എല്ലാവർക്കും നന്ദി.
മകൻ അല്ലാമിൻ്റെ ചികിൽസ വളരെ ഭംഗിയായി പൂർത്തിയാവുന്നു.
"ഫ അമ്മാ ബിനിഅമത്തി റബ്ബിക്ക ഫഹദ്ദിസ്"
"എന്നാൽ (അതുകൊണ്ട്), നീ നിൻ്റെ നാഥൻ്റെ (പോറ്റി വളർത്തിയവൻ്റെ) അനുഗ്രഹങ്ങൾ എടുത്തുപറയുക."
എകദേശം ഒമ്പത് മാസത്തോളം ഒരു പ്രയാസവുമില്ലാതെ കടന്നുപോയ ചികിൽസാഘട്ടം.
ഇനി വരുന്ന ഒരു വർഷം ഈ അസുഖം തിരിച്ചുവരുന്നില്ലെങ്കിൽ, പിന്നെ അഞ്ച് വർഷം നിരീക്ഷണ കാലവും കഴിഞ്ഞാൽ അല്ലാം പൂർണമായും സാധാരണം. എല്ലാവരെയും പോലെ.
ഈ ചികിത്സാകാലയളവിൽ അല്ലാമും കൂടെയുള്ള നമ്മളും തൊട്ടിലിൽ ഒരു പീളക്കുഞ്ഞ് സ്വസ്ഥമായിരിക്കുന്നത് പോലെ സ്വസ്ഥമായിരുന്നു.
പുറത്ത് നടക്കുന്ന ഒരുതരം ബഹളവും പ്രയാസവും അറിയാതെ, ബാധകമാവാതെ ശരിക്കും തൊട്ടിലിലെ കുഞ്ഞുങ്ങൾ തന്നെയായി. ആർഭാടപൂർവ്വം, രാജകീയമായി.
ഒരുതരം അവകാശവാദങ്ങളും ഇല്ലാതെ സുഹൃത്തുക്കളെ പോലെ നിന്ന ഒരുകുറേ സ്വന്തക്കാരും ബന്ധക്കാരും കാരണം.
അത്തരം സുഹൃത്തുക്കളെ പോലെ ഓടിച്ചാടി വന്ന് കൂടെനിന്ന കുറച്ച് സുഹൃത്തുക്കളായ സഹോദരങ്ങളും, സഹോദരങ്ങളായ സുഹൃത്തുക്കളും തന്നെയാണ് മരുന്ന്കൊണ്ടുള്ള ചികിൽസയെക്കാൾ വലിയ, ഫലവത്തായ, കളിചിരി അന്തരീക്ഷം സൃഷ്ടിച്ച, ആഘോഷം തന്നെയാക്കിയ ചികിത്സയും രോഗശമനവും ആയത്.
സ്വന്തവും ബന്ധവും പോലെ നിന്ന ഒരുകുറേ സുഹൃത്തുക്കൾ.
ബന്ധത്തിലും സ്വന്തത്തിലും സൗഹൃദം കൂടിയുണ്ടെങ്കിൽ അത് തന്നെ വലിയ തണലും സംരക്ഷണവും മരുന്നും ചികിത്സയുമെന്ന് വ്യക്തമാക്കും വിധം.
അതുകൊണ്ട് തന്നെ ഈ വേളയിൽ പറയേണ്ട ചില കര്യങ്ങളുണ്ട്, പറഞ്ഞുപോകേണ്ട ചില കര്യങ്ങളുണ്ട്.
പ്രതിസന്ധികളും പ്രയാസങ്ങളും യഥാർത്ഥ പാഠങ്ങൾ നൽകും, യഥാർത്ഥ സുഹൃത്തിനെ മനസ്സിലാക്കിത്തരും.
ആരൊക്കെ ആരൊക്കെയാണെന്നും എന്തൊക്കെയാണെന്നും മനസ്സിലാക്കിത്തരുന്നു പ്രതിസന്ധികളും പ്രയാസങ്ങളും.
ഒരു കാരൃം ഉറപ്പിച്ച് പറയാം.
പ്രതിസന്ധികളും പ്രയാസങ്ങളും മാത്രമാവേണ്ട ഈ കാലയളവിലും ഈയുള്ളവനും അല്ലാമും കുടുംബവും തൊട്ടിലിൽ ഒന്നുമറിയാതുറങ്ങുന്ന കുഞ്ഞിനെ പോലെ സംരക്ഷിക്കപ്പെട്ടു മാത്രം കഴിഞ്ഞു.
ആഘോഷപൂർവ്വം, ആഡംബരത്തോടെ, ആഹ്ലാദത്തിൽ.
ഇപ്പോഴും അത്തരമൊരു വല്ലാത്തൊരു സംരക്ഷണത്തിൽ, ആഘോഷത്തിൽ തന്നെ എന്തെന്നില്ലാതെ തുടരുന്നു.
ഏതോ ഒരു മാന്ത്രികസ്പർശവും മാന്ത്രികസംരക്ഷണവും മാന്ത്രികവലയവും അനുഭവിച്ച് രാജകീയമായി ജീവിക്കുന്നു.
സൗഹൃദത്തെക്കാൾ വലിയ തണലും സംരക്ഷണവും വലയവും ഇല്ലെന്ന് വ്യക്തമാവും വിധം.
"വമൻ യത്തഖില്ലാഹ യജ്അൽ ലഹു മഖ്രജൻ വ യർസുഖുഹു മിൻ ഹൈസു ലാ യഹ്തസിബ്" (ഖുർആൻ)
"യഥാർഥത്തിൽ ഉള്ളതിനെ (പ്രാപഞ്ചിക ശക്തിയെ (അല്ലാഹുവിനെ)) ആര് സൂക്ഷിക്കുന്നുവോ അവന് (ആ പ്രാപഞ്ചികശക്തി) പോംവഴികൾ (പരിഹാരങ്ങൾ) ഉണ്ടാക്കിക്കൊടുക്കുന്നു. അവൻ പോലും അറിയാത്തവിധം (അവനറിയാത്ത ഭാഗത്ത് നിന്നും) അവനെ (ആ പ്രാപഞ്ചികശക്തി) ഭക്ഷിപ്പിക്കുന്നു, ഊട്ടുന്നു, വളർത്തുന്നു."
ഇത് അക്ഷരംപ്രതി സാക്ഷാത്കരിച്ചുകൊണ്ട്.
"ഇന്ന ഔലിയാഅല്ലാഹി ലാ കൗഫുൻ അലൈഹി വലാഹും യാഹ്സനൂൻ"
"പ്രാപഞ്ചികസത്തയുടെ (അല്ലാഹുവിൻ്റെ) കൂട്ടുകാർക്ക് പേടിയില്ല, അവർ ദുഃഖിക്കുന്നുമില്ല (ഖേദിക്കുന്നുമില്ല)".
ചികിത്സ തീർത്തും ആർഭാടപൂർവ്വമാവണം, രാജകീയമായി തന്നെയായിരിക്കണം, രോഗി രാജാവിനെ പോലെയായിരിക്കണം, രോഗിയെ യാചകനെ പോലെയാക്കരുത് എന്ന് ആദ്യമേ കരുതിയിരുന്നു, നിശ്ചയിച്ചിരുന്നു. അങ്ങനെയാകാൻ മാത്രം കലഹിച്ചു.
(ആരോഗ്യകാര്യത്തിലുള്ള ഇതേ നിലപാട് ഏറെക്കുറെ വിദ്യാഭാസകാര്യത്തിലും പുലർത്തുന്നു, പുലർത്തണമെന്ന് കരുതുന്നു).
ആ നിലപാട് തന്നെ ആവുംവിധം ഇന്നിതുവരെ പ്രാവർത്തികവുമാക്കി, ആക്കാൻ ശ്രമിച്ചു.
എവിടെയും പിശുക്കാം. ആരോഗ്യകാര്യത്തിലും വിദ്യാഭ്യാസകാര്യത്തിലും പിശുക്കാതിരിക്കുക. കാരണം, അവ വളർച്ചയുടെയും ഉയർച്ചയുടെയും നിർമ്മാണത്തിൻ്റെയും മുന്നോട്ട് പോകുന്നതിൻ്റെയും വഴിയാണ്.
അങ്ങനെ തന്നെ, അതുപോലെ തന്നെ ആദ്യാവസാനം, ഇതുവരെ ഒരു വിഘ്‌നവും കൂടാതെ ഈ ചികിത്സാഘട്ടം ആഘോഷപൂർവ്വം നടത്തിക്കൊണ്ടുപോകാൻ സാധിച്ചു.
തുടക്കത്തിൽ വിചാരിച്ചതിലും വളരെ എളുപ്പത്തിൽ ഭംഗിയായി, നിയന്ത്രണവിധേയമായി ഈ ചികിത്സാഘട്ടം.
അറിയാം.
നിങളെല്ലാവരും തന്നെയായ നമ്മളെല്ലാവരും ഒരുപോലെ അല്ലാമിൻെറ കൂടെ ഉണ്ടായിരുന്നു.
വളരേ അടുത്ത സുഹൃത്തുക്കളായി അവന്ന് നിങ്ങളായ നമ്മൾ കുറച്ച് സ്വന്തബന്ധങ്ങൾ.
സ്വന്തബന്ധങ്ങളെ പോലെ നിന്ന നിങ്ങളായ നമ്മൾ കുറച്ച് സുഹൃത്തുക്കൾ.
അങ്ങനെയുള്ള എല്ലാവരുടെയും പേരുകൾ ഒന്നൊന്നായി എടുത്തുപറയേണ്ടതുമാണ്.
പേരെടുത്തുപറയപ്പെടുന്നവരും അല്ലാത്തവരും ഒരുപോലെ.
സാഹചര്യവശാലും ദൂരം കാരണവും (അമ്മുവും റഹൂഫും ഒക്കെ) ആവേണ്ടത് പോലെ ആവാൻ പറ്റാത്തതും പറ്റാതിരുന്നതും ആരുടെയും കുറ്റമല്ല, കുറവല്ല.
എന്ത് ചെയ്യാൻ സാധിച്ചാലും ഇല്ലെങ്കിലും നമ്മൾ മനസ്സാക്ഷിയിൽ, സ്വന്തം മനസ്സാക്ഷിയോട് സത്യസന്ധരായാൽ മതി.
മനസ്സാക്ഷിയോട് നീതിയും സത്യസന്ധതയും പുലർത്തിയാൽ എല്ലാം ശരി.
എങ്കിൽ, എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും, എന്ത് ചെയ്യാനായാലും ചെയ്യാനായില്ലെങ്കിലും എല്ലാം ഒരുപോലെ ശരി.
എല്ലാവരുടെയും പേരുകൾ ഒന്നൊന്നായി എടുത്തുപറഞാൽ ഈ കുറിപ്പ് വല്ലാതെ നീളും.
അതിനാൽ, നമ്മുടെ ഇടയിലുള്ള, നമ്മുടെയെല്ലാം പ്രതിനിധികളായ വളരെ കുറച്ച് പേരുടെ പേരുകൾ ഒരുനിലക്കും ഉപേക്ഷിച്ചുകൂടെന്നതിനാൽ ഇത്തരുണത്തിൽ എടുത്തുപറയുന്നു.
ഖണ്ഡനാഡി പോലെ കൂടെനിന്ന, അടുത്തുനിന്ന, ഒന്നും ഒരു നന്ദിയും പ്രത്യുപകാരവും പ്രതീക്ഷിക്കാതെ കൂടെനിന്ന ചിലരാണവർ എന്നതിനാൽ.
"ലാ നുരീദു മിൻക്കും ജസാഅൻ വലാ ശുകൂറാ" എന്ന വചനത്തിൻ്റെ പ്രവർത്തന രൂപമായി നിന്ന ചിലർ.
" നിങ്ങളിൽ നിന്ന് (എന്തെകിലും തരത്തിലുള്ള) നന്ദിയോ പ്രതിഫലമോ നാം ഉദ്ദേശിക്കുന്നില്ല, പ്രതീക്ഷിക്കുന്നില്ല" എന്ന് പ്രവർത്തിച്ചുകൊണ്ട് പറഞ്ഞവർ
1. *1._ഹനൂൻ_*
പകരം വെക്കാനില്ലാത്ത ഒരാൾ.
ഹൃദയം തൊട്ടറിഞ്ഞ, ഹൃദയത്തോട് ചേർത്തുവെച്ച് പോകുന്ന ആൾ.
മണിപ്പാലിൽ അല്ലാം എത്തുമ്പോഴേക്കും എത്തിയവൻ. ആവശ്യപ്പെടാതെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ സ്വയം നിർബന്ധം പിടിച്ച് വന്നവൻ. ചികിത്സയുടെ അവസാനഘട്ടം വരെ അല്ലാമിൻ്റെ കൂടെ മണിപ്പാലിൽ ഉണ്ടെന്നുറപ്പിച്ചവൻ.
ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ, ആർക്കും ഒരുപിടുത്തവും കൊടുക്കാതെ, ഒറ്റയിൽ ഒറ്റയായി, കരുത്തനായി, എന്നാൽ എല്ലാവരുമായി (അകലെയെന്ന് തൊന്നിപ്പിച്ച്) ഏറ്റവും അടുത്ത് നിൽക്കുന്നവൻ.
ആത്മാർത്ഥതയുടെയും മറയില്ലാത്ത അടുപ്പത്തിൻ്റെയും സത്യസന്ധതയുടെയും ആൾരൂപം. ദൂരെയിരിക്കെയും അടുത്ത് തന്നെയായിരിക്കുന്നവൻ.
ഒരുതരം കൃത്രിമത്വവും അവകാശവാദങ്ങളും നാട്യങ്ങളും വരുത്തിത്തീർക്കലുകളും ഇല്ലാതെ, കാട്ടാതെ, ഉള്ളത് ഉള്ളത് പോലെ, വേണ്ടിടത്ത് വേണ്ടത് പോലെ ചെയ്തവൻ, ചെയ്യുന്നവൻ.
അല്ലാം മണിപ്പാലിൽ എത്തുമ്പോഴേക്കും ഹനൂൻ മുംബൈയിൽ നിന്നും ഫ്ലൈറ്റിൽ ആരുമറിയാതെ, ആരെയും അറിയിക്കാതെ എത്തി. വല്ലാത്തൊരു അടുപ്പം തോന്നിയ, തോന്നിപ്പിച്ച ഒരു വരവ്.
അല്ലാമിന് എന്തൊക്കെ വേണമോ, എന്തൊക്കെ ആഗ്രഹങ്ങളും പൂതികളും ഉണ്ടോ അതൊക്കെ ഉള്ളാലെ അറിഞ്ഞ്, വേണമോ എന്ന് ചോദിച്ച് വശംകൊടുത്താതെ സാധിച്ചുകൊടുക്കുകയായിരുന്നു അവൻ ഏറ്റവുമാദ്യം ചെയ്തത്, ചെയ്യാൻ ശ്രമിച്ചത്.
അല്ലാമിന് ഇങ്ങനെയൊരു പ്രശ്നം ഉണ്ടാകുന്നതിനും രോഗവിവരമൊക്കെ അറിയുന്നതിനും എത്രയോ മുൻപ് തന്നെ അല്ലാമിൻ്റെ ജീവിതത്തിൽ ആദ്യമായി ഏറ്റവും നല്ലൊരു സമ്മാനം എത്തിച്ചവനും ഹനൂൻ തന്നെയായിരുന്നുവെന്ന് ഇത്തരുണത്തിൽ ഓർത്തുപോകുന്നു.
ഈ ചികിൽസക്കിടയിൽ അല്ലാമിന് വേണ്ടി എന്തും എവിടെയും ചെയ്തുകൊണ്ട് ഉടനീളം കൂടെനിന്നു ഹനൂൻ. അല്ലാമിൽ പോസിറ്റീവിറ്റിയുടെ ആഘോഷപരതയും രോഗശമനവും അവൻ ഉടനീളം ഉണ്ടാക്കി.
സാധിക്കുന്ന ഓരോ ഇടവേളയിലും അങ്ങ് മുംബൈയിൽ നിന്ന് കഷ്ടപ്പെട്ടുകൊണ്ട് (എന്നവൻ പറയില്ല, പറയാൻ സമ്മതിക്കില്ല) വന്നുകൊണ്ടേയിരുന്നു ഹനൂൻ.
20 മണിക്കൂറും അതിലധികവും ബസ്സിലും തീവണ്ടിയിലും ഉറക്കമിളച്ച് യാത്രചെയ്ത്, ബുദ്ധിമുട്ടി, ഒരു ക്ഷീണവും കാണിക്കാതെ, പറയാതെ, അങ്ങനെ പറയാൻ അവസരവും അനുവാദവും തരാതെ അവൻ വരും. ആവുന്നത്ര അല്ലാമിന് സുഹൃത്താവാൻ, കൂട്ടാവാൻ.
ജോലിത്തിരക്കും ജോലിയും പഠനസംബന്ധമായ സമ്മർദ്ദങ്ങളും സാമ്പത്തികചിലവുകളും ശാരീരികക്ഷീണവും ഒന്നും വകവെക്കാതെ, അവയൊന്നും ഒന്നുമല്ലെന്ന് വരുത്തിക്കൊണ്ട്. ആവുന്നത്ര അല്ലാമിൻ്റെ കൂടെ സമയം ചിലവഴിക്കാൻ അവൻ അവസരമൊരുക്കിക്കൊണ്ടേയിരുന്നു.
അവൻ്റെ കയ്യിലുണ്ടായിരുന്ന ഏറ്റവും വിലകൂടിയ laptop വരെ ആദ്യമേ അല്ലാമിന് വിട്ടുകൊടുത്തു ഹനൂൻ. വേണമോ വേണ്ടയോ എന്ന ചോദ്യവും അന്വേഷണവും കൂടാതെ.
അല്ലാമിനു വേണ്ടി എന്തും ചിലവഴിക്കാനും വാങ്ങാനും ഏത് സമയത്തും ഓങ്ങിനിൽക്കുകയായിരുന്നു ഹനൂൻ ഉടനീളം.
ഹനൂൻ കൂടുതലൊന്നും വാങ്ങാതിരിക്കാനും ചിലവഴിക്കാതിരിക്കാനും വല്ലാതെ തന്നെ പിന്നീട് ശ്രമിക്കേണ്ടിയും പാടുപെടേണ്ടിയും വന്നു എനിക്ക്. ഒരിക്കലും ഈ ചികിൽസക്കിടയിൽ ഒരുതരത്തിലുള്ള സാമ്പത്തികപ്രയാസവും എനിക്കുണ്ടായിരുന്നില്ല എന്നതിനാൽ.
ബുദ്ധിപരമായ അങ്ങേയറ്റത്തെ ഉയർച്ചയും വൈഭവവും സത്യസന്ധതയും പുലർത്തുന്ന ഹനൂനിലെ അങ്ങേയറ്റമുള്ള വാത്സല്യത്തിൻ്റെ മുന തീർത്ത നിർമ്മലത കണ്ടനുഭവിക്കുകയായിരുന്നു ഇക്കാലയളവിൽ ഉടനീളം ഞാനും അല്ലാമും ഫാഹിറയും ഇൽഹാമും. മുൻപിൽ നിന്ന് നയിച്ച് കാട്ടുന്ന തേരാളിയായി നമുക്ക് ഹനൂൻ.
ഹൃദയത്തോട് ഉൾചേർന്നുനിൽക്കുന്ന പച്ചയായ ഹനൂനെ കണ്ട് എൻ്റെയും അല്ലാമിൻ്റെയും ഫാഹിറയുടെയും ഇൽഹാമിൻ്റെയും മനസ്സ് കുളിരണിഞ്ഞ് നിറയുകയായിരുന്നു ഇക്കാലയളവിൽ മുഴുക്കെ.
അല്ലാമിൻ്റെ അസുഖം മാറ്റാൻ ഇത്തരം സത്യസന്ധമായ സ്നേഹസ്പർശം ആവശ്യത്തിൽ കൂടുതലായിരുന്നു. തീർത്തും സമാനതകളില്ലാതെ.
വാക്കുകൾ തോറ്റുപോകും ഹനൂൻ്റെ സത്യസന്ധവും ആത്മാർത്ഥവുമായ സ്നേഹത്തിനും സമീപനത്തിനും മുന്നിൽ.
അവന് പകരമായികൊടുക്കാൻ എൻ്റടുക്കൽ ഒന്നുമില്ല, ഒന്നുമുണ്ടാവില്ല. എൻ്റടുക്കലുള്ള ഒന്നും അവന് കൊടുക്കാനും കൊടുത്താലും മതിയാവില്ല. ഞാനും എൻ്റേതും തോറ്റു പോകും. വാക്ക് കൊണ്ടും, അർത്ഥം കൊണ്ടും.
*2. അപ്പു*
അല്ലാമിന് അസുഖമെന്നറിഞ്ഞ നിമിഷം മുതൽ അല്ലാമിൻ്റെ കൂടെ നിഴലായി നിന്നവൻ.
എന്തിന്, എത്രകാലം എന്ന ചോദ്യവും ഉത്തരവും ഇല്ലാതെ ഇറങ്ങി കൂടെ വന്നവൻ.
കളിയും തമാശയും കുറേ കഥകളും പറഞ്ഞു അല്ലാമിനെ രസിപ്പിച്ചവൻ.
പറ്റില്ല എന്ന് പറയാൻ അറിയാത്തവൻ.
വിനയത്തെ ഭാഷയാക്കിയവൻ.
മുക്കിലും മൂലയിലും പോയി എന്തും ഏതും സാധിക്കാൻ എപ്പോഴും തയ്യാറായിനിന്നവൻ.
അസുഖം വന്ന, ഒരു നിശ്ചയവുമില്ലാതിരുന്ന ആദ്യഘട്ടത്തിൽ, അന്തിച്ചുനിന്നുപോയേക്കാവുന്ന ആ സമയത്ത്, അവൻ കൂടെയുണ്ടായിരുന്നത് കുറച്ചൊന്നുമല്ല ആശ്വാസമായത്.
ഒരുപിടുത്തവും ഇല്ലാതെയും താമസസൗകര്യമില്ലാതെയും ഇവിടെ മണിപ്പാലിൽ എത്തിയ നമ്മളെ വഴികാട്ടിയും നമുക്ക് വേണ്ടി എവിടെയെല്ലാം ഏതെല്ലാം വീടുകളും ഫ്ളാറ്റുകളും തപ്പി കണ്ടെത്താൻ പറ്റുമോ അതിനൊക്കെ ശ്രമിച്ചതും അപ്പു ഒരാൾ മാത്രമാണ്.
പിന്നീട് കുറേ പണിപ്പെട്ട് കണ്ടെത്തിയ ഫ്ലാറ്റ് ഒരുക്കിയെടുക്കാനും അപ്പു പെട്ട പാടും നടത്തിയ പണികളും എത്രയെന്നിന്നില്ലാത്തതാണ്. അതും വളരെ കൂളായി, നർമ്മം ചാലിച്ച് കൊണ്ട്.
അവൻ ഉണ്ടായിരുന്ന ഒന്നര മാസവും അല്ലാമിന് ഒരു ജ്യേഷ്ഠൻ എന്നതിനപ്പുറം വലിയ കൂട്ടുകാരനെ കൂടി കിട്ടുകയായിരുന്നു.
അല്ലാമിൻ്റെ കൂടെ തന്നെ ആശുപത്രിയിൽ അപ്പു ഉണ്ടായിരുന്നത് ചികിത്സയുടെ ആദ്യഘട്ടത്തിൽ തെല്ലൊന്നുമല്ല ആശ്വാസം നൽകിയത്. അപ്പോഴൊക്കെ അവൻ തന്ന, ഓർത്തെടുത്ത് ചിരിക്കാൻ പറ്റിയ കുറേ നർമ്മനിമിഷങ്ങളും ഒരുകുറേ ഉണ്ടായിരുന്നു.
അവൻ്റെ തന്നെ ജീവിതവഴി നോക്കേണ്ട സമയം വന്നപ്പോൾ മാത്രം അവന് സൗദിഅറേബ്യയിലേക്ക് പോകേണ്ടി വന്നു. അവൻ പോയി.
പോയതിനു ശേഷവും സ്ഥിരമായ സാന്നിധ്യം വീഡിയോ കോൾ ചെയ്ത്, പഴയ കഥകളും അതിലെ നുറുങ്ങ് നർമ്മങ്ങളും ഓർത്തെടുത്ത് അയവിറക്കിക്കൊണ്ട് അവൻ ഉറപ്പുവരുത്തി.
*3. റസാഖ്.*
എന്നെക്കാൾ അല്ലാമിൻ്റെ കാര്യത്തിൽ വിഷമിച്ചതും ഉറക്കമിളച്ചതും റസാഖാണോ എന്നെനിക്ക് പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്.
റസാഖ് വിളിക്കാത്ത ദിവസങ്ങളില്ല.
ഗാലറിയിൽ നിന്ന് നോക്കിക്കാണുകയും അഭിപ്രായം പറയുകയും മാത്രമായിരുന്നില്ല റസാഖ്.
കളിക്കളത്തിൽ കൂടെനിന്ന് കിതച്ച് കളിക്കുക കൂടിയായിരുന്നു റസാഖ്. അതുകൊണ്ട് തന്നെ അഭിപ്രായങ്ങളും ഉപദേശങ്ങളും വളരേ കുറവ്. ചെയ്യേണ്ടത് ചെയ്യുക മാത്രം, എല്ലാം വേണ്ടത് പോലെ ഇവിടെ ചെയ്യപ്പെടുന്നത് കണ്ട് ആശ്വസിക്കുക മാത്രം.
ആദ്യമായി MRIയും Biopsyയും എടുത്തപ്പോൾ മുതൽ വിഷയങ്ങൾ പഠിച്ച്, വരുംവരായ്‌കകൾ മുൻകൂട്ടി കണ്ട്, വിശകലനം ചെയ്ത് ഇടപെട്ടു, ഇടപെടാൻ ശ്രമിച്ചു റസാഖ്.
ഓരോ സമയത്തും, ഓരോ വേലിയിറക്കത്തിലും വേലിയേറ്റത്തിലും, ഓരോ രക്തപരിശോധനാഫലം വരുമ്പോഴും കൂലങ്കശമായി വിലയിരുത്തി അല്ലാമിൻ്റെ ആരോഗ്യനില ഉറപ്പ് വരുത്തിക്കൊണ്ടിരുന്നു റസാഖ്. അതിന് വേണ്ടി റാബിയയേയും അഫീഫയേയും വരെ എത്രയോ തവണ ഫോൺ വിളിച്ചു റസാഖ്.
എനിക്കെന്തെങ്കിലും ആവശ്യമുണ്ടോ എന്ന ചോദ്യമുതിർത്തില്ല റസാഖ് ഉടനീളം. പകരം എനിക്കാവശ്യമില്ലെങ്കിലും നൽകി അവിടെ കിടക്കട്ടെ എന്ന നിലപാട് സ്വീകരിച്ചു.
ചോദിക്കാതെ തന്നെ, എൻ്റെ കയ്യിലുള്ളത് തീർന്നോ, തീരട്ടെ എന്ന് ചിന്തിക്കാതെ തന്നെ, ചെയ്യാനുള്ള ന്യായങ്ങൾ ഉണ്ടാക്കി, ചെയ്യാതിരിക്കാനുള്ള ന്യായങ്ങളെ ഒഴിവാക്കി മറച്ചുപിടിച്ചു റസാഖ്.
എൻ്റെ ശക്തി ക്ഷയിച്ചിട്ട് ചെയ്യാം, ക്ഷയിച്ചുവെന്നറിഞ്ഞതിന് ശേഷം ചെയ്യാം എന്ന് കരുതി കാത്തിരിക്കാതെ, ഞാൻ ആവശ്യമില്ലെന്ന് പറഞ്ഞുകൊണ്ടിരുന്നപ്പോഴും തന്നാലാവുന്നത് ചെയ്തുകൊണ്ടിരുന്നു റസാഖ്.
ഇടക്കൊരിക്കൽ വളരെ ചെറിയ അവധിക്ക് നാട്ടിൽ വന്ന ഉടനെ തന്നെ മംഗലാപുരം വന്ന്, ആ വന്ന മുഹൂർത്തം ആവുന്നത്ര ആഘോഷമാക്കിക്കാണിക്കുകയും ചെയ്തു റസാഖ്.
*4. ഇക്കാക.*
തുടക്കത്തിൽ എപ്പോഴും വിളിച്ചുകൊണ്ടിരുന്നു.
ഏറ്റവും ആദ്യം ഇവിടെ മണിപ്പാലിൽ വന്ന് അല്ലാമിനെ നേരിൽ കണ്ടു. സ്വന്തം ക്ഷീണവും അസൗകര്യവും സമയമില്ലായ്മയും വകവെക്കാതെ.
മറ്റൊരിക്കൽ ഓപ്പറേഷൻ കഴിഞ്ഞ ഉടനെ മംഗലാപുരത്ത് വന്നു. പിന്നെയും പലപ്പോഴും ഇങ്ങോട്ട് വരാൻ ഓങ്ങിനിന്നു ഇക്കാക.
എത്ര വേണമെങ്കിലും ഇവിടെ വന്ന് നിൽക്കാമെന്ന് ഇടക്കിടക്ക് സന്നദ്ധത വിളിച്ചറിയിച്ചുകൊണ്ടേയിരുന്നു ഇക്കാക.
ബുദ്ധിമുട്ടി ഇത്രയും ദൂരം താണ്ടിവരാൻ മാത്രമില്ല, വരേണ്ടതില്ല, നിൽക്കേണ്ടതില്ല എന്ന് ഞാൻ തന്നെ ഇക്കാകയെ ഉണർത്തുകയായിരുന്നു.
എന്ത് വേണമെങ്കിലും ചെയ്യാനും തരാനും സന്നദ്ധത ഉടനീളം പ്രകടിപ്പിച്ചുകൊണ്ടിരുന്നു ഇക്കാക. ആ വകയിൽ എന്തെങ്കിലും ആവുന്നത് നൽകാൻ വേണ്ടി എൻ്റെ ബാങ്ക് അക്കൗണ്ട് നമ്പർ കൊടുക്കാൻ വരെ ആവശ്യപ്പെട്ടു.
ഒരുനിലക്കും ഇവിടെ ഒരാവശ്യവും ഇതുവരെയുള്ള ഒരു ഘട്ടത്തിലും എനിക്കില്ലായിരുന്നു എന്നതിനാലും, അത് കൃത്യമായും വ്യക്തമായും ഇക്കാകയെ ബോധ്യപ്പെടുത്തിയത് കൊണ്ടും, അത് കൃത്യമായും ഇക്കാകാക്ക് ബോധ്യപ്പെട്ടത് കൊണ്ടും ഇക്കാര്യത്തിൽ പിന്നെ ഇക്കാക്ക മിണ്ടാതിരുന്നു.
എന്നാലും എപ്പോഴും ആവർത്തിച്ചാവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു: എന്തെങ്കിലും വേണമെങ്കിൽ എപ്പോഴായാലും അറിയിക്കണമെന്ന്.
പിന്നെ, ഇക്കാകയുടെ പ്രധാനപ്പെട്ട ആയുധം പ്രാർത്ഥനയാണല്ലോ? ആ പ്രാർത്ഥന ഉള്ളറിഞ്ഞും പൊരുളറിഞ്ഞും ചെയ്യുന്ന, ചെയ്തുകൊണ്ടിരുന്ന ആളുമാണ് ഇക്കാക.
ഈയടുത്ത കാലത്ത് ഇക്കാകയുടെ തന്നെ തിരക്ക് കാരണം വിളികൾ കുറവാണ്. ഒരുപക്ഷേ തിരക്ക് കൊണ്ട് മാത്രമായിരിക്കില്ല. വെറുതെ വിളിച്ച് ബുദ്ധിമുട്ടിക്കേണ്ടതില്ല എന്നത് കൊണ്ടുമായിരിക്കും. ഇവിടെ എല്ലാം വേണ്ടത്ര നിയന്ത്രണവിധേയമാണ് എന്ന ഉത്തമബോധ്യം കൊണ്ടായിരിക്കും. എന്തെങ്കിലും ഉണ്ടെങ്കിൽ എന്തായാലും ഞാൻ അറിയിക്കുമല്ലോ എന്ന ധൈര്യവും കാരണമായിരിക്കും.
*5. ഇയ്യയ്യ.*
എപ്പോഴും വിളിച്ചുകൊണ്ടിരുന്ന, ഇടപെട്ടുകൊണ്ടിരുന്ന, ഇപ്പോഴും വിളിച്ചുകൊണ്ടിരിക്കുന്ന, ഇടപെട്ട് കൊണ്ടിരിക്കുന്ന ആൾ.
തന്നാലാവുന്നതും അതിലധികവും ചെയ്ത, ചെയ്യാൻ ഉടനീളം സന്നദ്ധത പ്രകടിപ്പിച്ച ആൾ.
വേണ്ടെന്ന് കൃത്യമായി പറഞ്ഞ് ബോധ്യപ്പെടുത്തിയത് കൊണ്ട് മാത്രം, പിന്നെ എല്ലാം ഇവിടെ ഭംഗിയായി നിയന്ത്രണവിധേയമായി നടക്കുന്നുണ്ട് എന്നുറപ്പുള്ളതിനാൽ അതിനപ്പുറം ഇയ്യയ്യ പോയിട്ടില്ല, ഇയ്യയ്യാക്ക് പോകേണ്ടി വന്നിട്ടില്ല.
ഉറപ്പാണ് വേണമെങ്കിൽ ഇയ്യയ്യ ഇനിയും പോകും, ചെയ്യും. മറ്റുള്ളവരെയും ഇക്കാര്യത്തിൽ എത്രവേണമെങ്കിലും വിളിച്ചുകൊണ്ടിരിക്കും, അവരെക്കൊണ്ടും ചെയ്യിപ്പിക്കും.
ഒരുവേള ഞാൻ തടയില്ലെങ്കിൽ, തടഞ്ഞിട്ടില്ലെങ്കിൽ ഏതെല്ലാം വഴിയിൽ എന്തെല്ലാം ചെയ്യിപ്പിക്കാൻ പറ്റുമോ അതൊക്കെ മറ്റുള്ള വഴിയിൽ പോയി ഇയ്യയ്യ പറഞ്ഞ് ചെയ്യിപ്പിക്കുകയും ചെയ്യും.
പക്ഷേ, അതിൻ്റെയൊന്നും ആവശ്യം ഇതുവരെ ഭാഗ്യവശാൽ ഇക്കാര്യത്തിൽ ഇവിടെ ഇല്ലാതിരുന്നത് കൊണ്ട്, അക്കാര്യം ഇയ്യയ്യയെ ബോധപൂർവ്വം കൃത്യമായി പറഞ്ഞ് ബോധ്യപ്പെടുത്തി തടയുകയായിരുന്നു.
എവിടെനിന്നെങ്കിലും എന്തെങ്കിലും കിട്ടുമെന്നത് കൊണ്ട് മാത്രം എന്തും വേണമെന്ന് വെക്കാൻ പറ്റില്ല, വേക്കേണ്ടതില്ല എന്നതിനാൽ.
എന്നാലും, എപ്പോഴും ഇയ്യയ്യ വിളിച്ചുകൊണ്ടേയിരുന്നു, ആവശ്യങ്ങൾ തിരക്കിക്കൊണ്ടെയിരുന്നു. എപ്പോഴും ഇങ്ങോട്ട് വരാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.
സാധിച്ച ഒരുസമയത്ത് ഇയ്യയ്യ മംഗലാപുരം വരികയും ചെയ്തു.
മറ്റുപലപ്പോഴും വരാൻ ശ്രമിച്ചപ്പോഴൊക്കെ ഇയ്യയ്യയുടെ പ്രായവും ശാരീരികക്ഷീണവും പരിഗണിച്ച്, ഇവിടെ വന്നിട്ട് പ്രത്യേകിച്ച് ഒന്നുമില്ലെന്നും ഒന്നും ചെയ്യാനില്ലെന്നും കൃത്യമായി പറഞ്ഞ് ബോധ്യപ്പെടുത്തിക്കൊണ്ട് തടഞ്ഞത് കൊണ്ട് മാത്രം ഇയ്യയ്യ കുറേ പ്രാവശ്യം ഇവിടെ വന്നില്ല.
*6. സിൻവാൻ.*
അവൻ ആർക്കും മനസ്സിലാകാത്തത്ര തിരക്കിലാണ്.
എന്നിട്ടും ചികിത്സ തുടങ്ങിയ ആദ്യവേളയിൽ തന്നെ എത്രയൊ ദൂരത്ത് നിന്ന് എങ്ങിനെയൊക്കെയോ യാത്ര ചെയ്ത് അവൻ ഇവിടെ മണിപ്പാലിൽ എത്തി, അല്ലാമിൻ്റെ കൂടെ ആവുന്നത്ര സമയം ചിലവഴിച്ചു.
ശേഷം പലപ്പോഴും മണിപ്പാലിൽ വീണ്ടും വീണ്ടും വരാനുള്ള ആഗ്രഹം എപ്പോഴും പ്രകടിപ്പിച്ചുകൊണ്ടിരുന്നു സിൻവാൻ. അതിനുള്ള പ്ലാനും ശ്രമവും തുടർച്ചയായി നടത്തിക്കൊണ്ടിരുന്നു സിൻവാൻ.
ഇപ്പോൾ ചികിത്സയുടെ അവസാനഘട്ടത്തിലും അതുപോലെ തന്നെ കിട്ടിയ ഇടവേള മുതലെടുത്ത് ഉടനെ ഇങ്ങോട്ട് ഫോൺ വിളിച്ച്, നോമ്പും ചൂടും ദൂരവും യാത്രയും വകവെക്കാതെ സിൻവാൻ ഇവിടെ എത്തി.
ശരിക്കും യാദൃശ്ചികം എന്ന് തോന്നിപ്പോകും.
പക്ഷേ യാദൃശ്ചികമല്ല. അവനും ഹനൂനും വദൂദും ഒക്കെ അങ്ങനെ തന്നെയാണ്.
അതുകൊണ്ട് തന്നെ തുടക്കത്തിൽ ഉണ്ടായിരുന്ന ഹനൂനും സിൻവാനും തുടർച്ചയിലൂടെ കൂടെ നടന്ന് ഈ ചികിത്സയുടെ അവസാനഘട്ടത്തിലും ഇവിടെ വന്നു, അല്ലാമിന് കൂട്ടിരുന്നു.
സിൻവാൻ തനിക്ക് സാധിക്കുന്നത് മുഴുവൻ നൽകിയവനാണ്. സാധിക്കാത്തത്രയും ആഗ്രഹിച്ചവനും വരാനും ചെയ്യാനും ശ്രമിച്ചുകൊണ്ടിരുന്നവനുമാണ്. കിട്ടുന്ന ഇടവേളകളിൽ മുഴുവൻ വിളിച്ച് സാമീപ്യവും സാന്നിധ്യവും ഉറപ്പ് വരുത്തിയവൻ. സമയം കിട്ടുമ്പോഴൊക്കെ വിളിച്ചുകൊണ്ടിരുന്നു അവൻ.
*7. ചിക്കു.*
എല്ലാ ദിവസവും രാത്രി അല്ലാമിനെ വിളിച്ചു കൊണ്ടിരുന്നവൻ. ചിക്കുവിൻ്റെ രാത്രിനടത്തം അല്ലാമിനെ വിളിച്ചുകൊണ്ടാണ്.
എപ്പോൾ എന്ത് വേണമെങ്കിലും ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ടിരുന്നു ചിക്കു. വെറും വാക്കിൽ അല്ലാതെ. വെറും വാക്ക് പറയാൻ ചിക്കുവിന് അറിയില്ല. വെറും വാക്ക് പറയാൻ അവന് പേടിയാണ്.
ഇയ്യയ്യ എന്തൊക്കെ ചെയ്തുവോ അതിൻ്റെയൊക്കെ പിന്നിൽ കാരണമായി കൂടി കൂടെനിന്നവൻ ചിക്കു.
നാട്ടിൽ വരുമ്പോൾ അല്ലാമിന് എന്തൊക്കെ ഇഷ്ടമുള്ളതുണ്ടോ അതൊക്കെ തന്ത്രപൂർവ്വം അന്വേഷിച്ച് വാങ്ങിക്കൊണ്ടുവന്നു അവൻ.
നാട്ടിൽ വന്ന ചെറിയ അവധിക്കാലത്തിനിടയിൽ ആവുന്നത്ര ദിവസങ്ങൾ ഇങ്ങ് മണിപ്പാലിൽ വന്ന് അല്ലാമിൻ്റെ കൂടെ ചിലവഴിച്ചു ചിക്കു.
ഇവിടെ വന്നപ്പോഴും എന്തൊക്കെ അല്ലാമിന് ഇഷ്ടമുണ്ടോ അതൊക്കെ എങ്ങിനെയെങ്കിലും വാങ്ങാനും സാധിച്ചുകൊടുക്കാനും അവനെകൊണ്ട് ആവും പോലെ ശ്രമിച്ചുകൊണ്ടിരുന്നവൻ ചിക്കു.
ഞാൻ തടഞ്ഞില്ലായിരുന്നുവെങ്കിൽ അവൻ എന്തൊക്കെ വാങ്ങി ഇവിടെ നിറച്ചിരിക്കും എന്നത് സങ്കല്പിക്കാൻ സാധിക്കില്ല. എന്തും ചെയ്യാൻ ഓങ്ങിനിൽക്കുക മാത്രമല്ല, ചെയ്തതൊന്നും പോരെന്ന മനസ്സും പേറിനടക്കുക കൂടിയായിരുന്നു അവൻ.
*8. വദൂദ്.*
അങ്ങ് അയർലൻഡിലാണെങ്കിലും എപ്പോഴും ഇങ്ങ് അല്ലാമിൻ്റെ കൂടെയാണ്.
ഏറെക്കുറെ എല്ലാ ദിവസവും വദൂദ് വിളിക്കും. എത്ര നേരവും അല്ലാമുമായി സംസാരിച്ചിരിക്കും. എല്ലാ വിഷയങ്ങളും വിവരങ്ങളും സംസാരിക്കും, ചർച്ചചെയ്യും. കളി പറയും, കഥ പറയും. പ്രായമോ ദൂരമോ ജോലിസമ്മർദ്ധമോ തിരക്കോ ഒന്നും വിഷയമാവാതെ.
ഒരിക്കൽ, അയർലണ്ടിലേക്ക് പോകുന്നതിൻ്റെ ഭാഗമായി കുവൈറ്റിൽ നിന്ന് നാട്ടിൽ വന്ന വളരേ ചെറിയ ഇടവേളയിൽ തന്നെ അല്ലാമിനെ ഇങ്ങ് മണിപ്പാലിൽ വന്ന് കണ്ടു.
ദൂരെയായിരിക്കെയും ദൂരയല്ലെന്ന് തോന്നിപ്പിച്ചു, എപ്പോഴും അടുത്ത് തന്നെയാണെന്ന് എപ്പോഴും വരുത്തി വദൂദ്.
അടുപ്പവും ദൂരവും ഭൂമിശാസ്ത്രപരമല്ല, പകരം അവനവൻ്റെ മനസ്സും ആവശ്യവും തീരുമാനിക്കുന്നതാണെന്ന് വ്യക്തമാക്കും പോലെയായിരുന്നു വദൂദിൻ്റെ എപ്പോഴുമുള്ള വിളി.
ദൂരെനിന്നും ഇതിനപ്പുറം വദൂദ് വേറൊന്നും ചെയ്യേണ്ടതില്ലായുരുന്നു, വദൂദിന് ചെയ്യാൻ സാധിക്കില്ലായിരുന്നു.
*9. അഫീഫ, റാബിയ.*
നമ്മുടെയിടയിലെ രണ്ട് ഡോക്ടർമാർ. വെറും ഡോക്ടർമാരല്ല. സമർർത്ഥരും കഴിവുറ്റവരുമായ, നമുക്ക് എപ്പോഴും ആശ്രയിക്കാനാവുന്ന രണ്ട് ഡോക്ടർമാർ, രണ്ട് റഫറൻസ്/സംശയനിവാരണ കേന്ദ്രങ്ങൾ.
അല്ലാമിന് ഈയൊരു പ്രശ്നം ഉണ്ടെന്നറിയുന്ന ആദ്യത്തെ രണ്ട് പേരുകൾ. അതുകൊണ്ട് ഇത് സംബന്ധമായ എല്ലാ വിഷയങ്ങളും ആദ്യമേ അന്വേഷിച്ചറിയാൻ ഇവർ രണ്ട് പേരും മാത്രമായിരുന്നു നമുക്ക്.
അല്ലാമിന് ഇങ്ങനെയൊരു രോഗ സാധ്യത മനസ്സിലാക്കിയ ഡോക്ടർ സിജാദ് അത് വിളിച്ചറിയിച്ചത് അഫീഫയെ ആയത് കൊണ്ട് തന്നെ, അതിൻ്റെ ഗൗരവം മനസ്സിലാക്കി തുടക്കം മുതൽ അഫീഫയും റാബിയയും കൂടെ ഉണ്ടായിരുന്നു.
അങ്ങനെ രോഗവിവരം സംശയിച്ച, അറിഞ്ഞ ആദ്യനിമിഷം മുതൽ വഴിയോരത്ത് വന്ന് കൂട്ടിരുന്നു അവർ രണ്ട് പേരും. അല്ലാം ചികിത്സക്ക് വേണ്ടി മണിപ്പാലിലേക്ക് യാത്രയാകും വരെ.
വൈദ്യരംഗത്തെ അവരുടെ specialization ഈ രംഗത്തല്ലെങ്കിലും അവർ അവർക്കാവുന്നതും അവരുടെ പരിചയത്തിലെ എല്ലാ ഡോക്ടർമാരുമായി ബന്ധപ്പെട്ട്റിഞ്ഞതും, സ്വയം വിഷയങ്ങൾ പഠിച്ച് മനസ്സിലാക്കുന്നതും നമ്മോട് ആവുംവിധം വിശദീകരിക്കുന്നതിലും ആശ്വസിപ്പിക്കുന്നതിലും അങ്ങനെ പരിഹാര ചികിത്സാ മാർഗ്ഗനിർദേശങ്ങളും ആശ്വാസവാക്കുകളും നൽകുന്നതിലും ബദ്ധശ്രദ്ധരായി നിന്നു.
ചികിത്സയുടെ തുടക്കത്തിൽ അപ്പു ഇവിടെ ഉണ്ടായിരുന്നത് കൊണ്ട് എല്ലാ വിവരങ്ങളും നേരിട്ട് വിളിച്ചന്വേഷിക്കാതെ (നേരിട്ട് വിളിച്ച് ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിക്കൊണ്ട്) അപ്പുവിനെ വിളിച്ച് ഉറപ്പുവരുത്തുമായിരുന്നു അവർ രണ്ട് പേരും.
*10. സുമയ്യ.*
സുമയ്യയുടെ കാരൃം പറയേണ്ട. അല്ലാമുമായി എപ്പോഴും നേരിട്ട് ബന്ധം സ്ഥാപിച്ചുകൊണ്ടിരുന്നു സുമയ്യ.
ഓരോ ദിവസവും അല്ലാമിന് മെസ്സേജ് അയക്കും അവൾ. എന്താണവസ്ഥ, ഭക്ഷണം കഴിക്കാൻ സാധിക്കുന്നുണ്ടോ, ക്ഷീണമുണ്ടോ എന്നിങ്ങനെ ഓരോ വിവരവും എപ്പോഴും മെസേജയച്ച് ചോദിച്ച് ഉറപ്പ്വരുത്തിക്കൊണ്ടിരിക്കും.
അവധിക്കാലം ഒരു മാസം ഇവിടെ വന്ന് താമസിക്കാൻ വരെ അവൾ തീരുമാനിച്ചിരുന്നു. പക്ഷേ, ന്യായമായ മറ്റ് സംഗതികൾ ഇടയ്ക്ക് വന്നതിനാൽ അവളാഗ്രഹിച്ചതും പ്ലാൻ ചെയ്തതും പോലെ കര്യങ്ങൾ നടന്നില്ല.
എന്നാലും അവൾ സാധിക്കിമ്പോഴൊക്കെ വിളിച്ചു കൊണ്ടിരുന്നു. സിൻവാൻ്റെ കാരൃം പറഞ്ഞത് പോലെ അവളും അങ്ങേയറ്റം തിരക്കിലാണ്.
*11. ആബിദ, ആദില, നഈമ, പാച്ചു, സ്വഫ്‌വ* .
നഈമയെ കുറിച്ച് മുൻപ് ഒരു കുറിപ്പ് പ്രത്യേകം എഴുതിയിരുന്നു. അതിനാൽ വീണ്ടും പറഞ്ഞത് തന്നെ പറയുന്നില്ല.
നഈമ എപ്പോഴും വിളിച്ചന്വേഷിച്ച് കൊണ്ടേയിരുന്നു.
പാച്ചുവിന് എന്നെ നേരിട്ട് വിളിച്ചന്വേഷിക്കേണ്ടിവരാറില്ല.
കാരണം ചികിത്സയുടെ ആദ്യഘട്ടത്തിൽ അലിവില്ലത്തെ എല്ലാവർക്കുമുള്ള ഏജൻ്റായി അപ്പു ഇവിടെ മണിപ്പാലിൽ ഉണ്ടായിരുന്നത് കൊണ്ട് എന്നെ നേരിട്ട് വിളിച്ചന്വേഷിക്കാതെ തന്നെ വിവരം അറിയുക അവർക്ക് എളുപ്പമായിരുന്നു.
ശേഷം പുതിയാപ്പിളമാരിൽ ഇവിടെ വന്ന ഒരേയൊരാൾ പാച്ചുവിൻ്റെ ഭർത്താവായിരുന്നു.
ഉള്ളറിഞ്ഞ, ഉള്ളടുപ്പം കാണിച്ച വല്ലാത്തൊരു വരവായിരുന്നു പാച്ചുവിൻ്റെ ഭർത്താവിൻ്റെത്.
ബാക്കിയുള്ളവരാരും വരാതിരുന്നതല്ല. ആരും നാട്ടിലില്ലായിരുന്നു.
മാത്രവുമല്ല എല്ലാവരും ഇങ്ങോട്ട് വരിക എന്നതിനെ ഈ രോഗാവസ്ഥയിൽ നമ്മൾ പ്രോത്സാഹിപ്പിച്ചിരുന്നില്ല.
ആബിദയും ആദിലയും എപ്പോഴും വിളിച്ചുകൊണ്ടേയിരുന്നു. എപ്പോഴും കൂടെയുള്ളത് പോലെ തോന്നിപ്പിച്ചവർ. ആബിദ് എപ്പോഴും ഇങ്ങോട്ട് വരാനും ഇവിടെ വന്ന് നിൽക്കാനും തയ്യാറായി നിൽക്കുക യായിരുന്നു. സ്കൂളും മറ്റുമായി ബന്ധപ്പെട്ട ഒഴിച്ചുകൂടാനാവാത്ത അവളുടെ തിരക്ക് കണ്ട് നമ്മൾ തടയുക മാത്രമായിരുന്നു. എന്നാലും ഒരു പ്രാവശ്യം അവൾ മംഗലാപുരത്ത് വന്നു. സ്കൂൾ വെക്കേഷൻ തുടങ്ങിയാൽ ഇങ്ങോട്ട് വരുമെന്ന് ഇടക്കിടക്ക് പറയുന്നുമുണ്ട്.
ആദിലയും ആബിയും അവരവരുടേതായ മറ്റ് പരിമിതികൾ ഉള്ളവർ ആണ്. വിളിച്ചന്വേഷിക്കുക തന്നെയേ അവർക്ക് പറ്റുകയുമുള്ളൂ. ഇയ്യയ്യ ചെയ്യുന്ന കാര്യങ്ങൾക്ക് പിന്നിൽ അതിന് പ്രേരകവും ശക്തിയും പിന്തുണയുമായി നിൽക്കുകയും മാത്രം
സ്വഫ്‌വ. എപ്പോഴും സുഖവിവരം അന്വേഷിച്ച് കൊണ്ടേയിരുന്നു. ഫോൺ വിളിക്കാൻ പേടി തോന്നിയത് കൊണ്ട് മാത്രമായിരിക്കും, എങ്ങിനെ എന്ത് പറയണം ഇത്തരം സന്ദർഭത്തിൽ എന്ന് ഏറെ ചിന്തിക്കുന്നത് കൊണ്ട് മാത്രമായിരിക്കും, ഏറെ ഫോൺ വിളിക്കാതെ. എന്നാലും ഫാഹിറയുമായി നിത്യബന്ധത്തിൽ.
*12. പെങ്ങൾ സാജിദ.
പെങ്ങൾ സാജിദ എപ്പോഴും എല്ലാ ദിവസവും ഒന്നിലധികം പ്രാവശ്യം ദീർഘമായി ഫാഹിറയെ വിളിച്ചുകൊണ്ടേയിരുന്നു.
ചികിത്സയുടെ ഓരോ ഘട്ടത്തിലും ഉയർച്ചതാഴ്ചക്കിടയിലും സുഖവിവരങ്ങൾ അന്വേഷിച്ച് എല്ലാം ഭംഗിയായി നീങ്ങുന്നുവെന്ന് ഉറപ്പിച്ച് കൊണ്ടേയിരുന്നു സാജിദ. നമ്മളെക്കാൾ പ്രശ്നങ്ങൾ ഉള്ള സാജിദയാണ് നമുക്ക് വേണ്ടി നമ്മളെക്കാൾ ടെൻഷൻ അനുഭവിച്ചത്.
എന്തും ധീരമായി അടക്കത്തോടെ പകച്ചുപോകാതെ നേരിടുന്നതിലും, അക്കാര്യത്തിൽ ആരോടും ഒരു പരിഭവവും പറയാതിരിക്കുന്നതിലും സാജിദയെ കഴിച്ച് മാത്രമേ ആരും ഉണ്ടാവുകയുള്ളൂ.
അതുകൊണ്ട് തന്നെ അങ്ങനെയുള്ള സാജിദയുടെ എപ്പോഴും ഏത് നേരവും കൂടെയുണ്ടെന്ന് തോന്നിപ്പിക്കുന്ന ഫോൺവിളി ഫാഹിറക്കും തെല്ലൊന്നുമല്ലാത്ത ആശ്വാസവും കൂടെ എപ്പോഴും ആരൊക്കെയോ ഉണ്ടെന്ന ധൈര്യവും ആത്മവിശ്വാസവും നൽകി എന്ന് തന്നെ പറയാം.
13. സാജിദമ്മായി, സക്കീനമ്മായി, താഹിറ, തസ്ലീന* .
സാജിദമ്മായിയും ആവുമ്പോഴൊക്കെ വിളിച്ച് സുഖവിവരങ്ങൾ അന്വേഷിക്കുകയും സാധിച്ച ആദ്യവേളയിൽ തന്നെ മംഗലാപുരം വരികയും ചെയ്തു.
സാജിദമ്മായി ഇക്കാര്യത്തിൽ ആരോടും പറയാതെ എല്ലാവരേക്കാളും ടെൻഷൻ അനുഭവിക്കുന്ന ആളാണ്.
സക്കീനമ്മായി.
എപ്പോഴും ഫാഹിറയുടെ കൂടെ തന്നെ എന്ന് തോന്നിപ്പിച്ചുകൊണ്ടിരുന്നു. എല്ലാ ദിവസവും ഒന്നിലധികം പ്രാവശ്യം ദീർഘമായി വിളിച്ചുകൊണ്ടിരുന്നു. ഒരുതരം മറയും അകലവും ഇല്ലാതെ ഫാഹിറയുമായി എല്ലാം പങ്കുവെക്കുന്ന ആളുമാണ് സക്കീനമ്മായി. സാധിച്ച സമയത്ത് ഇങ്ങ് മണിപ്പാലിൽ നേരിട്ട് വരികയും ചെയ്തു.
താഹിറയും തസ്ലീനയും.
തസ്ലീനയും ഫാഹിറയും കുവൈറ്റിൽ നിന്ന് തന്നെ നേരിൽ ബന്ധമുള്ള രണ്ട് പേരായത് കൊണ്ടും, തസ്ലീന ഫാഹിറയുടെ തൊട്ട് മേലെയുള്ള ആളായത് കൊണ്ടും അവർക്കിടയിൽ ഉപചാരങ്ങൾ കുറഞ്ഞ അടുപ്പവും വിനിമയവും ഉണ്ട്.
റസാഖും മക്കളും കൂടെയുണ്ട്, വിളിക്കുന്നുണ്ട്, വേണ്ടത് ചെയ്യുന്നുണ്ട് എന്നതിന് പിന്നിൽ തസ്ലീനയും ഉണ്ട്.
എന്നിട്ടും തസ്ലീന ഇടക്കിടക്ക് വിളിക്കും. നാട്ടിൽ വന്ന വളരെ ചെറിയ ഇടവേളയിൽ ഇങ്ങ് മണിപ്പാലിൽ നേരിട്ട് വരികയും ചെയ്തു.
ഇവിടെ നാട്ടിൽ ഇല്ലാതിരുന്ന രണ്ടമ്മായിമാരാണ് താഹിറയും തസ്ലീനയും. രണ്ട് പേരും ഇടക്കിടക്ക് വിളിച്ചുകൊണ്ടേയിരുന്നു. പലപ്പോഴും അവർ വിളിക്കുമ്പോൾ ഫാഹിറാക്ക് ഫോൺ എടുക്കാൻ സാധിക്കാതെ പോയെങ്കിലേയുള്ളൂ.
താഹിറ നാട്ടിൽ വന്ന ഉടനെ ഇങ്ങോട്ട് വരാൻ ശ്രമിച്ചു. ഇനിയെന്തായാലും ചികിൽസയൊക്കെ കഴിഞ്ഞ് നോമ്പിന് ശേഷം ആവും പോലെ വന്നാൽ മതിയെന്ന് അങ്ങോട്ട് വിളിച്ചറിയിച്ചത് കൊണ്ട് വരേണ്ടിവന്നിട്ടില്ല.
********
ഇതുവരെ ഇതിൽ ബോധപൂർവ്വം പേരെടുത്ത് പറയാതിരുന്ന ഒരാളുണ്ട്. എപ്പോഴും ഏത് സമയത്തും വിളിച്ചാൽ കിട്ടുമെന്നും എന്തും ചോദിക്കാമെന്നും ഉറപ്പുള്ള ഒരാൾ. ഏക പെങ്ങളുടെ ഏകമകൻ, ഏക മരുമകൻ.
മിക്കു.
മിക്കു ഒരുറപ്പാണ്.
എപ്പോഴും കിട്ടുമെന്ന് ഉറപ്പുള്ള ഒരാൾ.
ആരുമില്ലെങ്കിൽ മിക്കു ഉണ്ടാവും.
അതുകൊണ്ട് തന്നെ മിക്കുവിനെ ഏത് സമയത്തും ആശ്രയിക്കാം.
ഏറ്റവും ആദ്യം തന്നെ ഉപയോഗിച്ച് തീർക്കേണ്ടതില്ല മിക്കുവിനെ ഇക്കാര്യത്തിലും ഒരുകാര്യത്തിലും എന്നത് ആദ്യമേ മനസ്സിൽ വെച്ചതാണ്. എല്ലാ വഴിയും മുട്ടുമ്പോൾ മിക്കു എന്ന വഴി.
അതുകൊണ്ട് തന്നെ, ഒരേറെ പരിമിതികൾക്കിടയിലും പ്രയാസങ്ങൾക്കിടയിലും സ്വയം ചക്രശ്വാസം വലിച്ചുകൊണ്ടിരുന്ന മിക്കുവുമായാണ് എല്ലാ വിഷയങ്ങളും എല്ലായ്പ്പോഴും ആലോചിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുക. അത് പാടുണ്ടോ എന്ന് ചോദിച്ചാൽ പാടില്ല എന്ന് ഉത്തരം വരും. എന്നാലും മിക്കുവുമായി മാത്രം എല്ലാം ആലോചിക്കും. അത്രയ്ക്ക് വിവേകവും പക്വതയും പാകതയും പ്രത്യുൽപന്നമതിത്വവും ഇക്കാലമത്രയും കാണിച്ചുകൊണ്ടേയിരുന്നു മിക്കു.
അതിനാലും, മിക്കുവിന് സാധിക്കില്ല എന്നറിഞ്ഞു കൊണ്ട് തന്നെ മിക്കുവുമായി എല്ലാ കാര്യങ്ങളും ആലോചിക്കും.
പ്രാർത്ഥിക്കുന്നത് പോലെയാണ് മിക്കുവുമായുള്ള വിനിമയം.
ഉത്തരവും പരിഹാരവും മിക്കുവിൽ നിന്ന് തന്നെ കിട്ടാൻ വേണ്ടിയല്ല.
നമുക്ക് നമ്മെ തന്നെ ബോധ്യപ്പെടുത്താനും, ആ നിലക്ക് വിഷയം സ്വയം ഉൾക്കൊണ്ട് നമ്മൾ തന്നെ പരിഹാരശ്രമങ്ങൾ നടത്താനുമാണ് പ്രാർഥന എന്ന പോലെ.
ആശ്വാസം കിട്ടാൻ, ഭാരം ഇറക്കിവെക്കാൻ.
രോഗനിർണ്ണയം നടത്തുന്നതും ചികിത്സ തുടങ്ങുന്നതും മിക്കുവും അപ്പുവും കൂടെ വന്നുകൊണ്ടാണ്.
തലങ്ങും വിലങ്ങും നോക്കാതെ അന്നേക്കന്ന് മണിപ്പാലിലേക്ക് മിക്കു കൂടെ ഇറങ്ങിത്തിരിച്ചു.
മിക്കുവിൻ്റെ മറ്റ് പ്രയാസങ്ങൾ എനിക്ക് തന്നെ അറിയുന്നത് കൊണ്ട് അന്നേക്കന്ന് രാത്രി തന്നെ മിക്കുവിനെ തിരിച്ചയക്കുകയായിരുന്നു.
ശേഷം ഒരിക്കലും മിക്കുവിനെ ഇങ്ങോട്ട് ബോധപൂർവ്വം തന്നെ വിളിച്ച് വരുത്താൻ ശ്രമിച്ച് ബുദ്ധിമുട്ടിച്ചിട്ടില്ല.
ഒരിക്കൽ അവൻ ഇവിടെ കിട്ടാത്ത ഒരു കുറേ അനാദിസാധനങ്ങളുമായി വദൂദിനെയും കൂട്ടിവരികയും ചെയ്തു.
********
ഇനി പറയട്ടെ.
എല്ലാം ഇതുവരെ ആരും പ്രതീക്ഷിക്കാത്തത്ര, ആർക്കും പ്രതീക്ഷിക്കാൻ സാധിക്കാത്തത്ര ഭംഗിയിലായിരുന്നു നടന്നുകൂടിയത്. ഒരു പ്രയാസവും ഒരു രംഗത്തും ഇല്ലാതെ.
പ്രത്യേകിച്ചും നമ്മൾക്കാർക്കും സങ്കല്പിക്കാൻ കഴിയാത്തത്ര വ്യക്തതയോടെയും കരുത്തോടെയും ആത്മവിശ്വാസത്തോടെയും അങ്ങേയറ്റം പോസിറ്റീവിറ്റിയോടെയും ആയിരുന്നു അല്ലാം സ്വയം തന്നെ ഈയൊരു ഘട്ടത്തെ നേരിട്ടത്.
"ഇന്ന ഔലിയാഅല്ലാഹി ലാ khoufun അലൈഹിം വലാഹും യഹ്സനൂൻ"
"പ്രാപഞ്ചിക സത്യത്തിൻ്റെ/ന്യായത്തിൻ്റെ (അല്ലാഹുവിൻ്റെ) കൂട്ടുകാർ, അവർക്ക് പേടിയോ ദുഃഖമോ ഉണ്ടാവുന്നില്ല"
********
ഈ കാലയളവിലുണ്ടായ നന്മകൾ ഒരു പടിയാണ്.
ജീവിതവും ജീവിതത്തിലും എന്ത് കിട്ടി എന്നിടത്തല്ല കാര്യം.
കിട്ടിയതിനെ എങ്ങിനെ എടുത്തു, കിട്ടിയതിൽ നിന്ന് എന്തെടുത്തു എന്നതിലാണ് കാര്യം.
കിട്ടിയത് മണ്ണും ചെളിയും ആവാം. പക്ഷേ അതിൽ നിന്ന് പൂവും പഴവും എടുക്കാം.
പൂവും പഴവും കിട്ടാം. പക്ഷേ കാലിനടിയിൽ ഉരച്ചുകളഞ്ഞ് അതിനെ വൃത്തികെട്ട ചെളിയാക്കാം.
നന്മയും തിൻമയും നിങൾ എങ്ങിനെ എവിടെ നിന്ന് കാണുന്നു എന്നതിനെ മാത്രം ആശ്രയിച്ചിരിക്കുന്നു.
അതുകൊണ്ട് തന്നെ ഈ കാലയളവിലും ജീവിതം ഒരാഘോഷമായി തന്നെ കടന്നുപോയി.
"അസാ അൻ തക്റഹൂ ശയ്അൻ വഹുവ ഖൈറുൻ ലക്കും, അസാ അൻ തുഹിബ്ബൂ ശയ്അൻ വഹുവ ശർറുൻ ലക്കും" (ഖുർആൻ).
"നിങൾ വെറുക്കുന്ന ഒരു സംഗതി അത് നിങ്ങൾക്ക് നല്ലതാവാം, നിങൾ ഇഷ്ടപ്പെടുന്ന ഒരു സംഗതി നിങ്ങൾക്ക് മോശമാവാം"
*******
"ഫ അമ്മാ മൻ ബഖില വസ്തഗ്നാ, ഫാ കദ്ദബ ബിൽ ഹുസ്നാ ഫസനുയസ്സിർഹു ബിൽഉസ്റാ"
"ആര് പിശുക്കിയോ എന്നിട്ട് (ആ പിശുക്ക് കൊണ്ട്) സമ്പന്നത നടിച്ചുവോ, (പിശുക്കിനുവേണ്ടി) (തനിക്ക് വന്നുപെട്ട, തൻ്റെ മുൻപിലുള്ള) നന്മകളെ (അനുഗ്രഹങ്ങളെ) നിഷേധിച്ചുവോ, അവന് നമ്മൾ പ്രയാസങ്ങളെ ഇരട്ടിപ്പിച്ചുകൊടുക്കും (എളുപ്പമാക്കിക്കൊടുക്കും). (അവന് നമ്മൾ പ്രയാസങ്ങളിലേക്ക് എളുപ്പവഴി ഉണ്ടാക്കിക്കൊടുക്കും).
No comments:
Post a Comment