Monday, August 10, 2020

ഇന്ന്‌, ഈ കൊറോണക്കാലത്ത് ഈയുള്ളവന് (ജനിക്കുമ്പോള്‍ ഇല്ലാതിരുന്നവന് ) 52.

 ഇന്ന്‌,

കൊറോണക്കാലത്ത്

ഈയുള്ളവന് 52.

എന്നുവെച്ചാല്‍

53 ാം ജന്മദിനം. 


ജനിക്കുമ്പോള്‍

ഇല്ലാതിരുന്നവന് 

കൊറോണക്കാലത്ത്

ഒരു ജന്മദിനം.


ജനിക്കുമ്പോള്‍

ഇല്ലാതിരുന്ന

ഒരു പ്രത്യേക 

കൊറോണക്കാലത്ത്. 


ഈയുള്ളവന്‍

ഉണ്ടെന്നും ഇല്ലെന്നും

അറിയാനാവാത്ത കാലത്ത്

അങ്ങനെയൊരു കാലത്തെ

ഓര്‍മ്മിപ്പിച്ചു കൊണ്ട്‌. 


ഉണ്ടെന്നും ഇല്ലെന്നും

അറിഞ്ഞ്

സംതൃപ്തനാവാന്‍ 

ബാഹ്യമായി ഒന്നും

ഇല്ലാതിരുന്ന കാലത്തെ

വീണ്ടും നെഞ്ചിലേപറ്റി

ഒരു ജന്മദിനക്കാലം. 


ബാഹ്യവുമായി

ബന്ധപ്പെടുത്താന്‍,

സ്വന്തത്തെ

അങ്ങിനെയെങ്കിലും

മനസിലാക്കാന്‍, 

വെളിച്ചവും ഇരുട്ടും

പിന്നെ ശ്വാസവായുവല്ലാത്ത

ഒന്നുമില്ലാത്ത

ഒരു കാലത്തെ കുറിച്ച

ഓര്‍മ്മകള്‍

അയവിറക്കിക്കൊണ്ട്. 


ജനനത്തിന്

മരണത്തിന്റെ ഗന്ധമുണ്ടെന്ന്

അറിയിച്ച കൊറോണക്കാലത്ത്.


മരണവും ജനനം

തന്നെയെന്ന് അറിയിച്ച

കൊറോണക്കാലത്ത്


മരണവും ജനനം തന്നെ

എന്നറിഞ്ഞ ഈയുള്ളവന്‍

അല്ലേലും, ഇങ്ങനെ 

ജനിക്കാന്‍ തന്നെയും

മരിച്ചിരുന്നു. 


അതായിരിക്കണം

ഉമ്മ രണ്ടാഴ്ച മുഴുവൻ

പേറ്റുനോവ് അനുഭവിച്ച

കഥ കേട്ടത്.


അതായിരിക്കണം

ഒന്ന് നടന്ന് തുടങ്ങാനും,

പിന്നൊന്നര്‍ത്ഥം വെച്ച്

ഊരിയാടാനും

നാല് വയസോളമെടുത്ത

കഥയും കേട്ടത്. 


ഓരോ ജനനത്തിനും

മരണത്തിന്റെ ഗന്ധമുള്ളത് കൊണ്ട്‌

തന്നെയായിരിക്കണം

അന്നങ്ങിനെ നടന്നത്.


******


എന്നിട്ടും

ഇങ്ങനെ പോരടിച്ചും

എന്തുകൊണ്ട്‌,

എങ്ങിനെ

ജീവിച്ചു?


ചോദിക്കണം.


കാരണം മറ്റൊന്നുമല്ല.


ഒന്നുമറിയാത്ത പിഞ്ചുകുഞ്ഞ്

എന്തെങ്കിലും അറിയുമ്പോൾ,

എന്തെങ്കിലും പറയുമ്പോള്‍,

അത്‌ പ്രത്യേകിച്ചച്ച്

അര്‍ത്ഥമില്ലാതെയെങ്കിലും, 

നമുക്ക് കൗതുകം, സന്തോഷം.


കൗതുകത്തില്‍

പ്രകൃതി അവനെ

താലോലിച്ച്, സംരക്ഷിച്ച്

വളര്‍ത്തുന്നു. 


എല്ലാമറിഞ്ഞിരുന്ന വൃദ്ധന്‍മാര്‍

ഒന്നുമറിയാതാവുമ്പോള്‍

എന്തെങ്കിലും പറയാതാവുമ്പോള്‍,

അതല്ലെങ്കില്‍,

എന്തെങ്കിലും പറയുമ്പോൾ,

എന്തെങ്കിലും അറിയുമ്പോള്‍,

അത്‌ പ്രത്യേകിച്ച്

അര്‍ത്ഥത്തോടെയെങ്കിലും

നമുക്ക് നീരസം, ദേഷ്യം.


നീരസത്തിലും ദേഷ്യത്തിലും 

പ്രകൃതി അവനെ

അവഗണിച്ച്, വേദനിപ്പിച്ച് 

തളര്‍ത്തുന്നു. 


തളിരിലയോടും

ഉണങ്ങിയ ഇലയോടും

കാണിച്ച്പോകുന്ന

പെരുമാറ്റ വ്യത്യാസം.


പ്രകൃതിപരം,

സ്വാഭാവികം. 


തളിരിലകള്‍

ഉദയസൂര്യന്‍മാരാണ്.


ഉദയ സൂര്യനിൽ

പ്രതീക്ഷയുണ്ട്.

വെളിച്ചമിനിയും

ഏറെയുണ്ടാവും. 

വളരാനും ഉയരാനുമുണ്ട്.

അതിനൊരാകാശമുണ്ട്. 


ഉണങ്ങിയ ഇലകള്‍

അസ്തമയസൂര്യൻമാര്‍.

അസ്തമയസൂര്യനില്‍

പ്രതീക്ഷയില്ല.

വെളിച്ചമിനിയും

ഏറെയുണ്ടാവില്ല. 

വളരാനും ഉയരാനുമില്ല.

അതിനൊരാകാശവും

ബാക്കിയില്ല.


പ്രകൃതിക്ക്

വളരുന്നതിനോട് മാത്രം

താല്‍പര്യം

വളരുന്നതിന് മാത്രം

പിന്തുണ.


*****


കുഞ്ഞുങ്ങളില്‍ 

പ്രകൃതി അതിന്റെ

നിഴല്‍ വിരിക്കുന്നു.

തണലേകുന്നു. 


വൃദ്ധന്‍മാരില്‍

പ്രകൃതി അതിന്റെ 

നിഴലിടാതെ.

തണലേകാതെ. 


അതിനാല്‍, 

എപ്പോഴും

പ്രകൃതിക്ക് മുന്നില്‍ 

ഒരു കുഞ്ഞു മാത്രമാവാന്‍

കൊതിച്ച്....


53 ാം ജന്മദിനം.

No comments: