന്നു

ജീവിതത്തില്‍ ഓരോന്നും"


ജീവിതം തുടിച്ചു തുള്ളുന്ന

റെയില്‍വേ പാലം

വാചാലമാണ്.


ജീവിതത്തെ കുറിച്ച്.

എപ്പോഴും. 


******


അതേ, അങ്ങനെ

റെയില്‍വേ പാലത്തെ കുറിച്ച്

എവിടെ നിന്നും

പറഞ്ഞു തുടങ്ങാം. 


കൊളാങ്കണ്ടി ഔളക്കായില്‍ നിന്നും

മമ്മിക്കയില്‍ നിന്നും 

പറഞ്ഞു തുടങ്ങാം.


ഖുര്‍ആന്‍ വായിച്ചു മാത്രം

ഉപ്പാലക്കണ്ടി പള്ളിയില്‍

ഏറെ ചെലവഴിച്ചു 

ഈയുള്ളവന്റെ ഓര്‍മ്മയില്‍ 

കൊളാങ്കണ്ടി ഔളക്ക. 


"ഒന്നും കൂടെ കൊണ്ടുവരാതെ

ഒന്നും കൂടെ കൊണ്ടുപോകാതെ

ജീവിതം." 


"മലയില്‍ നിന്നും തുടങ്ങി

കടലില്‍ ചെന്ന് ചേരുന്ന

മയ്യഴിപ്പുഴ പോലെ." 


"വെറുതെ ജീവിച്ച

വാഴയില്‍ ഗോവിന്ദേട്ടനും

സംരംഭംകനായി ജീവിച്ച 

സുബൈര്‍ ഹാജിക്കും 

ഒരുപോലെ സാക്ഷിയായ

ഒരുപോലെ യാത്രാമൊഴിയേകിയ

മയ്യഴിപ്പുഴ." 


******


ഠാ വട്ടം നാടല്ല,

എന്നാല്‍, 

ഠാ വട്ടം നാടാണ്

റെയില്‍വേ പാലം. 


എന്നാലും, 

എടുത്തുപറയാൻ മാത്രം

ഒരു നാടാണോ

റെയില്‍വേ പാലം

എന്ന ചോദ്യത്തിന്‌ 

എന്തുത്തരം പറയും?


ജീവിതം ഒരു വാശി പോലെ

ജീവിച്ചു തീര്‍ത്ത 

ബാക്കിയൊന്നും വെക്കാതെ

തങ്ങളുടെ വീട് പോലും മായിച്ച് 

മറവിയിലേക്ക് ഊളിയിട്ട, 

കരേട്ടിയിലെ

കതീശൂത്താക്കും മറീത്താക്കും 

ഉത്തക്കയ്യാന്റവിടത്തെ

കുഞ്ഞാമിത്താക്കും 

അറിയുമായിരുന്നുവോ

അതിനുള്ള ഉത്തരം ?


*****


പര്‍വ്വതത്തെ

വലുതായിക്കാണുന്നവന്

ആറ്റം

ചെറുത് തന്നെയാണ്.


റെയില്‍വേ പാലവും

നിലക്ക്

ചെറുതാണ്. 


പക്ഷേ,

ചെറിയ ആറ്റം

തകരുമ്പോളറിയും... , 


തകര്‍ച്ചയുണ്ടാക്കുന്ന

വലിയ ഊര്‍ജവും നാശവും

കാണുമ്പോളറിയും...,


ആറ്റം തന്നെ

വളര്‍ന്ന് വലുതായി

പ്രപഞ്ചം തന്നെയാകുമ്പോളറിയും..., 


വലിയ പര്‍വ്വതമല്ല, 

ചെറിയ ആറ്റം തന്നെയാണ്

വലുതെന്ന്.


റെയില്‍വേ പാലം തന്നെയാണ്

വലുതെന്ന്. 


ചെറിയതെന്ന്

നമുക്ക് തോന്നുന്നത് 

പ്രപഞ്ചത്തെക്കാള്‍

വലുതാണെന്ന്.


റെയില്‍വേ പാലം

ലോകത്തെക്കാളും

വലുതാണെന്ന്. 


പ്രപഞ്ചത്തിനുള്ള

ആഴവും പരപ്പും

ആറ്റത്തിനുള്ളിലും 

റെയില്‍വേ പാലത്തിലും

ഉണ്ടെന്ന്‌. 


അതുകൊണ്ട്‌ തന്നെ

റെയില്‍വേ പാലം

വെറുമൊരു നാടല്ല;

ഒരു പ്രപഞ്ചം തന്നെയാണ്.


ഒരാറ്റം

മഹാപ്രപഞ്ചത്തെ

ഉള്‍ക്കൊള്ളും പോലെ, 

ചെറിയ

റെയില്‍വേ പാലവും

മറിച്ചല്ല,

ഒരു മഹാപ്രപഞ്ചത്തെ

ഉള്‍ക്കൊള്ളുന്നു.


******


റെയില്‍വേ പാലം

എന്തെന്ന് മനസിലാവാന്‍.

ചെറുതിലെ വലുത് 

കാണാനറിയണം. 


വലുത് ചെറുതാണെന്നും

അറിയണം.


കളിയിലും ചിരിയിലും

വെറുതെ ഉലാത്തുന്നതിലും

പള്ളിയിലിരുന്ന്

കാറ്റ് കൊള്ളുന്നതിലും 

പാട്ടുപാടി ഇരിക്കുന്നതിലും

നിര കളിക്കുന്നതിലും 

ക്രിക്കറ്റ്‌ വിശേഷം പറഞ്ഞ്‌

കടിപിടികൂടുന്നതിലും

അനീസ ഹൗസിലെ നൗഫല്‍

ശാന്തമായി പറയുന്ന

തമാശകളിലും 

കാര്യവും അര്‍ത്ഥവും

ഉണ്ടെന്നറിയണം. 


അങ്ങനെ, 

അറിയിക്കാന്‍ കഴിയാത്ത

അനേകായിരം കോടി

വിസ്മയങ്ങളെയും

ദര്‍ശനങ്ങളെയും

കാഴ്ചാസാധ്യതകളെയും

ജീവിതരീതികളെയും 

ഒന്നായൊളിപ്പിച്ച്,

ഗർഭംധരിച്ച്

നടക്കുന്ന പ്രപഞ്ചം. 

റെയില്‍വേ പാലം. 


***


ശരിയാണ്‌

റെയില്‍വേ പാലം

ഒരു നാടല്ല.


ഠാ മുട്ട പോലെ

ചെറിയൊരിടം.


കുനിയിലും ചള്ളയിലും പോലെ

കുറെ ചെറിയ

വലിയ വീടുകളുള്ള

ചെറിയ വലിയ ഇടം. 


ഏത് ഭാഗത്ത് നിന്ന്

നോക്കിയാലും

ലോകം അവിടെ

അവസാനിക്കുന്നുവെന്ന്

തോന്നുന്ന ഒരിടം.

റെയില്‍വേ പാലം. 


ലോകത്തിന്‌

ഒരറ്റമുണ്ടെങ്കിൽ, 

ഭൂമിക്ക്

ഒരതിരുണ്ടെങ്കില്‍

അത്‌

റെയില്‍വേ പാലമാണെന്ന്

തോന്നിപ്പോകുന്നത്ര

ദുരൂഹതകള്‍

നിറഞ്ഞ് നില്‍പുണ്ട്

ചെറിയ

റെയില്‍വേ പാലത്ത്.


കാർമേഘം ഉരുണ്ടുകൂടിയ സായംസന്ധ്യയുടെ

ആഴം പൂണ്ട 

ആധിയും വെപ്രാളവും

എപ്പോഴും നിഴലിട്ട് 

നിറഞ്ഞ് നിൽപുണ്ടിവിടെ, 

റെയില്‍വേ പാലത്ത്.


*****


മരണത്തില്‍ കളവുണ്ടോ? 


ഉണ്ടെന്ന്‌

റെയില്‍വേ പാലം പറയും.


കളവിൽ

ഒരു മരണമുണ്ടെന്നും

നിങ്ങളോടത് പറയും.


കള്ളനെ പോലെ മരണം

അറിയാതെ വരുന്നത്‌ കൊണ്ടല്ല

അങ്ങനെ പറയുന്നത്. 


പകരം,

തേങ്ങ കട്ട്

മയ്യത്ത് കട്ടിലില്‍ ഒളിപ്പിച്ച്

കൊണ്ടുപോകും വഴിയില്‍

ലാ ഇലാഹ ഇല്ലല്ലാ

എന്ന് ചൊല്ലി

ശ്രദ്ധ തിരിച്ചുവിട്ട് 

കളവ് നടത്തിയ

മഹാരഥന്മാര്‍ ഉണ്ടായിരുന്നു 

റെയില്‍വേ പാലത്ത്.


അതുകൊണ്ട്‌ തന്നെ 

നിങ്ങളോട്

റെയില്‍വേ പാലം പറയും, 

മരണത്തില്‍ വരെ

കളവുണ്ടെന്ന്.

കളവിൽ വരെ

ഒരു മരണമുണ്ടെന്ന്. 


ജീവിതത്തെ ഒളിപ്പിക്കാന്‍

മയ്യത്ത്കട്ടിലും കബറും

കിടപ്പറയും കുളിമുറിയും

മതിയെന്ന്.

അവയെല്ലാം

ഒരുപോലെയെന്ന്. 


*****


മരണത്തിന്

ഉത്സവങ്ങളുടെ

നിറവും ഭാവവും ഭാഷയും

ഉണ്ടെന്നും 

റെയില്‍വേ പാലം

പറഞ്ഞു തരും.


ഉത്സവത്തിനിടെ 

ഒരുകുറേ പേരൊന്നായി

തീവണ്ടി തട്ടി

റെയിവേട്രാക്കില്‍

മരിച്ചത് കൊണ്ട്‌ പറയുന്നതല്ല

റെയില്‍വേ പാലം ഇത്. 


പകരം,

ഓരോ ഓണവും

പെരുന്നാളും ക്രിസ്മസും

ഇവിടെ റെയില്‍ പാലത്തില്‍

മരണങ്ങളെ വിതറിയിരുന്നു.


ഒരു കുറെ ആത്മഹത്യകളായ്.


റെയില്‍പാളത്തില്‍ ചിതറിയ

തലയോട്ടികളായും

പച്ച ഇറച്ചിക്കഷണങ്ങളായും. 


എല്ലാ മരണത്തിലും

ഉത്സവവും ആഘോഷവും

ഉണ്ടെന്നറിയിച്ചു

വഴിയില്‍ 

റെയില്‍വേ പാലം.


എല്ലാ ആഘോഷവും ഉത്സവവും

മരണമായ് പരിണമിച്ച് തീരുമെന്നും 

റെയില്‍വേ പാലം

അങ്ങനെ വിളംബരം ചെയതു.


*****


പുഴയോരത്ത്

തുടിച്ചുനില്‍ക്കുന്ന

ഉപ്പാലക്കണ്ടിപ്പള്ളി

വെറുമൊരു പള്ളിയല്ല. 


പകരം,

നിര്‍വ്വചനങ്ങളില്ലാത്ത,

അതിര്‍ത്തികളെ ഭേദിക്കുന്ന

ആത്മീയതയുടെ നിറകുടമാണ്.


ആത്മീയതയുടെ

പിതാവിനെയും

മാതാവിനെയും

ഒരുമിച്ചാക്കി 

ബാപ്പഉമ്മയാക്കി

ആത്മീയതക്ക്

മാതാപിതാക്കളുടെ

സങ്കല്‍പം കുടിയിരുത്തിയ ജീവിതാനുഭവമാണ്

റെയില്‍വേ പാലത്തെ

പള്ളി.

ഉപ്പാലക്കണ്ടിപ്പള്ളി. 


അതിനാല്‍ തന്നെ

പള്ളി

ജീവിതം നടത്തിയ,

ജീവിതത്തെ നടത്തിയ

പള്ളിയാണ്.


കുളിയും നനയും

കുടിയും തീറ്റയും

പല്ല് തേപ്പും മറക്കിരിപ്പും

ഉറക്കവും ഉണര്‍വും

പഠനവും സൊറപറച്ചിലും

കളിയും ചിരിയും

സെക്കന്റ് ഷോ കണ്ടുറക്കവും 

എല്ലാം

പ്രാര്‍ത്ഥനയാക്കിയൊരുക്കിയ

ഒരു പള്ളി.

റെയില്‍വേ പാലത്തെ

പള്ളി.

ഉപ്പാലക്കണ്ടിപ്പള്ളി. 


ജീവിതം തന്നെ

കഥയും കവിതയും

ധ്യാനവും പ്രാര്‍ത്ഥനയും 

ആക്കിയ ഒരു വീടിന്റെ.... , 


ജീവിതം തുടിച്ചിരുന്ന ഒരു വീടിന്റെ... , 


ഇപ്പോൾ ഒരോർമ്മ പോലും

അല്ലാതായ ഒരു വീടിന്റെ പേര്....

, 

തനിക്കായി സ്വന്തമായിക്കിയ 

ഒരു പള്ളി.

ഉപ്പാലക്കണ്ടിപ്പള്ളി. 


*******


പ്രാപഞ്ചികതയുടെ

മൂന്ന്‌ വഴികള്‍ ഒരുമിക്കുന്ന

ഒരു മുക്കാണ്‌

പള്ളി മുഖമുദ്രയായ

റെയില്‍വേ പാലം.


സൃഷ്ടിയും

സ്ഥിതിയും

സംഹാരവും

ഒരുമിക്കുന്ന ഒരിടം.


അങ്ങ് ഒളവിലവും

ഇങ്ങ് പെരിങ്ങാടിയും

പിന്നെ അഴിയൂരും

മൂന്ന്‌ ഗുണങ്ങളായി

ഇവിടെ ഒഴുകി എത്തിയിരുന്നു. 


ഇവിടെ ഒരുമിച്ചിരുന്നു

അന്വേഷണത്തിന്റെ

ഗതാഗതവഴി

അന്വേഷിച്ച് കൊണ്ട്‌

ഒരു കുറെ പേർ.

അപരിചിതര്‍. 


തലശ്ശേരി എന്ന

ജീവിതലക്ഷ്യം

തേടിക്കൊണ്ട്,

താണ്ടിക്കൊണ്ട്.


രാവിലെ 8.15 ന് വരുന്ന

എട്ടാം നമ്പര്‍ പ്രശാന്തി ബസ് 

അറിവ് തേടിയുള്ള

മുന്ന് വഴികളുടെ

ഒരുക്കം കാണിച്ചു തന്നു.


തിരക്ക് മാത്രം പേറി

ബസ്

അറിവ് തേടുന്നവരേയും പേറി 

വഴിമുട്ടി തിരിച്ചു പോകുന്നത്

കാണുക

ജീവിതം സ്വയം

വളർച്ച തേടി നേടിയ

അനുഭവം. 


*****


ബസ്സും തീവണ്ടിയും തോണിയും

ഇവിടെ ഒരുമിക്കുന്നു.


റോഡും പുഴയും റെയിലും

ഇവിടെ ഒരുമിക്കുന്നു.


സംസ്ഥാനങ്ങളും 

ജില്ലകളും 

പഞ്ചായത്തുകളും 

വില്ലേജുകളും

ഫ്രഞ്ച് ബ്രിട്ടീഷ് ഇന്ത്യൻ

സംസ്കാരങ്ങളും 

ഇവിടെ ഒരുമിക്കുന്നു. 


അങ്ങനെ എല്ലാറ്റിനും

സംഗമബിന്ദുവായി 

റെയില്‍വേ പാലം.


( കുറിപ്പിലും

സ്വന്തം താറാവാടായ 

പുതിയപുരയെ കുറിച്ചോ

അവിടത്തെ ആളുകളെ കുറിച്ചോ

പരാമര്‍ശിച്ചിട്ടില്ല.


ഭംഗിയായിവില്ല

എന്ന് തോന്നുന്നതിനാല്‍.


ഇനിയൊരു കുറിപ്പ്

തുടര്‍ന്നും സംഭവിക്കുമ്പോള്‍

എഴുതിപ്പോവുകയാണെങ്കിൽ

അപ്പോഴത് സംഭവിക്കട്ടെ.


റെയില്‍വേ പാലത്തെ കുറിച്ച്

ഇനിയും എത്രയോ

എഴുതാന്‍

ബാക്കിയിരിക്കെ..... )

No comments: