Tuesday, April 9, 2024

വിരുദ്ധം എന്നതില്ല. ഉള്ളത് വിവിധങ്ങളാണ്.

വിരുദ്ധം എന്നതില്ല. 

ഉള്ളത് വിവിധങ്ങളാണ്. 

ഒന്നിൻ്റെ തന്നെ പലതായ വിവിധങ്ങൾ. 

ഒന്നിൻ്റെ തന്നെ പല ഭാഗങ്ങളായ വിവിധങ്ങൾ.

ഒന്നിനെ ഒന്നാക്കുന്ന വിവിധങ്ങൾ.

ശരീരത്തിൻ്റെ വിവിധ അവയവങ്ങൾ പോലുള്ള വിവിധങ്ങൾ.

വിരുദ്ധങ്ങളെന്ന് തോന്നുന്നവയെ പരസ്പരപൂരകങ്ങളായി കാണാൻ സാധിക്കണം. 

മലദ്വാരവും വായയും പോലെ. 

ഒരേ ശരീരത്തിന് ആവശ്യമായ ഒരു ടണലിൻ്റെ രണ്ടറ്റം. 

രണ്ടും ആവശ്യമായത്. 

രണ്ടും ശരീരത്തെ ശരീരമായി നിലനിർത്തി ജീവിപ്പിക്കാൻ ആവശ്യമായത്.

ഒരേ ശരീരത്തിലെ ഒരുപാട് അവയവങ്ങളും ഗ്രന്ഥികളും പോലെ. 

ഒന്നും മോശമല്ല. 

ഒന്നും പ്രത്യേകിച്ച് നല്ലതും അല്ല. 

വ്യത്യസ്തമായ സമയങ്ങളിലും സ്ഥലങ്ങളിലും സന്ദർഭങ്ങളിലും എല്ലാം ഒരുപോലെ ആവശ്യമായത്. 

എല്ലാം കൂടി ആകെമൊത്തം ശരീരത്തെ അതാക്കുന്നത്.

ഒന്നും അത് സ്വന്തം അറിയാതെ, പരസ്പരം അറിയാതെ, അറിയിക്കാതെ എല്ലാറ്റിനും വേണ്ടി, പരസ്പരം സഹായിച്ചുകൊണ്ട്. എല്ലാം ഒരേ ഒന്നിന് വേണ്ടി.

പൂക്കുന്നതും ആർത്തവതിയാവുന്നതും ഒന്ന് പോലെ, ഒന്നിന് വേണ്ടി. ആകെമൊത്തത്തിന് വേണ്ടി. 

ബോബ് പൊട്ടുന്നതും പ്രാർത്ഥിക്കുന്നതും ഒന്ന്, ഒരുപോലേ ഒന്ന്, പരസ്പരപൂരകം, വിരുദ്ധമല്ലാത്ത വൈവിധ്യം. 

എല്ലാറ്റിനെയും അവയുടെ തകരാറുകൾ എന്ന് കരുതുന്ന സംഗതിയോടൊപ്പം തന്നെ സ്വീകരിക്കണം.

ശരിയിൽ തെറ്റും തെറ്റിൽ ശരിയും ഉണ്ട്. അങ്ങനെ ഉണ്ടെന്ന് കരുതി സ്വീകരിക്കണം.

കഴിക്കുന്ന ഭക്ഷണവും വിസർജിക്കുന്ന മലവും ഒരുപോലെ.

ആർത്തവരക്തവും പൂവും ഒരുപോലെ.

നന്മയെന്നും തിന്മയെന്നും നിങ്ങൾ മനസ്സിലാക്കുന്ന സംഗതികൾ ഒരുപോലെ.

ഒന്നും പ്രത്യേകിച്ച് സംരക്ഷിക്കേണ്ട ബാധ്യത ആർക്കുമില്ല. 

ഒന്നിനെയും പ്രത്യേകിച്ച് സംരക്ഷിക്കേണ്ട ബാധ്യത ആർക്കുമില്ല. 

ഒന്നിന് മാത്രം പ്രത്യേകിച്ച് പരിഗണന ലഭിക്കാനും നൽകാനും ഇല്ല. ആപേക്ഷികമായ ആവശ്യവും അർത്ഥവും പരിഗണിച്ചല്ലാതെ.

പ്രകൃതിക്ക് എല്ലാം ഒരുപോലെ.

എല്ലാം പ്രകൃതി തന്നെ, പ്രകൃതിയുടെ ഭാഗം തന്നെ.

പ്രകൃതിയെ നിങൾ പ്രത്യേകിച്ച് സംരക്ഷിക്കേണ്ടതുണ്ടോ?

ഇല്ല.

അതല്ലെങ്കിൽ പ്രകൃതിയെ നിങൾക്ക് പ്രത്യേകിച്ച് സംരക്ഷിക്കാൻ സാധിക്കുമോ?

ഇല്ല.

നിങ്ങളെ തന്നെ സംരക്ഷിക്കുന്നതും ഇല്ലായ്മ ചെയ്യുന്നതും നിങൾ ഈ പറയുന്ന പ്രകൃതിയാണ്.

നിങ്ങളെയും പ്രകൃതിയാണ് ഉണ്ടാക്കിയതെങ്കിൽ, ഈ നിങ്ങളെയും ആ പ്രകൃതി വേണ്ടത് ചെയ്തുകൊള്ളും. ആ പ്രകൃതിയെ നിങൾ എന്ത് പേരിട്ട് വിളിച്ചാലും.

നിങ്ങളെ സംരക്ഷിക്കുന്നത് തന്നെ പ്രകൃതി സംരക്ഷണമാണ്.

ഒന്നിനെയും വിരുദ്ധമെന്ന് കണ്ട് നിങൾ മാറ്റേണ്ടതും തിരുത്തേണ്ടതും ഇല്ല. 

നിങ്ങളുടെ ആവശ്യവും അനാവശ്യവും ഉണ്ടാക്കുന്ന വിരുദ്ധതയും നന്മ തിൻമയും മാത്രമേയുള്ളൂ. 

നിങൾ കാണുന്ന ആ നന്മയും തിൻമയും നിങ്ങൾക്ക് മാത്രം, നിങ്ങളുടെ ജീവിതത്തിനും അതിജീവനത്തിനും മാത്രം ബാധകം.

നിങ്ങളെയും നിങൾ വിരുദ്ധമായതും തിന്മയായതും എന്ന് കരുതുന്നതിനെയും പ്രകൃതി ഉണ്ടാക്കിയതാണ്, സൂക്ഷിക്കുന്നതാണ്. വിവിധങ്ങളായി, ജീവിതത്തിൻ്റെ വിവിധ സാധ്യതകളായി. 

പ്രകൃതി തന്നെ നിങ്ങളെയും അവയെയും മാറ്റും തിരുത്തും, ഇല്ലായ്മ ചെയ്യും. 

പ്രകൃതി അഥവാ ദൈവം മാത്രം ബാക്കിയാവും. 

സമുദ്രത്തെ മാറ്റുക അതിലെ ഏതെങ്കിലും തുള്ളിക്കും തിരക്കും ബാധ്യതയാണോ, സാധ്യമാണോ? 

യഥാർഥത്തിൽ സമുദത്തെ മാറ്റുക ബാധ്യതയായി കരുതുന്ന ആ തുള്ളിയും തിരയും അതേ സമുദ്രത്തിലാണ്, അതേ സമുദ്രം കൊണ്ടാണ്. 

സമുദ്രം അതിൻ്റെ വഴിയിൽ ആ തുള്ളിയെയും തിരയെയും രൂപപ്പെടുത്തിയത് പോലെ തന്നെ അവയെ മാറ്റുകയും ഇല്ലായ്മ ചെയ്യുകയും ചെയ്യും. 

അങ്ങനെ മാറ്റുന്നതിൻ്റെയും ഇല്ലായ്മ ചെയ്യുന്നത്തിൻ്റെയും ഭാഗമാണ് സമുദ്രത്തെ മാറ്റാനുള്ള നീയാം തുള്ളിയുടെയും തിരയുടെയും  ചിന്ത പോലും. 

നീ ഒന്നും മാറ്റേണ്ടതില്ല. 

എല്ലാം മാറിക്കൊള്ളും. 

നീയും ആ വഴിയിൽ മാറും, ഇല്ലാതാവും.

No comments: