Monday, August 10, 2020

സര്‍ക്കാറും മുസ്ലിം മതനേതാക്കളും അറിയണം, മനസിലാക്കണം.

സര്‍ക്കാറും മുസ്ലിം മതനേതാക്കളും അറിയണം, മനസിലാക്കണം.


ഒരുപക്ഷേ പെരുന്നാള്‍ നിസ്കാരത്തിന്റെ യാഥാര്‍ത്ഥ ഇസ്ലാമിക മതവിധി എന്താണെന്ന് സര്‍ക്കാറിന് അറിയില്ലെങ്കിലും......,


ഏതെങ്കിലും സ്ഥാപിത, നിക്ഷിപ്ത മത താല്പര്യക്കാര്‍ സര്‍ക്കാറിനെ മറിച്ച് തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെങ്കിലും......,


ഇതറിയണം :


പെരുന്നാള്‍ പ്രാർത്ഥന ഇസ്ലാമിക വിശ്വാസികള്‍ക്ക് നിര്‍ബന്ധ പ്രാര്‍ത്ഥനയല്ല.


ഇസ്ലാമിക വിശ്വാസപ്രകാരം തന്നെ പെരുന്നാള്‍ നിസ്കാരം വെറും ഐഛികമായ (ഇഷ്ടമുണ്ടെങ്കില്‍ മാത്രം ചെയ്യേണ്ട, ഒരു നിര്‍ബന്ധവും ഇല്ലാത്ത) പ്രാർത്ഥന. സുന്നത്ത്. 


അതേസമയം, ദിവസവും ഉള്ള അഞ്ച് നേരം പ്രാര്‍ത്ഥനയും വെള്ളിയാഴ്‌ച ജുമുഅ പ്രാർത്ഥനയും വിശ്വാസികള്‍ക്ക് നിര്‍ബന്ധമാണ്. ഐഛികമായതല്ല. ഫര്‍ള് ഐന്‍. വ്യക്തിപരമായും നിര്‍ബന്ധമായത്. കഴിയുമെങ്കില്‍ പള്ളിയില്‍ വെച്ച് തന്നെ നിര്‍ബന്ധമായും കൂട്ടമായി നടത്തേണ്ടത്.


അതിൽ വെള്ളിയാഴ്‌ച ജുമുഅ പ്രാർത്ഥന എല്ലാ അര്‍ത്ഥത്തിലും പള്ളിയില്‍ വെച്ച് തന്നെ നിര്‍ബന്ധമായും നടത്തേണ്ടത്. ഫര്‍ള് ഐനും ഫര്‍ള് കിഫായയും കൂടിയത്. വ്യക്തിപരമായും സാമൂഹ്യമായും നിര്‍ബന്ധമായത്. 


എന്നിട്ടും, ഇവിടെയും ലോകത്തെവിടെയും കൊറോണ കാരണം ദിവസവും ഉള്ള അഞ്ച് നേരം നിര്‍ബന്ധ നിസ്കാരവും നിര്‍ബന്ധ വെള്ളിയാഴ്‌ച ജുമുഅ പ്രാർത്ഥനയും പള്ളിയില്‍ വെച്ച് നടത്തുന്നത് വേണ്ടെന്ന് വെച്ചു. പള്ളികള്‍ അടച്ചിട്ടു. സര്‍ക്കാറും മതനേതാക്കളും... കൊറോണ ഭീതി കാരണം.... എല്ലാവരും സ്വമനസാ മതവിധികളെ അവഗണിച്ചു..... മാനുഷികത്തിന്റെ അതിജീവനം കൂടുതൽ പ്രാധാന്യമുള്ളത് എന്ന് മനസിലാക്കിക്കൊണ്ട്. സമൂഹനന്മക്ക് വേണ്ടിയും രോഗവ്യാപനം തടയുന്നതിന്  വേണ്ടിയും...... 


എന്നിരിക്കെ, എന്തിനാണ് ഇസ്ലാമിക വിശ്വാസപരമായി പോലും ഒട്ടും നിര്‍ബന്ധമല്ലാത്ത (ആഘോഷ പ്രാധാന്യം മാത്രമുള്ള) പെരുന്നാള്‍ പ്രാർത്ഥനക്ക് വേണ്ടി കൊറോണക്കാലത്ത്, സമൂഹ്യവ്യാപനം ഭയക്കുന്ന വേളയില്‍, പള്ളികള്‍ തുറന്നിട്ട് കൊടുക്കുന്നത്?


ആരെ പേടിച്ചാണ്‌, എന്ത്‌ പ്രീണനം ഉദ്ദേശിച്ചു കൊണ്ടാണ്‌ സർക്കാർ ഇത് ചെയ്യുന്നത്‌?


ലോകമുസ്ലിം രാജ്യങ്ങളില്‍ വരെ സാധിക്കാത്ത കാര്യം കേരള സര്‍ക്കാറും ഇന്ത്യൻ സര്‍ക്കാറും എന്തിന്‌ ഇവിടെ ചെയത് കൊടുക്കണം?


പെരുന്നാള്‍ പ്രാർത്ഥനയേക്കാള്‍ പ്രാധാന്യമുള്ള, ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ ഹജ്ജ് വരെ വേണ്ടെന്ന് വെച്ച സ്ഥിതിക്ക് പ്രത്യേകിച്ചും... 


മക്കയിലും മദീനയിലും ഗൾഫ് രാജ്യങ്ങളിലും വരെ പള്ളികളില്‍ വെച്ചുള്ള പെരുന്നാള്‍ നിസ്കാരവും പ്രാര്‍ത്ഥനയും ആഘോഷവും വേണ്ടെന്ന് വെച്ച സ്ഥിതിക്ക് എന്തിന്‌ കേരളത്തിലും ഇന്ത്യയിലും മാത്രം ഇത് അനുവദിക്കണം???

No comments: