Saturday, April 6, 2024

വല്ലാത്തൊരു മാനസികാവസ്ഥ.

വല്ലാത്തൊരു മാനസികാവസ്ഥ.

എല്ലാവരും തിരുത്തണം; തങ്ങൾ തിരുത്തില്ല.

എല്ലാവരിലും കുറ്റമുണ്ട്; തങ്ങളിൽ കുറ്റമില്ല.

സ്വയം മോശമായി പെരുമാറുന്നത് മനസ്സിലാക്കില്ല; എന്നാലോ? എല്ലാവരും തങ്ങളോട് മോശമായി പെരുമാറുന്നുവെന്ന് ഏകപക്ഷീയമായി ആരോപിക്കും. 

എല്ലാവരും തങ്ങളെ ഇങ്ങോട്ട് ബന്ധപ്പെടണം; പക്ഷെ, തങ്ങൾ എല്ലാവരെയും നിരാകരിക്കും; തങ്ങൾ ആരെയും അങ്ങോട്ട് ബന്ധപ്പെപെടാതെയും പറയും ആരും തങ്ങളുമായി ബന്ധപ്പെടുന്നില്ലെന്ന്. 

**********

അവരവരിൽ തന്നെ കുടുങ്ങിപ്പോയ വിവരം അറിയാത്തവരവർ. 

അവർക്കവർ തന്നെ തടവറയായിരിക്കുന്നുവെന്ന് അറിയാത്തവരവർ. 

അവർക്ക് ഭേദിക്കാൻ സാധിക്കാത്തത് അവരെ തന്നെയെന്നറിയാത്തവരവർ.

********

വല്ലാത്തൊരു മാനസികാവസ്ഥ.

പീഡിതമനോഭാവം സൂക്ഷിക്കുന്ന, അത് തന്നെയെപ്പോഴും തുറന്നുകാണിക്കുന്ന മാനസികാവസ്ഥ.

തങ്ങൾ പീഡിതർ, തങ്ങൾ പീഡിതരിൽ ഹീറോ എന്ന് തങ്ങൾക്കുള്ളിൽ സ്വയം വരുത്തുന്ന, വളർത്തുന്ന മാനസികാവസ്ഥ.

തങ്ങൾക്ക് പനിക്കുന്നു, അതിനാൽ കുളിരുന്നു എന്ന് മനസ്സിലാക്കില്ല, സമ്മതിക്കില്ല. പകരം അന്തരീക്ഷത്തെ ആകമാനം കുറ്റപ്പെടുത്തുമവർ. 

അങ്ങനെയവർ സ്വയം കമ്പിളിയിട്ട് പുതക്കുന്നതിനും ചികിത്സിക്കുന്നതിനും പകരം അന്തരീക്ഷത്തിന് മുഴുവൻ കമ്പിളിയിടാനും അന്തരീക്ഷത്തെ മൊത്തം ചികിത്സിക്കാനും പറയും, ഒരുങ്ങും.

********

എല്ലാറ്റിലും എല്ലാവരിലും കുറ്റങ്ങൾ മാത്രം കാണുന്ന മാനസികാവസ്ഥ. 

എല്ലാവരും തങ്ങൾക്കെതിരെ ഗൂഢാലോചന നടത്തുന്നു എന്ന് കരുതുന്ന മാനസികാവസ്ഥ. 

ആ  നിലക്ക് തങ്ങളെ കേന്ദ്രീകരിച്ച് എല്ലാവരും ഗൂഢാലോചന നടത്താൻ മാത്രം തങ്ങളെന്തോ വലിയ സംഭവമാണെന്നവർ ചിന്തിച്ചുവശാകുന്നു. 

എല്ലാ കുറ്റവും തങ്ങൾ സ്വയം ചെയ്തുകൊണ്ടിരിക്കെ തന്നെ, കുറ്റം മറ്റുള്ളവരിൽ മാത്രം, തങ്ങളിൽ ഒരു കുറ്റവും ഇല്ലെന്ന് കരുതുന്ന മാനസികാവസ്ഥ.

തങ്ങൾക്ക് വേണ്ടി മറ്റുളളവർ ചെയ്യുന്ന നന്മ പോലും തിന്മയായി കാണുന്ന, നന്മയിൽ പോലും തിന്മ കാണുന്ന, നന്മയിൽ തിന്മ മാത്രം ചികയുന്ന, മധുവിൽ നിന്ന് വിഷം മാത്രം നുകരുന്ന മാനസികാവസ്ഥ.

അങ്ങനെ മറ്റെല്ലാവരും വില്ലന്മാരും പീഡകരും എന്ന് കാണുന്ന, വരുത്തുന്ന മാനസികാവസ്ഥ.

തനിക്ക് ചുറ്റും തന്നോട് ശത്രുതയുള്ളവർ മാത്രമെന്ന് സ്വയം കരുതി എല്ലാവരുമായും സ്വയം ശത്രുതയിലാവുന്ന, അകലുന്ന മാനസികാവസ്ഥ.

എല്ലാവരുമായും സ്വയം ശത്രുതയിലാവാൻ സ്വയം നൂറായിരം കാരണങ്ങളും ന്വായങ്ങളും മെനയുന്ന, അവയുണ്ടാക്കുന്ന മാനസികാവസ്ഥ.

സ്വയം കുഴി കുഴിച്ച്, ആ കുഴിയിൽ സ്വയം തന്നെ ചാടിവീഴുന്ന മാനസികാവസ്ഥ. 

എന്നിട്ടോ? 

മറ്റുള്ളവരാണ് ആ  കുഴി കുഴിച്ചതെന്നും തങ്ങളെ ആ കുഴിയിൽ വീഴ്ത്തിയതെന്നും ആരോപിക്കുന്ന മാനസികാവസ്ഥ.

പോരാത്തതിന് ആ കുഴിയിൽ സ്വയം തന്നെ ചെളിവെള്ളം നിറച്ച്, ആ ചെളിവെള്ളം ഒന്നുകൂടി സ്വയം തന്നെ കുത്തിക്കലക്കി, തങ്ങൾ അകപ്പെട്ട കുഴിയും വെള്ളവും സ്വയം ഒന്നുകൂടി വൃത്തികെടുത്തി, മറ്റാരോക്കെയോ കൂടി ഇതൊക്കെ ചെയ്തു എന്ന് വരുത്തി, സ്വയം ശ്വാസംമുട്ടുന്ന, മുങ്ങിച്ചാവുന്ന മാനസികാവസ്ഥ. 

എപ്പോഴും കലക്ക് വെളളം മാത്രം വിധിയാക്കുന്നവർ, അത്തരം വിധി മെനഞ്ഞുണ്ടാക്കുന്നവർ

********

അത്തരക്കാർ ആർക്ക് വേണ്ടിയും അവർ ചെയ്യേണ്ടത് ചെയ്യില്ല.

ഉത്തരവാദിത്തമില്ലാത്ത സ്വാതന്ത്ര്യമാണ് അവരുടെ സ്വാതന്ത്ര്യബോധം. 

അവർക്കെന്തൊക്കെയോ വേണം. അതാരുടെ ചിലവിലും പ്രയാസത്തിലും ആയാലും. 

കലഹിച്ച് മാത്രം ജിവിതം നയിക്കുന്നവർ

തങ്ങളുടെ ഉത്തരവാദിത്തം അവർക്ക് വിഷയമേ അല്ല. 

തങ്ങൾ നൽകേണ്ടതല്ല; പകരം തങ്ങൾക്ക് കിട്ടേണ്ടത് മാത്രം അവർക്ക് വിഷയം. 

നൽകുന്നവർ പണിപ്പെട്ട് നൽകുന്നത് കൊണ്ടാണ് തങ്ങൾക്ക് കിട്ടേണ്ടത് കിട്ടുന്നത് എന്ന വസ്തുത അവർ ഓർക്കില്ല, അംഗീകരിക്കില്ല.

അവകാശങ്ങൾ മാത്രം. ബാധ്യതകളും ഉത്തരവാദിത്തങ്ങളും അവർക്കില്ല. 

ഉത്തരവാദിത്തങ്ങളെ കുറിച്ച് അവരെ ഉണർത്തിയാൽ കുറ്റപ്പെടുത്തുന്നു, പീഡിപ്പിക്കുന്നു എന്ന ഇരവാദം പുറത്തെടുക്കും. 

പീഡിപ്പിക്കപ്പെടുന്നു എന്ന് വരുത്തുംവിധം വേഗം അവർ കരയും. 

ഒന്നും ചെയ്യാതെ എല്ലാം അനുഭവിച്ചും അവർ മറ്റുള്ളവരുടെ കുറ്റങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കും. മറ്റുള്ളവരിൽ കുറ്റങ്ങൾ കണ്ടുകൊണ്ടിരിക്കും. മറ്റുളളവർ തങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് വരുത്തും. 

എല്ലാം സഹിക്കുന്നവർ അവരെന്നും ഇനിയുമെത്രയാണ് താഴേണ്ടതും സഹിക്കേണ്ടതും എന്നവർ പറയും, എന്നവർക്ക് പറയാൻ സാധിക്കും.

അവർക്കവർ മാത്രം വിഷയം. അവർ അവരെ മാത്രം നോക്കുന്നു, കാണുന്നു.

ആരേയും കേന്ദ്രീകരിച്ച് അവരാവില്ല. 

പകരം എല്ലാവരും അവരെ കേന്ദ്രീകരിച്ച് മാത്രമാവണം. 

അങ്ങനെ അവരെ കേന്ദ്രീകരിച്ച് മാത്രമായി എല്ലാവരും നിന്നാലും അവരതിനെ അംഗീകരിക്കില്ല. നന്ദിയോടെ നോക്കിക്കാണില്ല. എറിയാൽ ഒരുപചാരത്തിന് വേണ്ടി, തൊലിപ്പുറത്ത് മാത്രം. ഉളളിൽ തട്ടാതെ.

*******

എല്ലാവരും അവർക്ക് വേണ്ടി വേണ്ടത് ചെയ്യണം, 

അവർ ആർക്കു വേണ്ടിയും ഒന്നും ചെയ്യില്ല. 

കുറ്റം പറയുകയും കുറ്റം കണ്ടെത്തുകയും മാത്രമല്ലാതെ അവർക്ക് പണിയില്ല.

അങ്ങനെ, മറ്റുള്ളവർ അവർക്ക് വേണ്ടി ചെയ്യാത്തതിൽ മാത്രം ആവലാതി പറയും, വിഷയങ്ങളും കലഹങ്ങളും ഉണ്ടാക്കും ഇത്തരം മാനസികാവസ്ഥ ഉള്ളവർ. 

മറ്റുളളവർ ചെയ്യാത്തതും ചെയ്തതിലെ കുറ്റങ്ങളും മാത്രം അവർ എടുത്തുപറയും.

അവർക്ക് അവർ മാത്രം വിഷയം, അവരുടെ പ്രശ്നങ്ങൾ മാത്രം വിഷയം.

അവർക്ക് മറ്റുള്ളവരും, അവർ കാരണം ഉണ്ടാകുന്ന മറ്റുള്ളവരുടെ വിഷയങ്ങളും പ്രശ്നങ്ങളും, വിഷയമല്ല.

മറ്റുള്ളവർക്ക് പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാവുന്നത് തങ്ങൾ കാരണം മാത്രം തന്നെയാണെങ്കിലും അവർക്കത് വിഷയമല്ല.

എപ്പോഴും അവർ മാത്രം എല്ലാം നിഷേധിക്കപ്പെടുന്ന ആളുകളെന്ന് അവർ വരുത്തും. 

സ്വയം നിഷേധിച്ചു കൊണ്ടും മറ്റുളളവർ നിഷേധിച്ച് നിഷേധിക്കപ്പെട്ടവരവരെന്ന് അവർ വരുത്തും.

സ്വയം തിരിഞ്ഞുനിന്ന്, മറ്റുള്ളവർ തങ്ങൾക്ക് നേരെ മുഖംതിരിച്ചു നിൽക്കുന്നു എന്നവർ വരുത്തും, ആരോപിക്കും.

*******

അവർ ആരുമായും സംസാരിക്കില്ല, ബന്ധപ്പെടില്ല. അത്രക്ക് മനസ്സിൽ മറവീണുപോയവരാണവർ. മനസിൻ്റെ മസിൽപിടിച്ചുപോയവർ.

എന്നാൽ, മറ്റുള്ളവർ അവരെ ബന്ധപ്പെടാൻ അങ്ങോട്ട് ചെന്നാലോ? അവരെ ബന്ധപ്പെട്ടാലോ? അവരുമായി സംസാരിക്കാൻ ശ്രമിച്ചാലോ?

മുഖം കൊടുക്കില്ല. അതിലും പരാതി പറയും. എന്തെങ്കിലും കുറ്റം കാണും, കുറ്റം പറയും, അങ്ങോട്ട് ചെന്നവരെ കുറ്റബോധപ്പെടുത്തി പേടിപ്പിക്കും. 

******

എല്ലാറ്റിലും എല്ലാവരുടെ നേരെയും  ദോശൈകദൃക്കുകളായി സ്വയം പരിണമിച്ച് "എന്തേ ഇപ്പോൾ മാത്രം വിളിക്കാൻ, ബന്ധപ്പെടാൻ?" എന്ന് കുറ്റപ്പെടുത്തുന്ന, മുള്ള് കൊണ്ട് കുത്തുന്ന രീതിയിൽ ചോദ്യം ചെയ്യും ഇക്കൂട്ടർ.

അങ്ങനെ തന്നെത്താൻ സ്വയം മറ്റുള്ളവരിൽ നിന്ന് അകറ്റി അവർ അവരെ ഒരു ദ്വീപാക്കി മാറ്റും.

എന്നിട്ടോ?

അങ്ങനെ സ്വയം ഒരു ദ്വീപായി മാറിയതിൻ്റെ കുറ്റവും മറ്റുള്ളവരിൽ ചാർത്തും.

തങ്ങൾ എപ്പോഴും പീഡിപ്പിക്കപ്പെടുന്നു, എല്ലാവരും തങ്ങളെ ഒറ്റപ്പെടുത്തുന്നു എന്ന് സ്വയം വരുത്തും. 

എല്ലാവരും തങ്ങളെ ഒറ്റപ്പെടുത്തുന്നു എന്ന കുറ്റം മനസ്സിൽ കൊണ്ടുനടക്കും, സന്ദർഭം കിട്ടുമ്പോഴൊക്കെ ആരോപിക്കും.

തങ്ങൾ സ്വയം മറ്റുള്ളവരെ അകറ്റുന്നത് കൊണ്ടും, പേടിപ്പിക്കുന്നത് കൊണ്ടും, തങ്ങൾ എപ്പോഴും മറ്റുള്ളവരിൽ കുറ്റവും തെറ്റും കാണുന്നതും പറയുന്നതും കൊണ്ടും മാത്രം മറ്റുള്ളവർ തങ്ങളെ ബന്ധപ്പെടാത്തതിനെയും മറച്ചുപിടിച്ച് പകരമത് മറ്റുള്ളവരുടെ കുറ്റമായി ആരോപിക്കും.

തങ്ങൾ സ്വയം താൽപര്യം കാണിക്കാത്തതും മുഖം തിരിക്കുന്നതും മുഖം തിരിഞ്ഞുനിൽക്കുന്നതും ഇത്തരക്കാർക്ക് പ്രശ്നമായി തോന്നില്ല. അതും മറ്റുള്ളവരുടെ പ്രശ്നമായി തോന്നും അവതരിപ്പിക്കും.

"എന്താ അവർക്കെന്താ ഇങ്ങോട്ട് ബന്ധപ്പെട്ടുകൂടെ" എന്ന ചോദ്യം ഉന്നയിച്ചു കൊണ്ട്.

അവർ തിരുത്തില്ല. 

മറ്റുളളവർ അവർക്ക് വേണ്ടി തിരുത്തിയാൽ അതിനെ അംഗീകരിക്കില്ല, അത് വെച്ചെങ്കിലും മറ്റുള്ളവരുമായുള്ള ബന്ധം നന്നാക്കില്ല.

എന്നാൽ അവർക്ക് അങ്ങോട്ട് മറ്റുള്ളവരെ ബന്ധപ്പെട്ടു കൂടെ എന്ന ചോദ്യത്തിന് അവർ ഉത്തരം നൽകില്ല..

"മറ്റുളളവർ നിങൾ അങ്ങോട്ട് ബന്ധപ്പെട്ടാൽ സന്തോഷിക്കുന്നവരാണല്ലോ, നിങ്ങളെ അവർ ഒരു കുറ്റവും പറയില്ലല്ലോ" എന്ന് ചോദിച്ചാൽ അവർ ഉത്തരം പറയില്ല. 

അപ്പോഴും, താൻ പീഡിപ്പിക്കപ്പെടുന്നു എന്ന് വരുത്തും വിധം "നിങൾ എല്ലാവരും എന്നെയാണോ കുറ്റപ്പെടുത്തുന്നത്?" ഇനിയും ഞാൻ എത്രയാണ് താഴെണ്ടത് എന്ന ഒരടിസ്ഥാവവും ഇല്ലാത്ത ചോദ്യത്തെ അവർ കുന്തമുനയാക്കും.

********

അവർ തന്നെ അവരിൽ കുടുങ്ങിപ്പോയ വിവരം അറിയാത്തവരവർ. 

അവർക്ക് അവർ തന്നെ തടവറയായിരിക്കുന്നുവെന്ന് അറിയാത്തവരവർ. 

അവർക്ക് ഭേദിക്കാൻ സാധിക്കാത്തത് അവരെ തന്നെ എന്നറിയാത്തവരവർ 

No comments: