രണ്ട് ജന്മങ്ങൾ
ഒരു ചെറിയ കഥ.
ഒരു കിണര്‍.
അതിലൊരു തവള.
പതിവ് കഥയില്‍ പറഞ്ഞ
തവളയല്ല.
കിണര്‍ മാത്രമാണ്
തന്റെ ലോകമെന്ന്
ഒരുനിലക്കും മനസ്സിലാക്കാത്ത
തവള.
കിണര്‍ മാത്രം ലോകമെന്ന്
മനസിലാക്കുന്ന
ഏക വിഭാഗം
മനുഷ്യര്‍ മാത്രമെന്ന്
ഉറപ്പിച്ച് പറഞ്ഞ, പറയുന്ന
തവള
കിണറിന് പുറത്ത്
വലിയ ലോകമുണ്ടെന്നറിഞ്ഞ
തവള.
അങ്ങനെ
ആ വലിയ ലോകം തന്നെ
തന്റെ സ്വപ്നമായ്
കണ്ട, കാണുന്ന
തവള.
ആ സ്വപ്നം സാക്ഷാത്കരിക്കാന്‍
അഹോരാത്രം പണിയെടുത്ത
തവള.
അങ്ങനെ,
നാല് പ്രാവശ്യം
വെള്ളമെടുക്കാന്‍ ഇറക്കിവെച്ച
കയറില്‍ പിടിച്ച്
ഏന്തിവലിഞ്ഞ്
ഏറെക്കുറെ മുകളില്‍
എത്തിയതാണ്
ഈ തവള.
പക്ഷേ,
ആ നാല് തവണയും
ഭാഗ്യം തുണക്കാതെ
കിണറിലേക്ക് തന്നെ വീണു
ഹതഭാഗ്യയായ
ഈ തവള.
ഈ തവള,
അതിനാലേ,
കിണറില്‍ തന്നെ ജീവിച്ചു.
വളരേ ദരിദ്രമായ്.
ചെറിയ ലോകത്ത്.
******
ആയിടക്കാണ്, അതുവഴി,
കിണറിന്നടുത്ത് കൂടെ
ഒരു പാമ്പ് നടന്നു വന്നത്. .
വിശാലമായ ലോകത്ത്
വിശാലമായി നടന്ന്,
ഇരപിടിച്ച് നടന്ന
പാമ്പ്.
വിശാലതയില്‍
ലോകം എന്തെന്ന്
മനസ്സിലാകാതെ പോയ
പാമ്പ്.
സ്വാതന്ത്ര്യം
കണ്ണെത്താ ദൂരം
താണ്ടിനടക്കേണ്ടി വരുന്ന
ദുരിതമാണെന്ന്
ചിലപ്പോഴൊക്കെ
കരുതിപ്പോയ
പാമ്പ്.
അങ്ങനെ
നടന്ന് പോകും വഴിയില്‍
പാമ്പ് മണത്ത് പിടിച്ചു
'കിണറില്‍ ഒരു തവള.
തന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഇര.'
വലിയ ലോകത്ത് നിന്നും
വന്ന ആ പാമ്പ്
ചെറിയ കിണറിലേക്ക്
എത്തി നോക്കി.
എത്തി നോക്കിയതും പാമ്പ്
താന്‍ മണത്ത് കൊതിച്ച
ആ തവളയെ കണ്ടു.
പാമ്പിന്
'തവളയെ പിടിച്ചു തിന്നണം'
എന്ന് തന്നെയായി.
ഏന്തിവലിഞ്ഞ് പാമ്പ്
മെല്ലെ കിണറ്റിലേക്ക്
ഇറങ്ങാന്‍ തുടങ്ങി.
ഇറങ്ങാന്‍ തുടങ്ങിയതും...
ചടപട...
പാമ്പ്
കമിഴ്ന്നടിച്ചു
നിലംപൊത്തി വീണു.
ആ കിണറ്റിലേക്ക്.
വീണതും,
വീഴ്ച പ്രശ്നമാക്കാതെ
ആത്മനിയന്ത്രണം വീണ്ടെടുത്ത്
തെരഞ്ഞു പാമ്പ്.
താന്‍ കൊതിച്ച
ആ തവളക്ക് വേണ്ടി.
'ഓ, തവള മുന്‍പില്‍ തന്നെയുണ്ട്.'
പാമ്പ് ആ തവളയെ കണ്ടു.
പേടിച്ച് വിറച്ച്
തന്റെ ആ തവള.
അതേ കിണറ്റില്‍.
തന്റെ വളരെ അടുത്ത്.
അല്പവും പ്രയാസപ്പെടാതെ,
പിന്നെ പാമ്പ്
ആ തവളയെ പിടിച്ചു, തിന്നു.
*****
പക്ഷേ ഒന്ന് മാത്രം....,
ഒരേയൊരു കാര്യം മാത്രം...,
ഇതെല്ലാം നോക്കിനിന്ന
വഴിപോക്കനറിഞ്ഞു.
വലിയ ലോകത്ത് നിന്നും
ചെറിയ ലോകത്ത്
കൊതിയോടെ വന്നു വീണ
പാമ്പിന്റെ....,
അങ്ങനെ
വന്നുവീണതിന് ശേഷമുള്ള,
ആദ്യത്തേയും അവസാനത്തെയും
ഇരയായിരുന്നു ആ തവളയെന്ന്.
ആദ്യത്തേയും അവസാനത്തെയും
ലോകവുമായിരുന്നു ആ കിണറെന്ന്.
പിന്നീടൊരിക്കലും
രക്ഷപ്പെട്ടു പുറത്ത് വരാൻ
സാധിക്കാത്ത
ചെറിയ കിണര്‍
പാമ്പിന് ലോകമായി.
******
പ്രായോഗികലോകം
പലര്‍ക്കും ഇങ്ങനെ.
രണ്ട് വിധത്തില്‍.
കിണറെന്ന
ചെറിയ ലോകത്തകപ്പെട്ട്
ഒരു തവള...,
പുറത്ത്
വലിയ ലോകം
ഉണ്ടെന്നറിഞ്ഞിട്ടും
ഒരു തവള...,
ആ വലിയ ലോകത്തെ
പ്രാപിക്കാന്‍
എത്ര കൊതിച്ചിട്ടും
ആ തവള....,
ഒരുനിലക്കും
സാധിക്കാതെ...,
ഒന്ന് കിണറിന് പുറത്ത്
വരാൻ പോലും കഴിയാതെ...... ,
കുറെപേർ.
അങ്ങനെ
തവളകളെ പോലെ.
******
പക്ഷേ,
ചെറിയ ലോകത്തെ
ഒരേയൊരു
ചെറിയ ഇര മാത്രം
പിടിക്കാന്‍
ഒരു പാമ്പ്... ,
അത്യാഗ്രഹം പൂണ്ട്,
വലിയ ലോകത്തെ
സ്വയം നഷ്ടപ്പെടുത്തി
ഒരു പാമ്പ്....,
ചെറിയ കിണറ്റിലേക്ക്
ചാടിവീണ്
ആഗ്രഹപൂര്‍ത്തീകരണം നടത്തുന്ന
ഒരു പാമ്പ്....,
പിന്നീട് എന്നും
അവിടെയായിപ്പോകുന്ന
ഒരു പാമ്പ്.
അങ്ങനെ
കുറെപേർ.
പാമ്പുകളെ പോലെ.
No comments:
Post a Comment