Saturday, August 8, 2020

ആരാണ്‌ വിമോചകന്‍?

ഗുരോ,

ആരാണ്‌ വിമോചകന്‍?


തനിക്ക്

താന്‍ മാത്രം.


തന്നിലെ

താനില്ലെന്നറിയിക്കുന്നവന്‍

വിമോചകന്‍. 


താനില്ലെന്നറിയുമ്പോള്‍

തന്നില്‍നിന്നുണ്ടാകുന്ന

മോചനം തന്നെ

വലിയ വിമോചനം.


******


ജീവിതത്തിൽ, 

ജീവിതത്തോടൊപ്പം, 

ജീവിതത്തിലൂടെയല്ലാത്ത

ഒരു മോചനവും

ഇല്ല തന്നെ,

ഇന്നുവരെ

ഉണ്ടായിട്ടില്ല തന്നെ.

അതിനാല്‍ വിമോചനവും. 


വിത്ത് മുളച്ച്

മരമാവുക,

വീണ്ടും വിത്താവുക

എന്നതല്ലാത്ത

എന്ത് മോചനം?


ജീവിതം

ജീവിക്കുകയല്ലാത്ത

എന്ത്‌ മോചനം? 


അല്ലാതൊരു

വിമോചകന്‍

ചരിത്രത്തിലെവിടെയും

ഇല്ല, വന്നിട്ടില്ല.


കഥയിലും കവിതയിലും,

പിന്നെ, കുറെ 

കഥയും കവിതയുമായ

ചരിത്രത്തിലുമല്ലാതെ.

വെറും

കാല്‍പനികതയിലല്ലാതെ.


ബുദ്ധനായാലും കൃഷ്ണനായാലും

മുഹമ്മദായാലും രാമനായാലും

യേശുവായാലും സോക്രട്ടീസായാലും.... 


ചിത്രത്തിലെ

മുന്തിരി മാത്രം.


********


കുറേ നല്ല ബലൂണുകള്‍

തരുന്നവനല്ല,

ബലൂണുകളെ

വചനങ്ങളാക്കുന്നവനല്ല 

വിമോചകന്‍.


നിങ്ങളെ

കുറെ നല്ല ബലൂണുകളായി

കൊണ്ടുനടക്കുന്നവനുമല്ല

വിമോചകന്‍. 


മുള്ളുകളുമായ് നടന്ന്

ബലൂണുകള്‍

പൊട്ടിക്കുന്നവന്‍

വിമോചകന്‍.


നിങ്ങളിലെ

ഉള്ള കാറ്റും

കളയുന്നവന്‍

വിമോചകന്‍.


അതിനാലെ,

ജീവിച്ചിരിക്കെ

നിങ്ങള്‍ക്ക് 

കൂടെ നടക്കാൻ

പ്രയാസമുള്ളവന്‍

വിമോചകന്‍.


******


ഗുരോ, എന്നാലും 

ആരാണ്‌ വിമോചകന്‍?


എന്തെങ്കിലും

ഉണ്ടെന്ന് പറഞ്ഞ്‌

സ്ഥിരമായി നിന്നെ

കെട്ടിയിടുന്നവനല്ല

വിമോചകന്‍.


കെട്ടഴിച്ച് വിട്ട്

ചെന്നായക്കള്‍ക്ക്

കൊടുക്കുന്നവന്‍

വിമോചകന്‍. 


ഒന്നുമില്ലെന്ന് പറഞ്ഞ്‌

നിന്നില്‍ നിന്ന് വരെ

നിന്നെ കെട്ടഴിച്ചുവിടുന്നവന്‍

വിമോചകന്‍.


സുന്ദരവാചകങ്ങളുടെ,

കുറെ ബലൂണുകളുടെ, 

ഉടമസ്ഥനല്ല

വിമോചകന്‍. 


പറയാൻ വേണ്ടി

എന്തെങ്കിലും പറഞ്ഞ്‌

തെറ്റിദ്ധരിപ്പിച്ച്

ജനസഞ്ചയത്തെ

കൊണ്ടുനടക്കുന്നവനല്ല

വിമോചകന്‍.


ആരേയും

കൊണ്ടുനടക്കാനില്ലാത്തവന്‍

വിമോചകന്‍.


കൂടെയുള്ളവരേയും

അകറ്റിനിര്‍ത്തി

സ്വതന്ത്രരാക്കിവിടുന്നവന്‍

വിമോചകന്‍.


ഒന്നുമില്ലെങ്കില്‍, 

ഒന്നുമില്ലെന്നത്

ഒരാളെയെങ്കിലും, 

എന്നല്ല, പലപ്പോഴും

ഒരാളെ മാത്രം, 

അതുപോലെ

ബോധ്യപ്പെടുത്തുന്നവന്‍ 

വിമോചകന്‍. 


ഉണ്ടെങ്കിൽ,

ദാഹം മാറ്റുന്ന

മുന്തിരി തന്നെ 

നല്‍കുന്നവന്‍

വിമോചകന്‍. 


ഇല്ലെങ്കില്‍,

അങ്ങനെയൊരു

താനറിഞ്ഞ മുന്തിരി 

ഇല്ലെന്ന് തന്നെ 

പറയുന്നവന്‍

വിമോചകന്‍. 


ഓരോരുത്തരും

ഒറ്റക്ക് തന്നെ

ശ്വസിക്കണം,

ഒറ്റക്ക് തന്നെ

നടക്കണം,

ഒറ്റക്ക് തന്നെ

കുടിക്കണം,

ഒറ്റക്ക് തന്നെ

ഉറങ്ങണം 

എന്നറിയിച്ച് കൊടുക്കുന്നവന്‍

വിമോചകന്‍.


അറിവും അനുഭവവും

ജനനവും മരണവും പോലെ

ഒറ്റക്ക് തന്നെയെന്ന്

അറിയിച്ചുകൊടുക്കുന്നവന്‍

വിമോചകന്‍.


ആര്‍ക്കുവേണ്ടിയും

താനൊന്നും

നടത്തില്ലെന്നറിയിച്ച്

മാറിനടക്കുന്നവന്‍

വിമോചകന്‍.


ചിത്രത്തിലെ മുന്തിരി കാട്ടി

കാല്‍പ്പനികതയുടെ

പ്രതീക്ഷ നല്‍കാത്തവന്‍

വിമോചകന്‍.


ആളും ബഹളവും

കൂട്ടുന്നവനല്ല, പകരം

ആളും ബഹളവും

കൂടെയില്ലാത്തവന്‍ 

വിമോചകന്‍.


ഒരു ജാലവിദ്യയും

കൈവശമില്ലാതെ തന്നെ

താനെന്നറിഞ്ഞറിയിച്ച്...., 


അതിനാല്‍ ഓരോരുവനും 

ജീവിത മരുഭൂമിയില്‍

ഒരു ജാലവിദ്യയും കൂടെയില്ലാതെ 

സ്വയം തന്നെ

അലയണമെന്നറിഞ്ഞറിയിച്ച്....,


കൂടെയുള്ളവരെ മുഴുവന്‍ 

തന്നില്‍നിന്ന് വരെ അകറ്റി 

മോചിപ്പിക്കുന്നവന്‍. 

വിമോചകന്‍. 


കൂടെയുള്ളവരുടെ

പ്രതീക്ഷകള്‍ക്ക് വേണ്ടി

അഭിനയിക്കാതെ,

സ്വയം പാഴാവാതിരിക്കുന്നവന്‍

വിമോചകന്‍.


അതിനാലെ,

വെറും പാഴ്പ്രതീക്ഷകളുടെ

ആളും ബഹളവും

കൂടെയില്ലാത്തവന്‍

വിമോചകന്‍.

No comments: