Monday, August 10, 2020

ബോധ്യത വന്നാല്‍ വിശ്വാസം ഇല്ല. ബോധ്യത മാത്രം. വിശ്വാസത്തില്‍ ബോധ്യത ഇല്ല.

ബോധ്യത വന്നാല്‍ വിശ്വാസം ഇല്ല.

ബോധ്യത മാത്രം. 


വിശ്വാസത്തില്‍ ബോധ്യത ഇല്ല.


ബോധ്യത വരാൻ വിശ്വാസത്തെ അറിവാക്കി മാറ്റണം.


അറിവുള്ളിടത്ത് വിശ്വാസം ഇല്ല.


അവിടെ അറിവ് മാത്രം.

കാഴ്ച മാത്രം.


കാഴ്ചയിലും അറിവിലും ബോധ്യതയിലും ഇല്ലാത്തതിനെയാണ് നാം വിശ്വസിക്കുന്നത്, വിശ്വാസമെന്ന് പറയുന്നത്. 


കാഴ്ചയും അറിവും ബോധ്യതയും വന്നാല്‍ വിശ്വാസമില്ല.


പിന്നെ അറിവും ബോധ്യതയും കാഴ്ചയും മാത്രമേ ഉള്ളൂ, ഉണ്ടാവൂ.


*******


വിശ്വാസം അറിവ് ആക്കി മാറ്റാൻ, ബോധ്യതയായി തീരാന്‍, ഒട്ടനവധി ഭിത്തികളും ആകാശങ്ങളും മുറിച്ച് കടക്കണം, കടക്കേണ്ടി വരും.


മണ്ണ് എന്ന വിശ്വാസത്തെ ഭക്ഷണവും ഇലയും പൂവും പഴവും ആയ ബോധ്യതയാക്കാന്‍ വേര് കീഴിലേക്കും, വെളിച്ചത്തെ ഭക്ഷണവും പൂവും പഴവും ആയ ബോധ്യതയാക്കാന്‍ കൊമ്പും ഇലയും മുകളിലേക്കും പോകുന്നത് പോലെ.


മാനങ്ങള്‍ മുറിച്ചു കടക്കാന്‍.

മാനങ്ങള്‍ മുറിച്ച് കടന്ന് കൊണ്ട്‌. 


നിലവിലുള്ള മാനങ്ങളെ വിവർത്തനം ചെയത് പുതിയ ബോധ്യതകളെ, പുതിയ മാനങ്ങളായി അവയങ്ങനെ തളിര്‍പ്പിക്കുന്നു.


അങ്ങനെ തളിര്‍പ്പിച്ചെടുക്കാൻ മാനങ്ങളെ തന്നെ അവ മുറിച്ച് കടക്കുന്നു.


വിത്തിനെ വിത്തല്ലാതാക്കുന്നു.

മണ്ണിനെ മണ്ണല്ലാതാക്കുന്നു. 


മുളപൊട്ടി വേരിറക്കി അങ്ങനെ പല മാനങ്ങൾ മുറിച്ച് കടക്കുമ്പോഴും, കടക്കേണ്ടിവരുമ്പോഴും, ഓരോ മാനത്തെയും പിറകിലാക്കേണ്ടി വരുമ്പോഴും, സ്വാഭാവികമായി തന്നെ നടക്കുന്നതാണ്, ഒരാവശ്യം പോലെ, പ്രയത്നമായ നോമ്പും പ്രാര്‍ത്ഥനയും.


പലതും വേണമെന്ന് വെക്കുമ്പോൾ പലതും വേണ്ടാതെ ആകുന്നതും വേണ്ടെന്ന് വെക്കുന്നതും തന്നെയായ നോമ്പും പ്രയത്നവും, അതിലെ പ്രാര്‍ത്ഥനയും.


ഒരാവശ്യം വേറൊരു ഭാഗത്ത് ത്യാഗം സൃഷ്ടിക്കുന്നു, വൈരാഗ്യം ഉണ്ടാക്കുന്നു. 


നിലക്ക് ആപേക്ഷിക മാനം, നാം കാണുന്നത് പോലെ, ഒട്ടനവധി വ്യത്യസ്ത, വിരുദ്ധ വിശ്വാസങ്ങളുടെത് തന്നെയാണ്‌.


ഒന്നിന് മാത്രം തന്നെ ഒട്ടനവധി ഭാഷ്യം അതിനാല്‍ തന്നെ ആപേക്ഷിക മാനത്തില്‍ സാധ്യമാണ് .


അമ്മയെ തല്ലിയാലും നാലഭിപ്രായം അത് കൊണ്ടാണ് ഉണ്ടാവുന്നത്.


ഒരേ ശരിയിലേക്കും സത്യത്തിലേക്കും ദൈവത്തിലേക്കും വ്യത്യസ്തങ്ങളായ, വിരുദ്ധങ്ങളായ, ഭാഷ്യങ്ങളും വഴികളും ഉണ്ടാവുന്നത് അങ്ങനെയാണ്, അതിനാലാണ്. 


എല്ലാം ജീവിതം ജീവിതത്തിന്‌ വേണ്ടി ഉണ്ടാക്കുന്നത്.


ജീവിതം എന്ന ഒന്നിന് വേണ്ടി.


ജീവിതത്തെ ദൈവം എന്ന് വിളിച്ചാല്‍, ദൈവം എന്ന ഏകത്തിന് വേണ്ടി.


ഒന്നിന് വേണ്ടിയുള്ള പലത്.


ശരിയാണ്‌. പലതിനിടയിലുള്ള വ്യത്യാസവും വൈരുദ്ധ്യവും നമ്മൾ എപ്പോഴും സൂചിപ്പിക്കുന്നു. സൂചിപ്പിച്ചു പോകുന്നു. 


പക്ഷെ  ആപേക്ഷികതക്കപ്പുറം ഉള്ള, മാനം ഇല്ലാത്ത മാനം, ആത്യന്തിക മാനം അറിയുന്ന തോടെ.... ,


ജീവിതത്തെ, അഥവാ, ജീവിതം തന്നെയായ ദൈവത്തെ അറിയുന്ന തോടെ.... ,


വൈരുദ്ധ്യങ്ങളും വ്യത്യാസങ്ങളും ഒരേ രാഗത്തിലെ, ഒരേ പാട്ടിലെ, ഒരേ നൃത്തത്തിലെ വ്യത്യസ്തമായ സംഗതികളും മുദ്രകളും സ്വരസ്ഥാനങ്ങളുമായി മാറും, ആണെന്ന് വരും.


ഒരേ രാഗത്തെ, പാട്ടിനെ, നൃത്തത്തെ പൂര്‍ത്തിയാക്കുന്ന, ഒന്ന് തന്നെയാക്കുന്ന വ്യത്യസ്തമായ, പലതായ വിരുദ്ധങ്ങള്‍ ആയ പലത്. 


അങ്ങിനെ, എല്ലാം ഒന്നിനെ ഒന്നാക്കുന്ന പലത് എന്ന് വരും.


നാം സൂചിപ്പിക്കുന്ന വൈരുദ്ധ്യങ്ങള്‍ ഒക്കെയും അപ്പോൾ ഒരു തമാശയായി മാറും.


******


മണ്ണ് മണ്ണ് മാത്രമാണെന്ന് ചിലര്‍.


മണ്ണില്‍ മാങ്ങയുടെ നിറവും പുളിയും മാത്രമുണ്ട് എന്ന് മാങ്ങയെ മാത്രം അനുഭവിച്ച മറ്റു ചിലര്‍.


മണ്ണില്‍ ഏതോ ഒരു പൂവിന്റെ നിറം മാത്രം ഉണ്ടെന്ന് പൂവ് മാത്രം കണ്ടവര്‍.


മണ്ണില്‍ ചില പഴങ്ങളുടെ രുചിയും നിറവും മാത്രമേ ഉള്ളൂ എന്ന് അവ അനുഭവിച്ചവർ.


എല്ലാവർക്കും അവർ പറയുന്നത്‌ ശരി.


വ്യത്യസ്തതകളും വൈരുദ്ധ്യങ്ങളും ശരി ആവാനുള്ള ന്യായങ്ങളും തെളിവുകളും എല്ലാ ഓരോരുവന്റെ കൈയിലും ഉണ്ട്.


ശരിയാണ്‌ ഒന്നും തെറ്റല്ല.

എല്ലാം ശരിയും ആണ്.


പക്ഷേ എല്ലാ ഓരോ ശരിയും തെറ്റാവുന്നത് അത് മാത്രം ശരി, മറ്റുള്ളവ എല്ലാം തെറ്റ്, നിരാകരിക്കപ്പെടെണ്ടത് എന്ന് പറയുമ്പോഴും, കരുതുമ്പോളും, അവകാശപ്പെടുമ്പോഴും മാത്രമാണ്.


അല്ലെങ്കിൽ എല്ലാം ശരിയാണ്‌.


എല്ലാ വ്യത്യസ്തമായതും വ്യത്യസ്തമായിരിക്കെ തന്നെ, വിരുദ്ധങ്ങള്‍ ആയിരിക്കെ തന്നെ, ശരിയാണ്‌.

No comments: