Tuesday, April 16, 2024

കുറുക്കൻമാരും ചെന്നായ്ക്കളും കോഴിയുടെയും ആടിൻ്റെയും സംരക്ഷകർ.

കുറുക്കൻമാരും ചെന്നായ്ക്കളും കോഴിയുടെയും ആടിൻ്റെയും സംരക്ഷകർ. 

അങ്ങനെയൊരു നാട്ടിൽ ഒരു കുഴപ്പവും ഉണ്ടാവില്ല, ഉണ്ടാക്കാനില്ല. 

കാരണം കുഴപ്പമാണ് അവിടത്തെ ശരി. 

കുഴപ്പമുണ്ടാക്കുന്നവരാണ് അവിടം ഭരിക്കുന്നത്

ആവശ്യമുള്ളത് ആവശ്യമുള്ളപ്പോൾ പിടിച്ചുതിന്നുകയേ അവർക്ക് വേണ്ടൂ എന്നതിനാൽ പിന്നെ പ്രത്യേകിച്ച് കുഴപ്പം ഉണ്ടാക്കാനില്ല 

ആരും ചോദ്യം ചെയ്യാൻ ഇല്ലാതെ അവരുടെ കുഴപ്പം അന്നാട്ടിലെ ശരിയും നിയമവുമായി നടക്കും, നടക്കുന്നു. 

അതിനാൽ പ്രത്യക്ഷത്തിൽ കുഴപ്പവും ലഹളകളും ഇല്ല. 

എല്ലും മുള്ളും കിട്ടുന്ന സന്തോഷത്തിൽ നാട്ടുകാരും. 

തങ്ങൾ നൽകുന്ന നികുതിയുടെ നൂറിലൊന്ന് പോലുമല്ല ഇവയെന്ന് മറന്നവർ. 

ഇവയൊക്കെയും തങ്ങളുടെ അവകാശങ്ങളാണെന്നും മറന്നവർ. 

അവർ അവർക്ക് കിട്ടുന്ന എല്ലും മുള്ളും ആരോ വെറുതെ നൽകുന്ന എന്തോ വലിയ ഔദാര്യമാണെന്നു കരുതുന്നു, ആഘോഷം കൊള്ളുന്നു.

********

എന്തും ആയിക്കോട്ടെ. 

പ്രശ്നമില്ല. 

നമുക്ക് നമ്മുടെ പാർട്ടി അധികാരത്തിൽ വന്നാൽ മാത്രം മതി. 

എങ്ങിനെയെങ്കിലും വെറുപ്പും വിഭജനവും നടത്തിക്കിട്ടിയാൽ മതി. 

നാം കണ്ണടച്ച് ഒന്നും അറിയാത്തത് പോലെ ഇരുന്നോളാം. 

ഒളിച്ചുവെച്ച അജണ്ടകൾ നടപ്പായിക്കിട്ടും വരെ നാം ഒളിഞ്ഞിരുന്നുകൊള്ളാം. 

ഒന്നും അറിയാത്തത് പോലെ.

ഇതാണ് പലരുടെയും ഉള്ളിലിരിപ്പ്.

********

ഇന്ത്യയോട് ചെയ്യാവുന്ന ഏറ്റവും വലിയ പാതകം: 

ഇന്ത്യക്കാരെ പലതായി വിഭജിച്ച് കാണുക. 

ഇന്ത്യക്കാർ എല്ലാവരും ഒരൊറ്റ വംശജർ എന്ന് വരേണം. 

വിശ്വാസങ്ങൾക്കിടയിൽ സമന്വയം കാണണം, സമന്വയം സാധിക്കണം.

*******

ഓരോ സംസ്ഥാനവും ഓരോ രാജ്യം ആകാൻ മാത്രത്രമുള്ളത്ര വ്യത്യസ്തമാണ് ഇന്ത്യ. വ്യത്യസ്തമായ ഭാഷകൾ കൊണ്ടും സംസ്കാരങ്ങൾ കൊണ്ടും

യുറോപ്പിലെന്ന പോലെ അങ്ങനെയുള്ള ചെറിയ രാജ്യങ്ങളിൽ, ജനങ്ങളും ഭരണകൂടവും രാഷ്ട്രീയ അധികാരികളും പരസ്പരം അറിയുന്നത്ര, പരസ്പരം വിനിമയം നടത്താവുന്നത്ര ചെറിയ രാജ്യങ്ങളിൽ വിജയകരമായി നടപ്പാക്കാൻ പറ്റിയതും അത്തരം ചെറിയ രാജ്യങ്ങളിൽ  വിജയിക്കുന്നതുമാണ് ജനാധിപത്യം.

അറിയാമല്ലോ, അമ്പത്തിയൊന്ന് രാജ്യങ്ങളുള്ള യൂറോപ്പിൻ്റെ മൊത്തം ജനസംഖ്യ വെറും അമ്പത് കോടിയാണ്.

അമ്പത്തിയൊന്ന് സംസ്ഥാനങ്ങളുള്ള അമേരിക്കയിലെ ഓരോ സംസ്ഥാനവും ഓരോ രാജ്യം തന്നെയാണ്. 

അമ്പത്തിയൊന്ന് രാജ്യങ്ങളുടെ ഒരു കോൺഫെഡറേഷൻ മാത്രമാണ് അമേരിക്ക. ഏറെക്കുറെ അവരുടെയൊക്കെ മതവും ഭാഷയും സംസ്കാരവും ഒന്നായിട്ട് പോലും. 

അമ്പത്തിയൊന്ന് രാജ്യങ്ങളും ആയി സ്വയംഭരണം നടത്തുന്ന അമേരിക്കയിൽ വെറും ഇരുപത്തിയഞ്ച് കോടി ജനങ്ങളെ ഉളളൂ എന്നും ഓർക്കണം.

ഭൂവിസ്തൃതി കൊണ്ട് വല്ലാതെയൊന്നും വലുതല്ലാത്ത, അമേരിക്കയുടെ എട്ടിലൊന്ന് പോലും വരാത്ത ഇന്ത്യയെന്ന ഒരേയൊരു രാജ്യത്തിൻ്റെ മാത്രം ജനസംഖ്യയോ?

നൂറ്റിനാൽപത് കോടി.

ഇന്ത്യ പോലുള്ള ഇത്രയും ജനങ്ങളുള്ള വലിയ രാജ്യത്ത്, അതും മഹാഭൂരിപക്ഷവും ഒന്നും അറിയാത്ത ജനങ്ങളുള്ള രാജ്യത്ത് നടപ്പാക്കാൻ പറ്റിയ ഒന്നല്ല ജനാധിപത്യം എന്നത് കൃത്യവും വ്യക്തവുമാണ്.

ജനാധിപത്യത്തിന് പറ്റിയതല്ല ഇന്ത്യ എന്നതാണ് നമ്മുടെ രാഷ്ട്രീയനേതൃത്വത്തിനും പാർട്ടികൾക്കും എന്തും ചെയ്യാനും കളിക്കാനും, ജനങ്ങനെ മതവും അന്ധവിശ്വാസവും പറഞ്ഞ് പറ്റിക്കാനും ധൈര്യം കൊടുക്കുന്നത്. 

*******

എപ്പോഴും ഒരെയൊരു സമുദായത്തെ തന്നെ ഭരണകൂടം ശത്രുസ്ഥാനത്ത് വെക്കുകയെന്നാൽ ആ സമുദായം അത്രക്ക് ശക്തമെന്നാണോ അർത്ഥം?

യഥാർഥത്തിൽ അത്തരം ഭരണകൂടം ചെറുതാവുകയും ആ ഭരണകൂടത്തെക്കാൾ വലുത് ശത്രുവായിത്തീരുന്ന സമുദായം എന്നും അർത്ഥം വരില്ലേ?

********

എന്നാൽ വാസ്തവവും വസ്തുതയും പറഞ്ഞാലോ?

ആ സമുദായത്തിന് അവരുടെ ആനുപാതിക പ്രാതിനിധ്യം പോയിട്ട് അതിൻ്റെ പകുതി പോലും കേരളത്തിലടക്കം ഒരിടത്തും ഒരു രംഗത്തും ഇല്ല.

തെളിവും ഡാറ്റയും വെച്ച് തന്നെ പറഞാൽ.

എന്നിട്ടും എങ്ങിനെ, എന്തുകൊണ്ട് ഈ ശത്രുത ഉണ്ടാക്കുന്നു, ഉണ്ടാക്കാൻ സാധിക്കുന്നു? 

എന്നിട്ടും എന്തുകൊണ്ട് സമുദായം വളർത്തൽ എന്ന ആരോപണം അവരുടെ നേതാക്കളുടെ മേൽ വരുന്നു?

ഇക്കോലത്തിൽ ആരൊക്കെയോ എങ്ങിനെയൊക്കെയോ കയറ്റിയ വിഷം എല്ലാവരും അവർ പോലുമറിയാതെ വീണ്ടും വീണ്ടും ചീറ്റുന്നു വർത്തമാനകാല ഇന്ത്യയിൽ.

വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിന് എപ്പോഴും പറയാനുള്ളത് ഈ വർഗീയതയും വിഭജനവും വെറുപ്പും മാത്രം.

********

എന്നാലോ?

ഈ സമുദായത്തിൻ്റെ അംഗങ്ങൾ ഇവിടെ ഏത് പാർട്ടിയിൽ ആയാലും സമുദായം വളർത്തൽ എന്ന ആരോപണം പറയുമ്പോൾ, അങ്ങനെ സമുദായം വളർത്തിയത്തിൻ്റെയും സമുദായം നേടിയത്തിൻ്റെയും കണക്കും തെളിവും കാണിക്കാൻ സാധിക്കുന്നുണ്ടോ?

ഇല്ല.

കണക്കും തെളിവും പറയൽ അങ്ങനെ ആരോപിക്കുന്നവരുടെ ബാധ്യതയല്ലേ.

ഉത്തരം കിട്ടില്ല.

ഉത്തരം മുട്ടിയാൽ കൊഞ്ഞനം എന്ന പോലെ തെറിപറഞ്ഞ് രക്ഷപ്പെടുക മാത്രമായിരിക്കും അവർ ചെയ്യുന്ന ഏക സംഗതി.

********

ഇപ്പറയുന്നവരുടെ അടുക്കൽ അങ്ങനെ ഒരു തെളിവും കണക്കും ഇല്ലെന്ന് ആർക്കും എളുപ്പം മനസ്സിലാവും.

ആരോ നിറച്ച വെറുപ്പിൻ്റെ വിഷം തുപ്പി അന്തരീക്ഷം വൃത്തികെടുത്തുകയും a വഴിയിൽ ജനങ്ങനെ വെറുപ്പിൻ്റെയും ശത്രുതയുടെയും വികാരംകൊള്ളിച്ച് അധികാരം നേടുകയും നിലനിർത്തുകയും മാത്രം അവർക്ക് ജോലി.

എല്ലാം ഒരൊറ്റ ദിശയിലൂടെ മാത്രം കണ്ടും പറഞ്ഞും കൊണ്ട്.

*********

ഇക്കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ വെക്കുന്ന കണക്കുകൾ തന്നെയുണ്ടല്ലോ? 

ഏതെല്ലാം രംഗത്ത് ഏതെല്ലാം സമുദായം എത്രയെല്ലാം നേടിയെന്ന് മനസ്സിലാക്കാൻ.

കേരളത്തിലും ഇന്ത്യയിലും ഏറ്റവും കുറവ് ആനുപാതിക പ്രാതിനിധ്യം എല്ലാം രംഗത്തും ഉള്ള ഏകസമുദായം മുസ്ലിംകൾ ആണ്.

ആർക്ക് വേണമെങ്കിലും ഒന്ന് പരിശോധിച്ച് നോക്കാൻ സാധിക്കും.

പക്ഷേ, എട്ടുകാലി മമ്മൂഞ്ഞ്മാരായ ഈ സമുദായത്തിൻ്റെ പേരിൽ എന്തും പറഞ്ഞ് ആരോപിക്കുക എളുപ്പമാണ് എന്ന് വന്നിരിക്കുന്നു വർത്തമാനകാല ഇന്ത്യയിൽ. വസ്തുതയും വാസ്തവവും മറിച്ചാണെങ്കിലും.

********

ഇത്രയും പറഞ്ഞത് വിഷം ചീറ്റി അത്തരക്കാർ പറയുന്ന ആരോപണം നിഷേധിക്കാൻ മാത്രമാണ്.

അത്തരക്കാർ വെറും അടിമകൾ മാത്രമായ ചട്ടുകങ്ങൾ ആയിരിക്കാം.

ചുട്ടുപൊള്ളുന്ന ചട്ടുകങ്ങൾ മാത്രം.

വിഷം ചീറ്റുന്ന പാമ്പുകൾ.

എന്നാലും വാസ്തവ വും വസ്തുതയും ആരെങ്കിലും പറയണമല്ലോ? 

********

വിഷം പേറുന്നതിൻ്റെയും ചീറ്റുന്നതിൻ്റെയും കാര്യത്തിൽ ഇസ്ലാമിസ്റ്റുകൾ എത്ര അത്തരക്കാർ എത്ര എന്ന തുലനം നടത്താൻ അറിയില്ല.

ഇസ്ലാമിസ്റ്റുകളിൽ എന്നപോലെ അത്തരക്കാരിൽ മുഴുവൻ വിഷം മാത്രമാണെന്ന് എപ്പോഴും മനസ്സിലാവുന്നു.

വിഷത്തിൻ്റെ അളവ് തുലനം ചെയ്യുന്ന പണി വിഷം കൊണ്ടുനടന്ന് ചീറ്റുന്നവൻ്റെ മാത്രം പണി, ആവശ്യം. 

ആ കണക്ക് ഇല്ലെങ്കിലും കൃത്രിമമായെങ്കിലും ഉണ്ടാക്കി അതിലധികം ഇപ്പുറത്ത് ഉണ്ടാക്കുകയും പേറുകയും ചീറ്റുകയും ആണല്ലോ ഇവരുടെയൊക്കെയും രീതി?

No comments: