പരബ്രഹ്മം തന്നെയോ അല്ലാഹു?
************
ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ"
"നാമും നമ്മുടേതും സകലതും എല്ലാം അല്ലാഹുവെന്ന പരബ്രഹ്മത്തിൽ നിന്ന്..
നാമും നമ്മുടേതും സകലതും എല്ലാം അല്ലാഹുവെന്ന പരബ്രഹ്മത്തിലേക്ക് തന്നെയാണ് മടങ്ങുന്നു"
ഇത് വെച്ച് തന്നെയാവട്ടെ ഇന്ന് വിഷയം പറയുന്നത്.
മുസ്ലിംകൾ എപ്പോഴും, പ്രത്യേകിച്ചും മരണവും ദുരന്തവും ഒക്കെ സംഭവിക്കുമ്പോൾ പറഞ്ഞുകൊണ്ടേയിരിക്കുന്നത് വെച്ച് തന്നെയാവട്ടെ ഇന്ന് വിഷയം പറയുന്നത്.
നാമും നമ്മുടേതും ഇല്ല, നിലനിൽക്കുന്നില്ല എന്നർത്ഥം.
ബാക്കിയാവുന്നതും ("ബാക്കി" (ബാഖി)), വേറൊരു വാക്ക് "ആഖിർ") ആദ്യമേ ഉള്ളതും (അവ്വൽ) മാത്രം ഉള്ളത്.
"ബാക്കി" എന്നതും അല്ലാഹു എന്ന പരബ്രഹ്മത്തിനുള്ള അറിബിയിലെ ഒരു പേര് എന്നത് ഇത്തരുണത്തിൽ ഓർത്താൽ നന്ന്.
ബാക്കി (ബാഖി) എന്ന അറബി പദം തന്നെയാണ് മലയാളത്തിലും ഹിന്ദിയിലും ഒക്കെ അവശേഷിക്കുന്നത് എന്നർത്ഥമാക്കുന്ന ബാക്കി എന്ന വാക്ക് സമ്മാനിച്ചത്.
*******
ഉള്ളത് മാത്രം ബാക്കിയാവുന്നു.
ഇല്ലാത്തത് മുഴുവൻ ഉള്ളതായി തോന്നി ഇല്ലാതാവുന്നു.
രോഗവും രോഗിയും രോഗകാരണവും ദൈവം.
ആരോഗ്യവും ആരോഗ്യവാനും ആരോഗ്യകാരണവും ദൈവം.
ദുഃഖവും സുഖവും ദൈവം.
ദുഖവും വേദനയും ദൈവം.
സന്തോഷവും ആനന്ദവും ദൈവം.
ദൈവമല്ലാതൊന്നും ഇല്ല, അങ്ങനെയൊന്നും കാണുന്നില്ല.
ദൈവമല്ലാതൊന്നിനും നിലനിൽപ്പും കാണുന്നില്ല.
സ്ഥിരം എന്നത് ദൈവം,
സ്ഥിരം എന്നത് ദൈവത്തിന് മാത്രം.
********
ചോദ്യം: അല്ലാഹുവും പരബ്രഹ്മവും ഒന്നല്ലല്ലോ?
ഉത്തരം: ഒന്നാണ് എന്നാണ് പൊതുവായ ഒരുത്തരമായി പറയേണ്ടത്.
അല്ലാഹുവും പരബ്രഹ്മവും
ഒന്നല്ലെന്ന് പറയാൻ എന്തിന് തത്രപ്പെടണം?
അല്ലാഹുവും പരബ്രഹ്മവും ഒന്നല്ലെന്ന് വരുത്തിയത് കൊണ്ട് എന്ത് പ്രയോജനം?
ഈ അല്ലാഹുവും പരബ്രഹ്മവും ആരെയെങ്കിലും അല്ലാഹുവും പരബ്രഹ്മവും വേറെ വേറെയാണെന്ന് പറയാൻ ഏല്പിച്ചുവോ?
ചോദ്യം: അല്ലാഹുവിന് ഗുണങ്ങൾ വിശേഷിപ്പിക്കുന്നുണ്ടല്ലോ?
ഉത്തരം: അല്ലാഹുവിന് ഗുണങ്ങൾ വിശേഷിപ്പിക്കുന്നുണ്ട്. വിശേഷിപ്പിക്കുന്നവർ അങ്ങനെ വിശേഷിപ്പിക്കട്ടെ. ഒരോരുവനും അവൻ്റെ പ്രതലത്തിൽ നിന്ന് തോന്നും പോലെ മാത്രം അല്ലാഹുവും പരബ്രഹ്മവും. ഒരു നിർവ്വചനത്തിലും ഇല്ല, എന്നാൽ എല്ലാ നിർവ്വചനങ്ങളിലും ഉണ്ട്.
അല്ലാഹുവും പരബ്രഹ്മവും അങ്ങനെ ആവുന്നത് കൊണ്ട്, വിശേഷണങ്ങൾ ഉണ്ടാവുന്നത് കൊണ്ടും അതേസമയം വിശേഷണങ്ങൾ ഇല്ലാതാവുന്നത് കൊണ്ടും എന്താണ് പ്രശ്നം?
ചോദ്യം: എന്നാൽ, പരബ്രഹ്മത്തിന് ഗുണങ്ങൾ വിശേഷിപ്പിക്കുന്നില്ലല്ലോ അതുകൊണ്ട് ചോദിച്ചതാണ്?
ആര് പറഞ്ഞു. പരബ്രഹ്മത്തിന് ഗുണങ്ങൾ ഇല്ലെന്ന്.
ആര് പറഞ്ഞു പരബ്രഹ്മത്തിന് ഗുണങ്ങൾ പാടില്ലെന്ന്.
കാണുന്നവൻ കാണുന്ന ദിശയിൽ നിന്ന് നിശ്ചയിക്കുന്ന ഗുണവിശേഷണങ്ങൾ പരബ്രഹ്മത്തിനും അല്ലാഹുവിനും ഉണ്ട്.
അങ്ങനെ പരബ്രഹ്മത്തിന് ഗുണങ്ങകളും വിശേഷണങ്ങളും ഇല്ലെന്ന് പറഞ്ഞും ഗുണങ്ങകളും വിശേഷണങ്ങളും ഉണ്ടാക്കുക ശരിയല്ല.
ഗുണങ്ങൾ പാടില്ലെന്ന് പറയുന്നതും ഒരു ഗുണമായി നിർവ്വചനമായി തീരുക തന്നെയല്ലേ ചെയ്യുക?
നിങൾ നിർവചിക്കുന്ന കോലത്തിലാവാൻ ഇനിയങ്ങോട്ട് അല്ലാഹുവും പരബ്രഹ്മവും അഭിനയിച്ച് കുത്തിയിരിക്കണം എന്നാണോ പറഞ്ഞുവരുന്നത്?
അതല്ലേൽ ഒരു ഗുണവും ഇല്ലാത്ത പരബ്രഹ്മം അതിനെക്കുറിച്ച് എല്ലാവരും അങ്ങനെ തന്നെ കരുതണം, പറയണം എന്ന് ഏതെങ്കിലും വഴിയിൽ ആരിലൂടെയെങ്കിലും അറിയിച്ചുവോ? എങ്കിൽ അങ്ങനെ ആവധ്യങ്ങളുള്ള ഗുണവിശേഷ്ങൾ ഉള്ളതുമാവും പരബ്രഹ്മം.
പിന്നെങ്ങിനെ, എന്തിൻ്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ പരബ്രഹ്മത്തിന് ഗുണവിശേഷങ്ങൾ ഇല്ലെന്ന് ഉറപ്പിച്ച് പറയുന്നത്?
പരബ്രഹ്മത്തെ കുറിച്ചും ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞത് കേട്ടത് വെച്ചല്ലാതെ പരബ്രഹ്മം നേരിട്ട് പറഞ്ഞറിയിച്ച ഒരു കാര്യവും ആർക്കും അറിയില്ലല്ലോ?
പിന്നെന്താണ് പ്രശ്നം?
പിന്നെന്തിനാണ് തർക്കം?
******
ചോദ്യം: ഓരോ ഗുണവും ഓരോ ബിംബം തന്നെയല്ലേ?
അതേ.
അതുകൊണ്ട് എന്താണ് പ്രശ്നം?
ഖുർആനും പറയുന്നു: വലം യക്കുൻ ലാഹു കുഫുവൻ അഹദ്.
"അവന് തത്തുല്യമായത് ഒന്നും ആരും ഇല്ല."
എന്തെല്ലാം ഗുണവിശേഷണങ്ങൾ പറഞ്ഞുണ്ടാക്കിയാലും അല്ലാഹു എന്ന പരബ്രഹ്മം അതിനുള്ളിൽ ഒന്നും വരില്ലെന്ന്.
ബിംബത്തിൽ കാണുന്നവൻ അങ്ങനെ കാണട്ടെ.
അങ്ങനെ പരബ്രഹ്മം പല ബിംബമായത് തന്നെയാണ് വിഷ്ണുവും ശിവനും ബ്രഹ്മാവും ശക്തിയും സരസ്വതിയും ലക്ഷ്മിയും ഒക്കെ. ദേവീദേവൻമാർ എന്ന സങ്കൽപം ഉണ്ടായത്. ദേവതകൾ എന്നത് ഉണ്ടായത്.
എന്നുവെച്ചാൽ, പരബ്രഹ്മം തന്നെയായ അല്ലാഹുവിലേക്ക് ചേർത്തുവെച്ച് പറയാവുന്ന ഒരു ആകാര ഗുണ വിശേഷണങ്ങളും ഇല്ല എന്നർത്ഥം.
പരബ്രഹ്മത്തെ കുറിച്ച് പറയും പോലെ തന്നെ അല്ലാഹുവിനെ കുറിച്ച് ഖുർആൻ മേൽപറഞ്ഞത് പോലെ പറഞ്ഞു.
ചോദ്യം: എന്നാലും അല്ലാഹു വിൻ്റെ ഗുണവിശങ്ങൾ സൂചിപ്പിക്കുന്ന തൊണ്ണൂറ്റി ഒൻപത് പേരുകൾ അല്ലാഹു എന്ന പേരിന് പുറമേ അല്ലാഹുവിന് ഉണ്ടല്ലോ?
ഉണ്ട്.
അതുകൊണ്ട് എന്താണ് പ്രശ്നം?
അല്ലാഹുവെന്ന പരബ്രഹ്മത്തിന് പേരുകളും ഗുണവിശേഷണങ്ങളും ഉണ്ടായാൽ എന്താണ് പ്രശ്നം?
എന്തിനാണ് താങ്കൾ താങ്കളുടെ നിർവ്വചനത്തിനുള്ളിൽ, പാടുള്ളതും പാടില്ലാത്തതും പറഞ്ഞ് പരബ്രഹ്മത്തെയും ചുരുക്കുന്നത്, തടവിലിടുന്നത്?
******
അല്ലാഹുവിനെയും പരബ്രഹ്മത്തേയും എന്ത് വിശേഷിപ്പിക്കുന്നു വിശേഷിപ്പിക്കുന്നില്ല എന്നതാവരുത് വിഷയം.
യഥാർഥത്തിലുള്ളത് എന്താണ് എന്നതാണ് വിഷയം.
യഥാർഥത്തിലുള്ളതും ബാക്കിയാവുന്നതുമാണ് അല്ലാഹു എന്ന പരബ്രഹ്മം.
ആദ്യമേ ഉള്ളതും അനന്തമായി നിലനിൽക്കുന്നതും അല്ലാഹു എന്ന പരബ്രഹ്മം.
എന്തെങ്കിലും വിശേഷിപ്പിക്കുന്നത് കൊണ്ടോ, എന്തെങ്കിലും വിശേഷിപ്പിക്കാത്തത് കൊണ്ടോ യഥാർഥത്തിലുള്ളത് മാറില്ല, യഥാർഥത്തിലുള്ളതിന് ഒരു മാറ്റവും സംഭവിക്കില്ല.
പേര് മാറ്റി വിളിച്ചത് കൊണ്ട് സംഗതി മാറില്ല.
ഒരു പേരും വിളിക്കാത്തത് കൊണ്ടും സംഗതി മാറില്ല.
ചോദ്യം: നിർഗുണം, നിരാകാരം എന്ന് വിശേഷിപ്പിക്കുന്നത് യഥാർഥത്തിൽ ഒരു ഗുണവും ആകാരവും ഇല്ലാത്തത് കൊണ്ടാണോ?
അല്ല.
പകരം,
എല്ലാ നിറങ്ങൾക്കും ആധാരവും ഉറവിടവും പ്രത്യേകിച്ച് നിറമില്ലായ്‌കയാകയാൽ.
എല്ലാ ഗുണങ്ങൾക്കും ആധാരവും ഉറവിടവും പ്രത്യേകിച്ച് ഗുണമില്ലായ്കയാകയാൽ.
എല്ലാ രൂപങ്ങൾക്കും ആധാരവും ഉറവിടവും പ്രത്യേകിച്ച് ഗുണമില്ലായ്കയാകയാൽ.
*******
എന്നുവെച്ചാൽ, എല്ലാ നിറങ്ങളും ഒരുമിച്ചാൽ ഒരു പ്രത്യേക നിറം അല്ലാതാവുന്നത് പോലെ മാത്രം അല്ലാഹുവും പരബ്രഹ്മവും.
എന്നുവെച്ചാൽ എല്ലാ ഗുണങ്ങളും ആകാരങ്ങളും ഒരുമിച്ചാൽ ഒരു പ്രത്യേക ഗുണവും ആകാരവും അല്ലാതാവുന്നത് പോലെ മാത്രം അല്ലാഹുവും പരബ്രഹ്മവും
അങ്ങനെ മാത്രം അല്ലാഹുവും പരബ്രഹ്മവും നിർഗുണ നിരാകാരമാകുന്നത്.
എന്നുവെച്ചാൽ എല്ലാ ഗുണങ്ങളും ആകാരങ്ങളും നിറങ്ങളും ആ അല്ലാഹു എന്ന പരബ്രഹ്മത്തിലുണ്ട്. ഏതെങ്കിലും ഒന്ന് മാത്രമല്ലാതെ.
മറിച്ച് പറഞാൽ, ഏത് ആകാരവും ഗുണവും നിറവും അല്ലാഹുവിനും പരബ്രഹ്മത്തിനും ചേരും.
എന്നാലോ, ഏതെങ്കിലും ഒരു നിറത്തിലും ഗുണത്തിലും ആകാരത്തിലും മാത്രം ഒരുക്കി ഒതുക്കി നിർത്തേണ്ടതില്ല അല്ലാഹുവിനെയും പരബ്രഹ്മത്തേയും
********
അല്ലാഹു അഥവാ പരബ്രഹ്മം നിർഗുണം, നിരാകാരം.
ശരി തന്നെ.
അല്ലാഹു അഥവാ പരബ്രഹ്മത്തെ മറ്റെന്ത് പേരിട്ട് വിളിച്ചാലും അതങ്ങനെ തന്നെ.
ബോധമെന്നോ ഊർജ്ജമേന്നോ പദാർത്ഥമെന്നോ ആത്മാവെന്നോ പിന്നെ മറ്റെന്തോ വിളിച്ചാലും വിളിച്ചില്ലെങ്കിലും സംഗതി ഒന്ന്. അത് തന്നെ.
പക്ഷേ എല്ലാ ഗുണങ്ങളും ആകാരങ്ങളും ഇതേ അല്ലാഹുവിൽ നിന്നും പരബ്രഹ്മത്തിൽ നിന്നും തന്നെ.
ആപേക്ഷിമായ അർത്ഥത്തിൽ തന്നെ ഒരുപമ വെച്ച് പറയാം.
ആപേക്ഷികമായി നമുക്ക് ഒരു ഗുണവും തോന്നാത്ത മണ്ണിൽ നിന്നും വായുവിൽ നിന്നും വെള്ളത്തിൽ നിന്നും വെളിച്ചത്തിൽ നിന്നും എല്ലാ നിറങ്ങളും രുചികളും രൂപങ്ങളും വരുന്നത് പോലെ.
അതുകൊണ്ട് തന്നെ എല്ലാ ഗുണങ്ങളുടെയും ഉടമസ്ഥനായും ഉറവിടമായും ഈ അല്ലാഹുവെന്ന പരബ്രഹ്മത്തെയും കാണാം.
അതിനാൽ തന്നെ പ്രാപഞ്ചികതയിലെ എല്ലാ ഗുണങ്ങളും രൂപങ്ങളും നിറങ്ങളും ശബ്ദങ്ങളും രുചികളും അല്ലാഹുവിൻ്റെയും പരബ്രഹ്മത്തിൻ്റെയും രൂപങ്ങളും നിറങ്ങളും ശബ്ദങ്ങളും രുചികളും തന്നെ.
ആത്യന്തികതയിൽ നിന്ന് പറഞാൽ അല്ലാഹു എന്ന പരബ്രഹ്മം മാത്രമല്ലാതെ വേറൊന്നും ഇല്ല.
നിങ്ങളുടെ കരുണയും കോപവും ഇഷ്ടവും രക്ഷയും ശിക്ഷയും അനിഷ്ടവും എല്ലാം അല്ലാഹുവിൻ്റെതും പരബ്രഹ്മത്തിൻ്റെതും തന്നെ.
അതുകൊണ്ട് തന്നെ പരബ്രഹ്മത്തെയും അല്ലാഹുവിനെയും കാരുണ്യവാൻ കോപിക്കുന്നവൻ സർവ്വശക്തൻ സർവ്വവ്യാപി ശിക്ഷിക്കുന്നവൻ രക്ഷിക്കുന്നവൻ എന്നൊക്കെ വിശേഷിപ്പിക്കുന്നതിൽ ഒരു തെറ്റുമില്ല.
കാരണം എല്ലാ ഗുണങ്ങളും വിശേഷണങ്ങളും ആദിയിലും അവസാനത്തിലും ഉടനീളവും ചെന്നുചേരുന്നത് ഈ അല്ലാഹുവിലും പരബ്രഹ്മത്തിലും തന്നെ.
"ഇന്നാ ലില്ലാ ഹി വ ഇന്നാ ഇലൈഹി റാജിഊൻ" എന്ന് പറയുന്നതിൽ അർത്ഥമാക്കുന്നത് പോലെ.
നാമും നമ്മുടേതും സകലതും എല്ലാം അല്ലാഹുവെന്ന പരബ്രഹ്മത്തിൽ നിന്നാണ്.
അതുപോലെ തന്നെ നാമും നമ്മുടേതും സകലതും എല്ലാം അല്ലാഹുവെന്ന പരബ്രഹ്മത്തിലേക്ക് തന്നെയാണ് മടങ്ങിയെത്തുന്നത്"
എല്ലാം ചെന്നുചേരുന്നത് ഈ പദാർത്ഥത്തിലും ആത്മാവിലും ബോധത്തിലും ഊർജ്ജത്തിലും തന്നെ.
എല്ലാം ചെന്നുചേരുന്നത് സർവ്വശക്തിക്കും സർവ്വതിനും കാരണമായതിലേക്ക് തന്നെ.
ഫലത്തിൽ സർവ്വശക്തിക്കും സർവ്വതിനും ഉടമസ്ഥതയുള്ളതിലേക്ക് എല്ലാം ചേരുന്നു.
അതാണ് "ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ" എന്ന് മുസ്ലിംകൾ എപ്പോഴും, പ്രത്യേകിച്ചും മരണവും ദുരന്തവും ഒക്കെ സംഭവിക്കുമ്പോൾ പറഞ്ഞു കൊണ്ടേയിരിക്കുന്നത്.
"നാമും നമ്മുടേതും സകലതും എല്ലാം അല്ലാഹുവെന്ന പരബ്രഹ്മത്തിൽ നിന്നാണ്. അതുപോലെ തന്നെ നാമും നമ്മുടേതും സകലതും എല്ലാം അല്ലാഹുവെന്ന പരബ്രഹ്മത്തിലേക്ക് തന്നെയാണ് മടങ്ങിയെത്തുന്നത്" എന്ന് സാരമാക്കിക്കൊണ്ട്.
No comments:
Post a Comment