ആര് പറഞ്ഞു "സത്യമേവ ജയതേ" എന്ന്?
ആര് പറഞ്ഞു "സത്യം ജയിക്കു"മെന്ന്, "സത്യമേ ജയിക്കൂ" എന്ന്?
നിസ്സഹായനും നിരാശനുമായി, സ്വന്തം പരാജയത്തിന് ആശ്വാസമാകാൻ വെറുതെ പറയാവുന്നത് മാത്രം "സത്യമേവ ജയതേ".
പണത്തിൻ്റെയും അധികാരത്തിൻ്റെയും പിൻബലമുള്ള കളവേ ജയിക്കൂ.
പണത്തിൻ്റെയും അധികാരത്തിൻ്റെയും പിൻബലമില്ലാത്ത സത്യം വെറും കളവായി ഭവിക്കും.
പണത്തിൻ്റെയും അധികാരത്തിൻ്റെയും പിൻബലമുള്ള കളവ് സത്യമായി മാറും.
പണത്തിൻ്റെയും അധികാരത്തിൻ്റെയും പിൻബലത്തിൽ കളവ് ജയിക്കുമ്പോഴും അധികാരവും പണവും വിളിച്ചു പറയും "സത്യമേവ ജയതേ".
കളവ് അധികാരം നേടി വിജയാഘോഷം നടത്തുമ്പോൾ ഗാലറിയിൽ നിന്ന് കാണാൻ പോലും തീർത്തും ദരിദ്രനായ സത്യത്തിന് അനുവാദം കിട്ടില്ല.
പിന്നെയങ്ങോട്ട് പണത്തിൻ്റെയും അധികാരത്തിൻ്റെയും പിൻബലമുള്ള കളവിൻ്റെ പേരാണ് സത്യം.
സത്യം ഒരനാവശ്യവസ്തുവായി, കളവായി ചവറ്റുകൊട്ടയിലും സ്ഥാനംകിട്ടാതെ അലഞ്ഞലഞ്ഞ് തേഞ്ഞുമാഞ്ഞുപോകും.
സത്യം അനാഥമാണ്.
സത്യത്തിൻ്റെ പിതൃത്വം ഏറ്റെടുക്കാൻ അധികാരവും പണവും വരില്ല. അതിനാൽ ഒരു ജനതയും വരില്ല.
സത്യത്തിന് പിതൃത്വവും വിജയവും മഹത്വവും കഥയിലും സ്വപ്നത്തിലും മാത്രം.
കാരണം, കളവ് മാത്രമേ നാട് ഭടിക്കൂ.
കളവ് സത്യമായി ഭരിക്കുന്ന നാട്ടിൽ സത്യം അപമാനമാണ്.
ആ നാട്ടിൽ സത്യം പേറിനടക്കുന്നവൻ സ്വയം നിരായുധനാവുന്ന വിഡ്ഢിയും.
കളവിന് മാത്രമേ സനാഥത്വമുള്ളൂ.
കളവിൻ്റെ പിതൃത്വം ഏറ്റെടുക്കാൻ അധികാരവും പണവും ഉണ്ടാവും, വരും. കൂട്ടം കൂട്ടമായി ജനങ്ങളും.
അധികാരത്തിൻ്റെയും പണത്തിൻ്റെയും വഴിയിൽ കളവ് അലങ്കാരാണ്, ആഭരണമാണ്, ആയുധമാണ്, ധൈര്യമാണ്.
അധികാരത്തിൻ്റെയും പണത്തിൻ്റെയും വഴിയിൽ ആടയാഭരണങ്ങൾ അണിയിച്ച്, ആയുധങ്ങളുടെ കരുത്തിൽ കളവ് സത്യമായി കൊണ്ടാടപ്പെടും.
No comments:
Post a Comment